ഇബ്നു റുഷ്ദും ഇബ്നുൽ അറബിയുടെ ഗസ്സാലിയൻ ചിന്തയും
അരിസ്റ്റോട്ടിലിന്റെ ‘Physics’ന് എഴുതിയ സംക്ഷിപ്തത്തിൽ ഇമാം ഗസ്സാലിയുമായി തന്റെ ശാസ്ത്രീയ പദ്ധതികൾ എത്രത്തോളം സാമ്യത പുലർത്തുന്നുണ്ട് എന്ന് ഇബ്നു റുഷ്ദ് കൂടുതൽ വ്യക്തമാക്കുന്നുണ്ട്. ആ രചനയിൽ അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥത്തിന്റെ ആധികാരിക ശാസ്ത്ര സംബന്ധിയായ വിചാരങ്ങളെ പ്രതിഫലിപ്പിച്ച ഇബ്നു റുഷ്ദ് അതേസമയം പ്രസ്തുത ഗ്രന്ഥത്തിലെ അനാധികാരികവും (non-apodictical) വൈരുദ്ധ്യാത്മകവുമായ (dialectical) വശങ്ങളെ ബോധപൂർവം തമസ്ക്കരിക്കുന്നുമുണ്ട്. അതേസമയം സമാന രീതിശാസ്ത്രത്തിലൂടെ അരിസ്റ്റോട്ടിലിയൻ ചിന്താധാരക്ക് ഇമാം എഴുതിയ മഖാസിദുൽ ഫലാസിഫ മുന്നിൽ നിൽക്കുന്നത് കൊണ്ടുതന്നെ തന്റെ രചന വ്യർത്ഥമാണെന്ന് ഇബ്നു റുഷ്ദ് തിരിച്ചറിയുന്നുണ്ട്. ഇബ്നു റുഷ്ദ് എഴുതുന്നു: “ഇമാം ഗസ്സാലിയുടെ പ്രധാന ലക്ഷ്യം അരിസ്റ്റോട്ടിലിന്റെ അധ്യാപനങ്ങളെ മുൻനിർത്തിയുള്ള പ്രയോജനവൽക്കരണത്തിലൂടെ അല്ലാതെ നേട്ടമുണ്ടാക്കാനാകില്ലെന്ന് തന്റെ സമകാലീനരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു” (അൽ ജവാമിഉ ഫിൽ ഫൽസഫ). എന്നാൽ, ഇബ്നു റുഷ്‌ദിന്റെ വീക്ഷണപ്രകാരം ഇമാമിന് ആ ഒരു ലക്ഷ്യം സഫലീകരിക്കാനായിട്ടില്ല. ഇബ്നു റുഷ്ദ് അൽ ഫാറാബിയുടെ ഗ്രന്ഥ വ്യാഖ്യാനം പൂർത്തീകരിച്ച അതേവർഷം (ഹി. 552/ഏ.ഡി 1157) തന്നെയാണ് ഇമാം ഗസ്സാലിയുടെ അൽ മുസ്തസ്ഫക്കും അദ്ദേഹം വ്യാഖ്യാനമെഴുതുന്നത്. അരിസ്റ്റോട്ടിലിയൻ രചനകൾക്ക് ആവശ്യമായിരുന്നതിന് സമാനമായ പരിചയപ്പെടുത്തലുകൾ അക്കാലത്ത് ഇമാമിന്റെ രചനകൾക്ക് ആവശ്യമായിരുന്നില്ല. കാരണം, തന്റെ ചെറുകൃതികൾക്ക് പോലും വൻ സ്വീകാര്യത ലഭിച്ചിരുന്ന വിധം അക്കാലത്തെ ഏറ്റവും പ്രധാനിയായ പണ്ഡിതനായിരുന്നു ഇമാം ഗസ്സാലി (റ).
