ഫ്രാങ്ക് ഗ്രിഫലും ഇമാം ഗസ്സാലി-ഇബ്നു റുഷ്ദ് ഡിബേറ്റും

തത്വചിന്ത എന്ന പഠനശാഖയിലെ മുസ്‌ലിം ഇടപെടലുകളെക്കുറിച്ചുള്ള അക്കാദമിക ചർച്ചകളിൽ പൊതുവായി കാണപ്പെടുന്ന തീമുകളിലൊന്നാണ് ഇമാം ഗസ്സാലി (റ) യുടെയും, ഇബ്നു റുഷ്‌ദിന്റെയും ചിന്തകൾക്കിടയിലുള്ള വീക്ഷണ വ്യത്യാസങ്ങൾ. ഇമാം ഗസ്സാലിയെയും ഇബ്നു റുഷ്‌ദിനെയും വിരുദ്ധ അടിസ്ഥാനങ്ങളിലാക്കി സ്ഥാപിക്കുക എന്നതാണ് അത്തരം വ്യവഹാരങ്ങളുടെ ഒരു പൊതുരീതി. ഇമാം ഗസ്സാലിയുടെ ‘തഹാഫുത്തുൽ ഫലാസിഫ’ക്ക് വിമർശനാത്മകമായി ഇബ്നു റുഷ്ദ് രചിച്ച ‘തഹാഫുത്തുത്തഹാഫുത്ത്’ എന്ന ഗ്രന്ഥത്തിന്റെ ചുവടുപിടിച്ചാണ് ആ ഒരു ദ്വന്ദ്വം പ്രധാനമായും രൂപംകൊള്ളുന്നത്. പിൽക്കാലത്ത് മുസ്‌ലിം സാംസ്കാരിക പരിസരത്ത് സംഭവിച്ച മാറ്റങ്ങൾക്ക് പിറകിൽ ആ രണ്ട് ദാർശനിക വ്യവഹാരങ്ങളോട് മുസ്‌ലിം സമൂഹം സ്വീകരിച്ച നിലപാടിന് ചെറുതല്ലാത്ത പങ്കുണ്ട് എന്ന് പ്രമുഖ പാക്കിസ്ഥാനി ചരിത്രകാരൻ ഡോ. ആമിർ ബട്ട് ‘Ibn Rushd vs Ghazali: did the Muslim world take a wrong turn?’ എന്ന പഠനത്തിൽ നിരീക്ഷിക്കുന്നുണ്ട്. മാർകസ് ജോസഫ് മുള്ളർ തന്റെ ‘The philosophy and theology of Averroes: Tractata’ എന്ന ഗ്രന്ഥത്തിൽ ഇബ്നു റുഷ്ദിന്റെ ‘ഫസലുൽ മഖാൽ’, ‘അൽ കശ്ഫു അനിൽ മനാഹിജ്’ എന്നീ ഗ്രന്ഥങ്ങൾ അപഗ്രഥിച്ച ശേഷം എഴുതുന്നത് ഇബ്നു റുഷ്‌ദിന് ഇമാം ഗസ്സാലിയോടും അദ്ദേഹത്തിന്റെ രചനകളോടും ശത്രുതാ മനോഭാവം ഉണ്ടായിരുന്നുവെന്നാണ്. അതിനെ തുടർന്ന് വന്ന വ്യാഖ്യാനങ്ങളിലൂടെയും ചില പണ്ഡിതാഭിപ്രായങ്ങളിലൂടെയും ഇമാം ഗസ്സാലി, തത്വചിന്തയുടെ അന്തകനാണെന്നുള്ള വാദം സ്ഥാപിക്കപ്പെട്ടു.

