ഹിജ്റ എന്ന പദത്തിന്റെ വാച്യാര്‍ത്ഥം ഉപേക്ഷിക്കുക എന്നാണ്. ഹാജറ എന്ന പദത്തിന് ഇല്‍ക്കാ ലിന്‍ഡ്സ്റ്റെഡ്റ്റ് മറ്റൊരു അര്‍ത്ഥം ഉദ്ധരിക്കുന്നുണ്ട്, ‘ഈ പദം രണ്ട് അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു, ഒരു നഗരത്തില്‍ നിന്നും മറ്റൊന്നിലേക്ക് കുടിയേറുക, അല്ലെങ്കില്‍ മരുഭൂമിയില്‍ നിന്ന് നഗരത്തിലേക്ക് കുടിയേറി അവിടെ സ്ഥിരതാമസമാക്കുക’. സമാനമായ അര്‍ത്ഥ ഭേദങ്ങളാണ് ജോണ്‍ പെന്‍റീസ് (1818-1892) ഉദ്ധരിക്കുന്നത്. to emigrate, dissociate, separate, keep away, abstain from, quit, leave alone ഇവയാണ് ഹജറ എന്ന ധാതുവിന് അദ്ദേഹം കൊടുത്ത അര്‍ത്ഥങ്ങള്‍. ‘അല്‍ മുഹാജിറൂന്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് those who fled from Mecca to avoid persecution on account of fear religion എന്നും. ഹിജ്റ എന്നാല്‍ അവിശ്വാസികളുടെ നാട്ടില്‍ നിന്നും വിശ്വാസികളുടെ നാട്ടിലേക്ക് കുടിയേറുക എന്നാണ് സയ്യിദ് ശരീഫ് അല്‍ ജുര്‍ജാനി വിശദീകരിച്ചത്. പദസംബന്ധിയായി ചര്‍ച്ച നടത്തിയതിന് കാരണം അവ അടിസ്ഥാനപ്പെടുത്തിയാണ് സൂഫീ വ്യാഖ്യാനങ്ങള്‍ വികസിക്കുന്നത് എന്നതാണ്. പദത്തിന്റെ പ്രാഥമിക അര്‍ത്ഥത്തില്‍ നിന്ന് ഒരു സാങ്കേതിക സംജ്ഞ രൂപപ്പെടുത്തണമെങ്കില്‍ രണ്ടും തമ്മില്‍ ബന്ധമുണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്. പദപരമായ അവലോകത്തിന് പുറമെ, സൂഫീ വ്യാഖ്യാനങ്ങള്‍, ഇമാം ബുഖാരി ഉദ്ധരിച്ച ഒരു തിരുവചനവുമായി ബന്ധപ്പെട്ടാണ് രൂപപ്പെടുന്നത്. ‘ആര്‍ക്കും ബുദ്ധിമുട്ടൊന്നും ഉണ്ടാക്കത്തവനാണ് മുസ്‌ലിം, അല്ലാഹു നിരോധിച്ചവ വെടിഞ്ഞവന്‍ മുഹാജിറും’.