ഗസ്സാലിയൻ ചിന്താസരണി സ്പെയിനിൽ പ്രചാരം നേടാനുള്ള പ്രധാന ചാലകശക്തി അബൂബക്കർ ഇബ്നുൽ അറബിയായായിരുന്നു (ഹി. 468-543) (ശെയ്ഖുൽ ഇസ്‌ലാം മുഹ്‌യുദ്ദീൻ ഇബ്നു അറബി അല്ല). ഹിജ്‌റ 488ൽ ദമസ്‌ക്കസിൽ വെച്ച് ഗസ്സാലി ഇമാമിനെ കണ്ടുമുട്ടിയ ഇബ്നുൽ അറബി ബഗ്ദാദിൽ ദീർഘകാലം അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. സ്പെയിനിലെ മാലികികൾക്ക് ഗസ്സാലി തത്വചിന്തയോടും മിസ്റ്റിസിസത്തോടുമുണ്ടായിരുന്ന അത്ര അനുകൂലമല്ലാത്ത സമീപനത്തിൽ മാറ്റം വരുത്തുക എന്ന ദൗത്യം നിർവ്വഹിക്കേണ്ടിവന്ന ഇബ്നുൽ അറബി മാലികി പണ്ഡിതൻ തന്നെയായിരുന്നെങ്കിലും ദൈവശാസ്ത്രത്തിൽ ഗസ്സാലി ചിന്തയുടെയും രീതികളുടെയും അസാധാരണത്വം അഭിലഷിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തു. വ്യതിരിക്തമായ ആ ആശയങ്ങളുടെ വ്യാപനം മാലിക്കികൾക്കിടയിൽ സാധ്യമാക്കാൻ ഇമാമിന്റെ രചനകളുടെ ഒട്ടനവധി പുനരാഖ്യാനങ്ങൾ ഇബ്നുൽ അറബി രചിക്കുകയുണ്ടായി. ഇമാം ഗസ്സാലിയുടെ ‘തഹാഫുത്തുൽ ഫലാസിഫ’യുടെ ലളിത സംക്ഷിപ്തമായി ഇബ്നുൽ അറബി എഴുതിയ ‘അൽ അവാസിം മിനൽ ഖവാസിം’ അക്കൂട്ടത്തിൽ ശ്രദ്ധേയമാണ്. അബൂബക്കർ ഇബ്നുൽ അറബിയുടെ തത്വചിന്താ ഉത്സാഹത്തിന്റെ വിവിധ തുറകളെപ്പറ്റി അമ്മാർ ത്വാലിബി തന്റെ മോണോഗ്രഫിൽ വിശദീകരിക്കുന്നുണ്ട്. അൽ മൊഹാദുകൾ സ്പെയിനിൽ അധികാരത്തിലേറിയപ്പോൾ ഗസ്സാലി ഇമാമിന്റെ സമീപനങ്ങളെ രാജ്യത്തുടനീളം പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും അബൂബക്കർ ഇബ്നുൽ അറബിയുടെ ശിഷ്യഗണങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു.
ഇബ്നു റുഷ്‌ദിന്റെ ചിന്താപദ്ധതികളുടെ രൂപീകരണത്തിലും അബൂബക്കർ ഇബ്നുൽ അറബിക്ക് പങ്കുള്ളതായി കാണാം. അതുവഴി ഇമാം ഗസ്സാലിയിലേക്കും ഇബ്നു റുഷ്‌ദിന്റെ വേരുകൾ ചെന്നെത്തുന്നുണ്ട്. ഇബ്നു റുഷ്‌ദിന്റെ ജീവചരിത്ര ഗ്രന്ഥങ്ങളിലെല്ലാം സൂചിപ്പിക്കുന്ന ഒരു കാര്യം അദ്ദേഹത്തിന് തത്വശാസ്ത്രത്തിൽ ഒരേയൊരു ഗുരുനാഥനേ ഉണ്ടായിട്ടുള്ളുവെന്നതാണ്. അത് സെവിയ്യയിൽ ഇബ്നുൽ അറബിയുടെ ശിഷ്യനായിരുന്ന അബൂ ജഅഫർ ഇബ്നുൽ ഹാറൂൻ അൽ തുർജലിയാണ്. ഇബ്നു റുഷ്‌ദിനെ ഇബ്നുൽ അറബിയോട് വൈജ്ഞാനികമായി ബന്ധിപ്പിക്കുന്ന വ്യക്തി അൽ തുർജലി മാത്രമായിരുന്നില്ല. ഒരു ഗ്രന്ഥത്തിൽ തന്റെ ഒരു സഹപാഠി ഇബ്നുൽ അറബിയുടെ ശിഷ്യനായിരുന്നുവെന്ന് ഇബ്നു റുഷ്ദ് വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷേ ഇബ്നു റുഷ്ദ് തന്നെ ഇബ്നുൽ അറബിയുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയും നിഷേധിക്കാനാവില്ല. കാരണം ഹി. 542ൽ ഇബ്നു അറബി സെവിയ്യയിൽ നിന്ന് പോകുമ്പോൾ 21 വയസ്സുള്ള യുവാവായി മാറിയിരുന്നു ഇബ്നു റുഷ്ദ്.
