Mystical Dimension of Islam ഭാഗം-4
ഒരു സാധകന്റെ പ്രധാന കർതവ്യം ദേഹേച്ഛയുടെ (നഫ്സ്) ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും എതിരെ പ്രവർത്തിക്കുക എന്നതാണ്. നഫ്സിന്റെ പ്രേരണകൾക്കനുഗുണമായി ജീവിക്കുക എന്നതിനേക്കാൾ അപകടകരമായ മറ്റൊന്നില്ല എന്നാണ് ഇബ്നു ഖഫീഫ് (റ) പറയുന്നത്. അതിനാൽ നഫ്സിന്റെ പൈശാചികമായ ചോദനകളെ നിയന്ത്രിച്ചുകൊണ്ട് ദൈവിക ഗുണങ്ങളുമായി അതിനെ ബന്ധിപ്പിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വമാണ് ഒരു ആത്മാന്വേഷിക്ക് നിർവഹിക്കാനുള്ളത്.
നഫ്സ് എന്നത് ഒരു യാഥാർഥ്യമാണ്. ശരീരത്തിന് പുറത്ത്, പ്രകടമായിത്തന്നെ നഫ്സ് കാണപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ചില സൂഫികൾ പറയുന്നത് ഭക്ഷണം തേടുന്ന ഒരു നായയുടെ രൂപമാണ് അതിനുള്ളത് എന്നാണ്. എന്നാൽ ഒരു കുറുക്കന്റേയോ എലിയുടേയോ രൂപത്തിൽ തങ്ങളുടെ കണ്ഠനാളത്തിൽ നിന്ന് പുറത്തുവരുന്ന ഒരുതരം ജീവിയായി നഫ്സിനെ വിശേഷിപ്പിക്കുന്ന ആത്മജ്ഞാനികളെയും കാണാം. സാധകനെ വശീകരിച്ച് ആത്മീയ വഴിയിൽ നിന്ന് തെറ്റിക്കുന്ന ധിക്കാരിയായ ഒരു സ്ത്രീയായും നഫ്സിനെ താരതമ്യപ്പെടുത്താവുന്നതാണ്. അതേസമയം, പൊതുവായി നഫ്സിന് പറയപ്പെടുന്ന രൂപകം മുന്നോട്ടുപോവാൻ വിസമ്മതിക്കുന്ന കുതിര, അല്ലെങ്കിൽ കഴുത എന്നൊക്കെയാണ്. ഒരു ആത്മാന്വേഷിയെ സംബന്ധിച്ചിടത്തോളം നഫ്സാകുന്ന കുതിരയെ പട്ടിണിക്കിട്ടും മറ്റും കഠിനമായ പരിശീലനത്തിലൂടെ മെരുക്കിയെടുക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ തന്റെ ലക്ഷ്യത്തിലേക്ക് അതിനെ തെളിച്ചുകൊണ്ടുപോകാനാവൂ. ചിലപ്പോൾ നഫ്സിനെ അനുസരണയില്ലാത്ത ഒട്ടകവുമായി താരതമ്യം ചെയ്യുന്ന പ്രവണത സൂഫീ കവിതകളിൽ കാണാം. മൗലാനാ റൂമി (റ) നഫ്സിനോടുള്ള ധർമസമരത്തെ താരതമ്യപ്പെടുത്തുന്നത് തന്റെ പ്രേമഭാജനം വസിക്കുന്നിടത്തേക്ക് ഒട്ടകത്തെ തിരിക്കാൻ ശ്രമിക്കുന്ന മജ്നൂന്റെ ശ്രമകരമായ പ്രയത്നത്തോടാണ്. സിന്ദിലെ ശാഹ് അബ്ദുൽ ലത്തീഫിനെപ്പോലുള്ള കവികളെല്ലാം ഇത്തരത്തിലുള്ള രൂപകങ്ങൾ ഉപയോഗിച്ചതായി കാണാം. പന്നിയുടെ രൂപവുമായി നഫ്സിനെ താരതമ്യപ്പെടുത്തിയവരുമുണ്ട്. ഫരീദുദ്ദീൻ അത്താറിന്റെ (റ) കവിതകളിൽ അത് നമുക്ക് കാണാം. പന്നിയുടെ സ്വഭാവമുള്ള നഫ്സിനെ പിന്തുടരുന്നവർ പന്നിയായി രൂപാന്തരപ്പെടും എന്നാണ് അത്താർ (റ) പറയുന്നത്. മാത്രമല്ല, സ്വയം ദൈവമാണെന്ന് പ്രഖ്യാപിച്ച ഫറോവയായും വിശുദ്ധ മക്കയെ അധീനപ്പെടുത്താൻ ശ്രമിച്ച അബ്രഹത്തായും നഫ്സിനെ വിശേഷിപ്പിച്ച സൂഫികളെയും കാണാം.