ഹിജ്റയുടെ വകഭേദങ്ങള്‍
ശൈഖ് ഇസമാഈല്‍ ഹിഖീ പറയുന്നത് ഹിജ്റ രണ്ടിനമുണ്ട് എന്നാണ്. ഒന്ന്, ബാഹ്യമായത്, മക്കാവിജയത്തോടെ ഇത് നിര്‍ബന്ധമല്ലാതായിത്തീര്‍ന്നു. രണ്ട് മിസ്റ്റിക്കല്‍, അഥവാ ഇച്ഛയുടെ വതനില്‍ -الوطن- നിന്ന് അല്ലാഹുവിലേക്ക് യാത്രയാവുക, ഹൃദയത്തിന്റെ കഅ്ബ കീഴടക്കാന്‍, അതിനെ ബഹുദൈവത്വത്തിന്റെയും ആസക്തിയുടെയും ബിംബങ്ങളില്‍ നിന്ന് സംശുദ്ധമാക്കാന്‍. ഇത് എല്ലാകാലത്തും നിര്‍ബന്ധമാണ്. ശൈഖ് അബ്ദുറഹിമാന്‍ അസ്സുലമി പറയുന്നത് ‘അല്‍ മുഹാജിര്‍ ഇലല്ലാഹ്’ എന്ന് പറയുന്നത് അല്ലാഹുവിലേക്ക്, സകലതും വെടിഞ്ഞ് യാത്രയായവന്‍ എന്നാണ്. ഈ വ്യഖ്യാനം സൂഫികളുടെ മറ്റൊരു സിദ്ധാന്തവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ ഭൂമിയില്‍ ഒരു പഥികനെപ്പോലെയാവുക എന്ന ഹദീസ് എല്ലാം ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് യാത്രയാവാനാണ് സൂഫികളെ പ്രേരിപ്പിച്ചത്. കാരണം യാത്രയുടെ ലക്ഷ്യം അല്ലാഹു എന്ന അതീന്ദ്രിയ സത്യമാണ്. അതിനാല്‍ എല്ലാം നല്‍കുന്ന അവനിലേക്ക് യാത്രയാവുമ്പോള്‍ ഭൗതികമായ ഒന്നും തന്നെ വേണ്ടെന്നും പ്രത്യുത ദൈവത്തിലേക്ക് അടുപ്പിക്കുന്ന സല്‍പ്രവൃത്തികളാണ് വേണ്ടതെന്നും അവര്‍ മനസ്സിലാക്കി.
ഹിജ്റ അത്തരം ഒരു യാത്രയാണ്. ‘അത്, അതിന്റെ സത്തയില്‍, പരമമായതിന്റെയും ആപേക്ഷികമായതിന്റെയും ഇടയിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ആദ്ധ്യത്മികമായ ബോധ്യത്തിന്റെ മൂര്‍ത്തമായ സാക്ഷാത്കാരമാണ്. അതുകൊണ്ടുതന്നെ അത് മരണത്തെ പോലും പ്രതീക്ഷിക്കലാണ്. സ്വന്തം നാടിന്റെ സുഖ സൗകര്യങ്ങളെ, പരമാത്മാവിന് വേണ്ടി വെടിഞ്ഞുകൊണ്ട് ഇബ്റാഹീം നബി പറയുന്നു: തീര്‍ച്ചയായും ഞാന്‍ എന്റെ സ്രഷ്ടാവിലേക്ക് യാത്രയാവുകയാണ് (ഖുർആൻ 37:99). ഭൂമിശാസ്ത്രപരമായ ലക്ഷ്യങ്ങള്‍ ആദ്ധ്യാത്മികമായ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണം മാത്രമാണ്. ശൈഖ് അഹ്മ്ദ് ബിന്‍ അജീബ കുറേകൂടി വ്യത്യസ്തമായ ഒരു വ്യഖ്യാനം പറയുന്നുണ്ട്. അതായത് തെറ്റിന്റെ വതനില്‍ നിന്ന് നന്മയുടെ വതനിലേക്കും, അശ്രദ്ധയുടെ വതനില്‍ നിന്ന് ഉണര്‍വ്വിന്റെ വതനിലേക്കും രൂപങ്ങളുടെ വതനില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളുടെ വതനിലേക്കും ഉയരുക എന്നതാണ് ഹിജ്റയുടെ വിവക്ഷ. അതുപോലെ കേവലാധികാരത്തിന്റെ വതനില്‍ നിന്നും പരമാധികാരത്തിന്റെ വത നിലേക്കും, ബാഹ്യലോകത്തുനിന്നും ആന്തരിക ലോകത്തേക്ക്, ജ്ഞാന ബോധ്യത്തില്‍ നിന്ന് ദൃശ്യ ബോധ്യത്തിലേക്കും, അവിടെ നിന്നും യഥാര്‍ത്ഥ ബോധ്യത്തിലേക്കും പലായനം ചെയ്യലാണ് ഹിജ്റ.
എന്താണ് വതന്‍?
