പതിനെട്ടാം നൂറ്റാണ്ടിലെ വോൾട്ടയർഡെനിസ് ദിദറോ തുടങ്ങിയവരുടെ ഫ്രഞ്ച് യുക്തിവാദത്തിന് സവിശേഷമായ ഒരു ഘടനയുണ്ട് എന്ന് കാണാം. ദൈവശാസ്ത്ര വ്യവഹാരങ്ങളിൽ വികസിച്ച് വന്ന യുക്തിപരമായ മുന്നേറ്റങ്ങൾക്കെതിരായിട്ടുള്ള ഒരു ആഖ്യാനം രൂപപ്പെടുത്തുക എന്നതിനായിരുന്നു അവർ പ്രാധാന്യം നൽകിയത്. വിശ്വാസത്തിനും, യുക്തിക്കും ഇടയിൽ പൊതുവിലും, ‘അന്ധമായ’ വിശ്വാസത്തിനും ‘തെളിഞ്ഞ’ യുക്തിക്കും ഇടയിൽ പ്രത്യേകിച്ചും ഒരു വിഭജനം സൃഷ്ടിക്കുക എന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു‌. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി അവർ ആദ്യം ചെയ്തത് ഒരു വശത്ത് പൗരോഹിത്യത്തിന്റെ അധികാരത്തിന് കീഴിലുള്ള വിശ്വാസവും, മറുവശത്ത് വിമോചനാത്മകമായ, വ്യക്തിക്ക് സ്വയം ഭരണാധികാരമുള്ള (autonomous) യുക്തിയും എന്നിങ്ങനെ രണ്ട് വിരുദ്ധ ദ്രുവങ്ങളെ സൃഷ്ടിക്കുക എന്നതായിരുന്നു. ദൈവശാസ്ത്രത്തിന്റെ ‘യുക്തി’വൽകരണത്തെ പരിഹസിക്കുകയും (വിശാലാർത്ഥത്തിൽ ലെബ്നിസീയൻ-വോൾഫിയൻ ശ്രമങ്ങളും, പിൽക്കാലത്തെ കാന്റിയൻ ഇടപെടലുകളും അടക്കമുള്ള വ്യവഹാരങ്ങൾ) പകരം പ്രമാണങ്ങളോടുള്ള അന്ധമായ വിധേയത്വത്തിൽ നിന്നും, പുരോഹിതന്മാരുടെ സെൻസർഷിപ്പിൽ നിന്നും മോചിപ്പിക്കപ്പെട്ട സ്വതന്ത്രമായ തത്ത്വശാസ്ത്രത്തെയാണ് തങ്ങൾ മുന്നോട്ട് വെക്കുന്നത് എന്ന് അവർ വാഗ്ദാനം ചെയ്യുകയും ചെയ്തു. മതവിശ്വാസത്തെ യുക്തിക്ക് നിരക്കാത്ത വിധേയത്വവും, മനപ്പൂർവ്വമുള്ള സത്യസന്ധത ഇല്ലായ്മയും, വിഢിത്തവുമായി അവർ ചിത്രീകരിച്ചു. ഇന്ന് സജീവമായ യുക്തിവാദത്തിന്റെ പ്രധാന ധാരകൾ ഈ ഒരു ഫ്രഞ്ച് ഘടന തന്നെയാണ് പിന്തുടരുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് നാസ്തിക ചിന്തകർ രൂപപ്പെടുത്തിയ മതത്തിന്റെ ഈ ചിത്രം അതുപോലെ പകർത്തുക എന്നതാണ് വർത്തമാന യുക്തിവാദ ധാരയിലെ എഴുത്തുകാരുടെയും പ്രസംഗികരുടെയും രീതി.

എന്നാൽ പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ തത്ത്വശാസ്ത്രത്തിൽ ഉണ്ടായ നാസ്‌തിക ചിന്താ വികാസങ്ങൾ വലിയൊരളവിൽ ഫ്രഞ്ച് ഘടനയിൽ നിന്ന് വിഭിന്നമാണ് എന്ന് കാണാം. അവിടെ യുക്തിവാദത്തിന് മേലുള്ള ഐഡിയലിസത്തിന്റെ സ്വാധീനം ബൗദ്ധികമായി കൂടുതൽ ഗൗരവകരവും, വായനക്കാരന്റെ വീക്ഷണത്തിനനുസരിച്ച് ഹാനികരമോ, വിമോചനാത്മകമോ ഒക്കെ ആയിരുന്നു. അവരിൽ മൂന്ന് വ്യക്തികൾ പ്രത്യേകം പരാമർശം അർഹിക്കുന്നുണ്ട്: ഡേവിഡ് സ്ട്രോസ്സ്ലുഡ്വിഗ് ഫ്യുവർബാഹ്കാൾ മാർക്സ്. അവർ രൂപപ്പെടുത്തിയ പുതിയ ചിന്തകൾ ദൈവശാസ്ത്ര പണ്ഡിതന്മാർക്ക് പുതിയ അന്വേഷണങ്ങൾ വികസിപ്പിക്കുവാൻ പ്രചോദനം നൽകി. അവരിൽ സ്ട്രോസ്സിന്റെയും ഫ്യുവർബാഹിന്റെയും ചിന്താ പദ്ധതി കൂടുതൽ ശ്രദ്ധ അർഹിക്കുന്നുണ്ട്. അതുപോലെ മാർക്സിനെക്കുറിച്ചുള്ള വിശകലനം സ്ഥല പരിമിതി മൂലം ഒഴിവാക്കുന്നു.

യേശുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ ഉൾക്കൊള്ളിച്ച സ്ട്രോസ്സിന്റെ ‘The Life of Jesus’ എന്ന ഗ്രന്ഥം സുവിശേഷങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ ഒരു നാഴികക്കല്ലായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പഠനത്തെ രൂപപ്പെടുത്തിയ ഫ്രെയിം വർക്ക് എന്താണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ബൈബിൾ വിമർശകർ നേരിട്ടിരുന്ന ഒരു പ്രധാന പ്രശ്നം ‘ഒന്നുകിൽ ബൈബിളിനെക്കുറിച്ച് അവകാശവാദങ്ങൾ ഉന്നയിക്കുന്ന ആധുനിക ചിന്തക്ക് അടിസ്ഥാനപരമായ ഒരു പുനരവലോകനം ആവശ്യമാണെന്ന് സമ്മതിക്കുക, അല്ലെങ്കിൽ ഒരു അപ്രസകതനായ ബുദ്ധിജീവി ദിനോസറായി മാറുക’ എന്നതായിരുന്നു. ഒരു ആധുനിക ചിന്തകനാവുക എന്നത് സ്ട്രോസ്സിനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക രീതിയിൽ ചിന്തിക്കുക എന്നതാണ്. ഒരാൾക്ക് ആ രീതിയുമായി പൊരുത്തപ്പെടുകയോ, അതിനെ നിരാകരിക്കുകയോ ചെയ്യാം. സ്ട്രോസ്സിന്റെ ആഴത്തിലുള്ള സ്വാധീനം പ്രധാനമായും മനസ്സിലാക്കേണ്ടത് അദ്ദേഹം ശാസ്ത്രീയത/അശാസ്ത്രീയത, ആധുനികം/പുരാതനം, ഐതിഹ്യം/ചരിത്രം, ഭൗതികം/അഭൗതികം തുടങ്ങി വൈരുദ്ധ്യങ്ങളെ അടയാളപ്പെടുത്തുന്ന രീതിയിലാണ്.

ദ്വന്ദ്വങ്ങളാണ് (binary) സ്ട്രോസ്സ് മുന്നോട്ട് വെക്കുന്ന വർഗ്ഗീകരണ മാതൃക. പരസ്പരം നിഷേധാത്മകവും, വിപരീതങ്ങളുമാണ് അദ്ദേഹത്തിന്റെ ദ്വന്ദ്വങ്ങൾ. ഉദാഹരണത്തിന്, അദ്ദേഹത്തിന്റെ ചിന്തയിൽ ശാസ്ത്രീയമാവുക എന്നാൽ നല്ലതും അശാസ്ത്രീയമാവുക എന്നാൽ മോശവുമാണ്. ആധുനികൻ ആവുക എന്നാൽ പൗരാണികം ആവുക എന്നതിന് വിപരീതവും അങ്ങനെ ആവാതിരിക്കലുമാണ്. ചരിത്രപരമാവുക എന്നാൽ ഇതിഹാസങ്ങൾ ഒഴിവാക്കുക എന്നതാണ്. സ്ട്രോസ്സ് അത്തരം ബൈനറികളെ സാമാന്യബോധം (common sense) എന്ന നിലയിലാണ് സ്ഥാപിക്കുന്നത്. ഇന്നും യുക്തിചിന്തയിൽ അത്തരം ബൈനറികൾക്ക് കിട്ടുന്ന ദൃശ്യതയും, സ്വീകാര്യതയും സൂചിപ്പിക്കുന്നത് സ്ട്രോസ്സിന്റെ ആധുനിക ചിന്താരൂപത്തിലുള്ള സ്വാധീനത്തെയാണ്. സ്ട്രോസ്സ് അദ്ദേഹം അടയാളപ്പെടുത്തുന്ന വൈരുദ്ധ്യങ്ങളെ സംബോധന ചെയ്യുന്നത് ഒരു സങ്കീർണ്ണമായ ചരിത്രപശ്ചാത്തലത്തിൽ നിന്ന് കൊണ്ടല്ല, മറിച്ച്, അത്/ഇത്, ആണ്/അല്ല, തെറ്റ്/ശരി എന്ന ഇടുങ്ങിയ സാധ്യതകളിൽ നിന്ന് ഒന്നിനെ തിരഞ്ഞെടുക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതായത് ഈ ഒരു വൈരുദ്ധ്യത്തെ ഒരാൾ അംഗീകരിക്കുക എന്നതിന് അർത്ഥം രണ്ടാലൊരു വഴി ഒരാൾക്ക് സ്വീകരിക്കൽ അനിവാര്യമായിത്തീരുന്നു എന്നതാണ്.