അതേസമയം, നഫ്സിന്റെ വളരെ അധമമായ ഗുണങ്ങളെ കഠിന പ്രയത്നത്താൽ മാറ്റിയെടുത്ത് പകരം ദൈവിക ഗുണങ്ങൾ പ്രകാശിപ്പിക്കപ്പെടുന്ന ഇടമാക്കി മാറ്റിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഒരു സൂഫിക്ക് നിർവഹിക്കാനുള്ളത്. തിരുനബി (സ) ഒരിക്കൽ പറയുകയുണ്ടായി: “അസ്ലമ ശൈത്താനീ; എന്റെയുള്ളിലെ പിശാചിനെ (നഫ്സിനെ പിശാചായാണ് ഇവിടെ വിശേഷിപ്പിക്കപ്പെടുന്നത്.) ഞാൻ മുസ്ലിമാക്കിയിരിക്കുന്നു. ഞാൻ കൽപ്പിക്കുന്നതെന്തോ അവൻ അനുസരിക്കുന്നു.” മനുഷ്യൻ പരിപൂർണമായി ദൈവത്തിൽ വിലയം പ്രാപിക്കുമ്പോൾ നഫ്സ് അവന്റെ അടിമയായി മാറുന്നു. പിന്നീട് ലോകത്തിലുള്ള എല്ലാ സൃഷ്ടിജാലങ്ങളും അവനെ ഭയക്കുകയും അനുസരിക്കുകയും ചെയ്യുന്നു.
നഫ്സിനെതിരായ പോരാട്ടം സൂഫികൾ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്. അഹങ്കാരം, അസൂയ, ആർത്തി, കാമം, പ്രശസ്തിമോഹം തുടങ്ങിയ നഫ്സിന്റെ വ്യത്യസ്തങ്ങളായ പ്രകാശനങ്ങളെക്കുറിച്ച് അദ്ധ്യാത്മികത ഗുരുക്കൻമാർ തങ്ങളുടെ ശിഷ്യൻമാർക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. ഒരു ഗുരുവിന്റെ നിർദേശത്തിന് കീഴിലല്ലാതെ ഒരാൾ നിരന്തരം ആരാധനാ കർമങ്ങളിൽ മുഴുകുന്നത് പോലും നഫ്സിന്റെ തൃപ്തിക്ക് വേണ്ടിയായി മാറും. അതിനാൽ തന്നെ ഒരു സൂഫി തന്റെ നഫ്സിന്റെ എല്ലാ ചര്യകളെയും ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ദേഹേച്ഛയുടെ അടിമയായി അവൻ മാറും.
നഫ്സിനെ മെരുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങൾ വ്രതമനുഷ്ഠിക്കലും ഉറക്കം ഒഴിവാക്കലുമാണെന്ന് സൂഫികൾ പറയാറുണ്ട്. ഒട്ടുമിക്ക അദ്ധ്യാത്മിക യാത്രികരും രാത്രികാലങ്ങളിൽ ദിക്റിൽ മുഴുകുന്നവരും പകൽ മുഴുവൻ വ്രതമനുഷ്ഠിക്കുന്നവരുമാണ്. സൂഫീജീവിതത്തിലെ പ്രധാന ആശയം തന്നെ ലളിതമായ ഭക്ഷണം, ലളിതമായ ഉറക്കം, കുറച്ച് സംസാരം എന്നതാണ്. അതുകൂടാതെ, ഏകാന്തത, ജനങ്ങളിൽ നിന്ന് അകന്നുനിൽക്കുക തുടങ്ങിയ ചിട്ടകളും സാധകർ പാലിക്കേണ്ടതുണ്ട്.