അക്കാലത്തെ തത്വചിന്തയിൽ താൽപ്പര്യമുള്ള പുതിയ തലമുറ പണ്ഡിതരുടെ നിരയാണ് ഇബ്നു റുഷ്‌ദിലെ തത്വചിന്തകനെയും രൂപപ്പെടുത്തിയത്. ആ പുതുതലമുറ കടന്നുവന്നത് തത്വചിന്തയുടെ വിമർശന പദ്ധതികൾ ആവിഷ്‌ക്കരിച്ച അശ്അരീ വിശ്വാസ സരണിയിലൂടെയായിരുന്നു. നിശാപൂരിലെ നിസാമിയ്യയിൽ നിന്ന് ഇമാമുൽ ഹറമൈനിയിലൂടെ പ്രാരംഭം കുറിച്ച് ഇമാം ഗസ്സാലിയിലൂടെ ബാഗ്ദാദിൽ പ്രചാരം സിദ്ധിച്ച തത്വചിന്തയുടെ അശ്അരീ വിമർശന ശൃംഖലയിലൂടെ കടന്നുവന്ന ആ പുതുതലമുറ പണ്ഡിതനിരയിൽ ഇബ്നു റുഷ്ദിനെ കൂടാതെ അൽ ഷഹ്റസ്താനി, ഇബ്നു ഖൈലാൻ അൽ ബൽഖി, ഫഖ്റുദ്ദീൻ റാസി, ഇബ്നു തുമാർത്ത് എന്നീ പണ്ഡിതരുമുണ്ടായിരുന്നു. തന്റെ ഗുരുനാഥനായ അൽ തുർജലിയുടെ ഗുരുവായ അബൂബക്കർ ഇബ്നുൽ അറബിയിലൂടെ അദ്ദേഹത്തിന്റെ ഗുരുവായ ഇമാം ഗസ്സാലിയുമായി മൂന്നാം തലമുറ ഗുരു ശിഷ്യബന്ധം സ്ഥാപിക്കുന്നുണ്ട് ഇബ്നു റുഷ്ദ്. ആ ഒരു പണ്ഡിത പാരമ്പര്യത്തിലൂടെ കടന്നുവന്ന ഇബ്നു തുമാർത്ത് സ്ഥാപിച്ച അൽ മൊഹാദ് ഭരണകൂടത്തിലെ അവിഭാജ്യ സാന്നിധ്യമായിരുന്നു ഇബ്നു റുഷ്ദ്. കൊർദോവയിലെയും സെവിയ്യയിലെയും ജഡ്ജിയായും ശേഷം ഹി. 578ൽ സ്പെയിനിലെ ചീഫ് ജസ്റ്റിസായും ഇബ്നു റുഷ്ദ് അവരോധിക്കപ്പെടാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ സർക്കാർ ഉദ്യോഗസ്ഥ കുടുംബ പശ്ചാത്തലവും മതനിയമങ്ങളിലെയും തത്വചിന്തയിലെയും പാണ്ഡിത്യവും മാത്രമല്ല, മറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ഇബ്നുൽ അറബിയുടെയും ഇമാം ഗസ്സാലിയുടെയും പരോക്ഷ ശിഷ്യത്വവും കൂടിയായിരുന്നു.
