അർബൻ സൗണ്ട്സ്കേപ്പ് – 1

സ്വർഗവും ആർക്കിടെക്ച്ചറും

പൂർവാധുനിക നഗരങ്ങൾ കാഴ്ച്ചയിൽ എങ്ങനെയായിരിക്കും എന്നതിനേക്കാൾ കൗതുകമുണർത്തുന്ന ചോദ്യമാണ് അവയുടെ ശബ്ദം എന്തായിരിക്കും എന്ന ആലോചന. പഴയകാല നഗരങ്ങൾ സന്ദർശിച്ച് അവയുടെ പ്രതാപകാലത്തെ കാഴ്ച്ച ഭാവനയിൽ ചിത്രീകരിക്കാനുള്ള ശ്രമം പൂർണ്ണമായും പരാജയമായിരിക്കില്ല. അതേസമയം ശബ്ദത്തിന്റെ കാര്യത്തിൽ അത്തരം സാധ്യതകൾ ഇല്ല എന്ന് പറയാം. പൂർവാധുനിക നഗരങ്ങളിൽ ഉയർന്നുകേട്ട ശബ്ദങ്ങൾ എന്തെല്ലാമായിരിക്കും? ആ ശബ്ദങ്ങൾ ഇന്നത്തെ ആധുനിക നഗരങ്ങളിലെ ശബ്ദവുമായി ഏതെല്ലാം രീതിയിലായിരിക്കും വ്യത്യാസപ്പെട്ടിരിക്കുക? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക എന്നത് അനവധി പ്രതിബന്ധങ്ങൾ നിറഞ്ഞ ഒരന്വേഷണമാണ്. ഇവിടെ ഒരുപക്ഷെ നമ്മുടെ മുന്നിൽ അവശേഷിക്കുന്ന ഒരേയൊരു മാർഗ്ഗം ആ നഗരങ്ങളിലെ ആർട്ടും, ആർക്കിടെക്ച്ചറും അവയുടെ ശബ്ദത്തെക്കുറിച്ച് എന്ത് പറയുന്നു എന്ന് കണ്ടെത്തെലാണ്.

കാലികമായി ശബ്ദത്തോടുള്ള മനുഷ്യന്റെ സമീപനങ്ങളിൽ വന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? ആ മാറ്റത്തെ പൂർവാധുനിക, ആധുനിക നഗരങ്ങളിലെ ആർട്ടും ആർക്കിടെക്ച്ചറും എങ്ങനെയെല്ലാമാണ് പ്രതിഫലിപ്പിക്കുന്നത്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ അപൂർവ്വം ഇടങ്ങളിലൊന്നായിരിക്കും ഹൈദരാബാദ്. പതിനാറാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ഖുലി ഖുതുബ് ഷായുടെ ഭരണത്തിൽ രൂപംകൊണ്ട ഹൈദരാബാദും (ഓൾഡ് സിറ്റി) ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ചന്ദ്ര ബാബു നായിഡുവിന്റെ ഭരണത്തിൽ രൂപംകൊണ്ട സൈബറാബാദും (Cyberabad) അത്തരമൊരു താരതമ്യ പഠനത്തിനുള്ള സാധ്യത മുന്നോട്ട് വെക്കുന്നുണ്ട്. ആവർത്തിക്കുന്ന പകർച്ച വ്യാധികളും ജല ദൗർലഭ്യതയും കാരണം ഗോൽക്കൊണ്ടയിലെ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ഖുലി ഖുതുബ് ഷാ അഞ്ചാമൻ ഇറക്കിയ ഉത്തരവിലാണ് ഹൈദരാബാദ് പിറവിയെടുക്കുന്നത്. അതേസമയം പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ആധുനിക സ്മാർട്ട് സിറ്റി എന്ന ലക്ഷ്യത്തിലാണ് ഹൈടെക്ക് സിറ്റി (HITEC City – Hyderabad Information Technology and Engineering Consultancy City) അടങ്ങുന്ന സൈബറാബാദ് എന്ന മോഡേൺ യുട്ടോപ്യ രൂപം കൊള്ളുന്നത്.