ഉറക്കം കുറക്കുക എന്നത് അദ്ധ്യാത്മിക യാത്രികർ വളരെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്. “കണ്ണുകൾ ഉറങ്ങുന്നതിന് പകരം കരയുകയാണ്” എന്ന് സൂഫീകവിയായ മുഹമ്മദ് ഗിസുദറസ് പാടിയിട്ടുണ്ട്. രണ്ടാം ഖലീഫയായ ഉമറുബ്നു ഖത്താബ് (റ) പറയുന്നു: “ഞാനെന്തിന് ഉറങ്ങണം? പകൽ ഞാനുറങ്ങിയാൽ എനിക്ക് മുസ്ലിംകളെ നഷ്ടപ്പെടും. രാത്രി ഉറങ്ങിയാൽ ആത്മാവിനെയും നഷ്ടപ്പെടും.” ഒരു സാധകന്റെ ദൈവവുമായുള്ള സംഭാഷണം അതിന്റെ പ്രണയ തീവ്രതയിൽ സാധ്യമാകുന്നത് രാത്രിയിലാണ്. അതിനാലാണ് സൂഫികൾ ഗാഢനിദ്രയിൽ നിന്ന് വിട്ടുനിൽക്കുന്നത്. മാത്രമല്ല, വർഷങ്ങളോളം തീരെ ഉറങ്ങാതിരുന്ന സൂഫികളെക്കുറിച്ച് വിശ്വസനീയമായ ചരിത്രരേഖകളിൽ കാണാം. മഹാനായ സൂഫിവര്യൻ ഷാഹ് കിർമാനി (റ) നാൽപ്പത് വർഷത്തോളം ഉറങ്ങിയിരുന്നില്ല. അതിനുശേഷം ചെറുതായൊന്ന് മയങ്ങിയപ്പോഴാണ് ദൈവികദർശനം സംഭവിക്കുന്നത്. തുടർന്ന് അദ്ദേഹം പ്രതിവചിച്ചു: “ദൈവമേ, രാത്രികളിൽ ഉറങ്ങാതെ ഞാൻ നിന്നെ അന്വേഷിക്കുകയായിരുന്നു. പക്ഷെ, ഉറക്കത്തിലാണ് ഞാൻ നിന്നെ കണ്ടെത്തിയത്.” അപ്പോൾ ദൈവത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: “ഉണർച്ചയിൽ നീയെന്നെ അന്വേഷിച്ചില്ലായിരുന്നെങ്കിൽ ഒരിക്കൽ പോലും ഇവിടെ നിനക്കെന്നെ കാണാനാകുമായിരുന്നില്ല.” സൂഫീ കവികൾ പറയാറുള്ളത് പോലെ അദ്ധ്യാത്മിക സാധകർ അന്വേഷിക്കുന്നത് കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ വരുന്ന സൂര്യദർശനത്തെയല്ല, മറിച്ച് അർദ്ധരാത്രിയിൽ ഉദിക്കുന്ന സൂര്യനെയാണ്. അങ്ങനെയാണ് ഒരു ലൗകിക പ്രകാശവുമായും താരതമ്യപ്പെടുത്താനാവാത്ത അദ്ധ്യാത്മിക വെളിച്ചത്തെ അവർ ആസ്വദിക്കുന്നത്.
സൂഫികളെ സംബന്ധിച്ചിടത്തോളം ഭക്ഷണം കുറക്കുക എന്നത് ഉറക്കം ഒഴിവാക്കുന്നതിനേക്കാൾ പ്രധാനമാണ്. അതിനാൽ തന്നെ മിക്ക ദിവസങ്ങളിലും അവർ വ്രതമനുഷ്ഠിക്കാറുണ്ടായിരുന്നു. പലപ്പോഴും റമദാനിൽ നിശ്ചയിക്കപ്പെട്ടതിനേക്കാൾ കൂടുതൽ സമയം അവർ വ്രതത്തിൽ തന്നെയായിരുന്നു. ചില സൂഫികളാകട്ടെ, ഒരു ദിവസം നോമ്പെടുക്കുക, അടുത്ത ദിവസം ഭക്ഷണം കഴിക്കുക എന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. ഏതെങ്കിലും ഒരവസ്ഥയിൽ മാത്രം ശരീരത്തെ ബന്ധിച്ചിടാതിരിക്കാനാണ് അവർ അപ്രകാരം ചെയ്തിരുന്നത്.
ഖുറാസാനിൽ നിന്നുള്ള ശഖീഖ് അൽ ബൽഖി എന്ന സൂഫിവര്യൻ വിശപ്പിന്റെ രസതന്ത്രത്തെക്കുറിച്ച് വളരെ പ്രാധാന്യപൂർവം സംസാരിച്ച മഹാനാണ്. ശഖീഖ് (റ) പറയുന്നത് നാൽപ്പത് ദിവസങ്ങൾ തുടർച്ചയായി വ്രതമനുഷ്ഠിച്ചാൽ ഹൃദയത്തിന്റെ ഇരുൾ നീങ്ങി പ്രകാശപൂരിതമാകും എന്നാണ്. മൗലാനാ റൂമി (റ) ഒരിക്കൽ പറയുകയുണ്ടായി: “വിശപ്പ് ദൈവത്തിന്റെ ഭക്ഷണമാണ്. അതിലൂടെ അവൻ വിശ്വാസിയെ കരുത്തനാക്കുന്നു.”
ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ദിവസങ്ങളോളം വ്രതമനുഷ്ഠിച്ച സൂഫികളെ ചരിത്രത്തിൽ കാണാം. കാരണം, ആത്മീയതയെ പ്രാപിക്കാനുള്ള ഏറ്റവും നല്ല മാർഗമായി അവർ തെരെഞ്ഞെടുത്തത് വിശപ്പിനെയാണ്. ഭക്ഷണം ഒഴിവാക്കുക എന്നത് ബ്രഹ്മജ്ഞാനത്തിന്റെ മുന്നൊരുക്കമായാണ് അവർ മനസ്സിലാക്കുന്നത്. “ഒരു പുല്ലാങ്കുഴലിന് അതിന്റെ വയർ നിറഞ്ഞാൽ പിന്നെ പാടാൻ കഴിയുമോ?” എന്ന് മൗലാനാ റൂമി (റ) തുടർച്ചയായി ചോദിക്കുന്നുണ്ട്. അഥവാ, ദൈവികപ്രകാശത്തെ മനുഷ്യന് സ്വീകരിക്കാൻ കഴിയുക വിശപ്പിന്റെ അവസ്ഥയിൽ മാത്രമാണ്.