ലുഡ്വിഗ് ഫ്യുവർബാഹിന്റെ ‘The Essence of Christianity’ എന്ന കൃതി അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ ‘ക്രൈസ്തവ മതത്തിന്റെ പൗരസ്ത്യ ആലങ്കാരിക ഭാഷയിൽ നിന്നും ലളിതമായ ഭാഷയിലേക്കുള്ള വിവർത്തനമാണ്’. പുസ്തകത്തിന്റെ കേന്ദ്രവാദം ക്രൈസ്തവത സത്യത്തിൽ ദൈവത്തെ പറ്റിയല്ല, മറിച്ച് മനുഷ്യനെപ്പറ്റിയാണ് സംസാരിക്കുന്നത് എന്നതാണ്. ‘The Mystery of the Suffering God’ എന്ന അധ്യായത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ വിലയിരുത്തൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്: “മതം എന്നത് മനുഷ്യ പ്രകൃതത്തിന്റെ പ്രതിഫലനമാണ്, മനുഷ്യന് തന്റെ പ്രകൃതത്തെ ദൈവമായി പ്രതിഫലിപ്പിക്കുന്ന അവസ്ഥയാണത്”. സ്‌ട്രോസ്സിനെപ്പോലെ ഫ്യുവർബാഹും ബാഹ്യരൂപം/യാഥാർഥ്യം, ആലങ്കാരികം/വ്യക്തമായ ഭാഷ, മിഥ്യ/സത്യം തുടങ്ങിയ ദ്വന്ദങ്ങളെ മുന്നോട്ട് വെക്കുന്നുണ്ട്. അതേസമയം ദൈവികത/മാനുഷികത, മനുഷ്യൻ/ദൈവം, സ്വർഗം/ഭൂമി, തുടങ്ങിയ ചില പദങ്ങൾ പരസ്പരം വിപരീതമായി കാണപ്പെടുന്നുണ്ട് എങ്കിലും അവ ഒന്ന് തന്നെ ആണ് എന്നുകൂടി അദ്ദേഹം കൂട്ടിച്ചെർക്കുന്നുണ്ട്. ഫ്യുവർബാഹിന്റെ വാദത്തെ രണ്ടായി തരം തിരിക്കാനാവും. ഒന്ന്, സ്ട്രോസ്സിനെ പോലെ തന്നെ, പരസ്പര വിരുദ്ധമായ ചില സംജ്ഞകളെ മുന്നോട്ട് വെക്കുകയും അതിൽ ഒന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. രണ്ടാമത്തേത്, വൈരുദ്ധ്യമാണെന്ന് തോന്നുന്ന ചിലതിനെ അങ്ങനെ രണ്ടായി കാണേണ്ടത്തില്ലെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. അത് രണ്ടും എത്തിച്ചേരുന്നത് ഒരേ ഉത്തരത്തിലേക്കാണ്. ഫ്യുവർബാഹ് എഴുതുന്നു “ക്രൈസ്തവർ, ദൈവത്തെ പറ്റിയുള്ള അവരുടെ ഭാഷയിൽ മിഥ്യാധാരണയിൽ ആണ്. സത്യമെന്തെന്നാൽ അവർ സംസാരിക്കുന്നത് മനുഷ്യകുലത്തെ പറ്റിയാണ്. ദൈവവും മനുഷ്യനും ഒന്ന് തന്നെയാണ്. ദൈവം എന്നത് ആലങ്കാരിക പ്രയോഗമാണ്, കാരണം ലളിതമായ ഭാഷയിൽ അത് ലക്ഷ്യം വെക്കുന്നത് മനുഷ്യ യുക്തിയെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.”

സ്ട്രോസ്സും, ഫ്യുവർബാഹും മുന്നോട്ട് വെക്കുന്ന ചിന്താ’രൂപങ്ങൾ’ പ്രധാനമാണ്. തങ്ങളുടെ വാദങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ അവർ ആശ്രയിക്കുന്നത് അനുഭവസിദ്ധമായ (empirical) അന്വേഷണങ്ങളെയല്ല, മറിച്ച് അവർ തന്നെ മുന്നോട്ട് വെക്കുന്ന വർഗ്ഗീകരണങ്ങളെയാണ്. രണ്ട് പേരും, അവരുടെ പഠനങ്ങളെ അനുഭവസിദ്ധമായ അന്വേഷണങ്ങളുടെ ഫലമാണെന്ന് ഊന്നിപ്പറയുമ്പോഴും വസ്തുത അങ്ങനെയല്ല. സത്യത്തിൽ (ഫ്യുവർബാഹിന്റെ തന്നെ പദപ്രയോഗത്തിൽ) ‘സ്ട്രോസ്സ് അവലംബിക്കുന്നത് അദ്ദേഹം മുന്നോട്ട് വെക്കുന്ന ബൈനറിയേയും ഫ്യുവർബാഹ് അവലംബിക്കുന്നത് ചില ബൈനറികളെയും ഒപ്പം തന്നെ വൈരുദ്ധ്യമെന്ന് തോന്നിക്കുന്ന ചില സംജ്ഞകളുടെ സങ്കലനത്തെയുമാണ്’. സ്‌ട്രോസ്സിന്റെ വിജയം അദ്ദേഹം മുന്നോട്ട് വെക്കുന്ന ബൈനറികൾ സാമാന്യബോധത്തിന്റെ ഭാഗമാണ് എന്ന് തോന്നിക്കുന്നതിൽ അദ്ദേഹം വിജയിച്ചു എന്നിടത്താണ്. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ആധുനികവും പുരാതനവുമായ ചിന്താരൂപങ്ങൾ എന്ന് വർഗ്ഗീകരിക്കപ്പെട്ടവയിൽ ഒന്നിനെ തിരഞ്ഞെടുക്കൽ അനിവാര്യമാണ്. അതേസമയം, ഫ്യുവർബാഹിന്റെ രീതിശാസ്ത്രം സ്വീകാര്യമായി മാറുന്നത് അത് മുന്നോട്ട് വെക്കുന്ന പ്രമേയം ലളിതമാണ് എന്നതുകൊണ്ടാണ്. രണ്ടായി കാണപ്പെടുന്ന ചില കാര്യങ്ങൾ (മനുഷ്യൻ/ദൈവം, ദൈവികത/മാനുഷികത) സത്യത്തിൽ ഒന്നാണെന്ന് (അവ മനുഷ്യന്റെ തന്നെ ചിന്തകളാണ്) അദ്ദേഹം പറഞ്ഞുവെക്കുന്നു. അതോടെ മനുഷ്യന്റെയും, ദൈവത്തിന്റെയും ഏകരൂപത നിഷേധിക്കുന്ന വാദങ്ങൾ അപ്രസക്തമായി മാറുന്നു. രണ്ടും വ്യത്യസ്തമാണ് എന്നുള്ള ഏതൊരു വാദവും മനുഷ്യന്റെ ഭാവനയെയും ആലോചനകളെയും തന്നെയാണ് പ്രദർശിപ്പിക്കുന്നത് എന്ന് വരികയും ചെയ്യുന്നു.

