മികച്ച ഒരു ഗോൾ പോലെ തന്നെ നഷ്ടപ്പെട്ട ഓരോ പെനാൽറ്റിയും എല്ലാ ഫുട്‌ബോൾ കാഴ്ചക്കാരന്റെയും മനസ്സിലെ മറക്കാനാവാത്ത ഇമേജാവും. അത് പ്രിയപ്പെട്ട ടീമോ കളിക്കാരനോ ആണെങ്കിൽ പ്രത്യേകിച്ചും. സ്വപ്നങ്ങൾ പോലും അവ നിരന്തരം ഓർമ്മിപ്പിച്ചേക്കാം. 2014 ലോക കപ്പിൽ ജർമ്മനിക്കെതിരെ ലയണൽ മെസ്സി ക്രോസ് ബാറിന് മുകളിലൂടെ പറത്തിക്കളഞ്ഞ ആ സ്വപ്‍നം എങ്ങനെ മറക്കാനാണ്. മുഹ്‌സിൻ പരാരി എന്ന മെസ്സി ആരാധകൻ ആ നഷ്ടബോധം വെച്ച് ഒരു സിനിമ തന്നെ എടുത്തു. അയാളുടെ മെസ്സി മജ്നുവാണ്. ലോകകപ്പ് എന്ന സ്വപ്നം ആ മെസ്സിയുടെ ലൈലയും.

രണ്ടാമത്തെ ഇമേജ് 2010 ലോകകപ്പിൽ നിന്നാണ്. സാമിനാമിനയയും വക്കാ-വക്കയും വുവുസെലയും ജബുലാനിയും എന്നിങ്ങനെ ഒരു ഒന്നൊന്നര ലോകകപ്പ്. വാക്കുകളുടെ ഒരു പ്രത്യേക തരം ആഘോഷമായിരുന്നു അന്നത്തെ പത്രങ്ങളിൽ. ആദ്യ കളിയിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഗോൾ നേടിയതിനെ കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു “അലമാലകളിൽ ശബലാല”. ഒരു കളിക്കാരന്റെ ഗോളിനെ ഇതിലും മനോഹരമായി വിശേഷിപ്പിക്കാൻ ആകുമോ എന്നറിയില്ല.

ആദ്യ ആഫ്രിക്കൻ ലോകകപ്പിലെ കളികൾ പുരോഗമിച്ചതും ആഫ്രിക്കൻ ടീമുകൾ ഒന്നൊന്നായി പുറത്ത് പോയി. ബാക്കിയുള്ളത്ത്, സുള്ളി മുണ്ടാരിയും, ബോട്ടെങ്ങുമാരും, സ്റ്റീഫൻ അപ്പിയ്യയും, അസമോവ ഗ്യാനും ഒക്കെ അടങ്ങുന്ന കിടിലൻ ഘാന ടീം. ക്വാർട്ടർ ഫൈനലിൽ മത്സരം എസ്ട്രാ ടൈമിന്റെ120ആം മിനിറ്റിൽ എത്തി നിൽക്കുന്നു. ഗോൾ ലൈനിന് മുന്നിൽ നിന്നും ലൂയി സുവാരസ് കൈ (‘ദൈവത്തിന്റെ രണ്ടാമത്തെ കൈ’ എന്നാണ് ചില കളി എഴുത്തുകാർ അതിനെ വിശേഷിപ്പിച്ചത്. ഉടായിപ്പിന്റെ കൈ പ്രയോഗങ്ങൾ എപ്പോഴും പടച്ചോന്റെ തലയിൽ കെട്ടി വെക്കുന്നത് എന്തിനാണാവോ?) വെച്ച് ആ പന്ത് തടുത്തപ്പോൾ കണ്ട് നിന്ന സ്റ്റേഡിയം മൊത്തം ഉറപ്പിച്ചു ലോക കപ്പിന്റെ സെമി ഫൈനലിൽ ഒരു ആഫ്രിക്കൻ ലൈൻ അപ്പ്. ആഘോഷങ്ങളും തുടങ്ങി. പക്ഷെ അസ്മോവ ഗ്യാൻ എടുത്ത ആ സ്പോട്ട് കിക്ക് ഗോൾ ബാറിന്റെ വലത്തേ മൂലയിൽ ഇടിച്ച് തിരികെ വന്നു. ഇടിത്തീ വീണ തലകളിൽ സകലരും കൈ വെച്ച് പോയി. റെഡ് കാർഡ് കിട്ടി പുറത്ത് പോയ സുവാരസ് മാത്രം കൈ കൊട്ടി ചിരിച്ചു. “ആ ഓർമ്മ എന്നെ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്നു” അസമോവ ഗ്യാൻ പിന്നീട് പല ഇന്റർവ്യൂ കളിലും ഇത് പറഞ്ഞു. 2019 ൽ ഇന്ത്യൻ സൂപ്പർ ലീഗിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി സൈൻ ചെയ്തപ്പോൾ ടൈംസ് ഓഫ് ഇന്ത്യയോടും അദ്ദേഹം ഇത് ആവർത്തിച്ചു.

