ചൈനയിലെ ഉയ്ഗൂർ മുസ്‌ലിം പ്രദേശങ്ങളിലൂടെ അമ്മാർ അസ്ഫോർ നടത്തുന്ന യാത്രയുടെ അവസാന (6) ഭാഗം
ഈ യാത്രയുടെ ഓരോ ഘട്ടത്തിലും അത്രമേല്‍ സ്വാധീനിക്കുന്ന ആതിഥ്യ മര്യാദ ലോകത്തിലെ പല വിധം ആളുകളില്‍ നിന്നും പ്രത്യക്ഷമായിത്തന്നെ അനുഭവിക്കാനായിട്ടുണ്ട്. പലപ്പോഴും മടങ്ങുന്നത് ഒരിക്കലും തീര്‍ക്കാനാവാത്ത നന്ദിയും കടപ്പാടും ബാക്കി നിര്‍ത്തിയിട്ടാണ്. ചിത്രത്തില്‍ കാണുന്ന ജുമുഅ അത്തരത്തിലുള്ള വലിയൊരു മനസ്സിനുടമയാണ്. ചൈനീസ് സ്മാള്‍ ടൗണ്‍ എന്നെഴുതി വെച്ച അദ്ദേഹത്തിന്റെ നാട് കാണിച്ച് തരാനായി അദ്ദേഹം എന്നെ കൂട്ടിക്കൊണ്ട് പോയിരുന്നു.


സിയാനില്‍ നിന്നും 7 മണിക്കൂര്‍ ട്രെയിന്‍ മാർഗ്ഗം പോകേണ്ട, ചൈനയിലെ വടക്കേ ഭാഗത്തുള്ള നിംഗ്സ്യ പ്രദേശത്തെ രാജ്യമാണ് ടോങ്സിന്‍. രാത്രിയിലായിരുന്നു ട്രെയിന്‍ യാത്ര. ട്രെയിനില്‍ വെച്ച് തന്നെയായിരുന്നു നോമ്പ് തുറന്നത്. അടുത്ത നോമ്പെടുക്കുന്നതിന് മുമ്പേ കഴിക്കാനുള്ള ഭക്ഷണം ഞങ്ങള്‍ കഷ്ടിച്ച് കണ്ടെത്തുകയും ചെയ്തു. അടുക്കും ചിട്ടയുമില്ലാത്ത ഒരമേരിക്കാരനെയാണ് കുറെ നേരമായി ഞാന്‍ നോക്കിക്കൊണ്ടിരിക്കുന്നത് എന്ന് ജുമുഅ എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേ ഇരുന്നു. സത്യത്തില്‍, മുസ്‌ലിം പ്രദേശങ്ങളിലേക്കുള്ള എന്റെ യാത്രയില്‍ കണ്ട് മുട്ടുന്ന ആളുകളെ കുറിച്ച് സംസാരിക്കുക എന്നത് വെറും 7 മണിക്കൂര്‍ മാത്രമുള്ള ഈട്രെയിന്‍ യാത്രയില്‍ അത്ര വലിയ കാര്യമൊന്നുമല്ലല്ലോ!
ഏകദേശം 360000 ജനങ്ങള്‍ മാത്രമുള്ള ടോങ്സിനിൽ കണക്കുകള്‍ പ്രകാരം, 80% മുസ്‌ലിംകളാണ് താമസിക്കുന്നത്. ടോങ്സിനിലാവുമ്പോള്‍ മുസ്‌ലിം ആവുക എന്നത് വളരെ സ്വാഭാവികമായ ഒരു നോം ആണ് എന്ന പറഞ്ഞാൽ തെറ്റാവുകയില്ല.



