മനോവിശകലനത്തെക്കുറിച്ചുള്ള പഠനത്തിന് അസാധാരണമായ മാനങ്ങൾ നൽകിയ ചിന്തകരാണ് ദില്യൂസും ഗൊത്താരിയും. മനശ്ശാസ്ത്ര സംബന്ധമായ പഠനങ്ങളിലും പ്രയോഗങ്ങളിലും നിലനിന്നിരുന്ന യാഥാസ്ഥിതിക മനോഭാവത്തെ തുറന്നെതിർക്കുന്നവയാണ് ഇവരുടെ രചനകൾ. ആന്റി-ഈഡിപ്പസ്, തൗസൻ്റ് പ്ലാറ്റോസ് എന്നീ കൃതികളിൽ മനോവിശ്ലേഷണത്തിന്റെ സ്ഥാപനവൽക്കരണത്തെ അവർ പ്രതിസ്ഥാനത്തു നിർത്തി. അന്നുവരേക്കും നിലനിന്നിരുന്ന വായനകൾക്ക് വിപരീതമായി ഫ്രാൻസിസ് കാഫ്കയെ പുനർനിർവചിക്കാൻ ‘കാഫ്ക ടുവാർഡ് എ മൈനർ ലിറ്ററേച്ചർ’ എന്ന കൃതിയിലൂടെ ഇവർക്ക് കഴിഞ്ഞു. ഉറഞ്ഞുപോയ അധികാര ശ്രേണികളെയും കീഴ്‌വഴക്കങ്ങളെയും സമൂലമായി ചെറുത്തുനിന്ന രചനാധീരനായി കാഫ്കയെ ഉയർത്തിപ്പിടിക്കുകയാണ് അവർ ചെയ്തത്. ഫാസിസത്തെയും അതിന്റെ നവീനവും ‘മാനവികവുമായ’ പുനരുദ്ധാരണത്തെയും ഇഴകീറി പരിശോധിക്കാനും അതിൽ ഭാഷയും, കുടുംബം മുതൽക്കുള്ള സാമൂഹിക സ്ഥാപനങ്ങളും വഹിക്കുന്ന പങ്കിനെ സൈദ്ധാന്തികമായി വിശദീകരിക്കാനും ഇരുവരുടെയും പഠനങ്ങൾക്ക് സാധിച്ചു. സാങ്കേതിക വിദ്യകളുടെയും സൈബർ ലോകത്തിന്റെയും പ്രതിലോമകരമായ വിപ്ലവങ്ങൾ പൗരസമൂഹത്തെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും യാന്ത്രികവൽകരിക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത് ദില്യൂസും ഗൊത്താരിയും പഠിക്കപ്പെടേണ്ടത് അനിവാര്യമാണ്.
നീത്ഷേയേയും സ്പിനോസയേയും ബെർഗ്സണെയും തൻ്റെ മുൻഗാമികളായി കണ്ടുകൊണ്ടാണ് ഴിൽ ദില്യൂസ് തൻ്റെ തത്ത്വചിന്താലോകത്തിന് ആരംഭം കുറിക്കുന്നത്. അതേസമയം ലക്കാൻ്റെ സെമിനാറുകളിൽ സജീവമായി പങ്കെടുത്തുകൊണ്ടും ഒരു പരീക്ഷണാത്മക മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചുകൊണ്ടും, അക്കാദമിക അടിത്തറകൾ ഇല്ലാഞ്ഞിട്ടുകൂടി തൻ്റെ തത്ത്വചിന്താ പരിസരത്തിന് രൂപം നൽകിയ വ്യക്തിയാണ് ഫെലിക്സ് ഗൊത്താരി. ഇക്കാരണങ്ങൾ കൊണ്ടുതന്നെ തത്ത്വചിന്താ ചരിത്രത്തിലെ അസാധാരണ ജോഡികളായാണ് ഇവർ ഇരുവരും പരിഗണിക്കപ്പെടുന്നത്. അറുപതുകളുടെ അവസാനത്തിലാണ് ഇവർ ഇരുവരും കണ്ടുമുട്ടുന്നതും കൂട്ടുചേർന്നുള്ള ഒരു പുസ്തക രചനക്കുള്ള തീരുമാനമെടുക്കുന്നതും. പിന്നീട് ഇരുവരും കൈമാറിയ കത്തുകളിലൂടെയാണ് ‘ആൻ്റി ഈഡിപ്പസ്’ എന്ന പ്രസ്തുത ഗ്രന്ഥം പിറവിയെടുക്കുന്നത്. അത് പുറത്തിറങ്ങിയ കാലഘട്ടത്തിൽ തന്നെ ഫ്രാൻസിൽ വലിയ പ്രചാരം നേടുകയും ചെയ്തു. എന്നാൽ ഇന്ന് കാണുന്ന നിലയിൽ സാംസ്കാരിക പഠനങ്ങളിലും വിമർശനാത്മക സിദ്ധാന്തങ്ങളിലും നെടുന്തൂണുകളിലൊന്നായി ഇതു മാറാൻ വർഷങ്ങൾ ഏറെ വേണ്ടിവന്നു. ഇവർ ഇരുവരും ചേർന്ന് ‘എ തൗസൻ്റ് പ്ലാറ്റോസ്’ അടക്കം പല പുസ്തകങ്ങളും പിന്നീട് എഴുതുകയുണ്ടായി. തുടർന്നങ്ങോട്ട് ഒരു ഘട്ടത്തിൽ ദില്യൂസ് തത്ത്വചിന്താ രചനകളിലേക്കും പാരീസ് VIII യൂണിവേഴ്സിറ്റിയിലെ അധ്യാപനത്തിലേക്കും ഗൊത്താരി സൈക്യാട്രി വിരുദ്ധ, മൗലിക രാഷ്ട്രീയ മുന്നേറ്റങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. 1950 കാലഘട്ടത്തിൽ പരിപൂർണ ലക്കാനിയൻ എന്ന നിലയിലാണ് ഗൊത്താരി സ്വയം പരിഗണിച്ചിരുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തമാശയെന്നോണം ‘ലക്കാൻ’ എന്നാണ് ഗൊത്താരിയെ വിശേഷിപ്പിച്ചിരുന്നതു പോലും. എന്നാൽ തുടർന്ന് റൊലാങ് ബാർത്തസ് തൻ്റെ മാസികയിൽ ഗൊത്താരിയുടെ ലേഖനം പ്രസിദ്ധീകരിക്കാൻ ആ ഗ്രഹിക്കുന്നു എന്നറിഞ്ഞ ലക്കാൻ അത് വിലക്കുകയും തൻ്റെ ചിറകിൻ കീഴിൽ നിർത്താനെന്നോണം ആ ലേഖനം തൻ്റെ മാസികയിൽ പ്രസിദ്ധീകരിക്കാം എന്ന് ഉറപ്പു നൽകുകയുമാണ് ചെയ്യുന്നത്. എന്നാൽ ലക്കാൻ ആ വാക്ക് പാലിക്കുകയുണ്ടായില്ല. പിന്നീട് ആൻ്റി ഈഡിപ്പസിൻ്റെ രചനാ കാലത്ത് അതിലെ ഉള്ളടക്കത്തെക്കുറിച്ചറിയാൻ ലക്കാൻ പല പരിശ്രമങ്ങളും നടത്തുന്നുണ്ട്. ‘ആൻ്റി ഈഡിപ്പസ്’ പുറത്തിറങ്ങിയ ശേഷം അതിന്മേൽ ചർച്ച നടത്തുന്നതിൽ നിന്നടക്കം തൻ്റെ ശിഷ്യന്മാരെ വിലക്കുന്ന ലക്കാനെയാണ് കാണാനാവുന്നത്. അതേ സമയം തങ്ങളുടെ പുസ്തകത്തെക്കുറിച്ചും അതിൻ്റെ അനേക സാധ്യതകളെക്കുറിച്ചും അമിത പ്രതീക്ഷകൾ വച്ചുപലർത്തിയ ദില്യൂസ് ‘ആൻ്റി ഈഡിപ്പസിനെ’ ഒരു പരാജയമായാണ് കരുതിയത്. ഗൊത്താരിയാകട്ടെ കഠിനമായ വിഷാദ രോഗത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. കാലത്തിന് മുൻപേ സഞ്ചരിക്കുന്ന ചിന്തകർ സ്വാഭാവികമായും നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങളായി ഇന്ന് നമുക്കവയെ മനസ്സിലാക്കാം.
