ശ്രീനാരായണ ഗുരു ഒരിക്കൽ കൊല്ലത്ത് വടക്കുള്ള ഒരു ഗ്രാമം സന്ദർശിച്ചു. ശിവഗിരിയിൽ ഒരു സ്കൂൾ സ്ഥാപിക്കുന്നതിന് പണം കണ്ടെത്താൻ വേണ്ടിയായിരുന്നു ആ സന്ദർശനം. പണം നൽകുന്നവരുടെ പട്ടിക തയ്യാറാക്കി. അപ്പോൾ പട്ടികയിൽ പേര് അവസാനമായിപ്പോയി എന്നുപറഞ്ഞ് പഴയ പ്രമാണിമാരിൽ പലരും പിണങ്ങി. ഈ പിണക്കം പരിഹരിക്കാൻ ഗുരു ഒരു മാർഗം നിർദേശിച്ചു. “ഒരു വലിയ കടലാസെടുത്ത് അതിലൊരു വൃത്തം വരച്ച് അതിനു ചുറ്റിലുമായി പേരുകളെഴുതിയാൽ മതിയാകും അങ്ങനെ ചെയ്താൽ അതു തിരിച്ചുനോക്കുമ്പോൾ ഓരോരുത്തരുടെയും പേര് ആദ്യം വരുമല്ലോ!” പ്രമാണിമാരുടെ പിണക്കത്തിന്റെ ചരിത്രസന്ദർഭം എന്തായിരുന്നു? ഇത് മനസ്സിലാക്കാൻ സി. കേശവന്റെ ആത്മകഥ നമ്മേ സഹായിക്കും. മലയാളികളുടെ സാമൂഹ്യ ജീവിതത്തിന്റെ സുപ്രധാന ചരിത്രരേഖകളിലൊന്നാണ് “ജീവിതസമരം” എന്ന ആത്മകഥ. കൊല്ലത്ത് വിവിധ ജാതികൾക്കിടയിൽ ആഴത്തിലും ഈഴവർക്കിടയിൽ വിശേഷമായും നിലനിന്നിരുന്ന ശ്രേണീപരമായ അധികാര അസമത്വവും ബലതന്ത്രവും ഈ പുസ്തകം വരച്ചുകാട്ടുന്നു. അദ്ദേഹം ഈഴവപ്രമാണിമാരെക്കുറിച്ച് എഴുതി: “ഈ ചാന്നാന്മാരുടെ പിറകിൽ അവരുടെ അവാന്തര വിഭാഗങ്ങളും അതിനുപിറകിൽ ‘ആയണ്ടാളങ്ങൾ’ എന്നുപറ യുന്ന “പൊതുജനങ്ങളും’ എല്ലാറ്റിനും പിറകിൽ, കുണ്ടൻ, വടുകൻ എന്നിങ്ങനെയുള്ള പേരുകളിൽ, ഒരു കാലത്ത് ഈ ചാന്നാന്മാർ അടിമകളായി വാങ്ങിയ ‘പുഴുക്ക’കളും ഉണ്ടായിരുന്നു. ഇവരെല്ലാം ചേർന്നതാണ് ഈഴവ സമുദായം.”
പ്രമാണിമാരായ ചാന്നാന്മാരുടെ ഈഴവർക്കിടയിലെ ജാതി മേൽക്കോയ്മ സി. കേശവന്റെ വിവരണത്തിൽ നിന്ന് വ്യക്തമാണ്. ജാതീയമായ ഈ മേൽക്കോയ്മ പലതരത്തിലുള്ള ഇടപാടുകളിലൂടെയാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. നിലവിൽ തയ്യാറാക്കിയ പട്ടികയിൽ പേര് അവസാനമായി സ്ഥാനപ്പെടുന്നതിലൂടെ പ്രമാണിമാരുടെ കോയ്മ പ്രകടമാവാതെ കീഴ്മയായി അട്ടിമറിയുന്നു. ഇതാണ് പ്രമാണിമാരുടെ പിണക്കത്തിന് കാരണം. എന്നാൽ ഈ പിണക്കത്തെ അപ്രസക്തമാക്കാൻ ഗുരു നൽകുന്ന നിർദേശത്തിലെ വിമർശനയുക്തി അസാധാരണവും അചിന്തനീയവുമാണ്. എന്തുകൊണ്ടെന്നാൽ, അദ്ദേഹത്തിന്റെ നിർദേശം ജാതി വിമർശനത്തോടൊപ്പം എഴുത്തിന്റെ ക്രമം നിർമിക്കുന്ന അധികാര വ്യവസ്ഥയെ കൂടിയാണ് തിരുത്തുന്നത്.