വതന എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം ഒരു സ്ഥലത്ത് സ്ഥിരമാവുക എന്നാണ്. ഖുര്‍ആനില്‍ ഒരിടത്ത് മാത്രമാണ് ഈ പദം ഉപയോഗിക്കപ്പെട്ടത്. സൂറത്ത് തൗബ 25-ാം സൂക്തത്തില്‍. ഇബ്നു അജീബ(റ)യുടെ വ്യഖ്യാനത്തില്‍ ഇടക്കിടെ കടന്നുവരുന്ന ‘വതന്‍’ എന്ന സങ്കല്‍പ്പം സൂഫികളുടെ തത്വങ്ങളില്‍പ്പെട്ട ഒന്നാണ്. അത് സ്ഥലവുമായി ബന്ധപ്പെട്ട സ്‌പേഷ്യല്‍ ആയ സങ്കല്‍പ്പമല്ല. ശൈഖ് സിറാജുത്തൂസി ‘വതനി’നെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്, ‘വതന്‍’ എന്നാല്‍ (അല്ലാഹുവിന്റെ) അടിമയുടെ അന്തരംഗമാണ്. കാരണം എല്ലാ അവസ്ഥകളും ഉണ്ടാകുന്നതും അവ സ്ഥിരപ്പെടുന്നതും അവിടെയാണ്. ശൈഖ് ഇബ്നു അറബി വതനുകളുടെ അവസ്ഥയെ വിശദീകരിച്ചുകൊണ്ട് പറയുന്നു: “ഓരോ വതനിനും ഓരോ വിധിയാണുള്ളത്. ഓരോരുത്തരുമായുള്ള അല്ലാഹുവിന്റെ വ്യവഹാരങ്ങള്‍ അവരുടെ വതനിനനുസരിച്ചിരിക്കും”.
മുഹമ്മദ് അബുല്‍ മവാഹിബ് അശ്ശാദുലി ‘വതന്‍’ രണ്ടിനമാണ് എന്ന് പറയുന്നുണ്ട്, ഒന്ന് സ്വര്‍ഗ്ഗസ്ഥരുടെയും മറ്റൊന്ന് ദൈവത്തിന്റെ സമീപസ്ഥരുടെയും. അമീര്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി ഇതുമായി ബന്ധപ്പെട്ട് അഭിപ്രായപ്പെട്ടത് മനുഷ്യന് നാല് ‘വതനു’കളുണ്ടെന്നാണ്. ഭൗതിക ലോകത്തിലേയും, ബര്‍സഖിലേയും, പുനര്‍ജന്മത്തിന്റെയും സ്വര്‍ഗ്ഗ പ്രവേശനത്തിന്റെയും ഇടയിലുള്ളതും, അവസാനത്തെതും. ഇവ നാലും അക്ഷരാര്‍ത്ഥത്തിലും അതിലുപരി ഭാവാര്‍ത്ഥത്തിലും മനസ്സിലാക്കപ്പെടേണ്ടതാണ്.
ഹിജ്റയും ഹാജറും
ഹിജ്റ എന്ന പദത്തെ ചില സൂഫികള്‍ വ്യഖ്യാനിച്ചത് ഹാജര്‍ ബീവിയുമായി ബന്ധപ്പെട്ടാണ്. ഹിജ്റ ചെയ്യാത്ത നബിമാര്‍ ആരും തന്നെയില്ല. ആദം നബി (അ) സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്നതായിരുന്നു അതില്‍ ആദ്യത്തേത്. പിന്നീട് ആദം നബി തന്നെ നടത്തിയ അനേകം യാത്രകള്‍, ഹിജ്റയെ ഭൂമിശാസ്ത്രപരമായ യാത്രയായി പരിഗണിക്കുമ്പോള്‍, അതിന്റെ ഭാഗമായി വരുന്നുണ്ട്. നൂഹ് നബിയാണ് മറ്റൊരു പ്രധാന വ്യക്തിത്വം. ചില തഫ്സീറുകൾ പ്രകാരം എല്ലാ ജീവജാലങ്ങളില്‍ നിന്നും ഒരു ജോടിയെ മാത്രം തെരെഞ്ഞെടുത്ത് അനന്തമായ യാത്ര നടത്തിയ പ്രവാചകനാണ് നൂഹ് (അ). ആ യാത്രയെത്തുടര്‍ന്നാണ് നൂഹ് നബിയുടെ കപ്പല്‍ (ക്രൈസ്തവ പാരമ്പര്യത്തില്‍ ‘നോഹയുടെ പെട്ടകം’) എന്ന സങ്കല്‍പ്പം ഉരിത്തിരിയുന്നത്. തിരുദൂതര്‍ അഹ്ലുബൈത്തിനെ വിശേഷിപ്പിച്ചത് അതുകൊണ്ടാണല്ലോ.