അനിയന്ത്രിത സഞ്ചാരവും യാന്ത്രികതാ സംയോഗവും
ദില്യൂസും ഗൊത്താരിയും ചേർന്നെഴുതിയ ആന്റി ഈഡിപസിന്റെ തുടക്കത്തിൽ ഗെവ്ർക് ബുഖ്‌നറുടെ ലെൻസ് എന്ന ഷിസോഫ്രീനിക്ക് കഥാപാത്രത്തെ മുൻനിർത്തുന്നുണ്ട്. ഭ്രാന്താശുപത്രിയിൽ നിന്നും വന്യതയിലേക്ക് യാത്രചെയ്യുകയാണ് പ്രസ്തുത കഥാപാത്രം. ഗ്രീക്ക് ചിന്തകനും സാഹിത്യ രചയിതാവുമായ നിക്കോസ് കസന്ദ് സാക്കീസിൻ്റെ, വത്തിക്കാൻ വിലക്കേർപ്പെടുത്തിയ നോവലായ ‘ക്രിസ്തുവിൻ്റെ അന്ത്യ പ്രലോഭനത്തിലും’ ഇതേ നിലയിലുള്ള ഭ്രമാത്മക പലായനം കാണാം. ഫ്രോയ്ഡിയൻ ആശയപ്രകാരം മാതാവിൽ നിന്നുള്ള പലായനമായി വ്യാഖ്യാനിക്കപ്പെടാവുന്ന ഒന്നാണിത്. വാത്സല്യത്തെ വേട്ടയെന്നോണം അവതരിപ്പിച്ചുകൊണ്ടാണ് നോവലിൽ മാതാവിന്റെ പിൻതുടരലുകൾ ആവിഷ്കരിക്കപ്പെടുന്നത്. എന്നാൽ ഫ്രോയ്ഡിൻ്റെ തന്നെ ശിഷ്യനായ വിൽഹം റീഹ് വ്യക്തിയുടെ മനഃശാസ്ത്രത്തിന് നൽകിയ രാഷ്ട്രീയ-സാമൂഹിക മാനങ്ങൾ വ്യക്തി കേന്ദ്രിതമായ ഫ്രോയ്ഡിയൻ സങ്കുചിതത്വങ്ങളെ വെല്ലുവിളിക്കുന്നവയാണ്.
വിൽഹം റീഹിനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കേസരി. എ. ബാലകൃഷ്ണപ്പിള്ള 1949 ൽ എം. ഗോവിന്ദന് അയക്കുന്ന ഒരു കത്തിൽ റീഹിൻ്റെ പ്രത്യയശാസ്ത്രത്തെ വിശദീകരിക്കുന്നതായി കാണാം. കുട്ടിക്കാലം മുതൽ തുടങ്ങുന്ന ലൈംഗിക മർദ്ദനത്തിലൂടെയും അതുൽപാദിപ്പിക്കുന്ന ഭയാശങ്കകൾ, പാപബോധം എന്നിവയിലൂടെയും ദേശഭക്തിയിയേറിയവരും ചൂഷകരെ വിലവക്കുന്നവരുമായ ‘മുതിർന്നവർ’ നിർമിക്കപ്പെടുന്നു എന്നാണ് റീഹിൻ്റെ വാദം. ലൈംഗിക ഊർജത്തിന്റെ സ്വാഭാവിക പ്രവാഹത്തിന് തടയിടുന്നതോടെ അധികാരിവർഗത്തിനെതിരെ നീങ്ങാനുള്ള ഊർജത്തിന്റെ വലിയൊരളവും അപഹരിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ദെല്യൂസിലേക്ക് വരുമ്പോൾ രക്ഷിതാക്കൾ എന്നത് കുട്ടികൾ കടന്നുപോകുന്ന ഒരു പരിതസ്ഥിതി മാത്രമാണ്. കുട്ടികൾ തീർച്ചയായും ഇതിലൂടെ അനുകരണത്തിന് വശംവദരാകുന്നുണ്ട്. അതേസമയം കുട്ടികളുടെ അബോധത്തെ നിർണയിക്കുന്നതിൽ മാതാപിതാക്കൾക്കുള്ള പ്രാമുഖ്യം അടിസ്ഥാന രഹിതമാണ്. മറ്റു ഘടകങ്ങളെ നിമ്നമാക്കിക്കാണുന്ന ഒരു സമീപനമാണ് രക്ഷിതാക്കൾക്ക് ഇക്കാര്യത്തിൽ നൽകപ്പെടുന്ന അമിത പ്രാമുഖ്യത.
ആന്റി ഈഡിപ്പസിൻ്റെ തുടക്കത്തിൽ പരാമർശിക്കുന്ന പലായിതയായ കഥാപാത്രം കാണുന്നതൊക്കെയും ഓരോ യന്ത്രമാണെന്ന നിലയിൽ മനസ്സിലാക്കുകയും അതിലേക്ക് സ്വയം ബന്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. സ്ലാവോയ് ഷിഷകിൻ്റെ ‘A Pervert’s Guide to Cinema’ എന്ന ഡോക്യുമെന്ററി ചലച്ചിത്രത്തിൽ അദ്ദേഹം വിശദീകരണത്തിനായി തിരഞ്ഞെടുക്കുന്ന ഒരു സിനിമയിൽ പരസ്യപ്പലകകളുടെയും തെരുവിൻ്റെയും മുതലാളിത്ത ലോകക്രമത്തിൻ്റെ തന്നെയും യഥാർത്ഥ പ്രത്യയശാസ്ത്രം വെളിപ്പെടുത്തുന്ന ഒരു കണ്ണട പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ലെൻസി’ൻ്റെ ഷിസോഫ്രീനിക്ക് കാഴ്ചയെ ഇതുമായി തുലനം ചെയ്യാവുന്നതാണ്. 2022 നവംബർ 17 ന് പുറത്തിറങ്ങിയ ‘1899’ എന്ന സയൻ്റിഫിക് ത്രില്ലർ സീരീസ് ഇത്തരത്തിലുള്ള – യന്ത്രവും മനുഷ്യനും തമ്മിലുള്ള – ഒരു ബാന്ധവത്തെക്കൂടി ആവിഷ്കരിക്കുന്ന ഒന്നാണ് (Netflix ൽ തരംഗം സൃഷ്ടിച്ച ‘Dark’ എന്ന സീരിസിന്റെ സംവിധായകർ തന്നെയാണ് ‘1899’ ന് രൂപം നൽകിയത്) മുൻപും പല സിനിമകളും പരീക്ഷിച്ചിട്ടുള്ള പ്ലാറ്റോയുടേ Allegorical Cave എന്ന സിദ്ധാന്തത്തെക്കൂടി ഈ സീരീസ് ഉള്ളടക്കം ചെയ്യുന്നുണ്ട്. മനുഷ്യൻ എപ്രകാരം ‘യാഥാർത്ഥ്യം’ എന്നതിനെ മനസ്സിലാക്കുന്നു എന്നും ഇതിൽ നിന്നും വിഭിന്നമായ ഉന്നതസത്യങ്ങളൊ അവയുടെ അസ്തിത്വമൊ നിലനിൽക്കുന്നുണ്ടൊ എന്നുള്ള അന്വേഷണമാണ് ഈ സിദ്ധാന്തം.
ഭാഷാധികാരം : മരണത്തെ പകരം വക്കുന്ന പലായനം
ഭാഷ ഒരു അധികാര രൂപമാണെന്ന സങ്കല്പനം ദില്യൂസും ഗൊത്താരിയും മുന്നോട്ടുവക്കുന്നുണ്ട്. ഭാഷയുടെ നിർണ്ണായകഘടകം ആജ്ഞാവാക്യമാണെന്ന ആശയം അതിൽ സവിശേഷ ശ്രദ്ധയർഹിക്കുന്നതാണ്. എല്ലാ ഭാഷയും ആത്യന്തികമായും അധികാരത്തിന്റെ ഭാഷയാണെന്ന ദെല്യൂസിന്റെ ഭാഷ്യം ഭാഷയും അധികാരവും തമ്മിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ ബന്ധത്തെയാണ് അവതരിപ്പിക്കുന്നത്. ദെല്യുസ് മുന്നോട്ടുവക്കുന്ന ആജ്ഞാവാക്യം എന്ന സങ്കൽപനം ഒരുതരം മരണവിധിയാണ്. ഒരു പിതൃമേധാവിത്വ കുടുംബ സംവിധാനത്തിൽ പിതാവ് മകന് ബാല്യകാലം മുതൽ നൽകുന്ന ശരിതെറ്റുകളെ സംബന്ധിച്ച ആജ്ഞകൾ അയാളുടെ വ്യക്തിജീവിതത്തിൽ അനേകം തവണ മരണോന്മുഖമായി അവതരിക്കുന്നു. ആജ്ഞാവാക്കിൽ നിലകൊള്ളുന്ന ഒരു സാധ്യതയൊ ധ്വനിയൊ മാത്രമാണ് ‘മരണം’ (‘മരണം’ എന്നതിനെ പ്രസ്താവനയിലൂടെ ആവിഷ്കൃതമാകുന്ന ഒരു തലം എന്ന നിലയിലാണ് ദെല്യൂസ് പരിഗണിക്കുന്നത്) മറ്റൊന്ന് ‘പലായനം’ ആണ്. പലായനത്തിൻ്റെ സാധ്യതയെ വിപുലമാക്കിക്കൊണ്ട് ആജ്ഞാവാക്കിനെ പൊതിഞ്ഞു നിൽക്കുന്ന മരണത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാം എന്നാണ് ദില്യൂസിൻ്റെ അന്വേഷണം. പ്രവർത്തിക്കും, സൃഷ്ടിക്കുമായുള്ള സാധ്യതയാണ് അദ്ദേഹത്തെ സംബന്ധിച്ച് ഒളിച്ചോട്ടം/പലായനം. ആജ്ഞാവാക്കുകളിൽ അന്തർലീനമായ പ്രവേശക വാക്യത്തെ അടർത്തിയെടുത്ത് അവയെ നിഷ്ക്രമണ വാക്യങ്ങളായി മാറ്റിയെടുക്കുക എന്നാണ് ദില്യൂസ് ഈ ഭാഷാ പ്രഹേളികയുടെ പരിഹാരമായി നിർദേശിക്കുന്നത്. ഹിന്ദി ഭാഷ രാജ്യത്ത് പൊതുവും നിർബന്ധിതവുമായി പ്രതിഷ്ഠിക്കാൻ കേന്ദ്ര ഗവൺമെന്റ് നടത്തിയ ശ്രമത്തിന് ഇത്തരമൊരു മാനം കൂടി കൽപിക്കാവുന്നതാണ്. “മേരേ പ്യാരേ ദേശ് വാസിയോം” എന്ന് തുടങ്ങുന്ന നരേന്ദ്രമോദിയുടെ പ്രസംഗങ്ങളിലെ ‘ദേശവാസികൾ/പൗരന്മാർ’ എന്ന പ്രയോഗത്തിൻ്റെ ആഴം ഈയർത്ഥത്തിലുള്ള ഒരു പരിഗണന അർഹിക്കുന്ന ഒന്നാണ്. ‘പിതൃ അധികാരം’ ഭാഷയിലേക്ക് പറിച്ചുനടപ്പെടുന്നുണ്ടെന്നും അത് ‘യഥാർത്ഥ’ത്തെ അസാധ്യമായ ഒന്നായി നിലനിർത്തുകയാണെന്നുമുള്ള ലക്കാൻ്റെ നിരീക്ഷണം ഇതോട് ചേർത്തുവായിക്കാവുന്നതാണ് (രാജ്യാധിപതി എന്ന പിതൃസമാനനായ രക്ഷാകര ശക്തി).
