ഇയ്യോബിനെ കണ്ടെത്താൻ കൂടുതലൊന്നും അന്വേഷിക്കേണ്ടതില്ല. ആശുപത്രികളിലേക്ക് ഒന്ന് ചെന്നുനോക്കിയാൽ മതി. നിങ്ങൾ രോഗികളെ നേരിട്ട് കാണണമെന്ന് പോലുമില്ല. നെഴ്സുമാർ തന്നെ പറഞ്ഞുതരും അപമാനം എങ്ങിനെയാണ് മനുഷ്യരെത്തന്നെ കാർന്നുതിന്നുന്നത് എന്ന്. കിടക്കയിൽ തന്നെ കാഷ്ടിക്കേണ്ടി വന്ന ഒരാളെ എനിക്ക് കാണേണ്ടിവന്നിട്ടുണ്ട്. നേഴ്സ് വന്ന് അയാളെയും കിടക്കയും വൃത്തിയാക്കുമ്പോൾ അപമാനഭാരത്താൽ അയാൾ നോക്കിയ നോട്ടം മറക്കാനാവാത്തതായിരുന്നു. ലോബത്തും സമാനമായ രീതിയിൽ അപമാനിതയാകാൻ വിധിക്കപ്പെട്ടവരായിരുന്നു. ജോബ് പറയുന്നത് കാണാം “എന്റെ ശ്വാസം എന്റെ ഭാര്യക്ക് പോലും വെറുപ്പുണ്ടാക്കുന്നതായി മാറി, കുട്ടികൾ പോലും അവഹേളിക്കുന്ന അവ സ്ഥയിലായി, കാണുമ്പോഴെല്ലാം അവരെന്നെ കളിയാക്കി, സുഹൃത്തുക്കൾ ഉപേക്ഷിച്ചുപോയി. ഞൻ സ്നേഹിച്ചവരെല്ലാം എന്നെ വെറുത്തു.” (job 19:17–19)

ലോബത് പക്ഷെ ഒരാളോടും പരാതി പറഞ്ഞില്ല. “കേൾക്കാൻ എനിക്ക് ഒരാളെങ്കിലുമുണ്ടല്ലോ” അവർ ഈ വാക്കുകൾ മാത്രം ആവർത്തിച്ചുകൊണ്ടിരുന്നു. ഏറ്റവും ഭക്തിയിലും നന്മയിലും ജീവിച്ച അമ്മായി തന്നെയാണ് കുടുംബത്തിൽ ഏറ്റവും ദുരിതപൂർണമായ മരണം അനുഭവി ച്ചത്. അത് തന്നെയായിരുന്നു ഇയ്യോബിന്റെയും അനുഭവം. സാത്താനെ ഏൽപ്പിക്കുമ്പോൾ ദൈവം ഇയ്യോബിനെക്കു റിച്ച് പറയുന്നത് ‘ഏറ്റവും നന്മയുള്ളവനും, വിശ്വാസിയും’ ആണ് എന്നായിരുന്നു. അതായത് ആ നന്മ തന്നെയാണ് പിന്നീടുള്ള പരീക്ഷണങ്ങളിലേക്ക് നയിക്കുന്നത്. എന്നോട് എന്ത് പ്രശ്നമാണ് നിനക്കുള്ളത് എന്ന് ഇയ്യോബ് തിരിച്ച്ചോദിക്കുന്നുണ്ട്. ലോബത്തിന്റെ തുളഞ്ഞുകയറുന്ന നോട്ടം സമാനമായ ചോദ്യം തന്നെയായിരിക്കാം അവശേഷിപ്പിച്ചത്. ഇക്കണ്ട മനുഷ്യരിൽ നിന്ന് എന്തുകൊണ്ട് ഞാൻ മാത്രം ഈ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു എന്ന്. ഇയ്യോബിന്റെ ചോദ്യങ്ങളും, ലോബത്തിന്റെ അനുഭവങ്ങളും ഒരു ചോദ്യത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. ഈ ലോകത്ത് മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും അനീതികളും എങ്ങനെയാണ് ദൈവത്തെക്കുറിച്ച് നമ്മൾ പഠിപ്പിക്കപ്പെടുന്ന നീതിയുടെയും, കാരുണ്യത്തിന്റെയും ചിത്രങ്ങളോട് ചേർത്ത് മനസ്സിലാക്കാനാകുക?

