തിയറിയും സ്ട്രക്ച്ചറും: ഹദീസ് ശാസ്ത്രത്തിന്റെ ചരിത്രം
പ്രമുഖ അമേരിക്കൻ സാഹിത്യ വിമർശകരായ റോബർട്ട് സ്കോൾസും (Robert Scholes) റോബർട്ട് കെല്ലോഗും (Robert Kellogg) അവരുടെ ‘The Nature of Narrative’ എന്ന പുസ്തകത്തിൽ ആഖ്യാനം (narration) എന്ന പ്രതിഭാസത്തെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ആഖ്യാന രൂപങ്ങൾക്ക് ആഖ്യാതാവും (narrator) ആഖ്യാനവും (narration) അനിവാര്യമാണെന്നത് അതിൽ പ്രധാനപ്പെട്ട ഒന്നാണ്. സാങ്കേതികമായി ആഖ്യാനം എന്നതിന്റെ വിവക്ഷയായി പറയാറുള്ളത് “somebody telling somebody else on some occasion and for some purpose that something (has) happened” എന്ന നിർവ്വചനമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ‘somebody’യും ‘some occasion’ഉം ഒരു ആഖ്യാന ഘടനയിൽ ‘narrator’ടെയും ‘narration’ന്റെയും അനിവാര്യത വ്യക്തമാക്കുന്നുണ്ട്. എന്നാൽ, മേൽ പറഞ്ഞ ആഖ്യാന രൂപങ്ങൾക്ക് വിപരീതമായാണ് (അവരുടെ വാദങ്ങൾ അവരുടെ പരിപ്രേക്ഷ്യത്തിൽ സാധുവാവായിരിക്കെ തന്നെ) പ്രാവാചകാഖ്യാന ശൃംഖലകളെ (ഇസ്നാദുൽ ഹദീസ്) കുറിച്ചുള്ള വ്യവഹാരങ്ങൾ രൂപപ്പെട്ടിട്ടുള്ളത്.
ആധുനികകാലത്ത് നിലകൊള്ളുന്ന നാഗരിക സമൂഹങ്ങളിൽ നിന്നും വളരെ വിഭിന്നമായ ഒരു കാലത്ത് നിന്നാണ് പ്രാവാചക (ധൈഷണികവും, പ്രായോഗികവും) പിന്തുടർച്ച ആരംഭിക്കുന്നത്. സാമൂഹിക ശാസ്ത്രപരമായി, ഇസ്‌ലാമിന്റെ ആദ്യ കാലം മുതലുള്ള വിമർശനാത്മക സമീപനവും (critical approach) സാമൂഹിക ഘടനയും (social structure) കാരണമായി പ്രാവാചകാഖ്യാന പാരമ്പര്യം കാലക്രമേണ ഒരു ശാസ്ത്രമായി വളർന്നു. എന്നാൽ, ഏഴ് മുതൽ പന്ത്രണ്ടാം/ പതിമൂന്നാം നൂറ്റാണ്ട് വരെയായി വ്യത്യസ്ത ദേശങ്ങളിലേക്കുണ്ടായ ഇസ്ലാമിക വ്യാപനവും ജനസംഖ്യാ വർദ്ധനവും ശാസ്ത്രമായി രൂപപ്പെട്ട ആ പ്രവാചക ശൃംഖലയെ ഒരു വലിയ രൂപം പ്രാപിക്കുന്നതിന് പ്രാപ്തമാക്കി. യഥാർത്ഥത്തിൽ, സാമൂഹിക-രാഷ്ട്രീയ-നിയമ (socio-politico-legal) പരിസരങ്ങളിലുണ്ടായിരുന്ന ഹദീസിന്റെ പ്രായോഗിക സ്വഭാവമാണ് വിമർശനാത്മക സമീപനങ്ങളിലേക്ക് വളരുന്ന രീതിയിൽ ആ വ്യവഹാരത്തെ എത്തിച്ചത്. അക്കാരണങ്ങളൊക്കെക്കൊണ്ട് തന്നെ മറ്റേതൊരു ആഖ്യാനവും, ആഖ്യാന-ഘടനയും (discursive structure) പോലെത്തന്നെ ഹദീസും വാമൊഴികളിൽ (oral discourse) നിന്നും ലിഖിത രൂപങ്ങളിലേക്ക് (literal discourse) മാറാൻ തുടങ്ങി. എന്നാൽ, ആധുനികതയുടെ ആഗമനത്തോട് കൂടെ വ്യാപകമായ ഘടനാപരവും (structural) , അതിൽ നിന്ന് ക്രിയാത്മകവും (creative) വിമർശനാത്മകവുമായി (critical) രൂപപ്പെട്ട മറ്റു രീതിയിലുള്ളതുമായ ‘ആഖ്യാന സിദ്ധാന്തങ്ങളെ’ (discourse theory) മുൻനിർത്തിയുള്ള ആധുനിക വായനകൾക്ക്, ഹദീസ് ശാസ്ത്രത്തെ അതിന്റെ വ്യാവഹാരികവും താർക്കികവുമായ ഭദ്രതയിൽ (discursive and logical structure) മനസ്സിലാക്കുക സാധ്യമല്ല എന്ന് പ്രശസ്ത ഹദീസ്-ശാസ്ത്ര സ്‌കോളറായ റെജപ് ഷെൻതുർക്ക് വ്യക്തമാക്കുന്നുണ്ട്.
ഫ്രഞ്ച് സാഹിത്യ വിമർശകൻ റൊളാങ് ബാർസിനെ (Roland Barthes) സംബന്ധിച്ചിടത്തോളം “ഒരു ആഖ്യാന രൂപവും വ്യക്തമായ ചട്ടക്കൂടുകളിൽ പ്രതിഷ്ഠിക്കാൻ സാധിക്കുന്നവയല്ല. അതിനെ മുൻനിർത്തിയാണ് യഥാർത്ഥത്തിൽ ബാർസ് ‘പാഠം’ (text), ‘സൃഷ്ടി’ (work) എന്നീ രൂപത്തിൽ ആഖ്യാന രൂപങ്ങളെ സാങ്കേതികമായി വിഭജിക്കുന്നത്. ‘work’ എന്ന സാങ്കേതിക പദം കൊണ്ട് ഒരു പാഠത്തിന്റെ ഭൗതിക ഘടനയെയാണ് ബാർസ് സൂചിപ്പിക്കുന്നത്. നേരെ മറിച്ച്, ഒരു ആഖ്യാനത്തിന്റെ അന്തസത്തയെയാണ് ‘text’ എന്ന പദം കൊണ്ട് അദ്ദേഹം വിവക്ഷിക്കുന്നത്. പ്രവാചക വചനങ്ങളുടെ ആശയങ്ങൾ മനസ്സിലാക്കുക വഴി പഠിതാവ് ഹദീസുകളുടെ പ്രവിശാലമായ ലോകത്തേക്കാണ് പ്രവേശിക്കുന്നത്. ഒരേ രീതിയിലുള്ള ‘work’ കളിൽ ഇടപെടുക വഴി വ്യത്യസ്ത കാലങ്ങളിലും ഇടങ്ങളിലുമുള്ള (space and time) ഹദീസ് ഗവേഷകരെ ഒരു ശൃംഖലക്കു (network) കീഴിൽ ഒരുമിപ്പിക്കുന്നതാണ് ഹദീസ് നെറ്റുവർക്കുകളുടെ രീതി. ഇസ്‌ലാം വ്യാപനത്തിന്റെ ആവിർഭാവം മുതൽക്കെ തന്നെ, വൈജ്ഞാനിക (അല്ലാത്തവരുമായ) സമൂഹം അവരുടെ പ്രതിപുരുഷന്മാരെ പിന്തുടർച്ചക്കാരിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങളുടെ ഫലമാണ് ഇന്നും ദൃഢമായി നിലകൊള്ളുന്ന ഹദീസ് വിജ്ഞാന ശാഖകൾ. ആഖ്യാന സാമൂഹിക ഘടന (narrative social structure) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം കണ്ണികൾ ആഖ്യാനങ്ങളുടെ ആധികാരികതയും സംരക്ഷണവും (authority and security) ഉറപ്പു വരുത്താൻ സഹായിക്കുന്നു. ഇത്തരം ആധികാരികമായി സംരക്ഷിക്കപ്പെട്ട ആഖ്യാനങ്ങളിലൂടെയാണ് ഇസ്‌ലാം അതിന്റെ ‘യാഥാസ്ഥികത്വവും’ (orthodoxy) ‘വ്യാവഹാരിക പാരമ്പര്യവും’ (discursive tradition) രൂപപ്പെടുത്തുന്നതും, നിലനിർത്തുന്നത് എന്ന് തലാൽ അസദ് വ്യക്തമാക്കുന്നുണ്ട് (അതേ സമയം, അത്തരം യാഥാസ്ഥികത്വവും വ്യാവഹാരിക പാരമ്പര്യവുമാണ് ഹദീസും അല്ലാത്തതുമായ ആഖ്യാനങ്ങളെ ആധികാരികവും, സംരക്ഷിതവും ആക്കുന്നതും). എന്നാൽ, ഉത്താരാധുനിക സാമൂഹിക വ്യവഹാര മണ്ഡലത്തിൽ, പുതിയ വിജ്ഞാന ശാഖകളും ശാസ്ത്ര ശാഖകളും ഉയർന്നു വരുന്നിടങ്ങളിലും അത്തരത്തിലുള്ള സാമൂഹിക ഘടനകൾ പല രൂപത്തിൽ രൂപപ്പെടുന്നുണ്ട്. കാരണം, നവാഖ്യാനങ്ങളിലൂടെ രൂപപ്പെടുന്ന സാമൂഹിക ഘടനയിൽ, ആഖ്യാനവും സാമൂഹിക ഘടനയും തമ്മിലുള്ള നിരന്തര സമ്പർക്കം മൂലം, നിരവധി പുതിയ വികസനങ്ങൾ വന്നു ചേരുന്നു. ആചാരണ പ്രചാരണ പ്രക്രിയയിലുള്ള (dissemination process) ഓരോ വ്യക്തിയും തന്റെ വ്യക്തമായ ഇടപെടൽ മൂലം പുതിയ വ്യക്തിത്വവും (social identity) സാമൂഹിക പങ്കും (social role) കൈവരിക്കുന്നു. അങ്ങനെ, വ്യക്തമായ ഐഡന്റിറ്റി പ്രാപിച്ച വ്യക്തികൾക്കിടയിലൂടെ കൈമാറപ്പെടുന്ന ജ്ഞാനത്തിന് ഒരിക്കലും ചരിത്രമോ, ആധികാരികതയെ, പാരമ്പര്യമോ നഷ്ടപ്പെടുകയില്ല.
