ആധുനിക സാമൂഹിക ശാസ്ത്രത്തിലെ സ്പേഷ്യൽ ഓൺടോളജിയിൽ മിഷേൽ ഫൂക്കോ അടയാളപ്പെടുത്തിയ ഹെറ്ററോടോപ്പിയ എന്ന പരികൽപന, ഭാവനാത്മകമായ യൂട്ടോപ്യകൾക്ക് വിപരീതമായി ഭൗതികലോകത്തിൽ തന്നെ നിലനിൽക്കുന്നതും എന്നാൽ വ്യവസ്ഥാപിത സാമൂഹിക ക്രമങ്ങളെ ഒരേസമയം പ്രതിഫലിപ്പിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന സവിശേഷമായ അപരസ്ഥലങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഒരു നിശ്ചിത സംസ്കാരത്തിനുള്ളിൽ നിലനിൽക്കുമ്പോൾ തന്നെ ആ സംസ്കാരത്തിന്റെ സാധാരണ യുക്തികൾക്ക് വഴങ്ങാത്ത, വിരുദ്ധമായ അർഥതലങ്ങൾ ഉത്പാദിപ്പിക്കുന്ന ഇത്തരം ഇടങ്ങൾ, മനുഷ്യാസ്തിത്വത്തിന്റെ വൈരുദ്ധ്യങ്ങളെയും പരിമിതികളെയും ദൃശ്യവൽക്കരിക്കുന്ന അതീത വിസ്തൃതികളായി (Transcendent expanses) പരിണമിക്കുന്നുണ്ട്. ഈയൊരു ആശയത്തിൽ നിന്ന് മുസ്ലിം ദൈനംദിന സാമൂഹികതയിലേക്ക് വരുമ്പോൾ ഒരു മുസാഫിറായ അടിമയുടെ ജീവിതത്തിൽ ‘പരിശുദ്ധ ഇടങ്ങൾ’ എങ്ങനെയാണ് പ്രധാന റോളിൽ വരുന്നതെന്ന് മനസ്സിലാകും. അത്തരം ‘പരിശുദ്ധ ഇടങ്ങളിൽ’ പ്രാധാന്യമർഹിക്കുന്ന ഇടങ്ങളായ പള്ളികളെയും ഖബർസ്ഥാനങ്ങളെയും അപരസ്ഥലങ്ങളായി കാണുന്നതിന്റെ പ്രാധാന്യത്തെ വിശദീകരിക്കുകയാണ് ഈ കുറിപ്പ്.
ഇസ്ലാമിക ജീവിതവീക്ഷണത്തിൽ മരണം എന്നത് കേവലമായ ഒരു ശാരീരിക പര്യവസാനമല്ല എന്നതിനാൽ തന്നെ, മുസ്ലിം ശ്മശാനങ്ങൾ അഥവാ ഖബർസ്ഥാനങ്ങൾ കേവലമൊരു ശവസംസ്കാര കേന്ദ്രം എന്നതിലുപരി ഐഹികമായ തിരക്കുകൾക്കും പാരത്രികമായ നിശ്ശബ്ദതയ്ക്കും ഇടയിലുള്ള ഒരു നിർണായക സംവേദന ബിന്ദുവായി നിലകൊള്ളുന്നുവെന്ന് ഇതോടെ മനസ്സിലാക്കേണ്ടി വരും. നഗരസംവിധാനങ്ങളുടെയും ഗ്രാമീണ ജീവിതത്തിന്റെയും കേന്ദ്രസ്ഥാനങ്ങളിൽ തന്നെ പള്ളികളോട് ചേർന്ന് ഈ ശ്മശാനങ്ങൾ നിലനിൽക്കുന്നത്, ജീവിച്ചിരിക്കുന്നവരുടെ ലോകത്തെ നിത്യേന ശല്യം ചെയ്യുന്ന ഒരു ഓർമപ്പെടുത്തലായിട്ടാണെന്ന് നമുക്ക് നിരീക്ഷിക്കാം.
