ഇസ്‌ലാമിക പാരമ്പര്യവും കൺഫ്യൂഷനിസവും പൊതുവായ ചില മൂല്യങ്ങൾ പങ്കുവെക്കുന്നുണ്ട്. കൺഫ്യൂഷനിസ്റ്റ് ചിന്തകളെയും സങ്കൽപ്പങ്ങളെയും സ്വീകരിച്ചുകൊണ്ട് പതിനേഴാം നൂറ്റാണ്ട് മുതൽ തന്നെ ചൈനീസ് മുസ്‌ലിംകൾ എങ്ങനെയാണ് തങ്ങളുടെ അധ്യാപനങ്ങൾ ആവിഷ്‌കരിച്ചത് എന്ന അന്വേഷണമാണ് സച്ചിക്കോ മുറാത്തയുമായി ചേർന്നുകൊണ്ട് വർഷങ്ങളായി ഞാൻ നടത്തുന്നത്.  ആധികാരികമായ മുസ്‌ലിം-കൺഫ്യൂഷനിസ്റ്റ് തത്വങ്ങൾ അത്തരം അധ്യാപനങ്ങളിലൂടെ വികസിപ്പിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, വൈജ്ഞാനികപ്രവർത്തനങ്ങളെ മുൻനിർത്തിയുള്ള ചൈനീസ് മുസ്‌ലിംകളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് ചെറിയ വിശകലനം നടത്താം. കൺഫ്യൂഷസിന് ശേഷം ഏറെ ആദരിക്കപ്പെടുന്ന മിസ്റ്റിക്കായ മെൻഷ്യസ് പറയുന്നത് ജ്ഞാനാന്വേഷണത്തിനുള്ള മാർഗ്ഗം നഷ്ടപ്പെട്ട ഹൃദയത്തെ തേടുക എന്നതല്ലാതെ മറ്റൊന്നുമല്ലെന്നാണ്.

ഇവിടെ മാർഗ്ഗം (way) എന്നതുകൊണ്ടർത്ഥമാക്കുന്നത് താവോയിസത്തിലെ വളരെ പ്രധാനപ്പെട്ട സങ്കൽപ്പമായ ദാവോ (dao) എന്ന പദത്തെയാണ്. ചൈനീസ് ഇസ്‌ലാമിലും കൺഫ്യൂഷനിസത്തിലുമെല്ലാം ഈ പദത്തിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. അതിന്റെ ഒരർത്ഥം വഴി എന്നതാണ്. അഥവാ, ജനങ്ങൾ തങ്ങളുടെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനു വേണ്ടി പിന്തുടരേണ്ട യാത്രാവഴി. ഇവിടെ ദാവോ (dao) എന്ന പദം സൂചിപ്പിക്കുന്നത് ഗ്രഹിക്കുക, മനസ്സിലാക്കുക എന്നൊക്കെയാണ് (learning). ചൈനീസിലും ഇംഗ്ലീഷിലുമെല്ലാം ഈയർത്ഥങ്ങളിലാണ് ലേണിംങ് എന്ന വാക്കുപയോഗിക്കുന്നത്. വിജ്ഞാനം നേടുക എന്ന അർത്ഥം അതിനുണ്ടെങ്കിലും ഞാനിവിടെ അതുപയോഗിക്കുന്നില്ല. കാരണം ഇക്കാലത്ത് വിജ്ഞാനത്തെ വസ്തുതകളും വിവരങ്ങളുമായാണ് ആളുകൾ മനസ്സിലാക്കുന്നത്.

വിവരശേഖരണം എന്ന അർത്ഥത്തിൽ മനസ്സിലാക്കപ്പെടുന്ന വിജ്ഞാനം നേടാൻ ഇന്ന് ധാരാളം മാർഗ്ഗങ്ങളുണ്ട്. അതേസമയം, എന്താണ് അറിവ്, എന്താണ് ജ്ഞാനാന്വേഷണം തുടങ്ങിയ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ ആരും തയ്യാറാകുന്നില്ല. ആധുനിക പൂർവ്വ പണ്ഡിതർ ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങളെ വിമർശനത്തിന് വിധേയമാക്കാനുള്ള പ്രധാനകാരണം ഇതാണ്. ‘യാഥാർത്ഥ്യ’ ലോകത്തേക്കാണ് അവ നമ്മെ തള്ളിവിടുന്നത്. ജീവിതത്തിന്റെ ലക്ഷ്യം തന്നെ വിജയകരമായ കരിയർ കെട്ടിപ്പടുക്കലാണ് എന്ന സാമ്പ്രദായികമായ ധാരണകളാണ് അവ നമുക്ക് നൽകുന്നത്. എന്തിനാണ് നാം ഇവിടെ നിലനിൽക്കുന്നത്? ജീവിതത്തിന്റെ പരമപ്രധാനമായ അർത്ഥമെന്താണ്? തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ആധുനികമായ ജ്ഞാനാന്വേഷണങ്ങളിൽ ഇടമില്ല.