കടലാസിൽ വരച്ച വൃത്തത്തിന് ചുറ്റിലും പേരുകൾ എഴുതുമ്പോൾ പട്ടികയിലൂടെ/ എഴുത്തിന്റെ മുൻപിൻ ശ്രേണീക്രമത്തിലൂടെ ദൃശ്യമാവുന്ന (ജാതീയ) കോയ്മ ബന്ധങ്ങൾ പ്രത്യ ക്ഷത്തിൽ അപ്രസക്തമാക്കുന്നു. എന്നാൽ ഇതോടൊപ്പം ആളുകളുടെ ഒന്നാമനാവാനുള്ള തൃഷ്ണ സ്വകാര്യമായി തൃപ്തിപ്പെടാനുളള ഒരവസരവും നൽകുന്നു. കോയ്മവാസന പൊതു ദൃശ്യതയിൽ നിന്ന് അദൃശ്യമാവുകയും സ്വകാര്യ കാഴ്ചയിൽ പ്രത്യക്ഷമാവാൻ അവസരം ലഭിക്കുകയും ചെയ്യുന്ന ഒരു മായിക വലയമാണിത്. പരസ്യ കാഴ്ചയിലൂടെ കൊടിയേറുന്ന (ജാതി) അധികാരത്തെ രഹസ്യ കൺവെട്ടങ്ങളിൽ തളച്ചിടുന്ന ചെപ്പടിവിദ്യ. സംയമനവും സമയവും ജാതി ജീവിതത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് ആവശ്യമാണെന്ന് തോന്നിയതിനാലായിരിക്കാം ഇത്തരമൊരു സമീപനം ഗുരു സ്വീകരിച്ചത്. ഗുരു നിർദേശിച്ച ഈ വൃത്തബന്ധം പട്ടികയുടെ മുൻപിൻ ക്രമത്തെ അദൃശ്യമാക്കുന്നത് സവിശേഷമായാണ്. മുൻപിൻ സ്ഥാനക്രമത്തിലൂടെ പട്ടിക പിന്നോക്കരേയും മുന്നോക്കരേയും നിർമിക്കുമ്പോൾ വൃത്തം പൊതുവിൽ മുൻപിൻ ക്രമത്തെ അദൃശ്യമാക്കുന്ന ആദ്യമോ അവസാനമോ കാണാനാവാത്ത പാരസ്പര്യ ബന്ധത്തിലാണ് നിലയുറപ്പിക്കുന്നത്.
പരസ്പരാശ്രയത്തിന്റെ വട്ടിലാണ് ഈ ബന്ധങ്ങൾ ഉയിരെടുക്കുന്നതും ബലപ്പെടുന്നതും. ബാഹ്യമായ സമ്മർദത്തെ ഒരുമിച്ചുതാങ്ങുന്ന ആന്തരിക ശൂന്യതയാണ് വൃത്തരൂപത്തിനെ ചതുരത്തിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ചതുരങ്ങളുടെയും തൃകോണങ്ങളുടെയും വശങ്ങൾ ഒരു അകം നിർമിക്കുന്നുണ്ടെങ്കിലും പുറത്തുനിന്നുള്ള ബലപ്രയോഗത്തെ താങ്ങാൻ അവയുടെ മൂലകൾക്കുള്ള ബലം വശങ്ങൾക്കില്ല. ചതുരങ്ങളുടെ വട്ടില്ലായ്മയാണ് അവയുടെ ബലത്തെ അസമമാക്കുന്നത്. വൃത്ത ബന്ധത്തിലൂടെ ഗുരു നിർമൂലനം ചെയ്യുന്നത് ആളുകളെയും മറ്റ് എന്തിനെയും മുൻപിൻ അധികാര ബന്ധങ്ങളിലൂടെ സ്ഥാനപ്പെടുത്തുന്ന, വർഗീകരിക്കുന്ന, ഒന്ന് മറ്റൊന്നിനെക്കാൾ മികച്ചതാണ് ഭേദമാണ് എന്ന ഭേദചിന്തയെയാണ്. (ജാതി) പ്രമാണിമാർ അറിയാതെ അവരുടെ പ്രമാണമില്ലാതാക്കുന്ന ഒരു ഇടപാടാണിത്. പി.കെ.ബാലകൃഷ്ണൻ നിരീക്ഷിച്ചതുപോലെ ജാതി അധീശത്വത്തെ “എതിരറിയാതെ എതിർത്തുമാറ്റുക”യാണ് ഗുരു.
