ഖുർആനിലെ സൂറത്തുൽ കഹ്ഫ് എല്ലാ വെള്ളിയാഴ്ചയും പതിവാക്കുന്നവർക്ക് അന്ത്യനാളിലെ അദാബ് (ശിക്ഷ) ഏശുകയില്ല എന്ന് പ്രവാചക വചനമുണ്ട്. സൂറത്തുൽ കഹ്ഫ് പതിവാക്കുന്നവർക്ക് അന്ത്യനാളിലെ അദാബിനെക്കുറിച്ച് ഭൂതോദയം ഉണ്ടാവും എന്നതാവാം ഇതിന് കാരണം. അപോകലിപ്സ് ആർജിത നാഗരികതയുെടെ അന്ത്യമാണ്. കൂട്ടിവെച്ച പ്രതീക്ഷാ ചീട്ടുകളുടെ കൂട്ടവീഴ്ചയാണത്. സൂറത്തുൽ കഹ്ഫ് സംസാരിക്കുന്നതും പരാജയങ്ങളെക്കുറിച്ചാണ്. ഗുഹാവാസികളുടെ ജീവിതത്തെക്കുറിച്ച് ശരിയായ അർത്ഥത്തിലെത്താൻ കഴിയാത്ത മനുഷ്യരാശിയുടെ പരാജയം [ചരിത്രങ്ങളും, അന്യോപദേശങ്ങളും, വെളിപാടുകളും അക്ഷരാർത്ഥത്തിലും ഉപയുക്തയെ പ്രീതിപ്പെടുത്താനും വായിക്കുന്നതിലെ പരാജയം].
കഹ്ഫിൽ വരുന്ന ധനികനായ തോട്ടക്കാരൻ വിശ്വാസിയായിരുന്നു. എന്റെ റബ്ബ് എനിക്കെല്ലാം തരും എന്നൊരു ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.
(നബിയേ,) താങ്കള്‍ അവര്‍ക്കു ഒരുപമ-രണ്ടു പുരുഷന്‍മാരെ-വിവരിച്ചുകൊടുക്കുക. അവരില്‍ ഒരാള്‍ക്കു നാം രണ്ടു മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. അവ രണ്ടിനേയും ഈത്തപ്പന വൃക്ഷങ്ങള്‍കൊണ്ട് വലയംചെയ്തു. അവ രണ്ടിന്നുമിടയില്‍ കൃഷിയുമുണ്ടാക്കിക്കൊടുത്തു. ആ രണ്ടു തോട്ടങ്ങളും അതിന്റെ ഫലങ്ങള്‍ ശരിയായി നല്‍കിവന്നു. അതില്‍ അവ ഒരു കുറവും വരുത്തിയില്ല. ആ രണ്ടു തോട്ടങ്ങള്‍ക്കിടയില്‍ നാം നദി കീറിക്കൊടുക്കുകയുമുണ്ടായി. അവന്നു വേറെയും പല ധനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്റെ സ്‌നേഹിതനോട് വാഗ്വാദം ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ഞാന്‍ നിന്നെക്കാളധികം സ്വത്തും കൂടുതല്‍ സംഘബലവുമുള്ളവനാകുന്നു. അവന്‍ സ്വന്തത്തോടുതന്നെ അക്രമം പ്രവര്‍ത്തിച്ചവനായിക്കൊണ്ട് തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ‘ഈ തോട്ടം ഒരിക്കലും നശിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. ‘അന്ത്യനാള്‍ ഉണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അഥവാ എന്റെ രക്ഷിതാവിങ്കലേക്കു മടക്കപ്പെട്ടാല്‍തന്നെ നിശ്ചയമായും ഇതിനെക്കാള്‍ നല്ല വാസസ്ഥലം എനിക്കവിടെ ലഭിക്കുന്നതാണ്. (Quran 32-36)
