മഞ്ഞ നിറമുള്ള സൗത്താഫ്രിക്കൻ കിതാബുകൾ എന്ന ലേഖനത്തിന്റെ തുടർച്ച
മുപ്പതാം വയസ്സിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ കേപ്പ് മലായ് കുടുംബത്തിൽ ജനിച്ച സാറാ ജാപ്പെ ആയിരുന്നു ആഫ്രിക്കാൻസ് വായിക്കാനായി ഞങ്ങളുടെ മുന്നിൽ അവശേഷിച്ച ഏക പിടിവള്ളി. തിംബക്തു മാനുസ്ക്രിപ്റ്റ്സ് പ്രോജക്ടിന്റെ (Tombouctou Manuscripts Project) ഭാഗമായി ഗവേഷണം നടത്തുമ്പോൾ 2008ലാണ് സാറ ആഫ്രിക്കയിലെ കിതാബുകളെപ്പറ്റി കേൾക്കാനിട വരുന്നത്. ജോഹന്നാസ്‌ബർഗിലെ വിറ്റ്വാട്ടർസാൻഡ് യൂണിവേഴ്സിറ്റിയിലെ (University of the Witwatersrand) ചരിത്രകാരിയായ സാറക്ക് ഇന്ന് അറബിക്, ആഫ്രിക്കാനറബി, ജാവി എന്നീ മൂന്ന് ഭാഷകളിലും കിതാബ് വായിക്കാനാകും. “അടിമകളുടെ പിന്മുറക്കാരായ കേപ് മലായ് മുസ്‌ലിംകൾക്ക് കിതാബല്ലാതെ മറ്റൊരു പരമ്പരാഗത സ്വത്തും അവകാശപ്പെടാനില്ല.” സാറ വിശദീകരിക്കുന്നു. “വൈയക്തികവും സാമൂഹികവുമായ സാംസ്കാരികോൽപ്പന്നമാണ് കിതാബ്. അവയിലെ പലതും കാലഹരണപെട്ടുപോയതിനാൽ അത്തരം ഓരോ കിതാബിന്റെയും പ്രാധാന്യം വളരെ വലുതാണ്. കാലങ്ങളായി അടിമത്തത്തിന്റെയും, വംശീയാധിക്ഷേപത്തിന്റെയും കീഴിൽ കഴിഞ്ഞ ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്പർശനം സാധ്യമായ ഒരു പൈതൃകത്തിന്റെ അനിവാര്യത വിസ്മരിക്കാവതല്ലല്ലോ”.
ഞങ്ങൾ സ്കൈപ്പിലൂടെ വിനിമയം നടത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ആദ്യമായി നേരിൽ കാണുന്നത് ആഫ്രിക്കയിലെ കിതാബ് സൂക്ഷിപ്പുകാരിൽ പ്രമുഖനായ എഴുപത്തൊന്ന് വയസ്സ് പ്രായമുള്ള ഇബ്രാഹീം മാനുവേലിന്റെ വീട്ടിൽ വെച്ചാണ്. താൻ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയിട്ടില്ല എന്ന് സങ്കടത്തോടെയാണ് അദ്ദേഹം സാറയോട് പറഞ്ഞത്. തന്റെ പ്രിൻസന്റൻ യൂണിവേഴ്സിറ്റിയിലെ ഡോക്ടറേറ്റിനെ സംബന്ധിച്ച് പ്രതിപാദിക്കാതിരിക്കാൻ സാറ ശ്രദ്ധിച്ചിരുന്നു. ഇബ്രാഹീം താമസിച്ചിരുന്ന വീടിന് നാല് മുറികളാണുണ്ടായിരുന്നത്. അവിടെയുള്ള ജനവാതിലുകളിലെ അഴികളായിരുന്നു മറ്റുള്ള വീടുകളിൽ നിന്ന് അതിനെ വ്യതിരിക്തമാക്കുന്ന ഘടകമായി എനിക്ക് തോന്നിയത്. മറ്റൊരു സവിശേഷതയായി എനിക്ക് ദൃശ്യമായത് വളരെ ഉച്ചത്തിൽ മ്യൂസിക് പ്ലേ ചെയത് സഞ്ചരിക്കുന്ന ഒരു പറ്റം കാറുകളാണ്. കൂടുതലും വൈകുന്നേരങ്ങളിലാണ് അത്തരത്തിലുള്ള കാഴ്ച ഉണ്ടാകുക. പരിസര പ്രദേശങ്ങളെല്ലാം കലാപ മുഖരിതമാണെങ്കിലും ഇബ്രാഹീം ജീവിക്കുന്നത് വേർതിരിക്കാനാവാത്ത വിധം യാഥാര്‍ത്ഥ്യവും ഭാവനയും മിശ്രിതമായി നിർമ്മിച്ചെടുത്ത തന്റേതായ പൈതൃക ലോകത്തായിരുന്നു. വീടിന്റെ ചുമരുകൾ മുഴുവനും കേപ് മലായ് മുസ്‌ലിംകളുടെ ചരിത്ര-വർത്തമാന ചിത്രങ്ങളാലും മറ്റു രേഖകളാലും സമോഹനമായിരുന്നു.