ഹെന്റിക്‌ റിറ്ററുടെ ‘History of Ancient Philosophy’ക്ക് 1844ൽ എഴുതിയ നിരൂപണത്തിൽ ഫ്രഞ്ച് ഓറിയന്റലിസ്റ്റ് സലോമോൻ മങ്ക് എഴുതുന്നത് “ഗസ്സാലി തത്വചിന്തക്ക് ഗാഢമായി പ്രഹരമേൽപ്പിച്ചു, ആ പതനത്തിൽ നിന്നും കരകയറാൻ കിഴക്കിന്റെ തത്വചിന്തക്ക് ഇന്നും കഴിഞ്ഞിട്ടില്ല” എന്നാണ്. ഇബ്നു റുഷ്‌ദിന്റെ വീക്ഷണങ്ങളെ സമഗ്രമായി പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്ത ഓറിയന്റലിസ്റ്റായ ഏണസ്റ്റ്‌ റെനൻ ‘Averroès et l’Averroïsme: Essai historique’ എന്ന പ്രബന്ധത്തിൽ ഇമാം ഗസ്സാലിയെ വിമർശനവിധേയമാക്കുന്നുണ്ട്. ഇമാം ഗസ്സാലിയുടെ സത്യാന്വേഷണ ആശയങ്ങളുടെ വലിയ ആരാധകനാണെന്ന് തുറന്നു പറഞ്ഞിട്ടുള്ള റെനൻ തന്നെ ആത്മജ്ഞാനത്തിന്റെയും മിസ്റ്റിസിസത്തിന്റെയും പാതയിൽ താത്വിക യുക്തിയെ തിരസ്ക്കരിച്ച ഇമാം ഗസ്സാലിയെ തള്ളിപ്പറയുന്നുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇബ്നു റുഷ്ദ് വിടപറയുന്നതോടെ തത്വചിന്ത ഇസ്‌ലാമിക ലോകത്തുനിന്നും അപ്രത്യക്ഷമായി എന്ന് പറയുന്ന റെനന്റെ കാഴ്ച്ചയിൽ, അതിനാൽ അവസാന മുസ്‌ലിം ഫിലോസഫർ ഇബ്നു റുഷ്ദാണ്. ഇമാം ഗസ്സാലിയുടെ ദൈവശാസ്ത്ര വിചാരധാരകളാൽ പ്രചോദിതരായിരുന്ന അന്നത്തെ അൽ മൊഹാദുകൾ ഇബ്നു റുഷ്‌ദിനെയും അനുയായികളെയും വേട്ടയാടിയിരുന്നതായും റെനൻ തന്റെ ഗ്രന്ഥത്തിൽ ആരോപിക്കുന്നുണ്ട്.

മാർകസ് മുള്ളറുടെയും, സലോമോൻ മങ്കിന്റെയും, റെനന്റെയും അത്തരം വാദഗതികളെയും കണ്ടെത്തലുകളെയും കൃത്യമായി അപഗ്രഥിച്ചും ഇമാം ഗസ്സാലിയെയും, ഇബ്നു റുഷ്‌ദിനെയും ഗ്രഹിക്കുന്നിടത്ത് അവർക്ക് വന്നുപെട്ട പാകപ്പിഴകൾ വ്യക്തമാക്കിയും യേൽ യൂണിവേഴ്സിറ്റിയിലെ ഇസ്‌ലാമിക്‌ ഇന്റലക്ച്വൊൽ ഹിസ്റ്ററി പ്രൊഫസറും ഗ്രന്ഥകാരനുമായ ഡോ. ഫ്രാങ്ക് ഗ്രിഫൽ തന്റെ ‘The Relationship between Averroes and al Gazali’ എന്ന പഠനത്തിൽ മുന്നോട്ടുവെക്കുന്ന നിരീക്ഷണങ്ങൾ ആ വിഷയത്തിൽ ഉയർന്ന് വന്ന ആശങ്കകളുമായും സംശയങ്ങളുമായും ഇടപെടുന്ന ശ്രദ്ധേയമായ സിദ്ധാന്തങ്ങളാണ്. ഇരുപതാം നൂറ്റാണ്ടുവരെയെങ്കിലും നീണ്ടുനിന്ന ആ വാദഗതികളെയെല്ലാം, സൂക്ഷ്മാപഗ്രഥനത്തിൽ അവാസ്തവമാണെന്ന് കണ്ടെത്താനാകുമെന്ന് സമർത്ഥിച്ച ഗ്രിഫേൽ അവർക്കിടയിൽ സ്ഥാപിക്കപ്പെട്ട ആ ദ്വന്ദനിർമ്മിതിയെ വിമർശിക്കുകയും ചെയ്യുന്നുണ്ട്.