പ്രാവാചക പാഠങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കാൻ, പതിനഞ്ചു നൂറ്റാണ്ടുകൾക്ക് മുൻപ് ലോകത്തത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ജനങ്ങളെ സംഘടിപ്പിച്ച് നിർമ്മിക്കപ്പെട്ടതാണ് പ്രവാചകാഖ്യാനങ്ങളുടെ ശൃംഖല. പ്രവാചകന്റെ സന്ദേശങ്ങളെ ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യാൻ അത്തരം ശൃംഖലകൾ നിമിത്തമായി. അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിലൂടെ വികാസം പ്രാപിച്ച അത്തരം ശൃംഖലകളാണ് പ്രവാചക പ്രബോധന കാലം മുതൽ ആധുനിക നൂറ്റാണ്ടു വരെ മത വിജ്ഞാന ശാഖകൾക്ക് കരുതലായി നിലകൊണ്ടത്. എന്നാൽ സുദൃഢം എന്നതുപോലെ തന്നെ സങ്കീർണ്ണവുമാണ് ഹദീസ് ആഖ്യാന ശൃംഖ. ആഖ്യാന ശൃംഖലയുടെ ഭൗതിക ഘടനയെ റെജപ് ഷെൻതുർക്ക് മൂന്നായി തരം തിരിക്കുന്നുണ്ട്: ആദ്യ കാല തലമുറയിൽ നിന്നും പുതിയ തലമുറയിലേക്കുള്ള ‘അധോ ഘടന’ (downward structure); പുതിയ തലമുറയിൽ നിന്നും ആദ്യ കാല തലമുറയിലേക്കുള്ള ‘ഉപരി ഘടന’ (upward structure); സമകാലിക പണ്ഡിതന്മാരിലേക്കു മാത്രം നിലനിൽക്കുന്ന ‘തിരശ്ചീന ഘടന’ (horizontal structure) എന്നിവയാണവ. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അഗാധമായ ബന്ധമാണ് പ്രാവാചകാഖ്യാനങ്ങളുടെ സംവേദനത്തിനും, കൈമാറ്റത്തിനും അതുവഴി വ്യാപനത്തിനും സുഗമമായ അന്തരീക്ഷം ഉണ്ടാക്കിയിരുന്നത്. അധ്യാപക-വിദ്യാർത്ഥികളുടെ സാമൂഹിക പ്രാധാന്യം മാറുന്നതിനനുസരിച്ച് അവരിലൂടെ ഉണ്ടാകുന്ന വിജ്ഞാന കൈമാറ്റങ്ങൾക്കും അതിന്റെ രീതികൾക്കും മാറ്റം സംഭവിക്കുന്നു. ഹദീസ് ശൃംഖലയുടെ അസാമാന്യ വ്യാപ്തിയും സങ്കീർണ്ണമായ ഘടനകളും തന്നെയാണ്, ഹദീസ് ശൃംഖലകളെ കുറിച്ച് പര്യവേഷണം ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും പ്രതിസന്ധികൾ തീർക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഹദീസ് ശൃംഖലകളെ കുറിച്ച് പഠനം നടത്തുന്നതിൽ നിന്നും സാമൂഹിക ശാസ്ത്രജ്ഞർ പൊതുവെ പുറം തിരിഞ്ഞു നിൽക്കുന്നതും, അല്ലെങ്കിൽ ഗവേഷണം നടത്തുന്നവർ തന്നെ സങ്കീർണ്ണമായ ഹദീസ് നെറ്റ്‌വർക്ക് രീതിയിൽ നിന്ന് മാറി, സങ്കീർണ്ണത(യും അതിനാൽ തന്നെ ആധികാരികതയും, രീതിശാസ്ത്രപരതയും) കുറഞ്ഞതും എന്നാൽ വിമർശനാത്മക സ്വഭാവം അധികരിച്ചതുമായ (ഉത്തര)ആധുനിക ആഖ്യാന സിദ്ധാന്തങ്ങളെ മുൻനിർത്തി ഹദീസ് ശൃംഖലകളെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്.