കൺഫ്യൂഷനിസ്റ്റ് ഭാഷയിൽ പറഞ്ഞാൽ പൂർണ്ണ മനുഷ്യനാവുക എന്ന മൗലികമായ ജീവിത ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം യാതൊരു തരത്തിലുമുള്ള പ്രാധാന്യവുമില്ലാത്ത വിജ്ഞാനത്തിലേക്കാണ് ആധുനികത നമ്മെ കൊണ്ടെത്തിക്കുന്നത്. മനുഷ്യനുമായി ബന്ധപ്പെട്ട മൗലിക ചോദ്യങ്ങളെയൊന്നും അത് അഭിമുഖീകരിക്കുന്നില്ല. ചൈനീസ് ഭാഷയിൽ മനുഷ്യപദവി കരസ്ഥമാക്കുന്നതിനെ വിശേഷിപ്പിക്കുന്നത് ഉന്നതമായ അറിവന്വേഷണം (daxue) എന്നാണ്. എന്നാൽ ഇന്ന് ആ പദത്തിന് സർവ്വകലാശാല എന്ന അർത്ഥമാണ് നൽകപ്പെടുന്നത്.

പാരമ്പര്യത്തെ മുൻനിർത്തി പറയുകയാണെങ്കിൽ ഒരു കാര്യത്തെക്കുറിച്ച് പഠിക്കുക എന്നതിനർത്ഥം അതിനെ ഉൾക്കൊള്ളുക എന്നതാണ്. മാത്രമല്ല, ജീവിതത്തിലെ നിർണ്ണായകമായ സന്ദർഭങ്ങളെ മനസ്സിലാക്കണമെങ്കിൽ അടിസ്ഥാനപരമായ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന ജ്ഞാനാന്വേഷണങ്ങളിൽ നാം മുഴുകേണ്ടതുണ്ട്. നമ്മെക്കുറിച്ചും നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചും ശരിയായ അറിവ് നാം കരസ്ഥമാക്കുന്നത് പാരമ്പര്യത്തെ മുൻനിർത്തി നാം അവയെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ്. അവിടെ ജീവിതത്തെക്കുറിച്ചും ജീവിതവഴികളെക്കുറിച്ചും ആത്മത്തെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചെല്ലാമുള്ള ലോകവീക്ഷണങ്ങൾ സവിശേഷമാണ്. കാരണം, പാരമ്പര്യമാണ് അവരുടെ ജ്ഞാനത്തെയും ജ്ഞാനവഴികളെയുമെല്ലാം നിർണ്ണയിക്കുന്നത്. ഇങ്ങനെ പാരമ്പര്യത്തിലൂന്നിയുള്ള അറിവന്വേഷണത്തെയാണ് ലേണിംങ് എന്നതുകൊണ്ട് കൺഫ്യൂഷനിസം അർത്ഥമാക്കുന്നത്. സ്‌കൂളുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും ലഭിക്കുന്ന ആധുനിക ജ്ഞാന വ്യവഹാരങ്ങളിൽ നിന്നും അതേറെ വ്യത്യസ്തമാണ്.

