മുസ്‌ലിം സമൂഹങ്ങളെ കുറിച്ചുള്ള സജീവമായ അക്കാദമിക സംവാദങ്ങളിൽ ഇബ്നു ഖൽദൂനെയും, അദ്ദേഹത്തിൻറെ നാഗരിക തത്ത്വങ്ങളെയും ഇനിയും കാര്യമായി പരിഗണിക്കണം എന്ന് തോന്നുന്നു. പുറമെ മധ്യകാല മുസ്ലിം പണ്ഡിതരിൽ വെച്ച് വളരെ അടുത്ത കാലം തൊട്ട് വിപുലമായ അന്വേഷണങ്ങൾക്ക് വിധേയനായ ഇബ്നു ഖൽദൂനിന്റെ സാമൂഹികശാസ്ത്ര പരികൽപനകൾ, ഇസ്‌ലാം/മുസ്‌ലിം വ്യവഹാരങ്ങളിൽ എത്രത്തോളം സ്വീകരിക്കപ്പെടണം എന്ന ആലോചനകളിൽ നിന്ന് കൂടിയാണ് ഈ കുറിപ്പ് ഞാൻ എഴുതി തുടങ്ങുന്നത്.

പൊതുവെ, കൊളോണിയൽ പാരമ്പര്യമുള്ള അക്കാദമിക വ്യവഹാരത്തിൽ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചുള്ള പഠനങ്ങൾ രൂപപ്പെടുന്നത് എങ്ങനെയാണ്? അതിൽ മുസ്‌ലിംകളുടെ ‘മൗലികമായ ഇസ്‌ലാമിന്റെ’ തത്ത്വാവിഷ്കാരം എത്രത്തോളം പരിഗണിക്കപ്പെട്ടിട്ടുണ്ട്? എവിടെയൊക്കെയാണ് പരിമിതികൾ രൂപപ്പെട്ടിട്ടുള്ളത്? ഇത്തരം മൗലികമായ മൂലചോദ്യങ്ങളെ മുൻനിർത്തിയാണ് ഇബ്നു ഖൽദൂനിനെ കുറിച്ചും, അദ്ദേഹത്തിന്റെ നാഗരിക തത്ത്വങ്ങളെ കുറിച്ചും അന്വേഷണം ആരംഭിക്കേണ്ടത്.

പതിനാലാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിലെ തൂനിസിലാണ് ഖൽദൂൻ ജനിക്കുന്നത്. പ്രപിതാക്കൾ പഴയ ഹദ്റമി പാരമ്പര്യക്കാരാണ്. ഉത്തരാഫ്രിക്കയിലെ പ്രമുഖ പണ്ഡിതകുടുംബത്തിന്റെ താവഴിയിലാണ് അദ്ദേഹം വരുന്നത്. ശേഷം ഇസ്‌ലാമിക സ്പെയിനിലും, ഹിജാസിലും വെച്ച് വിവിധ ഇസ്‌ലാമിക ശാസ്ത്രങ്ങളിൽ ആഴത്തിൽ അവഗാഹം നേടി. എങ്കിലും അവയിൽനിന്നെല്ലാം ചരിത്രം, കർമശാസ്ത്രം (ഫിഖ്ഹ്), ഹദീസ് എന്നിവയുടെ പഠനത്തിലാണ് അദ്ദേഹം സ്പെഷ്യലൈസ് ചെയ്തത്. അക്കാലത്തെ പ്രമുഖ ഗ്രീക്ക്-ഹെലിനിസ്റ്റിക് ആയ പെരിപറ്റെറ്റിക്ക്നിയോ-പ്ലാറ്റോണിയൻ സംവാദങ്ങളിലെ മൗലികമായ ഗ്രന്ഥങ്ങളിലും അവഗാഹം നേടിയ ഇബ്നു ഖൽദൂൻ, അവയെയെല്ലാം പരമ്പരാഗത ചരിത്ര വായനകളിലേക്കും, സാമൂഹികശാസ്ത്ര നിരീക്ഷണങ്ങളിലേക്കും കൊണ്ടുവരികയാണ് ചെയ്തത്. ജ്ഞാനോൽപാദനത്തിൽ സ്വീകരിച്ച ഈ സംവാദാത്മക നിലപാടാണ്, ഇബ്നു ഖൽദൂനെ മറ്റു മധ്യകാല പണ്ഡിതരിൽ നിന്ന് വ്യത്യസ്ഥനാക്കി നിർത്തുന്നത്.