സമദിയ്യത്ത് അഥവാ അനശ്വരത (eternity) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ധ്യാനത്തിലായിക്കൊണ്ട് എഴുപത് ദിവസത്തോളം വ്രതമനുഷ്ഠിച്ച ഒരു സൂഫീവര്യനെക്കുറിച്ച് പേർഷ്യൻ കവിയും സൂഫീഗുരുവുമായിരുന്ന റുസ്ബിഹാൻ ബഖ്ലി പറയുന്നുണ്ട്: “നഫ്സിനെതിരായ സമരമായിരുന്നില്ല അത്. മറിച്ച്, ധ്യാനത്തിന്റെ അപൂർവ നിമിഷങ്ങളായിരുന്നു.” ഇവിടെ വിശപ്പ് എന്നത് നഫ്സിനെ മെരുക്കാനുള്ള മാധ്യമമായിട്ടല്ല പ്രകാശിക്കപ്പെടുന്നത്. ദൈവകൃപ എന്നാണ് ധ്യാനനിമഗ്നമായ പ്രണയനിമിഷങ്ങളിൽ വിശപ്പിനെ സൂഫിയാക്കൾ വിശേഷിപ്പിക്കുന്നത്. അഥവാ, ആരാധനയാണ് സൂഫിയുടെ ഭക്ഷണം. ദൈവിക പ്രകാശത്താൽ അവൻ പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇബ്നു ഖഫീഫ് (റ) യെപ്പോലുള്ള സൂഫികൾ പറയുന്നത് കഠിന വ്രതത്തിലൂടെ ദൈവസാമിപ്യം കൈവരിക്കാനുള്ള അവരുടെ തേട്ടം നിരന്തരമായി ദൈവസ്മരണയിൽ മുഴുകുന്ന മാലാഖമാരെപ്പോലെയാകാനാണ് എന്നാണ്: “ജിബ്രീൽ (അ) യുടെ ഭക്ഷണം പാചകപ്പുരയിൽ നിന്നല്ല. ദൈവിക ദർശനത്തിൽ നിന്നാണ്. ദൈവസാമിപ്യം കൈവരിച്ച ആളുകളുടെ ഭക്ഷണവും ദൈവത്തിൽ നിന്നാണ്.”
എന്തിനാണ് മണ്ണിലേക്ക് ചേരാനുള്ള ശരീരത്തെ വെറുതെ ഭക്ഷണം കൊടുത്ത് പോഷിപ്പിക്കുന്നത് എന്ന് സൂഫികൾ ചോദിക്കാറുണ്ട്. “’ശൂന്യമായ വയറിനെ ആരാധിക്കുന്നവർ” എന്ന് വിശേഷിപ്പിക്കപ്പെടും വിധം വളരെ തീവ്രമായ അർഥത്തിലായിരുന്നു അവർ വ്രതത്തെയും വിശപ്പിനെയും ആവിഷ്കരിച്ചിരുന്നത്. വിശപ്പ് മൂലം മരണപ്പെട്ട സൂഫികളെയും ചരിത്രത്തിൽ കാണാം. അതേസമയം സൂഫീഗുരുക്കൻമാർ പറയുന്നത് വിശപ്പ് ആത്മീയ പുരോഗതിയിലേക്കുള്ള മാർഗം മാത്രമാണ് എന്നാണ്.
ഒട്ടുമിക്ക അദ്ധ്യാത്മിക വഴികളും (തരീഖത്തുകൾ) പഠിപ്പിക്കുന്നത് അമിതമായ ഭക്ഷണത്തിനും അമിതമായ വിശപ്പിനുമിടയിലുള്ള മധ്യമ മാർഗമാണ്. സാധകന്റെ ആത്മീയ പുരോഗതിക്ക് ഗുണകരമായ രീതി അതാണ് എന്നാണ് അവർ പറയുന്നത്. നഖ്ശബന്ദിയ്യ പോലുള്ള തരീഖത്തുകളിൽ പ്രാധാന്യം നൽകപ്പെടുന്നത് ഭക്ഷണം കുറക്കുന്നതിലൂടെ ദൈവിക സ്മരണയല്ലാത്ത എല്ലാ ചിന്തകളെയും ഹൃദയത്തെത്തൊട്ട് അന്യമാക്കുക എന്നതിനാണ്. അത്തരത്തിൽ ഹൃദയത്തെ പരിപോഷിപ്പിച്ചവരുടെ ഉറക്കം ആരാധനയാണ്. അവരുടെ നടത്തവും ഓട്ടവും വിശ്രമവുമെല്ലാം ദൈവിക പ്രകീർത്തനമാണ്. എന്തിനെറെ, അവരുടെ ഓരോ ശ്വാസോച്ഛ്വാസം പോലും ദൈവിക സ്മരണയാണ് (ദിക്റുൽ അൻഫാസ്).
