ഇസ്‌ലാമും ആതിഥേയത്വവും അധ്യായം അഞ്ച്

എന്റെ ബാല്യത്തിൽ നോമ്പും പെരുന്നാളുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെയെല്ലാം പ്രധാന ഭാഗം ഭക്ഷണമായിരുന്നു. ഉമ്മയുടെ കാഴ്ച്ചപ്പാടിൽ പെരുന്നാളിന്റെ സന്തോഷം ആ ദിവസത്തിൽ മാത്രമല്ല, മറിച്ച് ആ ദിവസത്തിനായുള്ള തെയ്യാറെടുപ്പിൽ കൂടിയാണ്. റമളാനിലെ നോമ്പെടുക്കലും, പ്രാര്‍ത്ഥനയും, അവസാന ദിനങ്ങളിലെ പെരുന്നാളിന് വേണ്ടിയുള്ള തെയ്യാറെടുപ്പുകളും, വൃത്തിയാക്കലുകളും എല്ലാം പെരുന്നാളിന്റെ ആനന്ദങ്ങളുടെ ഭാഗമാണ്. ഇതിനെല്ലാം പുറമെയാണ് ഭക്ഷണത്തിന്റെ ആനന്ദം: റമളാനിലുടനീളം പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി തയ്യാറാക്കപ്പെടുന്ന ഇഫ്താറുകൾ, പെരുന്നാളിന് പ്രത്യേകം തയ്യാറാക്കുന്ന വിഭവങ്ങൾ. ഈദ് ദിനത്തിൽ ഞങ്ങള്‍ പുറത്ത് പോയിരുന്നില്ല. അന്നേദിവസം മറ്റുള്ളവരെ വീട്ടിലേക്ക് ക്ഷണിക്കാറായിരുന്നു പതിവ്. രാവിലെയും, ഉച്ചക്കും, രാത്രിയും തീന്മേശയിൽ അതിഥികളുണ്ടാവും. അവരെ സഹായിക്കുക എന്നതായിരുന്നു ഞങ്ങകളുടെ ഉത്തരവാദിത്വം. എന്തുകൊണ്ടാണ് ബന്ധു വീടുകളിലേക്ക് വിരുന്ന് പോകുന്നതിന് പകരം എല്ലാ സമയത്തും ഇങ്ങോട്ട് വരുന്ന അതിഥികളെ സ്വീകരിക്കുകയും, അവർക്കായി ഭക്ഷണം തെയ്യാറാക്കുകയും ചെയ്യേണ്ടിവരുന്നത് എന്ന് എനിക്ക് മനസ്സിലായിരുന്നില്ല. അതിഥി ആവുന്നതിനേക്കാൾ നല്ലത് അതിഥികളെ സ്വീകരിക്കുന്നതാണ് എന്ന കാര്യത്തിൽ ഉമ്മ എന്നും ഉറച്ച് നിന്നു.

ഭക്ഷണം പാചകം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു എന്നത് മാത്രമായിരുന്നില്ല അതിഥികളെ സ്വീകരിക്കാൻ അവർ കാണിച്ചിരുന്ന ഉത്സാഹത്തിന് കാരണം. ഭക്ഷണം തയ്യാറാക്കുകയും, സൽകരിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ളവർക്ക് തന്റേതായ രീതിയിൽ നൽകുകയും, അവരുടെ ജീവിതത്തിന്റെ ചെറിയ ഭാഗമായി മാറുകയും ചെയ്യുകയായിരുന്നു അവർ. തന്റെ അതിഥിക്ക് വേണ്ടി സമയം കണ്ടെത്തുകയും അവരെ പരിചരിക്കുകയും ചെയ്യുമായിരുന്നു ഉമ്മ. ആത്മപ്രശംസ നേടുക എന്നതിന് പകരം തനിക്ക് വേണ്ടി സമയം മാറ്റിവച്ചവരെ പരിഗണിക്കാനുള്ള അഭിനിവേശമായിരുന്നു അവരിലുണ്ടായിരുന്നത്. ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചിലപ്പോഴെങ്കിലും അവർ അതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതേസമയം വീട്ടിൽ അതിഥികൾ ഉണ്ടാവുക, അവർക്കായി പാചകം ചെയ്യാൻ സമയം കണ്ടെത്തുക, നല്ല ആതിഥേയയാവുക എന്നതെല്ലാം ചില ഗുണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അതിഥികളെ സ്വീകരിക്കുന്നതിനായി ക്ഷമയും, ഉത്സാഹവും വേണ്ടതുപോലെത്തന്നെ മറ്റുള്ളവർക്കായി നമുക്കാവുന്നതിൽ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയും ഉണ്ടാവേണ്ടതുണ്ട്. അതിന് കഠിനാധ്വാനവും, കരുതലും, മറ്റുള്ളവരുമായി വിഭവങ്ങൾ പങ്കുവെക്കുന്നതിനും, സമയം ചിലവഴിക്കുന്നതിനുമുള്ള സന്നദ്ധതയും വേണം. അതുകൊണ്ട് തന്നെ അതിഥികളെ സ്വീകരിക്കുക എന്നത് വ്യക്തികളുടെ ജീവിതത്തിന് മറ്റൊരു അർത്ഥം നൽകുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