എല്ലാം അവസാനിക്കും എന്നല്ല, ഇനിയും ഉണ്ടാകും എന്നാണ് അദ്ദേഹം കരുതിയത്. നാഗരിക വളർച്ചയുടെ, ഗ്രോത് എക്കോണമിയുെടെ പ്രതീകമാണദ്ദേഹം. സാഅത്, അഥവാ സമയം (നേർേരഖയിലൂെടെ ചലിക്കുന്ന കാലപ്രവാഹം പെട്ടെന്ന് നിന്ന് പോകുമ്പോൾ സംഭവിക്കുന്ന അനിശ്ചിതത്വം) ഉണ്ടാകും -പെട്ടന്നുണ്ടാകും-എന്നയാൾ കരുതിയില്ല. എന്റെ റബ്ബ് എന്നയാൾ പറയുന്നുണ്ട്. എന്നാൽ തരുന്നവനാണ് റബ്ബ്. കിട്ടുമ്പോഴാണ് റബ്ബ് കൂടെയുള്ളത്. (ഉള്ളപ്പോഴില്ലാത്ത ഇല്ലാതായോക്കുെമന്ന പേടിമിടുപ്പിൽ കൂെടയുള്ള റബ്ബ്). റബ്ബെന്നാൽ വളർത്തുന്നവനാണ്. എന്നാൽ തളർച്ചയിലാണ് റബ്ബിനെ ശരിക്കും അറിയാൻ കഴിയുക എന്നയാൾ ഓർത്തില്ല. അയ്യൂബ് നബിയും, ഫരീദുദ്ദീൻ അത്താറും റബ്ബിനെ വിളിച്ചത് യാതനയുെട നിമിഷങ്ങളിൽ അനിർവ്വചനീയമായ അനുരാഗത്തോടയാണ്. ഇതേപ്പറ്റി നവീദ് കിർമാനി അദ്ദേഹത്തിന്റെ The Terror of God: Attar, Job and the Metaphysical Revolt എന്ന പുസ്തകത്തിൽ അതിമനോഹരമായി പറയുന്നുണ്ട്.
നാഗരിക വികാസത്തിൽ മതങ്ങൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രൊട്ടസ്റ്റന്റ് മതനവീകരണവും മുതലാളിത്ത വികാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കപ്പെട്ട ക്ലാസിക് വിശകലനങ്ങൾ ഉണ്ട്. നാഗരിക മതങ്ങൾ സൃഷ്ടിക്കുന്ന പ്രച്ഛന്നമായ ആത്മീയതയുെടെ പ്രശ്നമാണ് കഹ്ഫിലെ തോട്ടക്കാരന്റെ എന്റെ റബ്ബേ എന്ന തേട്ടത്തിലൂടെ പ്രതിധ്വനിക്കുന്നത്. നമ്മൾ തോട് നികത്തി, കാടുവെട്ടി കൃഷി ചെയ്ത് മാളിക പണിത് അതിനകത്തൊരു നിസ്കാരമുറിയിൽ റബ്ബിനോട് തേടുന്നതിന്റെ അഭംഗിയെക്കുറിച്ച് ചിന്തിക്കാത്തതെന്ത് എന്നൊരു ചോദ്യം ആ വചനങ്ങളിലുണ്ട്.
ബുലന്ത് റഊഫ് എന്ന സൂഫിവര്യൻ എന്നും രാവിലെ ദുആ ചെയ്യുന്നത്, റബ്ബേ ഇന്നെനിക്ക് ബ്രേക് ഫാസ്റ്റിന് സാൻവിച്ചും ഡിന്നറിന് ബർഗറും തരേണ എന്നാണ്. അർത്ഥശൂന്യമായ ദുആ ഇരക്കലുകളെ നന്നായി ട്രോളുന്ന ഈ ദുആക്ക് ആമീൻ പറയുന്ന മുരീദൻമാരെ അദ്ദേഹം ഒളിക്കണ്ണിട്ട് നോക്കുന്നതായി ഞാൻ മനസിലാക്കുന്നു.
