‘ദൈവത്തിന്റെ മൗനം’ എന്ന പ്രയോഗത്തെ മുസ്‌ലിം പണ്ഡിത പാരമ്പര്യം എങ്ങനെയായിരിക്കും സമീപിച്ചിട്ടുണ്ടാവുക എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. “ഒരിക്കലെങ്കിലും അതൊന്ന് കേള്‍ക്കാന്‍ ശ്രമിക്കൂ” എന്നായിരിക്കും ഒരുപക്ഷെ അവർക്ക് മറുപടി പറയാനുണ്ടാവുക. അല്ല എങ്കിൽ അവരൊരുപക്ഷേ “അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുന്നില്ല, അവര്‍ക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവര്‍ കണ്ടറിയുന്നില്ല, അവര്‍ക്ക് കാതുകളുണ്ട്, അതുപയോഗിച്ച് അവര്‍ കേട്ടുമനസ്സിലാക്കുന്നില്ല’ (വി:ഖു 7:179) എന്ന ഖുര്‍ആനിക വചനം പറഞ്ഞുതരുമായിരിക്കും.
മൗനമെന്ന പദം ( അറബിയിൽ സ്വംത്) സംസാരത്തിന്റെ (കലാം) വിപരീതമാണ്. മുസ്‌ലിം ദൈവശാസ്ത്ര പണ്ഡിതരും, തത്വശാസ്ത്രജ്ഞരും ദൈവിക യാഥാര്‍ത്ഥ്യത്തിന്റെ അനിവാര്യ വിശേഷണമായാണ് സംസാരത്തെ (കലാമിനെ) കാണുന്നത്. മറ്റൊരു നിലക്ക് പറഞ്ഞാല്‍ ദൈവം നിരന്തരവും ശാശ്വതവുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്, കേള്‍ക്കാനാളുണ്ടെങ്കിലും, ഇല്ലെങ്കിലും. അവന്റെ അടിസ്ഥാന വിശേഷണങ്ങളിൽപെട്ട ജീവനുള്ളവനായിരിക്കുക, അറിവുള്ളവനായിരിക്കുക, അധികാരവും, കാഴ്ചയും, കേള്‍വിയും ഉള്ളവനായിരിക്കുക എന്നിവയെല്ലാം ദൈവമെന്ന നിർവ്വചനത്തോടെത്തന്നെ അവന്റെ ഭാഗമായത് പോലെത്തന്നെയാണ് സംസാരവും. ചുരുക്കത്തില്‍ ഇസ്‌ലാമിക പാരമ്പര്യമനുസരിച്ച് ദൈവത്തിന്റെ മൗനത്തെ കുറിച്ച് പറയുകയെന്നാല്‍ അവന്റെ മരണത്തെയോ, പോരായ്മകളെയോ കുറിച്ച് സംസാരിക്കുന്നത്പോലെയാണ്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ അക്കാദമിക ലോകത്ത് പ്രസക്തമാണെങ്കിലും മുസ്‌ലിം ജ്ഞാന പരിസരത്ത് അസംബന്ധമായിട്ടാവും പരിഗണിക്കപെടുക.