എച്ച്-നെറ്റും ഹദീസ് നെറ്റ്‌വർക്കുകളുടെ പുനർ-നിർമ്മാണവും
അതിനാൽ, ഹദീസ് ശൃംഖലകളെ സാമൂഹ്യ ശാസ്ത്രത്തിന് പരിചയപ്പെടുത്തി കൊടുക്കലും ഘടനാ പരിപ്രേക്ഷ്യത്തിലൂടെ ആഖ്യാന സാമൂഹിക ഘടനയെ വിശകലനം ചെയ്യലുമാണ് ആധുനിക വിജ്ഞാന കേന്ദ്രങ്ങളുടെ ഹദീസ് ശൃംഖലകളുമായുള്ള ഇടപെടലുകളിലുള്ള പരിമിതികൾക്കായുള്ള പ്രതിവിധി. അതിനായി മതപരമായി ‘ഇസ്നാദ്’ എന്നറിയപ്പെടുന്ന ഹദീസ് ശൃംഖലകളെ സാമൂഹ്യ ശാസ്ത്ര പരിപ്രേക്ഷ്യത്തിലൂടെ പുനർനിർമ്മിക്കേണ്ടതുണ്ട്. ഇസ്നാദിന്റെ ഭാഷാർത്ഥം സൂചിപ്പിക്കുന്നത് “രേഖാമൂലമുള്ള തെളിവുകൾ” എന്നാണ്. ഇസ്ലാമിക സാംജ്ഞാനിക ശാസ്ത്രത്തിൽ (ഇസ്തിലാഹ്/technical term) “വഴിപിഴക്കാത്ത പാരമ്പര്യ വഴികളെ അല്ലെങ്കിൽ ഇസ്ലാമിക പാരമ്പര്യത്തിന്റെ കെട്ടുറപ്പിനെ”യൊക്കെയാണ് ഇസ്നാദ് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. ഇതിനെ റെജപ് ഷെൻതുർക്ക് അദ്ദേഹത്തിന്റെ പഠനവുമായി ബന്ധപ്പെടുത്തി ‘Hadith-Net’ എന്നാണ് വിശേഷിപ്പിക്കുന്നത്. സമയാധിഷ്ഠിതമായി – അതിനകത്തെ – കണ്ണികൾ പ്രവർത്തിക്കുന്ന ഒരു ഉത്തമ ശൃംഖലയായാണ് ഷെൻതുർക്ക് അതിനെ മനസ്സിലാക്കുന്നത്. ചരിത്രപരമായ വേർതിരിവുകളെ ഉൾക്കൊള്ളുന്നതോട് കൂടെ തന്നെ പ്രവാചക ജീവിതത്തോട് കൂടുതൽ ഇടപഴകിയവരെ കൂടുതൽ ആധികാരികതയുള്ളവരായി (അതിനാൽ മഹത്വവും) മനസ്സിലാക്കുന്നവയാണ് അദ്ദേഹത്തിന്റെ പഠനങ്ങൾ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, അത്തരത്തിലുള്ള ശൃംഖലകളെ പഠന വിധേയമാക്കുവാൻ രണ്ടു തരത്തിലുള്ള ചരിത്ര സാഹിത്യങ്ങളാണ് സഹായകമാവുന്നത്: പ്രവാചകന്മാരിൽ നിന്നും വരുന്ന ഹദീസ് നിവേദകന്മാരുടെ (റാവി -ൽ- ഹദീസ്) ജീവ ചരിത്രവും പ്രവാചക ഹദീസ് ശേഖരങ്ങളുമാണത് (മുതൂൻ -ൽ- ഹദീസ്). പ്രത്യേകമായി, ഇമാം ദഹബിയുടെ (മരണം: 1347) ‘മീസാനുൽ ഇഅതിദാലി ഫീ നഖ്ദി -ൽ- രിജാൽ’ എന്ന ഗ്രന്ഥമാണ് അതിലെ പ്രധാന പ്രതിപാദ്യ ഗ്രന്ഥം. ഇരുപത്തി ഒന്നോളം ശൃംഖലകളടങ്ങിയ 1176 നിവേദകരെ പറ്റിയുള്ള പ്രതിപാദ്യമാണ് ഉപര്യുക്ത ഗ്രന്ഥത്തിന്റെ ഇതിവൃത്തം. പിന്നീടുള്ള അവലംബങ്ങൾ ഇമാം സുയൂഥി (മരണം: 1505) യുടെ ‘തദ്രീബു -ർ- റാവി’യും ഇമാം ബുഖാരിയുടെ (മരണം: 870) ‘സ്വഹീഹായ’ (വിശ്വാസ്യത സ്ഥിരപ്പെട്ട) ഹദീസുകളുടെ ശേഖരമായ ‘സ്വഹീഹുൽ ബുഖാരി’യുമാണ്. നിവേദകന്മാരുടെ ശൃംഖലയെ പുനർനിർമ്മിക്കുന്നതിനുള്ള പ്രഥമ അവലംബമായ ജീവ ചരിത്ര ഗ്രന്ഥങ്ങൾ നിവേദകരുടെ ജീവിതവുമായി ബന്ധപ്പെട്ട സർവ്വ കാര്യങ്ങളെയും പ്രതിപാദിക്കുന്നവയാണ്. ജനന സ്ഥലം മൂതൽ അവരിടപെടുന്ന ഓരോ സന്ദർഭങ്ങളും അവയിൽ വിവരിക്കും. അതേസമയം, മറ്റുള്ളവരി(യി)ൽ നിന്നും വ്യത്യസ്തമായി നിവേദക ശൃംഖലയിലെ മുഴുവൻ നിവേദകരെയും ഉദ്ധരിച്ചതിനു ശേഷമാണ് ഇമാം ബുഖാരി ഹദീസുകൾ നിവേദനം ചെയ്യുന്നത്.