ഉന്മാദം : ഉൽപാദന വിരുദ്ധതയുടെ രാഷ്ട്രീയം
എട്ട് വർഷങ്ങൾക്കു മുൻപ് ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ പത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ ‘ആയുർരേഖ’ എന്ന പരിപാടിയിൽ കേരളത്തിലെ ഒരു പ്രമുഖ സൈക്യാട്രിസ്റ്റ് ബൈപോളാർ ഡിസോർഡറിനെ ‘താൻ എങ്ങനെ കാണുന്നു’ എന്ന് വിശദീകരിക്കുകയുണ്ടായി. ലോക മാനസികാരോഗ്യ സംഘടനയുടെ കണക്കുകൾ മുൻനിർത്തി ലോകത്തിന് ‘നഷ്ടമുണ്ടാക്കുന്ന’ സർവ്വ രോഗങ്ങളുമെടുത്താൽ അതിൽ ആറാം സ്ഥാനത്താണ് ബൈപോളാർ ഡിസോർഡർ എന്നാണ് അദ്ദേഹം ആമുഖമായി പറഞ്ഞുവക്കുന്നത്. ഇതിലെ നഷ്ടത്തിൻ്റെ മാനദണ്ഡമാകുന്നത് ‘Lost of productivity’ ആണെന്നും തുടർന്ന് അദ്ദേഹം പറയുന്നു. കമ്പോളകേന്ദ്രിത-ധനാധിഷ്ഠിത ലോകക്രമത്തിൻ്റെ സാമാന്യ യുക്തിയാണ് ഇതിലൂടെ നിഷ്കളങ്കമെന്നോണം വെളിപ്പെടുന്നത്. മനുഷ്യത്വ വിരുദ്ധവും യന്ത്രസമാനവുമായ ചിന്തകളാൽ ഭരിക്കപ്പെടുന്ന ഒരു മൂന്നാം ലോക സൈക്യാട്രിക് സമൂഹത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതുതന്നെ അസ്ഥാനത്താണ്. മിഷേൽ ഫൂക്കോ ഇതുമായി ബന്ധപ്പെട്ട ചില ശ്രദ്ധേയമായ നിരീക്ഷണങ്ങൾ മുന്നോട്ടുവക്കുന്നുണ്ട്. ഉന്മാദത്തിന്റെ ചരിത്രം എക്കാലത്തും തൊഴിലിനെയും ദാരിദ്ര്യത്തെയും നിഷ്ക്രിയതയെയും ഉൽപാദന വിമുഖതയുടെയും മറ്റൊരു ചരിത്രത്തെ പിൻതുടരുന്നതായാണ് ഫൂക്കോ തൻ്റെ The History of Madness എന്ന ഗ്രന്ഥത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇതിലെ അവസാനത്തേതും കാതലുമായ ഉൽപാദന വിരുദ്ധത എന്നത് (anti production) പ്രത്യേകമായി എടുത്തുപറയേണ്ടതാണ്. കാരണം അത് സകലതിനെയും സ്തബ്ദ്ധമാക്കുന്ന ‘മൃത്യു ചോദന’യായി വിലയിരുത്തിപ്പോരുന്ന ഒന്നാണ്. മാനസികനിലകളെ പരിഗണിക്കുന്ന രീതിയിൽ ആധുനിക കാലത്തിന് വിപരീതമായിരുന്നു മധ്യകാലഘട്ടം എന്ന വാദവും ഫൂക്കോ ഉന്നയിക്കുന്നുണ്ട്. ഇന്ന് രോഗാതുരതയായി പരിഗണിക്കപ്പെടുന്നവയെ അതീന്ദ്രിയതയിലേക്ക് തുറക്കപ്പെടുന്ന വെട്ടുവഴിയായാണ് മധ്യകാല സമൂഹം മനസ്സിലാക്കിപ്പോന്നിരുന്നതെന്ന് അദ്ദേഹം പറയുന്നു.
രതിചോദന : ധനകാമനയും അൽഗോരിതമിക ഹിംസയും
ബിസിനസ്സിൽ ഏർപ്പെട്ട് എട്ടോ പത്തോ തലമുറകൾക്ക് സുഖസമൃദ്ധമായി ജീവിക്കാനുള്ള ധനം സ്വന്തമാക്കിയിട്ടും സ്വയം വിരമിക്കാൻ ഒരു നവമുതലാളി എന്തുകൊണ്ട് തയ്യാറാവുന്നില്ല എന്ന ചോദ്യം യുവാൽ നോവാ ഹരാരി തൻ്റെ ‘ഹോമോ ദിയൂസ്’ എന്ന പുസ്തകത്തിൽ ഉയർത്തുന്നുണ്ട്. ഇത് ലൈംഗികതയുമായി ബന്ധപ്പെട്ട ഒന്നാണെന്നാണ് ഓഷോയുടെ ഭാഷ്യം. അടിച്ചമർത്തപ്പെട്ട ലൈംഗികതക്ക് പകരമാവാൻ പണത്തിന് കഴിയുന്നെന്നും ഇന്ത്യയിൽ ധനത്തെ ആരാധിക്കുന്ന ഒരു ദിനം പോലുമുണ്ടെന്നും അദ്ദേഹം പറയുന്നു. ഈയടുത്ത കാലത്ത് ഇന്ത്യൻ കറൻസിയിൽ ഹിന്ദു ദൈവങ്ങളായ വിഘ്നേശ്വരനെയും സരസ്വതിയെയും ഉൾപ്പെടുത്തണമെന്നുള്ള ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയ പ്രസ്താവന ഈ ഘട്ടത്തിൽ ഓർക്കാവുന്നതാണ്. അതോടൊപ്പം ചേർത്തു വായിക്കാവുന്ന ഒന്നാണ് ഇന്ത്യൻ ഗവൺമെന്റ് നടപ്പിലാക്കിയ പോൺ ഫിലിം സൈറ്റുകളുടെ നിരോധനം. ചൈനയോടുള്ള പ്രതിഷേധ സൂചകമായി നിരോധിച്ച ടിക് ടോക് എന്ന ചൈനീസ് നിർമ്മിത സാമൂഹിക മാധ്യമം ഇന്ത്യൻ സ്ത്രീത്വത്തെ അപനിർമിക്കുന്ന ഒന്നുകൂടിയായിരുന്നു. നാണം,മാനം, ലിംഗപരമായ അച്ചടക്കം എന്നിവയെ അട്ടിമറിക്കാൻ ടിക് ടോകിന് സാധിച്ചു. ടിക് ടോക് നിരോധനത്തോടെ ആ പ്ലാറ്റ്ഫോമിലെ താരങ്ങൾ ഇൻസ്റ്റഗ്രാം പുതുതായി അവതരിപ്പിച്ച റീൽസിലേക്ക് കുടിയേറി. അവിടെയും മേൽപ്പറഞ്ഞ പൊളിച്ചെഴുത്തുകൾ നടക്കുന്നുണ്ടെങ്കിലും അത് ടിക് ടോകിനെ മാതൃകയാക്കുന്ന തരത്തിലല്ല പുരോഗമിക്കുന്നത്. സമൂഹത്തിലെ അരികുവൽകരിക്കപ്പെട്ടവർക്ക് വലിയ നിലയിൽ ദൃശ്യത നേടിക്കൊടുത്ത ടിക് ടോക്കിയൻ ഉദാരത ഇൻസ്റ്റഗ്രാമിനില്ല. 2020 ൽ ശാലിനി കന്തയ്യയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘Coded Bias’ എന്ന ഡോക്യുമെന്ററി ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയാ കണിശതകളുടെ അൽഗോരിതമികമായ കാര്യകാരണങ്ങൾ വിശദമാക്കുന്നുണ്ട്. പ്രാചീന ഗ്രീക്കിൽ ഉദയം കൊണ്ട ഗണിത ശാസ്ത്ര സങ്കേതങ്ങളെ ആധുനിക സമൂഹത്തിൽ അൽഗോരിതങ്ങളായി പുനഃസൃഷ്ടിക്കുമ്പോൾ അവയുടെ നിർമാതാക്കളിലെ ബഹുഭൂരിപക്ഷമായ വെള്ളക്കാരൻ പുരുഷനെ അവ ഒന്നാംതരമായി കണക്കാക്കുന്നു. വെളുത്ത സ്ത്രീ, കറുത്ത പുരുഷൻ, കറുത്ത സ്ത്രീ എന്നിവർ അവരോഹണ ക്രമത്തിൽ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. അൽഗോരിതമിക് വയലൻസിന് നിദാനമായ ഈ സെൽഫ് ഡെവലപിങ്ങ് സോഫ്റ്റ്‌വെയറുകളുടെ മറ്റുള്ള സാധ്യാസാധ്യതകൾ ഇനിയും പഠിക്കപ്പെടേണ്ടതും പുറത്തുകൊണ്ടുവരപ്പെടേണ്ടതുമാണ്. ധനസമ്പാദനരതിയിലേക്ക് തന്നെ തിരിച്ചു വന്നാൽ നാമെത്തിച്ചേരുന്നത്, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ട്വിറ്ററും യു ട്യൂബും പല തവണ വിലക്കിയ/വിലക്ക് തുടരുന്ന; നാല് തവണ ലോക കിക് ബോക്സിങ് ചാമ്പ്യനായി സ്വയം വിരമിച്ച; ലോകാസകലമുള്ള ആൺ കൗമാരങ്ങളുടെ ആരാധ്യബിംബമായ കുപ്രസിദ്ധ മെനിനിസ്റ്റ് ആൻഡ്ര്യൂ ടേറ്റിനെ പോലുള്ളവരിലേക്കാണ്. ധനത്തിന്റെ മൂല്യത്തെയും അതിന്റെ പെരുപ്പത്തെയും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഈ സോഷ്യൽ ഇൻഫ്ലുവൻസർ അൺ കൗമാരങ്ങളുടെ ഇടനെഞ്ചിൽ കയറിപ്പറ്റുന്നത് തങ്ങളെ സ്ഥിര മത്സരത്തിലേക്കും പെൺപ്രജകളെ തീരാവരികളിലേക്കുമായി വിഭജിച്ച ഇൻസ്റ്റഗ്രാം സംസ്കാരത്തിൻ്റെ കയ്പുനിറഞ്ഞ യാഥാർത്ഥ്യം വിളിച്ചുപറഞ്ഞുകൊണ്ടുകൂടിയാണ്.