മറ്റൊരു വിശിഷ്ട വ്യക്തി ഇബ്റാഹീം നബിയാണ്. തിരുദൂതരുടെയും ഇബ്റാഹീം നബിയുടെയും ഹിജ്റകള്‍ തമ്മില്‍ സാമ്യതകളേറെയുള്ളതായി ദാവൂദ് എസ് കെയ്സ്വിറ്റ് നിരീക്ഷിക്കുന്നുണ്ട്. രണ്ടു പേരും ബഹുദൈവ വിശ്വാസികളോട് ഏകദൈവത്തെക്കുറിച്ച് സംസാരിക്കുകയും രണ്ട് പേരും നിരാകരിക്കപ്പെടുകയും നാട്ടില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പുറത്താക്കപ്പെടുകയും ചെയ്യപ്പെട്ടു. ഇസ്ലാമിലെ ഹിജ്റയുടെ സങ്കീര്‍ണ്ണമായ പ്രകൃതം മനസ്സിലാക്കുവാന്‍ ഇബ്റാഹീം നബിയുടെ ഹിജ്റയെക്കുറിച്ചുള്ള ആലോചനകൾ വളരെയധികം ഉപകരിക്കും. മൂസ നബിയുടെയും ഈസ നബിയുടെയും ഹിജ്റകളും തിരുനബിക്കു മുമ്പേ ഉണ്ടായ ഹിജ്റകളാണ്. എന്നാല്‍ ഇവയില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമായ ഒന്നായിരുന്നു ഹാജര്‍ ബീവിയുടെ ഹിജ്റ. പ്രാണനായകനായ ഇബ്റാഹീം നബിയുടെ അടുക്കല്‍ നിന്ന് ആള്‍താമസമില്ലാത്ത മരുഭൂമിയിലേക്ക് വരേണ്ടി വരികയും അവിടെ നിന്ന് തിരിച്ചുപോകാതെ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യേണ്ടിവന്ന ഹിജ്റ. ഇതിനോടാണ് തിരുനബിയുടെ ഹിജ്റ ചില പ്രധാന വശങ്ങളില്‍ ബന്ധപ്പെട്ടിരിക്കുന്നത്. ഹിജ്റയും ഹാജറും തമ്മിലുള്ള ബന്ധം മനസ്സിലാക്കുകയും അത് തങ്ങളുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്ത അനേകം ആധുനിക പണ്ഡിതന്മാരുമുണ്ട്.
ഹിജ്റ അവസാനിച്ചുവോ
ഇമാം അലിയ്യ് ബ്നു അബീതാലിബ്(റ) പറയുന്നു. ഹിജ്റ ഇപ്പോഴും, പണ്ടുണ്ടായിരുന്നതു പോലെ തന്നെ, നിര്‍ബന്ധമായിരിക്കുന്നു. അല്ലാഹുവിന് ലോകരില്‍ നിന്നും ഒരു നേട്ടവും ആവശ്യപ്പെടാനില്ല. ഹിജ്റ എന്ന നാമം അല്ലാഹുവിന്റെ ഉണ്‍മക്ക് ഭൂമിയില്‍ നിന്ന് തെളിവുകളറിയാത്ത ആളുകളെക്കുറിച്ച് പറയാവതല്ല. ആരെങ്കിലും അവ അറിയുകയും സമ്മതിക്കുകയും ചെയ്താല്‍ അവനാണ് മുഹാജിർ. അങ്ങനെയാകുമ്പോള്‍, മുസ്‌ലിമാവുക എന്നതുതന്നെ ഹിജ്റയുടെ ഭാഗമായിവരും. കാരണം ബഹുദൈവത്വത്തിന്റെയോ നിരീശ്വരത്വത്തിന്റെയോ സ്വാധീനത്തിൽ നിന്ന് മുക്തമായി ഞങ്ങള്‍ ഏകദൈവ വിശ്വാസം അംഗീകരിക്കുന്നു എന്ന് പ്രഖ്യാപിക്കലാണ് ഇസ്‌ലാമിന്റെ പരമലക്ഷ്യം.