മെൻസ്യസ് (Mencius) എഴുതുന്നു: ‘ അറിവന്വേഷണം എന്നത് നഷ്ടഹൃദയത്തെ തേടുക എന്നതല്ലാതെ മറ്റൊന്നുമല്ല’. ഇവിടെ ഹൃദയം (xin) എന്ന പദത്തെ മനസ്സിലാക്കാൻ സാധിച്ചാൽ എന്താണ് അദ്ദേഹം പറയുന്നത് എന്നതിന്റെ അകംപൊരുൾ തിരിച്ചറിയാൻ സാധിക്കും. ചൈനീസ് ആദ്ധ്യാത്മിക ചിന്തകളെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ഈ പദത്തിന് മനസ്സ്, ഹൃദയവും മനസ്സും, മനസ്സും ഹൃദയവും എന്നൊക്കെയാണ് അർത്ഥം നൽകിയിരിക്കുന്നത്. ചൈനീസ് ഭാഷയിൽ ഒരു ശാരീരികാവയവം എന്ന നിലക്കും ഹൃദയം എന്ന പദം മനസ്സിലാക്കപ്പെടാറുണ്ട്. എന്നാൽ, പൊതുവായി നമ്മുടെ വ്യക്തിത്വത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലക്കാണ് അത് വ്യവഹരിക്കപ്പെടാറുള്ളത്. ക്ലാസിക്കൽ ചൈനീസ് ചിന്തകളും ആധുനികപൂർവ്വ നാഗരികതകളും ഹൃദയത്തെക്കുറിച്ച് പൊതുവായ വീക്ഷണമാണ് പങ്കുവെക്കുന്നത്. അഥവാ, ആത്മബോധത്തിന്റെയും വ്യക്തിത്വത്തിന്റെയും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെയുമെല്ലാം ഉത്ഭവസ്ഥാനമാണ് ഹൃദയം. ഒരു ഖുദ്‌സിയായ ഹദീസിൽ അല്ലാഹു ഇപ്രകാരം പറയുന്നുണ്ട്: ‘എന്റെ ആകാശങ്ങളോ ഭൂമിയോ എന്നെ ഉൾക്കൊള്ളുന്നില്ല. എന്നാൽ എന്നെ വിശ്വസിക്കുന്ന എന്റെ അടിമയുടെ ഹൃദയം എന്നെ പുണരുന്നു’.

പാരമ്പര്യത്തെ മുൻനിർത്തിയുള്ള ആലോചനകളിൽ ഹൃദയം എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് യുക്തിയെ മറികടക്കുകയും ജ്ഞാനത്തേയും ജ്ഞാനാന്വേഷിയേയും സമന്വയിപ്പിക്കുകയും ചെയ്യുന്ന ആത്മീയ അവബോധത്തെയും ബൗദ്ധികശേഷിയെയുമാണ്. ഹൃദയത്തിന് മനസ്സ് എന്ന് വിവർത്തനം ചെയ്യുമ്പോൾ മനുഷ്യന്റെ വ്യാവഹാരികവും യുക്തിപരവുമായ ഇടപാടുകളെയാണ് അതുകൊണ്ട് അർത്ഥമാക്കപ്പെടുന്നത്. അതേസമയം, ഹൃദയം മനുഷ്യവികാരങ്ങളെയും അനുഭവങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. വ്യത്യാസങ്ങളും അപരത്വങ്ങളുമെല്ലാം ഇല്ലാതാകുന്ന ഏകത്വത്തിന്റെ സാധ്യതകളാണ് ഇവിടെ വിഭാവനം ചെയ്യപ്പെടുന്നത്.

