താഴെ കാണുന്ന വീഡിയോയുമായി നേരിട്ട് ബന്ധമില്ലാത്ത ചില കാര്യങ്ങൾ പറയാം. നമ്മളൊക്കെ രാവും പകലും ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നത് സന്തോഷത്തിന് വേണ്ടിയാണ് എന്ന് ഞാൻ പറഞ്ഞാൽ അതൊരു ജനറലൈസേഷൻ ആണ് എന്നോ ഏറ്റവും ചുരുങ്ങിയത് ക്ളീഷേ (ചളി എന്ന് ഇന്ന് നമുക്ക് വിവർത്തനം ചെയ്യാം) ആണ് എന്നോ ആയിരിക്കും നിങ്ങൾക്ക് പറയാനുണ്ടാവുക. പലപ്പോഴും (ജനറലൈസേഷൻ ഒഴിവാക്കിയിട്ടുണ്ട് എന്ന് പ്രത്യേകം ശ്രദ്ധിക്കുക) ആരെയൊക്കെയോ തൃപ്തിപ്പെടുത്താനാണ് നാം ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നത് എന്നത് വാസ്തവമാണ്. അത് കുടുമ്പം പുലർത്താൻ വേണ്ടിയോ സ്നേഹ ജനങ്ങളുടെ സന്തോഷത്തിന് വേണ്ടിയോ എല്ലാം ആവാം. ചുരുങ്ങിയ സമയങ്ങളിൽ നമ്മുടെ തന്നെ സന്തോഷത്തിന് വേണ്ടിയും. സ്നേഹവും സന്തോഷവും തമ്മിലുള്ള ബന്ധമാണ് കൂടുതൽ പ്രശ്നമുള്ളത്. സ്നേഹത്തിന് സന്തോഷത്തേക്കാൾ ബന്ധം ദുഃഖത്തോടാണ് എന്നത് അനുഭവമുള്ളവർക്കറിയാം. ലൈലയുടെ പ്രണയത്തിലായ മജ്‌നൂന് എന്ത് സംഭവിച്ചു എന്ന് നമ്മൾ കണ്ടതാണ്.
ജീവിതം മുഴുവൻ തപസ്സിലായി ഇരുന്ന ഒരാൾ ഈസാ നബിയോട് (അ) ദൈവത്തിൻ്റെ ഒരു അംശം സ്നേഹം തനിക്ക് തരണമെന്ന് അപേക്ഷിക്കാൻ ആവശ്യപ്പെട്ടു. കുറച്ച് കാലം കഴിഞ്ഞ് അയാളുടെ താമസ സ്ഥലത്തെത്തിയ പ്രവാചകൻ കാണുന്നത് തകർന്നടിഞ്ഞ അവശേഷിപ്പുകൾ മാത്രമാണ്. അയാൾ വെള്ളം കുടിച്ചിരുന്ന അരുവി വറ്റി വരണ്ടിരിക്കുന്നു. തൊട്ടടുത്ത ഒരു മലക്ക് മുകളിലാണ് ഇപ്പൊൾ അയാൾ താമസം എന്ന് ദൈവം അദ്ദേഹത്തെ അറിയിക്കുന്നു. മല കയറി നോക്കുമ്പോൾ അയാളെ കാണുന്നത് തിരിച്ചറിയാനാവാത്ത വിധം മാറിയ അവസ്ഥയിലാണ്. ചുണ്ടുകൾ ഒട്ടുകയും കണ്ണുകൾ പൊടി നിറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്നു. “എൻ്റെ സ്നേഹത്തിന്റെ ചെറിയ ഒരു അംശമാണ് അയാൾ ആവശ്യപ്പെട്ടത്. ആ ആഗ്രഹം പൂർത്തീകരിച്ചു കൊടുത്തതോടെ അയാൾ സ്വന്തത്തെ തന്നെ മറന്നുപോയി. തനിക്കുള്ളതെല്ലം ഉപേക്ഷിച്ച് ഈ അവസ്ഥയിലായി. ഒരു അംശം കൂടി നൽകിയിരുന്നെങ്കിൽ അയാൾ മണ്ണിനോട് ഇഴഞ് ചേരുമായിരുന്നു” ദൈവം അറിയിച്ചു. സ്നേഹത്തിന്റെ സന്തോഷം ചിലപ്പോൾ പ്രണയിനികൾക്ക് മാത്രമേ മനസ്സിലാവൂ എന്നായിരിക്കാം. ജീവിതത്തിന്റെ സ്ഥായിയായ ഭാവം മ്ലാനതയുടേതും ദുരിതങ്ങളുടേതുമാണ്. ദുരിതങ്ങൾക്കിടയിലുള്ള ഇടവേളകളെ നാം സന്തോഷം എന്ന് വിളിക്കുന്നു. എന്നാൽ അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദനയെത്തന്നെ സന്തോഷമാണ് എന്ന് നമ്മെ തോന്നിപ്പിക്കാൻ പ്രണയത്തിനാവും. പ്രണയത്തിനകത്തെ സ്നേഹത്തിന്റെ യുക്തി നമുക്ക് ഭ്രാന്തായി അനുഭവപ്പെടുന്നതായിരിക്കാം. ഫരീദുദ്ധീൻ അത്താർ (റ) ദിവ്യ പ്രണയിനികളെ ഉന്മാദികൾ, ഭ്രാന്തന്മാർ എന്നെല്ലാം വിശേഷിപ്പിക്കുന്നത് അത് കൊണ്ടായിരിക്കുമോ? ജീവിതമെന്ന ദുരിതത്തെ നേരിടാൻ അങ്ങനെ ചില ഭ്രാന്തുകൾ ഇല്ലായിരുന്നെങ്കിൽ തളർന്ന വീണു പോവാത്തവരായി ആരുണ്ടാകുമായിരുന്നു നമുക്കിടയിൽ?
എന്താണ് ഈ ദുരിതങ്ങളിൽ നിന്നും രക്ഷപെട്ടനുള്ള മാർഗ്ഗം? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള യാത്രയാണ് ഫരീദുദ്ധീൻ അത്താറിന്റെ മുസീബത്ത് നാമയുടെ (ദുരിതങ്ങളുടെ പുസ്തകം) പ്രമേയം. പീറിന്റെ നിർദ്ദേശം അനുസരിച്ച് യാത്ര പുറപ്പെട്ട സഞ്ചാരി വഴിവിൽ വെച്ച് പലരോടായി തന്റെ സങ്കടങ്ങൾ വിവരിക്കുകയും പരിഹാരം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷെ കേൾക്കുന്നവരെല്ലാം തിരിച്ച് അവരുടെ ദുഖങ്ങളെക്കുറിച്ച് വിവരിക്കുകയും തങ്ങളും ഇതേ ചോദ്യത്തിനുള്ള ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ് എന്ന് മറുപടി പറഞ്ഞ സഞ്ചാരിയെ തിരിച്ചയക്കുകയുമാണ് ചെയ്യുന്നത്. വഴിയിൽ അയാൾ അന്ത്യ നാളിൽ മുഴുവൻ ആളുകളുടെയും മരണത്തിലേക്ക് നയിക്കുന്ന കാഹളം വിളിക്കുന ഇസ്രാഫീൽ മലക്കിനെ(അ) കണ്ടുമുട്ടുന്നുണ്ട്. സ്വന്തം വിധിയെ ഓർത്ത്, കാഹളം മുഴക്കുന്നത് മൂലം മരണമടയുന്നവരെക്കുറിച്ച് ഓർത്തുള്ള വേദനയിലാണ് താനെന്നാണ് മലക്ക് നൽകുന്ന മറുപടി. അയാൾ സമീപിക്കുന്ന മറ്റു മലക്കുകളും സ്വന്തം വേദനകളുടെ ആഴം വിവരിച്ച് സഞ്ചാരിയെ മടക്കി അയക്കുന്നു. മരണത്തിൻ്റെ മലക്കായ അസ്റാഈലിനോട് (അ) ദുരിതങ്ങളിൽ നിന്നും രക്ഷ നേടാനായി തന്റെ ജീവനെടുക്കണമെന്ന് അപേക്ഷിക്കുന്ന സഞ്ചാരിക്ക് എൻ്റെ വേദന അറിയുമായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരപേക്ഷ മുന്നോട്ട് വെക്കുമായിരുന്നില്ല എന്നാണ് ലഭിക്കുന്ന മറുപടി. ഓരോ തവണയും ഞാൻ ആത്മാവ് ഊരുന്ന സമയത്ത് എൻ്റെ ശരീരത്തിൽ ഒരു വലിയ മുറിവുണ്ടാവും, എൻ്റെ ഹൃദയം ഒരു തുള്ളി പോലും അവശേഷിക്കാതെ ശൂന്യമായിരിക്കുന്നു. എനിക്ക് സഹിക്കേണ്ടി വരുന്നത് അനുഭവിച്ചിരുന്നെങ്കിൽ ആ നിമിഷം തകർന്ന് തരിപ്പണമായി പോകുമായിരുന്നു. അസ്രാഈൽ(അ) പറയുന്നു. മലക്കുകൾക്ക് ശേഷം മഴയെയും, ആകാശങ്ങളെയും നക്ഷത്രങ്ങളെയും സമീപിക്കുന്ന സഞ്ചാരി എല്ലാം തുല്യ ദുഖിതരാണ് എന്ന് കണ്ടെത്തുന്നു.