ഉയ്ഗൂര്‍ വംശജരെക്കാളും ഇസ്‌ലാമിക ചര്യകള്‍ക്കും ഇസ്‌ലാമിക് സ്കൂളുകള്‍ക്കും ഹുയി എത്രത്തോളം പരിഗണന നല്‍കുന്നു എന്ന് അറിയുന്ന കാര്യത്തില്‍ ഞാന്‍ തത്പരനാണ് എന്നത് ജുമുഅ മനസ്സിലാക്കിയിരുന്നു. വെള്ളിയാഴ്ച നമസ്കാരത്തിന് കുറച്ച് മിക്കൂറുകള്‍ക്ക് മുമ്പ് ഞങ്ങള്‍ ഇസ്‌ലാമിക് സ്കൂളിലേക്ക് പോയി. അതൊരു ചെറിയ ടൗണായതിനാല്‍ തന്നെ ജുമുഅക്ക് എല്ലാവരേയും അറിയാമായിരുന്നു. അല്ലെങ്കില്‍, അദ്ദേഹത്തിന് എല്ലാവരേയും അറിയുന്നത് പോലെ ആയിരുന്നു.
കൃത്യമായി ഭാഷ കൈമാറ്റം ചെയ്യപ്പെടുന്നതിന് ചിലപ്പോള്‍ തര്‍ജ്ജമകള്‍ മതിയാകാതെ വരും. എന്നിരുന്നാലും ജുമുഅയുടെ സുഹൃത്തായ ഒരു സഹായി സ്കൂളും ക്ലാസുകളും നിരീക്ഷിക്കാനും കുട്ടികളുമായി സംവദിക്കാനുമുള്ള ഒരു സാഹചര്യം ഒരുക്കിത്തന്നു.



സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഹൈസ്കൂള്‍ വരെയാണ്. എങ്കിലും എലമെന്ററി ലെവലിലേക്ക് എത്തിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അനവധി വിഷയങ്ങളിലൂടെ പോകുന്ന സാമ്പ്രദായിക വിദ്യാഭ്യാസത്തില്‍ നിന്ന് മാറി ഈ സ്കൂള്‍ ഒരു വൊക്കേഷണല്‍ സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. കുട്ടികള്‍ അറബിയും ഇസ്‌ലാമിക് സ്റ്റഡീസും പഠിച്ചിരുന്നു. ഗ്രാജ്വേറ്റുകള്‍ക്ക് അവിടെയുള്ള വിഷയങ്ങളിലേതെങ്കിലും മാത്രമേ തുടരാനാവൂ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ വ്യത്യസ്തമായ രണ്ട് വഴികള്‍ അവര്‍ക്കു മുന്നിലുണ്ടായിരുന്നു. അഥവാ, ഒന്നുകിൽ അവര്‍ക്ക് ഇമാമുകളാവാം. അല്ലെങ്കില്‍ അറബിക് ഭാഷാ വിദഗ്ദരോ/വിവർത്തകരോ ആവാം. “ആര്‍ക്കൊക്കെയാണ് ഭാഷാ വിദഗ്ദരാവേണ്ടത്? ഞാന്‍ അവിടെയുള്ള ഒരു ക്ലാസ്സുകാരോട് ചോദിച്ചു. ഏകദേശം മൂന്നിലൊരു ഭാഗം കുട്ടികളും കൈ ഉയര്‍ത്തി. ‘ആര്‍ക്കൊക്കെയാണ് ഇമാമുകളാവേണ്ടത്?’. ഞാന്‍ വീണ്ടും ചോദിച്ചു. ഇത്തവണ പകുതിയിലധികം പേരും കൈ ഉയര്‍ത്തി. എന്നാല്‍, ചിലര്‍ അപ്പോഴും ഒരു തീരുമാനത്തിലെത്തിയിരുന്നില്ല.






ടോങ്സിനില്‍ നിന്ന് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ വലിയ കോംപ്ലക്സ് ഞങ്ങള്‍ സന്ദര്‍ശിച്ചു. ഹൊങ്കാന്‍സി ഗോങ്ബേ എന്നാണിതിന്റെ പേര് എന്ന് തോന്നുന്നു. ഹൊങ്കാന്‍സി എന്നത് ഒരു സൂഫീ വിഭാഗത്തിന്‍റെ പേരാണ്. ഗോങ്ബേ എന്നത് ഒരു സൂഫീവര്യന്റെ അന്ത്യ വിശ്രമ സ്ഥലവും. ജനങ്ങള്‍ വളരെ ആദരിക്കുന്ന ഒരു പഴയ ഇമാമിന്‍റെ ഖബറാണ് അത് എന്നു മാത്രമേ എനിക്ക് മനസ്സിലായുള്ളൂ. എല്ലാ വര്‍ഷത്തിലും ഒരിക്കല്‍ ഇവിടേക്ക് ഇമാമിനോടുള്ള ആദര സൂചകമായി ജനങ്ങള്‍ സംഗമിക്കാനെത്താറുണ്ട്. ഗൂഗിള്‍ ട്രാന്‍സ്ലേഷന്റെയും ഇംഗ്ലീഷിന്റെയും സഹായത്താല്‍ പിന്നീടെനിക്ക് മനസ്സിലായത്, ഈ ഇമാമിന് അദ്ദേഹത്തിന്‍റേതായ സൂഫീ മാര്‍ഗ്ഗമുണ്ട് എന്നാണ്. ഇത് എന്നെ എത്തിച്ചത് ‘മെന്‍ഹുവാന്‍’ എന്ന പദത്തെ കുറിച്ചുള്ള അന്വേഷണത്തിലേക്കാണ്. സൂഫീ ധാരകള്‍ക്കായി ചൈനീസ് ഭാഷയില്‍ പ്രയോഗിക്കുന്ന വാക്കാണിത്.