The Terror of God: Attar, Job and the Metaphysical Revolt
By Navid Kermani

നിരവധി കനപ്പെട്ട ഗ്രന്ഥങ്ങളെഴുതിയ കിർമാനിയുടെ ഏറ്റവും പ്രധാനമായ മൂന്ന് പുസ്തകങ്ങളെ ഓരോ അദ്ധ്യങ്ങളിലായി വിശകലനം ചെയ്ത്കൊണ്ടാണ് ‘നവീദ് കിർമാനി’ റീഡർ ചിട്ടപ്പെടുത്തിയിട്ടുള്ളത്. മനുഷ്യൻ അനുഭവിക്കുന്ന യാതനകളും ലോകത്തുടനീളം കാണുന്ന അനീതിയെക്കുറിച്ചും ആളുകൾക്കുണ്ടാകുന്ന സംശയങ്ങൾ പലപ്പോഴും ദൈവം ക്രൂരനാണോ, എന്തുകൊണ്ട് ദൈവം ഈ ഭൂമിയിൽ പ്രയാസങ്ങൾ നിറച്ചു, സന്തോഷം നിറഞ്ഞൊരു ജീവിതം എന്ത്കൊണ്ട് അനുവദിക്കുന്നില്ല പോലെയുള്ളവയാണല്ലോ. എല്ലാവർക്കും ഒരുപോലെ പലഘട്ടങ്ങളിലായി തോന്നാവുന്ന ഇത്തരം ചോദ്യങ്ങളുടെ ചരിത്രവും വികാസവും അവക്ക് ഇസ്‌ലാം, ക്രിസ്ത്യാനിറ്റി, ജൂദായിസം തുടങ്ങിയ പാരമ്പര്യങ്ങളിൽ നിന്നും രൂപപ്പെട്ട മറുപടികളും വിശകലനം ചെയ്യുന്ന ‘Terror of God’ എന്ന പുസ്തകമാണ് പ്രഥമ അധ്യായത്തിൽ. ദുരിതങ്ങൾ അനുഭവിക്കുന്നതിലൂടെയും സാക്ഷിയാവുന്നതിലൂടെയും മനുഷ്യൻ ജീവിതത്തിന്റെ അർഥം എങ്ങനെ കണ്ടെത്തുന്നു എന്ന് ഒരു സഞ്ചാരിയിലൂടെ അന്വേഷിക്കുന്ന പ്രമുഖ സൂഫി ഗുരുവായിരുന്ന ഫരീദുദീൻ അത്താർ (റ) രചിച്ച ‘മുസീബത് നാമ’ (ദുരിതങ്ങളുടെ പുസ്തകം) യുടെയും തന്റെ സ്വന്തം ജീവിതത്തിൽ പലപ്പോഴായി കടന്നുപോയ മനുഷ്യരുടെ ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തിലാണ് കിർമാനി ‘Terror of God’ മുന്നോട്ട് കൊണ്ടുപോകുന്നത്.

അബ്രഹാമിക് മതങ്ങളിലെ പ്രമുഖ പ്രവാചകനായ ഇയ്യോബ് (അയ്യൂബ് നബി) താനനുഭവിക്കുന്ന പ്രയാസങ്ങളെ പറ്റിയുള്ള ദൈവത്തിനോടുള്ള ചോദ്യത്തെക്കുറിച്ചുള്ള ആലോചനകളാലാണ് കിർമാനി പുസ്തകം ആരംഭിക്കുന്നത്. തന്റെ വായനക്കാരിലധികവും ക്രിസ്ത്യൻ പാശ്ചാത്യ ലോകത്തുള്ള ബൈബിൾ പരിചയമുള്ളവരായതിനാലാണ് ബിബ്ളിക്കല് ആഖ്യാനത്തോട് അനുരൂപമായാണ് പുസ്തകത്തിൽ ഈ വിഷയം അവതരിപ്പിക്കുന്നത്. തന്റെ കുടുംബ ബന്ധത്തിൽ പെട്ട അമ്മായി ലോബത്തിന്റെയും, അമ്മാവൻ എഞ്ചിനീയർ കിർമാനിയുടെയും ജീവിതത്തിൽ അദ്ദേഹം കണ്ട പരീക്ഷണങ്ങളും അവരുടെ ജീവിതങ്ങളിൽ തത്‍ഫലമായി രൂപപ്പെട്ട നന്മയെക്കുറിച്ചുമുള്ള ചിന്തകൾ ചേർത്തുകൊണ്ടാണ് കിർമാനി വിഷയത്തെ സമീപിക്കുന്നത്.