മാലികീ പണ്ഡിതർക്കിടയിൽ നിലനിന്നിരുന്ന തത്വജ്ഞാന വിമർശം ആ പാരമ്പര്യത്തിലൂടെ തന്നെ വളർന്നുവന്ന മുസ്‌ലിം ദൈവശാസ്ത്രത്തിൽ കാതലായ വിചിന്തനങ്ങൾക്ക് നാന്ദികുറിച്ച ഒരാളിലൂടെ തന്നെ മാറ്റിപ്പണിയുകയെന്ന അൽ മൊഹാദ് അജണ്ടയിലെ ക്ളൈമാക്സ് ആയിരുന്നു ഇബ്നു റുഷ്ദ്. മുപ്പത്തിയൊന്നാം വയസ്സിൽ ‘അൽ മുസ്തസ്ഫ’യുടെ സംക്ഷിപ്തമെഴുതിയ ഇബ്നു റുഷ്ദ് അന്ന് നിലനിന്നിരുന്ന പണ്ഡിത അസ്വാരസ്യങ്ങളെ സംബന്ധിച്ച് ബോധവാനായിരുന്നു. അതുകൊണ്ടുതന്നെ കർമശാസ്ത്ര തത്വങ്ങളിലേക്കുള്ള പ്രവേശികയായി ഇബ്നു റുഷ്ദ് സ്വീകരിച്ചത് ഇമാം ഗസ്സാലിയുടെ അൽ മുസ്തസ്ഫയായിരുന്നു. അതിന്റെ പ്രേരണാ ഘടകം, അന്നത്തെ ഇബ്നു റുഷ്‌ദിന്റെ സാഹചര്യം ‘അൽ മുസ്തസ്ഫ’ എഴുതപ്പെട്ട ഹിജ്‌റ ആറാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലെ ഇമാം ഗസ്സാലിയുടേതിനു സമാനമായിരുന്നു എന്നതായിരുന്നു. അൽ മുസ്തസ്ഫ എഴുതപ്പെട്ട ഘട്ടത്തിൽ ഇമാം ഗസ്സാലിക്കും സൽജൂഖുകൾക്കും സുന്നീ ഇസ്‌ലാമിനുമെതിരെ വിമർശനങ്ങൾ ഉയർത്തിക്കൊണ്ടുവന്നവരാണ് തീവ്ര സന്ദേഹവാദികളായിരുന്ന (radical sceptists) ഇസ്മാഈലീ ശീഅകൾ. ശരിയായ ജ്ഞാനം ഇസ്മാഈലീ ഇമാമിന്റെ (ഇമാം ഇസ്മാഈൽ ബിൻ ജഅഫർ) പ്രവാചക ഉൾക്കാഴ്ചയിലൂടെ മാത്രമേ വെളിപ്പെടുകയുള്ളൂ എന്ന അവരുടെ വാദത്തിൽ നിന്ന് മത പാഠങ്ങൾക്ക് രക്ഷപ്രാപിക്കാനുള്ള ഒരേയൊരു മാർഗം സന്ദേഹരഹിതമായ (Indubitablity) രീതിശാസ്ത്രത്തിലൂടെ അവയെ പാകപ്പെടുത്തുക എന്നത് മാത്രമാണെന്ന് ഇമാം ഗസ്സാലി (റ) തിരിച്ചറിയുകയും കർമശാസ്ത്ര നിദാനശാസ്ത്ര ഗ്രന്ഥമായ ‘അൽ മുസ്തസ്ഫയിൽ’ സുദീർഘമായ വിശകലനം പ്രസ്തുത വിഷയത്തിൽ അവതരിപ്പിക്കുകയും ചെയ്തു. സമാനമായി സ്പെയിനിലെ മുസ്‌ലിംകൾക്കിടയിൽ വളരെ മുമ്പേ വേരോടിയ യുക്തിസന്ദേഹ വാദത്തിലൂടെ തത്വചിന്തയെ ശത്രുതാപരമായി നോക്കിക്കണ്ട ഒരു സാമൂഹിക ക്രമത്തെയായിരുന്നു ഇബ്നു റുഷ്‌ദിനും അഭിമുഖീകരിക്കേണ്ടി വന്നത്.
