ഇസ്‌ലാമിക ദൈവശാസ്ത്ര വ്യവഹാരങ്ങളാണ് ‘ഇൽമുൽ കലാം’ എന്ന പേരിൽ അറിയപ്പെടുന്നത്. കലാം വ്യവഹാരങ്ങളിൽ ഏർപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതർ മുതകല്ലിം എന്നും വിളിക്കപ്പെടുന്നു. ചരിത്രത്തിലെ എല്ലാ നാഗരിതകളിലെയും മത-കലാപരമായ ഇടപാടുകൾ, പ്രപഞ്ച വീക്ഷണങ്ങൾ എന്നിവയെല്ലാം തന്നെ രൂപപ്പെട്ടിട്ടുള്ളത് ‘പ്രപഞ്ചം ഭൗതികമാണ് (ഫിസിക്കൽ) അല്ലെങ്കിൽ അതിഭൗതികമാണ് (മെറ്റാ ഫിസിക്കൽ)’ എന്നീ രണ്ട് രണ്ട് ധാരണകൾ അടിസ്ഥാനപ്പെടുത്തിയാണ്. ഇമാം ഗസ്സാലി അദ്ദേഹത്തിന്റെ അൽ മുസ്തസ്ഫയിൽ വ്യക്തമാക്കുന്നതനുസരിച്ച് ഇസ്‌ലാമിക പ്രപഞ്ച രൂപത്തിന്റെ (cosmology) ഉത്ഭവം, ദൈവത്തെ മുൻനിർത്തിയുള്ള ഇൽമുൽ കലാമിലൂടെയാണ് രൂപപ്പെട്ടിട്ടുള്ളത്. മെഡീവൽ നാച്ചുറൽ സയന്റിസ്റ്റായ അൽ ജാഹിളിന്റെ അഭിപ്രായത്തിൽ “ബയോളജി, ജന്തുശാസ്ത്രം, സൈക്കോളജി, സംഗീതം, ചരിത്രം, രാഷ്ട്ര മീമാംസ, നാച്ചുറൽ സയൻസ് അടക്കം എല്ലാ വിജ്ഞാന ശാഖകളുടെയും കേന്ദ്ര ബിന്ദുവായി വർത്തിക്കുന്നത് ദൈവശാസ്ത്രമാണ്”.

ദൈവശാസ്ത്ര പണ്ഡിതർ ഗവേഷണം ആരംഭിക്കുന്നത് ഉണ്മയിൽ ഉള്ള വസ്തുക്കളിൽ നിന്നാണ് (being generic things – أعم الأشياء الموجودة). അവയെ ആദ്യം, അനാദ്യമായ (القديم/primordial) ദൈവം, ഇല്ലായ്മയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട (ex-nihilio) പ്രപഞ്ചം എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു; ശേഷം, അതിൽ പ്രപഞ്ചത്തെ കണിക (atom), വിശേഷണങ്ങൾ (qualities/accidents) എന്ന് രണ്ടായി വിഭജിക്കുന്നു; അതിൽ വിശേഷണങ്ങളിൽ സ്വയം ജൈവികത ഉള്ളവയെ (കാഴ്ച, കേൾവി) പ്രാഥമിക വിശേഷണങ്ങൾ (primary/essential qualities) എന്നും, ജൈവികത ഇല്ലാത്തവയെ (നിറം, മണം, രുചി) ദ്വിദീയ വിശേഷണങ്ങൾ (secondary qualities) എന്നും തരം തിരിക്കുന്നു; ശേഷം, കണികകളെ സജീവത (active), സസ്യം (neutral), നിർജീവിത (passive) എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു. വിശേഷണങ്ങളുടെ ഭാവ വ്യത്യാസങ്ങളനുസരിച്ച് കണികകളിലും മാറ്റങ്ങൾ പ്രകടമാവുന്നു. അങ്ങനെ പ്രപഞ്ചത്തെ അത്തരത്തിൽ തരം തിരിക്കുന്നതോടെ അവസാനം ആ വിഭജനത്തിൽ നിന്നെല്ലാം ബാക്കിയാവുന്ന ദൈവത്തെ കുറിച്ചുള്ള ആലോചനകളിലേക്കാണ് തുടർന്ന് ദൈവശാസ്ത്ര പണ്ഡിതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദൈവത്തിലേക്കെത്താൻ വേണ്ടിയാണ് യഥാർത്ഥത്തിൽ ദൈവശാസ്ത്ര പണ്ഡിതർ പ്രാഥമികമായി പ്രപഞ്ചത്തെ വിഭജിക്കുന്നത്. അതിനാൽ, പ്രപഞ്ചത്തെ ആകമാനം ഗവേഷണ വിധേയമാക്കുന്നതിനാൽ, ഇമാം ഗസ്സാലിയുടെ വീക്ഷണത്തില്‍ എല്ലാ വിജ്ഞാന ശാഖകളും യഥാർത്ഥത്തിൽ ഇൽമുൽ കലാമിന്റെ ശാഖാ ശാസ്ത്രങ്ങളാണ് (partciular science – العلوم الجزئية).