ജാതികൾ, മതങ്ങൾ, ദൈവങ്ങൾ, ദർശനങ്ങൾ എന്നിവയിലൂടെ നിരന്തരം നിർമിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന ഭേദചിന്തയെ ഗുരു ഉന്മൂലനം ചെയ്യുന്നത് പാരസ്പര്യത്തിന്റെ വൃത്തബന്ധത്തിലൂടെയാണ്. ജാതിഭേദത്തെ വിമർശിക്കുമ്പോൾ പശുവിൽ നിന്നും നായയിൽ നിന്നും വ്യത്യസ്തമായ മനുഷ്യരുടെ ഉണ്മയിൽ ഊന്നുന്ന ഗുരു അഭേദചിന്തയെ മനുഷ്യർക്കു മാത്രം ബാധകമാക്കുകയാണ്. ഇവിടെ മറ്റ് ജീവജാലങ്ങളോട് മനുഷ്യന് പൊതുവിലുള്ള ഭേദത്തെ, അതിന്റെ ഭവശാസ്ത്ര അസമത്വത്തെ, ഗുരു പരിഗണിക്കുന്നില്ല. ഇങ്ങനെ മനുഷ്യനെ മാത്രം അഭേദഗണമായി സങ്കൽപ്പിക്കുന്നതിന്റെ കാരണങ്ങൾ ഒരുപക്ഷേ ആഴവും പരപ്പുമുള്ളവയായിരിക്കാം. എന്നാൽ ഇതിൽ നിന്നും വിഭിന്നമായാണ് ദർശന ഭേദങ്ങളോടും ദൈവ ഭേദങ്ങളോടും ഗുരു ഇടപെടുന്നത്. ദർശന-ദൈവ ഭേദങ്ങൾക്കെതിരെ ഗുരു എങ്ങിനെയാണ് സമഗ്രമായി അഭേദചിന്ത രൂപപ്പെടുത്തുന്നതും പ്രയോഗിക്കുന്നതും എന്ന് അന്വേഷിക്കുകയാണ് ഇനി നമ്മൾ ചെയ്യുന്നത്. ഗുരു മുന്നോട്ടുവെച്ചതും പ്രാവർത്തികമാക്കാൻ ശ്രമിച്ചതുമായ ജീവിതചിന്തയിൽ വ്യത്യസ്ത ദർശനങ്ങൾ ഏതുനിലയിലാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണിവിടെ.
ഗുരുവിന്റെ ദർശന വൃത്തം
ഗുരു ആവിഷ്ക്കരിച്ച ജീവിത ചിന്തയിലെ ദർശനങ്ങളുടെ വൃത്തബന്ധത്തെ കൂടുതൽ മനസ്സിലാക്കാൻ ഇസ്ലാമിക ക്രിസ്തീയ ദർശനങ്ങൾ എങ്ങിനെയാണ് അദ്ദേഹത്തിന്റെ അഭേദചിന്തയിൽ പങ്കു ചേർന്നതെന്ന് അറിയേണ്ടതുണ്ട്. ഇസ്ലാമിക ദർശനത്തിന്റെ ഇടപെടൽ അനുകമ്പാദശകത്തിലെ “കരുണാവാൻ നബി മുത്തുരത്നമോ” എന്ന നിദർശനത്തിലോ ഇസ്ലാം മതവിശ്വാസികളുമായുള്ള സൗഹൃദത്തിലോ ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ച് ഇസ്ലാമിക ദർശനം ഗുരുവിന്റെ അഭേദചിന്തയിലെ മുഖ്യമായൊരു കണ്ണിയാണ്. അനുകമ്പാദശകം ഇതിന് തെളിവ് നൽകുന്നു.