എന്നാൽ അനുഷ്ഠാനങ്ങളെ അർത്ഥശൂന്യമാക്കുകയല്ല നാഗരികവത്കരിക്കപ്പെട്ട മതങ്ങളും പ്രത്യയശാസ്ത്രങ്ങളും സൃഷ്ടിക്കുന്ന വലിയ പ്രതിസന്ധി. പ്രത്യാശയുടെ പ്രതീതി നിർമാണമാണ് യഥാർത്ഥ പ്രശ്നം. നാളെ പുലരാൻ പോകുന്ന ഒരു വലിയ കാലവും ലോകവും പാക്കേജുകളാക്കി നമ്മുടെ മുന്നിൽ നാഗരികത അണിനിരത്തുന്നു. വേദ പുസ്തകങ്ങൾ മോട്ടിവേഷൻ സ്പീച്ചുകളായി മാറുന്നു. കോർപേററ്റ് സൂഫി, താവോ ഹലൂസിനോജനിക് മെഡിറ്റേഷൻ തുടങ്ങിയവയിലൂടെ വീണ്ടും പ്രതീക്ഷ പൊന്തിവരുന്നു – ഒരു വലിയ പ്രൊജക്ടിന്റെ പദ്ധതി പത്രത്തിൽ ഒപ്പുവെച്ച ശേഷം ബ്രീത്ഇൻ, ബ്രീത്ഔട്ട് ചെയ്യുന്ന ഒരു സി.ഇ.ഒ യുടെ ലൈഫ് ഇൻ ദിസ് മൊമന്റ്’ നിർവാണത്തിലൂടെ ലോകം സ്വസ്ഥിപ്പെടുന്നു. പടച്ചവേന ഇത് വിജയത്തിെലത്തിച്ച ശേഷം എനിക്കും കൂട്ടുകാർക്കും ഒരു പാർട്ടി നടത്താനുള്ള സൗഭാഗ്യം ഉണ്ടാക്കേണ. അൽ ഫാത്തിഹ!
അൽ കഹ്ഫ് പറയുന്നത് ഒന്നിലും ഒരു പ്രതീക്ഷയും വേണ്ട എന്നാണ്. ഖിള്റിനെ കണ്ടുമുട്ടിയ മൂസാ നബിക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഖിള്ർ ആദ്യമേ പറഞ്ഞു, നമ്മുടെ സഹവാസത്തിന് ഒരു ചോദിദ്യത്തിന്റെ ആയുസേ ഉള്ളൂ എന്ന്. ചോദ്യം ചോദിക്കുന്നത് ഉത്തരം കിട്ടാനാണ്. ഒന്നിനും ഒരുത്തരവുമില്ലെങ്കിൽ പിന്നെ ചോദ്യം ചോദിച്ചിട്ടെന്താ കാര്യം. അല്ലെങ്കിലും ഉത്തരം കിട്ടിയിട്ടെന്ത് കാര്യം, അടുത്ത ഒരു ചോദ്യംവരെ അതിനായുസ്സ് ഉള്ളൂ. അർത്ഥം കിട്ടുന്നതിലല്ല, അർത്ഥം തിരയുന്നതിലാണ് കാര്യം. അർത്ഥമൊരിക്കലും കിട്ടുകയില്ലല്ലോ. കാരണം, സൂറത്തുൽ കഹ്ഫ് അവസാനിക്കുന്നത് ഒരു വലിയ അശുഭ ചിന്തയിലാണ്. സമുദ്രം മൊത്തം മഷിയാക്കി, മരം മുറിച്ച് പേനയാക്കി എഴുതിക്കോ. എന്റെ റബിന്റെ വചനങ്ങൾ എഴുതിയാ തീരൂല്ല എന്ന ചിന്ത.