പുതിയ നഗരം സ്വർഗത്തിന്റെ പകർപ്പായിരിക്കണമെന്നതായിരുന്നു ഹൈദരാബാദ് നിർമ്മിക്കുമ്പോൾ ഖുലി ഖുതുബ് ഷാ നൽകിയ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. ഇസ്‌ലാമിക് കോസ്മോളജിയിലെ സ്വർഗത്തെക്കുറിച്ചുള്ള വിവരണങ്ങൾ മുസ്‌ലിം സാംസ്‌കാരിക നിർമ്മിതികളെ, പ്രത്യേകിച്ചും ആർട്ട്, ആർക്കിടെക്ച്ചർ മേഖലയിൽ ആഴത്തിൽ സ്വാധീനിച്ചതായി കാണാം. താരീഖ് ഫെരിശ്ത്തയിലെ ‘ഹൈദരാബാദ് നഗരത്തിന്റെ നിർമ്മാണം സ്വർഗത്തിന്റെ മാതൃകയിലാണ്’ എന്ന പരാമർശം കൂടുതൽ ഗവേഷണ വിധേയമാക്കുന്നത് ജർമൻ ആർക്കിടെക്ടായ ജാൻ പീപ്പറാണ്. ഖുർആനിലെ സ്വർഗത്തെക്കുറിച്ച് പരാമർശിക്കുന്ന ആയത്തുകളാണ് ചാർമിനാറും, മക്ക മസ്ജിദും അടങ്ങുന്ന ഹൈദരാബാദ് ഓൾഡ് സിറ്റിയുടെ നിർമ്മാണത്തിന് പ്രചോദനമാവുന്നത് എന്ന് ജാൻ പീപ്പർ വിശദീകരിക്കുന്നുണ്ട്. നിർമ്മാണ സമയത്ത് ചാർ മിനാറിനും ചാർ കമാനിനും ഇടയിലായി മനോഹരമായി സംവിധാനിച്ച നാല് ഭാഗങ്ങളിലേക്കായി തിരിഞ്ഞൊഴുകുന്ന ഒരു ജലധാര ഉണ്ടായിരുന്നു. ചാർസു കാ ഹൗദ് (നാല് ദിശകളുടെ ഉറവ) എന്ന പേരിലായിരുന്നു അത് അറിയപ്പെട്ടിരുന്നത്. സ്വർഗത്തെക്കുറിച്ചുള്ള ഖുർആനിലെ പരാമർശങ്ങളുമായി നഗരം പുലർത്തുന്ന സാമ്യതകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അത്. ഖുർആൻ പറയുന്നു:

ഭയഭക്തരുടെ വാഗ്ദത്ത സ്വര്‍ഗത്തിന്റെ രൂപം [ഇതാണ്] അതില്‍ പകര്‍ച്ച ബാധിക്കാത്ത [തെളിഞ്ഞ] ജലത്തിന്റെ അരുവികളും, രുചിവ്യത്യാസം വരാത്ത പാലിന്റെ നദികളും, കുടിക്കുന്നവര്‍ക്ക് രുചികരമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ ആറുകളുമുണ്ട്.– ഖുർആൻ (47:15)

ആ നാല് അരുവികളും സ്വർഗത്തിന്റെ മധ്യത്തിലുള്ള മിസ്റ്റിക്കൽ ഉറവയിൽ നിന്നാണ് രൂപം എടുക്കുന്നത്. ചാർസു കാ ഹൗദും അതിന്റെ നാല് വശങ്ങളിലുള്ള തെരുവുകളിലൂടെ കടന്നുപോകുന്ന വെള്ളവും സ്വർഗത്തിന്റെ ആർക്കിടെക്ച്ചറൽ അഡാപ്റ്റേഷനായി വേണം മനസ്സിലാക്കാൻ. സ്വർഗത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇസ്‌ലാമിക ലോകത്ത് നിർമ്മിക്കപ്പെട്ട പൂന്തോട്ടങ്ങളിൽ കേന്ദ്രത്തിൽ നിന്നും നാല് വശങ്ങളിലേക്കായി ഒഴുകുന്ന ജലധാരകൾ വ്യാപകമായി കാണാനാവും. ചാർസു കാ ഹൗദിന് ചുറ്റുമുള്ള ഉദ്യാനങ്ങളിലും സ്വർഗത്തെക്കുറിച്ചുള്ള ഖുർആനിക പരമാർശങ്ങളുടെ സ്വാധീനം കാണാം. ‘സൂറത്തുൽ വാഖിഅ’യിൽ വറ്റാത്ത അരുവികളുടെ ചാരത്ത് മുള്ളുകളില്ലാത്ത സിദ്റ് മരങ്ങളെയും, വിശാലമായി തണലിടുന്ന ത്വല്‍ഹ് മരങ്ങളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. സ്വർഗത്തിലെ ആ മരങ്ങൾ ഭൂമിയിൽ ലഭ്യമല്ലാത്തതിനാൽ പകരം അവ രണ്ടിനെയും ഇൻഡോ-ഇസ്‌ലാമിക് സാംസ്കാരിക പരിസരത്ത് ആശയപരമായി പ്രതിനിധീകരിക്കുന്ന (ജീവിതത്തെയും, സമൃദ്ധിയെയും) തെങ്ങ്, കവുങ്ങ് എന്നീ മരങ്ങളാണ് ആ ഉദ്യാനങ്ങളിൽ നട്ടുപിടിപ്പിക്കപ്പെട്ടത്. തേങ്ങയുടെ വെള്ള/പാൽ, വെള്ളം, കള്ള് എന്നിവ ലഭിക്കുന്നതിനാൽ തെങ്ങ് പലപ്പോഴും ‘ജീവന്റെ വയറ്റാട്ടി’ എന്നാണ് അറിയപ്പെടാറുള്ളത്. ഹൈന്ദവ സാംസ്‌കാരിക പരിസരത്ത് സ്വർഗത്തിൽ പോലും ലഭിക്കാത്ത ആഢംബരമായിട്ടാണ് അടക്കയെ കാണുന്നത്. അതുകൊണ്ട് തന്നെ അടക്കയും, വെറ്റിലയും, നാരങ്ങയും എല്ലാം ചേർത്ത് മരണപ്പെട്ടവരുടെ വായക്കകത്ത് വെക്കുന്ന രീതി ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. സ്വർഗത്തിൽ അടക്ക ലഭ്യമല്ലാത്തതിനാൽ അവസാനമായി അത് കഴിക്കുക എന്ന സൗഭാഗ്യത്തിനുള്ള അവസരം എന്ന നിലയിൽ.