അതിഥികളെ സൽക്കരിക്കുന്നതിൽ പുലർത്തേണ്ട സമർപ്പണവും, ആത്മാർത്ഥതയും പോലെത്തന്നെ പ്രധാനമാണ് ആതിഥേയത്വത്തിൽ പുലർത്തേണ്ട നിയന്ത്രണങ്ങളും പരിമിതികളും. ഭക്ഷണത്തിലെ മിതത്വം വഴി വികാരങ്ങളെ നിയന്ത്രിക്കുക എന്നത് സൂഫി ചിന്തയിൽ ആതിഥേയത്വവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആത്മീയ ജീവിതത്തിലെ നന്മയുടെ ഭാഗമാണ്. അതിഥിയെ സ്വീകരിക്കുന്നതിനുള്ള ഉത്തരവാദിത്വവും, അതിൽ പുലർത്തേണ്ട മിതത്വവും ഗസ്സാലി ഇമാം ഇഹ്യാ ഉലൂമുദ്ധീൻ എന്ന ഗ്രന്ഥത്തിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഇമാമിന്റെ അഭിപ്രായത്തിൽ ഭക്ഷണത്തിലെ മിതത്വവും, അതിഥികളെ സ്വീകരിക്കുന്നതും ആത്മത്തെക്കുറിച്ചുള്ള ചിന്തയെ മുറിച്ച് കടക്കാൻ അവസരമൊരുക്കുന്നു എന്നതിനാൽ അവ ദൈവ സാമീപ്യം കരസ്ഥമാക്കാന്‍ സഹായിക്കുന്ന പ്രവർത്തനങ്ങളാണ്. ദൈവം ഉണ്ടെന്നതിനുള്ള പ്രാഥമികമായ തെളിവുകള്‍ യുക്തിപരമല്ല, പ്രാര്‍ത്ഥനയിലൂടെയും, നന്മയിലൂടെയുള്ള ആന്തരിക ജീവിത വികാസത്തിലൂടെ മാത്രമേ ദൈവത്തെക്കുറിച്ചുള്ള അറിവുകൾ സാധ്യമാവുകയുള്ളൂ എന്ന് ഇമാം എഴുതുന്നുണ്ട്. ആരാധനയിലും, പ്രാർത്ഥനയിലും, അനുഷ്ഠാനങ്ങളിലും സ്വയം സമർപ്പിക്കുന്ന സൂഫി വഴികളിൽ മാത്രമാണ് ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമുള്ളത്. മനുഷ്യ ജീവിതത്തിന്റെ അത്യന്തിക ലക്ഷ്യമായ ദൈവവുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി മനസ്സിനെയും ശരീരത്തെയും സജ്ജീകരിക്കേണ്ടതുണ്ട്. ഇമാം ഗസ്സാലി (റ) തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ കുറിക്കുന്നു:

അന്ത്യനാളിൽ ദൈവത്തെ കണ്ടുമുട്ടാന്‍ അറിവും, ആരാധനയുമില്ലാതെ സാധിക്കുകയില്ല. ആരാധനക്ക് ആരോഗ്യം അനിവാര്യമാണ് താനും. കൃത്യമായ അളവിലുള്ള ആഹാര ക്രമമാണ് ആരോഗ്യകരമായ ശരീരത്തിനാധാരം. ഭക്ഷണം മതത്തിന്റെ ഭാഗമാണെന്ന് മുന്‍ഗാമികള്‍ പറഞ്ഞിട്ടുണ്ട്.