ഫൂക്കോയുടെ സിദ്ധാന്തപ്രകാരം ശ്മശാനങ്ങൾ ഒരു സംസ്കാരത്തിന്റെ ‘വ്യത്യാസത്തെ’ ഏറ്റവും തീവ്രമായി അടയാളപ്പെടുത്തുന്ന ഹെറ്ററോടോപ്പിയകളാണ്; കാരണം അവ ജീവിച്ചിരിക്കുന്നവരുടെ സമയക്രമത്തെ (Temporal order) റദ്ദാക്കിക്കൊണ്ട് മരണത്തിന്റെ അനന്തമായ കാലമില്ലായ്മയെ ഭൗതിക ലോകത്തിലേക്ക് ആവാഹിക്കുന്നു. മുസ്ലിം ജീവിതക്രമത്തിൽ പള്ളിയും ശ്മശാനവും തമ്മിലുള്ള അഭേദ്യമായ ബന്ധം, വിശുദ്ധിയും (Sacredness) നശ്വരതയും (Temporality) തമ്മിലുള്ള നിരന്തരമായ ഒരു സംവാദത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പള്ളി എന്നത് ആരാധനയിലൂടെ ദൈവവുമായുള്ള സംഗമത്തിന് വേദിയാകുന്ന ഒരു ഹെറ്ററോടോപ്പിയ ആണെങ്കിൽ, ഖബർസ്ഥാൻ എന്നത് മനുഷ്യൻ തന്റെ മൗലികമായ ശൂന്യതയെയും അല്ലാഹുവിലേക്കുള്ള മടങ്ങിവരവിനെയും തിരിച്ചറിയുന്ന മറ്റൊരു അപരസ്ഥലിയാണ്. ഈ രണ്ട് ഇടങ്ങളും ചേർന്ന് ഒരു മുസ്ലിമിന്റെ സാമൂഹിക ഭൂപടത്തിൽ ഭൗതിക സുഖലോലുപതക്കെതിരെയുള്ള പ്രതിരോധമായി വർത്തിക്കുന്നു.
ആധുനികത പലപ്പോഴും മരണത്തെയും ശ്മശാനങ്ങളെയും നഗരപരിധിക്ക് പുറത്തുള്ള വിജനതയിലേക്ക് ആട്ടിയോടിച്ച് കാഴ്ചയിൽ നിന്ന് മറയ്ക്കാൻ ശ്രമിക്കുമ്പോൾ, ഇസ്ലാമിക പാരമ്പര്യം അവയെ ജനവാസ കേന്ദ്രങ്ങളുടെ ഹൃദയഭാഗത്ത് തന്നെ പ്രതിഷ്ഠിക്കുന്നതായി കാണാം. ഈ സാമീപ്യം മരണത്തെ ഒരു ഭീതിയെന്നതിലുപരി ജീവിതത്തിന്റെ സ്വാഭാവികമായ തുടർച്ചയായി കാണാൻ ഒരു വിശ്വാസിയെ പ്രാപ്തനാക്കുന്നു. ഖബറിനുള്ളിലെ ജീവിതത്തെക്കുറിച്ചുള്ള (ബർസഖ്) സങ്കൽപങ്ങൾ ഈ സ്ഥലത്തിന് ഒരു അതിഭൗതിക മാനം നൽകുന്നതിലൂടെ, അത് ഭൗതിക ലോകത്തെ നിയമങ്ങൾ ബാധകമല്ലാത്ത ഒരു സ്വതന്ത്ര മേഖലയായി (Autonomous zone) പരിണമിക്കുകയും ചെയ്യുന്നു. സാംസ്കാരിക ചിഹ്നമെന്ന നിലയിൽ മരണം ഇവിടെ ഒരു വിച്ഛേദമല്ല, മറിച്ച് സ്വത്വത്തിന്റെ തന്നെ പുനർനിർമാണമാണ്. അത് കൊണ്ട് തന്നെ ഓരോ ഖബറും ഒരു വ്യക്തിയുടെ ചരിത്രത്തെ/ ജീവിതത്തെ അവസാനിപ്പിക്കാതെ ആ വ്യക്തിയെ സമൂഹത്തിന്റെ സാമൂഹിക സ്മരണയിലേക്കും (Social memory) പാരത്രികമായ ഉത്തരവാദിത്വത്തിലേക്കും വിവർത്തനം ചെയ്യുകയാണ് ചെയ്യുന്നത്.