അവസാനം മുഹമ്മദ് നബി (സ) ആണ് അയാൾക്ക് തൻ്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നത്. ഉത്തരം അന്വേഷിക്കേണ്ടത് പുറത്തെ ലോകത്തിലല്ല, മറിച്ച് നിൻ്റെ ഉള്ളിൽ തന്നെയാണ് എന്ന് അവിടന്ന് നിർദ്ധേശിക്കുന്നു. ഇന്ദ്രീയങ്ങളുടെയും ഭാവനകളുടെയും യുക്തിയുടേയും, വികാരങ്ങളുടെയും പ്രപഞ്ചങ്ങളിലുടെ യാത്ര ചെയ്ത് അയാൾ അവസാനം കടൽ തീരത്ത് എത്തിച്ചേരുന്നു. നീ അന്വേഷിച്ച്കൊണ്ടിരിക്കുന്നത് നിൻ്റെ ഉള്ളിൽ തന്നെയാണ് ഉള്ളത്. ഈ കടലിൽ മുങ്ങിക്കൊള്ളുക: ആത്മാവ് നിർദ്ധേശിക്കുന്നു. നീ തന്നെ ആയിരുന്നു എല്ലാമെങ്കിൽ എന്തിനാണ് എന്നെ ലോകം മുഴുക്കെ അലയാൻ വിട്ടത്? അയാൾ അത്മാവിനോട് ചോദിച്ചു. ‘എങ്കിൽ മത്രമെ നിനക്ക് എൻ്റെ വില മനസ്സിലാക്കാനാവൂ’ ആത്മാവ് മറുപടി നൽകി. ആരാണ് ഈ ദുരിതങ്ങൾക്കെല്ലാം ഉത്തരവാദി എന്ന ചോദ്യം കൂടെ ബാക്കിയുണ്ട്. ഈ ചോദ്യമാണ് ഒരുപാട് പേരെ ദൈവ നിഷേധികളാക്കിയതും ദൈവ വിശ്വാസികളാക്കിയതും. ദൈവത്തെ നിഷേധിക്കുന്നതോടെ ദുരിതങ്ങൾക്ക് ഉത്തരവാദി മാത്രമേ ഇല്ലാതെയാവുന്നുള്ളു. ദുരിതങ്ങൾ അവിടെത്തന്നെയുണ്ട്. ദുരിതങ്ങളില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള, ദുരിതങ്ങൾക്കുള്ള ഒരു അവസാനത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണല്ലോ മതങ്ങൾ മനുഷ്യൻ നൽകുന്ന ഏറ്റവും വലിയ വാഗ്ദാനം. മാർക്സിസത്തെ മതമെന്ന വിളിക്കാൻ ഏണസ്‌റ് ബലൂച്ച് കണ്ട കാരണവും സമാനമായ ഒരു ഉട്ടോപ്പ്യ വാഗ്ദാനം ചെയ്യുന്നു എന്നതായിരുന്നു.
ജീവിതത്തിനിടയിലുള്ള, അല്ലെങ്കിൽ ജീവിതം എന്ന ഓട്ടപ്പാച്ചിലിൽനിടയിൽ ചെറിയ ഒരു ദീഘനിശ്വാസം വിട്ട് (സീ ദ ഐറണി) വീണ്ടും ഓട്ടം തുടരുന്നതിനിടക്ക് എന്തിനായിരുന്നു ഓടിക്കൊണ്ടിരുന്നത് എന്ന് ആലോചിക്കാൻ ഒരു ചെറിയ അവസരം എന്ന നിലയിൽ ആണ് ഇത്രയും പറഞ്ഞത്. ബാക്കി പിന്നീട് .
Director: സ്റ്റീവ് കട്സ്
Comments are closed.