- സുനിൽ കുമാർ: സഹജീവികളോടൊപ്പമുള്ള മനുഷ്യന്റെ ജീവത-ജീവനം (Life-living) ഒരു സഹ- നിർമിതിയാണെന്ന് (Co-composition) എറിൻ എഴുതിയത് ഓർകുന്നു. ഇവിടെ ‘ഉത്തരവാദിത്തം’ മനുഷ്യന്റെ ധാർമിക ബാധ്യതയാകാതെ, Agencement- പാരസ്പര്യ ത്തിലൂടെയും പ്രക്രിയയിലൂടെയും ഉരുത്തിരിയുന്നതായി മനസ്സിലാക്കാൻ കഴിയുമോ? മനുഷ്യന്റെ ഏജൻസിക്ക് അപ്പുറം ധാർമികതയെ കുറിച്ചുള്ള അന്വേഷണങ്ങളെ ഇതെങ്ങനെയാണ് മാറ്റിത്തീർകുക?
എറിൻ മാനിംഗ്: അതെ, ഞാൻ തീർചയായും ആ നിലക്കാണ് ചിന്തിക്കുന്നത്. ‘വെറും’ മനുഷ്യൻ എന്നൊന്നില്ല —മനുഷ്യൻ എപ്പോഴും അതിലുമധികമാണ് (More-than). (ഭൂഗുരുത്വം നമ്മെ നിയന്ത്രിക്കുന്നുണ്ട്, ഓക്സിജൻ ശ്വസിച്ച് കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്ന നമ്മൾ വെള്ളവും ബാക്ടീരിയയും എല്ലാം ചേർന്നതാണ്). ഞാൻ എന്റെ Allways More Than One എന്ന പുസ്തകത്തിൽ പറയാൻ ശ്രമിച്ചത് ഇതാണ്, “മനുഷ്യൻ” എന്നത് അപകടകരമായ അമൂർതവൽക്കരണമാണ്, കൊളോണിയലിസത്തിൽ നിന്നും പിറവികൊണ്ടത്. (മനുഷ്യന്റെ’ ജനനം തന്നെ വെളുപ്പ് ആയിട്ടാണെന്ന സിൽവിയ വിൻററിന്റെ (Sylvia Wynter) ചിന്ത ഞാനും പങ്കുവെക്കുന്നു)
സഹ-നിർമിതി ഒരു ലളിതമായ വസ്തുതയാണ്. മനുഷ്യ പക്ഷത്ത് നിന്നുള്ള സ്വേച്ഛാവൃത്തി എന്നത് പോലെ അത് സംഭവിക്കാനായി ഒന്നും ചെയ്യേണ്ടതില്ല. അപകടകരമായ അമൂർതവൽക്കരണത്തോട് കലഹിക്കുന്ന ഈ അസ്തിത്വ സവിശേഷതയോട് സമഞ്ജസപ്പെടുകയാണ് നമുക്ക് ചെയ്യാനുള്ളത്. നമ്മുടെ തുടക്കം അവിടെയാകണം. ഇത് അത്യന്തം അപകടകരമാണ്, കാരണം നിലവിലെ ലോകത്തിന്റെ അടിസ്ഥാന മൂല്യങ്ങളെത്തന്നെ ചോദ്യം ചെയ്യാതെ ഇത് അസാധ്യമാണ്.
മൂർത്തം-അമൂർത്തം എന്ന ദ്വന്ദ്വത്തെ, ഓരോ ഘട്ടത്തിലും, കയ്യൊഴിയുമ്പോൾ, രൂപത്തെ (form) അടിമുടി പുനർവിചിന്തനം നടത്തേണ്ടതായി വരികയും(ചലനം തന്നെ അസ്തിത്വത്തിന്റെ ചാലകശക്തിയായി തിരിച്ചറിയുമ്പോൾ) ഈ സംവർഗങ്ങൾ പോരാതെ വരികയും ചെയ്യും. മനുഷ്യരുടെയും, പ്രപഞ്ചത്തിന്റെയും ജീവിതം തന്നെ തകിടം മറിക്കുന്ന സകല സംവർഗങ്ങളും ഇതിലുൾപ്പെടും( ജാതി, വർഗം, ലിംഗപദവി, മനുഷ്യകേന്ദ്രാവാദം തുടങ്ങിയവ). എന്റെ എഴുത്തുകൾ ഇതിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴി കണ്ടെത്തലാണ്.