ഫാസിസം : പരസ്പര പൂരണത്തിൻ്റെ സൂക്ഷ്മ രാഷ്ട്രീയം
‘ആൻ്റി’ ഈഡിപ്പസ്’ എന്ന കൃതിയെ ഫാസിസ്റ്റ് വിരുദ്ധ ജീവിതത്തിനുള്ള ഒരാമുഖമായാണ് മിഷേൽ ഫൂക്കോ വിശേഷിപ്പിക്കുകയുണ്ടായത്. മുൻപ് സൂചിപ്പിച്ച ഫാസിസ സംബന്ധിയായ വിൽഹം റീഹിൻ്റെ നിലപാടുകളോട് ചേർന്നു നിൽക്കുന്നവയാണ് ദെല്യൂസിൻ്റേതും. ഫാസിസം ജനതയെ വിഴുങ്ങുന്ന ഒരു ഭീമാകാര സ്വത്വം അല്ലെന്നും ജനത അതിന്റെ ഇച്ഛയാൽ തന്നെ ഫാസിസത്തെ വരവേൽക്കുക യാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മനുഷ്യൻ്റെ ഭയാശങ്കകളെയും ആകാംക്ഷകളെയും സമർത്ഥമായി മുതലെടുത്തുകൊണ്ടാണ് ഫാസിസം പ്രവർത്തിക്കുന്നത്. അത് കേവലം ഭരണകൂട കേന്ദ്രിതമായി മനസ്സിലാക്കപ്പെടുന്ന ഇന്ത്യൻ ബൗദ്ധിക മണ്ഡലം തീർച്ചയായും ഒരു മറുചിന്ത അർഹിക്കുന്നുണ്ട്. ഭാരതീയ ജനതാ പാർട്ടിയോ നരേന്ദ്ര മോദിയോ ഭരണമൊഴിഞ്ഞാൽ കൊഴിഞ്ഞുവീഴുന്ന ഒന്നായാണ് ഇവർ ഫാസിസത്തെ മനസ്സിലാക്കുന്നത്. മാതാപിതാക്കൾ കുട്ടികളോട്, അധ്യാപകർ വിദ്യാർത്ഥികളോട്, മുതിർന്നവർ ഇളയവരോട്, സമ്പന്നൻ അസമ്പന്നനോട് എന്നിങ്ങനെ നീണ്ടുകിടക്കുന്ന ഒന്നാണ് നിമ്നോന്നതികളുടെ പട്ടിക. ഏതാനും വർഷങ്ങൾക്കു മുൻപ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ചെലമേശ്വർ ഈ വിഷയത്തെ അഭിസംബോധന ചെയ്തത് വളരെ ശ്രദ്ധേയമായ ഒരു നടപടിയായിരുന്നു. ഭരണഘടന ഇന്ത്യയുടെ ഒരു ഉടയാട മാത്രമാണെന്നും അത് ലാക്കാക്കുന്ന ജനാധിപത്യം പുലരാൻ നൂറ്റാണ്ടുകൾ വേണ്ടിവരുമെന്നുമാണ് അദ്ദേഹം അന്ന് പ്രഖ്യാപിച്ചത്. ഇന്ത്യ പോലെ പിതൃമേധാവിത്വ കുടുംബ സംവിധാനം പൊതുവായ ഒരു രാജ്യത്ത് Kafkaesque ന് സമാനമായ ഒരു സ്ഥിതിവിശേഷം നിലവിലുണ്ട്. മോഹങ്ങൾക്കും കാമനകൾക്കും തടയിടുന്ന ഒന്നെന്ന നിലയിൽ തന്നെയാണ് സിഗ്മണ്ട് ഫ്രോയ്ഡ് “പിതാവിനെ എതിർക്കുന്നവൻ നായകനാണ്” എന്ന് പ്രസ്താവിക്കുന്നത്. “Art attracts us only by what it reveals of our most secret self” എന്ന Jean Luc Godard ൻ്റെ പ്രസ്താവനയും കാലത്തെ അതിലംഘിച്ച ഫ്രാൻസ് കാഫ്കയുടെ രചനാ ഭൂമികയെ സംബന്ധിച്ച് അർത്ഥവത്തായ ഒന്നാണ്. 1922 ജൂലൈ അഞ്ചിന് മാക്സ് ബ്രോഡിനെഴുതുന്ന കത്തിൽ “A non-writing writer is a monster courting insanity.” എന്ന് കുറിക്കുന്ന കാഫ്കയെ നമുക്ക് കാണാം (‘എഴുതാതിരിക്കുക എന്ന സാധ്യതയുടെ അസാധ്യത’ എന്നത് മൈനർ ലിറ്ററേച്ചറിനെ രൂപീകരിക്കുന്ന നാല് ഭാഷാശാസ്ത്ര അസാധ്യതകളിൽ ഒന്നാണ്) പിതൃഭയത്താൽ അടിച്ചമർത്തപ്പെട്ട തൻ്റെ ചോദനകളെ തീവ്രവും സങ്കീർണവും ദാർശനികവുമായ സാഹിത്യമായി രൂപപ്പെടുത്തുകയായിരുന്നു ഈയർത്ഥത്തിൽ കാഫ്ക ചെയ്തത്. പരസ്പരം ഉൾച്ചേർന്നതും അതേസമയം ഇഴപിരിഞ്ഞതുമായ ദില്യൂസിൻ്റെയും ഗൊത്താരിയുടെയും പ്രപഞ്ചവീക്ഷണവും കാഫ്കാ കൃതികളിൽ സന്നിഹിതമാണ്. ‘വ്യാഖ്യാനം’ എന്ന അധികാര മാതൃകയെ മറികടക്കാനുള്ള ന്യൂനപക്ഷത്തിൻ്റെ സാധ്യതയായാണ് ഇവർ കാഫ്കാ കൃതികളെ വിലയിരുത്തിയത്. ഇതിനെ വിശദമായി ചർച്ച ചെയ്യൂന്ന, ഇരുവരും ചേർന്നെഴുതിയ കൃതിയാണ് Kafka: Toward a Minor Literature.
