[ശരീരത്തെയും ആത്മാവിനെയും കുറിച്ച നൈതികമായ ആലോചനകളെ മുന്‍നിര്‍ത്തി ഇമാം ഗസ്സാലി തത്വചിന്തയെ സമീപിച്ച രീതിയെയാണ് ഈ പഠനത്തില്‍ റോബര്‍ട്ട് ആമെസ് പരിശോധിക്കുന്നത്. ഇമാമിന്റെ രചനകളോട് കൂടി ഇസ്‌ലാമിക ലോകത്ത് തത്വചിന്ത അവസാനിച്ചു എന്ന പൊതുവായ വായനകളെ ചോദ്യം ചെയ്തുകൊണ്ട് ഇസ്‌ലാമിക തത്വചിന്താ പാരമ്പര്യത്തിന്റെ സങ്കീര്‍ണ്ണതകളെ അടയാളപ്പെടുത്തുകയാണ് ലേഖകന്‍ ചെയ്യുന്നത്]
ഒരാളെ തത്വചിന്തകനാക്കുന്ന ഘടകമെന്താണ്? ഓരോ കാലത്തും ജീവിച്ച തത്വചിന്തകരെ അടിസ്ഥാനപ്പെടുത്തിയാണ് പൊതുവെ തത്വചിന്ത നിര്‍വ്വചിക്കപ്പെടാറുള്ളത്. എന്നാല്‍ ആത്മജ്ഞാനം എന്ന അര്‍ത്ഥത്തില്‍ ആലോചിക്കുമ്പോള്‍ എങ്ങനെയായിരിക്കും നമ്മള്‍ തത്വചിന്തയെ നിര്‍വ്വചിക്കുക? അതിഭൗതികതയെയും യുക്തിപരതയെയും മാത്രം അടിസ്ഥാനപ്പെടുത്തി തത്വചിന്തയെ മനസ്സിലാക്കുന്നതില്‍ തീര്‍ച്ചയായും പരിമിതിയുണ്ട്.
പൗരാണിക തത്വചിന്തയെക്കുറിച്ച പുനര്‍വായനകള്‍ കാണിക്കുന്നത് ആധുനിക തത്വചിന്ത സിദ്ധാന്തങ്ങള്‍ക്കും സംവാദങ്ങള്‍ക്കും മാത്രമാണ് ഇടം നല്‍കുന്നത് എന്നാണ്. ആത്മ പരിപാലനവുമായി (self-care) ബന്ധപ്പെട്ട ആലോചനകള്‍ക്ക് അത് ഇടം നല്‍കുന്നില്ല. ഒട്ടുമിക്ക ഇസ്‌ലാമിക പണ്ഡിതരും മുസ്‌ലിം ലോകത്ത് തത്വചിന്ത നിരോധിക്കപ്പെട്ടെന്നും ഇമാം ഗസ്സാലിയാണ് അതിന് മുന്‍കൈയ്യെടുത്തതെന്നും വാദിക്കാനുള്ള ഒരു പ്രധാനപ്പെട്ട കാരണമിതാണ്. ഇമാമിന്റെ Incoherence of the Philosophers എന്ന കിതാബാണ് അതിനവര്‍ തെളിവായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ യുക്തിയെ (logic) അംഗീകരിക്കുന്ന ഇമാമിന്റെ പരമാനന്ദത്തെക്കുറിച്ച് വിശദീകരിക്കുന്ന (Felicity) കീമിയായി സാദാത്ത് എന്ന കിതാബില്‍ ഇബ്‌നുസീനയുടെ സ്വാധീനം വളരെ പ്രകടമാണ് എന്ന് കാണാന്‍ സാധിക്കും. അതുപോലെ ശരീരത്തിന്റെ ധര്‍മ്മത്തെക്കുറിച്ച ഇമാമിന്റെയും പൗരാണിക ഗ്രീക്ക്-റോമന്‍ തത്വചിന്തയുടെയും അന്വേഷണങ്ങള്‍ തത്വചിന്തയും ആത്മീയതയും തമ്മിലുള്ള വിഭജനത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.
തത്വചിന്തയോടുള്ള ഇമാം ഗസ്സാലിയുടെ സമീപനത്തില്‍ നിന്നും ഒരു ജീവിത രീതിയും ചിന്താ രീതിയുമൊക്കെയായി തത്വചിന്തയെ മനസ്സിലാക്കാവുന്നതാണ്. ശരീരവും മനസ്സുമായി ബന്ധപ്പെട്ട ഒരു വ്യവഹാരമായാണ് ഇമാം തത്വചിന്തയെ കണ്ടത്. നൈതികതയെയും ആത്മീയതയെയും കുറിച്ച ഇമാമിന്റെ സമീപനങ്ങളില്‍ നിന്ന് ഒരു തത്വചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം എന്ന് മനസ്സിലാക്കാവുന്നതാണ്. നിര്‍മ്മാണാത്മകമായ തത്വചിന്താ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. നൈതികതയെക്കുറിച്ച അദ്ദേഹത്തിന്റെ എഴുത്തുകള്‍ അതാണ് സൂചിപ്പിക്കുന്നത്.