നഗരത്തിലേക്കുള്ള പ്രധാനപ്പെട്ട രണ്ട് കവാടങ്ങളായ മത്സ്യ കമാനം (മച്ചലി കമാൻ), ചാർമിനാർ കമാനം എന്നിവ രാജകീയ ഭടന്മാരുടെ കാവൽ പോസ്റ്റുകളായിരുന്നു. രാജകൊട്ടാരത്തിലേക്ക് നയിക്കുന്ന പടിഞ്ഞാറൻ കമാനം ഒരു വലിയ തിരശ്ശീലകൊണ്ട് മറച്ചിരുന്നു. കിഴക്കൻ കമാനത്തിൽ ഒരു സംഗീത പവലിയനും ഉണ്ടായിരുന്നു, കലാകാരന്മാർക്ക് അവിടെയിരുന്ന് തുടർച്ചയായി ഷെഹനായി വായിക്കുന്നതിനായി. അവർ അവിടെയിരുന്ന് നഗരത്തിലേക്ക് കടന്നുവരുന്ന കാറ്റിൽ സംഗീതം നിറച്ചുകൊണ്ടിരുന്നു. സ്വർഗത്തിലെ ഹൂറികളുടെ നാസികാ ശബ്ദത്തെ അനുകരിച്ചായിരിക്കണം ഷഹനായി വായിക്കുന്നവർ നാദവാദ്യം കൊണ്ട് നഗരത്തെ സംഗീതസാന്ദ്രമാക്കിയത്. സ്വർഗത്തിന്റെ അറബി പദമായ ‘ജന്ന’ത്തിനെ (പൂന്തോട്ടം) അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിക്കൊണ്ട് നഗരത്തിലെമ്പാടും വിശാലമായ ഉദ്യാനങ്ങളുമുണ്ടായിരുന്നു. കാലക്രമത്തിൽ അവയെല്ലാം നശിച്ചുപോവുകയും, ഇന്ന് ചാർമിനാറിന് മുന്നിൽ വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി തുറന്ന് വെച്ച തെരുവ് കച്ചവടശാലകളും, കച്ചവടക്കാരുടെ വിലപേശലിന്റെ ബഹളങ്ങളും മാത്രം ബാക്കിയാവുകയും ചെയ്തു. മോട്ടോർ വാഹനങ്ങൾ നിലവിലില്ലാത്ത അക്കാലത്തെ ഹൈദെരാബാദ് നഗരത്തിന്റെ സൗണ്ട് സ്‌കേപ്പ് സങ്കൽപിച്ച് നോക്കിയാൽ അന്തരീക്ഷത്തിൽ ഷെഹനായിയുടെ സംഗീതവും, ഇടക്കിടെ മക്ക മസ്ജിദിൽ നിന്നുമുയരുന്ന ബാങ്കുകളും മാത്രമായിരിക്കുമോ മുഴങ്ങിക്കേട്ടിരുന്നത്? അത്തരമൊരു നഗരം എത്രമാത്രം കാൽപ്പനികവും, അപ്രായോഗികവുമായി നമുക്കിന്ന് തോന്നുന്നുവോ അത്രയും പ്രധാനമാണ് പൂർവാധുനിക നഗരങ്ങളുടെ നിർമ്മാണത്തിൽ ശബ്ദത്തെക്കുറിച്ച് ആലോചനകൾ നടക്കുകയും അതിനായി പ്രത്യേകം സംവിധാനങ്ങൾ തെയ്യാറാക്കുകയും ചെയ്തിരുന്നു എന്ന വസ്തുത.

