സെനഗലിലെ മുസ്‌ലിം ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ രണ്ടാം ഭാഗം

മിക്ക ആഫ്രിക്കൻ തീരങ്ങളിലും സുലഭമായി ലഭിച്ചിരുന്ന ലാ തൊയ്‌ഫ് എന്ന രുചിയൂറും മത്സ്യം കഴിച്ചു കൊണ്ടായിരുന്നു എന്റെ ആദ്യ ഇഫ്താർ. ബുധനാഴ്ചയാണ് ഞാൻ സെനഗലിൽ എത്തിയത്. “അതെ, ഞങ്ങൾക്ക് വ്യാഴാഴ്ചയാണ് നോമ്പ് തുടങ്ങുന്നത് “. ആമിനാറ്റ എന്നോട് പറഞ്ഞു. ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സെനഗലിൽ മാസപ്പിറവി കണ്ടിട്ടും വ്യാഴാഴ്ച നോമ്പെടുക്കാത്തവരായി അനേകം പേർ ഉണ്ടെന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതം കൂറി.

02-TEI-Senegal-7

സെനഗലിൽ റമളാൻ മാസപ്പിറവി സ്ഥിരീകരണം, അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ, പള്ളി നിർമ്മാണം, പരിപാലനം എന്നീ കാര്യങ്ങളൊക്കെ നിയന്ത്രിക്കാൻ ഭരണകൂടത്തിനു കീഴിൽ ഔദ്യോഗികമായി ഒരു സംവിധാനം ഇല്ല എന്ന് പിന്നീട് എനിക്ക് ബോധ്യമായി. ഒരു പ്രദേശത്തെ ആളുകൾ കൂടിച്ചേർന്ന്, ഏതെങ്കിലുമൊരു ഇമാമിന്റെ അനുയായികളുടെ സഹായത്താലോ അതുമല്ലെങ്കിൽ ഏതെങ്കിലും പ്രധാന സൂഫി ത്വരീഖത്തുകളുടെയോ സ്പോൺസർഷിപ്പിലാണ് പള്ളികൾ നിർമ്മിക്കപ്പെടുന്നത്. അതുകൊണ്ട് റമളാൻ മാസപ്പിറവിയുടെ തീരുമാനം അതാത് പള്ളി, സംഘടനകൾ, ഇമാമുമാർ, സൂഫി ത്വരീഖത്ത് എന്നിവരിൽ നിക്ഷിപ്തമായിരിക്കും.

02-TEI-Senegal-3
റമളാനെ വരവേൽക്കാനാണ് പലചരക്കു കടയിലെ ഈ നീണ്ട വരി. കാത്തിരുന്ന് പെൺകുട്ടി വല്ലാതായിട്ടുണ്ട് . ജോർദാനിലേതു പോലെ തന്നെയാണോ ഇവിടെയും റമളാൻ എന്നറിയാൻ എനിക്ക് തിടുക്കമുണ്ടായിരുന്നു. അതുകൊണ്ട് ബുധനാഴ്ച രാത്രി ഞാൻ പലചരക്കു കടയിലേക്ക് പോയി. വിശക്കുന്നവർ വർണ്ണ-ദേശമന്യേ എല്ലായിടത്തും തുല്യരായിരുന്നു.

വെള്ളിയാഴ്ച ആമിനാറ്റ എന്നെ ഇഫ്താറിന് ക്ഷണിച്ചു. ഇഫ്താറിന് ആമിനാറ്റയുടെ ചില സുഹൃത്തുക്കളും പ്രദേശത്തെ ആത്മീയ മാർഗ്ഗദർശിയായ മുഖദ്ദിമയുടെ ചില ശിഷ്യന്മാരുമുണ്ടായിരുന്നു. വളരെ വിനയാന്വിതയായി അൽപം പ്രായം ചെന്ന മുഖദ്ദിമ ഞങ്ങളോടൊപ്പം നിലത്തിരുന്നു. ആൺകുട്ടികൾ ഒരു വട്ടവും പെൺകുട്ടികൾ മറ്റൊരു വട്ടവുമായി നിലത്തിരുന്നു.