അദ്ധ്യാത്മിക വഴിയിലെ വളരെ പ്രധാനപ്പെട്ട മറ്റൊരു ഘട്ടം തവക്കുൽ ആണ്. ദൈവത്തിലുള്ള പരിപൂർണമായ വിശ്വാസത്തെയും സമർപണത്തെയുമാണ് തവക്കുൽ എന്നതുകൊണ്ട് അർഥമാക്കപ്പെടുന്നത്. സൂഫീചിന്തയെ പരിപൂർണാർഥത്തിൽ ഉൾക്കൊള്ളണമെങ്കിൽ തവക്കുൽ എന്ന പദത്തിന്റെ അർഥവ്യാപ്തിയെ ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. മഹാനരായ സൂഫീവര്യൻ അബൂസുലൈമാൻ അദ്ദാറാനി (റ) പറയുന്നത് തവക്കുൽ എന്നത് ലൗകിക പരിത്യാഗത്തിന്റെ (സുഹ്ദ്) ഏറ്റവും പരമമായ അവസ്ഥയാണ് എന്നാണ്. സൂഫികളെ സംബന്ധിച്ചിടത്തോളം തവക്കുൽ പ്രതിനിധീകരിക്കുന്നത് പരമമായ തൗഹീദിനെയാണ്. അഥവാ, ദൈവത്തിനാണ് പരിപൂർണമായ അർഥത്തിൽ ഫാഇൽ (പ്രവർത്തിക്കുന്നവൻ) എന്ന വിശേഷണമുള്ളത്. അതിനാൽ തന്നെ മനുഷ്യൻ തന്റെ ഉൺമയെ സമ്പൂർണമായി ദൈവത്തിന് മുമ്പിൽ സമർപിക്കേണ്ടതുണ്ട്.
അദ്ധ്യാത്മിക വീക്ഷണപ്രകാരം രിസ്ഖ്, അഥവാ ഒരു മനുഷ്യന് തന്റെ ജീവിതത്തിലാവശ്യമായ വിഭവങ്ങളെല്ലാം അവന്റെ സൃഷ്ടിപ്പിന് മുമ്പ് തന്നെ ദൈവം തയ്യാറാക്കി വെച്ചിട്ടുണ്ട്. അതിനാൽ തന്നെ ഐഹിക ജീവിതത്തെക്കുറിച്ചോർത് വേവലാതിപ്പെടുന്നതിൽ അർഥമില്ലെന്ന് അവർ പഠിപ്പിക്കുന്നു. മാത്രമല്ല, ദൈവത്തിന്റെ വിശിഷ്ട നാമങ്ങളിൽ (അസ്മാഉൽ ഹുസ്ന) ഒന്ന് ‘അർറസ്സാഖ്’ അഥവാ വിഭവങ്ങൾ നൽകുന്നവൻ എന്നാണ്. അതിനർഥം മനുഷ്യന് സ്വന്തമായി ഒന്നും തന്നെയില്ല (ഫഖീർ) എന്നാണല്ലോ. ഭക്ഷണം, സന്തോഷം, മരണം തുടങ്ങി എന്താണോ അവന് വിധിക്കപ്പെട്ടത് അതവനെത്തൊട്ട് ഒരിക്കലും മറയുകയില്ല. തിരുനബി (സ) ഒരിക്കൽ പറയുകയുണ്ടായി: “നിങ്ങൾക്ക് ദൈവത്തിൽ പരമമായ വിശ്വാസമുണ്ടെങ്കിൽ പക്ഷികൾക്ക് എപ്രകാരമാണോ അവൻ ഭക്ഷണം നൽകുന്നത് അതുപോലെ നിങ്ങൾക്കും നൽകും.” സൂഫികവിയായ സനാഇ എഴുതി:
നിങ്ങളുടെ ഭക്ഷണം ചൈനയിലാണെങ്കിൽ
നിങ്ങളുടെ കുതിര പുറപ്പെട്ടു കഴിഞ്ഞു.
ഒന്നുകിൽ നിങ്ങളെ അത് ചൈനയിലെത്തിക്കും.
അല്ലെങ്കിൽ ഭക്ഷണം നിങ്ങളുടെ മുന്നിലെത്തിക്കും.
നിങ്ങൾ ഉറങ്ങുകയാണെങ്കിലും ശരി.
അദ്ധ്യാത്മിക സാധകർ പറയാറുണ്ട്: “നിനക്ക് വിധിക്കപ്പെട്ട വിഭവങ്ങൾ എവിടെയായിരുന്നാലും ശരി, നീയത് കണ്ടെത്തും. അല്ലെങ്കിൽ അത് നിന്നെ തേടിയെത്തും.”