- ഏതൊരു സംഭവത്തിലും അതിന്റെ പൂർതീകരണവും അനന്തരമുള്ള കൊഴിഞ്ഞുപോക്കും (fullfillment and perishing) ഒരുപോലെ അടങ്ങിയിരിക്കുന്നുണ്ടല്ലോ. ഇത് ലക്ഷ്യോന്മുഖമായ ജീവിത ദർശനത്തിൽ നിന്നും എങ്ങനെ വ്യത്യസ്തമാണ്? നിശ്ചിത ലക്ഷ്യങ്ങൾ ഇല്ലാത്ത, രേഖീയമല്ലാത്ത ഒരു ജീവിത-ജീവനമാണോ (life-living) ഇവിടെ പ്രതിപാദ്യം?
വില്ല്യം ജെയിംസിൽ (William James) ‘പരിസമാപ്തി’ (terminus) എന്ന ഒരു മനോഹരമായ സങ്കല്പനമുണ്ട്— ഇവിടെ പ്രവൃത്തിയുടെ ആക്കം തന്നെ പരിസമാപ്തിയിലേക്കുള്ള അതിന്റെ ചായ്വിൽ ആണ്. എന്നാൽ അത് എപ്പോഴും പരിസമാപ്തിയിൽ എത്തിപ്പെടണമെന്നില്ല. നടത്തം എത്തുന്ന ഇടത്തേക്കാൾ പ്രധാനമാണ്. മുൻകൂർ ലക്ഷ്യങ്ങളുള്ള ജീവിതത്തിന്റെ പോക്കിനെപ്പറ്റി നമ്മൾ കഥകൾ മെനെഞെടുക്കുന്നു (പക്ഷെ ലക്ഷ്യം തെറ്റിയാൽ നമ്മൾ കഥതന്നെ മാറ്റി എഴുതും). അതിനുപകരം ചലനത്തിൽ ഊന്നുമ്പോൾ (movement-moving) മറ്റൊരു ഗുണം സ്വയം വെളിപ്പെടുന്നു. Relationscapes എന്ന എന്റെ പുസ്തകം സ്ഥാനന്തരത്തിന് (Displacement) അപ്പുറമുള്ള ചലനത്തിന്റെ തത്വശാസ്ത്രത്തെക്കുറിച്ചുള്ള ഗാഢമായ ആലോചനകളാണ്.
- നിങ്ങളുടെ ഉപയോഗ ശൂന്യതയുടെ പ്രയോഗ ശാസ്ത്രം (For Pragmatics of uselessness) എന്ന പുസ്തകം മൂല്യനിരാസത്തിനപ്പുറം പുനരാലോചനയായി വായിക്കാം എന്ന് തോന്നുന്നു. എന്നാൽ അത്തരം മൂല്യങ്ങൾ മുതലാളിത്ത മൂല്യ സങ്കല്പനങ്ങളിൽ നിന്നും എങ്ങനെ വ്യത്യസ്തമാണ്? മുതലാളിത്തം പ്രയോജന പരതയുടെ മാനദണ്ഡങ്ങൾ നിർവചിക്കുമ്പോൾ, ‘ഉപയോഗ ശൂന്യതയുടെ പ്രയോഗശാസ്ത്രം’ അതിന്റെ പിടിയിൽ നിന്നും എങ്ങനെ ഒഴിഞ്ഞുമാറുന്നു?
