ഇസ്‌ലാമും ആതിഥേയത്വവും അധ്യായം രണ്ട്

ആതിഥേയത്വവുമായി ബന്ധപ്പെട്ട ഇസ്‌ലാം, ക്രൈസ്തവ, ജൂത മതങ്ങളിലെ ദൈവശാസ്ത്രപരമായ ആലോചനകളിൽ ഇബ്‌റാഹീം നബി (അ) (അബ്രഹാം പ്രവാചകൻ) തന്റെ അപരിചിതരായ അതിഥികൾക്ക് നൽകിയ സ്വീകരണം പ്രധാനമായത് കൊണ്ട് അപരിചിതൻ അല്ലെങ്കിൽ വഴിയാത്രക്കാരൻ / യാത്രക്കാരൻ തുടങ്ങിയവരെ സ്വീകരിക്കുകയും, അവർക്ക് ഇടം നൽകുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ സംഭവത്തെ ഖുർആനും ബൈബിളും എങ്ങിനെ സമീപിച്ചു എന്ന് പരിശോധിക്കേണ്ടതുണ്ട്. ഖുർആൻ ഇബ്‌റാഹീം നബിയെ (അ) ‘മനുഷ്യരാശിയുടെ നേതാവ്/ മാതൃക’ എന്ന് വിളിക്കുകയും, ദൈവത്തിന് സ്വയം സമർപ്പിക്കുകയും ‘ദൈവത്തിന്റെ സുഹൃത്ത്’ (ഖലീലുല്ലാഹ്) എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഇബ്‌റാഹീം നബിക്ക് (അ) സ്വന്തമായി ദേശമോ, കുടുംബമോ ഉണ്ടായിരുന്നില്ല. എന്നിട്ടും ദൈവം മുഴുവൻ ഇടങ്ങളും, ദേശങ്ങളും പ്രവാചകന് അനുഗ്രഹമായി നൽകി.

ഖുർആനിലെയും ബൈബിളിലെയും വിവരണങ്ങളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും ധാർമ്മിക സന്ദേശത്തിൽ സമാനത പുലർത്തുന്നതായി കാണാം. രണ്ട് പതിപ്പുകളും പ്രവാചകന്റെ അതിഥികളെ സ്വീകരിക്കാനുള്ള സന്നദ്ധതയും, ആവേശവും വ്യക്തമാക്കുന്നുണ്ട്. അതിഥികൾ തങ്ങൾക്ക് ലഭിച്ച സ്വീകരണത്തിന് പ്രതിഫലമായി അവർക്ക് പിറക്കാനിരിക്കുന്ന മകനെക്കുറിച്ചുള്ള സന്തോഷ വാർത്ത അറിയിക്കുന്നു. ഏകദൈവ മതങ്ങളുടെ പിതാവായ ഇബ്‌റാഹീം നബിയെക്കുറിച്ചുള്ള ഈ കഥ അപരിചിതരെയും, അതിഥികളെയും, അപരിചിതരെയും സ്വാഗതം ചെയ്യുന്നതിൽ പുലർത്തേണ്ട നിസ്വാർത്ഥതയെക്കുറിച്ചും തുറന്ന മനസ്സിനെക്കുറിച്ചും സൂചിപ്പിക്കുന്നതാണ്. അപരിചിതരെ സ്നേഹത്തോടെയും കരുതലോടെയും സ്വാഗതം ചെയ്യുമ്പോൾ അവരുടെ സാന്നിധ്യം തങ്ങൾക്ക് ഒരു അനുഗ്രഹമായിത്തീർന്നേക്കാം എന്ന ആശയവും ഈ സംഭവത്തിൽ അന്തർലീനമാണ്.