തവക്കുൽ എന്ന പദത്തിന്റെ ആന്തരികാർഥം തൗഹീദിനെ ഉൾക്കൊള്ളുക എന്നതാണ്. സൃഷ്ടിയെ ആശ്രയിക്കുന്നതോ ഭയക്കുന്നതോ ഒളിഞ്ഞിരിക്കുന്ന ശിർക്കാണ്. സൂഫീ മനഃശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണിത്. അഥവാ, കാര്യ-കാരണങ്ങളില്ലാതെ മനുഷ്യൻ തന്റെ ചിന്തകളെയും വികാരങ്ങളെയും പരിപൂർണമായ നിഷ്കളങ്കതയോടെ ദൈവത്തിലേക്ക് തിരിക്കേണ്ടതുണ്ട്. പരിപൂർണനായ (ഇൻസാനുൽ കാമിൽ) സൂഫിയുടെ പരമമായ അവസ്ഥയാണിത്. തികഞ്ഞ ആത്മശാന്തിയാണ് തവക്കുലിനെ അതിന്റെ ഏറ്റവും പരമമായ അവസ്ഥയിൽ ഉൾക്കൊള്ളുന്ന മനുഷ്യന് അനുഭവിക്കാൻ കഴിയുന്നത്. മരുഭൂമിയിലൂടെ ഭക്ഷണവും വെള്ളവുമില്ലാതെ, വന്യമൃഗങ്ങളെ ഭയക്കാതെ നാഥനിൽ സമ്പൂർണമായി ഭരമേൽപ്പിച്ച് യാത്രചെയ്തിരുന്ന സൂഫീദർവീശുകൾ തവക്കുലിന്റെ പാരമ്യതയെയാണ് പ്രണയാർദ്രമായി ആവിഷ്കരിച്ചത്.
അദ്ധ്യാത്മിക യാത്രയിലെ വളരെ പ്രധാനപ്പെട്ട മറ്റൊരു ഘട്ടത്തെയാണ് ഫഖ്ർ അഥവാ ദാരിദ്ര്യം എന്ന പദം പ്രതിനിധീകരിക്കുന്നത്. സൂഫികൾ തങ്ങളുടെ ജീവിതത്തിലുടനീളം ഫഖ്റിനെ പുൽകിയവരാണ്. ലൗകിക ജീവിതത്തിലെ സുഖങ്ങളോടും പാരത്രിക ജീവതത്തിലെ സുഖങ്ങളോടുമുള്ള ആഗ്രഹത്തിന്റെ അഭാവത്തെയാണ് ഫഖ്ർ (ദാരിദ്ര്യം) എന്ന ആത്മീയഘട്ടം കൊണ്ട് സൂചിപ്പിക്കപ്പെടുന്നത്. സൃഷ്ടികളെ ഒരു ഘട്ടത്തിലും ആശ്രയിക്കാതിരിക്കുക എന്നത് ഫഖ്റിന്റെ വളരെ പ്രധാനപ്പെട്ട ഒരു തലമാണ്. സൂഫികൾ തങ്ങളുടെ സമ്പന്നരായ സുഹൃത്തുക്കളോടു പോലും ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. കാരണം, ദൈവത്തിന്റെ സൃഷ്ടിയോട് ആവശ്യങ്ങൾ ഉന്നയിക്കുക എന്നതിനർഥം സൃഷ്ടിയെ ആശ്രയിക്കുക എന്നാണ്. മാത്രമല്ല, സഹായിക്കുന്ന വ്യക്തിയോട് നന്ദിയുള്ളവനാകുക എന്ന ബാധ്യതയും പേറേണ്ടതുണ്ട്. ആത്മീയ സാധകനെ സംബന്ധിച്ചിടത്തോളം അതൊരിക്കലും ഭൂഷണമല്ല.
ഒരാൾ ലൗകിക-പാരത്രിക സുഖങ്ങളെ ആഗ്രഹിക്കുന്നില്ല എങ്കിൽ അവനെയാണ് സൂഫീ സാങ്കേതിക ഭാഷയിൽ ഫഖീർ എന്നുവിളിക്കുന്നത്. ലൗകിക സുഖങ്ങളെ സ്വന്തമാക്കുക എന്നതിനർഥം ദുനിയാവിന്റെ കെണിയിൽ വീഴുക എന്നതാണ്. പരിപൂർണനായ ഒരു സൂഫി ഫഖീർ ഒരിക്കലും ലൗകികതയെ സ്വന്തമാക്കുകയില്ല. പരംപൊരുളിനെ മാത്രമാണ് അവൻ തേടുന്നത്. മറ്റൊന്നിലേക്കും അവന്റെ ഹൃദയം ചായുന്നില്ല.