ഭാഗ്യക്കേട് കൊണ്ട് മാത്രം ആണോ അന്നാ പന്ത് ആവശ്യത്തിലും ഉയർന്ന് പൊങ്ങിയത്? KL10 പത്ത് എന്ന സിനിമയിലെ ക്ലൈമാക്‌സ് സീൻ ആണ് ഓർമ്മ വരുന്നത്. സുഹൈൽ എന്ന ക്രിസ്റ്റിയാനോ ആരാധകനായ മോഹൻ ബഗാൻ താരത്തിന്റെ പെനാൽറ്റി കിക്ക് ബാറും കടന്ന് പറന്ന് പോകുന്ന കാഴ്‌ച്ച. അഹമദ് എന്ന ‘നല്ല’ മനുഷ്യനെ (മെസ്സി ആരാധകൻ) ജയിപ്പിച്ച് ‘നല്ലവൻ’ ആകാൻ കൊതിക്കുന്ന ഒരു ജിന്ന് കാട്ടിയ ഉടായിപ്പ്. അത്തരം ഭൂതങ്ങളെ കുറിച്ച് ഗ്യാനും ചിന്തിച്ച് കാണണം. അമ്മൂമ്മയും, അച്ചനും, മുത്തച്ഛനും, ചേട്ടന്മാരും ഒക്കെ പറഞ്ഞ പല കഥകളുടെ റീലുകൾ അയാളുടെ മനസ്സിലൂടെ കടന്ന് പോയിരിക്കണം. എന്നാൽ 35ആം വയസ്സിൽ ഇന്ത്യയിൽ കളിക്കാൻ ഇറങ്ങുമ്പൊ അത് മാത്രമാണോ അയാളുടെ മനസ്സിൽ ഉണ്ടായിരിന്നിരിക്കുക? അല്ലെന്നാണ് ഈ കുറിപ്പ് പറയാൻ ശ്രമിക്കുന്നത്. കാലങ്ങൾക്ക് പുറകെ നിന്ന് സഞ്ചരിച്ച് വന്ന ഉഗ്ര രൂപികളായ 11 ഭൂതങ്ങളെ അയാൾ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിൽ കണ്ട് കാണണം.

ആ മുഖം

2001 ൽ പുറത്തിറങ്ങിയ ഒരു പോപ്പുലർ ചൈനീസ് സിനിമയുണ്ട്; ‘ഷാവോലിൻ സോക്കർ‘. സ്റ്റീഫൻ ചൗ സംവിധാനം ചെയ്ത് അഭിനയിച്ച സൂപ്പർ ഹിറ്റ് പടം. അതിന്റെ കഥ ഇങ്ങനെയാണ്.

ഹോങ്കോങ്ങിൽ എത്തുന്ന ‘സിംഗ്’ എന്ന യുവ ഷാവോലിൻ മാസ്റ്റർക്ക് കലയിലൂടെ (ആയോധന) ആധുനിക/നാഗരിക സമൂഹത്തിന് ആത്മീയതയും പ്രായോഗികതയും പകർന്ന് നൽകാം എന്ന പ്രതീക്ഷയുണ്ട്. സഹകളിക്കാരന്റെ ‘ചതി’ മൂലം കാലൊടിഞ്ഞ് കളി നിർത്തി നിരാശനായി കഴിയുന്ന മുൻ സൂപ്പർ താരം ‘ഗോൾഡൻ ഫൂട്ട് ഫുംഗ്’ നെ സിംഗ് പരിചയപ്പെടുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സിംഗിന്റെ ഷാവോലിൻ സുഹൃത്തുക്കളെ ഒരുമിച്ച് ചേർത്ത് രണ്ട് പേരും കൂടി ഒരു ഫുട്ബോൾ ടീം രൂപീകരിക്കുന്നു. അത്യാവശ്യ ഘട്ടത്തിൽ തങ്ങളുടെ ഷാവോലിൻ സിദ്ധികൾ തിരികെ കിട്ടുന്നതിലൂടെ അതൊരു തോൽക്കാൻ മനസില്ലാത്ത ടീമായി മാറി.

ഹോങ്കോങ്ങ് നഗരത്തിലെ ഒരു ഓപ്പൺ ടൂർണമെന്റിൽ അവസരം നേടുന്ന സംഘം പ്രൊഫഷണലുകളായ മറ്റ് ടീമുകളെ വലിയ മാർജിനിൽ തോൽപ്പിച്ച് ഫൈനലിലേക്ക് അനായാസം മാർച്ച് ചെയ്യുന്നു. അവിടെ അവർക്ക് നേരിടേണ്ടി വരുന്നതോ ഫുംഗിനെ പണ്ട് ചതിച്ച ‘ഹംഗ്’ന്റെ ‘ഡെവിൾസ്’ ടീമിനെയും. ഹംഗിന്ന് ഹോങ്കോങ്ങിലെ കോടീശ്വരനായ ഒരു ബിസിനസ്സുകാരനാണ്. ഉഗ്ര ശേഷിയുള്ള ‘മരുന്നുകൾ’ കുത്തി വെച്ച് തന്റെ കളിക്കാരെ അതിമാനുഷരും, കരുത്തരും ആക്കി മാറ്റിയിരിക്കുകയാണ് ഹിംഗ്. കളി തുടങ്ങിയതോടെ ഡെവിൾസിന്റെ കറുത്ത ജഴ്സിയോട് ഇഴകിചേരാനെന്ന പോലെ ‘തലക്കുമേലെ ശൂന്യാകാശ’ത്തെ മേഘങ്ങളും കറുക്കുന്നു. അവർ അടിക്കുന്ന ഓരോ പന്തിനൊപ്പവും തീ പാറി ‘താഴെ മരുഭൂമിയായി’. ഷാവോലിൻ ടീമിലെ കളിക്കാരെ ഒന്നൊന്നായി ഡെവിൾസ് ടീം അടിച്ച് മൂലക്കാക്കികൊണ്ടിരുന്നു. അവസാന ഘട്ടത്തിൽ പരിക്കേറ്റ് പുറത്ത് പോയ ഗോളിക്ക് പകരക്കാരിയായി തായ്ചി വിദ്യകൾ വശമുള്ള സിംഗിന്റെ സുഹൃത്ത് ‘മുയി’ വരികയും, സിംഗിന്റെ ഗോളിൽ ഷാവോലിൻ ടീം ഡെവിൾസിനെ തോൽപ്പിക്കുന്നതുമാണ് കഥ. തിന്മക്ക് (തെറ്റ്) മേൽ നന്മയുടെ (ശരി) വിജയം. ഒരു എവർ ഗ്രീൻ ഉലക സിനിമാറ്റിക് വിജയ ഫോർമുല. ഫുട്ബോൾ എന്ന അത്ലറ്റിക് ഗെയിമിൽ ഒരിക്കലും സാധ്യമാവാത്ത, ഇമാജിനേഷന്റെ ലോകത്ത് മാത്രം സംഭവിക്കുന്ന ഒരു സിനിമ. ഇത്രയും വിവരിച്ചത് കുറച്ച് ഭൂതങ്ങളെ പറ്റി പറയാനാണ്. ആഫ്രിക്കൻ വായ്മൊഴിക്കഥകളിൽ ജീവിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ഭൂതങ്ങൾ.