വസ്തുക്കളുടെ ഭൗതിക നിർമ്മിതിയെ കുറിച്ചോ, അവയുടെ വിശേഷണങ്ങളെ സൂചിപ്പിക്കുന്നതോ ആയ ഒരു സമീപനം ഇൽമുൽ കലാമിന്റെ പ്രാരംഭ ഘട്ടത്തിൽ ഇസ്‌ലാമിക ധൈഷണിക ചർച്ചകളിൽ സജീവമായിരുന്നില്ല. അതിനാൽ തന്നെ ആദ്യ ഘട്ടത്തിൽ ദൈവശാസ്ത്ര പണ്ഡിതർക്കിടയിൽ വസ്തുക്കളുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ കാണാൻ സാധിക്കും. ഉദാഹരണമായി, മുഅതസിലീ പണ്ഡിതനായ ഹിഷാം ഇബ്നു ഹകം അടക്കമുള്ളവരുടെ വീക്ഷണത്തിൽ ശബ്ദം, രുചി, നിറങ്ങൾ മുതലായ എല്ലാം പ്രപഞ്ചത്തോടൊപ്പം തന്നെ ഭൗതികമായി നിലനിൽക്കുന്ന സ്വതന്ത്രമായ വസ്തുക്കളായിരുന്നെങ്കിൽ ദിറാർ ഇബ്നു അംറ് പോലെയുള്ളവരുടെ കാഴ്ച്ചപ്പാടിൽ അവ ‘പ്രാഥമിക വിശേഷണങ്ങൾ’ മാത്രമാണ്. ആദ്യ തലമുറക്ക് ശേഷമാണ് ആറ്റോമിക് സങ്കൽപം കലാമിൽ സജീവമാകുന്നത്. അബുൽ ഹുദൈൽ അൽ അല്ലാഫ്, ബിശ്‌റു ഇബ്നു അൽ മുഅതമിർ, മുഅമ്മർ ഇബ്നു അബ്ബാദ് എന്നിവരാണ് പ്രപഞ്ചം, ഒരു ഡയമെൻഷനിലും വിഭജിക്കാൻ കഴിയാത്ത അതിസൂക്ഷ്മ വസ്തുക്കളിൽ നിന്നും, അവയോട് കൂടെ തന്നെ നിലനിന്ന് പോരുന്ന (unextendedness) വിശേഷണങ്ങളിൽ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന ആറ്റോമിക് തിയറി രൂപപ്പെടുത്തുന്നത്. (ജൈന,ബുദ്ധ,ന്യായ-വൈശേഷിക, മീമാംസ ടെക്സ്റ്റുകളിൽ നിന്നാണ് ആറ്റോമിസം ഗ്രീക്കിലേക്കും തുടർന്ന് ഇസ്‌ലാമിലേക്കും വന്നതെന്ന് ഇവിടെ ചേർത്തു വായിക്കപ്പെടേണ്ടതാണ്) അതിഭൗതിക വാദത്തിനെതിരെ അല്ലാഫിന്റെ നേത്രത്വത്തിൽ രൂപം കൊണ്ട ആറ്റോമിസം പതുക്കെ മുഅതസിലകളുടെ ബാഗ്ദാദ്, ബസറ സ്‌കൂളുകളിലേക്കും ക്രമേണ അഹ്‌ലുസുന്നയുടെ അശ്അരീ, മാതുരീദി മദ്ഹബുകളിലേക്കും വ്യാപിച്ചു. ഹിജറ ആറാം നൂറ്റാണ്ടിലെ അന്തലൂസിയൻ ജൂത ദൈവശാസ്ത്രജ്ഞനായ മൂസ ഇബ്നു മൈമൂൻ (മൈമോനിദേസ്) ഇൽമുൽ കലാമിന്റെ ആറ്റോമിക് കേന്ദ്രീകൃത പ്രപഞ്ച മോഡലിനെ 12 തീസീസുകളായി വിവരിച്ചിട്ടുണ്ട്:

  1. പ്രപഞ്ചത്തിലെ സകല വസ്തുക്കളും ഒരിക്കലും വിഭജിക്കാന്‍ കഴിയാത്ത/അവിഭാജ്യ കാണികളില്‍ നിന്നാണ്‌ രൂപപ്പെട്ടിരിക്കുന്നത്.
  2. പ്രപഞ്ചത്തിന്റെ അകത്തും പുറത്തും ശൂന്യത (voidness /الخلا) നിലനില്‍ക്കുന്നുണ്ട്.
  3. കാലം/സമയം ആറ്റോമിക് രൂപത്തിലെ ‘നിമിഷങ്ങളില്‍’ നിന്നാണ്‌ ഉണ്ടാവുന്നത്.
  4. ആറ്റങ്ങൾക്ക് ഭിന്ന സ്വഭാവമുള്ള ‘വിശേഷണ’ങ്ങളില്‍ നിന്ന് (الأعراض) ഒരിക്കലും ഒഴിഞ്ഞ് നിൽക്കാനാവില്ല.
  5. അതായത്‌; ആറ്റങ്ങൾ ‘വിശേഷണ’ങ്ങളോട് കൂടെ ഒരേ സമയത്ത്‌ ( contemporariness/ معية) സൃഷ്ടിക്കപ്പെടുകയും അവയില്‍ നിന്ന് അകന്ന് പോവുകയുമില്ല.
  6. ഓരോ വിശേഷണവും ഒന്നിലധികം സമയത്ത് (time period) നിലനില്‍ക്കില്ല. അവ ആദ്യ നിമിഷം തന്നെ നശിച്ചു പോവും. രണ്ടാം നിമിഷത്തില്‍ തുല്യ സ്വഭാവമുള്ളവയോ ഭിന്ന സ്വഭാവമുള്ളതോ ആയി സൃഷ്ടിക്കപ്പെടും (تجدد الأمثال، تعاقب الأمثال).
  7. മനുഷ്യ കഴിവുകളുടെ (ملكات) ഇല്ലായ്മയും ഉണ്മയും എല്ലാം ദൈവത്തിന്റെ ഭാഗത്ത് നിന്നാണ്‌ സൃഷ്ടിക്കപ്പെടുന്നത്. ഓരോ കഴിവും അതിന്റെ പര്യായവും ദൈവം മനുഷ്യ- മനുഷ്യേതര വസ്തുക്കളില്‍ സൃഷ്ടിക്കുന്നു.
  8. പ്രപഞ്ചത്തില്‍ കണികകളും വിശേഷണങ്ങളും അല്ലാതെ ഒരു ‘വസ്തുക്ക’ളുമില്ല. പ്രകൃതി രൂപങ്ങള്‍ പോലും വിശേഷണങ്ങളാണ്.
  9. ആറ്റങ്ങളുടെ പ്രാഥമികവും അല്ലാത്തതുമായ വിശേഷണങ്ങൾ പരസ്പരം ഒന്ന് ഒന്നിനെ വഹിക്കുകയില്ല.
  10. ഉണ്മ ‘സാധ്യത’യുള്ള ഒരു വസ്തുവിനെ (contingent) കുറിച്ചുള്ള ‘സങ്കല്‍പ്പ’വും (الوجود الذهني) സങ്കല്‍പത്തിന് പുറത്തുള്ള അതിന്റെ ഉണ്മയും (الوجود الخارجي) ഒന്നാകണമെന്നില്ല.
  11. അനന്തതയെ പ്രവര്‍ത്തിയിലേക്ക് എത്തി ചേരാത്ത വെറും ഒരു ശക്തിയായോ (virtually or potentially/بالقوة), അല്ലെങ്കിൽ പ്രവര്‍ത്തി പഥത്തില്‍ എത്തിയതായ (de facto/ بالفعل) ഒന്നായോ മനുഷ്യർക്ക് ‘സങ്കല്പി’ച്ചു നോക്കാവുന്നതാണ്. എന്നാൽ അനന്തത ഉണ്മയിലേക്ക് വന്ന് ഒരു വസ്തുവിന്റെ വിശേഷണമായി മാറുക എന്നത് അസാധ്യമാണ്.
  12. ഇന്ദ്രിയങ്ങൾക്ക് പിഴവ് സംഭവിക്കാവുന്നതാണ്. അതിനാൽ അവ മൂലം കൈ വരുന്ന ഊഹാപോഹങ്ങൾ ഒരു നിയമം ആയോ ഒരു അനിഷേധ്യ ധൈഷണിക തെളിവ് (برهان) ആയോ സ്വീകരിക്കപ്പെടുന്നതല്ല.