ഹൈടെക്ക് സിറ്റി എന്ന കാഴ്ച്ചകളുടെ സ്വർഗം

പതിനാറാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ ശബ്ദവും, നഗരവും, ശബ്ദം കേൾക്കുന്ന വ്യക്തികളുമെല്ലാം വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ശബ്ദം കൂട്ടുന്നതിനും, കുറക്കുന്നതിനും, റെക്കോഡ് ചെയ്ത് ശേഖരിക്കുന്നതിനും, അതിനെ മറ്റൊരു സ്ഥലത്തേക്ക് വഹിച്ച് കൊണ്ടുപോകുന്നതിനുമുള്ള കഴിവ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വായത്തമാക്കി എന്ന നിലയിൽ ശബ്ദത്തെ ഒരു പരിധിവരെ മനുഷ്യൻ തന്റെ വരുതിയിലാക്കിയിട്ടുണ്ട്. മൂലധന ആധുനികതയുടെയും, പരമാധികാര, ബയോപോളിറ്റിക്കൽ ഭരണകൂടങ്ങളുടെയും കാലത്ത് ശബ്ദവും, സംഗീതവുമൊന്നും എയ്സ്തെറ്റിക്കൽ എക്സ്പീരിയൻസ് മാത്രമല്ല, മറിച്ച് വിപണനം ചെയ്യപ്പെടുന്ന, അല്ലെങ്കിൽ വിപണിയെ സഹായിക്കുന്ന ഉൽപ്പന്നവും, പലപ്പോഴും ഭയം സൃഷ്ടിക്കാനും, ശിക്ഷിക്കാനുമുള്ള ആയുധവും കൂടിയാണ് (ഇറാഖിലെ അബു ഗരീബ് ജയിലിൽ യു എസ് ആർമി തടവുകാർക്ക് നൽകിയ ശിക്ഷ താങ്ങാനാവാത്ത ശബ്ദത്തിലുള്ള റോക്ക് മ്യൂസിക്കായിരുന്നു). ലേറ്റ് ക്യാപിറ്റലിസത്തിന്റെ യുക്തികൾ ഭരിക്കുന്ന ഇക്കാലത്ത് വ്യക്തി എന്നത് ഉപഭോക്താവും, കല എന്നത് വ്യാവസായികമായി നിർമ്മിക്കപ്പെടുന്ന ഉൽപ്പന്നവുമായി മാറിയ സാഹചര്യത്തിൽ നഗരങ്ങളിലെ ആർട്ടിനും, ആർക്കിടെക്ച്ചറിനും ശബ്ദത്തെക്കുറിച്ച് എന്താവും പറയാനുണ്ടാവുക? ഹൈദരാബാദ് ഹൈടെക്ക് സിറ്റിയിൽ ആ ചോദ്യത്തിന് നമുക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കാം. ‘ഹൈട്ടെക്സ് ചാർമിനാർ‘ മുതൽ സൈബർ ടവർ വരെയുള്ള ഹൈടെക്ക് സിറ്റിയുടെ ആദ്യഘട്ട നിർമ്മിതികളും അവക്കിടയിലെ സ്ട്രീറ്റ് ആർട്ടുകളും ഈ അന്വേഷണത്തിൽ നമ്മെ സഹായിക്കും എന്നാണ് എന്റെ പ്രതീക്ഷ.

ഹൈട്ടെക്സ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലേക്കുള്ള കവാടം എന്ന നിലയിലാണ് ഹൈട്ടെക്സ് മിനി ചാർമിനാർ നിർമ്മിക്കപ്പെടുന്നത്. ഇവിടെ ‘ഗ്ലോറിയസ് പാസ്റ്റ്-വർത്ത് ലെസ്സ് പ്രസന്റ്’ എന്ന ഫ്രെയിമിലേക്ക് ഇടറിവീഴുമോ എന്ന ഭയവും, പ്രീമോഡേൺ, മോഡേൺ, പോസ്റ്റ്മോഡേൺ തുടങ്ങിയ പദങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആശയക്കുഴപ്പവും ഒഴിച്ച് നിർത്തിയാൽ ഫ്രഡറിക്ക് ജെയിംസണെ വായിക്കുന്നത് ഉപകാരപ്രദമായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മോഡേൺ ഹൈ ആർട്ടിനെ അപേക്ഷിച്ച് ലേറ്റ് ക്യാപിറ്റലിസത്തിന്റെ ഇക്കാലത്തെ സാംസ്‌കാരിക നിർമ്മിതികളെ വ്യത്യസ്തമാക്കുന്നത് അവയുടെ ആഴവും, അർത്ഥവുമില്ലായ്മയാണ്. അവിടെ പ്രാഥമികമായ കാഴ്ച്ചയാണ് പ്രധാനം. ഉപരിതലത്തിൽ നിങ്ങൾ കാണുന്നതെന്താണോ അതുതന്നെയാണ് കലയുടെ അർത്ഥവും ലക്ഷ്യവും. അതിനപ്പുറം എന്തെങ്കിലും കണ്ടെത്തനുള്ള ശ്രമങ്ങൾ വ്യർത്ഥമാണ്. ഈ മാറ്റത്തെ വ്യക്തമാക്കുന്നതിനായി വ്യത്യസ്ത കാലങ്ങളിലായി വരക്കപ്പെട്ട രണ്ട് ഷൂ ചിത്രങ്ങൾ ജെയിംസണ്‍ വിശകലനം ചെയുന്നുണ്ട്. ഒന്നാമത്തേത് വിൻസന്റ് വാൻ ഗോഗിന്റെ ‘A Pair of Shoe’, രണ്ടാമത്തേത് ആന്റി വർഹോളിന്റെ ‘Diamond Dust Shoes’: വാൻ ഗോഗിന്റെ ഷൂ അക്കാലത്തെ ഗ്രാമീണ കർഷകരെക്കുറിച്ച് ഒരുപാട് ആലോചനകൾ സാധ്യമാക്കുമ്പോൾ ആന്റി വർഹോളിന്റെ ഷൂ ഒരു കാഴ്ച്ച എന്നതിനപ്പുറം ആഴത്തിലുള്ള അർത്ഥങ്ങൾ ഒന്നും ഉൾക്കൊള്ളിക്കുന്നില്ല എന്ന് ‘ജെയിംസണ്‍ വാദിക്കുന്നുണ്ട്’. ഓൾഡ് സിറ്റി ചാർമിനാറും, ഹൈട്ടെക്സ് മിനി ചാർമിനാറും തമ്മിൽ അത്തരമൊരു താരതമ്യം സാധ്യമാണ് എന്ന് തോന്നുന്നു. നിർമ്മാണത്തിലെ സൂക്ഷമതയോ, കാഴ്ച്ചയിലെ സൗന്ദര്യമോ ഒന്നുമില്ലാതെ ജെയിംസന്റെ ഭാഷയിൽ പഴയതിന്റെ ഒരു ‘blank parody’യായി മിനി ചാർമിനാറിന്റെ ഒഴിഞ്ഞ നാല് തൂണുകൾ അവിടെയങ്ങനെ നിൽക്കുന്നു, പ്രത്യേകിച്ച് ഒന്നും പറയാനില്ലാതെ…