ഒരു സ്പോർട്ടിങ്ങ് ഇവന്റ് എന്ന നിലക്ക് ഫുഡ്ബോൾ ഒരിക്കലും ഇന്ത്യൻ ദേശീയ ഭാവനയുടെ ഭാഗമായിരുന്നില്ല. എന്നാൽ ഇന്ത്യക്കാർ മരംമുട്ടികൾ ഉഴിഞ്ഞ് ബാറ്റുണ്ടാക്കി കളിച്ച് തുടങ്ങിയ കാലത്തു തന്നെ ഇവിടെ കടപ്പുറത്തെ പൂഴിയിലും കുന്നിൻപുറത്തെ ചരൽ മൈതാനങ്ങളിലും കൊയ്ത്ത് കഴിഞ്ഞ് ഉണങ്ങിയ വയലുകളിലും മറ്റും കാൽപ്പന്തും തട്ടി തുടങ്ങിയിരുന്നു. രണ്ടും, മറ്റ് പലതും എന്ന പോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കൊളോണിയൽ അനുഭൂതികളുടെ ബാക്കി പത്രം തന്നെ. കൃത്യമായി പറഞ്ഞാൽ (കൃത്യമായ കണക്കുകൾ ഇല്ല) എഴുതപ്പെട്ട (ലഭ്യമായതിൽ) രേഖകൾ പ്രകാരം ഇന്ത്യയിലെ ആദ്യത്തെ ഫുട്‌ബോൾ മാച്ച് നടക്കുന്നത് 1836 ൽ എറ്റോണിയൻസും റെസ്റ്റ് ഓഫ് കൊൽക്കത്തയും തമ്മിൽ ആണെന്നാണ് നോവി കപാഡിയ എന്ന ഫുട്‌ബോൾ എഴുത്തുകാരൻ പറയുന്നത്. 3-0 എന്ന സ്കോറിന് എറ്റോണിയൻസ് ജയിക്കുകയും ചെയ്തു.

1940 മുതൽ 1960 കൾ വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ ഏഷ്യയിലെ മികച്ച ടീമുകളിലൊന്നായി അറിയപ്പെട്ടു. 1951 ലെയും 1962 ലെയും ഏഷ്യൻ ഗെയിംസ് കിരീടവും, 1956 സമ്മർ ഒളിമ്പിക്സിലെ 4ആം സ്ഥാനവും ഈ ടീം നേടിയത് ചരിത്രം. 1950 ൽ ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ടീമിന്റെ അവസരം ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ പാപ്പരത്തം കാരണം നഷ്ടപ്പെട്ടു (പിന്നീടത് ബൂട്ടിടാനറിയാത്തത് കൊണ്ട് കളിച്ചില്ലെന്നൊക്കെ പരന്നത്, മറ്റൊരു കെ/കേട്ടു കഥ). നാല് ടീമുകൾ (ഇസ്രായേൽ, ഇന്ത്യ, ദക്ഷിണ കൊറിയ, ഹോങ്കോങ്ങ്) മാത്രം കളിച്ച 1964 ലെ മൂന്നാമത് ഏഷ്യൻ കപ്പിൽ ഇസ്രായേലിനോട് തോറ്റ് നേടിയ രണ്ടാം സ്ഥാനമാണ് മറ്റൊരു നാഴികക്കല്ല്.

പിന്നീട് ഇന്ത്യയിൽ ഫുട്ബോളിന്റെ ഗ്രാഫ് കുത്തനെ താഴോട്ട് പോകുകയും കേരളം, ബംഗാൾ, ഗോവ തുടങ്ങി ചില പോക്കറ്റുകളിലേക്ക് മാത്രമായി കളി ചുരുങ്ങുകയും ചെയ്തു. കേരളത്തിൽ കളി, സ്വയം ‘സെവൻസി’ലേക്ക് രൂപാന്തരം പ്രാപിച്ച്, ഭ്രാന്തമായ ഉന്മാദങ്ങളുടെ നിമിഷങ്ങൾ സമ്മാനിച്ചു. 1983ലെ ലോകകപ്പിൽ വിവിൻ റിച്ചാർഡ്സിന്റെ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് ലോർഡ്സിൽ നിന്ന് കിരീടം കപിൽ ദേവ് ഇത്യയിലേക്ക് കൊണ്ട് വന്നതോടുകൂടി ക്രിക്കറ്റ് രാജ്യത്തിൻറെ ആവേശമായി. കളർ ടീവിയുടെ വരവ് അതിന്റെ ജനകീയത ശരവേഗത്തിൽ മുന്നോട്ടടിച്ചു. ഇങ്ങനെയൊക്കെയുള്ള ഇന്ത്യയിൽ നിന്നാണ് കുറച്ച് ഭൂതങ്ങൾ ആഫ്രിക്കയിൽ ചെന്ന് ആകെ പ്രശ്നം ഉണ്ടാക്കിയത്. 60കളിലും 70കളിലും 80കളിലും90കളുടെ തുടക്കത്തിലും ഘനായിലെയും നൈജീരിയയിലെയും ഗ്രാമങ്ങളിലും, തെരുവുകളിലും ഒക്കെ പന്ത് തട്ടി നടന്ന ചെക്കന്മാരെ അവർ ഇരുട്ടിലും സ്വപ്നങ്ങളിലും ചെന്ന് പേടിപ്പിച്ച് കൊണ്ടിരുന്നു. തല മൂത്ത കളിപ്രാന്തന്മാർ ഇക്കഥ വളർന്ന് വരുന്ന പ്രാന്തന്മാരുടെ ചെവിയിലോതിക്കൊടുത്തു. അവർ ഗ്രൗണ്ടിലിറങ്ങാൻ ഉറുക്കും മന്ത്രവിധികളും തേടി.