ഇനി കൺഫ്യൂഷൻ പാരമ്പര്യത്തിൽ ഹൃദയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചർച്ചകളെ പരിശോധിക്കാം. The Book of Rites എന്ന ക്ലാസിക്ക് ഗ്രന്ഥത്തിൽ ‘മനുഷ്യൻ എന്നത് ആകാശത്തിന്റെയും ഭൂമിയുടെയും ഹൃദയമാണ്’ എന്നൊരു പരാമർശമുണ്ട്. അതിനെ വിശദീകരിച്ചുകൊണ്ട് പതിനാറാം നൂറ്റാണ്ടിലെ കൺഫ്യൂഷൻ ഗുരുവായ വാംങ് യാങ്മിങ് പറയുന്നത് ഹൃദയം എന്നത് ആത്മീയ വ്യക്തതയും പ്രകാശവും ബൗദ്ധികമായ ഏകത്വവുമാണെന്നാണ്. മാത്രമല്ല, ബാഹ്യമായ എല്ലാത്തിലും അന്തർലീനമായിക്കിടക്കുന്ന യാഥാർത്ഥ്യം അതുതന്നെയാണെന്നും മനുഷ്യർക്ക് മാത്രമേ അതിന്റെ രഹസ്യങ്ങളിലേക്ക് പ്രവേശനമുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നഷ്ടഹൃദയം എന്നതുകൊണ്ട് എന്താണ് മെൻഷ്യസ് അർത്ഥമാക്കുന്നത്? ഒരാൾക്ക് ഹൃദയം നഷ്ടപ്പെട്ടു എന്ന് നാം പറഞ്ഞാൽ ആധുനിക ഇംഗ്ലീഷിൽ അതിനർത്ഥം അയാൾ പ്രണയത്തിലാണ് എന്നാണ്. അതുപോലെ അവന്റെ മനസ്സ് നഷ്ടപ്പെട്ടു എന്നുപറഞ്ഞാൽ അതുകൊണ്ടുദ്ദേശിക്കുന്നത് അവന് ഭ്രാന്താണ് എന്നാണ്. എന്നാൽ മെൻഷ്യസ് പ്രണയത്തെയും ഭ്രാന്തിനെയും കുറിച്ചൊന്നുമല്ല സംസാരിക്കുന്നത്. അദ്ദേഹം പറയുന്നത് ജ്ഞാനാന്വേഷണം എന്നത് ഉൺമയുടെ യാഥാർത്ഥ്യത്തെ തിരിച്ചറിയാനുള്ള മാർഗ്ഗമായിരിക്കണം എന്നാണ്. ആധുനികതയുടെ വരവോടുകൂടി നാം നഷ്ടപ്പെടുത്തിയ നമ്മുടെ ഉൺമയെക്കുറിച്ച അറിവ് നാം വീണ്ടെടുക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.

ചൈനീസ് ഭാഷയിൽ റെൻഹ്യുമാനിറ്റി എന്ന് വിളിക്കപ്പെടുന്ന മനുഷ്യത്വവും കരുണയും ആർദ്രതയും ഉദാരതയുമെല്ലാം സ്വയം നഷ്ടപ്പെടുത്തിയ മനുഷ്യരുടെ അവസ്ഥയിൽ മെൻഷ്യസ് വിലപിക്കുന്നതായി കാണാം. റെൻ അഥവാ ഹൃദയം എന്ന പദം കൺഫൂഷ്യൻ പാരമ്പര്യത്തിലെ വളരെ പ്രധാനപ്പെട്ട ആശയമാണ്. ശരിയായ മനുഷ്യ പ്രകൃതിയെയും നൻമ നിറഞ്ഞ മൂല്യങ്ങളെയുമാണ് അതുകൊണ്ടർത്ഥമാക്കുന്നത്. ചൈനീസ് തത്വചിന്തകനായ തൂ വെയ്മിംങ് പറയുന്നത് കൺഫൂഷ്യൻ പാരമ്പര്യത്തിലെ മർമ്മപ്രധാനമായ ലക്ഷ്യം മാനുഷികമായ മൂല്യങ്ങൾ (റെൻ) നേടിയെടുക്കലാണ് എന്നാണ്. എങ്ങനെ നല്ല മനുഷ്യനാകാം എന്ന അന്വേഷണമാണ് അതിൽ സജീവമായി നിലനിൽക്കുന്നത്. അഥവാ, നാമൊരിക്കലും മനുഷ്യനായി ജനിച്ചിട്ടില്ല. മനുഷ്യനായിട്ടല്ല നാം വളർന്നത്. മനുഷ്യനാവുക എന്നത് നാം നിരന്തരമായി പരിശീലിച്ച് പൂർത്തീകരിക്കേണ്ട ആത്യന്തികമായ നൻമയും ആത്മീയ വ്യക്തതയുമാണ്.

വെയ്മിംങ് എഴുതുന്നു: ”റെൻ എന്നത് മനുഷ്യഹൃദയമാണ്. ധാർമ്മികത മനുഷ്യന്റെ വഴിയുമാണ്. മനുഷ്യൻ അവന്റെ വഴി പിന്തുടരുന്നില്ല എന്നതും നഷ്ടഹൃദയത്തെ തിരിച്ചുപിടിക്കുന്നില്ല എന്നതും ദു:ഖകരമായ യാഥാർത്ഥ്യങ്ങളാണ്. ഒരാൾക്ക് തന്റെ കോഴികളെയും നായകളെയും നഷ്ടപ്പെടുകയാണെങ്കിൽ അവയെക്കുറിച്ച് അന്വേഷിച്ച് അയാൾ അലയും. എന്നാൽ ഹൃദയം നഷ്ടപ്പെട്ടവർക്ക് അതിനെ തിരിച്ചുപിടിക്കാനുള്ള മാർഗ്ഗങ്ങളറിയില്ല. ജ്ഞാനം നേടുന്നതിനുള്ള വഴി നഷ്ടഹൃദയത്തെ തേടുക എന്നതല്ലാതെ മറ്റൊന്നുമല്ല.