ഇസ്ലാമിലെ ശ്മശാന സൗന്ദര്യശാസ്ത്രം ലാളിത്യത്തിൽ അധിഷ്ഠിതമായിരിക്കുന്നത്, ഐഹികമായ അലങ്കാരങ്ങളെല്ലാം മരണത്തിന് മുന്നിൽ അപ്രസക്തമാണെന്ന ദാർശനിക ബോധ്യത്തിൽ നിന്നാണ്. എങ്കിലും സിയാറത്ത് പോലുള്ള അനുഷ്ഠാനങ്ങളിലൂടെ ഈ ഹെറ്ററോടോപ്പിയകൾ സജീവമായ സംവേദന കേന്ദ്രങ്ങളായി നിലനിൽക്കുകയും ചെയ്യുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള ഈ ഗൂഢമായ വിനിമയം ശ്മശാനത്തെ ഒരു നിശ്ചലമായ ഭൂമിയല്ലാതെ, മാറ്റങ്ങൾക്കും ചലനങ്ങൾക്കും വിധേയമായ ഒരു സാംസ്കാരിക ഭൂപടമാക്കി മാറ്റുന്നതും ഇത്തരം സിയാറത്തുകളിലൂടെയാണ്. ചുരുക്കത്തിൽ, മുസ്ലിം ശ്മശാനങ്ങൾ ഭൗതിക നഗരത്തിനുള്ളിലെ ആത്മീയമായ ഒരു വിള്ളലായി (Rupture) നിലകൊള്ളുകയും, ആധുനികതയുടെ ഏകതാനമായ സമയക്രമത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഗഹനമായ ഹെറ്ററോടോപ്പിയകളാണ്.
ഹെറ്ററോടോപ്പിയകളുടെ ഏറ്റവും സവിശേഷമായ ധർമം അവ സാധാരണ നിലയിലുള്ള സമയക്രമത്തെ (Chronology) റദ്ദാക്കുന്നു എന്നതാണെന്ന് മിഷേൽ ഫൂക്കോ നിരീക്ഷിച്ചിട്ടുണ്ട്. മുസ്ലിം പള്ളികളും അവയോട് ചേർന്നുള്ള ശ്മശാനങ്ങളും ഇത്തരത്തിൽ ഒരു ‘ഹെറ്ററോക്രോണി’ (Heterochrony) അഥവാ വിഭിന്നമായ ഒരു കാലബോധം ഉത്പാദിപ്പിക്കുന്ന ഇടങ്ങളാണ്. നഗരജീവിതം അതിന്റെ അതിവേഗതയിലുള്ള യാന്ത്രികമായ സമയത്തെ പിന്തുടരുമ്പോൾ, പള്ളിക്കുള്ളിലെ ആരാധനാനിമിഷങ്ങളും ഖബർസ്ഥാനിലെ നിശ്ശബ്ദതയും ആധുനികമായ ഈ സമയബോധത്തെ പൂർണമായും തടസപ്പെടുത്തുന്നു. പള്ളി എന്നത് നിശ്ചിത സമയങ്ങളിൽ മാത്രം സജീവമാകുന്ന ഒരു പ്രത്യേക ആത്മീയ ലോകമാണ്. അവിടെ പ്രവേശിക്കുന്ന നിമിഷം മുതൽ വ്യക്തി തന്റെ ലൗകികമായ പദവികളിൽ നിന്നും തിരക്കുകളിൽ നിന്നും വിച്ഛേദിക്കപ്പെടുന്നു. ഈ വിച്ഛേദം അവനെ ഖബറിടങ്ങളിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നു. ഖബർസ്ഥാൻ എന്നത് കേവലം ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ഒരിടമല്ലെന്നും വരാനിരിക്കുന്ന അനിവാര്യമായ ഒരു യാഥാർഥ്യത്തെ വർത്തമാനകാലത്തിലേക്ക് വിളിച്ചുവരുത്തുന്ന അതീത സ്ഥാനമാണെന്നും അങ്ങനെ അവൻ മനസ്സിലാക്കുന്നു. ഇവിടെ സമയം നിശ്ചലമായി നിൽക്കുന്നു.