ഉരുവാം ഉടൽവിട്ട് കീർത്തിയാം
ഉരുവാർന്ന് ഇങ്ങ് അനുകമ്പ നിന്നിടും
എന്നാണ് അനുകമ്പയെ ഗുരു നിർവചിക്കുന്നത്. ഇത് പ്രതിഫലിപ്പിക്കുന്നത് ബൗദ്ധദർശനത്തോടൊപ്പം ഇസ്ലാമിക നൈതികതയെ കൂടിയാണ്. സ്വന്തം ശരീരത്തിൽനിന്ന് വിട്ട് സ്വപ്രശസ്തിയുടെ ജീവരൂപമായ ശരീരത്തിൽനിന്നകന്ന് അനുകമ്പ നിൽക്കുന്നു എന്നാണിതിനർഥം. അശരണരോട് കരുണ കാണിക്കുമ്പോൾ അന്യനെ ധനപരമായി സഹായിക്കുമ്പോൾ കരുണ ചെയ്യുന്ന/സഹായം ചെയ്യുന്ന ആൾ അദൃശ്യനായിരിക്കണമെന്ന ഇസ്ലാമിക ലോകവീക്ഷണമാണ് അനുകമ്പയുടെ പ്രയോഗത്തെ നിർവചിക്കാൻ ഗുരു ഉപയോഗിച്ചിട്ടുള്ളത്. അനുകമ്പാദശകത്തിലെത്തന്നെ
അരുളാൽ വരുമിമ്പമൻപക-
ന്നൊരുനെഞ്ചാൽ വരുമല്ലലൊക്കെയും
എന്ന വരികൾ കരുണ ചെയ്യുമ്പോൾ സന്തോഷം ഉണ്ടാകുമെന്നും സ്നേഹം ഇല്ലാത്ത മനസ്സിൽ കഷ്ടതകൾ ഉണ്ടാകുമെന്നും കരുണയെയും സ്നേഹത്തെയും സമീകരിച്ചുകൊണ്ട് നിർവചിക്കുന്നതാണ്. അരുൾ, അൻപ്, അനുകമ്പ തുടങ്ങിയ ബൗദ്ധ, ശൈവ, സിദ്ധ ജീവിതസങ്കൽപ്പനങ്ങളോടൊപ്പം ക്രിസ്തീയ വചനങ്ങളിലെ സ്നേഹമെന്ന കൽപ്പനയെക്കൂടി ഉൾക്കൊള്ളുന്നതാണീ നിർവചനം. ശങ്കരാചാര്യരുടെ ജഗത്മിഥ്യാവാദം എങ്ങിനെയാണ് മനസ്സിലാക്കുക എന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ചോദ്യത്തിന് ഗുരുനൽകുന്ന വിശദീകരണം ദർശനഭേദങ്ങളെ ഇല്ലായ്മ ചെയ്യാൻ വൃത്തദർശനം ചമക്കുന്നതിന് ഉദാഹരണമാണ്. ഗുരു ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞത് മുമ്പിൽ കണ്ടൊരു കെട്ടിടം ചൂണ്ടികാട്ടിയാണ്. ഗുരു പറഞ്ഞു: “കെട്ടിടം പിരിച്ച് കല്ലും മരവുമായി താഴെയിട്ടാൽ പിന്നെ കെട്ടിടമുണ്ടോ? ഇല്ല. പിരിച്ചതിനുശേഷം ഇപ്പോൾ കെട്ടിടം എന്നൊന്നില്ലെങ്കിൽ അതു മുമ്പുണ്ടായിരുന്നുവെന്ന് എങ്ങനെ പറയാം, ഇല്ലാത്തത് ഉണ്ടാകുമോ? ഇല്ല. അപ്പോൾ കെട്ടിടം എന്നത് ഒരു വ്യവഹാരം മാത്രമായിരുന്നു. അതിനു വാസ്തവികമായ സത്തയില്ല. ഇതുപോലെ കെട്ടിടത്തിന്റെ ഘടകങ്ങളായ കല്ലും മരവും പിരിച്ചുനോക്കുമ്പോൾ അവയും നാമരൂപങ്ങൾ മാത്രമായിരുന്നു എന്നുകാണാം. ഇങ്ങനെ നാമരൂപാത്മകമായ ജഗത്തിന് ആത്യന്തികമായ സത്തയില്ലെന്നും, അത് മിഥ്യയാണെന്നും, ബ്രഹ്മം മാത്രമെ സത്യമായിട്ടുള്ളൂ എന്നും സ്വാമി ഉദാഹരണ സഹിതം സമർഥിച്ചു.”