ഇസ്‌ലാമിക അധ്യാപനങ്ങൾ അതിഥികൾക്കും, പാവപ്പെട്ടവർക്കും ഭക്ഷണം നൽകുന്നതിന്റെ ആവശ്യകതയെക്കുറിച്ചും, മര്യാദകളെക്കുറിച്ചും, പ്രതിഫലത്തെക്കുറിച്ചും വിശാലമായി ചർച്ച ചെയ്യുന്നുണ്ട്. വിശന്നവർക്ക് ഭക്ഷണം നൽകുക എന്നത് ആതിഥ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് എങ്കിലും ആതിഥേയത്വം എന്നത് നിരവധി അടരുകളും ആഴവുമുള്ള ആശയമാണ്. ക്ഷണിക്കപ്പെട്ട അതിഥികളെ സൽക്കരിക്കുക എന്നതിനപ്പുറം അപരിചിതരായ, പ്രതീക്ഷിക്കപ്പെടാത്ത ആളുകളെ സ്വീകരിക്കുന്നതിനെക്കൂടി പാരമ്പര്യ സമുദായങ്ങളെ സംബന്ധിച്ചിടത്തോളം ആതിഥേയത്വം അർത്ഥമാക്കുന്നുണ്ട്. കടന്നുവരുന്ന അപരിചിതൻ പാവപ്പെട്ടവനോ, സമ്പന്നനോ, വഴിയാത്രക്കാരനോ, വിദേശിയോ എല്ലാം ആവാം.

ഖുർആനും, സുന്നത്തും (പ്രവാചക മാതൃക) പലപ്പോഴും ആതിഥ്യമര്യാദയെ ദാനധർമ്മത്തോട് ചേർക്കുന്നത് കാണാം. നൽകലിനെ  ആതിഥ്യത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്. ആതിഥേയത്വത്തെ കുറിച്ചുള്ള വിവരണങ്ങളും പ്രധാനമായും ദരിദ്രരെയും ദാരിദ്ര്യത്തെയും കേന്ദ്രീകരിച്ചാണ് എന്ന് കാണാം. ഒരിക്കൽ ഒരാൾ പ്രവാചകന്റെ അടുത്ത് വന്ന് ‘ദൈവദൂതരേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു’ എന്ന് പറഞ്ഞു ‘എങ്കിൽ ദാരിദ്ര്യത്തിന് തയ്യാറെടുക്കൂ’ എന്നായിരുന്നു പ്രവാചകന്റെ മറുപടി. ഇത് അനിവാര്യമായും ദാരിദ്ര്യത്തെ അർത്ഥമാക്കണമെന്നില്ല, മറിച്ച് ദൈവമുമ്പാകെ താഴ്മ പുലർത്തുക എന്നോ, ദരിദ്രരെ സ്നേഹിക്കുക എന്നോ അർത്ഥമാക്കാം. ഖുർആൻ ദരിദ്രരെ കൂടുതൽ മാന്യമായി പരിഗണിക്കുന്ന ഒരു പുതിയ സാമൂഹിക ക്രമത്തിന്റെ ബ്ലൂപ്രിന്റ് മുന്നോട്ട് വെക്കുന്നുണ്ട് എന്ന് മൈക്കൽ ബോന്നർ നിരീക്ഷിക്കുന്നുണ്ട്. പക്ഷേ, ‘ഖുർആൻ പരാമർശിക്കുന്ന ദരിദ്രർ ആരാണ്? അവരുടെ ഗുണഭോക്താക്കൾ ആരായിരുന്നു? എന്ന് ബോന്നർ ചോദിക്കുന്നുണ്ട്. ദരിദ്രരെ സംബന്ധിച്ചിടത്തോളം, ഖുർആൻ അവരുമായി ഇടപഴകുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകുക മാത്രമല്ല ചെയ്യുന്നത്, അതോടൊപ്പം സാമ്പത്തിക പ്രവർത്തനവുമായി ബന്ധപ്പെട്ട ചിന്തകളും, പെരുമാറ്റ രീതികളും നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടത്തിൽ ദാരിദ്ര്യവും, സാമ്പത്തിക പ്രവർത്തനവും പരസ്പരം ബന്ധപ്പെട്ടായിരുന്നു നിന്നിരുന്നത്. ഇസ്‌ലാം സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരുതരം “ദാരിദ്ര്യ സമ്പദ്‌വ്യവസ്ഥ” നിലനിർത്തുന്നുണ്ട് എന്ന് പറയാം.