യാഥാർത്ഥത്തിൽ വില്യം ഫ്രഡറിക് ഹെഗലിന്റെ ഫിലോസഫി വികസിപ്പിച്ചുകൊണ്ടാണ് സ്ട്രോസ്സും ഫ്യുവർബാഹും അവരുടെ ചിന്താരൂപങ്ങളിലേക്ക് എത്തിച്ചേരുന്നത്. ‘Phenomenology of Spirit’ എന്ന കൃതിയിൽ ഹെഗൽ പ്രതിനിധാനം/ചിത്ര-ചിന്തനം (representation/picture-thinking) എന്നതിനും ആശയത്തിനും (concept) ഇടയിൽ വിഭജനം രൂപപ്പെടുത്തുന്നുണ്ട്. മതപരമായ ചിന്തയും തത്ത്വശാസ്ത്രപരമായ ചിന്തയും പൊരുളിന്റെ (spirit) രണ്ട് ഭാഗങ്ങളാണെന്ന് ഹെഗൽ കരുതുന്നു. പൊരുൾ (spirit) എന്നത് വ്യക്തിക്കും സമുദായത്തിനും – അഥവാ ‘ഞാനും’ ‘നമുക്കും’ – ഇടയിലുള്ള തെറ്റായ വൈരുദ്ധ്യങ്ങളെ മറികടക്കാൻ സഹായിക്കുന്ന ചിന്തയുടെ രൂപമാണ്. മതചിന്തയും തത്വശാസ്ത്രവും ചിന്തയുടെ രണ്ട് വ്യത്യസ്ത മാർഗങ്ങൾ ആണെങ്കിലും പൊരുളിന്റെ (spirit) സത്ത രണ്ടിലുമുണ്ട്. മതപരമായ ചിന്ത ചിത്രങ്ങളിലൂടെയോ പ്രതിനിധാനത്തിലൂടെയോ (representation) ആണ് പ്രവർത്തിക്കുന്നത്. അത് ദൈവത്തെ ചിത്രീകരിക്കുന്നു. അത് വിഷയി/വിഷയം, ചിന്ത/ഉണ്മ, ചിഹ്നം/സൂചകം, പോലുള്ള വൈരുദ്ധ്യങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. എന്നാൽ തത്ത്വശാസ്ത്രപരമായ ചിന്ത ആശയങ്ങളെയാണ് (concepts) കൈകാര്യം ചെയ്യുന്നത്. അത് സബ്ജെക്റ്റ്/ഒബ്ജെക്റ്റ്, ചിന്ത/ഉണ്മ, ചിഹ്നം/സൂചകം തുടങ്ങിയവക്ക് ഇടയിലെ ബന്ധങ്ങളെയാണ് വിശദീകരിക്കുന്നത്. ലളിതമായി പറഞ്ഞാൽ, മതപരമായ ചിന്ത വ്യക്തമായ വിരുദ്ധങ്ങളെയും, തത്ത്വശാസ്ത്രപരമായ ചിന്ത സങ്കീർണ്ണമായ ബന്ധങ്ങളെയും കൈകാര്യം ചെയ്യുന്നു.