ഇബ്നു റുഷ്ദും പോസ്റ്റ് ഗസ്സാലിയൻ തത്വചിന്തയും

ഗ്രിഫൽ മുന്നോട്ടുവെക്കുന്ന നിരീക്ഷണങ്ങൾ അടിസ്ഥാനപരമായി കൂടുതൽ മുഖ്യധാരാ ചർച്ചകൾക്ക് അർഹിക്കുന്നവയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം റെനൻ ആരോപിക്കുന്നതുപോലെ അൽ മൊഹാദുകൾ ഇബ്നു റുഷ്ദിനെ വേട്ടയാടിയിട്ടില്ലെന്നു മാത്രമല്ല അവരുടെ രാഷ്ട്രീയ മതകീയ മുന്നേറ്റങ്ങളുടെ ആശയ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തികൂടിയായിരുന്നു അദ്ദേഹം. ഹി. 592/1195ൽ ഇബ്നു റുഷ്ദിന് നേരിട്ടതായി റെനൻ വാദിക്കുന്ന പെർസിക്യൂഷന് ഉത്തരവാദികൾ അൽ മൊഹാദുകൾ അല്ലായിരുന്നു, മറിച്ച് വളരെ മുമ്പുതന്നെ സ്പെയിനിലെ മത പണ്ഡിതർക്കിടയിൽ നിലനിന്നിരുന്ന തത്വചിന്താ വിരുദ്ധ പ്രവണതകൾ മൂലമാണ് ഇബ്നു റുഷ്ദിന് അത്തരം വെല്ലുവിളികളുണ്ടായത്. അൽ മൊഹാദിന്റെ വിപ്ലവങ്ങളിൽ ഇമാം ഗസ്സാലിയുടെ സ്വാധീനം പ്രകടമായിരുന്നു എങ്കിലും പലരും വാദിക്കുന്നതു പോലെ അത് തത്വചിന്താ വിരോധത്തിന്റേതായിരുന്നില്ല. മറിച്ച് തത്വചിന്തയോടുള്ള ഗസ്സാലി ഇമാമിന്റെ സമുദ്ദാരണ സമീപനമാണ് അൽ മൊഹാദുകളെ ആഴത്തിൽ സ്വാധീനിച്ചിരുന്നത്. ആ ഒരു രീതിശാസ്ത്രത്തിന്റെ വികാസവും വ്യാപനവുമാണ് ഇബ്നു റുഷ്ദിലൂടെയും പ്രചരിക്കാൻ അവർ ആഗ്രഹിച്ചത്.

അൽ കിന്ദി, അൽ ഫാറാബി, ഇബ്നു സീന എന്നിവരെപ്പോലെ തത്വചിന്തയെ പ്രധാന പഠന മേഖലയായി സ്വീകരിച്ച പണ്ഡിതനായിരുന്നുല്ല ഇമാം ഗസ്സാലി. അടിസ്ഥാനപരമായി ആത്മജ്ഞാനിയും, മതചിന്തകനും, കർമ്മശാസ്ത്ര പണ്ഡിതനുമായിരുന്നു അദ്ദേഹം. എന്നാൽ ഇബ്നു സീനയെയും, ഫാറാബിയെയും പോലുള്ള ഒരു ദാർശനികൻ മാത്രമായി അദ്ദേഹത്തെ പലരും കാണാനുള്ള പ്രധാന കാരണം അരിസ്റ്റോട്ടിലിയൻ തത്വചിന്തയുടെ ഉൾസാരം ദാർശനികലോകം ഗ്രഹിച്ചത് ഇമാമിന്റെ മഖാസിദുൽ ഫലാസിഫയിലൂടെ ആയിരിക്കാം എന്നതിനാലാവാം. വാസ്തവത്തിൽ തത്വചിന്തയെ അതിന്റെ തന്നെ അടിസ്ഥാനങ്ങളിൽ നിന്നുകൊണ്ട് അഭ്യസിച്ച ഇമാം, തത്വചിന്തയുടെ ഒരു വിമർശകൻ കൂടിയായിരുന്നു. ഗ്രീക്ക് തത്വചിന്ത പഠിക്കുന്നതിനായി വർഷങ്ങൾ ചെലവിട്ട ഇമാം അൽ മുൻഖിദിലും, മഖാസിദിലും പറയുന്നു:

“ഒരു ചിന്താപദ്ധതിയുടെ ന്യൂനത ബോധ്യപ്പെടണമെങ്കിൽ അത് പൂർണ്ണമായി പഠിക്കണം. ആ ചിന്താപദ്ധതി ഏറ്റവും നന്നായി പഠിച്ച അതിന്റെ വക്താവിനുള്ള അത്രയുമോ അതിൽ കൂടുതലോ അറിഞ്ഞിരിക്കണം. എന്നാൽ ഇസ്‌ലാമിക ലോകത്ത് തത്വചിന്തയെ നിഷേധിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ട ദൈവശാസ്ത്ര പ്രബന്ധങ്ങളിൽ അബദ്ധങ്ങളും പരസ്പര വിരുദ്ധങ്ങളായ വാദങ്ങളും മിശ്രാവസ്ഥയിലിരിക്കുന്നതാണ് എനിക്ക് കാണാൻ കഴിഞ്ഞത്. അശ്രദ്ധരായ പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പോലും അവ പര്യാപ്തമായിരുന്നില്ല. അതിനാൽ തത്വചിന്താ പഠനത്തിനായി ഞാൻ തയ്യാറായി. ഇപ്പോൾ എനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാണ്.”

ഫിലോസഫിയിലെ ശരി തെറ്റുകളെ വിഭജിച്ച ഗസ്സാലി(റ) തത്വചിന്തയെ തള്ളിക്കളയുകയല്ല, മറിച്ച് ഫ്രാങ്കിന്റെ അഭിപ്രായത്തിൽ ഇബ്നു സീനയുടെ അസ്തിത്വവാദ (ontology) രീതിയുപയോഗിച്ച് ഉചിതമായ സങ്കേതങ്ങളിലേക്ക് മാറ്റിപ്പണിയുകയാണ് ചെയ്തിരുന്നത്. അൽ മൊഹാദ് സ്ഥാപകൻ ഇബ്നു തുമാർത്ത് ഗസ്സാലിയുടെ ആ ഒരു നിലപാടിൽ നിന്ന് പ്രചോദനം കൊള്ളുകയും ബാഗ്ദാദിലെ നിസാമിയ്യയിലെ ഇമാമിന്റെ പിൻഗാമിയും നിശാപൂരിലെ വിദ്യാർത്ഥി ജീവിതത്തിനിടെ സഹപാഠിയുമായിരുന്ന മുഹമ്മദ് അൽ കിയാ അൽ ഹറാസിയുടെ പഠനങ്ങളിൽ നിന്ന് ഗസ്സാലിയൻ രീതിശാസ്ത്രം ഉൾക്കൊള്ളുകയും ചെയ്തിരുന്നു. അൽ മൊഹാദ് രചനകളിലെല്ലാം ഇബ്നുസീനയുടെ തത്വചിന്താ സാഹിത്യത്തിന്റെ സ്വാധീനമുണ്ടെന്ന് മാത്രമല്ല ഹി. 592/1195 വരെയുള്ള കാലയളവിലെ അൽ മൊഹാദ് ചരിത്രത്തിലെവിടെയും ആന്റി-ഫിലോസഫിക്കൽ പ്രവണത കാണാൻ സാധിക്കുകയുമില്ല.