ജെയിംസൺ വാദിക്കുന്നത് പോലെ അർത്ഥങ്ങളുടെ അപ്രത്യക്ഷമാവൽ എന്നതിന് പകരം വിപണി കേന്ദ്രീകൃതമായ അർത്ഥങ്ങളുടെ പുതിയ ഒരു റെജിമിന്റെ ആധിപത്യമായി അതിനെ മനസ്സിലാക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. മിനി ചാർമിനാർ നിങ്ങളെ കൊണ്ടെത്തിക്കുന്നത് വിപണിയിലെത്തുന്ന ഏറ്റവും പുതിയ ഉൽപന്നങ്ങൾ കാഴ്ചക്ക് വെച്ചിരിക്കുന്ന എക്സിബിഷൻ സെന്ററിലേക്കും, മൂലധന നിക്ഷേപങ്ങളെ നിയന്ത്രിക്കുന്നവർക്ക് കൂടിയിരിക്കുന്നതിനുള്ള കൺവെൻഷൻ സെന്ററിലേക്കുമാണ്. ഒരുനിലക്ക് പറഞ്ഞാൽ ചാർമിനാർ സ്വർഗത്തിലേക്കുള്ള കവാടമാവുന്നതുപോലെ വിപണിയുടെ സ്വർഗത്തിലേക്കുള്ള കവാടമായിരിക്കണം മിനി ചാർമിനാർ.

മിനി ചാർമിനാറിന്റെ അൽപ്പം മുന്നിൽ ഒരു ഭാഗത്തായാണ് കലാ, കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും, വിപണനത്തിനുമായി നിർമ്മിച്ച ശിൽപ്പാറാം സ്ഥിതിചെയ്യുന്നത്. അവിടെ പ്രദർശനത്തിനുള്ള പ്രധാന ഇനങ്ങളിലൊന്ന് ഗ്രാമീണ ജീവിതങ്ങളുടെ ലൈഫ് സൈസിലുള്ള പാവകൾ ഉപയോഗിച്ചുള്ള ചിത്രീകരണമാണ്. തബല അടക്കമുള്ള വിവിധ സംഗീതോപകരണങ്ങൾ നിർമ്മിക്കുകയും, വായിക്കുകയും ചെയ്യുന്ന കരകൗശല വിദഗ്ദരായ ഗ്രാമീണ മനുഷ്യരുടെ രൂപങ്ങൾ സ്റ്റഫ് ചെയ്ത് പ്രദർശനത്തിന് വെച്ചിരിക്കുന്നത് കാണാം. ഇവിടെ ഷഹനായിയുടെയും മറ്റു സംഗീതോപകരണങ്ങളുടെയും ശബ്ദത്തിന് പകരം നഗരങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ കൗതുകത്തെ തൃപ്തിപ്പെടുത്തുന്നതിനുള്ള ജീവനില്ലാത്ത രൂപങ്ങളാണ് കാഴ്ച്ചക്കാരെയും കാത്തിരിക്കുന്നത്. ശബ്ദത്തെയും, രുചിയേയും, മണത്തെയുമെല്ലാം കാഴ്ച്ചയിലേക്ക് പരിവർത്തിപ്പിക്കാനുള്ള വിപണി മൂലധനത്തിന്റെ ഈ ഭ്രമത്തിന്റെ വേരുകൾ കിടക്കുന്നത് ഒരുപക്ഷെ ആധുനികതയുടെ തന്നെ അകത്ത് ആഴത്തിൽ പ്രവർത്തിക്കുന്ന കാഴ്ച്ചയെ കേന്ദ്രീകരിച്ചുള്ള ജ്ഞാന പദ്ധതിയിലായിരിക്കണം.

മൂലധന ആധുനികതയും, വിപണിയും എങ്ങനെയാണ് നമ്മുടെ ഇന്ദ്രീയാനുഭവങ്ങളെ രൂപപ്പെടുത്തുന്നത് എന്ന് ഐ ഹിസാനോ Visualizing Taste എന്ന പഠനത്തിൽ പരിശോധിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തി ഭക്ഷണം അടക്കമുള്ള ഉൽപ്പന്നങ്ങളുടെ നിറം, മണം, രുചി തുടങ്ങി എല്ലാ ഇന്ദ്രീയാനുഭവങ്ങളും സ്റ്റാന്റേഡൈസ് ചെയ്യപ്പെട്ട നിയന്ത്രിത യാഥാർത്ഥ്യത്തിന്റേതായ ഒരു ആൾട്ടർനേറ്റ് റിയാലിറ്റിയിലാണ് നമ്മളിന്ന് ജീവിക്കുന്നത് എന്ന് ഹിസാനോ ഓർമ്മപ്പെടുത്തുന്നുണ്ട്. ഉപഭോക്താവിനെ സ്വാധീനിക്കുകയും, വിപണിയെ വളർത്തുകയും ചെയ്യുക എന്നതാണ് പുതിയ നഗരങ്ങളിലെ ‘built environment’ന്റെ അത്യന്തിക ലക്ഷ്യം. ഹൈടെക്ക് സിറ്റിയിലും, ഗച്ചിബോളി അടക്കമുള്ള പരിസരപ്രദേശങ്ങളിലും കാണുന്ന സ്ട്രീറ്റ് ആർട്ട് വർക്കുകൾ Global Entrepreneurship Summit (GES) പോലുള്ള വാണിജ്യ ഉച്ചകോടികൾക്കായി നഗരത്തിലെത്തുന്നവർക്ക് കാണുന്നതിനായി സ്ഥാപിക്കപ്പെട്ടവയാണ് എന്നത് ആ വസ്തുതയിലേക്കാണ് വിരൽചൂണ്ടുന്നത്.