അച്ചടക്ക സമൂഹവും നിയന്ത്രിത സമൂഹവും : വിവരസാങ്കേതിക കാലത്തെ കലർപ്പുകൾ
സർവ്വാധിപത്യപരമായ ഭരണകൂടത്തിന്റെ രൂപം മാറുകയും അവ പീഡനങ്ങളെയും പൊതുസമക്ഷമുള്ള തൂക്കിക്കൊലകളെയും കയ്യൊഴിയുകയും എന്നാൽ അതേസമയം നവീനമായ രീതിയിൽ വ്യക്തി ശരീരത്തെയും പൗരന്റെ മാനസിക നിലയെയും നിയന്ത്രിക്കുകയുമാണെന്ന് ഫൂക്കോ വാദിക്കുകയുണ്ടായി. ജയിലുകൾ, മാനസികാരോഗ്യ തടവറകൾ, സ്‌കൂളുകൾ, തൊഴിലിടങ്ങൾ, ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നവ മാനവികതയുടെ ഭാഗമായ “അച്ചടക്കം”, “നിരീക്ഷണം” എന്നീ സമ്പ്രദായങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയതെന്നും 1975-ൽ പുറത്തിറങ്ങിയ “അച്ചടക്കവും ശിക്ഷയും” എന്ന ഗ്രന്ഥത്തിൽ അദ്ദേഹം എഴുതി. ഫ്രഞ്ച് സമൂഹത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ നിരീക്ഷണം. എന്നാൽ അച്ചടക്ക സമൂഹം എന്നതിനപ്പുറം ഒരു നിയന്ത്രിത സമൂഹമായി ലോകം മാറിക്കഴിഞ്ഞു എന്നാണ് ദെല്യൂസ് വാദിച്ചത്. അക്കങ്ങളും പേരുകളും അപ്രത്യക്ഷമാവുകയും പകരം കോഡുകൾ പ്രത്യക്ഷപ്പെടുകയുമാണ് നിയന്ത്രിതമായ സമൂഹത്തിൽ സംഭവിച്ചത് എന്ന് അദ്ദേഹം വാദിച്ചു. നേരത്തെ സൂചിപ്പിച്ച ‘Coded Bias’, 2020 ൽ ജെഫ് ഒർലോവ്സ്കിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘Social Dilemma’ എന്നീ ഡോക്യുമെന്ററികൾ ഇതിന് അടിവരയിടുന്നവയാണ്. എന്നാൽ നിരീക്ഷണ ക്യാമറകളുടെ കാര്യത്തിൽ അടുത്തിടെയുണ്ടായ വിസ്ഫോടനകരമായ വളർച്ചയും (Coded Bias-ഈ വിഷയത്തെക്കൂടി കണക്കിലെടുക്കുന്ന ഒന്നാണ്) അതോടൊപ്പം തന്നെ യുവാൽ നോവാ ഹരാരിയെപ്പോലുള്ളവർ അപായ സൂചന നൽകുന്ന “ബിഗ് ഡാറ്റ” യുടെ മുന്നേറ്റവും (Social Dilemma ബിഗ് ഡാറ്റയെ ചർച്ചക്കെടുക്കുന്നുണ്ട്) നമ്മെ പരിപൂർണമായ ഒരു നിരീക്ഷണ-നിരീക്ഷിത സമൂഹമായി രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. അമൽ നീരദിന്റെ സംവിധാനത്തിൽ 2018 ൽ പുറത്തുവന്ന ‘വരത്തൻ’ എന്ന സിനിമ കേരളീയ സമൂഹത്തിലെ ഈ സ്ഥിതിവിശേഷത്തെ പ്രശ്നവൽകരിച്ച ഒന്നാണ്. അതുപോലെതന്നെ ഈയടുത്ത് കേരളാ പൊലീസിൻ്റേതെന്ന പേരിൽ പുറത്തുവന്ന – പിന്നീട് വ്യാജ വാർത്തയെന്ന് പൊലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ച – Watch your neighbor പദ്ധതിയും ഈയവസരത്തിൽ ശ്രദ്ദേയമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഫൂക്കോയുടെ ഉൾക്കാഴ്ചകളെ ദില്യൂസിൻ്റേതിനൊപ്പം തന്നെ പ്രസക്തമായി കണക്കാക്കേണ്ടതുണ്ട്.ജോർജ് ഓർവലിൻ്റെ ‘1984’ എന്ന നോവൽ, അൽഡസ് ഹക്സ്ലിയുടെ ‘ബ്രേവ് ന്യൂ വേൾഡ്’ എന്ന നോവൽ എന്നിവ ഒരേ നിലയിലും പല നിലയിലും പരസ്പരപൂരകമാവുന്നതിന് സമാനമായ ഒരന്തരീക്ഷമാണ് ഇവിടെയും കാണാനാവുന്നത്.
സാംസ്കാരിക സങ്കലനം : പ്രവചനാതീതതയും പ്രച്ഛന്നതയും
മാർക്സിൽ നിന്ന് ഗ്രാംഷിയിലൂടെ വളർന്ന ‘കൾചറൽ ഹെജിമണി’ എന്ന ആശയം ഇന്നും പ്രസക്തമാണ്. ആധിപത്യപരമായ ഒരു പ്രത്യയശാസ്ത്രം സമൂഹത്തിന്റെ പൊതുവായ മൂല്യബോധമായി നിലകൊള്ളുന്നു എന്നാണ് ഈ സിദ്ധാന്തം സ്ഥാപിക്കുന്നത്. അതിനായി വ്യക്തികളെ നിയന്ത്രിക്കുന്ന/നിർമിക്കുന്ന അനേകം ഭരണകൂട യന്ത്രങ്ങളും നിലനിൽക്കുന്നു എന്ന ഈ ഗ്രാംഷിയൻ ആശയത്തെ തന്നെയാണ് ഫൂക്കോയും ഒരുതരത്തിൽ പിൻപറ്റുന്നത്. ഇന്ത്യയെ നയിക്കുന്നത് ‘ബ്രാഹ്മണ്യമാണെന്ന്’ വാദിക്കുന്ന സ്വത്വവാദികളിലും കേരളത്തിന്റെ പൊതുബോധം ‘നായർ’ സാംസ്കാരികതയിൽ ഊന്നുന്നതാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന സാംസ്കാരിക വിമർശകരുമെല്ലാം മേൽപ്പറഞ്ഞ ധാരയുടെ തന്നെ പിൻതുടർച്ചയോ നിഴലുകളോ ആണ്. ഇവയെല്ലാം ഒരു പരിധിവരെ ശരിയാണെന്നിരിക്കെത്തന്നെയും സൈബർ യുഗത്തിൽ സ്ഥിതി കൂടുതൽ സങ്കീർണമാണ്. Netflix പോലുള്ള OTT പ്ലാറ്റ്ഫോമുകളിലൂടെ പ്രവഹിക്കുന്ന യൂറോപ്യൻ സംസ്കാരത്തിൻ്റെ പ്രഹരങ്ങളും Instagram തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ/അവയുടെ അൽഗോരിതങ്ങൾ നിർമിക്കുന്ന മിഥ്യാപരമായ ആനന്ദവും താരതമ്യാത്മകമായ നിരാശയുമെല്ലാം കലർന്ന ഒരു ലോകക്രമമാണ് നിലവിലേത്. മാറ്റത്തിന്റെ വേഗത വളരെക്കുറഞ്ഞ ഒരു കാലത്ത് നിലനിൽക്കുന്ന സ്ഥിതിയെക്കുറിച്ചുള്ള വിശദീകരണങ്ങളും വിശകലനങ്ങളും താരതമ്യേന എളുപ്പമുള്ളതും യാഥാർത്ഥ്യത്തോട് ഏറെക്കുറെ ചേർന്നു നിൽക്കാൻ സാധ്യതയുള്ളതുമായിരുന്നു. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് നാമിന്ന് കടന്നുപോവുന്നത്. ഭാവിയെ എന്നതുപോലെ വർത്തമാനകാലത്തെ നോക്കിക്കാണുന്നതിലും പ്രവചനത്തിൻ്റേതിനു സമാനമായ അസ്ഥിരത നാം നേരിടുന്നു. സമൂഹത്തിനു പൊതുവായി കൽപിക്കാവുന്ന തരം സവിശേഷതകൾ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
സാംസ്കാരികവും ബൗദ്ധികവുമായി ഒരു പരിധി വരെയെങ്കിലും നിലനിന്നിരുന്ന ഏകതാനതകളുടെ അഭാവം നമ്മളറിയാതെത്തന്നെ നമ്മളെ പിന്നിട്ടു കഴിഞ്ഞു. വ്യക്തിയുടെ സവിശേഷമായ അസ്തിത്വം ഇന്ന് മുൻപെങ്ങുമില്ലാത്ത വിധം സങ്കീർണവും വിഭജിതവുമാണ്. സമയത്തിൻ്റെ നവീനമായ ഈ കാലാവസ്ഥയെക്കുറിച്ചുള്ള അവബോധം കൂടുതൽ മെച്ചപ്പെട്ട ഒരു ലോകത്തെ വിഭാവന ചെയ്യുന്നവർക്ക് അനിവാര്യമായും ഉണ്ടാവേണ്ടതുണ്ട്. അസന്തുലിതാവസ്ഥകളെ നിർമിക്കുന്ന ആധിപത്യ ശക്തികൾ സമ്മിശ്രവും ആപേക്ഷികവും പ്രച്ഛന്നവുമായി നിലവിലിരിക്കുന്ന ഒരവസ്ഥയെ കുരുക്കഴിക്കുന്നതിൽ അസ്ഥിരതയെക്കുറിച്ചുള്ള ധാരണയല്ലാതെ മറ്റൊന്നും തുണയാവുകയില്ല. ആ നിലയിൽ സ്വയം പുതുക്കുകയെന്നതു പോലും ആത്മനശീകരണപരമായ ഒരു പ്രക്രിയയാണ്. പിന്നിട്ട ദിവസത്തെപ്പോലും അവജ്ഞതയോടെ നോക്കിക്കാണാൻ അത് നിങ്ങളെ നിർബന്ധിതമാക്കുന്നു.
അന്തർജ്ഞാനം : ചില സ്വകാര്യ ചിന്തകൾ
നിലനിൽക്കുന്ന എല്ലാ അപ്രവചനീയതകളെയും അമിതാവേശങ്ങളെയും ആധിപത്യങ്ങളെയും താണ്ടി കാലത്തിന് മുൻപേ കുതിക്കുന്ന ചിന്തകരെക്കുറിച്ച് ദില്യൂസ് സൂചിപ്പിക്കുന്നുണ്ട്. നീത്ഷേ, കീർക്കഗാർദ് തുടങ്ങിയ ഇത്തരം പോരാളികളെ ‘സ്വകാര്യ ചിന്തകർ’ എന്നാണ് ദില്യൂസ് വിശേഷിപ്പിക്കുന്നത്. സ്വയം നശിക്കുന്നവനും ഗുരുവിനെ ദുഷിപ്പിക്കുന്നവനുമാണ് ശിഷ്യൻ എന്ന ആശയത്തെ മുൻനിർത്തിയെന്നോണം തന്നിൽ നിന്നും അകലാനാണ് ‘സരതുഷ്ട്രയുടെ വചനങ്ങളി’ലൂടെ നീത്ഷേ പറയുന്നത്. “നിങ്ങളെല്ലാം എന്നെ നിഷേധിക്കുമ്പോൾ ഞാൻ നിങ്ങളിലേക്ക് തിരിച്ചു നടക്കും” എന്നാണ് സരതുഷ്ട്രയുടെ വചനങ്ങളിലൊന്ന്. “ഇനിയും പിറന്നിട്ടില്ലാത്ത പുത്തൻ പുലരിയുടെ യുവാക്കളെ” എന്ന അഭിസംബോധനയിൽ തൂടങ്ങി “കഴിയുന്നതും വേഗം എന്നെയങ്ങ് മറന്നുകളഞ്ഞേക്കുക” എന്നവസാനിക്കുന്ന ബെര്‍ത്തോള്‍ഡ് ബ്രഹ്തിൻ്റെ വാചകങ്ങളും “തൻ്റെ രചനാ ജീവിതിതത്തിൻ്റെ വർത്തമാനത്തിൽ താൻ തിരിച്ചറിയപ്പെടാതെ പോയതുപോലെ തന്നെ തിരിച്ചു പിടിക്കുന്ന – താൻ തൻ്റെ യഥാർത്ഥ കുടുംബത്തിൽ എത്തിച്ചേരുന്ന – കാലത്ത് അതേ കാലത്തിലെ മറ്റൊരുവൻ ദൃശ്യത നേടാതെ ഭാവിയെ തോടും എന്നുദ്ഘോഷിച്ച ഫെർണാണ്ടോ പെസ്സോവയും “നിങ്ങൾക്കിത് മനസ്സിലാവില്ല” എന്ന് തൻ്റെ കഥാസമാഹാരത്തെക്കുറിച്ച് സമകാലികരോട് പറഞ്ഞ വിക്ടർ ലീനസുമെല്ലാം സമ്മേളിക്കുന്നത് ഒരേ ബിന്ദുവിലാണ്. ദില്യൂസും ഗൊത്താരിയും വച്ചുപുലർത്തിയ ഈ പ്രതീക്ഷ സാഹിത്യവും, അതിനേക്കാളേറെ ചലച്ചിത്രങ്ങളും ഏറ്റെടുത്ത ഒരു വർത്തമാനകാലമാണ് നമുക്കു മുന്നിലുള്ളത്. A Beautiful Mind, The Dangerous Method, Black Mirror, Enter The Void, Fight Club, Her, Blade Runner 2049, Minority Report, MR. Nobody, Palm springs എന്നിങ്ങനെ എണ്ണത്തിലൊടുങ്ങാത്തവയെന്നോണം അവ വിശാലമാവുകയുമാണ്.
‘ദെലൂസും ഗൊത്താരിയും; സങ്കൽപനങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ 2022 ഡിസംബർ 19,20,21 എന്നീ ദിവസങ്ങളിലായി കേരള യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാറിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മലയാള വിഭാഗത്തിൻ്റെ ഗവേഷക ത്രൈമാസികയായ ‘ഭാഷാസാഹിതി’യിൽ അച്ചടിക്കപ്പെട്ടുവരികയും ചെയ്ത പ്രബന്ധം.