കലാം ആറ്റോമിസവും ഇസ്‌ലാമിക വിജ്ഞാനങ്ങളും

ഗ്രീക്ക് ചിന്തയിൽ നിന്ന് വ്യത്യസ്‍തമായി ഇൽമുൽ കലാം വികസിപ്പിച്ച ആറ്റോമിക് മോഡൽ (Kalam atomism) ആണ് ഇസ്‌ലാമിക നാഗരികതയുടെ കോസ്മോളജിക്കൽ (atomic universe) കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ഇസ്‌ലാമിക ലോകത്ത് ഫിസിക്സ്, കെമിസ്ട്രി, അൽജിബ്ര മുതലായ എല്ലാ ശാസ്ത്ര വിജ്ഞാനീയങ്ങളും ആറ്റോമിക് പ്രപഞ്ച മോഡലിന്റെ അടിസ്ഥാനത്തിലാണ് വികസിച്ചത്. “കലാം അറ്റോമിസത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്‍ലാമിക ലോകത്ത് ലിംഗ്വസ്റ്റിക് എറ്റിമോളജിയും, ഹിസ്റ്റോറിയോഗ്രഫിയും വികാസം പ്രാപിച്ചതെന്ന്” മുഹമ്മദ് ആബിദ് ജാബിരി നിരീക്ഷിക്കുന്നുണ്ട്. വില്യം മോണ്ടഗോമറി വാട്ടിന്റെ അഭിപ്രായത്തിൽ വ്യാകരണ, തർക്ക ശാസ്ത്രങ്ങളുടെയും അടിസ്ഥാനം കലാം ആറ്റോമിസം തന്നെയാണ്. കലാം ആറ്റോമിസത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രീക്ക് തത്വശാസ്ത്രത്തിലെ തുലന ശാസ്ത്രങ്ങളായ analalogy, deduction, induction (التمثيل/ (البرهان اللمي) الإستقراء ( البرهان لإني) التعليل) മുതലായ രീതികൾ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രങ്ങളിലേക്ക് സ്വീകരിക്കപ്പെട്ടത്. നാച്ചുറൽ സയൻസിലും, മാത്തമാറ്റിക്സിലും സമാനമായ രീതിയിൽ കലാമിലെ വ്യവഹാരങ്ങളിൽ നിന്നുള്ള സ്വാധീനം വ്യക്തമാണ്. ‘മുതകല്ലിം’ (ദൈവശാസ്ത്ര പണ്ഡിതൻ) എന്ന പദം ഒരു കാലത്ത് ‘നാച്ചുറൽ സയന്റിസ്റ്റ്’ എന്ന അർത്ഥത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഇൽമുൽ കലാം ഇസ്‌ലാമിക നാഗരികതയിൽ ചെലുത്തിയ സ്വാധീനം രാഷ്ട്രീയവും, സ്ഥാപനപരവുമായ അധികാരങ്ങൾ കൊണ്ടായിരുന്നില്ല. മറിച്ച് വലിയൊരളവിൽ അത് രൂപപെടുത്തിയ സവിശേഷമായ കോസ്മോളജി കാരണമായിരുന്നുവെന്ന് ഓറിയന്റൽ പണ്ഡിതനായ ഹെൻറി കോർബിൻ വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമിക ദൈവശാസ്ത്ര പണ്ഡിതർ വികസിപ്പിച്ച ആറ്റോമിക് പ്രപഞ്ച മോഡൽ, ചരിത്രത്തിലുടനീളം ഗ്രീക്ക്, പേർഷ്യൻ, ഭാരതീയ നാഗരികതകൾ രൂപപ്പെടുത്തിയ ആശയങ്ങളുമായി തുടർച്ചയായി സംവാദത്തിലേർപ്പെട്ടിരുന്നു. എന്നാൽ, ഖുർആൻ പരാമർശിച്ച ദൈവ-പ്രപഞ്ച-മനുഷ്യ ബന്ധത്തിൽ അടിസ്ഥാനപ്പെടുത്തിയ കോസ്മോളജി ആയിരുന്നു, വസ്തുക്കളുടെ സൂക്ഷമ-അടിസ്ഥാനത്തിൽ നിന്ന് പൊതുവായ ഒരു കോസ്മോളജിക് സിദ്ധാന്തവൽക്കരണത്തിൽ എത്തുന്ന രീതിയിലൂടെ, അഡ്രിയാറ്റിക് മുതൽ ചൈന വരെ നീണ്ട് കിടന്ന ഈജിപ്ത്, ഗ്രീക്ക്, പേർഷ്യൻ, ബാബിലോണിയൻ, ഭാരതീയ തത്വശാസ്ത്രങ്ങളോട് ബൗദ്ധിക സംവാദങ്ങളിൽ ഏർപ്പെടുമ്പോഴും, സുന്നി, മുഅതസിലി ദൈവശാസ്ത്ര പണ്ഡിതർ അവലംബിച്ചിരുന്നത്.

ഇസ്‌ലാമിക ആറ്റോമിസവും ഇൽമുൽ കലാമും

മുതകല്ലിമുകളെ സംബന്ധിച്ചിടത്തോളം “തെറ്റായ ഒരു പ്രപഞ്ച സങ്കൽപ്പം തെറ്റായ ദൈവിക സങ്കൽപ്പത്തിലേക്ക് നയിക്കും”. അതിനാൽ ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്ന ദൈവസങ്കൽപ്പത്തിനുതകുന്ന ഒരു കോസ്മോളജി ആണ് അവർ വികസിപ്പിക്കാൻ ശ്രമിച്ചത്. അതനുസരിച്ച് അവർ ആറ്റം (الجوهر الفرد) സിദ്ധാന്തത്തെ ഹയൂല-സൂറയിൽ (എല്ലാ വസ്തുക്കളിലും ദൈവത്തെ പോലെ അനശ്വരവും അനന്തവുമായ ഒരു ഘടകമുണ്ട് എന്ന വിശ്വാസം) നിന്ന് മാറി, ‘വിഭജിക്കാൻ കഴിയാത്ത/അവിഭാജ്യ ഘടകം (جزء لا يتجزأ)’ എന്ന അർത്ഥത്തിൽ സ്വീകരിക്കുകയും; പ്രപഞ്ചത്തിന് സ്വയം സ്വത്വസിദ്ധതയും നിലനിൽപ്പും സമ്പൂർണ്ണതയും കൽപ്പിച്ചു നൽകിയിരുന്ന പ്രീ-സോക്രട്ടിക് തത്വചിന്തകരിൽ നിന്ന് ഭിന്നമായി വിശേഷണങ്ങളോട് (الأعراض) കൂടെ നിലനിൽക്കുന്ന കണികകൾ കൊണ്ടാണ് പ്രപഞ്ചം ‘സൃഷ്ടി’ക്കപ്പെട്ടതെന്ന് സ്ഥാപിക്കുകയും; പ്രപഞ്ചം അതിനാൽ തന്നെ ക്ഷണികമാണെന്ന് (temporal – حادث) സമർത്ഥിക്കുകയും ചെയ്തു.