ഇമാം ഗസ്സാലി-ഇബ്നു റുഷ്ദ്: താത്വിക തർക്കങ്ങളുടെ അടിസ്ഥാനങ്ങൾ
ഗസ്സാലി ഇമാമും ഇബ്നു റുഷ്ദും വിയോജിക്കുന്ന ഇടങ്ങളുടെ പർവ്വതീകരണത്തിലൂടെയാണ് രണ്ടുപേർക്കുമിടയിലെ ദ്വന്ദരൂപീകരണം പലരും നിർവ്വഹിച്ചത്. ഫിലോസഫി ഒരു പ്രകടനാത്മക ശാസ്ത്രമല്ലെന്നും (demonstrative science ) വൈരുദ്ധ്യാത്മക വാദങ്ങളാൽ (dialectical arguments ) ഏകീകരിക്കപ്പെട്ട ജ്ഞാനമാണെന്നും ഇമാം തഹാഫുത്തിൽ വാദിച്ചു. അതിലൂടെ ഫിലോസഫി എല്ലാവർക്കും പ്രാപ്തമല്ലെന്നും അദ്ദേഹം സമർത്ഥിച്ചു. എന്നാൽ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് തത്വശാസ്ത്രം പ്രകടനാത്മക ശാസ്ത്രം തന്നെയാണെന്ന് ‘തഹാഫുത്തുത്തഹാഫുത്തി’ൽ ഇബ്നു റുഷ്ദ് ഖണ്ഡിച്ചു. കർമശാസ്ത്രപരമായി രണ്ടുപേർക്കുമിടയിലെ വിയോജിപ്പും ഉപരിസൂചക തർക്കത്തിൽ നിന്നും രൂപപ്പെട്ടതാണ്. കർമശാസ്ത്ര ജ്ഞാനം നിയമങ്ങൾ (ഖവാനീൻ), സന്ദർഭങ്ങൾ (അഹവാൽ) എന്നിവയുടെ പ്രയോജന വൽക്കരണത്തിലൂടെയാണ് സാധ്യമാവുകയെന്ന് രണ്ടുപേരും അംഗീകരിക്കുന്നുണ്ടെങ്കിലും അവയുടെ അവതരണ വിഷയത്തിൽ ഇമാമിനോട് ഇബ്നു റുഷ്ദ് വിഘടിച്ചുനിൽക്കുന്നുണ്ട്. തത്വചിന്തയിലെ സാങ്കേതിക പദാവലികളെ നിരാകരിച്ച് മതശാസ്ത്രയുക്തമായ പദാവലികൾ ഉപയോഗിച്ചുള്ള നൂതന സങ്കേതം നിർമിക്കാനുള്ള ഗസ്സാലി ഇമാമിന്റെ യത്നങ്ങളെ തിരസ്ക്കരിച്ച ഇബ്നു റുഷ്ദ് ഇമാമിന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിലുള്ള സുദീർഘമായ രീതിശാസ്ത്ര വിവരണം പ്രസ്തുത ഗ്രന്ഥത്തിന്റെ സംക്ഷിപ്ത വ്യാഖ്യാന ഗ്രന്ഥത്തിൽ പരാമർശിക്കാതെ പോകുന്നുണ്ട്. എന്നാൽ അതേവർഷം തന്നെയാണ് അൽ ഫാറാബിയുടെ ഗ്രന്ഥത്തിന് തത്വശാസ്ത്രത്തിന്റെ പ്രാമാണിക പദാവലി ഉപയോഗിച്ച് ദീർഘമായ ആമുഖം ഇബ്നു റുഷ്ദ് നൽകുന്നത്. ഇമാമിന്റെ മതശാസ്ത്ര പദാവലിയോടുള്ള വിയോജിപ്പ് കൊണ്ടാണ് അദ്ദേഹം അപ്രകാരം ചെയ്തതെന്ന് അതിലൂടെ വ്യക്തമാണ്. ഇമാമിന്റെ പദാവലിയുടെ (terminology) ഒരു ഉദാഹരണം: നിർവ്വചനത്തിന് (definition) തത്വചിന്തകർ ഉപയോഗിക്കുന്ന ‘ഹദ്ദ്’ എന്ന പദത്തിന് പകരം സത്യം എന്നർത്ഥം വരുന്ന ‘ഹഖീഖത്ത്’ എന്ന പദമാണ് ഇമാം ഉപയോഗിക്കുന്നത്.