ഹദീസ് ശൃംഖലയുടെ ചരിത്ര വേരുകൾ അറേബ്യയിലെ പ്രീ-ഇസ്ലാമിക് സംസ്കാരങ്ങളിലേക്കാണ് ആഴ്ന്നു കിടക്കുന്നത്. പുസ്തകേതര -ലിഖിതേതര – (pre-textual) അറേബ്യയൻ സമൂഹത്തിന് അവരുടെ ബുദ്ധിശക്തിയും, ഓർമ്മശക്തിയും വ്യാപകമായി ഉപയോഗപ്പെടുത്തേണ്ട പല സന്ദർഭങ്ങളും ആ കാലഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ട്. ‘ജാഹിലിയ്യാ’ (ഇസ്‌ലാമിന്റെ ആഗമനത്തിന് മുൻപുള്ള അറേബ്യാൻ കാലഘട്ടത്തിന്റെ പേര്) കാലഘട്ടങ്ങളിൽ അനേകം കവിതകളും ബൃഹത്തായ വംശ പരമ്പരകളുടെ പേരുകളും മനഃപാഠമാക്കിയിരുന്ന അവർ പ്രവാചകാഗമനത്തോടെ ഹദീസുകളും ഖുർആനിക സൂക്തങ്ങളും മനഃപാഠമാക്കാൻ ആരംഭിച്ചു. എന്നാൽ, പ്രവാചക വിയോഗത്തോടെ ഹദീസിന്റെ വിശ്വാസ്യത നിലനിർത്തുന്നതിനാവശ്യാർത്ഥം നിവേദക ശൃംഖലയിലുള്ള നിവേദകരെ കുറിച്ചുള്ള അറിവും അനിവാര്യമായിത്തീർന്നു. അവസാനമായി, അടിസ്ഥാനപരമായി ഹദീസ് നെറ്റിന്റെ ചരിത്രാരംഭം കൃത്യമായി കണക്കാക്കാൻ സാധിക്കുന്നതല്ലെങ്കിലും വിവിധ ചരിത്ര ഗ്രന്ഥങ്ങളിലെ വസ്തുതകൾ പ്രകാരം ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ രണ്ടു നൂറ്റാണ്ടുകൾ മുതലാണ് അവ രൂപപ്പെട്ടതാണെന്നാണ് അനുമാനം. ചുരുക്കത്തിൽ, ഇസ്‌ലാമിക ചരിത്രത്തിലും, മുസ്‌ലിം ദൈനംദിന ജീവിതത്തിലും പ്രവാചകാധ്യാപനങ്ങളുടെ ഉദ്ഗ്രഥനം രൂപപ്പെടുത്താനുള്ള (ചില) ശ്രമഫലങ്ങളുടെ പ്രതിഫലനങ്ങളാണ് ഹദീസ് നെറ്റുകളുടെ രൂപീകരണത്തിനും വ്യാപനത്തിനും നിദാനമായത്.
Comments are closed.