ഇമാമുൽ ഹറമൈനി അൽ ജുവൈനിയുടെ അഭിപ്രായത്തിൽ ദൈവശാസ്ത്ര തത്വങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് “ദൈവത്തിന് ശേഷം ഉണ്മ പ്രാപിച്ച എല്ലാ ക്ഷണിക ഉണ്മകളും അനന്തമാണ്” എന്ന വാദത്തിന്റെ താർക്കികമായ നിഷേധമാണ്. ആ വാദം ഇങ്ങനെ സംഗ്രഹിക്കാം:

  1. പ്രപഞ്ചത്തിനു ചുറ്റും വലയം രൂപപ്പെടുത്തൽ സാധ്യമല്ല (അതായത് പ്രപഞ്ചം അതിരില്ലാത്തതാണെങ്കിൽ) എങ്കിൽ ദൈവത്തിന്റെ വിശേഷണങ്ങളിൽ പെട്ട അനന്തത (infinity), തുടർച്ച (continuity), അനശ്വരത (eternity) മുതലായവ പ്രപഞ്ചത്തിന്റെ വിശേഷണങ്ങളിൽ പെടും. എന്നാൽ, ദൈവവും പ്രപഞ്ചവും തമ്മിലുള്ള ഏകത അസാധ്യമാണ്. ആ അസാധ്യത ഖുർആനിന്റെ അടിസ്ഥാന തത്വങ്ങളിൽപെട്ട ഒന്നാണ് എന്നതിനാൽ (التوحيد والتنزيه) ആ വാദം വിശ്വാസയോഗ്യമല്ല.
  2. (പ്രപഞ്ചവും അനന്തമാണ് എന്ന കാരണത്താൽ) അതിർത്തിയെ ചുറ്റിയുള്ള വലയം അസാധ്യമായ ഒരു പ്രപഞ്ചത്തിൽ, ദൈവിക ഉണ്മയിലേക്ക് വിരൽച്ചൂണ്ടുന്ന തെളിവുകൾ ഒരു നിലക്കും കണ്ടെത്താൻ കഴിയില്ല. കാരണം, അവിടെ പ്രപഞ്ചവും ദൈവത്തിന്റെ ഗുണവിശേഷണങ്ങളിലേക്കുയരുന്നു. അപ്പോൾ, പ്രപഞ്ചം ദൈവത്തിലേക്ക് സൂചിപ്പിക്കുന്ന ഒരു ഉണ്മ എന്നതിന് പകരം സ്വതന്ത്രമായ ഒരു ഉണ്മയായി മാറുന്നു.
  3. അപ്പോൾ ‘ആറ്റോമിക് കോസ്മോളജി’യുടെ നിഷേധം ദൈവത്തിന് പാർശ്വ കാര്യങ്ങൾ (particular knowledge) അറിയില്ലെന്നും; അല്ലെങ്കിൽ അവന്റെ അറിവ് പ്രപഞ്ചത്തെ മൊത്തം ഉൾകൊള്ളില്ല എന്നുമുള്ള വാദത്തിലേക്കു വഴി വെക്കും. എന്നാൽ ഖുർആൻ “ദൈവത്തിന്റെ ജ്ഞാനം ആകാശ ഭൂമിയിലെ എല്ലാ വസ്തുക്കളെയും ഉൾകൊള്ളുന്നതാണെ”ന്ന് അതിന് വിപരീതമായി പ്രഖ്യാപിക്കുന്നുണ്ട്.
  4. പ്രപഞ്ച വലയം സാധ്യമല്ലെങ്കിൽ പ്രപഞ്ചോത്പത്തിയുടെ (genesis) പ്രശ്നവും അവിടെ ഉയർന്ന് വരുന്നു. അനന്തമായ വശങ്ങളിലേക്ക് അനന്തമായ ദൂരമുള്ള ഒരു മുഴു വസ്തുവിന്റെ (പ്രപഞ്ചം) സൃഷ്ടിപ്പ് അസാധ്യമായത് കൊണ്ടും (കാരണം അനന്തമായ ഒരു വസ്തുവിന് ‘മുഴുവൻ’ എന്ന ഒരു അവസ്ഥ ഉണ്ടാവുകയില്ല) ദൈവത്തിന്റെ ‘സൃഷ്ടിപ്പ്’ എന്ന പ്രവർത്തി അസാധ്യമായ വസ്തുക്കളോട് ബന്ധപ്പെടാത്തത് കൊണ്ടും, പ്രപഞ്ചം ദൈവത്തിന്റെ സൃഷിടികളിൽ ഒന്നായി എണ്ണപ്പെടില്ല (കാരണം അത് ‘വൈരുദ്ധ്യങ്ങളുടെ ഏകോപനം’ (unity of paradox) – അസാധ്യമായ പ്രപഞ്ചത്തെ ദൈവം സാധ്യമാക്കുക – എന്നതിലേക്ക് നയിക്കും). എന്നാൽ ഖുർആൻ നിരവധി ആയത്തുകളിൽ “ദൈവം ആകാശ ഭൂമികളുടെ സൃഷ്ടാവാണെ”ന്ന് വ്യക്തമാക്കുന്നുണ്ട്.
  5. അപ്പോൾ, ഉണ്മയുടെ യോജിപ്പ്-വിയോജിപ്പ് (mergering and splitting), ചലനം-നിശ്ചലത (motion and immobility), ഉഷ്ണം-തണുപ്പ് (heat and cold) പോലുള്ള ഭൗതിക വിശേഷണങ്ങളെയും; സ്ഥല-കാല ബന്ധങ്ങളെയും (space-time cordination) കൂട്ടിയോജിപ്പിക്കുന്ന ‘ആറ്റങ്ങളെ’ സ്വീകരിക്കാതിരിക്കുന്നതിലൂടെ, പ്രപഞ്ചവും ദൈവവും ഒന്നാണെന്ന സിദ്ധാന്തത്തെത്തിലേക്ക് എത്തിച്ചേരേണ്ടതായി വരുന്നു. അത് മൂലം: ശരീരം പുനർജ്ജനിക്കാതെ ആത്മാവിന്റെ മാത്രം പുനർജന്മം, കേവല ആത്മാവുകൾ പോലുള്ളവയുടെ നിലനിൽപ്പ് മുതലായ ഊഹങ്ങൾ, പ്രപഞ്ചം ഏകമാണെന്ന (ontologic statue) സിദ്ധാന്തം പോലുള്ള തത്വചിന്തകൾ ഉയർന്നു വരുന്നു. അതിനാൽ, ഏകദൈവ വിശ്വാസത്തിനും, ഖുർആൻ വ്യക്തമാക്കുന്ന വസ്തുതകൾക്കും എതിരായ ദർശനങ്ങൾ, ആറ്റോമിക് കോസ്മോളജി നിഷേധിച്ച് ആറ്റങ്ങളിൽ നിന്ന് സ്വതന്ത്രമായ ഒരു പ്രപഞ്ചത്തെ സങ്കല്പിക്കുമ്പോൾ രൂപപ്പെടുന്നു.