ഹെഗലിന്റെ ആ വിശദീകരണം പുനർ-വിവരണാത്മകമാണ്. അതായത് ‘മതപരമായ ചിന്ത’യെ അദ്ദേഹം തത്ത്വശാസ്ത്രപരമായി പുനരാഖ്യാനം ചെയ്യാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ആധുനിക തത്ത്വശാസ്ത്രത്തിലെ തെറ്റായ രീതികൾക്ക് തന്റേതായ പരിഹാരങ്ങൾ നിർദ്ദേശിക്കാനും അദ്ദേഹം ശ്രമിക്കുന്നു. മതപരമായ ചിന്തയുടെ പ്രകടമായ വൈരുദ്ധ്യങ്ങൾ ദൈനംദിന ജീവിത്തത്തിൽ സാധാരണമായ തെറ്റുകളാണെങ്കിലും അവ തത്ത്വശാസ്ത്രത്തിന് മാതൃകയാവുന്നത് തെറ്റായ പ്രവണതയാണെന്ന് ഹെഗൽ മനസ്സിലാക്കുന്നു. അതായത് ‘അവിടെയുള്ള’ ദൈവവും ‘ഇവിടെയുള്ള’ മനുഷ്യനും പോലെയുള്ള “പ്രതിനിധാനപരമായ” വൈരുദ്ധ്യങ്ങൾ തത്ത്വശാസ്ത്രത്തിൽ ‘ആശയപരമായ’ (conceptual) വൈരുദ്ധ്യങ്ങളായി (റെനെ ദെക്കാർത്തെയിൽ കാണുന്ന ‘പുറത്തുള്ള’ സബ്ജെക്റ്റും, അകത്തുള്ള ഒബ്ജെക്റ്റും എന്നിങ്ങനെയുള്ള വേർതിരിവ്) പ്രതിഷ്ഠിക്കുന്നത് തെറ്റാണ്. ഹെഗൽ ആധുനിക തത്ത്വശാസ്ത്രത്തെ കാണുന്നത് തെറ്റായ വൈരുദ്ധ്യങ്ങളുടെയും (ദെക്കാർത്തെ) തെറ്റായ സ്വത്വങ്ങളുടെയും (ഇമ്മാനുവൽ കാന്റ്) ചരിത്രമായിട്ടാണ്. അതിന് അദ്ദേഹം മുന്നോട്ട് വെക്കുന്ന പരിഹാരം മതത്തിലേത് പോലെയുള്ള ദൈനം ദിന ആലോചനകളിലെ വൈരുദ്ധ്യങ്ങളിൽ നിന്നും തത്ത്വശാസ്ത്രത്തിലെ ആശയപരമായ ചിന്തയുടെ സങ്കീർണ രൂപങ്ങളുടെ ബന്ധങ്ങളെ മാറ്റിനിർത്തുക എന്നതാണ്. അത് കൊണ്ട് തന്നെ ഹെഗൽ, ദെക്കാർത്തെ അടക്കമുള്ളവരുടെ ‘ആശയപരമായ’ ചിന്തയുടെ വൈരുദ്ധ്യാത്മക രൂപങ്ങളേയും, കാന്റ് മുന്നോട്ട് വെക്കുന്നത് പോലെയുള്ള ഏകപക്ഷീയമായ സ്വത്വ ചിന്തയെയും തള്ളിക്കളയുന്നു.

സ്ട്രോസ്സും, ഫ്യുവർബാഹും ഹെഗലിന്റെ ‘പ്രതിനിധാനവും’ ‘ആശയവും’ തമ്മിലുള്ള വ്യത്യാസത്തെ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് ചിന്തകരും മതപരമായ ചിന്തയെ ‘പ്രതിനിധാനപരമായിട്ടും’ (representational) തത്ത്വശാസ്ത്രപരമായ ചിന്തയെ ‘ആശയപരവും’ (conceptual) ആയിട്ടാണ് മനസ്സിലാക്കുന്നത് എന്ന് കാണാം. അങ്ങനെയുള്ള ചില സാമ്യതകൾ ഒഴിച്ചാൽ ഹെഗലിന്റെ ചിന്തയുമായി അവരുടെ ആശയത്തിലുള്ള വ്യത്യാസങ്ങൾ കണ്ടെത്താൻ അൽപ്പം ആഴത്തിൽ അന്വേഷിക്കേണ്ടതുണ്ട്. ഹെഗൽ അവകാശപ്പെടുന്നത് ദൈനം ദിന ജീവിത്തത്തിൽ വൈരുദ്ധ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ആലോചനകൾ സാധാരണമാണെങ്കിലും, തത്ത്വശാസ്ത്രപരമായി ചിന്തിക്കണമെന്നുണ്ടെങ്കിൽ അത്തരം തെറ്റായ വൈരുദ്ധ്യങ്ങളെയും ഏകപക്ഷീയമായ സ്വത്വ ചിന്തകളെയും അഴിച്ച്പണിയൽ അനിവാര്യമാണെന്നും പകരം സങ്കീർണ്ണമായ ബന്ധങ്ങളെ കൈകാര്യം ചെയ്യണമെന്നുമാണ്. സ്ട്രോസ്സും, ഫ്യുവർബാഹും അത് തത്ത്വശാസ്ത്ര പദ്ധതി ആണെന്ന് മനസ്സിലാക്കുന്നില്ലെന്ന് മാത്രമല്ല, അവരതിനെ കണക്കാക്കുന്നത് ‘ശാസ്ത്രീയം’ ആയിട്ടുകൂടിയാണ്. ഹെഗൽ ഫിനോമിനോളജിയുടെ അവസാനത്തിൽ തന്റെ ചിന്താ പദ്ധതിയെ ‘ശാസ്ത്രീയം’ (wissenschaftlich) എന്ന് വിളിക്കുന്നുണ്ട് എങ്കിലും, അത് കൊണ്ടുദ്ദേശിക്കുന്നത് പ്രകൃതി ശാസ്ത്രത്തെയല്ല, മറിച്ച് ‘ഫിലോസഫി’ എന്നതിനെയാണ്. പക്ഷെ സ്ട്രോസ്സും, ഫ്യുവർബാഹും സമാനമായ പദം (wissenschaftlich) ഉപയോഗിക്കുമ്പോൾ അവർ അർത്ഥമാക്കുന്നത് പ്രകൃതിശാസത്രത്തോട് ബന്ധപ്പെടുത്തിയാണ്. ഹെഗലിനെ സംബന്ധിച്ചിടത്തോളം സബ്ജെക്റ്റ്/ഒബ്ജെക്ട്, ചിന്ത/ഉണ്മ എന്നിവയൊന്നും പ്രകൃതിശാസത്രത്തിന്റെ അന്വേഷണങ്ങളുടെയല്ല, മറിച്ച് തത്വശാസ്ത്രപരമായ ആലോചനകളും ഭാഗമാണ്.