ഇജ്തിഹാദ് (ഗവേഷണം) തഖ്ലീദ് (ഗവേഷകരെ പിൻപറ്റൽ) എന്നിവയുമായി ബന്ധപ്പെട്ടും ഇരുവർക്കുമിടയിൽ വിയോജിപ്പുകളുണ്ട്. എല്ലാവരും തഖ്‌ലീദ് നിർവ്വഹിക്കണമെന്ന വാദത്തെ ഇമാം തള്ളിപ്പറഞ്ഞു. സാധാരണ ജനങ്ങളും ഇജ്തിഹാദിന്റെ യോഗ്യതയൊക്കാത്ത പണ്ഡിതന്മാരും തഖ്‌ലീദാണ് ചെയ്യേണ്ടതെന്നും എന്നാൽ യോഗ്യരായവർ ഇജിതിഹാദ് തന്നെയാണ് നിർവ്വഹിക്കേണ്ടതെന്നും ഇമാം ‘അൽ മുസ്തസ്ഫയിൽ’ സമർത്ഥിച്ചു. ‘ള്വളറൂരിയ്യി’ൽ ഇബ്നു റുഷ്ദ് ഇജ്തിഹാദ്-തഖ്‌ലീദിനെ മൂന്നായി തരംതിരിക്കുന്നതായി കാണാം. എല്ലാവർക്കും ഇജ്‌തിഹാദിന്റെ അഭിലാഷമുണ്ടാകണമെന്ന് അഭിപ്രായപ്പെടുന്ന അദ്ദേഹം, ആദ്യവിഭാഗമായി പറയുന്നത് മതശാസ്ത്ര വിഷയങ്ങളിൽ തീർപ്പുപറയാൻ അറിയാത്ത സാധാരണ ജനവിഭാഗമാണ്. മുജ്തഹിദുകളുടെ വിധിതീർപ്പുകളും തീരുമാനങ്ങളും പ്രചരിപ്പിക്കേണ്ട പണ്ഡിതവിഭാഗമാണ് രണ്ടാമത്തേത്. മൂന്നാം വിഭാഗമാണ് മുജ്തഹിദുകൾ. ഇജ്മാഇനെ കളങ്കമേൽക്കാത്ത നിയമവഴിയായി സ്വീകരിക്കുന്നിടത്ത് രണ്ടുപേർക്കും എതിർപ്പുണ്ട്. അതിനുള്ള കാരണം, അവരെ സംബന്ധിച്ചിടത്തോളം ഏകവ്യക്തിയോ കൂട്ടമോ അബദ്ധങ്ങളിൽ നിന്നും മുക്തമാകണമെന്നില്ല എന്നതാണ്. എങ്കിൽ പോലും ഇജ്മാഇനെ രണ്ടുപേരും അംഗീകരിക്കാനുള്ള ന്യായം മുസ്‌ലിം സമൂഹം ഒന്നടങ്കം പാപങ്ങളിൽ സംഘടിക്കില്ല എന്ന പ്രവാചക വചനമാണ് (അൽ മുസ്തസ്ഫ 1:173), (അൽ ള്വറൂരിയ്യ് 91). എന്നാൽ ഇജ്മാഇനെ നിഷേധിക്കുന്നവന് മതഭ്രഷ്ട് കല്പിക്കാനാകില്ലെന്ന് ഇമാം പറഞ്ഞതായി ‘ഫസ്‌ലുൽ മഖാലി’ൽ ഇബ്നു റുഷ്ദ് വ്യക്തമാക്കുന്നുണ്ട്. അതേ അഭിപ്രായം അരിസ്റ്റോട്ടിലിന്റെ ‘Rhetoric’ന്റെ വ്യാഖ്യാനത്തിലും ഇബ്നു റുഷ്ദ് പറയുന്നുണ്ട്. ദ്വയാർത്ഥ വ്യാഖ്യാനത്തിനുതകുന്ന ‘അൽ മുസ്തസ്ഫ’യിലെ തൽസംബന്ധിയായ പരാമർശം ഗ്രഹിക്കുന്നിടത്ത് ഇബ്നു റുഷ്‌ദിനുണ്ടായ ആ ഒരു അഭിപ്രായ വ്യത്യാസം മുസ്‌ലിംകൾക്കിടയിൽ രണ്ടുപേർക്കുമിടയിലെ ബന്ധത്തിൽ വിള്ളലുകൾ തീർക്കുകയുണ്ടായി.