തന്റെ കുടുംബ വേരിന്റെ അടിത്തറ ഇന്തോനേഷ്യയിലാണെന്ന് ഇബ്രാഹീമിന് തെര്യപ്പെടുത്തിയത് മഞ്ഞ നിറമുള്ള ഒരു കിതാബായിരുന്നുവത്രെ. കേപ്പ് ടൗണിൽ നിന്ന് 45 മിനിറ്റ് വഴിദൂരമുള്ള സൈമൺസ് ടൗണിലാണ് (Simon’s Town) ഇബ്രാഹീം ജനിച്ചത്. സ്കൂൾ പഠനം ഉപേക്ഷിച്ചും തെരുവോരങ്ങളിൽ അലഞ്ഞും, ഖുർആൻ പഠിക്കുക എന്ന തന്റെ പിതാവിന്റെ സ്വപ്നത്തെ കാറ്റിൽ പറത്തിയ നിർഭാഗ്യവാനായിട്ടാണ് ഇബ്രാഹീം സ്വന്തത്തെ വിശേഷിപ്പിക്കുന്നത്. കിതാബുകളെല്ലാം സൂക്ഷിച്ചിരുന്ന തന്റെ പിതാവിന്റെ ഇരുണ്ട നിറത്തിലുള്ള സ്യൂട്ട്കേസ് ഇബ്രാഹീമിന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. ഒപ്പം തനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ പിതാവുരുവിട്ട “അതിൽ തൊടരുതെന്ന” ശാസനയും. വർണ്ണ വിവേചനത്തിന്റെ കയ്പുനീർ മാത്രമല്ല ഇബ്രാഹീം കുടിച്ചിറക്കിയിരുന്നത്. മറിച്ച്, ലക്ഷക്കണക്കിനാളുകളെ തങ്ങൾ തലമുറകളായി താമസിച്ചു വന്നിരുന്ന ഭവനങ്ങളിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച് സമുദായത്തെ വംശീയാടിസ്ഥാനത്തിൽ വേർതിരിക്കുന്നതിന് 1950 ൽ ദക്ഷിണാഫ്രിക്കൻ ഗവണ്മെന്റ് പ്രാബല്യത്തിൽ വരുത്തിയ ഗ്രൂപ്പ് ഏഷ്യൻ ആക്ടിന്റെയും ഇരയാണ് നമ്മുടെ ഇബ്രാഹിം. കേപ്പിലുള്ള ഇടുങ്ങിയ ഫ്ലാറ്റിലേക്ക് അവരെ വീടുമാറ്റി പാർപ്പിക്കാനുള്ള തീരുമാനം വരുമ്പോൾ ഇബ്രാഹീം തന്റെ കൗമാര ചാപല്യത്തിലായിരുന്നു. “ഞങ്ങളുടെ കൈവശമുണ്ടായിരുന്ന പല കിതാബുകളും നഷ്ടപ്പെട്ടു പോയത് ഒരുപക്ഷെ അന്നായിരിക്കും” ഇബ്രാഹീം പറയുന്നു.”വലിയ കുടുംബമായതിനാൽ തന്നെ എല്ലാ സാമഗ്രികളും എടുക്കാൻ ഞങ്ങൾക്കാവില്ലായിരുന്നു. അവരെന്റെ കുടുംബത്തെ ട്രക്കിലേക്ക് നിർദാക്ഷിണ്യം വലിച്ചിടുകയാണ് ചെയ്തത്. എടുക്കാനാകാത്തതെല്ലാം ആ മണ്ണിന് വിട്ടുകൊടുത്ത്,നിസ്സംഗരായി അവരാ ട്രക്കിലിരുന്നു”. ട്രക്ക് കണ്ടപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടതിനാൽ അദ്ദേഹം ആ ട്രക്കിൽ കയറിയിരുന്നില്ല. ശേഷം, ബീച്ചിനടുത്തുള്ള ഒരു ചെറ്റക്കുടിലിലായിരുന്നു താമസം. വെള്ളക്കാർക്ക് ഭക്ഷണം പാകം ചെയ്യാൻ നേവിയിൽ ചേരുന്നത് വരെ അദ്ദേഹം അവിടെ തന്നെയാണ് താമസിച്ചത്.