ഹെഗലിന്റെ വീക്ഷണത്തിൽ ‘ദൈവം’ എന്നത് മതത്തിലേത് പോലെ സബ്ജെക്ട്/ഒബ്ജക്റ്റ് എന്നിവക്കിടയിലുള്ള വൈരുദ്ധ്യമായിട്ടും അല്ലെങ്കിൽ തത്ത്വശാസ്ത്രത്തിലേത് പോലെ അവക്കിടയിലെ ബന്ധമായിട്ടും ആവിഷ്കരിക്കപ്പെടാം. അവിടെ ദൈവം എന്നത് മതത്തിലെ അയഥാർത്ഥമായ ഒബ്ജക്റ്റ് A-എന്നും, തത്ത്വശാസ്ത്രത്തിലെ യഥാർത്ഥ ഒബ്ജക്റ്റ് B-യുമാണ് എന്ന് പറയുന്നത് ശെരിയല്ല. കാർട്ടീഷ്യൻ-കാന്റിയൻ ചിന്തകളുടെ ഏറ്റവും താർക്കികഭദ്രതയില്ലാത്ത സങ്കലനമാവും അത്. കാരണം അത് ആത്യന്തികമായി സബ്ജെക്റ്റിനും, ഒബ്ജെക്റ്റിനും ഇടയിൽ ‘തെറ്റായ വൈരുദ്ധ്യം’ ഉണ്ടാക്കുന്നു. കാർട്ടീഷ്യൻ ചിന്തയിൽ ‘തെറ്റായ വൈരുദ്ധ്യം’ ഉണ്ടാകുന്നത് പുറത്തുള്ള ലോകത്തിനും, അകത്തുള്ള സബ്ജെക്റ്റിനും ഇടയിൽ ആണ്. സമാനമായ രീതിയിൽ ഫ്യുവർബാഹിന്റെ ചിന്തയിലും ‘തെറ്റായ വൈരുദ്ധ്യം’ പുറത്തുള്ള സെൽഫിനും (ദൈവം/ചിന്തിക്കുന്ന വ്യക്തി) അകത്തുള്ള സെൽഫിനും ഇടയിലാണെന്ന് കണ്ടെത്താൻ കഴിയും. കാന്റിയൻ ചിന്തയിൽ ദൈവം എന്നത് യുക്തിയിലേക്ക് ചുരുക്കപ്പെടുമ്പോൾ, സബ്ജെക്റ്റിനും, ഒബ്ജെക്റ്റിനും ഇടയിൽ ഏകപക്ഷീയമായ സമീകരണം ഉണ്ടാകുന്നു. അഥവാ ദൈവം യുക്തിയുടെ ആശയമായി ചുരുക്കപ്പെടുന്നു. ഫ്യുവർബാഹിന്റെ ചിന്തയിൽ യുക്തിക്ക് സമാനമാണ് ദൈവം. കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നത് അവിടെ ചിന്താരൂപം ‘പ്രതിനിദാനപര’മാണ് എന്നതുകൂടിയാണ്. കാരണം അത് ഒരു പ്രത്യേക തരം പ്രതിനിധാനത്തെ അംഗീകരിക്കുകയും (സ്വത്വം) മറ്റൊന്നിനെ (ദൈവം) നിരാകരിക്കുകയും ചെയ്യുന്നു. ശരിയായ സാങ്കൽപ്പിക ചിന്തയുടെ സവിശേഷത തെറ്റായ വൈരുദ്ധ്യങ്ങളെയും ഏകപക്ഷീയമായ സമീകരണങ്ങളെയും അതിജയിക്കാനുള്ള പ്രാപ്തിയാണ്. എന്നാൽ, ഫ്യുവർബാഹിന്റെ ചിന്താരൂപം അത് രണ്ടിനേയും അതിജീവിക്കുന്നുമില്ല.