നഗരത്തിലെ ഉദ്യാനങ്ങൾക്കും, വെർട്ടിക്കൽ ഗാർഡനുകൾക്കും ‘നഗരക്കാഴ്‌ച്ചക്ക് സൗന്ദര്യം നൽകുക’ എന്ന ഉത്തരവാദിത്വം തന്നെയാണുള്ളത്. ‘ഹൈട്ടെക്സ് മിനി ചാർമിനാർ മുതൽ സൈബർ ടവർ വരെയുള്ള റോഡിന്റെ മധ്യത്തിലായി സ്ഥാപിച്ച ഉദ്യാനങ്ങളിലും, വഴിയരികിലും, ഫ്ളൈഓവറിന്റെ തൂണുകളിലും സ്ഥാപിച്ച വെർട്ടിക്കൽ ഗാർഡനുകളിലും വാസനയുള്ള പൂക്കളുടെ അസാന്നിധ്യം എന്തിനെയാവും സൂചിപ്പിക്കുന്നത്?’ എന്ന ചോദ്യത്തിനുള്ള ഉത്തരം ഓൾഡ് സിറ്റിയിലെ സ്വർഗത്തിലെ ഉദ്യാനങ്ങളെ പ്രതിനിധീകരിക്കുന്ന പൂന്തോട്ടങ്ങളിൽ നിന്നും അവ എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് കണ്ടെത്തിയാൽ മനസ്സിലാക്കാവുന്നതാണ്. ഇൻഡോ-ഇസ്‌ലാമിക്ക് സാംസ്കാരിക പരിസരത്ത് ഉദ്യാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മങ്ങളിലൊന്ന് പരിസരങ്ങളെ സുഗന്ധപൂരിതമാക്കലായിരുന്നു എന്ന് അലി അക്ബർ ഹുസ്സൈൻ Scent in the Islamic Garden എന്ന പഠനത്തിൽ എഴുതുന്നുണ്ട്. അക്കാരണം കൊണ്ടുതന്നെ മുസ്‌ലിം ഭരണകാലങ്ങളിൽ രാജകൊട്ടാരങ്ങൾ മുതൽ ജനവാസമേഖലകളിൽ വരെ വ്യാപകമായി ഉദ്യാനങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. ഗന്ധത്തെ വ്യക്തിയുടെ സ്വകാര്യത എന്നതിൽ നിന്ന് സാമൂഹിക ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു ആ ഉദ്യാനങ്ങൾ ചെയ്തത്. സ്വർഗത്തിലെ ഉദ്യാനങ്ങളുടെ സൗന്ദര്യത്തോടൊപ്പം അവയുടെ പരിമളവും ഭൂമിയിൽ വ്യാപിപ്പിക്കുക എന്നതായിരിക്കണം ആ ഉദ്യാനങ്ങളുടെ നിർമ്മാണം കൊണ്ട് ലക്ഷ്യമിട്ടത്. അതേസമയം ആധുനിക നഗരങ്ങളിലെത്തുമ്പോൾ ഉദ്യാനങ്ങളുടെ പ്രാഥമിക ധർമ്മം നഗരക്കാഴ്ച്ചകളെ മനോഹരമാക്കി മാറ്റുക എന്നതായി മാറുന്നു.