എന്തൊരു നെഗറ്റീവാണിത്. പക്ഷെ പോസിറ്റീവാകാനാരു പറഞ്ഞു. തെളിഞ്ഞ ബുദ്ധി കൊണ്ട് മര്യാദക്ക് ചിന്തിച്ചാൽ കാര്യം നേർക്ക് നേരെ അറിയാെമെന്നൊരു വാദമുണ്ട്. അതിന് കൃത്യമായൊരു പേരുമുണ്ട് – പോസിറ്റീവിസം. ലോജിക്കൽ പോസിറ്റീവിസം എന്നും പറയാം. ഇതിനൊരു പ്രാപഞ്ചികമായ മറുപുറമുണ്ട് എന്ന് കഹ്ഫിൽ കാണാം. യൂടിലിറ്റേറിയനിസം, ഉപയുക്തതാവാദം. എല്ലാം, നാം തിരയുന്ന അന്വേഷണത്തിന് ഉപയോഗപ്പെടുത്താെമെന്ന ചിന്തയാണത്. കടൽ മഷിയാക്കുകയും, മരം മുറിച്ച് പേനയാക്കുകയും ചെയ്യുന്ന മനുഷ്യൻ എന്നത് ഒരു അനുമാന സാദ്ധ്യതയല്ല. നാഗരിക മനുഷ്യൻ അതും അതിനപ്പുറവും ചെയ്യും എന്നത് ഇനിയും അനുമാനിക്കണോ.
മരണത്തിന് മുൻപ് മരിച്ചു നോക്കാനായിരുന്നു പ്രവാചകൻ പറഞ്ഞത്. മരണം ഇല്ലാതാകുമെന്ന ഓർമപ്പെടുത്തലല്ല. അനന്തമായി നീളുന്ന ഉൺമയെക്കുറിച്ചുള്ള ഭീതിപ്പെടുത്തലാണ്. ഉൺമ യഥാർത്ഥത്തിൽ ഒരു ഭാരമാണ്. The unbearable lightness of being. ഭൂമിയിൽ ജീവിതം യഥാർത്ഥത്തിൽ സ്പർശിച്ചവർക്ക് അത് മനസിലാകും. അഭയാർഥി ക്യാംപുകളിലോ, ക്യാൻസർ വാർഡുകളിലോ, ഇല്ലാതാകുന്ന ഭൂമികളിലോ, സൈന്യത്തിന്റെ ബൂട്ടൊച്ചയിൽ ഉറക്കത്തിന്റെ താളം കണ്ടെത്താൻ നോക്കുന്നവർ ‘ജീവിക്കുന്ന’ ഇടങ്ങളിലോ, അടുത്ത ബുൾഡോസർ എപ്പോൾ വരുമെന്ന് നോക്കിയിരിക്കുന്ന മനുഷ്യർ പാർക്കുന്ന ഗല്ലികളിലോ പോയി നോക്കാം, ജീവിതമെന്ന അർഥരാഹിത്യത്തിന്റെ ഭാരം അവിടെ കനം തൂങ്ങിക്കിടപ്പുണ്ട്.
ജീവിത്തിന്റെ ഈ ഭാരം ഒഴിവാക്കുന്ന പ്രക്രിയയെ മറച്ചുപിടിക്കാനാണ് ജീവിതഭാരം എന്ന് കേവലമായി നാം പറയുന്നത്. ജീവിതത്തെ ശമ്പളവും ലാഭവിഹിതവും വാടകച്ചീട്ടും ഉപയോഗിച്ച് ഇൻഷൂർ ചെയ്തതിന് ശേഷമാണ് പറയുന്നത്, ജീവിതം എനിക്ക് ഭാരമണെന്ന്. എനിക്കും എന്റെ ഗോത്രത്തിനും ഈയൊരു ഭാരവുമായുള്ള അഭിമുഖീകരണം അസാധ്യമാക്കുന്നതിനാണ് വംശീയമായ അധികാരം രൂപപ്പെടുന്നത്. ഏതെങ്കിലുമൊരു വലതുപക്ഷ വാദിയുെടെ പ്രസംഗം കേട്ടുനോക്കൂ. ജീവിതത്തിന്റെ നിരർഥകതയുെടെ ഭാരത്തെ ദാർശനികമായി മനസിലാക്കുന്നതിനപ്പുറം, അതിനെ ഒരു ഭൗതിക സമസ്യയായി, തന്റെ സമുദായത്തിന്റെ മേൽ ശത്രുസമുദായം അടിച്ചേൽപ്പിച്ച യാഥാർത്ഥ്യമായി, അയാൾ അവതരിപ്പിക്കുന്നത് കാണാം.