ദൈവത്തിന്റെ സംസാരം സത്താപരമാണ് എന്നതിനർത്ഥം അവന്‍ സദാ സംസാരിക്കുന്നുവെന്ന് കൂടിയാണ്. അവന്റെ ‘ഉണ്ടാവുക’ (കുന്‍) എന്ന ശാശ്വതമായ കല്പ്പനയുടെ ഫലം ഉണ്‍മയാണ് (കൗൻ), അഥവാ പ്രപഞ്ചം (ആലം). ഒരു വസ്തു ഉണ്‍മ പ്രാപിച്ചാല്‍ ഉറപ്പായും അതിന് ഒരു അവസാനവുമുണ്ട്. യഥാർത്ഥ ഉണ്മക്കല്ലാതെ (ദൈവം) മറ്റൊന്നിനും യഥാർത്ഥ നിലനിൽപ്പുമില്ല (വുജൂദ്). ‘യഥാർത്ഥത്തിൽ ദൈവമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ല’ എന്ന് ഇമാം ഗസ്സാലി (റ) പറയുന്നുണ്ട്. ഖുര്‍ആനിന്റെ ഭാഷയില്‍ പറഞ്ഞാൽ ‘അല്ലാഹുവിന്റെ മുഖമല്ലാത്ത സകലതും നശിക്കും’ (വി:ഖു 18:88) ‘അറബികള്‍ പാടിയ ഏറ്റവും സത്യമായ വരി’ എന്ന് മുഹമ്മദ് (സ) വിശേഷിപ്പിച്ച കവി ലബീദിന്റെ കവിത ഇവ്വിഷയം ഭംഗിയായി പറഞ്ഞു തരുന്നുണ്ട്:
‘ദൈവമല്ലാത്തതെല്ലാം അയഥാര്‍ത്ഥമല്ലെ
ആനന്ദങ്ങളെല്ലാം ക്ഷണഭംഗുരവും?’
ബാത്വില്‍ (അയാഥാര്‍ത്ഥ്യം) എന്നാണ് ഹഖിന് (യാഥാര്‍ത്ഥ്യം) വിപരീതമായി ഖുര്‍ആൻ ഉപയോഗിക്കുന്നത്. (ബാത്വിലിന് തെറ്റ്, അസത്യം, ശൂന്യം എന്നുമെല്ലാം അര്‍ത്ഥമുണ്ട്.) ഖുര്‍ആന്‍ മുന്നോട്ട് വെച്ച ‘അല്‍ ഹഖ്’ എന്ന ദൈവിക നാമം സൂചിപ്പിക്കുന്നതും സത്യം, വാസ്തവം, യാഥാര്‍ത്ഥ്യം എന്നീ ആശയങ്ങള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ദൈവമല്ലാത്തതെല്ലാം സ്വയം തന്നെ ബാത്വിലാണ് (അയാഥാര്‍ത്ഥ്യമാണ്). ദാര്‍ശനികനായ ഇബ്നു സീന കിതാബു ശ്ശിഫയില്‍ ‘ഹഖ്’ എന്ന പദത്തിന്റെ അർഥം “വസ്തുക്കളുടെ ഉണ്മയെക്കുറിച്ച് പറയുമ്പോള്‍ ‘യാഥാര്‍ത്ഥ്യം’എന്നും, പ്രസ്‌താവനകളെക്കുറിച്ചാവുമ്പോൾ ‘ശരി’ എന്നുമാണ് എന്ന് എഴുതുന്നുണ്ട്. ആദ്യ അര്‍ത്ഥത്തെ സംബന്ധിച്ച് അദ്ദേഹം എഴുതുന്നു: “സത്തയിൽ തന്നെ അനിവാര്യ ഉണ്മയാണ് നിരന്തരമായ യാഥാര്‍ത്ഥ്യം. അല്ലാത്തതെല്ലാം അതിനാൽ സ്വയം തന്നെ അയാഥാര്‍ത്ഥ്യമാണ്.’ ഇമാം ഗസ്സാലി (റ) ദൈവ നാമമായ ഹഖിനെ വിശദീകരിച്ചിടത്ത് ഇത് കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. അയാഥാര്‍ത്ഥമായ വസ്തുക്കൾ ദൈവം അവയെ ഉണ്മയിലേക്ക് കൊണ്ടവരുമ്പോൾ കടംകൊണ്ട യാഥാര്‍ത്ഥ്യമാണ് കൈവരിക്കുന്നത്. അദ്ദേഹം എഴുതുന്നു:
ഇവിടെ മൂന്ന് സാധ്യതകളാണുള്ളത്. പൂര്‍ണമായ യാഥാര്‍ത്ഥ്യം, പൂര്‍ണമായ അയാഥാര്‍ത്ഥ്യം, ഒരു നിലക്ക് യഥാര്‍ത്ഥവും മറ്റൊരു നിലക്ക് അയഥാര്‍ത്ഥവും. സത്താപരമായി അസാധ്യമായത് പൂർണമായ അയാഥാര്‍ത്ഥ്യമാണ്. സത്താപരമായി അനിവാര്യമായത് പൂർണമായ യാഥാർത്ഥ്യവും. സത്താപരമായി സാധ്യമായത് ഒരു നിലക്ക് യഥാര്‍ത്ഥവും മറ്റൊരു നിലക്ക് അയഥാര്‍ത്ഥവും. ഇതിൽനിന്നും പൂർണമായ യാഥാർത്ഥ്യമാണ് സത്താപരമായിത്തന്നെ യഥാർത്ഥമായ ഉണ്മ എന്നും, അതിൽ നിന്നാണ് യഥാർത്ഥമായ വസ്തുക്കളെല്ലാം അവയുടെ യാഥാർത്ഥ്യം കൈവരിക്കുന്നത് എന്നും മനസ്സിലാക്കാം.