തഅവീലുമായി (ഖുർആനിനെ വ്യാഖ്യാനിക്കൽ) ബന്ധപ്പെട്ടും സമാനമായൊരു തർക്കപരിസരമുണ്ട്. അതിനുള്ള സന്ദർഭം ഇങ്ങനെയായിരുന്നു: അഞ്ചാം നൂറ്റാണ്ടിലെ ഒരു വിഭാഗം അഞ്ച് വഖ്ത്ത് നമസ്ക്കാരം നിർവ്വഹിക്കേണ്ടതില്ലെന്ന് വാദിച്ചു. അതിനവർ ന്യായമായി പറഞ്ഞത് നമസ്‌കാരത്തിന് സന്നദ്ധമല്ലാത്ത അവസ്ഥയിൽ ആർക്കും നമസ്ക്കാരം നിർബന്ധമില്ലെന്നാണ്. അധിക സമയവും മുഷിഞ്ഞ അവസ്ഥയിലുള്ള അവർക്ക് സ്വാഭാവികമായും നമസ്ക്കാരം നിർബന്ധമില്ല എന്ന സംഗ്രഹത്തിലേക്കാണ് അവർ അങ്ങനെ എത്തിയത്. എന്നാൽ ഗസ്സാലി ഇമാം ഇതിനെ ശക്തമായി എതിർക്കുകയുണ്ടായി. അദ്ദേഹമതിന് മറുപടി നൽകിയത് ഒരു ഖുർആനിക വചനം കൊണ്ടായിരുന്നു: “എന്താണ് നിങ്ങളെ നരകവാസികളാക്കിയത്? അവർ പറയും: ഞങ്ങൾ നമസ്‌ക്കരിക്കുന്നവർ ആയിരുന്നില്ല (ഖുർആൻ 74:42). എന്നാൽ ആ വചനത്തിന് അവർ ന്യായീകരണം നൽകിയത് അത് ഭാഷാർത്ഥത്തിൽ ഗ്രഹിച്ചെടുക്കേണ്ട ഒരു സൂക്തമല്ല, മാത്രമല്ല, അതിന്റെ അർത്ഥം മുസ്‌ലിംകളായിരുന്നില്ല എന്നുമായിരുന്നു. ആ ന്യായീകരണത്തിനുള്ള നിദാനമായി അവർ ഉന്നയിച്ചത് അവിശ്വാസികൾ മാത്രമേ നരകവാസികളാകൂ എന്ന വാദമാണ്. അതുകൊണ്ട് നമസ്‌ക്കരിക്കുന്നില്ലെങ്കിലും വിശ്വാസമുള്ളതുകൊണ്ട് ആ സൂക്തത്തിലെ പ്രതിപാദ്യ വിഷയം തങ്ങൾക്ക് ബാധകമല്ല എന്നായിരുന്നു അവരുടെ നിലപാട്. ഇമാം ആ ഒരു നിലപാടിനെ മൗലികമായി തന്നെ നിരാകരിച്ചു. എന്നാൽ ഇബ്നു റുഷ്ദ് അവരുടെ വ്യാഖ്യാന സാധുത അംഗീകരിക്കുകയും ഇപ്രകാരം എഴുതിവെക്കുകയും ചെയ്തു: “ഇത്തരം സന്ദർഭങ്ങളിൽ ഇമാം ഗസ്സാലി ഭാഷാർത്ഥ സംഗ്രഹത്തിനു പകരം യുക്തി ആധാരമാക്കിയുള്ള വ്യാഖ്യാനത്തിന് മുതിർന്നില്ല “(അൽ ള്വറൂരിയ്യ്). ഇമാമിന്റെ വ്യാഖ്യാന രീതിശാസ്ത്രത്തിന്റെ അതിരുകൾ ഇബ്നു റുഷ്‌ദിന് സ്വീകാര്യമായിരുന്നില്ല എന്നത് വ്യക്തമാണ്. ഭാഷാർത്ഥത്തിനപ്പുറം യുക്തി അനുസൃതമായി വ്യാഖ്യാനങ്ങളെ സ്വീകരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതുവഴി രൂപകങ്ങൾ (allegory) മുൻ നിർത്തിയുള വ്യാഖ്യാനത്തിന് സുതാര്യമാണ് ഖുർആൻ എന്നദ്ദേഹം വാദിച്ചു. എന്നാൽ ആ വിഷയത്തിൽ ഇബ്നു റുഷ്ദിൽ നിന്ന്ഇമാം ഗസ്സാലിയെ (റ) വ്യത്യസ്തമാക്കിയിരുന്നത് അദ്ദേഹത്തിന്റെ കണിശതയായിരുന്നു.