മുസ്‌ലിം ലോകവീക്ഷണം

ചൈനീസ് ഭാഷയിൽ തങ്ങളുടെ മതത്തെക്കുറിച്ചെഴുതിയ ചൈനീസ് മുസ്‌ലിംകളുടെ കാഴ്ചപ്പാടുകളെയാണ് നാമിവിടെ പരിശോധിക്കുന്നത്. കൺഫൂഷ്യൻ മതത്തിലെ പൊതുവായ വീക്ഷണങ്ങളെ അവർ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ ആദ്ധ്യാത്മികതയുമായി കൂട്ടിയിണക്കുന്ന കൺഫൂഷ്യൻ സമീപനങ്ങളും ഇസ്‌ലാമിക അധ്യാപനങ്ങളും തമ്മിലുള്ള സാമ്യതകളെക്കുറിച്ച് അവർ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, പ്രപഞ്ചത്തിലെ മനുഷ്യാവസ്ഥകളെക്കുറിച്ച കൺഫൂഷ്യൻ വിശദീകരണങ്ങൾ പരിമിതമാണ് എന്നാണ് അവർ പറയുന്നത്.

ദൈവത്തെക്കുറിച്ച് മൂർത്തമായി സംസാരിക്കുന്നില്ല എന്നതാണ് കൺഫ്യൂഷനിസത്തെക്കുറിച്ചുള്ള മുസ്‌ലിം വിമർശനം എന്നൊരുപക്ഷേ തോന്നിയേക്കാം. എന്നാൽ ഇസ്‌ലാമിക ചിന്തയിലും കൺഫ്യൂഷനിസത്തിലും താവോയിസത്തിലും ബുദ്ധിസത്തിലും ഒരുപോലെ അവഗാഹമുള്ള മുസ്‌ലിം പണ്ഡിതർക്ക് പരമമായ സത്യത്തെക്കുറിച്ച കൺഫൂഷ്യൻ സങ്കൽപ്പങ്ങളെ സ്വീകരിക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയമില്ല. കാരണം, അറബി, പേർഷ്യൻ ഗ്രന്ഥങ്ങളിൽ സമാനമായ ആശയങ്ങൾ ധാരാളമായി കാണാൻ സാധിക്കും. അതിനാൽ തന്നെ പരമമായ യാഥാർത്ഥ്യത്തെക്കുറിച്ച (ദൈവത്തെക്കുറിച്ച) അമൂർത്തമായ കൺഫ്യൂഷനിസ്റ്റ് വിശദീകരണങ്ങളിൽ അവർക്ക് യാതൊരുതരത്തിലുമുള്ള അപരിചിതത്വവും കണ്ടെത്താനില്ല.

ഇസ്‌ലാമിക ലോകവീക്ഷണം മൂന്ന് അടിസ്ഥാന തത്വങ്ങളിലാണ് നിലനിൽക്കുന്നത്. അതിലൊന്നാമത്തേത് തൗഹീദാണ്. ദൈവത്തിന്റെ ഏകത്വത്തെയാണ് തൗഹീദ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അതിലേക്കുള്ള താക്കോൽ ശഹാദത്ത് ഉൾക്കൊള്ളുക എന്നതാണ്. ഇസ്‌ലാമിന്റെ അഞ്ചു തൂണുകളിൽ ആദ്യത്തേതും വിശ്വാസത്തിന്റെ അടിസ്ഥാനവുമാണ് ശഹാദത്ത് (സത്യസാക്ഷ്യം) . മുസ്‌ലിമാകണമെങ്കിൽ അല്ലാഹുവല്ലാതെ വേറെ ആര്യധ്യനില്ല, മുഹമ്മദ് (സ) അവന്റെ ദൂതനാണ് (ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുറസൂലുല്ലാഹ്) എന്ന ശഹാദത്ത് ഉൾക്കൊള്ളണം. തൗഹീദിന്റെ സാകല്യമാണ് ഈ വചനം. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തൗഹീദ് എന്നത് വെറുമൊരു മതപ്രമാണമല്ല. മറിച്ച്, എല്ലാത്തിന്റെയും ഉള്ളിൽ അന്തർലീനമായിക്കിടക്കുന്ന യാഥാർത്ഥ്യവും ധ്യാനത്തിന്റെ കേന്ദ്രബിന്ദുവുമാണ്. മാത്രമല്ല, ദൈവത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള നമ്മുടെ പരിചിന്തനങ്ങൾക്കുള്ള വഴികാട്ടിയുമാണത്. നാവ് കൊണ്ട് വെറുതെ ഉച്ചരിക്കുന്നതിന് പകരം ദൈവത്തിലായിക്കൊണ്ട് ഓരോ നിമിഷവും ചെലവഴിക്കാനുള്ള ഊർജ്ജമാണ് ശഹാദത്ത്.