സമ്പത്തിന്റെ ശുദ്ധീകരണത്തെയും, അധിക സമ്പത്തിന്റെ പുനർ വിതരണത്തെയും കുറിച്ചുള്ള ഖുർആനിലെ പരാമർശങ്ങൾ ദാനധർമ്മത്തെയും, ഔദാര്യത്തെയും, ദാരിദ്ര്യത്തെയും കുറിച്ചുള്ള ഇസ്‌ലാമിന്റെ വ്യതിരിക്തമായ ചിന്തയെ ചിത്രീകരിക്കുന്നുണ്ട്. മുസ്‌ലിം പണ്ഡിതർ നിരാലംബരെ ‘ഫുഖാറാ’ എന്നും ദരിദ്രരെ ‘മസാകീൻ’ എന്നും വേർതിരിക്കുന്നുണ്ട്. അതേസമയം ഫുഖാറാ ആളുകളോട് സഹായം ആവശ്യപ്പെടാത്തവർ എന്ന അർത്ഥത്തിലും, യാചിക്കുന്നവരെ മസാകീൻ എന്ന അർത്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ട്. ഈ ലോകത്തിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ ദൈവത്തിൽ നിന്ന് മാത്രം പ്രതീക്ഷിക്കുന്നവർ എന്ന അർത്ഥത്തിൽ ‘ദൈവത്തിൽ അഭയം തേടുക’ എന്ന ആശയം ഇസ്‌ലാമിക ചിന്തയിലുടനീളം പ്രകടമാകുന്ന ആശയമാണ്.

അതിഥികൾക്ക് പുറമേ വഴിയാത്രക്കാരെയും (ഇബ്നു സബീൽ), അയൽക്കാരെയും (ജാർ) കുറിച്ചുള്ള നിരവധി പരാമർശങ്ങളും അവരുമായി പുലർത്തേണ്ട ധാർമ്മികമായ കടമകളിലേക്കും വിരൽ ചൂണ്ടുന്ന നിർദ്ദേശങ്ങളും ഖുർആനിൽ ധാരാളമായി കാണാനാവും:

നിങ്ങള്‍ അല്ലാഹുവിന് ആരാധന ചെയ്യുക; അവനോട് യാതൊരു വസ്തുവിനെയും പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍, ബന്ധുക്കള്‍, അനാഥർ, അഗതികള്‍, ബന്ധമുള്ള അയല്‍വാസി, ബന്ധമില്ലാത്ത അയല്‍വാസി, ഒന്നിച്ചു വസിക്കുന്ന കൂട്ടുകാരന്‍, യാത്രക്കാരന്‍, നിങ്ങള്‍ ഉടമയാക്കിയവര്‍ എന്നിവര്‍ക്കും നന്മ ചെയ്യുക. നിശ്ചമായും അഹങ്കാരിയെയും ദുരഭിമാനിയെയും അല്ലാഹു സ്‌നേഹിക്കുന്നതല്ല

Quran 4: 36.

ജാരി ദിൽ ഖുർബ, വൽ ജാരിൽ ജുനുബ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത തരം അയൽക്കാരെക്കുറിച്ച് ഖുർആൻ സൂചിപ്പിക്കുന്നുണ്ട്. യൂസഫ് അലി ‘ബന്ധുക്കളായ അയൽക്കാർ’ എന്നും ‘അപരിചിതരായ അയൽക്കാർ’ എന്നും ഇതിനെ വിവർത്തനം ചെയ്യുന്നുണ്ട്. ‘അപരിചിതരായ അയൽക്കാർ’ എന്നതിൽ വിദൂരത്ത് താമസിക്കുന്നവരും നമുക്ക് പരിചയമില്ലാത്തവരും ഉൾപ്പെടുന്നുണ്ട് എന്നാണ് ഇതിനെ അദ്ദേഹം വിശദീകരിക്കുന്നത്. മധ്യകാല മുസ്‌ലിം സമൂഹത്തിലെ ‘അപരിചിതൻ’ എന്ന ആശയം വിശകലനം ചെയ്‌തുകൊണ്ട് ഫ്രാൻസ് റോസെന്താൽ ‘അന്യന്‍’ (ഗരീബ്), ‘അപരിചിതൻ’ (അജ്നബ്) എന്നിവയുടെ ഖുർആനിലെ അസാന്നിദ്ധ്യത്തെക്കുറിച്ച് എഴുതുന്നുണ്ട്. എന്നാൽ ഗരീബ് എന്ന പദം ഹദീസിൽ (പ്രവാചക വചനം) അപരിചിതൻ എന്ന അർത്ഥത്തിൽ പലപ്പോഴായി ഉപയോഗിക്കുന്നുണ്ട്. ആതിഥേയത്വം എന്ന ആശയം  അപരിചിതനെ ഉൾക്കൊള്ളിക്കുന്നുണ്ട്. എന്നാൽ മുസ്‌ലിം സമൂഹങ്ങളിൽ എല്ലായിടത്തും അപരിചിതരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നിട്ടും വിശ്വാസികളുടെ സമൂഹത്തിനകത്തും, മുസ്‌ലിംകൾ രാഷ്ട്രീയ അധികാരത്തിലിരുന്ന സ്ഥലങ്ങളിലും “അപരിചിതൻ” എന്ന പ്രത്യേകമായ ഒരു കേറ്റഗറി നിലനിന്നിരുന്നില്ല എന്ന് റോസെന്താൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദർശപരമായി ഓരോ മുസ്‌ലിമും മറ്റൊരു മുസ്‌ലിമിന് അപരിചിതനല്ല എന്നതിനാൽ ഒരു പ്രത്യേക വിഭാഗമായി കാണാൻ കഴിയാത്തതാവാം ഇതിന് കാരണം.