മുസ്ലിം ജീവിതത്തിൽ ശ്മശാനം ഒരു ‘അദൃശ്യ നഗരമായി’ (Invisible city) ഭൗതിക നഗരത്തിനകത്ത് തന്നെ നിലകൊള്ളുന്നുണ്ടെന്നതിന്റെ തെളിവും ഇതു തന്നെയാണ്. ഈ ഇടം ജീവിച്ചിരിക്കുന്നവർക്ക് ഒരു നൈതികമായ കണ്ണാടിയായി (Mirror) വർത്തിക്കുന്നു. സ്വന്തം നശ്വരതയെക്കുറിച്ച് ബോധവാനാകാതെ ഒരാൾക്ക് ഇസ്ലാമികമായ അർഥത്തിൽ ജീവിതം ക്രമീകരിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ശ്മശാനങ്ങൾ ജനവാസകേന്ദ്രങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെടേണ്ട ‘അശുദ്ധമായ’ സ്ഥലങ്ങളല്ലന്ന് മനസ്സിലാക്കാം. അതിലുപരി അവ ജീവിതത്തെ ശുദ്ധീകരിക്കുന്ന പവിത്രമായ ഇടങ്ങളാണ്. ആധുനികത ശ്മശാനങ്ങളെ ഭയപ്പെടുമ്പോൾ വിശ്വാസി അവയെ സമാധാനത്തിന്റെ ഗേഹമായി കാണുന്നു. ഈ വൈരുദ്ധ്യാത്മകമായ കാഴ്ചപ്പാടാണ് ഖബർസ്ഥാനെ ഒരു സാംസ്കാരിക ചിഹ്നമായി പരിവർത്തിപ്പിക്കുന്നത്.
ശ്മശാനത്തിന്റെ വാസ്തുവിദ്യാപരമായ ലാളിത്യവും ശ്രദ്ധേയമാണ്. ബാഹ്യമായ അലങ്കാരങ്ങൾ ഒഴിവാക്കിക്കൊണ്ട് മണ്ണിലേക്ക് ലയിച്ചുചേരുന്ന ഈ നിർമിതികൾ, പ്രപഞ്ചത്തിലെ സർവവും അല്ലാഹുവിലേക്ക് മടങ്ങേണ്ടതാണെന്ന ‘ഇന്നാ ലില്ലാഹി’ എന്ന ദർശനത്തിന്റെ ഭൗതികമായ ആവിഷ്കാരമാണ്. സമ്പന്നനും ദരിദ്രനും ഭരണാധികാരിയും പ്രജയും ഒരേ അളവിലുള്ള മൺകൂനകൾക്ക് കീഴെ വിരിയുമ്പോൾ അവിടെ മനുഷ്യത്വത്തിന്റെ പരമമായ തുല്യത വെളിപ്പെടുന്നു. സാമൂഹികമായ വിവേചനങ്ങൾ അവിടെ അപ്രസക്തമാകുന്നു. ഈ സമത്വം ഒരു തരം രാഷ്ട്രീയമായ പ്രഖ്യാപനം കൂടിയാണ്. ഐഹികമായ അധികാരങ്ങൾക്കൊന്നും മരണത്തിന് മുകളിൽ സ്വാധീനമില്ലെന്ന് ഈ ഹെറ്ററോടോപ്പിയ നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.