തൗഹീദിന് അടിസ്ഥാനപരമായി രണ്ട് വിവക്ഷകളാണുള്ളത്. ഈ രണ്ട് വിവക്ഷകളെയും ദൈവത്തിന്റെ 99 വിശുദ്ധ നാമങ്ങളെ മുൻനിർത്തി മനസ്സിലാക്കാൻ സാധിക്കും. ഒന്നാമത്തെ വിവക്ഷയിതാണ്: ദൈവമാണ് യഥാർത്ഥത്തിൽ ആരാധ്യൻ. അവൻ ഏകനാണ്. എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. എല്ലാം അറിയുന്നവനാണ്. പ്രബലനാണ്. സ്‌നേഹമുള്ളവനാണ്. ദൈവത്തിനല്ലാതെ മറ്റാർക്കും ഈ വിശേഷണങ്ങൾ ഒന്നും തന്നെയില്ല. യാഥാർത്ഥ്യം, ഏകത്വം, ജീവിതം, ജ്ഞാനം, അധികാരം തുടങ്ങിയവയെല്ലാം ദൈവികമായ വിശേഷണങ്ങൾ മാത്രമാണ്.

രണ്ടാമത്തെ വിവക്ഷയിതാണ്. ഈ പ്രപഞ്ചം മുഴുവൻ ദൈവത്തിൽ നിന്നാണ് എല്ലാ ഗുണങ്ങളും സ്വീകരിക്കുന്നത്. അഥവാ, ദൈവമല്ലാതെ പ്രബലനായി ആരുമില്ല എന്നു നാം പറയുമ്പോൾ അതിനർത്ഥം നമ്മൾ പറയുന്ന അധികാരം എന്നത് ദൈവികമായ അധികാരത്തിന്റെ ചെറിയൊരംശം മാത്രമാണ് എന്നാണ്. ദൈവം സൃഷ്ടികൾക്ക് അവന്റെ ഔദാര്യമായി നൽകിയതാണത്. അതിനാൽ തന്നെ ഖുർആനിന്റെ ഭാഷയിൽ പറഞ്ഞാൽ പരമയാഥാർത്ഥ്യമായ ദൈവത്തിന്റെ അടയാളങ്ങളാണ് (ആയാത്തുകൾ) ഈ പ്രപഞ്ചത്തിൽ മുഴുവൻ നാം കാണുന്നത്.

ദൈവത്തെക്കുറിച്ച് ഇത്തരത്തിൽ ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത് ദൈവത്തിനും സൃഷ്ടികൾക്കിടയിലും അകൽച്ചയില്ല എന്നാണ്. അഥവാ, സൃഷ്ടികളിൽ നിന്ന് മാറി ആകാശലോകങ്ങളിൽ ഇരുന്നുകൊണ്ട് എല്ലാം വീക്ഷിക്കുന്ന ഒരു അസ്തിത്വമല്ല ദൈവം. അവന്റെ വിശേഷണങ്ങൾ സൃഷ്ടികളിലൂടെയാണ് വെളിവാകുന്നത്. അഥവാ, സൃഷ്ടികളുടെ ഓരോ ചലനങ്ങളിലും ദൈവം അവരോട് കൂടെയാണ്. മറ്റൊരുവാക്കിൽ പറഞ്ഞാൽ സൃഷ്ടാവ് എന്ന വളരെ സവിശേഷവും അമൂർത്തവുമായ വിശേഷണം ഉൾവഹിക്കുമ്പോൾ തന്നെ സൃഷ്ടികളോട് കൂടെയായവനാണ് ദൈവം.