ഗ്രീക്ക് – പെരിപ്പറ്ററ്റിക്-നിയോ പ്ലേറ്റോണിസ്റ്റ് ഫിലോസോഫേഴ്‌സിന്റെ – ആറ്റോമിസത്തെ എതിർക്കുന്നതോടു കൂടെ, ശാശ്വതമായ പ്രപഞ്ചം; പരലോകത്തെ ആത്മാവുകളുടെ മാത്രമായ പുനർജന്മം; ദൈവത്തിന്റെ, സൃഷ്ടികളുടെ വൈയക്തിക പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള അറിവില്ലായ്മ തുടങ്ങിയ വാദങ്ങളെയും ഇസ്‌ലാമിക ദർശനങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ കലാം ആറ്റോമിസം കൊണ്ട് പ്രതിരോധിക്കാൻ മുതകല്ലിമുകൾക്ക് സാധിച്ചു. കലാം ആറ്റോമിസം കൊണ്ടുള്ള ഉപകാരം എന്താണെന്ന ചോദ്യത്തിന്: “കലാം ആറ്റോമിസം കൊണ്ട് തത്വശാസ്ത്രജ്ഞരുടെ നിരവധി ഇരുളടഞ്ഞ വാദങ്ങളിൽ നിന്ന് ഇസ്‌ലാമിക പ്രമാണങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നതാണ്. അതുമുഖേന, ഹയൂല-സൂറത്തിന്റെ (Hylomorphism) സ്ഥിരീകരണം കൊണ്ടുള്ള പ്രപഞ്ചത്തിന്റെ നിത്യത, ആകാശങ്ങളുടെ ചലന തുടർച്ചക്കുള്ള ജിയോമെട്രിക് അടിസ്ഥാനം തുടങ്ങിയ വസ്തുതാവിരുദ്ധമായ വാദങ്ങളിൽ നിന്ന് ഇസ്‌ലാമിക സിദ്ധാന്തങ്ങൾ ഇതുവരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.” എന്നായിരുന്നു ഇമാം സഅദുദ്ദീൻ തഫ്താസാനി മറുപടി വ്യക്തമാക്കിയത്.

കലാം കോസ്മോളജിയും മോഡേൺ കോസ്മോളജിയുടെ മതകീയതയും

ആധുനിക കോസ്മോളജിയിലെ ശ്രദ്ധേയമായ വഴിത്തിരിവുകളിൽ ഒന്ന് മതവും, ശാസ്ത്രവും, ഫിലോസഫിയും തമ്മിലുള്ള ആന്തരിക വ്യത്യാസങ്ങളെ മുൻനിർത്തിക്കൊണ്ട്, നിക്കോള കോപ്പർനിക്കസ്, ഗലീലിയോ ഗലീലി, ഐസക്ക് ന്യൂട്ടൺ, ഡേവിഡ് ഹ്യൂം, ഇമ്മാനുവൽ കാന്റ്, സൈമൺ ലാപ്ലെസ്, അഗസ്റ്റ് കോം തുടങ്ങിയവർ രൂപപ്പെടുത്തിയെടുത്ത മെക്കാനിക് കോസ്മിക് മോഡലിൽ നിന്നും രൂപപ്പെട്ട പോസിറ്റീവിസം (മെത്തോഡോളജിക്ക് ഭൗതിക വാദം) ആയിരുന്നു. ‘വിശുദ്ധനും ഉന്നതനുമായ ഒരു ശക്തിയുടെ സ്വാധീനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന അടുക്കും ചിട്ടയുമുള്ള കോസ്മോളജി’ എന്ന പാരമ്പര്യ പ്രപഞ്ച ശാസ്ത്ര തീസീസുകളെ വെല്ലുവിളിച്ച മെക്കാനിക് കോസ്മോളജി ഒരേ സമയം പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ അവസാനിച്ചിരിക്കുന്നു എന്നും, ‘ദൈവ-പ്രപഞ്ച ബന്ധം’ ഘടികാരം പോലെ പ്രവർത്തിക്കുന്ന പ്രപഞ്ച (clockwork universe) സിദ്ധാന്തമാണെന്നും, ദൈവത്തെ clockmaker, ‘God of the gaps’, dead God എന്നും വിശേഷിപ്പിച് ഒരു ഭാഗത്ത് നിരീശ്വരവാദം, സെക്കുലറിസം, ഭൗതിക വാദം ഉൾപ്പടെയുള്ള (പുതിയ) പ്രത്യയശാസ്ത്രങ്ങൾക്കും; മറുഭാഗത്ത് “ദൈവം പ്രപഞ്ചത്തിന് പുറത്ത് ‘ശൂന്യമായ ഇടങ്ങൾ’ സൃഷ്ടിച്ചിട്ടുണ്ട്” എന്ന സിദ്ധാന്തക്കാരായ അജ്ഞേയവാദികളുടെ (gnostics) സ്പിരിറ്റിസം, നിയോ-സ്പിരിറ്റിസം, തിയോസഫി മുതലായ ദർശനങ്ങൾക്ക് തിരിച്ചു വരാനുമുള്ള അവസരം ഒരുക്കി കൊടുക്കുകയായിരുന്നു.