02-TEI-Senegal-16

ഞാൻ അവിടെ എത്തുന്നതിനു മുൻപ് തന്നെ ആമിനാറ്റ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു. “നിനക്ക് ക്ഷീണം തോന്നുന്നുണ്ടെങ്കിൽ എനിക്ക് മെസ്സേജ് അയച്ചാൽ മതി. എല്ലാം കഴിയുന്നതുവരെ നീ കാത്തിരുന്നു മുഷിയേണ്ടതില്ല”. എനിക്ക് പ്രയാസം ഒന്നുമില്ലെന്നും ഞാൻ സന്തോഷവാനാണെന്നും അവരെ അറിയിച്ചു.

ഇഫ്താറിന് മുമ്പ് ദിക്ർ ചൊല്ലാൻ ഇരിക്കുകയായിരുന്നു ഞങ്ങൾ. ഞാൻ വളരെ ക്ഷീണിതനായിരുന്നു. സെനഗലിലെ നോമ്പ് തുറ വളരെ ലഘുവായ രീതിയിൽ മാത്രമാണ് എന്ന് നോമ്പ് തുറക്കുമ്പോഴാണ് ഞാൻ അറിഞ്ഞത്. ബാങ്ക് വിളി കേട്ടതോടെ ഞങ്ങൾ അൽപം ചായയും വെള്ളവും ജ്യൂസും കുടിച്ചു. ശേഷം ഫ്രഞ്ച് ബെഗറ്റും ഒരുതരം mortadalla കൊണ്ടുണ്ടാക്കിയ സാൻവിച്ചും സലാഡും കഴിച്ചു. നോമ്പ് തുറക്ക് ശേഷം ഏകദേശം മൂന്നു മണിക്കൂറോളം ഞങ്ങൾ ദിക്റ് ചൊല്ലി. അവിടെയുള്ളവരിലെ ആത്മീയമായ ആവേശം അവരെ ദിക്റ് തുടരാൻ സഹായിക്കുന്നുണ്ട്. കാര്യം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. സാധാരണ നോമ്പുതുറക്ക് ഞാൻ അതിഗംഭീരമായ ഭക്ഷണം തന്നെയായിരുന്നു കഴിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവിടത്തെ നോമ്പുതുറ വളരെ ലഘുവായി തോന്നി. മാത്രമല്ല അതെന്റെ വിശപ്പടക്കിയതുമില്ല.

02-TEI-Senegal-19
മാംസവും പച്ചക്കറിയും ചേർത്ത് ഒരു അരി ഭക്ഷണമായിരുന്നു രാത്രി അത്താഴത്തിന്. വളരെ സ്വാദിഷ്ടമായിരുന്നു അത്. എന്ത് കിട്ടിയാലും കഴിക്കാവുന്ന അവസ്ഥയിലായിരുന്നു ഞാനപ്പോൾ.

ഒടുക്കം ഞങ്ങൾ ദിക്റ് അവസാനിപ്പിച്ചു. ഞങ്ങൾ വീണ്ടും ഭക്ഷണം കഴിക്കാൻ ഇരുന്നു. ഞാൻ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. നോമ്പുതുറ സമയത്ത് ലഘുഭക്ഷണവും രാത്രി അത്താഴത്തിന്റെ സമയത്ത് വിശാലമായ ഭക്ഷണവും പൊതുവേ മിക്ക രാജ്യങ്ങളിലുമുള്ള രീതിയാണ്. സൗദി അറേബ്യയിലും അങ്ങനെതന്നെയാണ്.

02-TEI-Senegal-14

പരിപാടി സമാപിച്ചതോടെ എല്ലാവരും പരസ്പരം ഹസ്തദാനം നടത്തി. ഹസ്തദാനത്തിന് ഓരോരുത്തരും മറ്റുള്ളവരുടെ കൈ ആദരവ് എന്നോണം നെറ്റിയിലേക്ക് ചേർത്തുവെക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.