ഉപയോഗ ശൂന്യതയുടെ പ്രയോഗശാസ്ത്രം മൂല്യ നിരാസമല്ല, മറിച്ച് ഞാൻ അതിനെ ഇനിയും നിർവചിക്കപ്പെട്ടിട്ടില്ലാത്ത ഇടനാഴിയിൽ തങ്ങി നിൽക്കുന്നതായി ഭാവന ചെയ്യുന്നു. എന്നാൽ താളുകളിൽ നമ്മൾ എപ്പോഴും രേഖപ്പെടുത്താൻ വിട്ടുപോകുന്ന ചിലതിന്റെ അടയാളപ്പെടുത്തൽ അനിവാര്യമാണെന്ന് തോന്നുന്നു. (ഒരു പകൽക്കിനാവോ, മറ്റെന്തിലെങ്കിലും അകപ്പെട്ടുപോകുന്നതോ, കണ്ണിൽ പിടിക്കാത്തത്ര സൂഷ്മമായ (ultrathin) ഒന്നിന്റെയോ മൂല്യമോ). Pragmatics of the uselessness എന്ന എന്റെ പുസ്തകം മൂല്യ നിർണയത്തിന് പുതിയ യുക്തികൾ ആവശ്യമെന്നാണ് നിർദേശിക്കുന്നത്- ഞാൻ മുന്നോട്ട് വയ്ക്കുന്ന സാമീപ്യത്തിന്റെ ഏകദേശ സദൃശ്യത (Approximation of proximity) എന്ന ആശയം ബ്രയാൻ മസുമിയുടെ (Brian Massumi) അന്യോന്യം ഉൾപ്പെടലിന്റെ (mutual inclusion) യുക്തിയിൽ നിന്നും ഭിന്നമല്ല. അന്യോന്യം പുറംതള്ളുമ്പോൾ (mutual exclusion) നാം എളുപ്പത്തിൽ ദ്വന്ദ്വയുക്തിയിൽ അകപ്പെടുന്നു. വിപണിമൂല്യം അത്തരത്തിലുള്ള ഒന്നാണ്.
എന്തായാലും, മൂല്യം ദിനം പ്രതി പല വഴിക്ക് കൈപ്പിടിയിലൊതുങ്ങുന്നുണ്ട്. പക്ഷേ, മസുമി 99 Theses for the Revaluation of Value എന്ന പുസ്തകത്തിൽ പറയുന്നത് പോലെ, എല്ലായ്പ്പോഴും ജീവിതത്തിന്റെ മിച്ചമൂല്യം (surplus-value of life) അതിന് പിടികൊടുക്കാതെ ബാക്കിയാകുന്നു. ഫ്രെഡ് മോട്ടൻ (Fred Moten), സ്റ്റെഫാനോ ഹാർണിയ് (Stefano Harney) എന്നിവർ The Undercommons എന്ന പുസ്തകത്തിൽ ജീവിതത്തിന്റെ ഈ മിച്ചമൂല്യത്തെ black life അഥവാ blackness എന്നാണ് വിളിക്കുന്നത്. ഈ ആശയങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ചിന്തിക്കുക എന്നതായിരുന്നു For a Pragmatics of the Useless എന്ന പുസ്തകത്തിലൂടെ ഞാൻ ശ്രമിച്ചത്.
- നിങ്ങളുടെ Minor Gestureനെ കുറിച്ചുള്ള എഴുത്ത് അവയ്ക്ക് അനുഭവങ്ങളുടെ അടിസ്ഥാനം തന്നെ ഇളക്കാൻ കഴിയുന്നതാണെന്നു വ്യക്തമാക്കുന്നതാണ്. സൂക്ഷ്മ തന്മാത്രാ ചലനങ്ങൾ സ്ഥൂല മാറ്റങ്ങളിലേക്ക് നയിക്കുന്നു എന്ന ചിന്തയേക്കാൾ, അതിന്റെ സാന്നിധ്യം എങ്ങനെയാണ് സൂഷ്മ-സ്ഥൂലങ്ങളെ ഭിന്നമായി അനുഭവവേദ്യമാക്കുന്നത്? ഇവയുടെ പാരസ്പര്യം എങ്ങനെയാണ് കൂട്ടായ പ്രവർതനങ്ങളെ (Collective Practices) മാറ്റി തീർകുന്നത്?