ഒരിക്കൽ സുൽത്താൻ മഹ്മൂദ് ഗസ്നവി അഞ്ഞൂറ് ആന കളടക്കമുള്ള തന്റെ പട്ടാളക്കാരുമായി കടന്നുപോകുന്നത് കണ്ട ഒരു ഉന്മാദി ഉറക്കെ വിളിച്ചുപറഞ്ഞു: ‘ദൈവമേ, ഒരു രാജാവ് എങ്ങനെ ആയിരിക്കണമെന്ന് നീ ഇയാളെ കണ്ട് പഠിക്ക്.’
‘എന്താണ് താനീ പറയുന്നത്?’ അത്കേട്ട് ഞെട്ടിത്തരിച്ച രാജാവ് അയാളോട് ചോദിച്ചു.
‘പിന്നെ ഞാനെന്ത് ചെയ്യണം’. ഉന്മാദി തിരിച്ചുചോദിച്ചു.
‘താങ്കൾ ഈ ആനകളെയും പട്ടാളക്കാരെയും കൊണ്ട് ഒരു യാചകനോട് യുദ്ധം ചെയ്യുമോ? ഇല്ല, ഒരു രാജാവ് രാജാക്കന്മാരോടാണ് യുദ്ധം ചെയ്യേണ്ടത്, ഒരു യാചകനോടല്ല. എന്നാൽ എന്റെ ദൈവം താങ്കളെ രാജാവാകാൻ വിട്ട് രാത്രിയും പകലും ഈ യാചകനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്.’

‘Museebat Nama’
Fareed ud din Attar Nishapuri

സൂഫി സാഹിത്യങ്ങളിൽ വലിയ ശ്രദ്ധ ലഭിക്കാത്ത പ്രമേയമാണ് ദൈവത്തോട് കലഹിക്കുന്ന സൂഫികളുടേത്. മുസ്‍ലിം സൂഫി പരിസരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായ ശെയ്ഖ് ഫരീദുദീൻ അത്താറിന്റെ മുസീബത് നാമ, അഥവാ ദുരിതങ്ങളുടെ പുസ്തകം കിർമാനിയുടെ ഗ്രന്ഥത്തിൽ ചർച്ചയാകുന്നുണ്ട്. ആത്മീയപാതയിലെ ദുരിതങ്ങൾ പ്രമേയമാകുന്ന ഗ്രന്ഥത്തിലെ സൂഫികളുടെ കഥകൾ എല്ലാ യുക്തിയെയും മറികടക്കുന്നുണ്ട്. മാത്രവുമല്ല, അവരുടെ പ്രവർത്തനങ്ങളിലൂടെയെല്ലാം അല്ലാഹുവിന്റെ പരമാധികാരത്തെ ഊന്നി പറയുകയും ചെയ്യുന്നതായി കാണാം. തന്റെ പ്രണയിനിയോടെന്ന പോലെ, അല്ലെങ്കിൽ അതിലേറെ തീവ്രമായി ദൈവത്തോട് കലഹിക്കുന്ന ഉന്മാദികളായ സൂഫികളെക്കുറിച്ചും പിന്നീട് പ്രതിദൈവശാസ്ത്രങ്ങളെക്കുറിച്ചും കിർമാനി പറഞ്ഞുവെക്കുന്നുണ്ട്.

‘ഖുർആൻ മുതൽ കാഫ്ക വരെ‘ എന്ന കിർമാനിയുടെ ലേഖനസമാഹാരമാണ് രണ്ടാം അധ്യായത്തിൽ ചർച്ചചെയ്യപെടുന്നത്. പാശ്ചാത്യ പൗരസ്ത്യ ലോകത്തിന്റെ ഇടയിൽ സാംസ്‌കാരിക കൈമാറ്റവും കൊടുക്കൽ വാങ്ങലുകളെയും വ്യത്യസ്ത തലങ്ങളിലൂടെയുള്ള പതിനാറ് ലേഖങ്ങളിൽ അഞ്ചെണ്ണമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഷേക്‌സ്‌പിയർ , ഗൊയ്ഥെ , ക്ലെയ്‌സ്റ്, കാഫ്ക്ക പോലെയുള്ള യൂറോപിന്റെ സാഹിത്യ പാരമ്പര്യത്തെ നിർണയിച്ചവരുടെ എഴുതുകളിലും ദർശനങ്ങളിലും പൗരസ്ത്യ, വിശിഷ്യാ ഇസ്‌ലാമിലെ ആത്മീയ ധാരയുടെ സാന്നിധ്യത്തെ കണ്ടെത്തുകയാണ് കിർമാനി ചെയുന്നത്.