ഭക്ഷണം മരണത്തിന് മുൻപും ശേഷവുമുള്ള ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. മനുഷ്യന്റെ അതിജീവനത്തിന്റെ ആധാരമായതിനാൽ, ഭക്ഷണം എന്നത് മനുഷ്യന്റെ സാർവ്വലൗകിക ആവശ്യങ്ങളുടെ ഭാഗമാണ്. ആസക്തി എന്നതിലുപരി മനുഷ്യജീവിതം സാര്‍ത്ഥമാക്കുന്നതിൽ കൃത്യമായ പങ്ക് വഹിക്കുന്നുണ്ട് ഭക്ഷണം. നല്ല ഭക്ഷണം ദൈവത്തിന്റെ അനുഗ്രഹമായിട്ടാണ് മതങ്ങൾ പരിഗണിക്കുന്നത്. വ്യത്യസ്ത ഹദീസുകള്‍ (പ്രവാചക വചനങ്ങൾ/ സന്ദേശങ്ങൾ) ഉദ്ധരിച്ച് ഗസ്സാലി ഇമാം ഒറ്റക്കും, സംഘം ചേര്‍ന്നുമുള്ള ഭക്ഷണം കഴിക്കൽ, അതിഥികൾക്കായി ഭക്ഷണം തെയ്യാറാക്കൽ, ആതിഥ്യമര്യാദ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. ഭക്ഷണവും, അത് കൈവശപ്പെടുത്തിയ വഴിയും അനുവദനീയമായ രീതിയിൽ (ഹലാൽ) ആയിരിക്കണം. നല്ലത് മാത്രം ഭക്ഷണമാക്കുക എന്ന് ഖുർആൻ ആവര്‍ത്തിച്ച് ഓർമ്മപ്പെടുത്തുന്നുണ്ട്. ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെ നിയമസാധുത ഓരോരുത്തരുടെയും വ്യക്തിപരമായ ഭക്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എങ്കിലും അത് നമ്മുടെ അസതിത്വത്തെയും, മറ്റുള്ളവരുമായുള്ള ബന്ധത്തെയും സ്വാധീനിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു:

ജനങ്ങളേ, ഭൂമിയിലുള്ളതിൽ അനുവദനീയവും ഉദാത്തവുമായവ നിങ്ങള്‍ ഭക്ഷിക്കുക, പിശാചിന്റെ കാൽപാദങ്ങൾ പിന്തുടരരുത്. അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണ്.

Quran 2:168

‘അനുവദനീയമായ ഭക്ഷണം’ എന്നത് ഇസ്‌ലാമിക രചനകളിൽ തുടർച്ചയായി കടന്നുവരുന്ന ആശയങ്ങളിലൊന്നാണ്. തെറ്റായ വഴികളിലൂടെ നേടിയ സമ്പാദ്യം കൊണ്ട് കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും, ദാനം നൽകുകയും, ദൈവത്തിന്റെ വഴിയിൽ ചിലവഴിക്കുകയും ചെയ്‌താൽ ദൈവം അവയെല്ലാം നരഗാഗ്നിയിലെറിയും എന്നാണ് ഇസ്‌ലാം പറയുന്നത്. പ്രവാചകന്റെ ആകാശാരോഹണവുമായി (മിഅ്റാജ്) ബന്ധപ്പെട്ട ആഖ്യാനങ്ങളിലും ഇത് കാണാം. നല്ലതും അഴുകിയതുമായ മാംസ വിഭവങ്ങള്‍ നിരത്തിവച്ച ഒരു തീന്മേശയിൽ ആളുകള്‍ അഴുകിയ ഭക്ഷണം ആസ്വദിച്ച് ഭക്ഷിക്കുന്നത് പ്രവാചകന്‍ (സ) കാണുകയും ജിബ്രരീലിനോട് (അ) കാരണം അന്വേഷിച്ചപ്പോള്‍ അവര്‍ ഇഹലോകത്ത് അനുവദനീയമല്ലാത്ത ഭക്ഷണം കഴിച്ചവരാണെന്ന് മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഭക്ഷണം മനുഷ്യന്റെ പ്രവർത്തനങ്ങള്‍ക്കുള്ള ശക്തമായ അലങ്കാര ബിംബമാണ്. നാം എന്ത്, എങ്ങനെ കഴിക്കുന്നു എന്നത് നമ്മുടെ മാനസികവും, ശാരീരികവും, ആത്മീയവുമായ ബന്ധത്തെ നിര്‍ണ്ണയിക്കുന്നുണ്ട്. ആകാശാരോഹണത്തിൽ പ്രവാചകൻ ഒട്ടകത്തിന്റേതു പോലെ ചുണ്ടുകളുള്ള മനുഷ്യർ കല്ലെറിയപ്പെടുന്നത് കാണുന്നുണ്ട്. ‘അവര്‍ അനാഥരുടെ ഭക്ഷണം കഴിക്കുകയും അനീതി ചെയ്തവരുമാണ്. അത്തരക്കാർ കഴിച്ചുകൊണ്ടിരിക്കുന്നത് തീയാണ്. ആ തീയിൽ തന്നെ അവർ എരിക്കപ്പെടും’ എന്നാണ് ജിബ്രരീൽ (അ) മാലാഖ അതിന് നൽകുന്ന വിശദീകരണം.