എന്നാൽ, ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനമായിരുന്ന ന്യൂട്ടോണിയൻ ഫിസിക്സിന് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശരിയായ ഒരു പ്രപഞ്ചത്തെ നിർണയിക്കാൻ കഴിയാതെ വരികയും, അങ്ങനെ radioactivity, photo-electric black body radiation, atomic form മുതലായ നാച്ചുറൽ പ്രതിഭാസങ്ങൾ പരിഹരിക്കപ്പെടാതെ ബാക്കിയാവുകയും ചെയ്ത സാഹചര്യത്തിലാണ് ‘theory of relativity’ (macro scale), ‘quantum mechanics’ (micro scale) മുതലായ രൂപങ്ങളിൽ പുതിയ കോസ്മോളജിക്കൽ സിദ്ധാന്തങ്ങൾ പിറവിയെടുത്തത്. പക്ഷെ, അതോട് കൂടെ ഭൗതികശാസ്ത്രം കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു ചെയ്തത്. കാരണം, പഴയ ഫിസിക്സിന് അന്യമായിരുന്ന നിർണ്ണയരാഹിത്യം (uncertainity), സാധ്യത (probability), കലാപത (chaos), സങ്കീർണ്ണത (complexity), ആവിർഭാവം (emergence), അന്യൂന്യത (irreducibility), പരിവർത്തന സാധ്യത (irreversibility) തുടങ്ങിയ പുതിയ സിദ്ധാന്തങ്ങൾ കൂടി പുറത്തു വരികയും, ‘നേരിട്ട് കണ്ടറിഞ്ഞ/അനുഭവിച്ച യാഥാര്‍ത്ഥ്യം’ എന്നതിനെ അടിസ്ഥാനപ്പെടുത്തി നിലനിന്നിരുന്ന മെക്കാനിക്-കോസ്മിക് സങ്കൽപ്പത്തിന്റെ സ്ഥാനത്ത്, അനിശ്ചിതത്വത്തെ പ്രകൃതിയുടെ ഭവശാസ്ത്രപരവും, ജ്ഞാനശാസ്ത്രപരവുമായ അടിസ്ഥാനമായി സ്ഥാപിക്കുന്ന, തുടർച്ചയുടെ സ്ഥാനത്ത് തുടർച്ചയില്ലായ്മയെ പ്രതിഷ്ഠിക്കുന്ന സങ്കീർണ്ണമായ സങ്കൽപ്പങ്ങൾ കൂടെ ഉയർന്നുവരികയായിരുന്നു.

അത്തരം ആശങ്കകൾ മോഡേൺ സയൻസിനെ യഥാർത്ഥത്തിൽ ഒരു മാനദണ്ഡത്തിലും വിശ്വസിക്കാൻ സാധിക്കാത്ത രൂപത്തിലുള്ള സന്ദേഹത്തിലേക്കാണ് (skepticism) കൊണ്ടെത്തിച്ചത്. ഏത് പ്രതിഭാസമാണ് ‘ഫിസിക്സ് അല്ലെങ്കിൽ മെറ്റാഫിസിക്സ്’ എന്ന് നിർണ്ണയിക്കാൻ സാധിക്കാതിരുന്ന മോഡേൺ സയൻസിന് അതിനാൽ ക്രമാഗതമായി മതത്തിലേക്കും ഫിലോസോഫിയിലേക്കും വീണ്ടും ശ്രദ്ധ കൊടുക്കേണ്ടതായി വന്നു. അതിന്റെ ഉദാഹരണങ്ങളായിരുന്നു, ‘The Brief History of Time’ൽ അമ്പതിലേറെ തവണയുള്ള സ്റ്റീഫൻ ഹോക്കിങ്സിന്റെ ദൈവം എന്ന പ്രയോഗവും (ഹെൻറി ഷാഫർ ആ ടെക്സ്റ്റ് ഒരു ലക്ഷണമൊത്ത തിയോളജിക്ക് വർക്ക് ആണെന്ന് പറഞ്ഞത് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്), പോൾ ഡേവിസിയുടെ ‘mind of God’ലും, ഊർജത്തെ വേഗത കുറച്ച് ഘര/പദാർത്ഥ രൂപത്തിലേക്ക് മാറ്റിയ Higgs Bozon സിദ്ധാന്തത്തിലെ ദൈവകണത്തിലും (God’s particle) അടക്കം നിലനിൽക്കുന്ന അത്തരം മദൈവശാസ്ത്രപരമായ സൂചനകൾ.