1992 സെപ്തംബർ 7 നാണ് ഇബ്രാഹീമിന്റെ പിതാവ് മരിക്കുന്നത്. പിതാവ് മരിച്ച് അഞ്ചു വർഷങ്ങൾക്ക് ശേഷം കുടുംബ സ്വത്തായ ആ മഞ്ഞ കിതാബ് കണ്ടുപിടിക്കാൻ ഇബ്രാഹീമിനോട് സ്വപ്നത്തിലൂടെ പിതാവ് ആവശ്യപ്പെട്ടുവത്രെ. തുടർച്ചയായ മൂന്ന് ദിവസങ്ങളിലും ഇബ്രാഹീം പ്രസ്തുത സ്വപ്നം കാണുകയുണ്ടായി. അതിനെ തുടർന്നാണ് അദ്ദേഹം തന്റെ അമ്മായിയായ കൊബെയ്യെ ചെന്ന് കാണുന്നതും കിതാബിനെ കുറിച്ചു ചോദിക്കുകയുമെല്ലാം ചെയ്യുന്നത്. തിരച്ചിലുകൾക്കൊടുവിൽ കൊബേയ് ആ കിതാബ് ഇബ്രാഹീമിന് കൈമാറി. കിതാബിൽ കൊടുത്തിരിക്കുന്ന കുടുംബ വംശാവലിയിൽ നിന്നാണ് തന്റെ പ്രപിതാക്കൾ ഇൻഡോനേഷ്യയിലെ സുംബാവ ദ്വീപിലെ (Sumbawa Island) പ്രഭുക്കളായിരുന്ന അബ്ദുൽ ഖാദർ ജീലാനി ഡെയ് കോസയും അവരുടെ മകൻ ഇമാം ഇസ്മായിൽ ഡെയ് മലീലയുമാണെന്ന് ഇബ്രാഹീം മനസ്സിലാക്കുന്നത്. 1753 ൽ ഡച്ചുകാർ അവരെ കേപ്പ് ഓഫ് ഗുഡ് ഹോപ്പിലേക്ക് (Cape of good hope ) കൊണ്ടുവരികയും സൈമൺസ് ടൗണിലെ ഒരു തടവറയിൽ തള്ളുകയുമാണുണ്ടായത്.1755 ൽ ചുമരുകൾ തുരന്ന് ജയിലിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. വൈകാതെ, അബ്ദുൽ ഖാദറിനും മകനും ജനങ്ങൾക്കിടയിൽ നേതൃ പരിവേഷം ലഭിക്കുകയും അവരതിനനുസരിച്ചുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാവുകയുമാണുണ്ടായത്. സിമോൺസ് ടൗണിലെ ഒരു കുന്നിനു മുകളിലാണ് അവരുടെ ഖബറിടം.