‘ഒരിക്കൽ സൂഫികളിൽ പ്രമുഖനായ മൻസൂർ ഇബ്നു അമ്മാർ ഒരൊഴിഞ്ഞ പ്രദേശത്ത് ഒരു യുവാവ് നിസ്കരിക്കുന്നതായി കണ്ടു. നിസ്കാര ശേഷം സലാം പറഞ്ഞ് പരിചയപ്പെട്ട മൻസൂർ അയാളോട് ചോദിച്ചു: “നിങ്ങൾക്ക് ഖുർആനിലെ അൽ മആരിജ് സൂറത്തിലെ പതിനഞ്ചാം ആയത്തിൽ വിവരിക്കുന്ന നരകത്തിൽ തലയോട്ടിയെപ്പോലും തുളച്ചുകടക്കുന്ന ചൂടുള്ള ഒരു താഴ്വരയെക്കുറിച്ച് അറിയാമോ?” ചോദ്യം കേട്ടതും ആ യുവാവ് അട്ടഹസിച്ചുകൊണ്ട് ബോധരഹിതനായി വീണു. ബോധം തെളിഞ്ഞ അയാൾ കുടുതൽ പാരായണം ചെയ്യാൻ അപേക്ഷിച്ചു. അപ്പോൾ മൻസൂർ മനുഷ്യനും കല്ലുകളുമാണ് നരകത്തിലെ വിറക് എന്നർത്ഥം വരുന്ന ഖുർആനിലെ രണ്ടാം അധ്യായത്തിലെ ഇരുപത്തിനാലാം ആയത് ഓതിക്കേൾപ്പിച്ചു. അതോടെ ആ യുവാവ് മരിച്ചുവീണു. അയാളുടെ നെഞ്ചിൽ സ്വർഗത്തെക്കുറിക്കുന്ന ഖുർആനിലെ അറുപത്തി ഒമ്പതാം സൂറത്തിലെ വരികൾ എഴുതപ്പെട്ടിരുന്നു’. അബൂ ഇസ്ഹാഖ് അസ്സഅലബി തന്റെ ‘ഖുർആനിനാൽ മരണപ്പെട്ടവർ’ (ഖത്ത്ലാ അൽ ഖുർആൻ ) എന്ന ഗ്രന്ഥം ആരംഭിക്കുന്നത് മേലുദ്ധരിച്ച സംഭവം വിവരിച്ചുകൊണ്ടാണ്.

ഖുർആനെ ഏറ്റവും താല്പര്യപൂർവം കേൾക്കുകയും അനുഭവിക്കുകയും ചെയ്തത് സൂഫികളാണ്. ഖുർആൻ അവരെ ആനന്ദിപ്പിക്കുകയും, ഭയപ്പെടുത്തുകയും, വിസ്മയിപ്പിക്കുകയും ചെയ്തു. ഖുർആൻ പാരായണം ചെയ്യുന്നതിനിടയിൽ ചുറ്റുഭാഗവും പൊളിഞ്ഞുവീണതോ, തീപിടിച്ചതോ അവർ അറിഞ്ഞില്ല. കൊല്ലനായിരുന്ന അബൂ ഹഫ്സ് സൂഫിസത്തിലേക്ക് തിരിഞ്ഞ അനുഭവം ഫരീദുദ്ധീൻ അത്താർ വിവരിക്കുന്നുണ്ട്. അദ്ദേഹം തന്റെ ആലയിൽ പണി ചെയ്തുകൊണ്ടിരിക്കെ ഒരാൾ തെരുവിലൂടെ ഖുർആൻ പാരായണം ചെയ്തുകൊണ്ട് നടന്ന് നീങ്ങുകയായിരുന്നു. പാരായണത്തിന്റെ വശ്യതയിൽ സ്വയം മറന്ന അബൂ ഹഫ്സ് ചവണക്ക് പകരം തന്റെ കൈ ഉലയിലേക്കിട്ട് ചുട്ട് പഴുത്ത ഇരുമ്പ് പുറത്തേക്കെടുത്തു. ഇരുമ്പ് അടിക്കാൻ തയ്യാറായി നിൽക്കുന്ന സഹായി കാര്യം സൂചിപ്പിച്ചപ്പോൾ അടിക്കാനായിരുന്നു മറുപടി. ഇനി അടിക്കേണ്ടതില്ല, ഇരുമ്പ് പാകമായിരിക്കുന്നു എന്ന് സഹായി മറുപടി പറഞ്ഞപ്പോൾ കരഞ്ഞുകൊണ്ട് അദ്ദേഹം എന്നെന്നേക്കുമായി തന്റെ തൊഴിൽ ഉപേക്ഷിച്ച് സൂഫി ജീവിതത്തിലേക്ക് കടന്നു. “ഒരുപാട് കാലമായി ഞാനീ തൊഴിൽ ഉപേക്ഷിക്കാനാഗ്രഹിക്കുന്നു, ഒടുക്കം തൊഴിൽ എന്നെ ഉപേക്ഷിക്കേണ്ടി വന്നു,” മൻസൂർ പറഞ്ഞു