ഗുരു ഇവിടെ ഉപയോഗിച്ചിട്ടുള്ള വിശകലന ഉപാധി ബുദ്ധ ദർശനത്തിൽ നിന്നുമെടുത്തിട്ടുള്ളതാണ്. ബൗദ്ധദാർശനികനായ നാഗാർജുനൻ രൂപപ്പെടുത്തിയ ശൂന്യതാവാദത്തിന്റെ വിശകലനോപാധിയാണ് ഗുരു ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇതോടൊപ്പം ചിന്തയുടെ/ മനസ്സിന്റെ/ ഭാഷയുടെ നിർമിതിയാണ് ലോകം എന്ന വീക്ഷണവും ഗുരു കൂട്ടിച്ചേർക്കുന്നു. ഈ വിശകലന വീക്ഷണ ഉപാധികൾ ഉപയോഗിച്ചുകൊണ്ട് ബ്രഹ്മം മാത്രമാണ് പരമസത്യം എന്ന ശങ്കര വേദാന്തത്തെ സമർഥിക്കുകയാണ് ഗുരു. സാമ്പ്രദായികമായി ശങ്കരന്റെ തന്നെ വിശകലന സാമഗ്രികൊണ്ട് ഉത്തരം നൽകാവുന്ന ചോദ്യ മാണ് കൃഷ്ണപിള്ളയുടേത്. കാരണം, കയറുകാണുമ്പോൾ പാമ്പാണെന്ന് തോന്നുന്ന പോലെയാണ് മായയായ ലോകം യാഥാർഥ്യമാണെന്ന് തോന്നുന്നത് എന്നാണ് ശങ്കരൻ ജഗത് മിഥ്യാവാദത്തിന് നൽകുന്ന വിശദീകരണം. മറ്റൊരുതരത്തിൽ പറഞ്ഞാൽ പരബ്രഹ്മമാണ് പരമാത്മാവാണ് ഉണ്മയുടെ ആത്യന്തിക സത്ത എന്ന വൈദിക ദർശനങ്ങളുടെ വാദത്തിന്റെ അർഥശൂന്യത തുറന്നുകാട്ടാൻ (അതായത് ബ്രഹ്മം ഇല്ല, സത്ത ഇല്ല എന്നു കാണിക്കാൻ) നാഗാർജുനൻ രൂപപ്പെടുത്തിയ ശൂന്യതാവാദത്തിന്റെ വിശകലനോപാധിയെ കടകവിരുദ്ധമായി ഉപയോഗിച്ചുകൊണ്ട് ബ്രഹ്മമാണ് ആത്യന്തിക സത്യം എന്നു സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ഗുരു. ഈ വിശകലനം തർക്കശാസ്ത്രപരമായി വക്രയുക്തിയിലും വ്യാജപ്രമാണത്തിലുമാണ് നില ഉറപ്പിച്ചിരിക്കുന്നത്. പക്ഷേ ഈ വിശകലനത്തിലൂടെ ഗുരു തേടുന്നത് ദർശനഭേദത്തെ നിർമൂലനം ചെയ്യുകയെന്ന മാർഗമാണ്.
മറ്റ് രണ്ടു സന്ദർഭങ്ങളിലും ഗുരു ഇത്തരത്തിൽ അഭേദദർശനം വിശദീകരിച്ചിട്ടുണ്ട്. “ഗുരു ബുദ്ധമതക്കാരനാണോ?” എന്ന ഒരു ബുദ്ധമത വിശ്വാസിയുടെ ചോദ്യത്തിന് ഗുരു നൽകുന്ന മറുപടി ഇത്തരത്തിലൊന്നാണ്. ഗുരു പറയുന്ന ഉത്തരം ബുദ്ധൻ അദ്വയവാദി ആയതുകൊണ്ട് ഞാൻ ബുദ്ധമതക്കാരനാണെന്നാണ്. ബുദ്ധ ദർശനത്തെ സംബന്ധിച്ച് അദ്വയവാദം എന്താണ്? അത് രണ്ട് അല്ല, പലതാണെന്ന പ്രതീത്യസമുത്പാദ വാദമാണോ? അല്ലെങ്കിൽ ഗുരു കരുതുന്നതുപോലെ രണ്ടല്ല, ഒന്നാണെന്ന അദ്വൈത വാദമാണോ? ഗുരുവിന്റെ മാർഗം അഭേദചിന്തയാണ് എന്നതുകൊണ്ടാകാം ഈ ചോദ്യങ്ങളെ ഗുരു അഭിസംബോധന ചെയ്യാത്തത്.