മുസ്‌ലിം പണ്ഡിത സമൂഹത്തിനിടയിൽ സാധാരണമായ അത്തരം അഭിപ്രായ ഭിന്നതകളെ പർവ്വതീകരിച്ചും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തും അവയെ പരസ്പരം ഇമാം ഗസ്സാലി-ഇബ്നു റുഷ്ദ് ഭിന്നചേരികളാക്കി ഇസ്‌ലാമിക ലോകത്ത് തത്വചിന്താപരമായും ദൈവശാസ്ത്രപരമായും ബൈനറി സൃഷ്ടിക്കാനുള്ള വ്യഗ്രതയാണ് മാർക്വേസ് മുള്ളറുടെയും, സലോമോൺ മങ്കിന്റെയും, ഏണസ്റ്റ് റെനന്റെയും ശ്രമങ്ങളിലൂടെ വെളിപ്പെടുന്നത്. ഇബ്നു റുഷ്ദ് ഇമാം ഗസ്സാലിയുടെ ഏതെങ്കിലും സമീപനങ്ങൾക്കെതിരെ ഗുരുതരമായ കടന്നാക്രമണം നടത്തുകയോ രൂക്ഷവിമർശനം നിർവ്വഹിക്കുകയോ ചെയ്യുന്നില്ല. വിയോജിപ്പ് നിലനിന്ന ഇടങ്ങളിൽ അവ പരസ്യമായി പ്രകടിപ്പിക്കാതെ വിമർശന സാധ്യത വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നിയോ-പ്ലാറ്റോണിക് തത്വചിന്തക്ക് ഇസ്‌ലാമിക ചിന്താസംവാദങ്ങളിലൂടെ ബദൽ നിർദ്ദേശിച്ച ഇമാം ഗസ്സാലിക്കെതിരെ രൂപപ്പെട്ട ഓറിയന്റലിസ്റ്റ് അക്കാദമിക്സിന്റെ ഭാഗമായാണ് ആ യത്നങ്ങളിൽ പലതും ഉണ്ടായത്. ആത്മീയതയും ദൈവശാസ്ത്രവും കൂട്ടുപിടിച്ചുള്ള ഗസ്സാലിയൻ തിരുത്തുകൾ ദഹിക്കാത്ത ജൂലിയൻ ബാൻഡിക്കിനെ പോലുള്ളവർ അദ്ദേഹം സൽജൂക്കുകളുടെ രാഷ്ട്രീയ ആയുധമായിരുന്നു എന്നുവരെ പ്രസ്താവിച്ചിട്ടുണ്ട്. അതുവഴി മതാന്ധത ബാധിച്ച അപരിഷ്‌കൃതനും, ആന്റി ഇന്റലെക്ച്വലുമായി ഇമാമിനെ വരച്ചെടുക്കാനുള്ള അവസരം തുറന്നിടുകയുമായിരുന്നു ഒറിയന്റലിസം.
ഭാഗം ഒന്ന്: ഇമാം ഗസ്സാലിയും ഇബ്നു റുഷ്ദും: വൈരുദ്ധ്യങ്ങൾക്കപ്പുറത്തെ ഗ്രിഫലിയൻ സാധ്യതകൾ
റെഫറൻസ്:
- ഫൈസലുതഫ്രിഖ ബൈനൽ ഇസ്‌ലാമി വസ്സൻദഖ
- അൽ മുസ്തസ്വ് ഫ മിൻ ഇൽമിൽ ഉസൂൽ
- അൽ ള്വറൂരിയ്യ് ഫീ ഉസൂലിൽ ഫിഖ്ഹ്
- അൽ മുൻഖിദു മിന ള്ള്വലാൽ
- ഫസ്വ് ലുൽ മഖാൽ
- തഹാഫുത്തുൽ ഫലാസിഫ
- The relationship between Averroes and al Gazali – Frank Griffel
- Medieval philosophy and classical tradition – John Inglis
- The debate between Salomon Munk and Henrich Ritter – Chiara Adorisio
- The Philosophy and Theology of Averroes: Tractate- Marques Muller
- Ibnu Rushd vs Ghazali: Did the Muslim world take a wrong turn? – Dr.Amir Bhatt
Featured Image: Rumman Amin
Comments are closed.