അക്കാലം വരെ മുസ്‌ലിം സമൂഹങ്ങളെ അധികരിച്ച് നടന്നിരുന്ന, തബരിയും, ഇബ്നു കബീറും അടങ്ങുന്ന വിശാലമായ ചരിത്രപാരമ്പര്യത്തിലേക്കായിരുന്നു ഇബ്നു ഖൽദൂൻ പുതിയൊരു കാൽവെപ്പ് നടത്തിയത്. ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിലെ സുപ്രധാന ധൈഷണിക മണ്ഡലങ്ങളിൽ ഇമാം ഗസ്സാലിയും, അബുൽ ഹസൻ അൽ അശ്അരിയും നടത്തിയ സമാനമായ ശുദ്ധികലശത്തിന്റെ പ്രകടനമാണ് മുസ്‌ലിം ചരിത്ര വായനയിൽ ഇബ്നു ഖൽദൂനും ചെയ്തത്. അതുവരെ നിലനിന്നിരുന്ന മുഴുവൻ ചരിത്ര കുറിപ്പുകളെയും കൃത്യമായ ‘റാഷണൽ’, ‘കോഷൽ’ ദ്വന്ദ്വങ്ങളുടെ മാപിനികളിലിട്ട് അളന്ന് തിട്ടപ്പെടുത്തുന്ന പ്രക്രിയയാണ് അതിൽ സുപ്രധാനമായും ഉൾക്കൊണ്ടിരുന്നത്. ഹദീസ് ശാസ്ത്രത്തിൽ ആഴത്തിൽ അവഗാഹമുള്ള ഇബ്നു ഖൽദൂനിനെ സംബന്ധിച്ച് തന്റെ വിഷയത്തിൽ അക്കാലം വരെ ഉണ്ടായിരുന്ന മിത്തിക്കൽ പരികൽപനകളായ ‘ഇസ്രായീലിയത്തി’നെ (കെട്ടിച്ചമച്ച കഥകൾ) ഇല്ലായ്മ ചെയ്യാൻ ഇത്തരം ഒരു ഇടപെടൽ അനിവാര്യമായിരുന്നു.

പ്രമുഖ അറബ് ചരിത്രകാരനായ താരീഖ് അൽ ബിശ്‌രി അറബ്-ഇസ്‌ലാമിക ലോകത്തെ കൊളോണിയൽ ഇടപെടലുകളെ നിരീക്ഷിക്കുന്നത് ഖൽദൂനിയൻ സമീക്ഷയിലെ ‘അസബിയ്യ‘ പോലെയുള്ള ആശയങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്. ആധുനിക മുസ്‌ലിം പണ്ഡിതരിൽ മുഹമ്മദ് ആർകൂനുംനാസിർ ഹാമിദ് അബൂ സായിദും, ഖൽദൂനിയൻ യുക്തിബോധം മുസ്‌ലിം ആലോചനകളിൽ കൊണ്ടുവന്ന വ്യക്തികളാണ്.

ഉത്തരാഫ്രിക്കയിലെ ബർബറുകളുടെ ചരിത്രം പറയാൻ ഒരുങ്ങുന്നതിനു മുൻപ് ഇബ്നു ഖൽദൂൻ തയ്യാറാക്കിയ ആമുഖ കുറിപ്പ്, ‘മുഖദ്ദിമ’യിലാണ് ചരിത്രത്തെ സംബന്ധിച്ച ഇത്തരം മൗലികമായ മാറ്റങ്ങൾ നിരീക്ഷിക്കപ്പെടുന്നത്. ചരിത്രരചനാശാസ്ത്രത്തിൽ ഒരു വഴിത്തിരിവായ ഇബ്നു ഖൽദൂനിന്റെ ഇടപെടലുകൾ, ശേഷം വന്ന ചരിത്ര പഠനങ്ങളിലും, മുസ്‌ലിം സാമൂഹ്യപഠനങ്ങളിലും ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.