അതെ, മൈനർ (കീഴാളം) movement-moving എന്താണെന്ന് നമ്മളെ പഠിപ്പിക്കുന്നുണ്ട്. മൈനർ ‘ചെറുതിനെ’ കുറിക്കുന്നതല്ല. ഒരു തുളയിൽ ഒതുങ്ങാത്ത മേൽക്കൂരയിലെ ചോർച മേൽക്കൂര തന്നെ ഇടിഞ്ഞുവീഴാൻ കാരണമായേക്കാം. അങ്ങനെ നോക്കിയാൽ ‘ചോർച’ മൈനർ ആണെന്ന് പറയാം, മൊത്തത്തിൽ ആരും കാണാത്ത വഴികളിലൂടെ സഞ്ചരിച്ച് അത് കെട്ടിടം തന്നെ നിലംപതിക്കാൻ കാരണമായേക്കാം. അവ പതിയെ സംഭവിക്കുമ്പോഴും മേജർ ഘടകങ്ങളെ തന്നെ ദുർബലമാക്കുന്നു.
മൈനർ എന്നത് ഒരു അളവുകോൽ എന്നതിലുപരി മറ്റൊരു യുക്തിയാണ്. അതിനാൽ തന്നെ, നിങ്ങൾ പറഞ്ഞതുപോലെ major എന്നതിന്റെ എതിരായി മനസ്സിലാക്കാൻ കഴിയില്ല. “The Minor Gesture” എന്ന പുസ്തകത്തിൽ, സംഗീതത്തിലെ മൈനർ സ്കെയിലുകൾക്കുറിച്ച് ഞാൻ പരാമർശിക്കുന്നുണ്ട്, അവ എപ്പോഴും മേജറിലൂടെയും ഒഴുകി പോകുന്നവയാണ്.
പലർക്കും പറ്റുന്ന അബദ്ധം, മൈനറിനെ “നന്മ” (good) എന്ന് വിശ്വസിക്കുന്നിടത്താണ്. മൈനർ നന്മയും തിന്മയുമൊന്നുമല്ല. അത് ചലനത്തിന്റെ മറ്റു വഴികളോട് പൊരുത്തപ്പെടാനുള്ള ആഹ്വാനമാണ്. മൈനർ ഫാസിസത്തിന് അപകടകരമായ രീതിയിൽ നാശം വിതയ്ക്കാൻ കഴിയും (ഉദാഹരണത്തിന്, ഭീകരവാദം നുഴഞ്ഞു കടക്കാനുള്ള മൈനർ, സാങ്കേതികതകളെ അതിവിദഗ്ദ്ധമായി ഉപയോഗിക്കുന്നുണ്ട്).

മൈനറിനെ പഠിക്കേണ്ടതിന്റെ പ്രാധാന്യം, രാഷ്ട്രീയത്തിലൊക്കെ നമ്മൾ എത്രത്തോളം മുഖ്യമായതിന് (Major/Molar/Macro) പ്രാധാന്യം കൊടുക്കുന്നു എന്ന് തിരിച്ചറിയാൻ കൂടിയാണ്. മേജറിന് ചലനാത്മകത കുറവാണ് (less malleable), അത് ഘടനാപരമായി കൂടുതൽ ഉറച്ചുകട്ടിയായതാണ്. അതിനാൽത്തനെ, പ്രോട്ടോ-പൊളിറ്റിക്കൽ സാധ്യതകൾ (protopolitical potential) അതിൽ വിരളവുമാണ്. മാറ്റമാണ് നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ, മൈനറിൽ നിറയെ സാധ്യതകൾ ഉണ്ട്, കാരണം അത് ചലനത്തിന്റെ ഓരോ നിമിഷത്തിലും അതിർതികൾ മാറ്റിവരക്കാൻ പര്യാപ്തമാണ്
- കർത്രി (Agency) എന്നത് സ്ഥിരസംവർഗമല്ലെങ്കിൽ നൈതികമായ ‘ഉത്തരവാദിത്തത്തെ’ക്കുറിച്ചുള്ള നമ്മുടെ ധാരണയെ അത് എങ്ങനെ പരിവർത്തിപ്പിക്കും? വ്യക്തമായി നിർവചിക്കപ്പെട്ട ഒരു കർത്രി (Agent) ഇല്ലാതാകുമ്പോൾ, ‘ഉത്തരവാദിത്തം’ വ്യക്തിഗത കടമയെന്നതിന് പകരം ബന്ധങ്ങളുടെ പാരസ്പര്യതിലൂടെ ഉരുവം കൊള്ളുന്നതായി ചിന്തിക്കാനാകുമോ? ഇത് പരിചരണം, തീരുമാനമെടുപ്പ്, കൂട്ടായ പ്രവർതനം എന്നിവയെ ഒക്കെ എങ്ങനെയാകും ബാധിക്കുക?