ഇസ്ലാം മതക്കാരനായ ഒരു പോലീസ് ഓഫീസറോട് ഗുരു നടത്തുന്ന സംവാദമാണ് മറ്റൊരു സന്ദർഭം. ഗുരു പറഞ്ഞു: “അല്ലാഹു എന്ന വാക്കിൽ ‘ഇല്ല’ എന്ന അർഥമാണ് അടങ്ങിയിരിക്കുന്നത്. “ഇല്ലാത്തവനാണ് അവൻ’ എന്നാൽ ഈ ബാഹ്യപ്രപഞ്ചത്തിൽ നിന്നും അന്യമായ ഒരു വസ്തു. പ്രാപഞ്ചികമായ അളവുകോലും വർണനകളും നോക്കിയാൽ ‘ഇല്ലാത്തവൻ’ എന്നുള്ള അർഥമാണ് ഈ ദൈവ ശബ്ദത്തിനുളളത്.” പോലീസ് ഓഫീസർ മറുപടി പറഞ്ഞത് ഭാഷാശാസ്ത്രപരമായ വ്യാഖ്യാനത്തിലൂ ടെയാണ്. “അൽ’ എന്നാൽ ‘തൽ’, ‘ല്ല’ എന്നാൽ ‘ഇല്ല’. ‘ഹു’ എന്നാൽ ‘അവൻ’.” അതായത് “ഏത് ഇല്ലാത്തതോ അത് അവൻ തന്നെയാണ് ” എന്ന് അദ്ദേഹം വിശദീകരിച്ചു. ദൈവം എന്നാൽ “ബാഹ്യപ്രപഞ്ചത്തിൽ നിന്നും അന്യമായ ഒരു വസ്തു” എന്നാണ് ഗുരു സമർഥിക്കുന്നത്. പക്ഷേ അദ്വൈത ദർശനത്തിൽനിന്നും ശൂന്യതാവാദത്തിൽ നിന്നും വ്യത്യസ്തമായ എന്ത് ദാർശനിക പരിസരമാണ് അല്ലാഹു എന്ന വാക്കിന്റെ അർഥത്തിനുള്ളത് എന്ന് ഗുരു ഇവിടെ അന്വേഷിക്കുന്നില്ല. ശങ്കര അദ്വൈതവും ഇസ്ലാമിക ദർശനവും തമ്മിലുള്ള ദർശനഭേദത്തെ നിരാകരിക്കുകയാണ് ഗുരുവിന്റെ മാർഗം എന്നതുകൊണ്ടാകും അദ്ദേഹം മേൽപറഞ്ഞ അന്വേഷണത്തിന് മുതിരാതിരുന്നത്.
ഗുരു തന്റെ ജീവിത ചിന്തയെ ആവിഷ്ക്കരിക്കാൻ സ്വീകരിച്ചിട്ടുള്ള വൃത്തബന്ധത്തെ തമിഴ്-മലയാള കാവ്യശാസ്ത്ര പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലും കാണാവുന്നതാണ്. തമിഴ്-മലയാള കാവ്യ ശാസ്ത്ര സമ്പ്രദായമനുസരിച്ച് പാട്ടുകൾ അഥവാ പാടൽകൾ ഉണ്ടാകുന്നത് കവികെട്ടുമുറയിലൂടെയാണ്. ഭാഷയിൽ ലഭ്യമായ നികത്തുമൊഴികൾ, അലങ്കാരചൊല്ലുകൾ, മുറിശീലുകൾ എന്നിവ തിരഞ്ഞെടുത്ത് കാവ്യാത്മകമായി കൂട്ടിക്കെട്ടി ആശയം മെനയുന്ന ആവിഷ്ക്കാര സമ്പ്രദായത്തിനാണ് കവികെട്ടുമുറ എന്ന് പറയുന്നത്. ദർശനങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പുതിയ അർഥങ്ങളും ചിന്തകളും ഉത്പാദിപ്പിക്കുന്ന ഗുരുവിന്റെ ആവിഷ്ക്കാര രീതിയെ ദാർശനിക കെട്ടുമുറയായി കാണാവുന്നതാണ്. ദർശനങ്ങളെ പരസ്പരം കൂട്ടിക്കെട്ടി ദർശനഭേദത്തെ ഇല്ലായ്മ ചെയ്ത് നവീനമായ ദർശനവൃത്തം ചമക്കുകയും പുതിയ ദർശനമാല കൊരുക്കുകയുമാണ് ഗുരു ചെയ്യുന്നത്.