1980കളിൽ ജമാലുദ്ദീൻ അലവി ഇബ്നു റുഷ്‌ദിന്റെ ഫിലോസഫിയോടുള്ള സമീപനം രൂപീകരിക്കുന്നതിൽ ഇമാം ഗസ്സാലിക്കുള്ള പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന രണ്ട് പ്രബന്ധങ്ങളെഴുതി. ഇമാം ഗസ്സാലിക്കും ഇബ്നു റുഷ്‌ദിനും ഇടയിലെ ബന്ധത്തിന് രണ്ടു ഘട്ടങ്ങൾ അൽ അലവി അവയിൽ നിർണയിക്കുന്നുണ്ട്. ആദ്യ ഘട്ടം ഇബ്നു റുഷ്ദ് ഫിലോസഫി രചനയും അഭ്യാസവും ആരംഭിച്ച കാലമാണ്. ഇവിടെ മത പഠന കാര്യങ്ങളിൽ കൃത്യമായ ശാസ്ത്രീയ രീതികൾ സ്ഥാപിക്കുന്നിടത്ത് ഇമാം ഗസ്സാലിയെ ഇബ്നു റുഷ്ദ് പിന്തുടരുകയും ആ രീതിശാസ്ത്രത്തിന്റെ പ്രചാരകനാവുകയും ചെയ്യുന്നു. രണ്ടാം ഘട്ടം, അൽ അലവിയെ സംബന്ധിച്ചിടത്തോളം ഇബ്നു റുഷ്‌ദിന്റെ രചനകളിലെ ‘അൽ ഫിത്റത്തുൽ ഗസ്സാലിയ’യാണ്. ആ ഘട്ടത്തിൽ സാങ്കൽപ്പിക വ്യാഖ്യാനങ്ങളിലൂടെ യുക്തിയുടെയും ദിവ്യ വെളിപാടിന്റെയും സമന്വയ പാഥേയങ്ങളുപയോഗിച്ചുള്ള തഅവീലിലൂടെ ‘അധികാര സംബന്ധിയായ’ ഇമാം ഗസ്സാലിയുടെ വീക്ഷണങ്ങളെ ഇബ്നു റുഷ്ദ് തിരുത്താൻ ശ്രമിക്കുന്നു. ആ ഒരു ഘട്ടത്തിലാണ് ഇബ്നു റുഷ്‌ദിന്റെ തഹാഫുത്തുത്തഹാഫുത്തും, ഫസലുൽ മഖാലും, കശ്ഫുൽ മനാഹിജുമെല്ലാം എഴുതപ്പെടുന്നത്. പക്ഷേ അവിടെ അധികമാരും ഗൗനിക്കാത്ത ഒരു കാര്യം, ആ രണ്ട് ഘട്ടത്തിലും മത നിയമങ്ങളിലെയും ഫിലോസഫിയിലെയും സമസ്യകളിൽ അധികവും ഇബ്നു റുഷ്ദ് ഇമാം ഗസ്സാലിയെ അംഗീകരിക്കുന്നുണ്ട് എന്നതാണ്. ഇമാമിനോട് ഇബ്നു റുഷ്ദ് വിയോജിക്കുന്നത് പ്രധാനമായും, ഇമാമിന്റെ പ്രമാണ വ്യാഖ്യാന തിയറിയെ തിരുത്താൻ ഒരു ആധികാരിക ശാസ്ത്രമെന്ന നിലക്ക് ഫിലോസഫിക്കുള്ള കഴിവ് വെളിപ്പെടുത്തുന്നിടത്താണ്. ആ രണ്ട് ഘട്ടങ്ങളിലെയും രൂപഭാവഭേദങ്ങളെ തഹാഫുത്തുത്തഹാഫുത്തിൽ ഇബ്നു റുഷ്ദ് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