സംസാരിക്കുകയെന്നാല്‍ അവബോധത്തെ പ്രകടിപ്പിക്കുക എന്നാണ്. ദൈവത്തിന്റെ സംസാരം അവന്റെ എല്ലാത്തിനെയും കുറിച്ചുള്ള അനശ്വരമായ അറിവിന്റെ പ്രകടനമാണ്. ദൈവത്തിന്റെ സംസാരം യഥാർത്ഥവും, സത്യവും, ആധികാരികവുമാണ്. മറ്റുള്ളവയുടെ സംസാരങ്ങളെല്ലാം, അയഥാർത്ഥവും, അസത്യവും, വിശ്വാസയോഗ്യമല്ലാത്തതുമാണ്. യഥാർത്ഥമായവൻ നൽകുന്നതിനനുസരിച്ച് മാത്രമാണ് മറ്റുള്ളവയുടെ സംസാരം.
ഖുര്‍ആന്‍ പലപ്പോഴും ദൈവീക സംസാരത്തെ കൽപ്പന (അല്‍ അംറ്) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവിടെ ദൈവത്തിന്റെ മൗനത്തെ പറ്റി സംസാരിക്കുന്നവർ മതകീയ കൽപ്പന (അല്‍ അംറുദ്ദീനിയ്യ്), നിര്‍ദ്ദേശാത്മകമായ കൽപ്പന (അല്‍ അംറുത്തക്ലീഫിയ്യ്) എന്നെല്ലാം ദൈവശാസ്ത്ര പണ്ഡിതന്മാർ പറയാറുള്ള കൽപ്പനയായിരിക്കണം ഉദ്ദേശിക്കുന്നത്. ദൈവം മതകീയ കൽപ്പനകൾ പ്രവാചകന്മാര്‍ മുഖേന വാചികമായി അടിമകളിലേക്കെത്തിക്കുന്നു. കര്‍മശാസ്ത്ര പണ്ഡിതന്മാർ കൈവരിക്കുന്ന അതോറിറ്റി എന്നത് ഈ മതകീയ കൽപ്പനകളെക്കുറിച്ച് അവർ നേടുന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് .