മൂലധന സ്വർഗത്തിലെ ശബ്ദങ്ങൾ

ശബ്ദത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഉപഭോക്താവിനെ സ്വാധീനിക്കാനുള്ള ആയുധമായി ശബ്ദത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിപണിയുടെ അന്വേഷണങ്ങളുടെ ഭാഗമായി മുസാക്ക് (Muzak – mood music) എന്ന പേരിൽ സംഗീതത്തിന്റെ ഒരു ഉപവിഭാഗം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഓരോ കമ്പനികളും തങ്ങളുടെ റീട്ടെയിൽ ഷോറൂമുകളിലും, സൂപ്പർമാർക്കറ്റ്, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ സ്ഥലങ്ങളിലും ഉപഭോക്താവിന്റെ മൂഡിനെ സ്വാധീനിക്കുന്നതിനായി കേൾപ്പിക്കുന്ന ശ്രദ്ധാപൂർവ്വം സംവിധാനം ചെയ്ത പശ്ചാത്തല സംഗീതങ്ങളും, ഗാനങ്ങളുമാണ് മുസാക്കുകൾ. ‘എക്സ്പീരിയൻസ് ഡിസൈനു’മായി ബന്ധപ്പെട്ട് മാർക്കറ്റ് നടത്തുന്ന അനവധി ഇടപാടുകളുടെ ചെറിയ ഒരു ഭാഗം മാത്രമാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വികാസം പ്രാപിച്ച പുതിയ ശബ്ദ സംസ്കാരത്തിന്റെ തുടർച്ചയാണ് ശബ്ദത്തിന്റെ ഇത്തരത്തിലുള്ള പുതിയ രൂപാന്തരീകരണങ്ങൾ. യന്ത്രങ്ങളുടെ സഹായത്തോടെ ശബ്ദത്തെ നിർമ്മിക്കാനും, നിയന്ത്രിക്കാനുമുള്ള കഴിവ് മനുഷ്യൻ നേടിയെടുക്കുകയും, അതോടൊപ്പം ശബദം പരക്കുന്ന ഇടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള എഞ്ചിനീയറിംഗ് സംവിധാനങ്ങൾ ആർക്കിടെക്ച്ചർ മേഖലയിലേക്ക് കടന്നുവരുകയും ചെയ്തതോടെയാണ് ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നത്. ഇതിനെത്തുടർന്ന് സംഗീത, കലാ പ്രകടനങ്ങളെ അനാവശ്യ ബഹളങ്ങളിൽ നിന്ന് ഒഴിച്ച് നിർത്തി ആസ്വദിക്കാവുന്ന ഓഡിറ്റോറിയങ്ങൾ എന്ന പേരിലുള്ള പ്രത്യേക ഇടങ്ങൾ നിലവിൽ വന്നു. ഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനായി പ്ലാനറ്റോറിയത്തിൽ (planetarium) പോകുന്നത് പോലെ നിങ്ങൾക്ക് ശബ്ദത്തെ കേൾക്കാനായി ഓഡിറ്റോറിയങ്ങളിൽ (Auditorium) കടന്നുചെല്ലാം.

ആധുനിക മനുഷ്യന്റെ എല്ലാത്തിനെയും നിയന്ത്രിക്കാനും, തന്റെ വരുതിക്ക് നിർത്താനുമുള്ള ആഗ്രഹത്തിന്റെ ശബ്ദവുമായി ബന്ധപ്പെട്ട പ്രയോഗവൽക്കരണം എന്ന നിലയിൽ വേണം ഓഡിറ്റോറിയങ്ങളെ മനസ്സിലാക്കാൻ എന്ന് The Soundscape of Modernityയിൽ എമിലി തോംസൺ നിരീക്ഷിക്കുന്നുണ്ട്. ഹൈദരാബാദിൽ ഹൈട്ടെക്ക് സിറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട ആദ്യ കെട്ടിടങ്ങളിൽ ഒന്ന് സൈബർ ടവറിന്റെ മറുവശത്തായി കാണുന്ന ശിൽപ്പകലാ വേദിക എന്ന പേരിലുള്ള കൂറ്റൻ കോൺസേർട്ട് ഹാളായിരുന്നു. ഓൾഡ് സിറ്റിയിൽ, കിഴക്കൻ കമാനത്തിൽ സംഗീതത്തിനായി പ്രത്യേകം പവലിയൻ നിർമ്മിക്കപ്പെട്ടത് പോലെ ഹൈട്ടെക്ക് സിറ്റിയിൽ സംഗീതത്തിനും, കലാ പ്രകടനങ്ങൾക്കുമായി കണ്ടെത്തിയ പ്രത്യേക സംവിധാനമാണിത്.

ഓഡിറ്റോറിയങ്ങളെ ആധുനികതയുടെ സവിശേഷ നിർമ്മിതിയാക്കുന്നത് പ്രധാനമായും അവ ശബ്ദത്തെ ഒരു ഉൽപ്പന്നമായി കൈകാര്യം ചെയ്യുന്നു എന്നതും, ശബ്ദത്തിന് മേലുള്ള മനുഷ്യന്റെ അധികാരത്തെ പ്രകടമാക്കുന്നു എന്നതുമാണ്. അതായത് ശബ്ദം അതിന്റെ ഉത്ഭവപരമായ സ്ഥല, കാല സവിശേഷതകളിൽ നിന്നും പറിച്ചുമാറ്റപ്പെട്ട് മനുഷ്യന് അവന്റെ ആവശ്യം പോലെ ചിട്ടപ്പെടുത്തിയെടുക്കാവുന്ന ഉൽപ്പന്നമായി മാറുകയും, ആ ശബ്ദത്തെ സ്റ്റാൻഡേർഡൈസ്‌ ചെയ്ത് നിയന്ത്രിതമായ പരിസ്ഥിതിക്കകത്ത് കേൾവിക്കാരന്റെ മുന്നിൽ അഴിച്ച് വിടുകയും ചെയ്യുന്നു. ശ്രോദ്ധാവിന്റെ സ്വാതന്ത്ര്യത്തെയും, അധികാരപരിധിയെയും മുൻനിർത്തി ചിന്തിക്കുമ്പോൾ അത്തരം ‘ക്രമീകരിക്കപ്പെട്ട കേൾവികൾ’ (arranged listening) ഒരു ‘അംഗീകരിക്കപ്പെട്ട മോഷണ’മാണെന്ന് (tolerated theft) – ശ്രോദ്ധാവിന്റെ കേൾവി സ്വാതന്ത്ര്യത്തിന്റെ കവർച്ച – ഫ്രഞ്ച് ചിന്തകനായ പീറ്റർ സെന്റി അദ്ദേഹത്തിന്റെ റൊമാന്റിക്-മോഡേണിസ്റ്റ് കേൾവി സങ്കല്പങ്ങളുടെ വിമർശനകൃതിയായ Listen: A History of Our Earsൽ എഴുതുന്നുണ്ട്. ഇന്നത്തെ മൾട്ടിപ്ളെക്സുകളും, സിനിമാ തിയേറ്ററുകളുമെല്ലാം ശബ്ദത്തെ കൈകാര്യം ചെയ്യുന്നത് ഇതേ രീതിയിൽ തന്നെയാണ്. എത്ര റിയലിസ്റ്റിക്കായി ചിത്രങ്ങളിലെയും സംഭാഷണങ്ങളുടെയും ശബ്ദങ്ങൾ ബഹളങ്ങളിൽ നിന്ന് മുക്തമായി കേൾക്കാനാവുന്നതിലെ അയുക്തി അപ്രസക്തമായി മാറാൻ മാത്രം ഈ അവസ്ഥ ഇന്ന് നോർമലൈസ് ചെയ്യപ്പെട്ട കഴിഞ്ഞിട്ടുണ്ട്.