ഹെഗലിന്റെ വീക്ഷണത്തിൽ നിന്നും സത്യത്തിൽ സ്ട്രോസ്സും ഒരുപാട് പിന്നോക്കം പോകുന്നുണ്ട്. ചിന്തയുടെ (മതത്തിലെ) വൈരുദ്ധ്യാത്മക രൂപങ്ങൾക്കും അതിന്റെ (തത്ത്വശാസ്ത്രത്തിലെ) ബന്ധങ്ങൾക്കും ഇടയിലെ വ്യത്യാസത്തെ നിലനിർത്തുന്നതിന് പകരം സ്ട്രോസ്സ് ഊന്നൽ കൊടുക്കുന്നത് രണ്ടാലൊന്നിനെ തിരഞ്ഞെടുക്കാനാണ്. അതായത് മതത്തിന് ഉള്ളിൽ തന്നെയും ഒരാൾക്ക് പ്രതിനിദാനങ്ങൾക്കും സങ്കല്പങ്ങൾക്കും ഇടയിൽ ഒന്നിനെ തിരഞ്ഞെടുക്കൽ അനിവാര്യമായി വരുന്നു. സുവിശേഷ ആഖ്യാനങ്ങളിൽ അടിസ്ഥാനപരമായതിനെയും അല്ലാത്തത്തിനെയും എന്ന രീതിയിൽ അദ്ദേഹം വേർതിരിയ്ക്കുന്നു. ഹെഗലിയൻ വീക്ഷണങ്ങളെ അദ്ദേഹം വ്യാഖ്യാനിച്ചതിൽ വന്ന പിഴവാണ് അത്. അദ്ദേഹം മിത്തിനെ (myth) പ്രതിനിധാനമായും സത്യത്തെ (truth) സങ്കല്പമായും (concept) ആണ് മനസ്സിലാക്കിയത്. അത് ഹെഗലിയൻ വീക്ഷണത്തിന് വിരുദ്ധമാണ്. ഹെഗലിന്റെ വീക്ഷണത്തിൽ ചിന്തയുടെ പ്രതിനിധാനപരമായതും സങ്കൽപ്പപരമായതും ആയ രണ്ട് രൂപങ്ങളും സത്യത്തെ ഉൾക്കൊള്ളുന്നുണ്ട്. പക്ഷെ സ്ട്രോസ്സ് പ്രതിനിധാനപരമായ ചിന്തയെയും (representational) സങ്കൽപ്പപരമായ ചിന്തയെയും (conceptual) പരസ്പര വിരുദ്ധമായാണ് കാണിക്കുന്നത്.

ഹെഗലിന്റെ തത്ത്വശാസ്ത്രപരമായ വീക്ഷണങ്ങളെ ഇത്തരത്തിൽ സ്ട്രോസ്സും, ഫ്യുവർബാഹും വികസിപ്പിക്കുമ്പോൾ അത് യുക്തിവാദത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ വലുതാണ്. അവരുടെ ചിന്താ രൂപങ്ങൾ സത്യത്തിൽ തെറ്റായ വൈരുദ്ധ്യങ്ങളെയും (സബ്ജെക്റ്റ്/ഒബ്ജെക്റ്റ്, പ്രതിനിധാനം/സങ്കല്പം, മിത്ത്/ചരിത്രം), അതേ പോലെ തന്നെ ഏകപക്ഷീയമായ സ്വത്വങ്ങളെയും (ദൈവം/മനുഷ്യൻ) നിർമ്മിക്കുന്നു. ഹെഗൽ മുന്നോട്ട് വെച്ചത് പോലെയുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ മനസ്സിലാക്കിയെടുക്കുന്നതിൽ അവർ പൂർണ്ണമായി വിജയിച്ചില്ല എന്ന് പറയേണ്ടി വരുന്നു. സബ്ജെക്റ്റ്, ഒബ്ജക്റ്റ് തമ്മിലുള്ള ബന്ധം എന്താണെന്ന’ ഹെഗലിയൻ ചോദ്യത്തിന് പകരമായി ‘എന്താണ് യഥാർത്ഥ സബ്ജെക്റ്റ്’ എന്നാണ് അവരുടെ ചിന്താ രൂപങ്ങൾ ചോദിക്കുന്നത്. ‘പ്രതിനിദാനപരമായ വൈരുദ്ധ്യങ്ങളെ സങ്കല്പപരമായ ബന്ധങ്ങൾക്കുള്ളിൽ നിന്ന് എങ്ങനെ വ്യാഖ്യാനിക്കാം’ എന്ന് ഹെഗലിന്റെ തത്ത്വചിന്ത ചോദിക്കുമ്പോൾ, അവർ മതപരമായ ചിന്താ ധാരകളെ സമീപിക്കുന്നത് അവ ‘പ്രതിനിധാനപരമായ മിഥ്യകളാണോ അതോ സങ്കല്പപരമായ ബന്ധങ്ങളാണോ’ എന്ന ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ആ ഉദാഹരണങ്ങൾ പരിശോധിക്കുമ്പോൾ, ഹെഗൽ മതപരമായ ചിന്തയിൽ കാണുന്ന അതേ പരസ്പര വിരുദ്ധമായ രൂപങ്ങൾ ആ യുക്തിവാദ ചിന്തകളിലും കാണാൻ കഴിയും. അതായത്, യുക്തിവാദത്തിനകത്തെ ‘മതപരമായ’ ചിന്തായായി അതിനെ കാണാൻ കഴിയും.