ഹുജ്വീരി (റ) ഫഖ്റിന്റെ രൂപത്തെക്കുറിച്ചും അതിന്റെ സത്തയെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്: “ഫഖ്റിന്റെ രൂപം ദാരിദ്ര്യമാണ്. എന്നാൽ അതിന്റെ സത്ത സൗഭാഗ്യവും സ്വാതന്ത്ര്യവുമാണ്.” സൂഫികൾ പറയാറുള്ളത് ലൗകികതയെയും പാരത്രികതയെയും വെടിഞ്ഞാൽ പിന്നീട് സർവം വെടിയുക എന്ന ചിന്തയെത്തന്നെ ഒഴിവാക്കേണ്ടതുണ്ട് എന്നാണ്. അഥവാ, ദാരിദ്ര്യത്തെ മറക്കുകയും പരിപൂർണമായി ദൈവത്തിന് മുമ്പിൽ സമർപിക്കുകയും ചെയ്യുക. അദ്ധ്യാത്മിക സാധകരെ സംബന്ധിച്ചിടത്തോളം സംതൃപ്തമായ മനസ്സോടെ ഫഖീറാവുക എന്നത് സമ്പന്നനാകുന്നതിനേക്കാൾ മഹത്തരമായ കാര്യമാണ്. സുഹ്റവർദിയ്യ ആത്മീയവഴിയുടെ പ്രധാന ഗുരു അബുന്നജീബ് അബ്ദുൽ ഖാഹിരി സുഹ്റവർദി (റ) അതേ സംബന്ധിച്ച് ‘ആദാബുൽ മുരീദിൻ’ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
ഒരു സൂഫിയുടെ അടിസ്ഥാന ഗുണങ്ങളിലൊന്നായിട്ടാണ് ഫഖ്റിനെ മഹാൻമാർ അടയാളപ്പെടുത്തുന്നത്. മൗലാനാ റൂമി (റ) പറയുന്നു: ‘ഫഖ്ർ ജഗത്ഗുരുവാണ്. എല്ലാ ഹൃദയങ്ങളും അതിന്റെ മുരീദുകളാണ്. പ്രണേതാക്കളുടെ ഹൃദയങ്ങൾ അതിലേക്കാണ് തിരിയുന്നത്’. ഹുജ്വീരി (റ) വളരെ മനോഹരമായി ഫഖ്റിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്: “സൂഫിയാവുക എന്നാൽ എല്ലാ അർഥത്തിലും രൂപാത്മകമായ ദാരിദ്ര്യത്തെ പുൽകലാണ്. അഥവാ, ദൈവിക നിഗൂഢതകൾ സൂഫിയിലേക്ക് വരികയും പോവുകയും ചെയ്യും. അപ്പോഴും അവന്റെ പ്രവർത്തനങ്ങൾ അവനിലേക്ക് തന്നെയാണ് ചേർക്കപ്പെടുന്നത്. എന്നാൽ വിലയനത്തിന്റെ സന്ദർഭത്തിൽ അവൻ സ്വതന്ത്രനാകുമ്പോൾ പിന്നെ അവന്റേത് എന്നർഥത്തിൽ ഒന്നും അവശേഷിക്കുന്നില്ല. എല്ലാ പ്രവർത്തനങ്ങളും പരംപൊരുളിലേക്കാണ് ചേർക്കപ്പെടുന്നത്. പിന്നീടൊരിക്കലും ദേഹേച്ഛയെ അവൻ പിന്തുടരുന്നില്ല.”
മൗലാനാ റൂമി (റ) മസ്നവിയിൽ പറയുന്ന പോലെ ഒരു സൂഫിയുടെ പരമലക്ഷ്യമായ ഫനാഉമായാണ് (ദൈവികവിലയനം) ഫഖ്റിനെ സമീകരിച്ചിരിക്കുന്നത്. ഫരീദുദ്ദീൻ അത്താറിനെ (റ) സംബന്ധിച്ചിടത്തോളം ഫഖ്റും ഫനാഉം ദൈവത്തിലേക്കുള്ള വഴിയിലെ ഏഴാമത്തേതും അവസാനത്തേതുമായ താഴ്വരയാണ്. അന്വേഷണം, പ്രണയം, ബ്രഹ്മജ്ഞാനം, സ്വാതന്ത്ര്യം, തൗഹീദ്, സംഭ്രമം തുടങ്ങിയവയാണ് അതിനുമുമ്പുള്ള മറ്റ് ആറ് താഴ്വരകൾ.
‘ഫഖ്റ് പരിപൂർണമാകുമ്പോൾ ദൈവിക ദർശനം സാധ്യമാകുന്നു’ എന്ന ഒരു ചൊല്ല് സൂഫീലോകത്ത് നിലനിൽക്കുന്നതായി കാണാം. പരിപൂർണമായ ഫഖ്റിൽ വിലയം പ്രാപിച്ച ഹൃദയമാകട്ടെ, ദൈവത്തിന്റെ അനശ്വര സമ്പന്നതയിലാണ് ജീവിക്കുന്നത്. അപ്പോൾ പരമമായ ഫഖ്റ് പരമമായ സമ്പന്നതയായി രൂപാന്തരപ്പെടുന്നു. അഥവാ, പരിപൂർണമായ ഫഖ്റിലൂടെ മാത്രമേ ദൈവിക പ്രത്യക്ഷീകരണത്തിന്റെ (Divine Manifestation) തുറന്ന പാത്രമായി ഭൗമികലോകം മാറുകയുള്ളൂ. പതിനൊന്നാം നൂറ്റാണ്ടിന് ശേഷം മേൽപ്പറഞ്ഞ ചൊല്ല് സൂഫീജ്ഞാനികൾക്കിടയിൽ വ്യാപകമായി പറയപ്പെട്ടിട്ടുണ്ട്. മൗലാനാ റൂമി (റ) യും ജാമി (റ)യും അത് ഏറെ ഇഷ്ടപ്പെട്ടിരുന്നു. മാത്രമല്ല, ഖാദിരിയ്യ, നഖ്ശബന്ധിയ്യ തുടങ്ങിയ അദ്ധ്യാത്മിക വഴികൾ അതിനെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി.