മതത്തിനെതിരെ യുക്തിയെ ഇയര്‍ത്തിപ്പിടിക്കുന്ന ഒരു വ്യവഹാരമായാണ് തത്വചിന്ത പൊതുവെ വിലയിരുത്തപ്പെടുന്നത്. മതവും ആചാരങ്ങളും മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളില്‍ അതൃപ്തി പൂണ്ട് യുക്തപരമായ വിശദീകരണങ്ങളില്‍ സമാധാനം കണ്ടെത്തുന്നവരായാണ് തത്വചിന്തകരെ The Philosophy Book അടയാളപ്പെടുത്തുന്നത്. അതേസമയം പൗരാണിക ഗ്രീക്ക് കാലഘട്ടത്തില്‍ തത്വചിന്തയും മതവും തമ്മിലായിരുന്നില്ല സംഘര്‍ഷം നിലനിന്നിരുന്നത്. മറിച്ച്, തത്വചിന്തയും വാഗ്പാടവശാസ്ത്രവും (rhetoric) തമ്മിലായിരുന്നു. കാരണം, അക്കാലത്ത് ശരീരവും മനസ്സുമായി ബന്ധപ്പെട്ട ആലോചനകളെ പരിഗണിച്ചിരുന്ന തത്വചിന്താ സമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാദ കോലാഹലങ്ങള്‍ക്കായിരുന്നു വാഗ്പാടവശാസ്ത്രം പ്രാധാന്യം നല്‍കിയിരുന്നത്. ആത്മ വിമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അവിടെ പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ മതത്തിന്റെയും തത്വചിന്തയുടെയും നൈതിക-ജ്ഞാനശാസ്ത്ര സമീപനങ്ങള്‍ തമ്മില്‍ സംഘട്ടനം നിലനിന്നിരുന്നില്ല. അതിനാല്‍ തന്നെ ഇമാം ഗസ്സാലിയുടെ നൈതികതയെക്കുറിച്ച എഴുത്തുകള്‍ തത്വചിന്താപരം തന്നെയാണ്.
ഇമാം ഗസ്സാലിയും തത്വചിന്തയും
ഫ്രാങ്ക് ഗ്രിഫെല്‍ എഴുതുന്നു, ‘ ഇസ്‌ലാമില്‍ തത്വചിന്ത അവസാനിച്ചെന്ന പാശ്ചാത്യ വാദങ്ങള്‍ ഇമാം ഗസ്സാലിയുടെ The Incoherence of the Philosophers എന്ന കിതാബാണ് തെളിവായി ഉദ്ധരിക്കുന്നത്’. അതേസമയം തന്റെ ഗുരുവായ അല്‍-ജുവയ്‌നിയെപ്പോലെ പെരിപ്പാറ്റെറ്റിക് തത്വചിന്തയില്‍ നിന്ന് ഇമാമവര്‍കളും സ്വാധീനം ഉള്‍ക്കൊണ്ടിട്ടള്ളതായി പുതിയ പഠനങ്ങള്‍ കാണിക്കുന്നുണ്ട്. ഫ്രാങ്ക് ഗ്രിഫെല്‍ പറയുന്നത് അശ്അരി കലാമും ഇബ്‌നുസീനയുടെ തത്വചിന്താ സമീപനങ്ങളും ഒരേപോലെ ഇമാമില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ്. റോബര്‍ട്ട് വിസ്‌നോവ്‌സ്‌ക്കി എഴുതുന്നത് ഇമാം ഗസ്സാലിയുടെ ഗുരുവായ അല്‍-ജുവൈനിയടക്കമുള്ള അശ്അരി ദൈവശാസ്ത്ര പണ്ഡിതന്‍മാര്‍ ഇബ്‌നുസീനയുടെ തത്വചിന്തയെ സ്വീകരിച്ചിട്ടുണ്ട് എന്നാണ്. അശ്അരി ദൈവശാസ്ത്ര പണ്ഡിതന്‍മാരും ഫല്‍സഫയും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഫല്‍സഫക്ക് പുതിയ ജീവന്‍ നല്‍കുകയാണ് ചെയ്തത് എന്ന് ചുരുക്കം.