നോബൽ ജേതാവ് ലിയോൺ ലെഡർമാൻ, “പ്രപഞ്ചത്തിൽ നാച്ചുറൽ നിയമങ്ങൾ നിലനിൽക്കെ തന്നെ അത് ഇല്ലായ്മയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണെന്നും; അതിന്റെ ആരംഭത്തെ കുറിച് മനുഷ്യർക്ക് ഒന്നുമറിയില്ലെന്നും (അറിയാൻ സാധിക്കില്ലെന്നും); Big Bangന്റെ ആവിർഭാവം പോലും പ്രാഞ്ചോല്പത്തിക്ക് ശേഷമുള്ള ഒരവസ്ഥയാണെന്നും; തുടക്കത്തിൽ എന്താണ് സംഭവിച്ചതെന്ന് ‘ദൈവ’ത്തിന് മാത്രമേ അറിയുകയൊള്ളുവെന്നും” അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ മുൻനിർത്തി പറഞ്ഞു വെക്കുന്നുണ്ട്. യഥാർത്ഥത്തിൽ, ബിഗ് ബാംഗ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ജോർജ് ലെമൈട്രീ (1894-1966), ‘steady state’ സിദ്ധന്തത്തിന്റെ ഉപജ്ഞാതാവ് ഫ്രെഡ് ഹോയിൽ (1915-2001), ക്വാണ്ടം ഫിസിക്സിലെ പ്രശസ്തനായ ‘objective indeterminist’ ആൽബർട്ട് ഐൻസ്റ്റീൻ മുതലായ പലരും വ്യക്തി കേന്ദ്രികൃത ദൈവ വിശ്വാസികളായിരുന്നു. ആംഗ്ലിക്കൻ പുരോഹിതനും ഗണിതശാസ്ത്ര പ്രൊഫസറുമായ ജോൺ പൊക്കിങ്‌ഹോൺ, ‘പോപ് പയസ് XII’മനുമായി ബിഗ് ബാംഗിന്റെ തിയോളജിക് വശത്തെ (time of origin) കുറിച്ച് നടത്തിയ സംവാദത്തിൽ സെമിറ്റിക് മതങ്ങളുടെ “എല്ലാ വസ്തുക്കളും ഏത് സമയം മുതലാണ് ഉണ്മയിലേക്ക് വന്നത്?” എന്ന കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്‍തമായി, “എന്ത് കൊണ്ടാണ് ഇല്ലാത്ത വസ്തുക്കളുടെ ഇല്ലായ്മ എപ്പോഴും ഒരു വസ്തുതയായി നിലനിൽക്കുന്നത്?” എന്നതിന് ഉത്തരം നൽകുന്നതിലൂടെയും ‘13.7 മില്യൺ വർഷങ്ങൾക്ക് ശേഷവും ദൈവം തന്നെയാണ് പ്രപഞ്ച സൃഷ്ടാവ്’ എന്ന സത്യം അംഗീകരിച്ചിരുന്നു.

ഇല്‍മുല്‍ കലാമിന്റെ അടിസ്ഥാന ലക്ഷ്യമായ ഇസ്‌ലാമിക ഭാവനയനുസൃതമായുള്ള വിശ്വാസ വിശദീകരണം, സ്ഥിരീകരണം, പ്രതിരോധം (لإيضاح, ولإثبات, والمدافعة) മുതലായ താർക്കിക ഗവേഷണ മേത്തോടുകൾ ഫ്രാൻസിസ് ബേക്കണും ഡേവിഡ് ഹ്യൂമിനുമെല്ലാം ശേഷം ആധുനിക നാച്ചുറല്‍ സയന്‍സില്‍ വിഷയീഭവിച്ചത് പോലെ, കലാം കോസ്മോളജിയും – പ്രത്യേകിച്ച് വില്യം ലെയ്ൻ ക്രൈഗിന് ശേഷം – ആധുനിക ശാസ്ത്രത്തിൽ, ദൈവ-പ്രപഞ്ച-മനുഷ്യ ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയ ഒരു കോസ്മോളജിക്ക് സംവാദത്തിലേക്ക് സാധ്യത തുറന്നിടുന്നുണ്ട്. അതായത്, കലാം കോസ്മോളജിയുടെ വ്യത്യസ്തമായ രൂപത്തിലുള്ള മറ്റൊരു രൂപാന്തീകരണമാണ് മോഡേൺ കോസ്മോളജിയും. അക്കാരണത്താൽ, ഒരു കോസ്മോളജിക്കൽ വീക്ഷണത്തിൽ ‘ശാസ്ത്രം’ (ഭൗതിക ദർശനം) മതത്തെ (അതിഭൗതിക ദർശനം) അസ്ഥിരപ്പെടുത്തുകയല്ല, മറിച്ച് സ്ഥിതീകരിക്കുകയാണ് ചെയ്യുന്നത്.


Featured Image: Rumman Amin
Location: Cambridge Central Mosque, Mill Road, Cambridge, UK

Author

He is a PhD scholar at Marmara University, Istanbul

Comments are closed.