Featured Image: Mika Ruusunen
Bibliography
- അൻ്റോണിയോ ഗ്രാംഷി. രാഷ്ട്രീയ രചനകൾ, പ്രോഗ്രസ് ബുക്സ്, കോഴിക്കോട്, 2017
- ജോർജ് ഓർവെൽ. 1984, ഡി.സി ബുക്സ്, കോട്ടയം, 2021
- ഓഷോ. രതി-പണം-അധികാരം, പാപ്പിയോൺ, കോഴിക്കോട്, 2019
- പ്രദീപൻ പാമ്പിരികുന്നിൻ്റെ ലേഖനങ്ങൾ. കേരള സാഹിത്യ അക്കാദമി പബ്ളിക്കേഷൻ, തൃശൂർ, 2020
- പൗലോ ഫ്രെയർ. മർദ്ദിതരുടെ ബോധന ശാസ്ത്രം, പുസ്തക പ്രസാധക സംഘം, കോഴിക്കോട്, 2021
- പോക്കർ. പി.കെ. മാർക്സ് മുതൽ നെഗ്രി വരെ, ചിന്ത പബ്ളിക്കേഷൻ, തിരുവനന്തപുരം, 2014
- നിക്കോസ് കസാൻദ് സാക്കീസ്. ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം, ഡി.സി.ബുക്സ്, കോട്ടയം, 2018
- ഫ്രെഡറിക് നീഷെ. സരതുസ്ത്രയുടെ വചനങ്ങള്‍, മാതൃഭൂമി ബുക്സ്, തൃശൂർ, 2016
- നിസാർ അഹമ്മദ്. ഉണ്മയുടെ ഇടയൻ, ഇൻസൈറ്റ് പബ്ളിക്ക, കോഴിക്കോട്, 2021
- യുവാൽ നോവാ ഹരാരി. ഹോമോ ദിയൂസ്, ഡി.സി. ബുക്സ്, കോട്ടയം, 2019
- രാമചന്ദ്രൻ. ടി.കെ. ഇച്ഛയുടെ ശുഭാപ്തി, ടി.എൻ.ജോയ് ഫൗണ്ടേഷൻ, തൃശൂർ, 2020
- വിക്ടർ ലീനസിൻ്റെ കഥകൾ. ഡി.സി.ബുക്സ്, കോട്ടയം, 2014
- വിൽഹം റീഹ്. ഫാസിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം, പുസ്തക ഭവൻ, കണ്ണൂർ, 2010
- Anti-Oedipus: Capitalism and Schizophrenia. University of Minnesota Press, Minneapolis, London, 2000
- Kafka: Toward a Minor Literature, Gilles Deleuze & Félix Guattari, University of Minnesota Press, Minneapolis, London, 2003
- Roland Barthes, “Taking Sides” in his Critical Essays, translated by Richard Howard, Northwestern University Press, 1972
വെബ്സൈറ്റുകൾ
- അൻവർ ഹനീഫ. മൈനര്‍ സാഹിത്യവും ടെക്‌സ്ച്വല്‍ വയലന്‍സും: ഭാഷയുടെ കീഴാള ആഘോഷങ്ങളെക്കുറിച്ച്, https://campusalive.net/onminorliterature/
- ഷിനോദ് എൻ കെ. തത്വചിന്താമലയാളത്തിനു സംഭവിക്കുന്നത്,
https://wtplive.in/Current-Affairs/shinod-nk-note-on-philosophy-in-malayalam-language–3784 (2022) - സുനിൽ കുമാർ. മോഹം നടക്കാനിറങ്ങുമ്പോൾ, https://tibaq.in/schizo-sketching-1/ (2020)
- സുനിൽ കുമാർ. തൽക്ഷണതയുടെ രാഷ്ട്രീയം, https://tibaq.in/politics-of-immediation/ (2020)
- സുനിൽ കുമാർ. ഉത്തരം താങ്ങുന്നത് പല്ലിയല്ല, https://muzirizpost.com/news/12727/tk-sunilkumar-s-article-on-philosophical-thinking-in-malayalam (2022)
- സുനിൽ കുമാർ. ഫാസിസം ജനതയുടെ ഉത്സവമാണ്: ദല്യൂസിയൻ നിലപാടുകൾ, https://utharakalam.com/fascism+deleuze+ (2019)
- സുനിൽ കുമാർ. ഒറ്റ സ്‌ട്രോക്കിൽ ചില നൊമാഡിക് ചിന്തകൾ, https://tibaq.in/nomadic/ (2020)
- സുനിൽ കുമാർ. തത്വചിന്തയിലെ കണക്കപ്പിള്ളമാർ, https://tibaq.in/on-writing-philosphy/ (2020)
- സനൽ ഹരിദാസ്. ജനാധിപത്യ വിരുദ്ധമായ സമൂഹ ശരീരവും ഭരണഘടന എന്ന ഉടയാടയും, https://www.southlive.in/special-story/an-undemocratic-society-and-the-constitution (2020)
- https://books.sayahna.org/html/vinod-karshakasamaram-17.html
- Christopher Pollard. Explainer: the ideas of Foucault, https://theconversation.com/explainer-the-ideas-of-foucault-99758 (2019)
- EUGENE WOLTERS, 13 THINGS YOU DIDN’T KNOW ABOUT DELEUZE AND GUATTARI – PART I, http://www.critical-theory.com/deleuze-guattari-biography/ (2013)
ഡോക്യുമെന്ററികൾ
- The Pervert’s Guide to Cinema. directed and produced by Sophie Fiennes, scripted and presented by Slavoj Žižek, https://youtu.be/FYuI4SFw4g0 (2006)
- The Pervert’s Guide to Ideology. directed by Sophie Fiennes and written and presented by Slavoj Žižek, https://youtu.be/oBcFLmu_tlc (2012)
- Coded Bias. Directed by Shalini Kantayya, https://www.netflix.com/in/title/81328723?s=a&trkid=13747225&t=cp&vlang=en&clip=81427661 (2020)
- The Social Dilemma. Directed by Jeff Orlowski, https://www.netflix.com/in/title/81254224?s=a&trkid=13747225&t=cp&vlang=en&clip=81569073 (2020)
സിനിമകൾ, വെബ് സീരീസുകൾ
- A Beautiful Mind. Directed by Ron Howard, 1998
- A Dangerous Method. Directed by David Cronenberg, 2011
- Black Mirror. A British anthology television series created by Charlie Brooker, 2011-2019
- Blade Runner 2049. Directed by Denis Villeneuve, 2017
- Dark. co-created by Baran bo Odar and Jantje Friese, 2017-2020
*Enter The Void. Directed by Gaspar Noé, 2009
*Fight Club. Directed by David Fincher, 1999 - Her. directed by Spike Jonze, 2013
- MR. Nobody. Directed by Jaco Van Dormael, 2009
- Minority Report. Directed by Steven Spielberg, 2002
- Palm springs. Directed by Max Barbakow, 2020
- 1889. Created by Jantje Friese and Baran bo Odar, 2022
അഭിമുഖം
ആയുർരേഖ. ഏഷ്യാനെറ്റ് ന്യൂസ്, https://youtu.be/VyFQhthN1qE, 2014
തലക്കെട്ടിന് കടപ്പാട് : ഫ്രാൻസ് കാഫ്ക (I am a cage, in search of a bird)
Comments are closed.