നേരിയ മഴ ചാറുന്ന നേരത്താണ് ഞങ്ങളവരുടെ ഖബറിനടുത്തേക്ക് പോയത്. മഖ്‌ബറക്കടുത്തുള്ള ബെഞ്ചിലിരുന്ന് ഒരു വയോധികൻ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു.അയാൾ ഓതിക്കൊണ്ടിരിക്കവെ തന്റെ ഭാര്യ അയാൾക്ക് കുട ചൂടിക്കൊണ്ടിരിക്കുന്ന ദൃശ്യം എന്നിൽ തീർത്ത അത്ഭുതത്തിന് അളവില്ലായിരുന്നു.ടൗണിന്റെ താഴ്ഭാഗത്ത്, സമുദ്ര ചാരത്താണ് ഇബ്‌റാഹീമിന്റെ അമ്മായി കൊബേയ്യുടെ വീട് നിലകൊള്ളുന്നത്.വീടിന്റെ തൊട്ടടുത്ത് തന്നെയാണ് സൈമൺസ് ടൗൺ പള്ളിയും സ്കൂളുമുള്ളത്.1923 ൽ പണിതീർത്ത ഹരിതാഭമായ ഈ സ്കൂൾ നയനമനോഹരമായ കടൽ കാഴ്ചയും സമ്മാനിക്കുന്നുണ്ട്. 1999 ൽ ഒരു പരിഭാഷകനോടു കൂടെ സുംബാവയിലേക്ക് യാത്ര തിരിക്കാനും ഇബ്രാഹീമിനെ പ്രേരിപ്പിച്ചത് മേൽപ്പറഞ്ഞ ‘ദൈവിക വിളി’യായിരുന്നു. അദ്ദേഹത്തെ കണ്ട ഉടനെ ഗ്രാമവാസികളുടെ കണ്ണുകൾ ഈറനണിഞ്ഞു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയോടുള്ള നിസ്സഹകരണം മൂലം ഒരടിമയെ പോലെ തങ്ങളുടെ നേതാവിനെ പിടിച്ചുകൊണ്ടുപോകുന്ന ചിത്രം അവരുടെ മനസ്സിൽ തീർത്ത വ്രണം അത്ര വലുതായിരുന്നു. “എനിക്ക് ലഭിച്ചിരുന്നത് രാജകീയ സ്വീകരണമായിരുന്നു” ഇബ്രാഹീം പറയുന്നു.”എന്റെ ശരീരം മുഴുക്കെ വല്ലാത്തൊരു ഊർജ്ജം സഞ്ചരിച്ചു.ഗ്രാമത്തിലെ നേതാവിന് എന്റെ പിതാവിനോടുള്ള രൂപ സാദൃശ്യത എന്നെ വല്ലാതെ അമ്പരപ്പിച്ചു കളഞ്ഞു” തന്റെ കുടുംബത്തിന്റെ വംശാവലി പ്രതിപാദിക്കുന്ന ആ മഞ്ഞ നിറത്തിലുള്ള കിതാബിന്റെ പകർപ്പ് ഇബ്രാഹീം ഞങ്ങൾക്ക് കാണിച്ചു തന്നു. അതിന്റെ ഒറിജിനൽ കോപ്പി എവിടെയുണ്ടെന്ന എന്റെ ചോദ്യത്തിന് വിഷാദം കലർന്ന ഒരു നോട്ടമായിരുന്നു അദ്ദേഹം തന്ന മറുപടി. ശേഷമദ്ദേഹം തുടർന്നു, “ആ കിതാബും അതിനോട് കൂടെ വേറെ രണ്ടു കിതാബുകളും 2003 ലാണ് ഒരു ബന്ധുവിന്റെ കൈയിൽ ഞാൻ ഏൽപ്പിച്ചത്. പിന്നീടയാളെ ഞാൻ കണ്ടിട്ടില്ല.” ഇബ്രാഹീം സാറയോട് ഗവേഷണം ഊർജ്ജിതമാക്കാനും നഷ്ടപ്പെട്ടുപോയ കിതാബുകൾ വീണ്ടെടുക്കാനും ആവശ്യപ്പെട്ട് സംസാരം അവസാനിപ്പിച്ചു.
ഇന്തോനേഷ്യയിലെയും ദക്ഷിണാഫ്രിക്കയിലെയും ജനങ്ങൾ ഇബ്രാഹീമിന്റെ കഥയിൽ അഭിപ്രായവ്യത്യാസമുള്ളവരാണെങ്കിൽ കൂടിയും, അത് നൽകുന്ന പൊതു സത്യത്തെ അവർക്കാർക്കും നിഷേധിക്കാൻ സാധിക്കുമായിരുന്നില്ല. “തന്റെ കുടുംബ വേര് കണ്ടെത്താൻ ശ്രമകരമായ യാത്ര തന്നെ ഇബ്രാഹീം നടത്തിയിട്ടുണ്ട്.” സാറ പറയുകയാണ്, “അതുകൊണ്ട് തന്നെ ഇബ്‌റാഹീമിന്റെ കാഴ്ചപ്പാടുകൾ നയിക്കുന്നത് ആഴമേറിയ പൈതൃക സംഘർഷങ്ങളിലേക്കാണ്. പല ജനങ്ങളും അവരുടെ പക്കലുള്ള കിതാബുകൾ സൂക്ഷിക്കാനും സൈമൺസ് ടൗണിലെ പൈതൃക മ്യൂസിയത്തിൽ കാഴ്ചക്കു വെക്കാനും ഇബ്രാഹീമിന് അവസരം നൽകുന്നതിന്റെ കാരണവും മറ്റൊന്നല്ല”.