ചില ഭാഷകളിൽ കാണപ്പെടുന്ന ‘അപരിചിതൻ’ എന്ന പദത്തിൽ ഉള്ളടങ്ങിയ ‘ശത്രു’ എന്ന സൂചന അജ്‌നബി, ഗരീബ്‌ എന്നീ രണ്ട് പദങ്ങളിലുമില്ല. ഇന്ന് അജ്നബി എന്ന പദം വിദേശി അഥവാ മറ്റൊരു ദേശീയതയുടെ ഭാഗമായവൻ എന്ന് അർത്ഥമാക്കാമെങ്കിലും മധ്യകാല മുസ്‌ലിം സമൂഹങ്ങളിൽ അങ്ങിനെ ഒരു അർത്ഥമുണ്ടായിരുന്നില്ല. ഇത് ക്ലാസിക്കൽ ആന്റിക്വിറ്റിയിലെ പലപ്പോഴും ഒരു പ്രശ്‌നമായി കാണുന്ന അപരിചിതന്റെ സങ്കൽപ്പത്തിന് വിരുദ്ധമാണ്. ‘അപരിചിൻ’ എന്ന ആശയം എത്രമാത്രം അവ്യക്തതകൽ നിറഞ്ഞതായിരുന്നു എങ്കിലും അപരിചിതനോടുള്ള മുസ്‌ലിം ലോകത്തെ പെരുമാറ്റം സെനോഫോബിക്ക് ആയിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മധ്യകാല മുസ്‌ലിം സമൂഹത്തിൽ തന്റെ യഥാർത്ഥ താമസസ്ഥലം വിട്ട് പോയ എല്ലാവരും അപരിചിതരായി കണക്കാക്കാം. ഇവിടെ തന്റെ ആവശ്യങ്ങൾക്കായി വീട്ടിൽ നിന്ന് പോകുന്നവരും, വിദേശത്ത് താമസിച്ച് മടങ്ങാനുള്ള ആഗ്രഹം ക്രമേണ നഷ്ടപ്പെട്ട് സ്ഥിരതാമസമാക്കുന്നവരും, താമസ സ്ഥലം മാറ്റുന്നതിനെക്കുറിച്ചുള്ള ചിന്തകളില്ലാതെ യാത്ര ചെയ്യുന്ന തീർഥാടകർ, വ്യാപാരികൾ, ഭാഗ്യാന്വേഷകർ, യാചകർ, സ്വന്തമായി വീട് എന്നോ നാട് എന്നോ വിളിക്കാൻ ഇടമില്ലാതെ അലഞ്ഞു നടക്കുന്നവർ അടക്കമുള്ള വിവിധ തരക്കാരായ മനുഷ്യർക്കിടയിൽ കൃത്യമായ വിഭജനം സാധ്യമല്ല എന്ന് റോസെന്താൽ കൂട്ടിച്ചേർക്കുന്നുണ്ട്.