ഫഖ്റിനാലുള്ള സന്തോഷം ആത്മീയ സാധകരുടെ ഒരു പ്രധാനപ്പെട്ട സവിശേഷതയാണ്. മാത്രമല്ല, ഫഖ്റിനെ അതിന്റെ പൂർണാർഥത്തിൽ ഉൾക്കൊള്ളുക എന്നത് പരിശുദ്ധമായ ദൈവികസത്തയിൽ അലിഞ്ഞുചേരുക എന്നതിന്റെ മുന്നുപാധിയാണ്.
(തുടരും)
Glossary
- ദിക്റുൽ അൻഫാസ്: ഖഫിയ്യായ ദിക്റ്, അഥവാ മറഞ്ഞിരിക്കുന്ന ദിക്റ് എന്നാണ് വിശ്വഗുരുക്കൻമാർ ദിക്റുൽ അൻഫാസിനെക്കുറിച്ച് വിശദീകരിക്കുന്നത്. ഓരോ ശ്വാസോച്ഛാസത്തിലും അല്ലാഹൂ എന്ന ദിക്റിനെ ഓർത്തുകൊണ്ട് ശ്വാസത്തെ ക്രമീകരിക്കുന്ന രീതിയാണത്. അങ്ങനെ വരുമ്പോൾ ഇരുപത്തിനാല് മണിക്കൂറും (ഉണർച്ചയിലും ഉറക്കത്തിലും) ദൈവസ്മരണയിലാവാൻ സാധകന് സാധ്യമാകുന്നു. അല്ലാഹു നമ്മുടെ ശ്വാസോച്ഛ്വാസത്തെ മേലോട്ടും താഴോട്ടും എന്ന രൂപത്തിൽ ക്രമീകരിച്ചതുതന്നെ തന്റെ ഇഷ്ടദാസർക്ക് അൻഫാസിൽ മുഴുകാനാണെന്ന് മഹാൻമാരായ സൂഫീഗുരുക്കൻമാർ പറഞ്ഞിട്ടുണ്ട്. അതേസമയം, തിരുനബിയുടെ (സ) ഖിലാഫത്ത് ഏൽപ്പിക്കപ്പെട്ട പരിപൂർണനായ (ഇൻസാനുൽ കാമിൽ) ഒരു ഗുരുവിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ ദിക്റുൽ അൻഫാസിൽ മുഴുകാവൂ എന്ന് മഹാൻമാർ പഠിപ്പിച്ചിട്ടുണ്ട്.
- ഫഖ്റ്: ദാരിദ്യം എന്നാണ് ഫഖ്റിന്റെ ഭാഷാർഥം. എന്നാൽ തസവ്വുഫിന്റെ സാങ്കേതികഭാഷയിൽ ഫഖ്റ് എന്നത് തികഞ്ഞ ബോധ്യമാണ്. അഥവാ, സ്വന്തമായി എനിക്ക് ഒന്നുമില്ല, എല്ലാം എന്റെ റബ്ബിന്റേതാണ് എന്ന അറിവിനെ ആത്മജ്ഞാനമായി അനുഭവിക്കുന്നവനെയാണ് ഫഖീർ എന്നുവിളിക്കുന്നത്. അൻത ഹയ്യുൻ വഅന മയ്യിത്തുൻ (റബ്ബേ, നിനക്കാണ് ജീവനുള്ളത്, ഞാൻ വെറും ശവമാണ്) എന്ന് മൊഴിഞ്ഞ ഖാദിരിയ്യ ആത്മീയവഴിയുടെ പ്രധാനഗുരു അശ്ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദിറുൽ ജീലാനി (റ) ആ ബോധ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. തൗഹീദിന്റെ (ഏകദൈവവിശ്വാസം) ഏറ്റവും പരിപൂർണമായ ആവിഷ്കാരമാണത്
ഭാഗം 3: വാക്കുകൾ കടന്ന്, ദേഹത്തെ വെടിഞ്ഞ്, അനുഭവത്തിൽ ലയിച്ച്
വിവർത്തനം: സഅദ് സൽമി
Featured Image: Matheus Ferrer


Comments are closed.