കളി

സ്ഥലവും കാലവും ഒക്കെ അജ്ഞാതമായ/മറഞ്ഞ് കിടക്കുന്ന ഒരു മൈതാനത്താണ് (ഒന്നിൽ അധികമോ) നമ്മുടെ കഥ/കളി നടക്കുന്നത്. ഇന്ത്യയിലാണെന്നും (മുംബൈ) ഘാനയിലായിരുന്നെന്നും (അക്ക്ര) നൈജീരിയയിലാകാമെന്നും (അബുജ) ഒക്കെ ആരൊക്കെയോ പറയുന്നു/കേൾക്കുന്നു. കളി കാണാൻ വന്നവരോ? വീശിയ കാറ്റോ? പറന്ന കിളികളോ? എന്നൊന്നും ചോദിക്കരുത്. ആർക്കും ഒന്നും അറിയില്ല എന്നതാണ് ലളിതമായ ഉത്തരം.

ഒരു ഉറുമ്പിനും കൂടി നിക്കാൻ പറ്റാത്തത്ര നിറഞ്ഞ സ്റ്റേഡിയം. ഗ്രൗണ്ടിന് നേരെ തിരിച്ച ക്യാമറകൾ ഒന്നും തന്നെ അന്ന് പ്രവർത്തിച്ചില്ല. അതുകൊണ്ട് തന്നെ റെക്കോഡിങ്ങുകളും ഇല്ല. ആർത്തിരമ്പുന്ന അക്ഷമരായ കാണികൾക്ക് നടുവിൽ പൂർണ്ണ സജ്ജരായ ഘാന (നൈജീരിയ എന്ന് കഥയുടെ നൈജീരിയൻ വേർഷൻ പറയുന്നു) ടീം തങ്ങളുടെ എതിരാളികൾക്കായി കാത്തുനിന്നു. പക്ഷെ, ഇന്ത്യൻ ടീമിന് പകരം ഗ്രൗണ്ടിന്റെ നടുവിലേക്ക് നടന്ന് വന്നത് ‘ഒറ്റക്കണ്ണനായ’ റഫറി മാത്രം. ഹൈന്ദവ വിശ്വാസ പ്രമാണങ്ങളിൽ പരമശിവനല്ലോ ആഭിചാരങ്ങളുടെ കേന്ദ്രബിന്ദു. കയ്യിൽ, ബോളിന് പകരം ഉരുണ്ട് വാമൂടി കെട്ടിയ ഒരു കുടം. അത്, സെന്റർ ഹാഫിന് ഒത്ത നടുക്ക് വെച്ച് റഫറി മാറി നിൽക്കുന്നു. കുടത്തിനകത്ത് നിന്ന് അശരീരികളുടെയും മറ്റും പാശ്ചാതല സംഗീതത്തിൽ ഇന്ത്യൻ കളിക്കാർ ഓരോരുത്തരായി പുക പോലെ പുറത്ത് വന്നു. കണ്ടുനിന്ന പലർക്കും പല കോലത്തിൽ അവർ മാതനും, മറുതയും, ഒടിയനും, യക്ഷിയും, ആനയും, പുലിയും, കഴുകനും ഒക്കെയായി അനുഭവപ്പെട്ടു. “ഒരൊറ്റ ഗോളെങ്കിലും അടിച്ചാൽ മതി, നിങ്ങൾ കളി ജയിച്ചു”, തുടങ്ങും മുൻപ് ഘാനയോട് ഇന്ത്യയുടെ പരസ്യമായ വെല്ലുവിളി.

ടോസ് നേടിയ ഇന്ത്യ, ഘാനയെ ടച്ചിന് അയച്ചു. സെന്റർ ഹാഫിൽ റഫറി ഓപ്പണിംഗ് വിസിലടിച്ചിട്ടും ബോളിന് അനക്കമില്ല. ഘാനയുടെ സൂപ്പർ താരം ബാബാ യാരക്ക് എത്ര ശ്രമിച്ചിട്ടും പന്ത് വിൽബർഫോഴ്സ് മഫ്യൂമിന് തട്ടിക്കൊടുക്കാനാവുന്നില്ല. കളി മുന്നോട്ട് നീങ്ങില്ലെന്ന് മനസ്സിലായ റഫറി ഇന്ത്യൻ ക്യാപ്റ്റനെ വിളിച്ച് ടച്ച് ചെയ്യാൻ ആവശ്യപ്പെട്ടു. ഫസ്റ്റ് ടച്ച്, ആരെങ്കിലും എന്തെങ്കിലും കാണും മുൻപ് ബോൾ ഘാനയുടെ വലക്കുള്ളിൽ. ഒരുപക്ഷെ ലോകത്തിലെ ഒരിക്കലും ആവർത്തിക്കാൻ ഇടയില്ലാത്ത വേഗമേറിയ ഗോൾ.

എന്താണ് നടക്കുന്നത് എന്ന സ്വബോധത്തിലേക്ക് എല്ലാവരും തിരിച്ച് വരും മുൻപേ റഫറി വീണ്ടും വിസിലടിച്ചു. സെന്റർ ഹഫിലെ വെളുത്ത ബിന്ദുവിലേക്ക് തിരിച്ചെത്തിയ പന്ത് ബാബ യാര ടച്ച് ചെയ്തു. ഇത്തവണ ബോള് നീങ്ങി. ഇന്ത്യക്കാരേക്കാൾ നന്നായി (കണക്കും/ചരിത്രവും പ്രകാരം) പന്ത് തട്ടാൻ അറിയാവുന്ന ഘാന മനോഹരമായ നീക്കങ്ങളിലൂടെ മുന്നേറി. പന്ത് കാലിൽ വെച്ച് ഗോളടിക്കാൻ നോക്കിയ മഫ്യും ഗോൾപോസ്റ്റ് കാണാതെ തരിച്ച് നിന്നു. മുന്നിൽ, കൈ കെട്ടി ഒന്നും അറിയാത്ത പോലെ നിൽക്കുന്ന ഇന്ത്യൻ ഗോളി. ബോളുമായി ഘാനയുടെ ഗോൾപോസ്റ്റിലേക്ക് ഇന്ത്യൻ കളിക്കാർ എത്തുമ്പോൾ ഇതിലും അപ്പുറമായിരുന്നു കഥ. പോസ്റ്റിന് നേരെ വരുന്ന അഞ്ചും പത്തും പന്തുകളിൽ ഏത് തടയണം എന്നറിയാതെ ഘാനിയൻ കീപ്പർ വണ്ടറടിച്ചു. തടഞ്ഞത്, കൈ തട്ടിയതോടെ കണ്മറഞ്ഞു. തടയാത്തതിൽ ഓരോന്ന് ഗോളുമായി.