ഇഹ്യയിലെ നൈതികതയെക്കുറിച്ച ഇമാമിന്റെ അധ്യാപനങ്ങള്‍ തത്വചിന്താപരമായ ഉള്ളടക്കങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. ഇമാമവര്‍കള്‍ക്ക് ഒരുപാട് മുമ്പ് ജീവിച്ച അരിസ്റ്റോട്ടീലിയന്‍ തത്വചിന്തകനായ അല്‍-മിസ്‌കവായുടെ തഹ്ദീബുല്‍ അഖ്‌ലാഖ് എന്ന പുസ്തകം ഇമാമിന്റെ ആദ്യകാല രചനകളിലൊന്നായ മീസാനുല്‍ അമലിനെ ഏറെ സ്വാധീനിച്ചതായി അര്‍ക്കൂന്‍ എഴുതുന്നുണ്ട്. മറ്റൊരു പെരിപ്പാറ്റെറ്റിക്ക് തത്വചിന്തകനായ അല്‍-റഗീബ് അല്‍-ഇസ്ഫഹാനിയുടെ കിതാബുല്‍ ദാരിയ ഇലാ മകാരിം അല്‍-ശരീഅയും മീസാനുല്‍ അമലിന്റെ രചനയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. രണ്ട് കിതാബുകളിലും ഒരു വിദ്യാര്‍ത്ഥിയുടെ ധര്‍മ്മങ്ങളെക്കുറിച്ചാണ് പറയുന്നത്.
ഈയടുത്ത് പുറത്തിറങ്ങിയ കെന്നെത്ത് ഗാര്‍ഡന്റെ The First Islamic Reviver എന്ന പുസ്തകത്തില്‍ പറയുന്നത് ഇമാം ഗസ്സാലി തസവ്വുഫിനെ മോക്ഷത്തെക്കുറിച്ച ഫല്‍സഫയുടെ വീക്ഷണങ്ങളുമായി ബന്ധിപ്പിക്കുകയായിരുന്നു എന്നാണ്. നൈതികതയെയും തസവ്വുഫിനെയും കുറിച്ച ഇമാമിന്റെ എഴുത്തുകളില്‍ എത്രത്തോളം തത്വചിന്താപരമായ ഉള്ളടക്കങ്ങളുണ്ട് എന്നാണ് അദ്ദേഹം അന്വേഷിക്കുന്നത്: ‘ഗസ്സാലിയുടെ കാലത്ത് തസവ്വുഫ് ഒരു സൈദ്ധാന്തിക വ്യവഹാരം എന്നതിലുപരി പ്രായോഗിക രീതിയായിട്ടായിരുന്നു നിലനിന്നിരുന്നത്. അതുപോലെ ഇബ്‌നുസീനയുടെ ശിഫയടക്കമുള്ള ഫല്‍സഫയുടെ കിതാബുകളും സൈദ്ധാന്തിക ശേഖരം എന്ന അര്‍ത്ഥത്തിലല്ല രചിക്കപ്പെട്ടിരുന്നത്. മറിച്ച് യാഥാര്‍ത്ഥ്യത്തെക്കുറിച്ച വളരെ മൂര്‍ത്തമായ അകക്കാഴ്ച്ചകളാണ് അവ നല്‍കിയിരുന്നത്’ . പിറെ ഹാദോത്ത് സൂചിപ്പിച്ചത് പോലെ ആത്മീയ പ്രവര്‍ത്തനങ്ങളിലൂടെ മരണാനന്തര മോക്ഷത്തിന് വേണ്ടി നഫ്‌സിനെ പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഫല്‍സഫയെയും തസവ്വുഫിനെയും ആളുകള്‍ സമീപിച്ചിരുന്നത്. ഹാദോത്തിനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക തത്വചിന്ത ആത്മീയ ഉള്ളടക്കങ്ങളുള്ള ഒരു ജീവിതരീതിയായിട്ടാണ് ചരിത്രത്തില്‍ നിലനിന്നിട്ടുള്ളത്. മെറ്റാഫിസിക്‌സും ലോജിക്കും മാത്രമായി ചുരുക്കപ്പെട്ടതാണ് തത്വചിന്തയുടെ പരിമിതിയായി ഹാദോത്ത് ചൂണ്ടിക്കാണിക്കുന്നത്.