പ്രവാചകന്‍ ഭക്ഷണത്തിന് മുമ്പും ശേഷവും അംഗശുദ്ധി (വുളൂഅ്) ചെയ്യാന്‍ നിർദ്ദേശിച്ചതായി കാണാം. ഭക്ഷണം കഴിക്കുക എന്നത് ആരാധനയുടെ ഭാഗമാണ്, അതിനാൽ പ്രാർത്ഥനയെ സമീപ്പിക്കുന്നത് പോലെ ഭക്ഷണത്തെയും സമീപിക്കണം. പ്രവാചകന്റെ ഭക്ഷണ ശീലങ്ങളെക്കുറിച്ചുള്ള വിവരണങ്ങളിലൊന്ന് ഭക്ഷണം തറയിൽ വെച്ചായിരുന്നു കഴിച്ചിരുന്നത് എന്നതാണ്. വിനയത്തെ ഓർമ്മപ്പെടുത്തുന്നതിനായിരുന്നു ഈ നിലത്തിരുന്നുള്ള കഴിക്കൽ. മരണാനന്തര ജീവിതത്തിലേക്കുള്ള യാത്രയെ അനുസ്മരിച്ച് കൊണ്ട് ചിലപ്പോള്‍ ഒരു സുപ്ര വിരിച്ച് കൊണ്ടും പ്രവാചകന്‍ ഭക്ഷണം കഴിച്ചിരുന്നതായി കാണാനാവും. അനുവദനീയമായ ഭക്ഷണം ഒരു മതാനുഷ്ടാനമായി കണ്ടതിനാൽ അതിന്റെ ഉപഭോഗ രീതികള്‍ ജീവിത യാത്രയുടെ നശ്വരതായെ ഓര്‍മ്മപ്പെടുത്തലായാണ് കണ്ടിരുന്നത്. വീട്ടിൽ കൂടുതൽ അതിഥികളും, ബന്ധുക്കളുമായി ഭക്ഷണം കഴിക്കാന്‍ ഒരുപാട് പേരുണ്ടാകുമ്പോള്‍ തീന്മേശക്ക് ചുറ്റും ഇരുന്ന് കഴിക്കുന്നതിന് പകരം മിക്ക മുസ്‌ലിം വീടുകളിലും വിനയത്തോടെ തറയിലിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയുണ്ട്. ഇന്ന് ഇത്തരം ഭക്ഷണ സംഗമങ്ങൾ തീൻമേശയിലേക്ക് മാറുക എന്നത് സാർവ്വലൗകികമായി മാറിയിട്ടുണ്ട്. ഭക്ഷണ മര്യാദകളിൽ വന്ന കാലക്രമേണയുള്ള ഈ മാറ്റം കുടുംബ, സാമൂഹിക സംഗമങ്ങളുടെ കേന്ദ്ര സ്ഥാനത്തേക്കുള്ള മേശയുടെ കടന്നുവരവുമായി ബന്ധപ്പെട്ടതാണ്.