ഇന്ത്യൻ കളിക്കാർ ബോളുമായി മുന്നേറുമ്പോൾ കാഴ്ചയിൽ മൂന്ന് തലയുള്ള സിംഹങ്ങളും വ്യാളികളും ആനകളും ഒക്കെയായി. കണ്ണുകൾക്ക് കാണാത്ത കോലത്തിൽ പാസുകൾ പരസ്പരം കൈമാറി. ഒടിവിദ്യകൾ കൊണ്ട് എല്ലായിടത്തും പറന്ന് നടന്ന് കളിച്ചു. അവർ അടിച്ച ഷോട്ടുകളൊക്കെ തീപ്പന്തങ്ങളും, കരിങ്കല്ലുകളും മറ്റുമായി വന്ന് ഘാനയുടെ ഗോൾ പോസ്റ്റിൽ വിശ്രമിച്ചു. മൈതാനത്തിന്റെ എല്ലാ വശങ്ങളിൽ നിന്നും പന്തുകൾ ഘാനിയൻ പോസ്റ്റിലേക്ക് ചീറിപ്പാഞ്ഞു.

90ആം മിനുട്ട്, കളി അവസാനിക്കാൻ നേരം ഘാനയുടെ സൂപ്പർ താരം ബാബ യാരക്ക് (ഇത് മഫ്യൂം ആണെന്നും കഥകളുണ്ട്) ബോക്സിന് പുറത്ത് നിന്ന് കിട്ടിയ പന്ത് സർവ്വ ശക്തിയും എടുത്തദ്ദേഹം അടിച്ചു. കാലിൽ തൊട്ട ഉടനെ കരിമ്പാറയായി മാറിയ പന്ത് ഇന്ത്യൻ ഗോൾ വലക്കുള്ളിൽ. കാല് തകർന്ന ബാബ യാറ അധികം വൈകാതെ ചോര വാർന്ന് മരണപ്പെട്ടു. ഗ്രൗണ്ടിൽ കിടന്ന് തന്നെ. 99-1 ന്റെ നാണം കെട്ട തോൽവി ഏറ്റ് വാങ്ങേണ്ടി വന്നെങ്കിലും ബാബ യാരക്ക് വേണ്ടി അവർ ആ കപ്പുയർത്തി.

കളിയും, കളിക്ക് പിന്നിലെ കഥകളും, കഥക്ക് പിന്നിലെ കളികളും ഒന്നും തന്നെ ഇവിടം കൊണ്ട് തീരുന്നില്ല.

കഥ

1962 ഡിസംബറിലെ നല്ല തണുപ്പുള്ള രാത്രി, സംഗതി നെഹ്റു “ഇന്ത്യ_ചൈന ഭായി ഭായി” എന്നൊക്കെ പറഞ്ഞെങ്കിലും, പണി കിട്ടി ഇരിക്കുന്ന സമയം. കളിയല്ല, യുദ്ധം. 62′ ഇന്തോ-ചീനാ യുദ്ധം. ആറ് രാജ്യങ്ങൾ ചേർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത കലാകാലത്തേക്ക് അവസാനിപ്പിക്കാൻ ശ്രീലങ്കയിൽ ഒരു മീറ്റിങ്ങ് കൂടി. പാവം ഘാനയും കൂട്ടത്തിൽ ഉണ്ടായിരുന്നു. ചൈന ഇന്ത്യയെയാണ് തോൽപ്പിച്ചത് എങ്കിലും, ചൈനയുടെ ഭാഗത്താണ് ‘തെറ്റ്’ എന്നൊന്നും സമർത്ഥിക്കാൻ മീറ്റിങ്ങിനായില്ല. ഇത് നെഹ്റുവിനെ ധർമ്മ സങ്കടത്തിലാക്കി.

കോൺഫറൻസ് കഴിഞ്ഞ് പോകും വഴി ഘാനയുടെ പ്രധാന മന്ത്രി കവമി നക്രുമയെ പതുക്കെ വിളിച്ച് മൂപ്പരെ ചെവിയിൽ നെഹ്റു ഒരു കൊളുത്തിട്ടു “ലോകം കീഴടക്കാൻ എളുപ്പം ആക്ര(ഘാന തലസ്ഥാനം), കൊൽക്കത്ത, ഹവാന(ക്യൂബൻ തലസ്ഥാനം) വഴിയാണ്”. മാവോയുമായി സമാധാന കരാറുണ്ടെങ്കിലും നക്രുമക്ക് ബേജാറായി. മൂപ്പര്, സുരക്ഷക്കായി പുതിയ സഖ്യങ്ങൾ ഉണ്ടാകക്കാനുള്ള വഴികൾ ആലോചിച്ചു.

ഘാനയിൽ തിരിച്ചെത്തിയ നക്രുമയെ തേടി മാവോയുടെ ചെയ്തികളെ പരസ്യമായി അപലപ്പിക്കാൻ നിർബന്ധിച്ച് കൊണ്ട് ഡൽഹിയിൽ നിന്നുള്ള ഒരു കത്ത് കാത്തിരിപ്പുണ്ടായിരുന്നു. ഒരു രാജ്യവുമായും ഒരു തരത്തിലും കച്ചറക്ക് പോകാൻ താൽപര്യമില്ലായിരുന്ന നക്രുമ, വളരെ രമ്യമായി കഴിയില്ല എന്നും മറുപടി കൊടുത്തു. ചേരി-ചേരാനന്തരം ഒരു ലോകനേതാവായി ‘വാഴ്ത്തപ്പെട്ട’ തന്റെ വാക്കിനെ നൈസായി ഒഴിവാക്കിയത് നെഹ്‌റുവിന് അത്ര ഇഷ്ടപ്പെട്ടില്ല. യുദ്ധം കൊണ്ട് തന്നെ 3000ത്തോളം പട്ടാളക്കാരെ നഷ്ടപ്പെട്ട നെഹ്റു ഈ അപമാനത്തിന് പകരമായി മറ്റ് വഴികൾ അന്വേഷിച്ചു.