ഹെഗൽ മതവ്യവഹാരങ്ങളുമായുള്ള ഇടപാടിൽ മുന്നോട്ടുവെച്ച രണ്ട് കാര്യങ്ങൾ തന്നെയാണ് വർത്തമാന യുക്തിവാദത്തെ കുറിച്ചുള്ള ആലോചനകളിലും മനസ്സിലാക്കാൻ സാധിക്കുന്നത്. ഒന്നാമതായി, യുക്തിവാദ ചിന്ത മതത്തെപ്പോലെ പരസ്പര വിരുദ്ധമായ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനാൽ, മതത്തെ ഹെഗൽ സമീപിച്ചത് പോലെ, പ്രതിനിദാനപരമായി സത്യത്തെ മനസ്സിലാക്കുന്നതിനെ സങ്കല്പപരമായ ചിന്താ രൂപത്തിൽ മനസ്സിലാക്കുകയാണ് യുക്തിവാദം യഥാർത്ഥത്തിൽ ചെയ്യേണ്ടത്. രണ്ടാമത്തേത്, അതിനാൽ തന്നെ അതല്ലാത്ത രീതിയിലുള്ള വർത്തമാന യുക്തിവാദത്തെ തെറ്റായ തത്ത്വചിന്താ ക്രമത്തിന്റെ ഉദാഹരണമായിട്ടാണ് മനസ്സിലാക്കേണ്ടത് എന്നാണ് – ഹെഗൽ ദെക്കാർത്തെയുടെ തെറ്റായ വൈരുദ്ധ്യങ്ങളെയും കാന്റിന്റെ ഏകശിലാത്മക സ്വത്വങ്ങളെയും സമീപിച്ചത് പോലെ. കാരണം, തത്ത്വചിന്താപരമായ പ്രവർത്തനം കൊണ്ട് ഹെഗൽ അർത്ഥമാക്കുന്നത് തെറ്റായ വൈരുദ്ധ്യങ്ങളെയും ഏക ശിലാത്മക സ്വത്വങ്ങളെയും സങ്കീർണ്ണമായ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്ന യുക്തി കൊണ്ട് അതിജയിക്കുക എന്നാണ്.

ആധുനിക കാലത്തെ നിരീശ്വരവാദത്തെക്കുറിച്ച് മനുഷ്യർ എങ്ങനെ ചിന്തിക്കുന്നു എന്നതിൽ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം എത്രത്തോളമുണ്ട് എന്ന് വൈരുദ്ധ്യങ്ങളിൽ നിന്ന് ഏകത്വത്തിലേക്കും, ഏകത്വത്തിൽ നിന്ന് വൈരുധ്യങ്ങളിലേക്കുമുള്ള വ്യതിയാനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. വർത്തമാനത്തിൽ നിലനിൽക്കുന്ന യുക്തിചിന്തയുടെ തെറ്റായ ധാരണകളുടെ ഉത്തരവാദിത്വം സ്‌ട്രോസിലും, ഫ്യുവർബാഹിലും ആരോപിക്കാം എന്ന് അതിനാൽ തീർപ്പ് കൽപ്പിക്കാൻ സാധിക്കില്ലെങ്കിലും, സമകാലിക നിരീശ്വരവാദത്തിന്റെ ചില രൂപങ്ങൾ വോൾട്ടയർ, ദിദെറോ അല്ലെങ്കിൽ ഗൊട്ടോൾഡ് ലെസ്സിംഗ് എന്നിവരുടെ വാദങ്ങളുടെ പരിഷ്‌കൃത രൂപങ്ങളാണ്. നിരീശ്വരവാദത്തിന്റെ വലിയൊരു ശാഖയും സ്ട്രോസ്സിന്റെയും, ഫ്യുവർബാഹിന്റെയും ചിന്താപദ്ധതികളാണ് കടമെടുക്കുന്നതെങ്കിലും, മറ്റ് ചില പതിപ്പുകൾ ചിന്തയും, ഉണ്മയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തിന്റെ സൂക്ഷ്മമായ വിവരണം എന്ന ഹെഗലിയൻ പദ്ധതിയെയും വികസിപ്പിക്കുന്നുണ്ട്. അപ്പോൾ ചുരുക്കത്തിൽ, പ്രതിനിധാനപരമായ ചിന്താ രൂപത്തിൽ ‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു’ അല്ലെങ്കിൽ ‘ഒരു ദൈവവുമില്ല’ എന്നീ രണ്ട് വാദങ്ങൾക്കുമിടയിൽ ഒരു വ്യത്യാസവുമില്ല. മറിച്ച്, അവ പൂർവ്വനിശ്ചിതമായ ‘ദ്വന്ദ്വം’ എന്ന മനുഷ്യ യുക്തിയുടെ സാധാരണ തലത്തെ സ്ഥിരപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.


വിവർത്തനം: മിദ്‌ലാജ് പാലക്കൽ
Feature Image: Nearest church on my window by Uve Sanchez
Location: Madrid, España

Comments are closed.