മേശയിലേക്കുള്ള പരിണാമവുമായി ബന്ധപ്പെട്ട് കാസ്സ് നടത്തുന്ന നിരീക്ഷണങ്ങളിൽ മനുഷ്യര്‍ പൊതുവെ ഉയരത്തിൽ ഇരുന്ന് ഭക്ഷിക്കുന്നത് തീന്മേശയുടെ ആസ്വാദനം ലക്ഷ്യം വെച്ചാണ് എന്ന് വാദിക്കുന്നുണ്ട്. മനുഷ്യൻ തീന്മശയുടെ മര്യാദകള്‍ ചെറുപ്പം തൊട്ട് തന്നെ ശീലമാക്കുന്നുണ്ട്. വീട്ടിലാണെങ്കിലും, പുറത്താണെങ്കിലും, അതിഥിയോ, ആതിഥേയനോ ആയിട്ടാണെങ്കിലും മേശക്കരികിൽ ഇരിക്കുന്നതിലും, മറ്റുള്ളവരോടോന്നിച്ച് ഭക്ഷിക്കുന്നതിലും ഒരുപാട് മര്യാദകൾ അടങ്ങിയിട്ടുണ്ട്. അദ്ദേഹം തുടരുന്നു:

ഒരാള്‍ ഭക്ഷണം കഴിക്കാനായി തീന്മേശക്കരികിൽ ഇരിക്കുക എന്നാൽ തന്റെ മറ്റ് ഇടപാടുകളി നിന്ന് മുക്തി നേടി ഭക്ഷണത്തിനായി സമയം സമർപ്പിക്കുക എന്നാണ് അർത്ഥം. ഇവിടെ സമയത്തിന് മാത്രമല്ല, എങ്ങനെ ഭക്ഷണം കഴിക്കണം എന്ന ക്രമത്തിനും ആ വ്യക്തി ബാധ്യസ്ഥനാവുന്നുണ്ട്. ഭക്ഷണ മേശയിൽ ഇരിക്കുന്നത് വിശപ്പകറ്റാൻ മാത്രമല്ല, മറിച്ച് നിർദ്ധിഷ്ടമായ രീതിയിൽ മറ്റുള്ളവരോടൊപ്പം ആ പ്രവർത്തി നിർവ്വഹിക്കുക എന്ന ലക്ഷ്യത്തിൽ കൂടിയാണ്

The Hungry Soul: Eating and the Perfecting of Our Nature, Leon Kass

ഇഹ്യാ ഉലൂമുദ്ധീന്റെ നാലാം അദ്ധ്യായത്തിൽ അതിഥ്യ മര്യാദയെക്കുറിച്ചാണ് ഗസ്സാലി ഇമാം ചര്‍ച്ച ചെയ്യുന്നത്. പ്രവാചക വചനങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസത്തിന്റെ ഭാഗമായി മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ‘എന്താണ് വിശ്വാസം?’ എന്ന ചോദ്യത്തിന് ‘അപരന് ഭക്ഷണം കൊടുക്കലും അഭിവാദ്യം ചെയ്യലുമാണ് വിശ്വാസം എന്നാണ് പ്രവാചകന്‍ ഒരിക്കൽ നൽകിയ മറുപടി. മറ്റൊരിക്കൽ ‘അതിഥികള്‍ ഇല്ലാത്ത വീടുകളിൽ മാലാഖമാര്‍ പ്രവേശിക്കുകയില്ല’ എന്ന് പ്രവാചകന്‍ പറയുന്നുണ്ട്. ആതിഥേയത്വം ദൈവസ്മരണക്ക് കാരണമാകുന്നു എന്നതിനാൽ അതിഥികൾക്കും ചില ഗുണങ്ങൾ ആവശ്യമാണ്. സമൂഹത്തിലെ ദരിദ്രരെ മാറ്റിനിര്‍ത്തി സമ്പന്നര്‍ക്കായി ഒരുക്കുന്നവയാണ് ഏറ്റവും മോശമായ സൽക്കാരങ്ങളെന്ന് ഗസ്സാലി ഇമാം എഴുതുന്നത് കാണാം. ധനികരെക്കാള്‍ ദരിദ്രരെയും, ഭക്തിയുള്ളവരെയുമായിരിക്കണം ക്ഷണിക്കേണ്ടത്. ബന്ധുക്കളെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അടുത്ത കുടുംബക്കാരെ അവഗണിക്കുന്നത് അവരുമായുള്ള ബന്ധം മോശമാക്കുന്നതിലേക്കാണ് നയിക്കുക എന്ന് ഇമാം ഓർമ്മപ്പെടുത്തുന്നു.