രണ്ടാമത്തേത് സൃഷ്ടിപരമായ കൽപ്പനയാണ് (അല്‍ അംറുല്‍ ഖല്‍ഖിയ്യ്). ഇതിനെ അല്‍ അംറുത്തക്വീനിയ്യ് (ഉണ്മയെ ഉണ്ടാക്കുന്നത്) എന്നും പറയാറുണ്ട്. ഇതിന്റെ ഉദാഹരണമാണ് ഖുര്‍ആനിലെ “നിശ്ചയമായും അവന്റെ കാര്യം (സൃഷ്ടിപ്പില്‍ അവന്റെ രീതി ഇതാണ്:) ഒരു വസ്തു ഉണ്ടാകണമെന്ന് അവനുദ്ദേശിച്ചാല്‍ അതിനെപ്പറ്റി ഉണ്ടാവുക എന്ന് പറയുകയേ വേണ്ടൂ. തത്സമയം അത് ഉണ്ടാകുന്നു.” (കുൻ ഫ യകുൻ) (വി:ഖു 36:82) എന്ന ആയത്ത്. ഇത്തരം സംസാരത്തെക്കുറിച്ച് ദാര്‍ശനികരും, ദൈവശാസ്ത്ര പണ്ഡിതന്മാരും സൂഫീ ഗുരുക്കളും വാചാലരായിട്ടുണ്ട്. അവരുടെ വിശദീകരണങ്ങളെല്ലാം ദൈവ സ്വത്വത്തെയും അവന്റെ ഉണ്‍മയുടെ അനിവാര്യതയെയും ചുറ്റിപ്പറ്റിയാണ്. ഇക്കാണുന്ന പ്രപഞ്ചമത്രയും ദൈവത്തിന്റെ സംസാരമാണെന്നും അവര്‍ പറയുന്നുണ്ട്. ഇതിന് ഉപോല്‍ബലകമായി ഖുര്‍ആനിക സൂക്തങ്ങളെ അവർ പരാമർശിക്കുന്നുണ്ട്. ഉദാഹരണമായി, ഖുര്‍ആന്‍ അതിന്റെ സൂക്തങ്ങളെയും, പ്രാപഞ്ചിക സൃഷ്ടികളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ആയത്ത് (അടയാളം) എന്നാണ്. ഇത് സൂചിപ്പിക്കുന്നത് ദൈവത്തെ സംബന്ധിച്ചിടത്തോളം ലോകത്തിനും അവന്റെ സംസാരത്തിനും ഒരേ അവസ്ഥയാണെന്നാണ്. ദൈവിക ഗ്രന്ഥം അവന്‍റെ വചനങ്ങളാണെങ്കില്‍ അവന്‍റെ സൃഷ്ടിപ്പും വചനങ്ങള്‍ തന്നെയാണ്. അടയാളങ്ങള്‍ക്ക് അവയുടേതായ പ്രാധാന്യവും (significance) വാക്കുകള്‍ക്ക് അര്‍ത്ഥവുമുണ്ട് (meanings).
ഇസ്‌ലാമിക രചനകളിൽ അര്‍ത്ഥമെന്നത് (മഅ്ന) രണ്ട് രീതിയിലാണ് ഉപയോഗിക്കാറുള്ളത്: ഉച്ചാരണം (ലഫ്ള്) എന്നതിന്റെ വിപരീതമായും, രൂപം (സൂറത്ത്) എന്നതിന്റെ വിപരീതമായും. വാക്കുകൾക്ക് അർത്ഥമുള്ളമുള്ളത്പോലെത്തന്നെ രൂപങ്ങൾക്കും അര്‍ത്ഥങ്ങളുണ്ട്. ‘അല്ലാഹുവാണ് രൂപം നല്‍കുന്നവന്‍’ (മുസവ്വിർ വി:ഖു 59:24). ‘അവന്‍ നിനക്ക് രൂപം നല്‍കി, നിന്റെ രൂപത്തെ അവന്‍ മനോഹരമാക്കുകയും ചെയ്തു.’ (വി:ഖു 49:64). വിവിധ അടയാളങ്ങള്‍ കൊണ്ടും അല്ലാഹു അര്‍ത്ഥങ്ങളെ ആവിഷ്കരിക്കുന്നുണ്ട്. ദൈവിക ഗ്രന്ഥത്തിലെ വാക്കുകള്‍ ഉരുവിട്ടു കൊണ്ടും ഉണ്മയുടെ രൂപങ്ങൾ ഉള്‍വഹിക്കുന്ന ആശയങ്ങളെ ആവാഹിച്ചുമാണ് ഇത്. ഈ വാക്കുകളുടെയും രൂപങ്ങളുടെയും അർത്ഥങ്ങൾ അനന്തമാണ് എന്നതിലേക്കുള്ള സൂചന വ്യാഖ്യാതാക്കൾ ഈ ഖുർആനിക വചനത്തിൽ കണ്ടെത്തുന്നുണ്ട്:
ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനകളായിത്തീരുകയും (നിലവിലുള്ള) സമുദ്രം-അതിനു പുറമെ ഏഴു സമുദ്രങ്ങള്‍ അതിനു പോഷണം നല്‍കി-മഷിയായിത്തീരുകയും ചെയ്‌താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുന്നതല്ല. നിശ്ചയമായും അല്ലാഹു പ്രതാപശാലിയും അഗാധജ്ഞാനിയുമാകുന്നു (വി:ഖു 31:27)
ചുരുക്കിപ്പറഞ്ഞാല്‍, സൃഷ്ടി കൽപ്പന എന്നത് ദൈവത്തിന്റെ മാത്രം സംസാരമാണ്. അതാണെങ്കിലോ, ഈ പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും ഉണ്മയെ സംബന്ധിക്കുന്നുമുണ്ട്. എന്നാല്‍, പ്രവാചകനിലൂടെയും ദൈവിക ഗ്രന്ഥങ്ങളിലൂടെയും മനുഷ്യനെ സംബോധന ചെയ്യുന്ന ദിവ്യ സംസാരമാണ് ‘നിര്‍ദ്ദേശാത്മകമായ കൽപ്പന’. ഇതിനെ മനുഷ്യന് നിരസിക്കാന്‍ സാധിക്കുമെങ്കിലും ‘സൃഷ്ടി കൽപ്പന’ ഒരു നിലക്കും നിരസിക്കാനാവില്ല. അതിനെതിരെ പ്രവര്‍ത്തിക്കാനോ പ്രതികരിക്കാനോ പോലുമാവില്ല. കാരണം, ആ കൽപ്പനയാണ് അവർ പ്രവർത്തിക്കുന്നതിനെയും, ചിന്തിക്കുന്നതിനെയും, അവരെത്തന്നെയും ഉണ്മയിലേക്ക് കൊണ്ടുവരുന്നത്.
സ്വാഭാവികമായും ഇവിടെ ഒരു സംശയം ഉയര്‍ന്നു വന്നേക്കാം. “കണ്ണിന്റെ ഒരു ഇമ വെട്ടല്‍ പോലെ നമ്മുടെ കൽപ്പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു” (വി:ഖു 54:50) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. ദൈവത്തിന് ഒരു കൽപ്പനയേ ഉള്ളൂ എന്നല്ലേ ഈ സൂക്തം സൂചിപ്പിക്കുന്നത്? വാസ്തവത്തില്‍, മതകീയ കൽപ്പന സൃഷ്ടി കൽപ്പനയില്‍ ഉള്‍പ്പെട്ടതും തുടര്‍ന്ന് വരുന്നതുമാണ്. ഉണ്മ പ്രാപിക്കലോടു കൂടെ സകലരും സൃഷ്ടി കൽപ്പന അനുസരിച്ചവരായി. മനുഷ്യന് അവന്റെ അസ്തിത്വത്തെ, എക്‌സിസ്റ്റൻസിനെ ചോദ്യം ചെയ്യാനുള്ള സവിശേഷമായ കഴിവുണ്ട്. അവർക്ക് സ്വന്തത്തെക്കുറിച്ച് ബോധ്യമുണ്ടാവുന്നത് അനന്തമായി സ്വയം ബോധമുള്ളവന്റെ രൂപത്തിൽ അവർ സൃഷ്ടിക്കപ്പെട്ടു എന്നത്കൊണ്ടാണ്. അല്ലാഹുവിന് ഉണ്ടായിരിക്കല്‍ അനിവാര്യമായ ഏഴ് വിശേഷണങ്ങള്‍ മനുഷ്യനില്‍ കുടികൊള്ളുന്നുണ്ട്- ജീവന്‍, ജ്ഞാനം,അധികാരം, ഇച്ഛ, സംസാരം, കേള്‍വി, കാഴ്ച. ഇവയൊന്നും ദൈവത്തിനോട് തുല്യമായ രീതിയിലല്ല താനും. ഈ ഏഴ് നാമങ്ങള്‍ മാത്രമല്ല, ദൈവത്തിന്റെ മറ്റുള്ള 99 മനോഹര നാമങ്ങളും (അസ്മാഉല്‍ ഹുസ്ന) അവനില്‍ സമ്മേളിപ്പിക്കാന്‍ സാധിക്കും. പക്ഷേ, അതിനുള്ള പ്രാപ്തി അവന്‍ പ്രത്യേകം നേടിയെടുക്കേണ്ടതാണ്.