തഹാഫുത്തുത്തഹാഫുത്ത് ഗസ്സാലി(റ) വിരുദ്ധതയുടെ പ്രതീകമായി ഉയർത്തിക്കാട്ടുന്നവർ ബോധപൂർവ്വമോ അല്ലാതെയോ കാണാതെ പോകുന്ന ഗ്രന്ഥമാണ് ഇബ്നു റുഷ്ദ് ഇമാമിന്റെ ‘അൽ മുസ്തസ്ഫ മിൻ ഇൽമിൽ ഉസൂൽ’ എന്ന കർമ്മശാസ്ത്ര നിദാന ശാസ്ത്ര ഗ്രന്ഥത്തിനെഴുതിയ ‘അൽ ള്വറൂരിയ്യ് ഫീ ഉസൂലിൽ ഫിഖ്ഹി ഔ മുഖ്തസ്വറുൽ മുസ്തസ്വഫ’ എന്ന സംക്ഷിപ്ത പഠനം. ഇബ്നു റുഷ്ദ് അദ്ദേഹത്തിന്റെ തത്വചിന്താ ജീവിതത്തിന്റെ പ്രാരംഭ ദശയിലാണ് ആ രചന നിർവ്വഹിക്കുന്നത്. അദ്ദേഹത്തിന്റെ ആ ഒരു കാലഘട്ടം പ്രധാനമാണ്. ഇബ്നു തുഫൈൽ ഇബ്നു റുഷ്‌ദിന് മുപ്പത് വയസ്സ് പ്രായമുള്ളപ്പോൾ അദ്ദേഹത്തെ സെവിയ്യയിലെ ഗവർണർ അബൂ യഅഖൂബ് യൂസുഫിന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. അബൂ യഅഖൂബ് അടക്കമുള്ള അക്കാലത്തെ പ്രധാന പണ്ഡിതർക്ക് പോലും ദുർഗ്രാഹ്യമായിരുന്ന അരിസ്റ്റോട്ടിലിന്റെ രചനകൾക്ക് ലളിതമായ വ്യാഖ്യാനം എഴുതാൻ അങ്ങനെ ഇബ്നു റുഷ്‌ദിനോട് ഗവർണർ ആവശ്യപ്പെട്ടു. ആ ഗ്രന്ഥമാണ് രണ്ടു വർഷങ്ങൾക്കിപ്പുറം ‘ജവാമിഉ വതൽഖീസാത്ത്’ എന്ന പേരിൽ പ്രസിദ്ധീകൃതമായത്. അരിസ്റ്റോട്ടിലിന്റെ ‘ഓർഗാനോണിന്റെ’ (organon) വ്യാഖ്യാനമാണ് ഇബ്നു റുഷ്ദ് ആദ്യമായി നിർവ്വഹിച്ചത്. അദ്ദേഹത്തിന്റെ ആദ്യ രചനാ അനുഭവവും അതുതന്നെയായിരുന്നു. എന്നാൽ ആ ആദ്യകാല രചനകളെ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കുമ്പോൾ അത് അക്ഷരാർത്ഥത്തിൽ അരിസ്റ്റോട്ടിലിയൻ ചിന്തയുടെ പ്രമേയവൽകരണമല്ലെന്നും അൽ ഫാറാബിയുടെ ചിന്തകളുടെ വിപുലീകരണമാണെന്നും കാണാനാവും.

തത്വചിന്താ ഗവേഷണങ്ങളുടെ പ്രാരംഭത്തിൽ ശുദ്ധ തത്വശാസ്ത്രത്തിന്റെ പ്രവാചകനായി അരിസ്റ്റോട്ടിലിനെ മാത്രമല്ല ഇബ്നു റുഷ്ദ് പരിഗണിച്ചിരുന്നത്. ആധികാരിക ശാസ്ത്രം (apodictical science) എന്ന നിലക്ക് ഫിലോസഫിയെ സമീപിച്ച ഇബ്നു റുഷ്‌ദിന്റെയും അബൂ യഅഖൂബിന്റെയും ലക്ഷ്യം സ്പെയിനിലെ മതപണ്ഡിതർക്കിടയിൽ ഫിലോസഫിയുടെ പ്രകടനാത്മകമായ രീതിയുടെ പ്രചരണവും, ശാസ്ത്രങ്ങളുടെ യുക്തിവൽകരണവുമായിരുന്നു. ഇബ്നു റുഷ്‌ദിന്റെ ശിഷ്യനായ ഇബ്നു തുംലുസിന്റെ വിഖ്യാതമായ ‘അൽ മദ്ഖൽ ഇലാ സിനാആത്തിൽ മൻത്വിഖിലൂടെ’ (The Introduction into Art of Logic) തർക്കശാസ്ത്രത്തിലെ കൃത്യമായ പണ്ഡിതാപഗ്രഥനമായി അക്കാലത്ത് ഫാറാബിയുടെ രചനകളാണ് പരിഗണിക്കപ്പെട്ടിരുന്നത് എന്ന് ഗ്രഹിക്കാനാകും. തന്റെ ആദ്യകാല രചനകളിൽ അരിസ്റ്റോട്ടിലിസത്തിന്റെ പ്രചാരകനായിരുന്നില്ല ഇബ്നു റുഷ്ദ്. പക്ഷേ തത്വചിന്തയുടെ പ്രകടനാത്മകമായ രീതിശാസ്ത്രത്തിലൂടെ (demonstrative methodology) സർവ്വ ശാസ്ത്രങ്ങളുടെയും അടിസ്ഥാനപരമായ വികസനമാണ് ഇബ്നു റുഷ്ദ് ലക്ഷ്യം വെച്ചത്. മറ്റെന്തിലുമെന്നതുപോലെ അങ്ങനെ ദൈവശാസ്ത്രത്തെയും ആ ഒരു പദ്ധതിയുടെ ഭാഗമായി തത്വചിന്തയിലൂടെ ആവിഷ്കരിക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ആ ഒരു ഉദ്യമത്തിന് ഇബ്നു റുഷ്‌ദിന്റെ മാർഗദർശി തീർച്ചയായും ഇമാം ഗസ്സാലി (റ) ആയിരുന്നു. അദ്ദേഹവും ദൈവശാസ്ത്രത്തിൽ കൂടുതൽ വ്യക്തമായ യുക്തരീതി കൊണ്ടുവരാൻ തന്നെയാണ് ശ്രമിച്ചിരുന്നത്.