നമുക്ക് ചുറ്റുമുള്ളവരോട് പുലർത്തേണ്ട സാധാരണ കടമകളും അകലെയുള്ളവരോട് കാണിക്കേണ്ട പ്രത്യേക ആതിഥേയ മര്യാദകളും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് യഥാർത്ഥ ഭക്തിയെ നിർവചിക്കുന്നത് എന്ന് ഗസ്സാലി ഇമാം ഓർമ്മപ്പെടുത്തുന്നുണ്ട്. അതിഥിയെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട ഗുണങ്ങൾ ബൈബിൾ പുതിയ നിയമത്തിലെ പരാമർശങ്ങളുമായി സാമ്യത പുലർത്തുന്നുണ്ട്:

തന്നെ ക്ഷണിച്ചവനോടു അവൻ പറഞ്ഞതു: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരേയും സഹോരദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ട് നിനക്ക് പ്രത്യുപകാരം ചെയ്യും. നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടുന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്ക് പ്രത്യുപകാരം ചെയ്‍വാൻ അവർക്ക് വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്ക് പ്രത്യുപകാരം ഉണ്ടാകും.

Luke 14:12–14

ആതിഥ്യം കൊണ്ട് ലക്ഷ്യമാക്കുന്നത് നിലവിലുള്ള ബന്ധങ്ങളെ ദൃഢമാക്കുക എന്നത് മാത്രമല്ല, അതോടൊപ്പം സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുകയും, പലപ്പോഴും ഭൗതികമായി ദരിദ്രരല്ല എങ്കിലും മറ്റ് കാരണങ്ങളാൽ അവഗണിക്കപ്പെടുകയും ചെയ്യുന്ന ആളുകളിലേക്ക് എത്തിച്ചേരുക എന്നത് കൂടിയാണ്. അവർക്ക് ആതിഥ്യമരുളുന്നതിൽ തിരിച്ചുള്ള ആനുകൂല്യമോ, ക്ഷണമോ പ്രതീക്ഷിക്കപ്പെടുന്നില്ല. ക്രിസ്റ്റിൻ പോൾ എഴുതുന്നത് പോലെ, ‘ദരിദ്രരും, ബലഹീനരും അവരുടെ അസൗകര്യങ്ങളും ആവശ്യങ്ങളുമായാണ് കടന്നുവരുന്നത്. എന്നാൽ അവരെ സ്വാഗതം ചെയ്യുന്നതിലൂടെ ദൈവത്തിന്റെ സ്വാഗതം പ്രതീക്ഷിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.’ ഇമാം ഗസ്സാലിയുടെ വിശകലനത്തിൽ സമ്പത്തും സാമൂഹിക നിലയും വലിയ പങ്ക് വഹിക്കുന്നുണ്ട്. ക്ഷണം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചർച്ച ചെയ്യുന്ന ഇടങ്ങളിൽ പ്രത്യേകിച്ചും. ക്ഷണം സ്വീകരിക്കുന്നതിൽ സമ്പന്നർക്ക് ദരിദ്രരെക്കാൾ മുൻഗണന നൽകരുത് എന്നതാണ് അദ്ദേഹം മുന്നോട്ട് വെക്കുന്ന ആദ്യത്തെ നിബന്ധന. കാരണം അത് ധാർഷ്ട്യവും ധാര്‍ഷ്‌ട്യം വിലക്കപ്പെട്ടതുമാണ്. ഇമാം വിശദീകക്കുന്നു:

ആതിഥേയന്റെ സാമൂഹിക സാമ്പത്തിക, സാമൂഹിക അവസ്ഥകളോ, ദൂരമോ കണക്കിലെടുത്ത് ക്ഷണം നിരസിക്കാൻ പാടില്ല. സാധാരണഗതിയിൽ എത്തിച്ചേരാവുന്ന ദൂരമാണെങ്കിൽ ക്ഷണം നിരസിക്കാൻ ദൂരം കാരണമാകരുത്. തോറയിൽ ഇങ്ങനെ പറയുന്നു: ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ ഒരു മൈലും, മരണാനന്തര ചടങ്ങിൽ പങ്കെടുക്കാന്‍ രണ്ട് മൈലും, ഒരു ക്ഷണം സ്വീകരിക്കാനായി മൂന്ന് മൈലും, ഒരു സഹോദരനെ കാണാനായി നാല് മൈലും നടക്കുക.’ മരിച്ചവരേക്കാള്‍ ജീവിച്ചിരിക്കുന്നവരോടാണ് കൂടുത ബാധ്യതയുള്ളത് എന്നതിനാൽ ക്ഷണം സ്വീകരിക്കുന്നതിനും, അവരെ സന്ദര്‍ശിക്കുന്നതിനുമാണ് പ്രഥമ പരിഗണന കൊടുത്തിരിക്കുന്നത്.