പാട്ടി ആന്റി എന്നറിയപ്പെടുന്ന സൈനബ് ഡേവിഡ്സന്റെയും അവരുടെ ഭർത്താവ് സെഡിക്കിന്റെയും വീട്ടിലേക്കാണ് ശേഷം ഞങ്ങൾ യാത്ര തിരിച്ചത്. വീടിന്റെ താഴത്തെ നിലയിൽ (മ്യൂസിയം) പഴകിയ വസ്ത്ര ശേഖരങ്ങൾ അങ്ങിങ്ങായ് പ്രദർശിപ്പിച്ചിരുന്നു. ചുമരുകളെല്ലാം ചിത്രങ്ങൾ കൊണ്ടും മറ്റു രേഖകൾകൊണ്ടും നിറഞ്ഞിരുന്നു. കൂടാതെ, അറബിയിലും ജാവിയിലുമുള്ള ഒരുപാട് കിതാബുകളും ഗ്ലാസ്സിനടിയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മ്യൂസിയത്തിന് പ്രത്യേക ക്യൂറേറ്റർമാരൊന്നുമില്ലെങ്കിലും മനുഷ്യ സ്പർശമേറ്റ് കിതാബുകൾക്ക് മറ്റു കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളെല്ലാം അവർ സ്വീകരിച്ചു പോന്നിരുന്നു. അവരുടെ ശേഖരത്തിലെ ഏറ്റവും പഴക്കം ചെന്ന കിതാബ് കാണിച്ചു തരാൻ വേണ്ടി സെഡിക്ക് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. പാട്ടി ആന്റി വളർന്നു വന്ന ഈ വീട് 1998 ലാണ് മ്യൂസിയമാകുന്നത്. “ഞങ്ങളുടെ സമുദായം ഒരു വിസ്മയമാണ്” പാട്ടി ആന്റി പുഞ്ചിരിക്കുന്നു. “ഈ മ്യൂസിയം നടത്താൻ വേണ്ടി ജനങ്ങൾ അവരുടെ പക്കലുള്ളതെല്ലാം ഞങ്ങൾക്ക് നൽകിയിരുന്നു. കൂട്ടത്തിൽ ഇബ്‌റാഹീം ഒരുപാട് ഫോട്ടോകളും പത്രവാർത്തകളുമെല്ലാം തന്ന് ഇതിന്റെ നല്ല ഭാവിക്ക് വേണ്ടി പ്രയത്നിച്ചു. മ്യൂസിയത്തിന്റെ ഉദ്ഘാടന ദിവസം ഏകദേശം ആയിരത്തോളം ആളുകളാണ് ഇവിടെ ഒത്തുകൂടിയിരുന്നത്”. പക്ഷെ, പാട്ടി ആന്റിയുടെ കുടുംബ കിതാബുകളൊന്നും ഇവിടെയില്ല. അതവരുടെ മൂത്ത സഹോദര മകന്റെ പക്കലാണുള്ളത്. “അത് വളരെ അമൂല്യമാണ്.” ഇറങ്ങാൻ നേരത്ത് പാട്ടി ആന്റി കൂട്ടിച്ചേർത്തു.