അവിടെ ഇമാം ഗസ്സാലി (റ) സ്വീകരിച്ച തർക്കരീതിശാസ്ത്രം ‘അൽ ശിഫാ’യിൽ ഇബ്നു സീന ആവിഷ്കരിച്ച രീതിയോട് സമാനമായിരുന്നു. തത്വശാസ്ത്ര രംഗത്ത് വ്യാപരിക്കുന്നവർക്ക് ഭ്രഷ്ട് കൽപ്പിച്ചിരുന്ന അന്നത്തെ മതപണ്ഡിത വ്യൂഹത്തിന്റെ ശ്രദ്ധതിരിക്കാൻ തത്വചിന്തയുടെ തന്നെ പ്രഭവ കേന്ദ്രങ്ങൾ തമസ്ക്കരിക്കപ്പെടുന്ന രീതിയിൽ ഇബ്നു സീനയുടെ പദശാസ്ത്രത്തിൽ (terminology) കാതലായ മാറ്റങ്ങൾ കൊണ്ടുവരികയായിരുന്നു ഇമാം ഗസ്സാലി എന്ന് ഗ്രിഫൽ നിരീക്ഷിക്കുന്നു. ആ രീതിയിലൂടെ നൂറ്റാണ്ടുകളായി അനുധാവനം ചെയ്തു പോന്നിരുന്ന ടെർമിനോളജി പൂർണ്ണമായി പൊളിച്ചെഴുതുകയും പുതിയൊരു തത്വചിന്താ മാനം കെട്ടിപ്പടുക്കുകയുമായിരുന്നു ഇമാം ഗസ്സാലി ചെയ്തത്. അതുകൊണ്ടാണ് ഇബ്നു തുംലുസിന്റെ കൃതിയിൽ ഇമാം ഗസ്സാലിയുടെ രചനകൾ സുവ്യക്തവും ഗവേഷണാത്മകവുമായിരുന്നു എങ്കിലും അദ്ദേഹമുപയോഗിച്ച പദാവലികളുടെ നവീനത മൂലം ചില വ്യക്തതക്കുറവ് അവക്കുണ്ട് എന്നു പറയുന്നത്. മതശാസ്ത്രങ്ങളെ തർക്കശാസ്ത്ര നിബന്ധനകൾക്കുള്ളിൽ സമർത്ഥിക്കാനുള്ള ഇമാമിന്റെ സംയമനവും അനുരൂപീകരണവും സ്പെയിനിലെ മതപണ്ഡിതർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവർ അത്തരം യത്നങ്ങളെ വിശ്വാസ ദൗർബല്യമായാണ് കണ്ടിരുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇമാം ഗസ്സാലിയുടെ ദീർഘദൃഷ്ടമായ തത്വശാസ്ത്രത്തിലെ പരിശ്രമങ്ങളെ ആഴത്തിൽ ഉൾക്കൊണ്ടിരുന്നു ഇബ്നു റുഷ്ദ് എന്നു വേണം മനസ്സിലാക്കാൻ.


തുടർന്ന് വായിക്കുക: ഇബ്നു റുഷ്ദും ഇബ്നുൽ അറബിയും: മാലികി സ്പെയിനിലെ തത്വചിന്താ വ്യവഹാരങ്ങൾ

Featured Image: Raphael’s masterwork ‘The School of Athens’

Comments are closed.