ക്ഷണം സ്വീകരിക്കുന്നത് നല്ല ലക്ഷ്യത്തോടെ ആയിരിക്കണം. കേവലം വയറ് നിറക്കുക എന്നതിലുപരി ക്ഷണം സ്വീകരിക്കുന്നതിലൂടെ ആതിഥേയനെ സന്തോഷിപ്പിക്കുകയും അതിലൂടെ ദൈവ മാർഗ്ഗത്തിൽ പരസ്പരം സ്നേഹത്തിലാവുകയും ചെയ്യുക എന്നതായിരിക്കണം ആഗ്രഹം. ലക്ഷ്യം ഉത്തമമാവുക എന്നത് അതിഥി – ആതിഥേയ ബന്ധത്തിന്റെ അടിസ്ഥാനമാണ്. ഇനി ക്ഷണം സ്വീകരിച്ചാൽ അത് നല്ലതല്ലാത്ത ഭക്ഷണം കഴിക്കാനും, ദുരാരോപണം, അപകീര്‍ത്തിപ്പെടുത്തൽ, കള്ളം പറയൽ പോലുള്ള പ്രവർത്തിയിലേക്ക് നയിക്കാനും ഇടവരുമെങ്കിൽ അത്തരം സൽക്കാരങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്. ഒരാള്‍ നിര്‍ബന്ധമല്ലാത്ത വ്രതമനുഷ്ടിക്കുന്നതിനിടയിൽ തന്റെ സഹോദരനെ സന്തോഷിപ്പിക്കുന്നതിനായി വ്രതം അവസാനിപ്പിക്കേണ്ടി വരുന്നെങ്കില്‍ അങ്ങനെ ചെയ്യലാണ് നല്ലതെന്ന് ഇമാം നിരീക്ഷിക്കുന്നുണ്ട്. ക്രിസ്ത്യന്‍ സന്യാസികളുമായി ബന്ധപ്പെട്ട് സമാനമായ ഒരു കഥയുണ്ട്. സന്യാസി തന്റെ ശിഷ്യരുമൊത്ത് ഒരു ആശ്രമം സന്ദര്‍ശിക്കുകയും അവിടുത്തെ നിവാസികളുമൊത്ത് ഭക്ഷണം കഴിക്കാനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തു. അവർ യാത്ര തുടര്‍ന്നു. വഴിയരികിൽ ഒരു കിണറിൽ നിന്നും വെള്ളം കുടിക്കാന്‍ ശ്രമിച്ച ശിഷ്യനെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു ‘ഇന്നു നമുക്ക് വ്രതമാണ്’ അൽപ്പം മുമ്പ് ആശ്രമത്തി നിന്ന് കഴിച്ച ഭക്ഷണം ശ്രദ്ധയിൽ പെടുത്തിയപ്പോള്‍ അത് സ്നേഹത്തിന്റെ പേരിലുള്ള ഭക്ഷണമാണെന്നും നമുക്ക് വ്രതം തുടരാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇമാം ഗസ്സാലിയെ (റ) സംബന്ധിച്ചിടത്തോളം, സഹോദരൻ വിശ്വാസത്തിൽ കൂടെ സഹോദരനാണ് എന്നതിനാൽ ക്ഷണം സ്വീകരിക്കുക എന്നത് ദൈവത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത് പോലെയാണ്. ഭക്ഷണം ആഡംബരമാകാത്ത രീതിയിൽ സമൃദ്ധമായിരിക്കുകയും നല്ല വിഭവങ്ങള്‍ ആദ്യം വിളമ്പുകയും ചെയ്യണം. അതിഥിക്ക് മതിയാകുന്നതിന് മുമ്പായി വിഭവങ്ങള്‍ തിരിച്ചെടുക്കാന്‍ പാടില്ല. ഇബ്രാഹീം ബിന്‍ അദ്ഹമിന്റെ തീന്മേശയിൽ സമൃദ്ധമായ വിഭവങ്ങള്‍ കാണാനിടയായപ്പോള്‍ “അത് ആഢംബരമാവുകയില്ലെ” എന്ന് സുഫ്യാൻ അസ്സൗരി ചോദിച്ചു. “ആഢംബരം കാണിക്കുക എന്ന് ലക്ഷ്യമാക്കുമ്പോൾ മാത്രമേ ഭക്ഷണം സമൃദ്ധമാക്കുന്നത് അമിതവ്യയമാവൂ. അതിരുകടക്കുമ്പോൾ മാത്രമാണ് ആര്‍ഭാടമായി മാറുന്നത്” അദ്ദേഹം പ്രതിവചിച്ചു. ഇബ്നു മസ്ഊദ് പറയുന്നു: “സ്വന്തം ഭക്ഷണത്തിൽ അഹങ്കരിക്കുന്നവരുടെ ക്ഷണം സ്വീകരിക്കലിൽ നിന്ന് നാം വിലക്കപ്പെട്ടിരിക്കുന്നു. പൊങ്ങച്ചം പറയാനായി തെയ്യാറാക്കപ്പെട്ട ഭക്ഷണം സ്വഹാബികള്‍ (പ്രവാചക ശിഷ്യന്മാർ) വെറുത്തിരുന്നു”.