മിഷേൽ ഫൂക്കോ വിഭാവനം ചെയ്ത ഹെറ്ററോടോപ്പിയയുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഒരേയൊരു ഭൗതിക സ്ഥാനത്ത് പരസ്പരം വിരുദ്ധമായ പല അടരുകളെയും വിന്യസിക്കുക എന്നത്. മുസ്ലിം പള്ളികൾ (മസ്ജിദുകൾ) ഈയൊരു ദൗത്യം അതിസങ്കീർണമായി നിർവഹിക്കുന്നുണ്ട്. പുറമെനിന്ന് നോക്കുമ്പോൾ നഗരത്തിന്റെ ഭാഗമായി തോന്നിപ്പിക്കുമെങ്കിലും, പള്ളിക്കുള്ളിലെ വിസ്തൃതി ഭൗതികമായ അതിരുകളെ റദ്ദാക്കിക്കൊണ്ട് വിശ്വാസിയെ മറ്റൊരു പ്രപഞ്ചത്തിലേക്ക് ആനയിക്കുന്നു. അവിടെ നിലനിൽക്കുന്ന നിശ്ശബ്ദത ഭൗതികമായ അല്ലെങ്കിൽ നഗരങ്ങളിൽ കേൾക്കാവുന്ന ശബ്ദാഭാവമല്ല. അത് ലൗകികമായ കോലാഹലങ്ങളെ പ്രതിരോധിക്കുന്ന രാഷ്ട്രീയമായ ഒരു നിലപാടാണ്. പള്ളി എന്നത് ഒരേസമയം ഒരു പ്രാർഥനാ കേന്ദ്രവും, സാമൂഹിക ഒത്തുചേരലിന്റെ വേദിയും, ആത്മീയമായ ഏകാന്തതയുടെ (ഇഅ്തികാഫ്) ഇടവുമാണ്. ഈ വൈവിധ്യങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ സമ്മേളിക്കുന്നതിലൂടെ പള്ളി ഒരു സാംസ്കാരിക ഹെറ്ററോടോപ്പിയയായി പരിണമിക്കുന്നു.
പള്ളിയുടെ വാസ്തുവിദ്യ നോക്കിയാൽ അവിടെ ശൂന്യതയ്ക്ക് (Void) വലിയ പ്രാധാന്യമുള്ളതായി കാണാം. ഈ ശൂന്യത ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യത്തെയും പ്രപഞ്ചത്തിന്റെ വിശാലതയെയും അടയാളപ്പെടുത്തുന്നു. പള്ളിക്കുള്ളിൽ പ്രവേശിക്കുന്ന ഒരാൾ തന്റെ സാമൂഹികമായ എല്ലാ ലാവണ്യങ്ങളും പുറത്തുവെക്കുന്നു. അവിടെ വംശീയമോ സാമ്പത്തികമോ ആയ അധികാരശ്രേണികൾക്ക് സ്ഥാനമില്ല. എല്ലാവരും ഒരേ ദിശയിലേക്ക് തിരിഞ്ഞുനിൽക്കുന്ന നിമിഷം, ഭൗതികമായ എല്ലാ വിവേചനങ്ങളും അവിടെ അപ്രസക്തമാകുന്നു. ഈ സമത്വം ആധുനിക ജനാധിപത്യ സങ്കൽപങ്ങൾക്കും അപ്പുറത്തുള്ള ഒരു ആത്മീയ തുല്യതയാണ്. ഇത് നഗരത്തിലെ വിവേചനപരമായ സ്പേസുകൾക്ക് നൽകുന്ന ശക്തമായ മറുപടിയാണ്.