ബഹുദൈവത്വത്തിന്റെയും ഏകദൈവത്വത്തിന്റെയും ഇടയിലുള്ള മൗലിക വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യവെ അലി ശരീഅത്തി നിരീക്ഷിക്കുന്നത് ചരിത്രത്തിലുടനീളം മതങ്ങള്‍ തമ്മിലാണ് സംഘട്ടനങ്ങളുണ്ടായിട്ടുള്ളത് എന്നാണ്. അഥവാ ഏകദൈവത്വത്തിന്റെ മതവും ബഹുദൈവത്വത്തിന്റെ മതവും, വിപ്ലവത്തിന്റെ മതവും നിയമസാധുത്വത്തിന്റെ മതവും തമ്മില്‍. ബഹുദൈവത്വമെന്നത് സര്‍വ്വവ്യാപിയാണ്. കാരണം അത് അദൃശ്യനായ ഒരു പരാശക്തിയെ വിശ്വസിക്കുന്നതിന് പകരം ദൃശ്യമായ അനേകം ‘ബിംബങ്ങളെ’ ആരാധിക്കുന്നു. അത് ദൈവ രൂപങ്ങളാകാം, പണമാകാം, അധികാരമാകാം, അങ്ങനെ ഏകദൈവ സാമീപ്യത്തെ തടയുന്ന എന്തുമാകാം. ഇതില്‍ നിന്നൊക്കെയും മോചിതനാവുന്ന പ്രക്രിയയാണ് ഹിജ്റ. ശൈഖ് സഹ്ല്‍ ബിന്‍ അബ്ദുല്ലാഹ് അൽ തുസ്തരി പറയുന്നത് ഹിജ്റ അന്ത്യനാള്‍ വരെ നിര്‍ബന്ധമാണെന്നാണ്. അജ്ഞതിയില്‍ നിന്ന് വിജ്ഞാനത്തിലേക്കും, വിസ്മൃതിയില്‍ നിന്ന് സ്മൃതിയിലേക്കും, പാപത്തിന്റെ ഊഷരതയില്‍ നിന്ന് വഴിപ്പെടലിന്റെ ഊഷ്മളതയിലേക്ക്, തെറ്റില്‍ ഉറച്ചു നില്‍ക്കുന്നതില്‍ നിന്ന് പാപമോചനത്തിലേക്ക്, എല്ലാം പാലായനങ്ങൾ അനിവാര്യമാണ്.
ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി രണ്ടു തരം ഹിജ്റകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അല്ലാഹുവിലേക്കുള്ള ഹിജ്റ, ഇത് ഹൃദയ സംവേദനമാണ്. പ്രഥമ ആധാരശിലയും. അല്ലാഹുവില്‍ നിന്നുള്ള വിരോധനകളെ അനുസരിക്കുന്നതു കൊണ്ടും, ദൈവകല്‍പ്പനകളെ പ്രാവര്‍ത്തികമാക്കുന്നതു കൊണ്ടുമാണ് ഇതുണ്ടാകുന്നത്. തിരുനബിയിലേക്കുള്ള ഹിജ്റയാണ് രണ്ടാമത്തേത്, ഇതാണ് അല്ലാഹുവിനെ അറിയുന്നതിലേക്കും അവനോട് അടുക്കുന്നതിനുള്ള മാര്‍ഗത്തിലേക്കും ഒരാളെ നയിക്കുന്നത്. ഇത് ശാരീരികമാണ്. മക്കാ വിജയത്തിന് മുമ്പ് തിരുനബിയിലേക്കുള്ള ഹിജ്റ നിര്‍ബന്ധമായിരുന്നതുപോലെ ഇപ്പോഴും അത് തിരുനബിയുടെ അനന്തരാവകശികള്‍ക്ക് നിര്‍ബന്ധം തന്നെയാണ്. കാരണം അല്ലാഹുവിനെക്കുറിച്ചുള്ള ബോധ്യത്തിലേക്ക് ഒരാളെ നയിക്കുന്നത് തിരുനബിയാണ്.