ഇമാമിന്റെ മഖ്ബറക്ക് മുകളില്‍ വലിയൊരു താഴികക്കുടമുണ്ട്. ഏകദേശം പതിനായിരത്തിലധികം ആളുകളെ ആ ബില്‍ഡിംഗില്‍ ഉള്‍ക്കൊള്ളും. രണ്ട് മൂന്നാളുകള്‍ മഖ്‌ബറക്ക് നേരെ നിന്നു പ്രാര്‍ത്ഥിക്കുന്നതൊഴിച്ചാല്‍, ഞങ്ങള്‍ അവിടെ എത്തിയ സമയത്ത് ആ സ്ഥലം ശൂന്യമായിരുന്നു.


ഈ അടുത്ത കാലയളവില്‍ പലവിധ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും അവിടെ നടന്നിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇതിന്റെ നടത്തിപ്പിനു വേണ്ടി സന്ദര്‍ശകര്‍ നല്‍കുന്ന സംഭാവനകള്‍ നിര്‍ണായകമാണ്.



ടോങ്സിനില്‍ സാമൂഹിക സംസ്കാരവുമായി ഇസ്‌ലാം ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. അറബി ലിപി ഖുര്‍ആന്‍ ആയത്തുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പള്ളികളുടെ വ്യത്യാസങ്ങളെ കുറിച്ചും ഈ പള്ളികളിലേക്ക് പോകുന്നവരുടെ ഇസ്‌ലാമിക ചര്യകളെ കുറിച്ചും പുതിയതും പഴയതുമായ, എനിക്കിതുവരെ മനസ്സിലാകാത്തതുമായ മൂന്നാമതൊരു കാര്യത്തെ കുറിച്ചും ജുമുഅയും അദ്ദേഹത്തിന്റെ സുഹൃത്തും സംസാരിച്ച് കൊണ്ടിരുന്നു. സൂഫീ ധാരയില്‍ വിശ്വസിക്കുന്നവരാണ് പ്രായമായവരിലധികവും എന്നെനിക്ക് മനസ്സിലായി. ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ സൂഫീ മാര്‍ഗ്ഗം മാത്രമേ ഉള്ളു എന്ന ഇമാമിന്റെ അഭിപ്രായത്തെ പക്ഷെ യുവാക്കള്‍ പലരും അംഗീകരിച്ചിരുന്നില്ല.
ഹുയി സംസ്കാരത്തിനിടയില്‍ ഇസ്‌ലാമിക സംസ്കാരത്തെയും ഭാഷയെയും മനസ്സിലാക്കുന്നതിന് എന്റെ ഭാഷ അപര്യാപ്തമായിരുന്നു. പ്രാഥമിക അറബി വാക്കുകളിലൂടെ വിജയകരമായി സംവദിക്കുന്നത് സാധ്യമാണെന്ന് മുസ്‌ലിം സമുദായങ്ങളുമായുള്ള അനുഭവങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിരുന്നു. എന്നാല്‍ ഹുയി മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരത്തിലായിരുന്നില്ല കാര്യങ്ങള്‍. സ്വത്വത്തിനും സ്വാധീനത്തിനും മുസ്‌ലിം ലോകത്തേക്കോ മധ്യ- പൗരസ്ത്യ ദേശത്തേക്കോ ശ്രദ്ധ ചെലുത്താതെ സ്വന്തമായി ഉയര്‍ന്ന് വന്നതാണ് ഇസ്‌ലാം ചൈനയില്‍. അതു തന്നെയാണ് ചൈനീസ് മുസ്‌ലിംകളെ കുറിച്ചുള്ള സുപ്രധാന കാര്യവും.
ഭാഗം 5 : ഹുയി തെരുവുകളിൽ സ്വാദും തേടി…
വിവർത്തനം: MUHAMED SALIH C
Comments are closed.