ഗാര്‍ഡെന്‍ പറയുന്നത് ഇമാം ഗസ്സാലിക്ക് മുമ്പുണ്ടായിരുന്ന സൂഫികള്‍ മരണാനന്തര ജീവിതത്തിലെ മോക്ഷവുമായി ബന്ധപ്പെട്ട പൊതുവായ മുസ്‌ലിം വിശ്വാസങ്ങള്‍ പങ്കുവെച്ചിരുന്നു എന്നാണ്. അതേസമയം സആദയുമായി (പരമാനന്ദം) ബന്ധപ്പെട്ട തത്വചിന്താപരമായ ആലോചനകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പൊതുവായി മനസ്സിലാക്കപ്പെടുന്ന മോക്ഷം എന്ന അര്‍ത്ഥത്തിലുള്ള നജാത്ത്. മീസാനുല്‍ അമലില്‍ ഇമാം ഉദ്ധരിക്കുന്ന സൂഫികള്‍ രണ്ടിനെയും വ്യത്യസ്തമായി മനസ്സിലാക്കുന്നില്ലെങ്കിലും ഇമാം അവയെ വേര്‍തിരിച്ചാണ് അടയാളപ്പെടുത്തുന്നത്. ഇബ്‌നുസീനയെ ഉദ്ധരിച്ചുകൊണ്ട് ഗാര്‍ഡന്‍ എഴുതുന്നു: ‘മരണനാന്തര ജീവിതത്തില്‍ രണ്ടുതരത്തിലുള്ള മോക്ഷമാണ് നിലനില്‍ക്കുന്നത്. സാധാരണ വിശ്വാസികളുടെ മോക്ഷമാണ് (നജാത്ത്) അതിലൊന്ന്. എന്നാല്‍ ഈ ജീവിതത്തില്‍ തന്നെ സൃഷ്ടാവിനെ അറിയാനും അനുഭവിക്കാനും കഴിയുന്നവര്‍ നേടിയെടുക്കുന്നത് സആദയാണ്. അല്ലാഹുവെക്കുറിച്ച അനുഭവപരമായ ജ്ഞാനമാണത് .
ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ ഇമാം ഗസ്സാലിയുടെ നൈതികതയെക്കുറിച്ച അധ്യാപനങ്ങളില്‍ ഇബ്‌നുസീനയുടെ സ്വാധീനം വളരെ പ്രകടമാണ്. ഇമാമിന്റെ കാലത്ത് ഫല്‍സഫയും തസവ്വുഫും യാഥാര്‍ത്ഥ്യവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നത് നൈതിക പരിശീലനത്തിലൂടെയാണ് (ethical training). അതേസമയം ഫല്‍സഫയിലൂടെയാണ് നൈതിക പരിശീലനത്തിന്റെ ലക്ഷ്യം അല്ലാഹുവെക്കുറിച്ച അനുഭവപരമായ ജ്ഞാനമാണ് എന്ന ആശയം അദ്ദേഹം വികസിപ്പിക്കുന്നത്. ഇമാം ഗസ്സാലിയെ സംബന്ധിച്ചിടത്തോളം അമലുകളിലുള്ള തീവ്രമായ ശ്രദ്ധയിലൂടെ സൂഫികള്‍ക്ക് മോക്ഷം കൈവരിക്കാന്‍ സാധിക്കും. അതേസമയം ഫല്‍സഫ ഇല്‍മും അമലും തമ്മിലുള്ള സങ്കലനത്തെയാണ് ശ്രദ്ധിക്കുന്നത്.