والذين هاجروا في الله (സൂറഃനഹ്ല്‍/41) എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ ശൈഖ് നജ്മുദ്ദീനുല്‍ കുബ്റ പറയുന്നു: ‘ശരീരം കൊണ്ട് അല്ലാഹുവില്‍ ഹിജ്റയാവുക എന്നാല്‍ അല്ലാഹുവിന്റെ വിധി വിലക്കുകളെ അംഗീകരിക്കുകയെന്നാണ്. ഹൃദയം കൊണ്ട് അല്ലാഹുവിനോടുകൂടെ ഹിജ്റയാവുകയെന്നാല്‍ പാരത്രികമായ സുഖസൗകര്യങ്ങളില്‍ നിന്നും തരീഖത്തുകൊണ്ട് പലായനം ചെയ്യുകയെന്നും, ആത്മാവ് കൊണ്ട് അല്ലാഹുവിലേക്ക് ഹിജ്റയാവുക എന്നാല്‍ ദൈവ സാമീപ്യത്തിന്റെ സ്ഥാനങ്ങളില്‍ നിന്നും ദൈവിക മഹത്വ ദര്‍ശനത്തില്‍ നിന്നും പരമ യാഥാര്‍ത്ഥ്യത്തെ അനുഭവിക്കുന്നതിന്റെ നിര്‍വൃതിയിലേക്ക് യാത്രയാവുക എന്നുമാണ്. അഥവാ, അയഥാര്‍ത്ഥമായ ഉണ്മയുടെ മതിഭ്രമപ്പെടുത്തലില്‍ നിന്ന് യഥാര്‍ത്ഥമായ ഉണ്മയില്‍ ലയിച്ച് ചേരുക എന്ന മഹത്തായ പ്രക്രിയയില്‍ ഭാഗവാക്കാവുമ്പോള്‍, അവര്‍ക്ക് അല്ലാഹുവല്ലാതെ മറ്റൊന്നും തന്നെ ഉണ്മ എന്ന പദം കൊണ്ട് വിശേഷണത്തിനര്‍ഹമല്ല എന്ന ബോധ്യം വരും. ഇതാണ് ആത്യന്തികമായി ഹിജ്റയുടെ ലക്ഷ്യം. ഇതവസാനിക്കാത്തതാണെന്നും അവസാനിക്കാന്‍ പാടുള്ളതല്ലെന്നും
സ്പഷ്ടമാണ്’.
അനുബന്ധ വ്യാഖാനങ്ങള്‍
ശൈഖ് നാബില്‍സി, ശൈഖ് ഉമര്‍ ഇബ്നുല്‍ ഫാരിദിന്റെ ദീവാനിനെഴുതിയ വ്യാഖ്യാനത്തില്‍, ‘ദാറുല്‍ ഹിജ്റ’ എന്ന ഇബ്ന്‍ ഫാരിദിന്റെ ആശയം വിശദീകരിക്കുന്നത് തിരുദൂതരുമായി ബന്ധപ്പെട്ട് ആത്മജ്ഞാനികള്‍ രൂപപ്പെടുത്തിയ ഹൃദയഹാരിയായ മറ്റൊരു തത്വവുമായി ചേര്‍ത്താണ്. അല്‍-ഹഖീഖത് അല്‍ മുഹമ്മദീയ്യഃ എന്ന അക്ബേറിയന്‍ ആശയത്തിന് (it’s not originated from shaykh el Akber, but the idea is well explained by him) സൂഫീലോകത്ത് വലിയ സ്വീകാര്യതയാണുള്ളത്. ഇബ്ന്‍ അറബി, അബ്ദുല്‍ കരീം അല്‍ ജീലി, ശൈഖ് അഅ്ലാ ഹസ്റത്ത് തുടങ്ങി അനേകം സൂഫികള്‍ ഇതുമായി ബന്ധപ്പെട്ട് രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഇബ്നുൽ ഫാരിദിൻ്റെ وما دار ھجر البعد عنھا بخاطري * لدیھا بوصل القرب في دار هجرتي എന്ന ഈരടിയുടെ വ്യാഖ്യാനത്തില്‍ നാബല്‍സി പറഞ്ഞു: ജഗന്നിയന്താവ് ഭൗതിക ലോകം മുഴുവന്‍ അനുരൂപമായ വിധത്തില്‍ സംവിധാനിച്ച, മുഹമ്മദീയ പ്രകാശത്തിന്റെ സൂചക പദമാണ് ഇബ്ന്‍ ഫാരിദിന്റെ സങ്കല്‍പത്തില്‍ ദാറുല്‍ ഹിജ്റ. അഥവാ ദാര്‍ അല്‍ ഹിജ്റ കൊണ്ട് അദ്ധേഹം ഉദ്ദേശിക്കുന്നത് തിരുപ്രകാശത്തെയാണ്.