ഇന്ത്യൻ സ്റ്റാമ്പൊട്ടിച്ച് വീണ്ടുമൊരു കത്ത് വൈകാതെ തന്നെ അക്രയെ തേടി വന്നു. ഇന്ത്യയും ഘാനയും തമ്മിലൊരു സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ക്ഷണമായിരുന്നു അത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഘാനയിൽ വിമാനമിറങ്ങിയ തലമുതിർന്ന ഇന്ത്യൻ ഓഫീസർമാരുടെ ഒരു സംഘം നേരെ പ്രസിഡന്റിന്റെ വസതിയിലേക്ക് വെച്ച് പിടിച്ചു. ഏത് വിധേനയും ഫുട്ബോൾ മത്സരത്തിന് നക്രുമയെ കൊണ്ട് സമ്മതിപ്പിക്കയായിരുന്നു ആ വരവിന്റെ ഉദ്ദേശം. നക്രുമ തന്റെ സ്പോർട്സ് ഡയറക്ടറോട് അഭിപ്രായമാരാഞ്ഞു. 1963 ലെ കപ്പ് ഓഫ് നാഷൻസിന് തയ്യാറെടുക്കുന്ന ടീമിന് ഇപ്പോൾ ഇന്ത്യ പോലൊരു ടീമുമായി മത്സരത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ഡയറക്ടർ ഒഹനെ ദാന്റെ നിർദേശം.

“ഒരു ഗോളെങ്കിലും അടിച്ചാൽ മതി നിങ്ങൾ ജയിച്ചു”, നാവ് പിഴച്ച് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ വായിൽ നിന്ന് ഇത് വീണുപോയി. നക്രുമക്ക് എന്തോ പന്തികേട് തോന്നി. അദ്ദേഹം കുറച്ച് സമയത്തേക്ക് അവരോട് ഇളവ് ചോദിച്ച് അവിടെ നിന്നിറങ്ങി. പോകും മുമ്പ് മത്സരത്തിന് സമ്മതം മൂളിയില്ലെങ്കിൽ നിങ്ങളുടെ രാജ്യം വലിയൊരു ക്ഷാമത്തിനും പട്ടിണിക്കും പരിവട്ടത്തിനും ഇരയാകും എന്നവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കങ്കൻ ന്യാമയുടെ അടുത്തേക്കാണ് നക്രുമ പോയത്. 10 വര്ഷം മുൻപ് ഗുയാനയിൽ നിന്ന് ഘാനയിലേക്ക് ക്ഷണിച്ച് കൊണ്ടുവന്ന തന്റെ പ്രിയപ്പെട്ട ദേവത. എത്രയും പെട്ടന്ന് മത്സരത്തിനുള്ള കരാറിൽ ഒപ്പുവെക്കാനാണ് ന്യാമ കൽപ്പിച്ചത്. 12 മണിക്ക് മുൻപ് ഒപ്പുവെക്കാനായില്ലെങ്കിൽ വലിയ ഒരു ക്ഷാമകാലം രാജ്യത്തെ വിഴുങ്ങുമെന്ന് ന്യാമയും മുന്നറിയിപ്പ് നൽകി.

തന്റെ ദേവതയും അതേ കാര്യങ്ങൾ തന്നെ പറയുന്നത് കേട്ട നക്രുമയുടെ കിളി പോയി. അദ്ദേഹം ഇന്ത്യൻ ഉദ്യോഗസ്ഥർക്കടുക്കലേക്ക് തിരിഞ്ഞോടി. ഒപ്പു വെക്കുമ്പോൾ സമയം 12 മണി കഴിഞ്ഞ്, ഒരു മിനിറ്റ്. കൃത്യം 20 വർഷത്തിന് ശേഷം ഘാന അതിന്റെ പ്രത്യാഘാതം നേരിട്ടു.

മത്സരം തീരുമാനിക്കപ്പെട്ടു. അവനവന്റെ സാങ്കൽപ്പിക ശേഷിക്കനുസരിച്ച് ബോംബെയും അക്രയും വേറെ പല ഇടങ്ങളും വേദിയായി വന്നു. മത്സര ദിവസമാണ് അതിനേക്കാൾ രസകരം. 1963, ഫെബ്രുവരി 29. ലീപ്പ് ഇയർ അല്ലാത്ത ’63 ഫെബ്രുവരി മാസം 29ന് തന്നെയാണ് കാലത്തെയും സമയത്തെയും യുക്തിയെയും ഒക്കെ ഒരുപോലെ കൊഞ്ഞനം കുത്തുന്ന ഈ മത്സരം നടക്കാൻ ഏറ്റവും ഉത്തമം.

കാര്യം

ഭാവനയുടെ ലോകത്ത് സംഭവിച്ച ഒരു അസാധ്യതക്ക് സാധ്യതകൾ (തുമ്പുകൾ) മെനഞ്ഞെടുക്കാൻ പൊളിറ്റിക്കൽ സയൻസ് പഠിക്കുന്ന ഒരു ഫുട്‌ബോൾ പ്രേമി നടത്തിയ ശ്രമങ്ങളുടെ കഥയാണ് ഇനി. ആദ്യമായി ഈ കഥ കേട്ടത് മുതൽ തമ്പടിച്ച് തപ്പാൻ തുടങ്ങിയതാണ് തുമ്പ്. കഥ കേൾക്കുന്നത് 2017 ലെ U-17 ഫുട്‌ബോൾ ലോകകപ്പിന്റെ സമയത്ത്‌. നടന്നത് ഇന്ത്യയിലും.