പള്ളിയും ശ്മശാനവും തമ്മിലുള്ള ജൈവികമായ സംയോജനം മുസ്ലിം ജീവിതത്തെ സംബന്ധിച്ചിടത്തോളം ‘അനന്തതയുടെ ഭൂപടം’ (Map of Infinity) വരയ്ക്കുകയാണ് ചെയ്യുന്നത്. പള്ളി ജീവിതത്തിന്റെ വിശുദ്ധിയെയും ശ്മശാനം ജീവിതത്തിന്റെ നശ്വരതയെയും ഓർമിപ്പിക്കുന്നു. ഈ രണ്ട് ധ്രുവങ്ങൾക്കിടയിലാണ് ഒരു മുസ്ലിമിന്റെ സാംസ്കാരിക സ്വത്വം രൂപപ്പെടുന്നത്. മരണം എന്ന ഹെറ്ററോടോപ്പിയയെ പള്ളി എന്ന ഹെറ്ററോടോപ്പിയയുമായി ബന്ധിപ്പിക്കുമ്പോൾ, അവിടെ സമയം ഒരു വൃത്തമായി മാറുന്നു. തുടക്കവും ഒടുക്കവും ഒരേ ബിന്ദുവിൽ സന്ധിക്കുന്നു. ഈ ദർശനം ആധുനികതയുടെ രേഖീയമായ (Linear) സമയസങ്കൽപത്തെ തന്നെ വെല്ലുവിളിക്കുന്നു.
ഹെറ്ററോടോപ്പിയകൾക്ക് പൊതുവായുള്ള മറ്റൊരു സവിശേഷത അവയിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും (System of opening and closing) കൃത്യമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഫൂക്കോ നിരീക്ഷിച്ചതുപോലെ, ഒരു ഹെറ്ററോടോപ്പിയയിലേക്ക് പ്രവേശിക്കുക എന്നത് ഒരു സ്വതന്ത്രമായ പ്രക്രിയയല്ല; അതിനു മുമ്പ്, ഒരു വ്യക്തി അവിടെ ചില പ്രത്യേക ശുദ്ധീകരണ കർമങ്ങൾക്കോ (Purification) അനുഷ്ഠാനങ്ങൾക്കോ വിധേയനാകേണ്ടതുണ്ട്. മുസ്ലിം പള്ളികളെ സംബന്ധിച്ചിടത്തോളം ‘വുളൂഅ്’ അഥവാ അംഗശുദ്ധി എന്നത് അത്തരമൊരു പ്രവർത്തിയാണ്. ഭൗതിക ലോകത്തിന്റെ അശുദ്ധികളിൽ നിന്നും ചിന്തകളിൽ നിന്നും വേർപെട്ട് ഹെറ്ററോടോപ്പിക് ആയ വിശുദ്ധ ഇടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു ആത്മീയ അനുവാദമെന്ന് ‘വുളൂഅ്’ എന്ന അംഗസ്നാനത്തെ ആ പ്രവേശന നിബന്ധനയുടെ അടിസ്ഥാനത്തിൽ നിർവചിക്കാം. പള്ളി എന്ന ഇടം എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്ന ഒന്നാണെന്ന് തോന്നിപ്പിക്കുമെങ്കിലും, ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോകാത്ത ഒരാൾക്ക് ആ ഇടത്തിന്റെ യാഥാർഥ ആത്മീയ വിസ്തൃതി അനുഭവവേദ്യമാകില്ല.