മുമ്പ് പറഞ്ഞ ഏഴ് വിശേഷണങ്ങളില്‍ കാഴ്ചയെയും കേള്‍വിയെയും മാറ്റി നിര്‍ത്തി ഔദാര്യത്തെയും, നീതിയെയും എണ്ണുന്നവരുമുണ്ട്. ഈ രണ്ട് ദിവ്യ ഗുണങ്ങള്‍ പരിപൂരകവും പ്രപഞ്ചത്തിലാകെ വ്യാപിച്ചിരിക്കുന്നതുമായാണ് ഒട്ടുമിക്ക ദൈവശാസ്ത്ര പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഇവ രണ്ടും മറ്റു ദിവ്യ ഗുണങ്ങളായ സൗമ്യത – കാഠിന്യം പോലെയും കരുണ- ക്രോധം പോലെയും സൗന്ദര്യം – ഗാംഭീര്യം പോലെയുമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ തീര്‍ത്തും പരസ്പര വിരുദ്ധങ്ങളായ ഇത്തരം ദ്വയങ്ങളെ അവനില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ കാരുണ്യ വിശേഷണങ്ങള്‍ നമ്മെ സ്വര്‍ഗത്തിലേക്കാനയിക്കുന്നതാണ്. അതേസമയം, അവന്റെ കോപ വിശേഷണങ്ങള്‍ നരകത്തിലേക്ക് ആട്ടിപ്പായിപ്പിക്കുകയും ചെയ്യുന്നു. (ഭാഗ്യവശാല്‍ മുഹമ്മദ് നബി (സ്വ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘അല്ലാഹുവിന്റെ കാരുണ്യമാണ് കോപത്തെക്കാള്‍ ഔന്നിത്യത്തിലുള്ളത്.’) ഈ വിശേഷണങ്ങള്‍ മനുഷ്യനകത്തും പുറത്തും കാണാനാകും. ഇവക്കാകട്ടെ മനുഷ്യന്റെ ധാര്‍മികതയും നൈതികതയും നിര്‍ണയിക്കുന്നതില്‍ കാതലായ പങ്കുണ്ട്താനും. ഇവയെല്ലാം ദൈവ സാമീപ്യത്തിന് കാരണമാകും; അതാണല്ലോ സൃഷ്ടിയുടെ ആന്ത്യന്തിക ലക്ഷ്യം.
മതപരമായ കൽപ്പന മനുഷ്യന്റെ തിരഞ്ഞെടുപ്പിനെയാണ് (ഇഖ്തിയാര്‍) അഭിമുഖീകരിക്കുന്നത്. അതായത് അവന് ഏതൊന്നും ഇഷ്ടാനുസരണം ചെയ്യാവുന്നതാണ്. ആ തിരഞ്ഞെടുക്കുന്നത് നല്ലതാകണം (ഖൈറ്). മനുഷ്യര്‍ സ്വയം തിരഞ്ഞെടുക്കുമ്പോള്‍ അത് ശരിയാകാനും തെറ്റാകാനും സാധ്യതയുണ്ട്. അത് കൊണ്ടു തന്നെ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന മതപരമായ കൽപ്പനയെ ഓരോരുത്തരും അനുധാവനം ചെയ്യേണ്ടതുണ്ട്. എങ്ങനെ ശരിയും സത്യവും തിരഞ്ഞെടുക്കാമെന്ന് കൽപ്പനകളിലൂടെ ദൈവം കൃത്യമായ ദിശാബോധം നല്‍കുന്നുണ്ട്.