ഒരുപക്ഷേ ആതിഥ്യമര്യാദയുമായി ഏറ്റവുമധികം ബന്ധപ്പെട്ട് കിടക്കുന്നത് ഭക്ഷണമാണ്. ജീവിതം ഭക്ഷണത്തിനപ്പുറവുമുള്ള കാര്യങ്ങൾ കൂടി ആയിരിക്കാം, പക്ഷേ ഭക്ഷണമില്ലാതെ ജീവിതം സാധ്യമല്ല. അതുകൊണ്ട് തന്നെ നാം എന്ത് കഴിക്കുന്നു, ആരുമായി ചേർന്ന് കഴിക്കുന്നു എന്നതിന്റെ ദൈവശാസ്ത്രപരവും, ദാർശനികവുമായ പ്രാധാന്യം സാധാരണ ജീവിതത്തെ ഉയർന്ന ജീവിതവുമായി ബന്ധിപ്പിക്കുന്നതാണ്. ഒത്തുചേരുന്നതിന്റെ ഉദ്ദേശ്യവും, ആനന്ദവും വേറെത്തന്നെ നിലനിൽക്കുമ്പോഴും, ഭക്ഷണത്തിന്റേതായ ആനന്ദം എന്നത് ഒരു കല പോലെ വികസിപ്പിക്കാവുന്നതാണ്. തത്ത്വചിന്തകനായ ജൂലിയൻ ബാഗ്ഗിനി നല്ല ഭക്ഷണാനുഭവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്:

നല്ല ഭക്ഷണമില്ലാത്ത ജീവിതം നല്ല കലകളില്ലാത്ത ജീവിതത്തെപ്പോലെ ഊഷരമായിരിക്കും. അതുപോലെ പാചകകല മറ്റ് കലകൾക്കൊപ്പം പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു. എന്നാൽ ഭക്ഷണത്തിന്റെ മൂല്യം അതിന്റെ മികച്ച പരിശീലകരുടെ അസാധാരണ നേട്ടങ്ങളേക്കാൾ ദൈനംദിന ഉപയോഗങ്ങളിലാണ്. പാചകം എന്നത് ഒരു ദൈനംദിന കലയാണ്.

The Virtues of the Table: How to Eat and Think,  Julian Baggini

ഭക്ഷണത്തിന്റെ ആനന്ദം സ്വയം വ്യക്തിയെയോ സമൂഹത്തെയോ പരിവർത്തിപ്പിക്കുകയില്ല. അതേസമയം, ആതിഥേയത്വത്തിന്റെ ലക്ഷ്യം ഒരു പ്രവർത്തിയും, ജീവിതത്തോടുള്ള മനോഭാവവും എന്നീ നിലകളിൽ കൂടുതൽ റാഡിക്കലായ സാധ്യതകൾ തുറന്നുനൽകുന്നുണ്ട്; പരസ്പരമുള്ള നമ്മുടെ പെരുമാറ്റങ്ങളിലും, ഇടപാടുകളിലും ദൈവം ആവശ്യപ്പെടുന്ന നന്മയും, ദയയും ഉൾച്ചേരുന്ന തരത്തിലേക്ക് വ്യക്തികളെ പരിവർത്തിപ്പിക്കാൻ അത് സഹായകമാകുന്നുണ്ട്.


അധ്യായം നാല് : ഭക്ഷണം രൂപപ്പെടുത്തുന്ന വ്യക്തിയും സമൂഹവും
അധ്യായം ആറ്: ദൈവം എന്ന ആതിഥേയൻ
വിവർത്തനം: നിസാം അപ്പാട്ട്
Featured Image: freestocks

Comments are closed.