നിങ്ങളുടെ ചോദ്യരൂപീകരണം മനോഹരമാണ്. “Agencement” എന്ന പദത്തിന് യഥാർഥ പരിഭാഷയില്ല, എന്നാൽ അതിന്റെ അർഥം ഒരു പ്രക്രിയയുടെ “agencying” എന്നപോലെയാണ്—ചലനത്തിന്റെ ഓരോ ഘട്ടത്തിലും പ്രക്രിയ സജീവമാണെന്ന ഓർമപ്പെടുത്തൽ. നമ്മൾ സാധാരണയായി മനുഷ്യനിലവാരത്തിൽ മാത്രം ഏജൻസിയെ തളച്ചിടുന്നു പക്ഷേ ലോകം എല്ലായ്പ്പോഴും കർത്രിയെ (Agency) ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
നാം ലോകത്തിന്റെ കേന്ദ്രത്തിലല്ലെന്ന് തിരിച്ചറിഞ്ഞാൽ, മറ്റ് നിരവധി പ്രക്രിയകൾ ചുറ്റുമുണ്ടെന്ന ബോധ്യത്തോടൊപ്പം നൈതികതയുടെ ഒരു വിപുലമായ പരിതസ്ഥിതിയും നമുക്ക് വെളിപ്പെടും. സ്വേച്ഛയുള്ള വ്യക്തിയുടെ മുൻകയ്യിലല്ലാത്ത പ്രവർതികൾ നൈതികമല്ലെന്ന സമീകരണം എത്ര വിചിത്രമാണ്. ഇത് നമ്മളോട് പറയുന്നത് അസ്തിത്വത്തെ നമ്മൾ എത്രമേൽ ആത്മകേന്ദ്രിതമായാണ് മനസ്സിലാക്കിയത് എന്നാണ്.

Erin Manning കനേഡിയൻ തത്വചിന്തകയും കലാപ്രവർത്തകയും Senselab-ന്റെ സ്ഥാപകയുമാണ്.
വൈറ്റ്ഹെഡ്, ദല്യൂസ്, ഗത്താരി, സിമോണ്ടോൺ എന്നിവരുടെ ചിന്തകളുടെ സർഗാത്മകമായ അനുരണനങ്ങൾ Manning-ന്റെ എഴുത്തുകളിൽ പ്രകടമാണ്. മാനിങ്ങിന്റെ പ്രധാന കൃതികൾ The Minor Gesture, Out of the Clear, For a Pragmatics of the Useless, Politics of Touch, Thought in the Act, Relationscapes എന്നിവയാണ്. Erin Manning-ന്റെ ചിന്തകൾ പ്രക്രിയയിലും (process) സംഭവത്തിലും (event) ഊന്നിയുള്ളതും പൂർവ്വനിശ്ചിത സംവർഗങ്ങളെ കടപുഴക്കുന്നതുമാണ്.


Comments are closed.