God is Beautiful: The Aesthetic Experience of the Quran
By Navid Kerman

മൂന്നാമത്തെ അധ്യായം 2014 ൽ ഇറങ്ങിയ കിർമാനിയുടെ ഏറ്റവും ശ്രദ്ധേയമായ ‘God is Beautiful’ എന്ന പുസ്തകത്തിലൂടെയുള്ള യാത്രയാണ്. നൂറ്റാണ്ടുകളായി മുസ്‍ലിം ജീവിത്തത്തെ നിർണയിക്കുന്ന ഗ്രന്ഥമായ ഖുർആനിന്റെ അനുഭൂതിയെക്കുറിച്ചാണ് പുസ്തകം സംസാരിക്കുന്നത്. ഖുർആൻ ഒരു പുസ്തകം എന്നതിനപ്പുറം എങ്ങനെയാണ് ഒരു സൗന്ദര്യാനുഭവമായി മാറുന്നത്? അറബിയേതര ഭാഷകളിൽ ഖുർആൻ അനുഭവിക്കൽ സാധ്യമാണോ? അറബിയിൽ മനോഹരമായ ശബ്ദത്തിൽ പാരായണം ചെയ്യപ്പെടുന്ന ഒരു സൗന്ദര്യാനുഭവം എന്ന നിലയിൽ മുസ്‌ലിംകൾ ‘അനുഭവിക്കുന്ന’ ഖുർആനും, പലപ്പോഴും വിവർത്തനത്തിലൂടെ ഒരു പുസ്തകം എന്ന നിലയിൽ ഓറിയന്റലിസ്റ്റുകൾ അടക്കമുള്ള പാശ്ചാത്യർ ‘വായിച്ച’ ഖുർആനും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണ്? തുടങ്ങിയ ചോദ്യങ്ങൾ അദ്ദേഹം ഉയർത്തുന്നുണ്ട്. കാവ്യലോകത്തെ കുലപതികളുടെ കാലത്ത് ഖുർആന് ലഭിച്ച സ്വീകാര്യതയും, ഖുർആനിന്റെ അനന്യതയും അമാനുഷികമായ കോർവയെക്കുറിച്ചും ഇമാം അബൂബക്കർ ജുർജാനിയെ ഉദ്ധരിച്ചുകൊണ്ട് വിശദമായി ഗ്രന്ഥങ്ങളെ വിശകലനം ചെയ്യപ്പെടുന്നുണ്ട് പുസ്തകം. മറ്റൊരു ചർച്ച അക്ഷരവിദ്യ അഭ്യസിക്കാത്ത പ്രവാചകൻ എങ്ങനെ ഖുർആനെയും ഖുർആന്റെ വെല്ലുവിളിയെയും ഉയർത്തിപിടിച്ചുകൊണ്ട് അറബ് സാഹിത്യലോകത്ത് തന്റെ പ്രവാചകത്വം സ്ഥാപിക്കുന്നുവെന്നുമാണ്.

പുസ്തകത്തിലൂടെനീളം പാശ്ചാത്യ ലോകത്തെ ചിന്താധാരകളിൽ ഇസ്‌ലാമിനും, പൗരസ്ത്യ സംസ്കാരങ്ങൾക്കും ഉണ്ടായ സ്വാധീനത്തെ ചേർത്തു വായിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ പുസ്തകം നവീദ് കിർമാനി അനുവാചകരോട് നേരിട് സംസാരിക്കുന്ന അനുഭവം നൽകുന്ന രൂപത്തിലാണ് തയാറാക്കിയിട്ടുള്ളത്. ദൈവനീതിയെക്കുറിച്ചും, ലോകത്തെ പ്രയാസങ്ങളെക്കുറിച്ചും ആലോചിക്കുന്നവർക്ക് തീർച്ചയായും വായിക്കേണ്ട ലളിതവും സരളവുമായി കാര്യങ്ങളെ അവതരിപ്പിക്കുന്ന പുസ്തകമാണ് മഷ്ക്കൂറിന്റെ ‘നവീദ് കിർമാനി’ റീഡർ.

Introducing Scholars-II: Navid Kermani
Author: Muhammad Mashkoor Khaleel
Publisher: Other Books


Featured Image: Dan Farrell 

Comments are closed.