ആധുനിക നഗരങ്ങളിൽ വിപണിയുടെ യുക്തികൾ ശബ്ദത്തെയും, വാസനകളെയും കാഴ്ച്ചകളെയും മാത്രമല്ല, മറിച്ച് സ്ഥല കാല യുക്തികളെയും നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയുന്നുണ്ട്. ആധുനിക ദേശരാഷ്ട്രങ്ങളുടെ സമയം എന്നത് മൂലധനത്തിന്റെ സമയമാണ് എന്ന് പാർത്ഥ ചാറ്റർജി വാദിക്കുന്നത് കാണാം. അതോടൊപ്പം മൂലധനം സ്ഥലത്തെ എങ്ങനെ മാറ്റുന്നു എന്നതിന് ലളിതവും, രസകരവുമായ ഉദാഹരണം ഹൈദരാബാദ് മെട്രോ സ്റ്റേഷനുകൾ നൽകുന്നുണ്ട്. ഒരു വർഷത്തോളം ഓഫീസിലേക്ക് പോകാൻ എനിക്ക് ഇറങ്ങാനുണ്ടായിരുന്നത് ‘ഹൈടെക്ക് സിറ്റി മെട്രോ’ സ്റ്റേഷനായിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് ഒരുദിവസം അനൗൺസ് ചെയ്യുന്നത് പുതിയ പേരാണ്. അന്ന് മുതൽ സ്റ്റേഷന്റെ പേര് ‘മെഡികെയർ ഹൈടെക്ക് സിറ്റി’ എന്നായിരിക്കുന്നു. നഗരത്തിൽ പുതുതായി ആരംഭിച്ച മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്റ്റേഷനെ സ്പോൺസർ ചെയ്യുകയും, സ്ഥലത്തിന്റെ പേര് തന്നെ സ്വകാര്യ സ്ഥാപനത്തിന്റെ പേരാക്കി മാറ്റുകയും ചെയ്തതാണ് സംഭവം. സമാനമായ രീതിയിൽ മൂലധന നിക്ഷേപക സംരംഭമായ ഇൻവെസ്‌കോയുടെ പേരിൽ ‘ഇൻവെസ്‌കോ പ്രകാശ്നഗർ’ എന്ന സ്റ്റേഷനുമുണ്ട്. മെട്രോ സ്റ്റേഷനിൽ ഒതുങ്ങാതെ ഒരു സ്ഥലം തന്നെ സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ അറിയപ്പെടുന്ന പ്രതിഭാസവും ഹൈദെരാബാദിലുണ്ട്. പ്രശസ്തമായ പാരഡൈസ് ബിരിയാണി റെസ്റ്റോറന്റിന്റെ പേരിലാണ് അത് നിലനിൽക്കുന്ന സ്ഥലവും മെട്രോ സ്റ്റേഷനും അറിയപ്പെടുന്നത്. പൂർവാധുനിക കാലത്ത് മുഹമ്മദ് ഖുലി ഖുതുബ് ഷാ ഭൂമിയിൽ സ്വർഗത്തിന്റെ മാതൃക നിർമ്മിക്കുന്നതിനായി ഹൈദരാബാദ് എന്ന പുതിയ നഗരം സ്ഥാപിച്ചപ്പോൾ ആധുനിക മനുഷ്യൻ മൂലധനം ഉപയോഗിച്ച് വിപണിയുടെ പുതിയ സ്വർഗം (paradise) പണിതീർക്കുന്നു. മെട്രോ വഴി സ്വർഗത്തിലേക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭ്യമായ ഭൂമിയിലെ അപൂർവ്വം ഇടമായിരിക്കും ഇന്ന് ഹൈദരാബാദ്.


തുടർന്ന് വായിക്കുക: ഹൈദരാബാദിലെ റിക്ഷകളും ശബ്ദത്തിന്റെ അപഥ സഞ്ചാരങ്ങളും

Featured Image: Hyderabad Charminar by Shubham Rath

Comments are closed.