ശ്മശാനങ്ങളെ സംബന്ധിച്ചും സമാനമായ ഒരു കർമശാസ്ത്രം നിലനിൽക്കുന്നുണ്ട്. മരണപ്പെട്ട ഒരാളെ ഖബറിലേക്ക് ആനയിക്കുന്നതിന് മുൻപ് നടത്തുന്ന കുളിപ്പിക്കലും (ഗുസ്ൽ) കഫൻ പുതപ്പിക്കലും ആ വ്യക്തിയെ ഈ ലോകത്തിന്റെ അടയാളങ്ങളിൽ നിന്ന് മോചിപ്പിക്കുന്ന പ്രക്രിയയാണ്. ശ്മശാനം എന്ന ഹെറ്ററോടോപ്പിയയിലേക്ക് പ്രവേശിക്കണമെങ്കിൽ ഭൗതികമായ എല്ലാ വസ്ത്രധാരണ രീതികളും പദവികളും ഉപേക്ഷിക്കേണ്ടതുണ്ട്. ലളിതമായ വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരം മാത്രമാണ് ആ ഇടത്തിന് സ്വീകാര്യമാകുന്നത്. ഇവിടെ ഹെറ്ററോടോപ്പിയ എന്നത് ഒരു ശുദ്ധീകരണ ശാലയായി മാറുന്നു. ജീവിതകാലത്ത് പുലർത്തിയിരുന്ന എല്ലാ സങ്കീർണതകളെയും ലഘൂകരിച്ചുകൊണ്ട് മരണത്തിന്റെ ലളിതമായ സത്യത്തിലേക്ക് വ്യക്തിയെ അത് പരിവർത്തിപ്പിക്കുന്നു.
ഈ പ്രവേശന നിബന്ധനകൾ ശ്മശാനത്തെ നഗരത്തിലെ മറ്റ് പൊതുവിടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. നഗരവീഥികളിൽ ഒരാൾക്ക് അലക്ഷ്യമായി നടക്കാം. എന്നാൽ ഖബർസ്ഥാനിൽ ഓരോ ചുവടും പ്രാർഥനാപൂർവവും വിനയാന്വിതവുമായിരിക്കണം. ചെരിപ്പ് ഊരിമാറ്റുന്നതും ഖബറുകൾക്ക് മുകളിലൂടെ നടക്കാതിരിക്കുന്നതും ആ ഇടത്തോടുള്ള ബഹുമാനം എന്നതിനപ്പുറത്തേക്ക് മറ്റൊരു ലോകത്തിന്റെ അതിരുകളെ മാനിക്കൽ കൂടിയാണ്. ഈ പെരുമാറ്റച്ചട്ടങ്ങൾ പള്ളിയെയും ശ്മശാനത്തെയും ഒരു ‘സംരക്ഷിത മേഖല’ (Exclave) ആക്കി മാറ്റുന്നു. അവിടത്തെ നിയമങ്ങൾ പുറത്തെ ലോകത്തെ നിയമങ്ങളല്ല. ഈ വ്യത്യാസം നിലനിർത്തുന്നതിലൂടെയാണ് മുസ്ലിം ജീവിതം അതിന്റെ സാംസ്കാരികമായ അപരത്വത്തെ (Otherness) സംരക്ഷിക്കുന്നത്.
ഫൂക്കോ തന്റെ പ്രബന്ധത്തിൽ ഹെറ്ററോടോപ്പിയയെ വിശദീകരിക്കാൻ ‘കണ്ണാടി’ (Mirror) എന്ന രൂപകം ഉപയോഗിക്കുന്നുണ്ട്. കണ്ണാടി എന്നത് ഒരു യൂട്ടോപ്യയാണ്, കാരണം അവിടെ നാം കാണുന്ന രൂപം യാഥാർഥത്തിൽ അവിടെയില്ല. എന്നാൽ കണ്ണാടി ഒരു ഹെറ്ററോടോപ്പിയ കൂടിയാണ്, കാരണം അത് നാം നിൽക്കുന്ന യാഥാർഥ സ്ഥലത്തെ പ്രതിഫലിപ്പിക്കുകയും അപനിർമിക്കുകയും ചെയ്യുന്നു. മുസ്ലിം ശ്മശാനങ്ങൾ മുസ്ലിം ഉമ്മത്തിന് (സമൂഹം) നൽകുന്നത് ഇത്തരമൊരു കണ്ണാടി കാഴ്ചയാണ്. ശ്മശാനത്തിലേക്ക് നോക്കുമ്പോൾ വിശ്വാസി തന്റെ യാഥാർഥ അവസ്ഥയെ ദർശിക്കുന്നു. ഭൗതികമായ നേട്ടങ്ങൾക്കും അധികാരങ്ങൾക്കും പിന്നാലെ പായുന്ന മനുഷ്യൻ ശ്മശാനമെന്ന കണ്ണാടിയിൽ തന്റെ നശ്വരമായ ബിംബത്തെ കാണുന്നു. ഈ ദർശനം അവനെ തന്റെ ജീവിതത്തെ പുനർക്രമീകരിക്കാൻ പ്രേരിപ്പിക്കുന്നു.