ആദ്യ കാഴ്ച്ചയിൽ സത്യത്തില്‍ നിന്നകന്നു പോകുന്ന മനുഷ്യര്‍ക്ക് അതിലേക്കെത്താനുള്ള ദിവ്യസഹായമാണ് മതപരമായ കൽപ്പന. അതേസമയം ആഴത്തിൽ നോക്കിയാൽ ശരിയായ സംസാരം, പ്രവര്‍ത്തനം, ഉദ്ദേശം എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ദൈവം നൽകുമ്പോൾ അവൻ മനുഷ്യന് സത്യവും, യാഥാര്‍ത്ഥ്യവും എത്രത്തോളം തിരഞ്ഞെടുത്തു എന്നതിനുള്ള ഉത്തരവാദിത്വം കൂടെ നൽകുകയാണ് ചെയ്യുന്നത്. ഈയൊരു ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തില്‍ പരലോകത്ത് വെച്ച് അവർ അയാഥാര്‍ത്ഥ്യത്തെ എത്രത്തോളം മറികടന്നു, യാഥാര്‍ത്ഥ്യത്തോട് എത്രത്തോളം ചേർന്നുനിന്നു എന്നതിനെക്കുറിച്ച് ഉത്തരം നല്കേണ്ടിവരികയും ചെയ്യും. ഒരു മനുഷ്യന്‍ അവന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ ഉത്തരവാദികളാകുമ്പോള്‍ മാത്രമേ പ്രതിഫലം നല്‍കലും, ക്രൂശിക്കപ്പെടലും നീതിയാവുകയുള്ളൂ. മനുഷ്യര്‍ക്ക് വേണ്ടിയാണ് സ്വര്‍ഗ്ഗവും നരകവുമെല്ലാം സംവിധാനിച്ചിരിക്കുന്നത്. കാരണം അവനാണല്ലോ സൃഷ്ടികളില്‍ വെച്ച് വിവേകവും സ്വപ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്വവും ഉള്ളത്. അഥവാ, സൃഷ്ടി കൽപ്പനയെ പൂര്‍ത്തീകരിക്കുക എന്ന ഉത്തരവാദിത്വമാണ് മതപരമായ കൽപ്പനക്കുള്ളത്. മനുഷ്യന്റെ തിരഞ്ഞെടുക്കാനുള്ള കഴിവ് ഇല്ല എങ്കിൽ അർത്ഥമില്ലാതെയായി മാറുന്ന എണ്ണമറ്റ സാധ്യതകൾക്കാണ് ആ കൽപ്പന ജന്മം നൽകുന്നത്.
‘ദൈവമാണ് യാഥാര്‍ത്ഥ്യം’ എന്ന് പറഞ്ഞാൽ ദൈവം മാത്രമാണ് യാഥാര്‍ത്ഥ്യം, മറ്റെല്ലാം അയഥാര്‍ത്ഥമാണ് എന്നും അര്‍ത്ഥമുണ്ട്. ദൈവം സംസാരിക്കുന്നു എന്ന് പറഞ്ഞാല്‍ ദൈവം മാത്രമാണ് സംസാരിക്കുന്നത്, മറ്റെല്ലാം നിശബ്ദമാണ് എന്നാണ് അര്‍ത്ഥം. സൃഷ്ടികള്‍ക്ക് പൂർണമായ യാഥാര്‍ത്ഥ്യത്തിൽ നിന്നും ആപേക്ഷികമായ അർത്ഥത്തിലുള്ള യാഥാര്‍ത്ഥ്യം കൈവശപ്പെടുത്തുന്നത് പോലെ സംസാരവും നേടുന്നുണ്ട്. ഇബ്നു അറബി വിശദീകരിക്കുന്നത്പോലെ ദൈവിക സംസാരമാണ് എല്ലാ വസ്തുക്കളെയും ഉണ്മയിലേക്ക് കൊണ്ടുവന്നത്: “സംസാരത്തില്‍ നിന്നാണ് നാം ഉടലെടുത്തത്. അവന്റെ കൽപ്പന അതായിരുന്നു, ‘ഉണ്ടാവുക’, അനന്തരം നാം ഉണ്മ പ്രാപിച്ചു. മൗനം ഇല്ലായ്മയുടെ അവസ്ഥയാണ്, സംസാരം ഉണ്മയുടെയും”. നിലനിൽക്കുന്നതെല്ലാം ദിവ്യ വചനമാണ് എന്നതിനാൽ, “പ്രപഞ്ചത്തില്‍ മൗനമേ ഇല്ല. കാരണം മൗനമെന്നത് ഇല്ലായ്മയാണ്, സംസാരമോ ശാശ്വതവും.’