സന്ദേഹം, വിഷയി, യാഥാര്‍ത്ഥ്യം
ഈയടുത്ത് പുറത്തിറങ്ങിയ ചില പഠനങ്ങള്‍ ഇമാം ഗസ്സാലിയുടെ എഴുത്തുകളെ കാര്‍ട്ടീഷ്യന്‍ സന്ദര്‍ഭമായി (Cartesian moment) വിലയിരുത്തുന്നുണ്ട്. മുഹമ്മദ് അസ്ദ്പൂര്‍ എഴുതുന്നു: ‘ദെക്കാര്‍ത്തെയുടെ Meditations on First Philosophy വായിക്കുന്നവര്‍ക്ക് ഇമാം ഗസ്സാലിയുടെ രചനകളുമായി അതിനുള്ള സാമ്യതകളെ കണ്ടെത്താന്‍ സാധിക്കും . എന്നാല്‍ ആത്മജ്ഞാനവുമായി ബന്ധപ്പെട്ട ഇമാമിന്റെ ആലോചനകളാണ് ദെക്കാര്‍ത്തെയുടെ സന്ദേഹത്തില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. ദെക്കാര്‍ത്തെയില്‍ നിന്നും വ്യത്യസ്തമായി ഇമാം സന്ദേഹത്തെ ഒരു രീതിയായിട്ടല്ല (method) കാണുന്നത്. മുന്‍കിദു മിന ളലാല്‍ എന്ന കിതാബില്‍ ഇമാം മതത്തിന്റെ യാഥാര്‍ത്ഥ്യത്തെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. എല്ലാ മനുഷ്യരും ഫിത്വ്‌റയോടെയാണ് ജനിക്കുന്നതെന്നും മാതാപിതാക്കളാണ് അവരെ ജൂതരും ക്രിസ്ത്യാനിയുമൊക്കെയായി മാറ്റുന്നതെന്നുമാണ് ഇമാമവര്‍കള്‍ എഴുതുന്നത്. എന്നാല്‍ സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങളാണ് ഫിത്വ്‌റയെ തീരുമാനിക്കുന്നതെങ്കില്‍ പിന്നെ ഫിത്വ്‌റയുടെ സ്വഭാവമെന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നില്ല. മറിച്ച് തസവ്വുഫിലേക്ക് തിരിയുകയാണ് ഇമാം ചെയ്യുന്നത്. യാഥാര്‍ത്ഥ്യത്തെക്കുറിച്ച് മനസ്സിലാകണമെങ്കില്‍ തസവ്വുഫിന്റെ വഴിയിലൂടെ സഞ്ചരിക്കേണ്ടതുണ്ട് എന്നാണ് ഇമാമവര്‍കള്‍ പറയുന്നത്. അദ്ദേഹം എഴുതുന്നു: ‘സൂഫികള്‍ക്കാണ് അല്ലാഹുവിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ കഴിയുക എന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. ബാഹ്യമായ ജ്ഞാനം മാത്രമുള്ളവര്‍ക്ക് ഒരിക്കലും അത് സാധ്യമല്ല.’
ആത്മജ്ഞാനത്തെക്കുറിച്ച് മുന്‍കിദില്‍ ഇമാം ഗസ്സാലി എഴുതുന്നുണ്ട്. സ്വന്തത്തെക്കുറിച്ച അറിവിലൂടെയാണ് അല്ലാഹുവെക്കുറിച്ച അറിവ് കരസ്ഥമാക്കാന്‍ സാധിക്കുക എന്നാണ് ഇമാം പറയുന്നത്: ‘നീയല്ലാത്ത ഒന്നും നിന്നേക്കാള്‍ അടുത്തല്ല. സ്വയം നിനക്ക് നിന്നെക്കുറിച്ച അറിവില്ല എങ്കില്‍ മറ്റുള്ളവരെക്കുറിച്ച അറിവ് നിനക്കെങ്ങനെയാണ് ലഭിക്കുക?’ തന്റെ മുമ്പ് കഴിഞ്ഞുപോയ ഗ്രീക്ക്, ഇസ്‌ലാമിക തത്വചിന്താ പാരമ്പര്യങ്ങളെപ്പോലെ യാഥാര്‍ത്ഥ്യത്തെ അറിയാനുള്ള പ്രധാന വഴിയായി ആത്മാവിനെയാണ് ഇമാം അടയാളപ്പെടുത്തുന്നത്: ‘നിന്റെ യാഥാര്‍ത്ഥ്യം (ഹഖീഖത്ത്) എന്നത് ബാത്വിനിയായ നിന്റെ ആത്മാവാണ്. നമ്മളതിനെ ഹൃദയം എന്ന് വിളിക്കും. അതിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും വിശേഷണങ്ങളെക്കുറിച്ചുമുള്ള അറിവ് അല്ലാഹുവെക്കുറിച്ച് അറിവിലേക്കുള്ള വഴിയാണ്.’ ഇമാം ഗസ്സാലിയെ സംബന്ധിച്ചിടത്തോളം ആത്മജ്ഞാനമാണ് സആദയെ നിര്‍ണ്ണയിക്കുന്ന പരമപ്രധാനമായ ഘടകം. ദൈവിക സാന്നിധ്യത്തിലാണ് സആദ നിലില്‍ക്കുന്നത്. ഹസ്‌റത്തി ഉലൂഹിയ്യത്ത് എന്നാണ് ഇമാമവര്‍കള്‍ സആദയുടെ ഇടത്തെ വിശേഷിപ്പിക്കുന്നത്.
തുടർന്ന് വായിക്കുക: മതം, നൈതികത, തത്വചിന്ത; ആത്മാവിനെക്കുറിച്ചുള്ള ഇമാം ഗസ്സാലിയുടെ ആലോചനകൾ
വിവർത്തനം: സഅദ് സൽമി
Featured Image : Victoriano Izquierdo
Location: Alhambra, Spain
Comments are closed.