‘ഇൽമുൽ ഉംറാൻ’ – എന്ന് വിളിക്കുന്ന, നാഗരികതകളെ സംബന്ധിക്കുന്ന ശാസ്ത്രമായിട്ടാണ് ഇബ്നു ഖൽദൂൻ ഇതിനെ പരിഗണിക്കുന്നത്. പക്ഷെ, അത് കൊളോണിയൽ വായനകളിൽ കാണുന്ന സവിശേഷമായ ‘നാഗരികത’ അല്ല എന്ന് മാത്രം. ഒരു മനുഷ്യനിൽ നിന്നും മാറി, ഒരു ജനതയിലേക്ക് എത്തുമ്പോൾ സ്വീകരിക്കേണ്ട മെത്തഡോളജിയാണ് ഇബ്നു ഖൽദൂൻ പഠനവിധേയമാക്കിയത്. പക്ഷെ, അതിൽ നിന്ന് വ്യക്തി വേറിട്ട് നിൽക്കുന്നുമില്ല. വ്യക്തിയും, സമൂഹവും ഒരുമിച്ച് നേടുന്ന ലോകീയമായ കാഴ്ചപ്പാടുകളുടെ നിർമ്മിതിയും, ധൈഷണികമായ പക്വതാരോഹണവുമാണ് നാഗരികതയുടെ വളർച്ച എന്ന് ഇബ്നു ഖൽദൂൻ നിരീക്ഷിക്കുന്നുണ്ട്.

നാഗരികതയെ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. ഫ്രഞ്ച് ചിന്തകനായ ഫ്രാൻസിസ് ഗുയിസോട്ട് മുതൽ അർണോൾഡ് ടോയൻബീ വരെയുള്ള ആധുനിക ചരിത്രകാരന്മാരും, സാമൂഹികശാസ്ത്രജ്ഞരും നാഗരികതയെ മനുഷ്യർക്കിടയിൽ രൂപപ്പെട്ടുവരുന്ന സവിശേഷമായ ഒരു സാമൂഹികനിർമ്മിതിയായിട്ടാണ് പരിഗണിച്ച് പോരുന്നത്. ടർക്കിഷ് ചരിത്രകാരനായ അഹ്മദ് ദെവുതഗ്ലു നാഗരികത കേവലം തത്ത്വത്തിനപ്പുറത്തുള്ള ഒരു ചരിത്ര സ്ഥാപനവുമാണ്. പ്രമുഖ ചരിത്രകാരനും, തത്ത്വചിന്തകനുമായ ഇബ്രാഹിം കാലിനാണ് നാഗരികതയെ സംബന്ധിച്ച വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നത്. ഒരു ജനതയുടെ ജ്ഞാനശാസ്ത്രം (Epistemology), സത്താമീമാംസശാസ്ത്രം (Ontology), അവരെ സംബന്ധിക്കുന്ന മുഴുവൻ വിശ്വാസശാസ്ത്രം (Cosmology) എന്നിവയുടെ തിരിച്ചറിവിനോടൊപ്പം തന്നെ, അതിന്റെ ‘ഉണ്ടാവലി’നെ (വുജൂദ്/Being), ‘നൈതികത’യെ (അഖ്ലാക്/Morality) പരിഗണിക്കൽ കൂടിയാണ് നാഗരികതയെ മനസ്സിലാക്കൽ എന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. ഇതിൽ ഉണ്ടാവലിനെ മനസ്സിലാക്കൽ വിവരണാത്മകവും (Descriptive), നൈതികതയെ തിരിച്ചറിയൽ വീക്ഷണപരവുമാണ് (Perspective) എന്നാണ് കാലിൻ നിരീക്ഷിക്കുന്നത്.