അയൽവാസികളുടെ അടുപ്പം എന്നത് ആത്മീയമാണോ, ബൗദ്ധികമാണോ എന്ന ആലോചനകൾ സാധ്യമാണ് എങ്കിലും ഖുർആനിന്റെ കൽപ്പന അടുപ്പമുള്ളവരും അല്ലാത്തവരുമായ അയൽവാസികൾ തമ്മിലുള്ള പെരുമാറ്റത്തിൽ വ്യത്യസ്തത പുലർത്താൻ ആവശ്യപ്പെടുന്നില്ല എന്ന് കാണാം. ‘അയൽവാസി’ എന്നത് ഇസ്‌ലാമിക ചിന്തയിൽ അഭിപ്രായ വൈവിധ്യങ്ങളുള്ള കാറ്റഗറിയാണ്. എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ശാഫിഈ പണ്ഡിതനായ ദഹബി ‘അയൽക്കാരനോട് അപരാധം ചെയ്യുന്നത്’ എഴുപത് പ്രധാന പാപങ്ങളുടെ പട്ടികയിൽ അമ്പത്തിരണ്ടാമത്തേതായി എണ്ണുന്നുണ്ട്. “ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ അയൽക്കാരനെ ദ്രോഹിക്കുകയില്ല” എന്ന പ്രവാചക വചനം അദ്ദേഹം അതോടൊപ്പം ഉദ്ധരിക്കുന്നുണ്ട്. അയൽവാസികൾക്കിടയിലുള്ള വ്യത്യാസത്തെയും അവർക്കുള്ള അവകാശത്തെയും സൂചിപ്പിക്കാനായി അദ്ദേഹം പ്രവാചക വചനങ്ങൾ ഉദ്ധരിക്കുന്നുണ്ട്:

നിങ്ങളുടെ അയൽക്കാരൻ ഒരു ബന്ധുവും മുസ്‌ലിമുമാണെങ്കിൽ അയാൾക്ക് നിങ്ങളുടെ മേൽ മൂന്ന് അവകാശമുണ്ട്: അയൽക്കാരനും, ഒരു മുസ്‌ലിംമും, ബന്ധുവും ആണ് എന്ന നിലക്ക്. അയൽക്കാരൻ ബന്ധു അല്ലാത്ത മുസ്‌ലിം ആണെങ്കിൽ അയാൾക്ക് രണ്ട് അവകാശങ്ങളുണ്ട്, അതേസമയം അദ്ദേഹം ഒരു അമുസ്‌ലിം ആണെങ്കിൽ, അയാൾക്ക് അയൽവാസിയാണ് എന്ന നിലക്ക് നിങ്ങളുടെ മേൽ അവകാശങ്ങളുണ്ട്

ഒരാൾ പ്രവാചകന്റെ അടുക്കൽ വന്നു ചോദിച്ചു: ദൈവദൂതരേ, എന്നെ സ്വർഗ്ഗത്തിലെത്തിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് അറിയിച്ച് തന്നാലും’ ‘മറ്റുള്ളവരോട് നല്ല നിലയിൽ വർത്തിക്കുക’ പ്രവാചകൻ മറുപടി നൽകി. ‘ഞാൻ മറ്റുള്ളവരോട് നല്ലനിലയിലാണ് പെരുമാറുന്നത് എന്ന് ഞാൻ എങ്ങിനെ അറിയും?’ അദ്ദേഹം വീണ്ടും ചോദിച്ചു. നബി (സ) പറഞ്ഞു: നിങ്ങളുടെ അയൽക്കാരോട് ചോദിക്കുക. അവർ നിങ്ങൾ മറ്റുള്ളവരോട് നല്ല നിലക്കാണ് എന്ന് പറയുന്നു എങ്കിൽ നിങ്ങൾ നല്ലവനാണ്, നിങ്ങൾ മറ്റുള്ളവരോട് മോശമായാണ് പെരുമാറുന്നത് എന്ന് അവർ പറഞ്ഞാൽ നിങ്ങളുടെ സ്വഭാവം മോശമാണ്

അയൽക്കാരുമായുള്ള ബന്ധം ആതിഥേയത്വത്തെക്കുറിച്ചുള്ള ഇസ്‌ലാമിക ചിന്തയിൽ കേന്ദ്ര സ്ഥാനമാണുള്ളത്. പ്രവാചക വചനങ്ങളിൽ അയൽവാസികളെയും അതിഥികളെയും പലപ്പോഴും ഒരുമിച്ചാണ് പരാമർശിക്കുന്നത് എന്ന് കാണാം. ഇമാം മാലിക്ക് (റ)ന്റെ പ്രസിദ്ധമായ പ്രവാചക വചനങ്ങളുടെ സമാഹാരമായ മുവത്ത്വയിൽ ഇതിന് ഉദാഹരണങ്ങൾ കാണാനാവും:

പ്രവാചകൻ (സ) പറഞ്ഞു: ആരെങ്കിലും ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവർ നല്ല കാര്യങ്ങൾ സംസാരിക്കട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ. ആരെങ്കിലും ദൈവത്തിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അയൽക്കാരനെ ബഹുമാനിക്കട്ടെ (യുക്രിം ജാറഹു/ അവരോട് ഉദാരത കാണിക്കട്ടെ). ആരെങ്കിലും ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അതിഥിയോട് ഉദാരത കാണിക്കട്ടെ. ഒരു പകലും രാത്രിയും അതിഥിയോട് കൂടുതൽ ഉദാരത കാണിക്കുക, ആതിഥ്യം മൂന്ന് ദിവസമാണ്. അതിനുശേഷമുള്ളത് സദഖ (ദാനധർമ്മം) ആയിരിക്കും. ഒരു അതിഥിക്ക് ആതിഥേയന് ഭാരമാകുന്നതുവരെ അവനോടൊപ്പം താമസിക്കാൻ അനുവാദമില്ല.

ആതിഥ്യം [കാലയളവ്] മൂന്ന് ദിവസമാണ്. ആദ്യ ദിവസം ആതിഥേയൻ കൂടുതൽ ഉദാരത കാണിക്കേണ്ടതുണ്ട്, രണ്ടാമത്തെയും മൂന്നാമത്തെയും ദിവസം അവൻ ലഭ്യമായത്കൊണ്ട് അതിഥിയെ സൽക്കരിക്കണം. അവിടെ താൻ പതിവിനേക്കാൾ അമിതമാകണമെന്നില്ല. മൂന്ന് ദിവസത്തിന് ശേഷമുള്ളത് ദാനമായിട്ടാണ് പരിഗണിക്കുക. അവന് തൃപ്തിയുണ്ടെങ്കിൽ നൽകുകയോ, ഇല്ലെങ്കിൽ നൽകാതിരിക്കുകയോ ചെയ്യാം. പ്രവാചകൻ (സ) പറഞ്ഞു: “ഒരു രാത്രി അതിഥിയെ സൽക്കരിക്കൽ നിർബന്ധമാണ്. പ്രഭാതത്തിൽ നിങ്ങളുടെ വാതിലിൽ അതിഥിയെ കണ്ടാൽ അതോടെ ആതിഥേയന് ആതിഥ്യം നൽകൽ കടമയാണ്. അവന് (അതിഥിക്ക്) ആഗ്രഹമുണ്ട് എങ്കിൽ അഭ്യർത്ഥിക്കാം, ആഗ്രഹമില്ല എങ്കിൽ ഉപേക്ഷിക്കുകയും ചെയ്യാം”.

ക്രൈസ്തവ പാരമ്പര്യത്തിൽ ഏത് വ്യക്തിയെയും അയൽക്കാരനെപ്പോലെ കാണുക എന്ന ആശയം കാണാം. നല്ല ശമര്യക്കാരന്റെ ഉപമയിൽ (ലൂക്കോസ് 10: 29-37) യേശു അയൽക്കാരനെയും അയൽക്കാരനോടുള്ള സ്നേഹത്തെയും പുനർനിർവചിക്കുകയും, പരസ്പരമുള്ള നമ്മുടെ ധാർമ്മിക ബാധ്യതകൾ വിശാലമാക്കുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാമിൽ അയൽക്കാരന് നൽകപ്പെട്ട പ്രാധാന്യം നിലനിൽക്കെ തന്നെ അയൽക്കാരും മറ്റ് അതിഥികളും തമ്മിൽ കൃത്യമായ വേർതിരിവുകൾ കാണാനാവില്ല. അയൽപക്കത്തിന്റെയും, കാരുണ്യത്തിന്റെയും സാർവത്രികവൽക്കരണമാണ് അതിന്റെ ഫലമായി സംഭവിക്കുന്നത്. അതോടൊപ്പം പലപ്പോഴും നമ്മുടെ ഏറ്റവും വലിയ അപരിചിതൻ നമ്മുടെ അയൽക്കാരനാണ് എന്ന ബോധ്യം കൂടെ ഇത് മുന്നോട്ട് വെക്കുന്നുണ്ട്.


അധ്യായം മൂന്ന് : ആത്മത്തിൽ നിന്നും അപരത്തിലേക്ക് : ദാനങ്ങളുടെ ആന്തരാർത്ഥങ്ങൾ
അധ്യായം ഒന്ന് : ദെറിദയുടെ അപരിചിതരായ അതിഥികൾ: അതിർത്തികളില്ലാത്ത ലോകത്തെക്കുറിച്ചുള്ള ആലോചനകൾ
Featured Image: Jorg Karg

Comments are closed.