ദൈവവും മനുഷ്യനും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ അസ്ഥിരപ്പെടുത്തുന്ന ദൈവിക സങ്കൽപ്പങ്ങൾക്ക് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. ഒട്ടുമിക്ക മനുഷ്യരും ദൈവത്തെ സൃഷ്ടികളിൽ നിന്ന് വേറിട്ട് നിലനിൽക്കുന്ന അസ്തിത്വമായാണ് മനസ്സിലാക്കുന്നത്. ഉദാഹരണത്തിന്, ബിഗ് ബാംഗോട് (Big Bang) കൂടിയാണ് സൃഷ്ടിപ്പിന്റെ തുടക്കം എന്ന് ചിലർ വിശ്വസിക്കുന്നു. ദൈവത്തെയും പ്രപഞ്ചത്തെയുമൊക്കെ മനസ്സിലാക്കാൻ ശാസ്ത്രീയമായ രീതികളാണ് അവർ അവലംബിക്കുന്നത്. അവർ കരുതുന്നത് സൃഷ്ടിപ്പിന് ശേഷം മാറിനിന്നുകൊണ്ട് ദൈവം ഈ ലോകം വീക്ഷിക്കുകയാണ് എന്നാണ്. പ്രപഞ്ചത്തിൽ നിന്നും മാറിനിന്ന് എല്ലാം വീക്ഷിക്കുന്ന ദൈവം എന്ന ആശയം ഇസ്‌ലാമിക പാരമ്പര്യത്തിനന്യമാണ്. ഈ ലോകത്തിന് സ്വതന്ത്രമായ അസ്തിത്വമുണ്ടെന്നും ദൈവികസാന്നിധ്യമില്ലാതെ തന്നെ ലോകം മുന്നോട്ട് ഗമിക്കുമെന്നും എന്ന വിശ്വാസം തൗഹീദിന് വിരുദ്ധമാണ്. മറിച്ച്, എല്ലാ വസ്തുക്കളും അവയുടെ നിലനിൽപ്പിന്റെ ഓരോ നിമിഷത്തിലും പരമമായ യാഥാർത്ഥ്യത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അഥവാ, ദൈവം സർവ്വവ്യാപിയാണ്. അവിടെ വിടവുകളില്ല.

കഴിഞ്ഞ ആയിരത്തോളം വർഷങ്ങളായി തൗഹീദിനെക്കുറിച്ച് അറബിയിലും പേർഷ്യനിലും ധാരളം പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. നിയോ-കൺഫ്യൂഷനിസ്റ്റ് പണ്ഡിതരുടെ രചനകൾ വായിച്ചവർക്ക് തൗഹീദിനെക്കുറിച്ച ഇത്തരത്തിലുള്ള റാഡിക്കലായ വിശദീകരണങ്ങളിൽ ഒരു പുതുമയും തോന്നുകയില്ല. കാരണം, അവർ എപ്പോഴും പറയാറുള്ളത് സർവ്വവ്യാപിയായ പരമയാഥാർത്ഥ്യത്തെക്കുറിച്ചാണ്. അഥവാ, ഓരോ നിമിഷത്തിലും ”ഈ ഭൂമിയെയും ആകാശത്തെയും പതിനായിരക്കണക്കിന് വസ്തുക്കളെയും” ചൂഴ്ന്ന് നിൽക്കുന്ന പരംപൊരുൾ ആയിട്ടാണ് നിയോ-കൺഫ്യൂഷനിസ്റ്റ് പണ്ഡിതർ ദൈവത്തെ വിശദീകരിക്കാറുള്ളത്. അതിനാൽ തന്നെ നിയോ-കൺഫൂഷ്യൻ ഗ്രന്ഥങ്ങൾ വായിക്കുന്ന ഒരു ചൈനീസ് മുസ്‌ലിമിന് യാഥാർത്ഥ്യത്തെക്കുറിച്ച ഇസ്‌ലാമിക-കൺഫ്യൂഷനിസ്റ്റ് വീക്ഷണങ്ങളിൽ വൈരുദ്ധ്യങ്ങൾ കാണാൻ സാധ്യമല്ല.


(തുടരും)
Featured Image: Illustrations of the Classic of Filial Piety
വിവർത്തനം : സഅദ് സൽമി

Comments are closed.