ഇബ്നു ഖൽദൂന്റെ നാഗരിക വീക്ഷണങ്ങളോട് നീതി പുലർത്തുന്ന നാഗരിക കാഴ്ചപ്പാടുകളാണ് ഇബ്രാഹിം കാലിനും നടത്തിയിട്ടുള്ളത് എന്ന് പറയുന്നതിൽ തെറ്റില്ല. ഒരു ജനതയെ സംബന്ധിച്ചുള്ള പഠനങ്ങൾക്ക്, ആ ജനതയുടെ വ്യത്യസ്തമായ വൈജ്ഞാനികവും, ആത്മീയവും, വിശ്വാസപരവുമായ ഘടകങ്ങളെ കൃത്യമായി സംയോജിപ്പിക്കണം എന്നാണ് ഇബ്നു ഖൽദൂനും മുന്നോട്ട് വെക്കുന്ന ആശയം. ഒരു സമൂഹത്തിന്റെ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയപ്പെടുന്ന ജ്ഞാനശാസ്ത്രഘടകങ്ങളെ പരിഗണിക്കേണ്ടിവരുന്ന ആവശ്യകതയിലേക്ക് ഊന്നുന്ന ഇബ്നു ഖൽദൂനിന്റെ നിരീക്ഷണങ്ങളാണ് ആകെത്തുകയിൽ അദ്ദേഹത്തിൻറെ ‘ഇൽമുൽ ഉംറാൻ’ എന്ന നാഗരിക വിജ്ഞാനശാഖ മുന്നോട്ട് വെക്കുന്നത്. ഒരു ജൈവികമായ ശാസ്ത്രത്തിൽ സൃഷ്ടിപ്പിന്റെ ഉദയ-വികാസ-പരിണാമങ്ങൾ എങ്ങനെയാണോ അരങ്ങേറുന്നത്, അത്തരത്തിലുള്ള ഒരു അനിവാര്യതയുടെ നൈരന്തര്യം മനുഷ്യസമൂഹത്തിലും നടക്കുന്നു എന്നാണ് അതിന്റെ മൗലികമായ സാരതത്ത്വം. ഇത്തരം, ജൈവികമായ-സാംക്രമികമായ ആലോചനകളുടെ പിൻബലത്തിൽ കൂടിയാണ് ഇബ്നു ഖൽദൂൻ മുസ്‌ലിം സാമൂഹ്യപഠനങ്ങളെ കൂടി എടുത്ത് വെക്കുന്നത്.

ചുരുക്കത്തിൽ, മുസ്‌ലിം സമൂഹങ്ങളെ സംബന്ധിച്ചുള്ള പഠനത്തിനിടയിൽ, അവയുടെ തന്നെ വിശ്വാസങ്ങളെയും, കർമ്മങ്ങളെയും ഉൾക്കൊള്ളുന്ന ജ്ഞാനമണ്ഡലങ്ങളെ പരിഗണിക്കാതെ, അതിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പൂർണ്ണമാവുകയില്ല. അങ്ങനെയാകുമ്പോൾ, മുസ്‌ലിം സമൂഹങ്ങളെ സംബന്ധിച്ച് നടക്കുന്ന ‘സാംസ്കാരിക പഠനങ്ങൾ’ (Cultural Studies) എത്രത്തോളം നൈതികമാണ് എന്ന് പുനഃപരിശോധിക്കേണ്ടതായി വരും. സംസ്കാരത്തിന്റെ ഉപഘടകങ്ങളായി സ്വീകരിക്കപ്പെടുന്ന മതം, ജനത, വിശ്വാസം എന്നിവയുടെ ആഴവും, വ്യാപ്തിയും അന്വേഷണവിധേയമാക്കേണ്ടി വരും. ചിലപ്പോൾ, മുസ്‌ലിംകളെ സംബന്ധിച്ചുള്ള പഠനങ്ങൾക്ക് സാംസ്കാരിക പഠനങ്ങൾ പരിമിതമാണ് എന്ന് പറയുന്നതോടൊപ്പം, നാഗരിക പഠനങ്ങളെ പ്രതിസ്ഥാപിക്കേണ്ടതായും വരും. അല്ലാത്തിടത്തോളം കാലം, ഇബ്നു ഖൽദൂനിന്റെ ഭൂതം (അല്ലെങ്കിൽ ഭൂതങ്ങൾ) കൊളോണിയൽ കെട്ടുകളിൽ കുടുങ്ങിപ്പോയ മുസ്‌ലിം ചരിത്രവായനയെയും, സാമൂഹിക നിരീക്ഷണങ്ങളെയും എന്നും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും.

Comments are closed.