പള്ളിയും ഇത്തരത്തിൽ ഒരു കണ്ണാടി പോലെ പ്രവർത്തിക്കുന്നുണ്ട്. പള്ളിക്കുള്ളിലെ നിരന്തരമായ പ്രാർഥനകളും ഖുർആൻ പാരായണവും വിശ്വാസിയുടെ ആന്തരിക ലോകത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. പുറത്തെ ലോകത്തെ ചതിയും വഞ്ചനയും മത്സരബുദ്ധിയും പള്ളിക്കുള്ളിലെ ഈ കണ്ണാടിയിൽ തെളിയുമ്പോൾ അവ പരിഹരിക്കപ്പെടേണ്ടവയാണെന്ന ബോധം നമ്മിൽ ഉദിക്കുന്നു. ഹെറ്ററോടോപ്പിയ ഒരു പരീക്ഷണ ശാലയാവുകയാണ് ഇവിടെ. ഇത്തരം ഇടങ്ങൾ നിലനിൽക്കുന്നത് കൊണ്ടാണ് മുസ്ലിം ജീവിതത്തിന് അതിന്റെ ധാർമികമായ അടിത്തറ നഷ്ടപ്പെടാതെ മുന്നോട്ട് പോകാൻ കഴിയുന്നത്.
ഹെറ്ററോടോപ്പിയയുടെ അവസാനത്തെ ധർമമായി ഫൂക്കോ പറയുന്നത് അവയ്ക്ക് മറ്റു സ്പേസുകളെ വിചാരണ ചെയ്യാനുള്ള (Denunciation) കഴിവുണ്ട് എന്നാണ്. മുസ്ലിം ശ്മശാനങ്ങൾ ആധുനിക നഗരങ്ങളിലെ ഉപഭോഗ സംസ്കാരത്തെയും ആഡംബര ഭ്രമത്തെയും നിശ്ശബ്ദമായി വിചാരണ ചെയ്യുന്നു. നഗരം അതിന്റെ തിളക്കമുള്ള മാളുകളിലൂടെയും സിനിമാശാലകളിലൂടെയും മനുഷ്യനെ ഒരു മായാലോകത്ത് തളച്ചിടുമ്പോൾ, അതിനടുത്തുള്ള ഖബർസ്ഥാൻ ആ മായയെ തകർക്കുന്നു. മരണം എന്ന യാഥാർഥ്യത്തിന് മുന്നിൽ നഗരത്തിന്റെ എല്ലാ അവകാശവാദങ്ങളും പരാജയപ്പെടുന്നു. പള്ളിയും ശ്മശാനവും ചേർന്ന് നിർമിക്കുന്ന ഈ അപരലോകം, മുസ്ലിം ജീവിതത്തെ അതിന്റെ ആത്മീയ വേരുകളിൽ ഉറപ്പിച്ചു നിർത്തുന്നു. ലോകം ഒരു തടവറയാണെന്നും മരണം അതിൽ നിന്നുള്ള മോചനമാണെന്നുമുള്ള സൂഫി ദർശനങ്ങൾ ഈ ഹെറ്ററോടോപ്പിയകളിലൂടെയാണ് പ്രായോഗികമാകുന്നത്.
Featured Image: Muhsin ck
Reference
- of other spaces: utopia and heterotopia, michel foucoult
- The body as heterotopia, martijin loos
- Understanding Heterotopia: Foucault’s Spatial Context to Society, Souvik Chowdhury
- ഹെറ്ററോട്ടോപിയകളും അപരത്വവും, ഖിദ്ർ പിടി


Comments are closed.