ചുരുക്കത്തില്‍ ദൈവമല്ലാത്തതെല്ലാം ദൈവിക വചനങ്ങളാണൈന്ന നിലക്കാണ് യാഥാര്‍ത്ഥ്യമാവുത്. അതേസമയം തന്നെ അവ സത്താപരമായി അയാഥാര്‍ത്ഥ്യവും, മൗനവുമാണ്. സൃഷ്ടികളെല്ലാം തന്നെ ദൈവിക വചനങ്ങളാണ്. അവര്‍ സംസാരിക്കുന്ന സംസാരങ്ങളത്രയും അവരിലൂടെ സംസാരിക്കപ്പെടുകയാണ് ചെയ്യുന്നത്, അവരാലല്ല. എല്ലാ സംസാരങ്ങളും, രൂപങ്ങളും ദൈവിക കൽപ്പനയുടെ പൂര്‍ത്തീകരണം മാത്രമാണ്. ഇബ്നു അറബി വിശദീകരിക്കുന്നു:
യഥാർത്ഥത്തിലുള്ളവൻ തന്റെ അടിമകളോട് സദാ സംസാരിച്ചു കൊണ്ടിരിക്കുകയാണ്, അവര്‍ മൗനികളായി, അവരുടെ എല്ലാ അവസ്ഥകളിലും അവന് ചെവികൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു, പ്രവര്‍ത്തിക്കുമ്പോഴും, വിശ്രമിക്കുമ്പോഴും, നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴുമെല്ലാം. കാരണം, അവരുടെ കേൾവി യഥാർത്ഥ വചനങ്ങള്‍ക്ക് സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ അവസ്ഥകളെ നിർമ്മിക്കുകയും, അവരിലുള്ളതിന് രൂപം നൽകുകയും ചെയ്യുന്ന യാഥാർത്ഥ്യത്തിന്റെ കൽപ്പനകളെ കേള്‍ക്കൽ അവരൊരിക്കലും അവസാനിപ്പിക്കുന്നില്ല. ഒരു സൃഷ്ടിയും ഇക്കാണുന്ന പ്രപഞ്ചം പോലും സൃഷ്ടിപ്പിന്റെതായ ആ തുടര്‍ച്ചയില്‍ നിന്ന് ഒരു നിമിഷം പോലും ഒഴിവല്ല. അതുകൊണ്ട് തന്നെ അവര്‍ സദാ കേള്‍ക്കുകയും മൗനികളാവുകയും ചെയ്യുന്നു. ദൈവത്തിന്റെ സംസാരത്തിനൊപ്പം സൃഷ്ടികള്‍ക്കൊരിക്കലും സംസാരിക്കാനാവില്ല. ഒരു സൃഷ്ടിയുടെ സംസാരം കേട്ടാല്‍ നീ മനസ്സിലാക്കേണ്ടത് യഥാർത്ഥത്തിലുള്ളവന്റെ സൃഷ്ടികർമ്മത്തിന്റെ തുടര്‍ച്ച അവനിലൂടെ സംഭവിക്കുകയാണ് എന്നാണ്. അടിമകൾ അടിസ്ഥാനപരമായി മൗനികളായാണ് നിലനിൽക്കുന്നത്, അവരുടെ യജമാനന് മുന്നിലായി, കാരണം യഥാര്‍ത്ഥത്തിലുള്ളവന്റെ തുർച്ചയായ സൃഷ്ടികർമ്മമല്ലാത്ത ഒന്നും ആരും കേൾക്കുന്നില്ല
വിവർത്തനം: നിസാം തങ്ങൾ
Featured Image: JR Korpa
കൂടുതൽ വായനക്ക്: The Sound of Silence
Comments are closed.