90 മിനുട്ടിൽ 99 ഗോൾ (ഘാന യുടെ ഒന്നും കൂട്ടി 100). എഴുതപ്പെട്ടതും ഏകശിലാത്മകമായതുമായ അറിവുകൾക്ക് മാത്രം ചരിത്രം എന്ന രൂപേണ പ്രാമാണ്യമുള്ള അറിവിന്റെ അധീശ ലോകത്ത് വാമൊഴിയായി നിലനിൽക്കുന്ന അത്ഭുതങ്ങളും അബോധങ്ങളും ഉള്ള കാലവും ദേശവും പ്രസക്തമല്ലാത്ത അയുക്തമായ ഈ കഥ ഏറെ പ്രിയപ്പെട്ടതാകുന്നു. എന്നാലും എന്തുകൊണ്ടാവും ഇന്ത്യയെ (നെഹ്റുവിനെ ) ശത്രുപക്ഷത്ത് നിർത്തി കൊണ്ട് ഘാനയിൽ (നൈജീരിയയിലും) ഇങ്ങനെ ഒരു കളികഥ പ്രചരിച്ചത് ?

1955 ലെ ബാദുങ്ങ് കോണ്ഫറൻസ് ഓട് കൂടി രൂപം കൊണ്ട ചേരി ചേരാ പ്രസ്ഥാനത്തിന്റെ തുടക്കക്കാർ; നെഹ്റുവും നക്രുമയും, കൂടെ ഈജിപ്തിന്റെ നാസറും, ഇന്തോനേഷ്യയുടെ സുകാർണോ, യുഗോസ്ലാവ്യയുടെ ടിറ്റോയും. ഒന്നും രണ്ടും ലോക (‘മഹാ’) യുദ്ധങ്ങൾ കഴിഞ്ഞ് ബോറഡിച്ചപ്പോ കമ്മ്യുണിസത്തിനും കാപ്പിറ്റലിസത്തിനും ഇടയിൽ ശീതയുദ്ധത്തിന്റെ വെടക്കാൻ കാറ്റ് വീശിത്തുടങ്ങിയ കാലം. 1961 ൽ ഈ അഞ്ച് പേരും ചേർന്ന് രണ്ട് ദ്രുവങ്ങളിലും ചേരാതെ ഉലക്ക രാഷ്രീയത്തിൽ പുതിയ ഒരു ഗ്യാങ്ങ് തുടങ്ങി. ബെൽഗ്രെഡ് ഗ്യാങ്ങ്. അഥവാ ചേരി ചേരാ പ്രസ്ഥാനം. ഗ്യാങ്ങ് മെമ്പേഴ്‌സ് (ആ ഗ്യാങ്ങ് തന്നെ ഒരു അസാധ്യതയുടെ ഗ്യാങ്ങ് ആയിരുന്നു) എന്നതിൽ ഉപരി നല്ല സുഹൃത്തുക്കൾ കൂടി ആയിരുന്നു നെഹ്രുവും നക്രുമയും എന്നാണ് ‘ചരിത്ര’ക്കാർ പറയുന്നത്.

സ്വതന്ത്ര ഘാനയുടെ (1957) ആദ്യ പ്രസിഡന്റായ നക്രുമയുടെ സർക്കാരിനെ 1966 ൽ അഴിമതിയും ഏകാധിപത്യവും സഹിക്കാൻ ആവാതെ സ്വന്തം നാട്ടുകാർ വലിച്ച് താഴെയിട്ടു. അന്നദ്ദേഹം വിയറ്റ്നാം-ചൈന സന്ദർശനത്തിൽ ആയിരുന്നത് കൊണ്ട് ജീവൻ പോയില്ല (നക്രുമയുടെ പ്രതിമകളെല്ലാം തച്ചുടക്കപ്പെട്ടു). പിന്നീടദ്ദേഹത്തിന് സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ ആയില്ല. 1972 ൽ റുമാനിയയിലെ ബുഡാപെസ്റ്റിൽ വെച്ച് മരണപ്പെട്ടു.

1947 കോളനിയനാന്തര ഇന്ത്യയുടെ പ്രധാന മന്ത്രിയായ നെഹ്രു 1964 ൽ മരിക്കുന്നത് വരെ ആ പദത്തിൽ തുടർന്നു. നെഹ്രുവിനെ അദ്ദേഹത്തിന്റെ ജീവിതകാലത്തെ സ്റ്റാലിൻ, മാവോ, സുകാർണോ, നക്രുമ, കമാൽഅബ്ദുൽ നാസർ, ക്രൂഷ്ചേവ് എന്നിങ്ങനെ മറ്റു രാഷ്ട്ര നേതാക്കന്മാരുമായി രാജൻ ഹർഷേ താരതമ്യം ചെയ്ത് നോക്കുന്നുണ്ട്. “സ്റ്റാലിൻറെയും, മാവോയുടെയും കാലശേഷം ഇരുരാജ്യങ്ങളിലും ഡി-സ്റ്റാലിനൈസേഷനും ഡി-Maoisation നും നടന്നപ്പോൾ, നക്രുമയേയും സുകാർണോയേയും അന്നാട്ടുകാർ തന്നെ അധികാരത്തിൽ നിന്ന് വലിച്ചെറിഞ്ഞു, അബ്ദുൽ നാസർ അറബ് യുദ്ധത്തിന്റെ ഭാരവും പേറി മരണപ്പെട്ടു.. ” എന്നിങ്ങനെ നെഹ്രു മദ്ഹുകൾ മാത്രമാണ് ഈ മേഖലയിൽ നിന്ന് കണ്ടെത്താൻ ആയത്.

1958 Dec 22 ന് സുഹൃത്ത് നെഹ്റുവിന്റെ ക്ഷണം സ്വീകരിച്ച് നക്രുമ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. 1959 Jan 8 ന് തിരികെ പോകും മുൻപ്, 1959 Jan 2 ന് ഹൈദരാബാദ് ഭവനിൽ വെച്ച് നെഹ്‌റു തന്റെ ചങ്ങാതിക്ക് ഒരു വിരുന്ന് സംഘടിപ്പിച്ചു. രണ്ടും പേരും പരസ്പരം ഉള്ള സൗഹൃദത്തെ കുറിച്ചും രാജ്യങ്ങൾ തമ്മിൽ ഉള്ള സഹകരണത്തെ കുറിച്ചും അല്ലാതെ മറ്റൊന്നും സംസാരിച്ചില്ല.
(ഇനിയിപ്പോ അന്നത്തെ കൂട്ടാനിൽ മുളക് കൂടിയത്തിന് കൂട്ടത്തിൽ വന്ന ത്രിവിക്രമന്മാർ വല്ലവരും ആണോ ഈ കഥ മെനഞ്ഞ് എടുത്തത് എന്ന് ഒരു സംശയം ഇല്ലാതില്ല).