ഓരോ കുടുംബവും കിതാബിനെ പരിഗണിക്കുന്ന രീതി വ്യത്യസ്തമായിരുന്നു. 94 വയസ്സുള്ള ഇസ്മാഈൽ പീറ്റേഴ്സണിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ചാരത്തേക്കാണ് സാറ പിന്നീടെന്നെ കൂട്ടിക്കൊണ്ടുപോയത്. തയ്യൽക്കാരനായിരുന്ന അദ്ദേഹം എന്നെ കണ്ടതും അറബി സംസാര ഭാഷയിലെ ചില പ്രയോഗങ്ങൾ എയ്തുവിട്ടു. എന്റെ അത്ഭുതം കണ്ടിട്ടാകണം താൻ തുറമുഖത്തു ജോലി ചെയ്യവേ പല ഭാഷകളുമായും ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. കേപ്പ്ടൗണിലെ വ്യവസായ കേന്ദ്രത്തിന് സമീപമുള്ള ചെറിയ ഒരു വീട്ടിലാണ് ഈ ദമ്പതികൾ താമസിക്കുന്നത്. ഇസ്മാഈൽ തന്റെ മുത്തച്ഛന്റെ ഉറ്റ സുഹൃത്തായിരുന്നുവെന്നും അവരൊന്നിച്ച് മക്ക വരെ യാത്ര പോയിട്ടുണ്ടെന്നും അതിനിടയിൽ സാറ എന്നോടു പറഞ്ഞു.10 കൊല്ലങ്ങൾക്ക് മുമ്പ് സാറക്ക് ഇസ്മാഈൽ കാണിച്ചു കൊടുത്ത ചില കുടുംബ കിതാബുകൾ ഇപ്പോൾ കാണിച്ചു തരാൻ വല്ല തരവുമുണ്ടോയെന്ന് സാറ അവരോടാരാഞ്ഞു. അദ്ദേഹം അകത്തു പോവുകയും ചില കാലിക പ്രസിദ്ധീകരണങ്ങളും താനും മലേഷ്യൻ രാജാവും കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോകളുമായിട്ടാണ് തിരിച്ചു വന്നത്. അപ്പാർതീഡിനു ശേഷം കേപ്പ് മലായ് മുസ്‌ലിംകളെ മലേഷ്യയിലെ പൗര-മതകീയ പ്രസ്ഥാനങ്ങളോട് ബന്ധപ്പെടുത്താൻ അദ്ദേഹം ഇന്തോനേഷ്യൻ ആൻഡ് മലേഷ്യൻ സീമെൻ ക്ലബ് (Indonesian and Malasian Seamen club ) എന്ന സമിതിക്ക് രൂപം നൽകിയിരുന്നു. തന്റെ കുടുംബ കിതാബുകൾ ഈ തെരുവിനപ്പുറത്തു താമസിക്കുന്ന സഹോദരന്റെ കയ്യിലുണ്ടെന്ന കാര്യമാണ് ഇസ്മാഈലിന് തെല്ലൊരാശ്വാസമെങ്കിലും നൽകുന്നത്. പക്ഷെ സഹോദരൻ അവ ഇദ്ദേഹവുമായി പങ്ക് വെക്കില്ല.
ഇസ്മാഈലിന്റെ തലമുറ കൂടി നശിച്ചാൽ, കിതാബുകളുടെ നിലനിൽപ്പിന് ഒന്നുകൂടെ ഗൗരവമായ കരുതൽ അനിവാര്യമായിത്തീരും.കേപ്പ് ടൗണിലെ ഇസീകോ സോഷ്യൽ ഹിസ്റ്ററി സെന്ററിൽ (Iziko Social History Resource Centre) കിതാബുകളുടെ ശേഖരണ ചുമതലയുമായി നിലവിൽ ഫാത്തിമയാണുള്ളത്. വെളുത്ത കയ്യുറ ധരിച്ച് അവർ ആ കിതാബുകളെ ഗ്രന്ഥശേഖര പെട്ടികളിൽ നിന്ന് പുറത്തെടുക്കുന്നു. അവ കടലാസ് കഷ്ണങ്ങളാൽ ആവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രദർശിപ്പിക്കാനുതകുന്ന വിധം പട്ടികപ്പെടുത്തുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. നഷ്ടപ്പെട്ടു പോയ കിതാബുകൾ സംബന്ധിച്ചു ഫാത്തിമക്ക് വ്യക്തമായ ഒരുത്തരമൊന്നുമില്ല. അവൾക്കെന്നല്ല അവളോടൊപ്പം ജോലി ചെയ്യുന്ന ആർക്കും തന്നെയില്ല. ഇതിൽ നിങ്ങൾ സംശയം പ്രകടിപ്പിക്കുകയൊന്നും വേണ്ട, സത്യമിതു തന്നെയാണ്. എന്നെങ്കിലുമൊരിക്കൽ ചുരളഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിഗൂഢതകളിൽ പെട്ടതാണ് കേപ്പ് മുസ്‌ലിംകളുടെ പൈതൃകത്തെ നിർണയിക്കുന്നതിൽ നിസ്തുല്യ പങ്കു വഹിച്ച കിതാബുകളുടെ വർത്തമാനവും.
ചിത്രങ്ങൾ: സാമന്ത റീഇൻഡേർസ്
വിവർത്തനം : ഫവാസ് സുലൈമാൻ
Comments are closed.