കുറുക്കിപ്പറഞ്ഞാൽ ജീവിതമാകുന്ന ചിന്തയിൽ ഗുരുദർശനങ്ങളെ ഒന്ന് മറ്റൊന്നിനെ വ്യാഖ്യാനിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വിശദീകരിക്കുന്നതിനും ഉപയോഗിച്ചു. ഇങ്ങനെ ദർശനങ്ങ ളുടെ പരികൽപനാപരമായ വ്യത്യാസങ്ങളിൽ ഊന്നാതെ പരസ്പരം സമീകരിച്ച് വ്യാഖ്യാനിക്കുന്നതിലൂടെ ദർശനഭേദത്തെ ഇല്ലായ്മ ചെയ്തു. മാത്രമല്ല, ദർശനങ്ങളെ അവയുടെ ദാർശനിക ചരിത്ര സന്ദർഭങ്ങളിൽ നിന്നും യുക്തിയുക്തക്രമത്തിൽ നിന്നും വേർപിരിച്ച് പുതിയ കലർപ്പുകൾക്ക് വിധേയമാക്കി വ്യാഖ്യാനിക്കുന്നതിലൂടെ ഈ ദർശനങ്ങളുടേതെന്ന് കരുതപ്പെടുന്ന മൂലപാഠത്തെ അസ്ഥാനത്താക്കുകയും അതിലൂടെ അവയുടെ ‘മൗലികത’യെത്തന്നെ ന്യൂനീകരിക്കുകയും ചെയ്തു. ഇത് ഒരു തരത്തിൽ ദർശന മൗലികവാദത്തിലൂടെ അധീശപരമാകുന്ന ജ്ഞാനപ്രമാണിത്വത്തിന്റെ അധികാരത്തെയാണ് അസ്ഥിരപ്പെടുത്തുന്നത്.
മറ്റൊരുതരത്തിൽ പറഞ്ഞാൽ, വൈരുദ്ധ്യവാദം ചെയ്യുന്നപോലെ ദർശനങ്ങൾ തമ്മിലുള്ള വ്യത്യാസത്തെ തുറന്നുകാട്ടിക്കൊണ്ട് രേഖീയമായി ഈ ദർശനങ്ങൾ തമ്മിലുള്ള വൈരുദ്ധ്യബന്ധത്തെ വികസിപ്പിച്ച് പുതിയ ഒരു ദർശനം നിർമിക്കുകയല്ല ഗുരു ചെയ്യുന്നത്. മറിച്ച്, ദർശനങ്ങളെ വൃത്തബന്ധത്തിൽ കലർത്തിക്കൊണ്ട് പാരസ്പര്യത്തിന്റെയും സമീകരണത്തിന്റെയും വൃത്തദർശനം രൂപപ്പെടുത്തുകയാണ് ഗുരു. ഈ വൃത്തദർശനം ദർശനങ്ങൾ തമ്മിലുണ്ടാകാനിടയുള്ള മൗലികവാദപരമായ ഭേദചിന്തയെ ഇല്ലാതാക്കുന്നതോടൊപ്പം ഗുരുവിന്റെ അഭേദദർശനത്തിന്റെ ആവിഷ്ക്കാരത്തിനുള്ള മാർഗവുമായിത്തീരുന്നു. ഗുരു ആവിഷ്ക്കരിച്ച ഈ ദർശനം നവീനമാകുന്നത് മൗലികതക്ക് പകരമായി കലർപ്പിനെ സ്ഥാപിക്കുന്നതിലൂടെയാണ്.
മാതൃഭൂമി ആഴ്ചപ്പതിപ് പ്രസിദ്ധീകരിച്ച അഭേദചിന്തനം എന്ന ലോഖനത്തിന്റെ സംക്ഷിപ്ത രൂപം. ലേഖനം പൂർണമായി വായിക്കാം: അഭേദചിന്തനം


Comments are closed.