02-TEI-Senegal-23
റമളാൻ ആണെങ്കിലും സുബ്ഹിക്ക് പള്ളിയിലേക്കുള്ള നടത്തം വല്ലാത്തൊരു അനുഭവം തന്നെയാണ്. തെരുവുകളെല്ലാം നേരത്തെ തന്നെ സജീവമായിരിക്കും. എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്ന മനുഷ്യർ ഒരേ സ്ഥലത്തേക്ക് തന്നെ നീങ്ങുന്നു.

റമളാനിനു മുമ്പ് ഞാൻ ഒരുപാട് കാലമൊന്നും സെനഗലിൽ ചെലവഴിച്ചിരുന്നില്ലെങ്കിലും റമളാനിലെ സെനഗൽ അന്തരീക്ഷം ദിക്റുകളാൽ മുഖരിതമായിരുന്നു. പകൽസമയങ്ങളിൽ പള്ളികളിൽ നിന്ന് ഖുർആനിന്റെയും ദിക്റിന്റെയും അലയൊലികൾ മുഴങ്ങിക്കൊണ്ടിരിക്കും. സുബ്ഹി നിസ്ക്കാരത്തിന് വൻ ജനക്കൂട്ടവും ഉണ്ടാകും.

02-TEI-Senegal-24
ഏകദേശം 100 പേരുണ്ട് നിസ്കാരത്തിന്.

ഇനി അൽപം ആട് വിശേഷങ്ങൾ കൂടെ പങ്കുവെക്കാം

ഒരു വ്യാഴാഴ്ച ഞാൻ വീട്ടിലേക്കുള്ള മടക്കയാത്രയിൽ തൊട്ടടുത്തുള്ള തുറന്ന പള്ളിയിൽ ഒരുകൂട്ടം ജനങ്ങൾ ഇരിക്കുന്നത് കണ്ടു. “മേൽക്കൂരയില്ലാത്ത പള്ളി. ഒരുപക്ഷേ സെനഗലിന്റെ പ്രത്യേകതയാകും”. ഞാൻ ആത്മഗതം ചെയ്തു. അവിടെ കൂടിയിരിക്കുന്ന ആളുകൾ നിസ്കാരാനന്തരം ശൈഖിന്റെ പ്രസംഗം കേൾക്കുകയാണ് എന്ന തോന്നുന്നു. സത്യത്തിൽ അതൊരു പള്ളിയായിരുന്നില്ല. ഒരു കൂട്ടം കുടുംബങ്ങൾ താമസിക്കുന്ന വീറ്റുകളുടെ കോമ്പൗണ്ടായിരുന്നു. ഒരേ സമയം ഒരുപാട് പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതു കൊണ്ടായിരുന്നു റമളാനിൽ ഇങ്ങനെ ഉപയോഗപ്പെടുത്തിയിരുന്നത്. അൽപം മുന്നോട്ട് നടന്ന ഞാൻ വഴിയിൽ കണ്ട ഒരാളുടെ പുറത്തു തട്ടി ബാത്ത്റൂം എവിടെയാണെന്ന് അന്വേഷിച്ചു. അദ്ദേഹത്തെ പിന്തുടരാൻ ആവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം മുന്നിൽ നടന്നു. ഞാൻ അദ്ദേഹത്തെ പിന്തുടർന്നു. ഞങ്ങൾ ഒരു കെട്ടിടത്തിലേക്ക് ആണ് നടന്നു നീങ്ങിയത്. രണ്ട് ബെഡ്റൂമും ഒരു അടുക്കളയും കടന്ന് വീടിന്റെ വീടിന്റെ പിറകുവശത്ത് എത്തി. അവിടെയുള്ള ഒരു ബാത്ത്റൂം എനിക്ക് കാണിച്ചു തന്നു.

02-TEI-Senegal-11
വീടിന്റെ പിറകുവശത്ത് ഉള്ള ബാത്ത്റൂം, ചിത്രത്തിന് ഒത്ത നടുവിലായി പച്ചനിറത്തിലുള്ള വാതിൽ.

ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഒരു പ്രശ്നം വീടിന്റെ പിൻവശത്തുള്ള എല്ലാ വാതിലുകളും അടച്ചിരുന്നു. “ഏതു വഴിയിലൂടെയായിരുന്നു ഞാൻ വന്നത്”. ഞാൻ ശങ്കിച്ചു. ആദ്യം കണ്ട വാതിൽ തുറന്നു നോക്കി. ഒരു അടുക്കളയാണ്. പക്ഷേ അപരിചിതമായി തോന്നി. രണ്ടാമത്തെ വാതിൽ തുറന്നു നോക്കി. അതൊരു ബെഡ്റൂം ആയിരുന്നു. ഞാൻ പിന്നോട്ട് തിരിഞ്ഞ് ചുറ്റുമൊന്ന് നോക്കി. അതാ ഒരു ആട്. ദേഷ്യത്തോടെ എന്നെ തുറിച്ചു നോക്കുകയാണ്. ഞാനീ വീട്ടിലെ ബാത്റൂം ഉപയോഗിച്ചത് ഒരു അതിക്രമമാണ് എന്ന നിലക്കായിരുന്നു അതിന്റെ ആ തുറിച്ചുനോട്ടം. നീണ്ട കൊമ്പും വെറിപിടിച്ച കണ്ണുകളും ഉണ്ടായിരുന്നു ആ ആടിന്. അതിനെ മരത്തിൽ കെട്ടിയിട്ടില്ലായിരുന്നുവെങ്കിൽ അതെന്നെ കുത്തിമലർത്തിയേനെ. പുറത്തേക്കുള്ള വഴി തേടുന്ന എനിക്കുമുന്നിൽ അതൊരു തടസ്സമായി നിന്നു. എനിക്കു മുന്നിൽ രണ്ട് വഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ഏതെങ്കിലും ഒരു വാതിൽ തുറന്ന് പരിചയമില്ലാത്ത ആളുകൾക്കിടയിലൂടെ നടന്നു നീങ്ങി പുറത്തേക്ക് എത്തുക. അല്ലെങ്കിൽ ആ ആടുമായി ഏറ്റുമുട്ടുക. ഏറ്റുമുട്ടൽ എന്റെ മുന്നിൽ ഒരു സാധ്യത അല്ലായിരുന്നു. ഞാൻ കാത്തുനിൽക്കാൻ തന്നെ തീരുമാനിച്ചു.

02-TEI-Senegal-9

അൽപ്പ സമയത്തിനുശേഷം കാര്യങ്ങൾ ചെറുതായി മാറി. ആട് തൊട്ടടുത്തുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി. പതിയെ ഞാനുമായുള്ള വഴക്ക് അത് മറന്നു എന്ന തോന്നുന്നു. തക്ക സമയത്ത് ഞാൻ ഇവിടെ നിന്നും രക്ഷപ്പെട്ടു.

ഞാൻ വളരെ ലജ്ജയോടെ ആണ് വീട്ടിലേക്ക് മടങ്ങിയത്. എന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരുപക്ഷേ സെനഗലിലെ ആടുകൾ തല്ലുകൂടുന്നതിൽ പ്രസിദ്ധരായിരിക്കാം. ഞാൻ വീട്ടിൽ തിരിച്ചെത്തി അടുത്തദിവസം ഞാൻ സെനഗലിലെ തൗബ സന്ദർശിച്ചു. കൂടുതൽ മുസ്‌ലിംകളുമായി പരിചയപ്പെടുകയും അവരിൽ നിന്ന് സെനഗലിനെ പഠിച്ചെടുക്കുകയും ചെയ്തു.

പരിപാടി സമാപിച്ചതോടെ എല്ലാവരും പരസ്പരം ഹസ്തദാനം നടത്തി. ഹസ്തദാനത്തിന് ഓരോരുത്തരും മറ്റുള്ളവരുടെ കൈ ആദരവ് എന്നോണം നെറ്റിയിലേക്ക് ചേർത്തുവെക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.


വിവർത്തനം : എൻ. മുഹമ്മദ്‌ ഖലീൽ

ആദ്യ ഭാഗം: സെനഗലിലെ ഒരു ആകസ്മിക കുടുംബ സംഗമം

തുടർന്ന് വായിക്കുക: ദൈവത്തെ കണ്ടെത്താനുള്ള പെൺ യാത്രകൾ

Comments are closed.