ദാറൈ അല്‍ ഹിജ്റ (ഹിജ്റയുടെ രണ്ടു വീടുകള്‍) എന്ന ഇബ്ന്‍ ഫാരിദിന്റെ സംജ്ഞക്ക് നല്‍കപ്പെട്ട അര്‍ത്ഥം ഒരേ സമയം സ്‌പേഷ്യലും മിസ്റ്റിക്കലുമാണ്. സഹാബത്തിനുണ്ടായ രണ്ടു ഹിജ്റകളാണ് ഇതുകൊണ്ടുളള ഉദ്ദേശം എന്ന് നാബല്‍സി പറയുന്നു. ഒന്ന് മക്കയില്‍ നിന്ന് എത്യോപ്യന്‍ നാടുകളിലേക്കുണ്ടായത്. ഇത്, ‘ജാഹിലിയ്യത്തി’ന്റെ ബിംബങ്ങളാല്‍ നിറഞ്ഞിരുന്ന, ദൈവത്തിന്റെ ഭവനമാകുന്ന ഹൃദയത്തില്‍ (കഅ്ബ) നിന്ന്, അക്രമികളല്ലാത്ത കൃസ്തീയരുടെ അടുത്തേക്ക് ശാരീരികമായി നടത്തിയ യാത്രയാണ്. രണ്ടാമത്തേത്, ശാന്തഹൃദയവുമായി തിരുപ്രകാശമുള്ളിടത്തേക്ക് നടത്തിയ, അനേകം ആദ്ധ്യാത്മിക ഭാവങ്ങളുള്ള, ഹിജ്റയാണ്. ശൈഖ് അഹ്മദ് സര്‍ഹിന്ദി ഹിജ്റ ബാതിന എന്നതകിന് നൽകുന്ന വ്യാഖ്യാനം ‘അത് ബാഹ്യത്തില്‍ ജനമധ്യേ ആയിരിക്കേത്തന്നെ ഉള്ളില്‍ അല്ലാഹു മാത്രമായിരിക്കലാണ്’ എന്നാണ്. മനസ്സിലാക്കേണ്ട വസ്തുത, പ്രാഥമികവും ആത്യന്തികവുമായ അര്‍ത്ഥത്തില്‍ ഹിജ്റ സ്‌പേഷ്യല്‍ ആയ ഒന്നല്ല. പ്രത്യുത ആദ്ധ്യാത്മികമാണ്. അതിനാല്‍ തന്നെ ഖുര്‍ആനില്‍ സ്ഥലനാമത്തോടു കൂടെ ആ പദം പരാമര്‍ശിതമായിട്ടില്ല. എവിടം നിന്ന് പോവുക എന്നതും, എങ്ങോട്ടു പോവുക എന്നതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളാണ്. ദൈവിക തൃപ്തിക്കു വേണ്ടി ഇച്ഛ ഇഷ്ടപ്പെടുന്നവ വര്‍ജ്ജിക്കുക എന്നതാണ് ഹിജ്റ അടിസ്ഥാനപരമായി പ്രഘോഷിക്കുന്ന തത്വം. അപ്പോള്‍ വര്‍ജ്ജിക്കല്‍ മാത്രം ഫലം ചെയ്യില്ല, മറിച്ച് ഒപ്പം നന്മ ചെയ്യുക എന്നതു കൂടെ അനിവാര്യമാണ്.
Featured Image by Carlos Leret
Comments are closed.