ഘാനയുടെ ചരിത്രത്തിലെ മികച്ച ഫുട്ബോൾ കളിക്കാരായിരുന്നു ബാബ യാരയും മഫ്യുമും. മദ്രസയിൽ നിന്ന് മതില് ചാടി കടന്ന് ഫുട്‌ബോൾ പ്രാക്ടീസ് ചെയ്തിരുന്ന ഉസാമ സെയ്ദ് മാടായെ (ബാബ യാര) കുറിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ഒരു ഡോക്യമെന്ററിയിൽ ഓർമ്മിക്കുന്നുണ്ട്. 1961 ലെ ഒരു ആക്സിഡന്റിനെ തുടർന്ന് വീൽചെയറിൽ ആകുകയും 6 വര്ഷത്തിന് ശേഷം 33ആം വയസ്സിൽ ബാബ യാര മരണപ്പെടുകയും ചെയ്തു. ‘കിംഗ് ഓഫ് വങ്ങേർസ്’ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തിന്റെ ഓർമ്മക്കായി ഘാനയിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിന് (കുമാസി സ്പോർട്സ് സ്റ്റേഡിയം) 2005ൽ അദ്ദേഹത്തിന്റെ പേര് നൽകി ആദരിച്ചു. മഫ്യൂം ഇന്നും ജീവിച്ചിരിപ്പുണ്ട്.

1950 മുതൽ 1962 വരെ ഉള്ള കാലഘട്ടം ഇന്ത്യൻ ഫുടബോളിന്റെ സുവർണ കാലഘട്ടം ആണെന്ന് പറയപ്പെടുന്നു. 60-62 കളിലെ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ആയിരുന്നു എന്നാണ് BAREFOOT TO BOOTS ൽ നോവി കപാഡിയ പറയുന്നത്. സയ്യിദ് അബ്ദുൽ റഹീം എന്ന ഹൈദരാബാദുകാരൻ കൊച്ചിന്റെ കീഴിൽ ’51 ലെയും ’62 ലെയും ഏഷ്യൻ ഗെയിംസ് കിരീടം ഇന്ത്യ നേടി. 1962 ലെ ഏഷ്യൻ ഗെയിംസ് കിരീടം നേടി ജക്കാർത്തയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ഉടനെ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. ഒരു കെട്ടുകഥയിൽ ‘ഇനി വല്ല സത്യവും ഉണ്ടോ’ (അഥവാ ബിരിയാണി കിട്ടിയാലോ!) എന്ന സാധ്യതക്ക് ഏറ്റവും ഫിറ്റാവുന്ന ഇന്ത്യൻ ടീമും ഇത് തന്നെ. കഥയുണ്ടാക്കിയ ആളിന് (ആളുകൾക്ക്) ലോക ഫുടബോളിലെ അന്നത്തെ അവസ്ഥയെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരുന്നിരിക്കണം.

യുക്തിയും ആധുനികതയും പുതിയ കളി വിശേഷങ്ങളും എല്ലാം ഭൂതങ്ങളെ മറക്കാൻ കളിപ്രേമികൾക്ക് കാരണമായി. ഘാനയിൽ ‘ഇന്ത്യൻ കളിഭൂതങ്ങളെ’ മുൻനിർത്തിയുള്ള ചർച്ചകളും ട്രോളുകളും പിന്നെയും സജീവമായത് 2017ലെ അണ്ടർ-17 ലോകകപ്പോടെയാണ്. അന്ന് കളി നടന്നത് ഇന്ത്യയിലും ഇന്ത്യക്കെതിരെയും. 90 മിനിറ്റിനിടക്ക് 27 തവണ ഇന്ത്യൻ ഗോൾപോസ്റ്റിലേക്ക് ഘാന വെടിയുണ്ടകൾ പായിച്ചു. 10 എണ്ണം ഓൺ ടാർഗറ്റ്. അതിൽ 4 എണ്ണം ലക്ഷ്യം കണ്ടു. വ്യക്തമായ മാർജിനിൽ 4-0 ത്തിന്റെ ജയം. നെഹ്രു വിന്റെ കാലം കഴിഞ്ഞതോടെ ഭൂതങ്ങളും കളം വിട്ടുകാണണം (അവർ ദേശീയ-സോഷ്യലിസ്റ്റ് ഭൂതങ്ങൾ ആയിരുന്നിരിക്കണം). ഇന്ത്യൻ ഭൂതങ്ങൾക്ക് കാലങ്ങൾക്ക് ശേഷം ഘാനയിലെ കാലുമ്മെ കളിയുള്ള ചെക്കന്മാരുടെ കിടിലൻ മറുപടി (ഇവരും ഈ കഥകൾ കേട്ട് തന്നെ വളർന്നവർ ആയിരിക്കുമല്ലോ).

സാധ്യമായ പല വാതിലുകൾ മുട്ടിയിട്ടും (മുട്ടുവിൻ തുറക്കപ്പെടും എന്നല്ലോ ബൈബിൾ വചനം) ഫുട്ബോൾ കണ്ടത്തിൽ ഇറങ്ങി ഘാനക്കാരെ (നൈജീരിയക്കാരെയും) പേടിപ്പിച്ച ഇന്ത്യൻ ഭൂതങ്ങളെ പറ്റി മാത്രം ഒരു തുമ്പും കിട്ടിയില്ല. ഇല്ലാത്തൊരു ദിവസം ആർക്കും അറിയാത്ത ഒരു ഇടത്ത് ഭൂതങ്ങളും കുറച്ച് മനുഷ്യരും തമ്മിൽ നടന്ന വല്ലാത്തൊരു കളി. ഒരു കൺകെട്ട് കളി.


Featured Image : Emilio García

Comments are closed.