മറിച്ച് പ്രവാചകൻ പറയുന്നത് മരിച്ചു നോക്കാനാണ്. മരിച്ചതിന് ശേഷം യാഥാർഥ്യമാകുന്ന ഉൺമയെ കേവലം തൊട്ട്നോക്കുക. സൂറത്തുൽ ബഖറ 214 ന്റെ അർഥം തിരയേണ്ടത് ജീവിതത്തിന്റെ നിരർഥകതാഭാരം പേറുന്ന സ്‌പേസുകളിലാണ്. അവിടെയാണ് മരണത്തിന്റെ ട്രയൽ വേർഷനുകൾ തിരയേണ്ടത്.
അതല്ല, നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരുടെ അനുഭവം എത്തിക്കഴിയാതെത്തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? കഷ്ടപ്പാടും ദുരിതവും അവരെ ബാധിച്ചു. ദൈവിക സഹായം എപ്പോഴാണുണ്ടാവുക എന്ന് അല്ലാഹുവിന്റെ ദൂതനും അദ്ദേഹത്തോടൊപ്പം സത്യവിശ്വാസം സ്വീകരിച്ചവരും ചോദിക്കത്തക്കവിധം അവര്‍ കിടിലം കൊണ്ടു. അറിയുക, നിശ്ചയമായും അല്ലാഹുവിന്റെ സഹായം അടുത്തതാകുന്നു.(Quran 2:214)
ജീവിത നിരാസത്തിന്റെ സ്പർശനമുണ്ടോ ഈ ആലോചനക്ക്. അതായത്, ശുഭപ്രതീക്ഷയുടെ രാഷ്ട്രീയത്തെ പുച്ഛിക്കുകയാണോ. ഗല്ലികളെ ബുൾഡോസറുകളിൽ നിന്ന് മോചിപ്പിക്കാൻ ശ്രവിക്കുന്നവരോട് ദാർശനികമായി തിരികെ വീട്ടിപ്പോകാൻ പറയുകയാണോ. കർമ രാഹിത്യത്തിന്റെ ആഹ്വാനമല്ല. പ്രവർത്തിക്കുന്നവർ തങ്ങളുടെ പ്രവർത്തിയിൽ നിന്ന് തങ്ങളെ മാറ്റിയിട്ടുണ്ടോ എന്ന ചോദ്യമാണ് ചോദിക്കുന്നത്. അതായത് പ്രവർത്തനം അഹം മാത്രവാദത്തിന്റെ (solipsism) വിവർത്തനമാണോ. ഞാനും ഞാൻ പറയുന്നതുമാണോ ആത്യന്തികമായ ശരി. അഹംമാത്ര വാദത്തിന്റെ സ്പർശനമില്ലാതെ പ്രവർത്തനം സാധ്യമാണോ. ആക്ടിവിസ്റ്റുകളെ നിങ്ങൾ ഫൈറ്റ്ക്ലബ് കാണൂ.
യൂജീൻ താക്കർ തന്റെ ഹൊറേഴ്സ് ഓഫ് ഫിലോസഫി (അതായത് തത്വശാസ്ത്രം സ്വയം നന്നാക്കാനുള്ള സ്വിമ്മിംഗ് പൂളല്ല, ഒരു പ്രേതകഥയാണ്; അതിലൂടെ തത്വജ്ഞാനി താനെന്ന പിശാചിനെ തിരിച്ചറിയുന്നു) സീരിസിലെ ആദ്യ പുസ്തകമായ ഇൻ ദ ഡസ്റ്റ് ഓഫ് ദ പ്ളാനറ്റിൽ സോറൻ കികഗാഡിെനെ (Soren Kierkegaard) ജപ്പാനീസ് വാദ്യോപകരണ വിദഗ്ദനും, കവിയും, മിസ്റ്റികുമായ കൈജി ഹൈനോവിന്റെ Black is Myself എന്ന സംഗീതാൽബത്തിന്റെ വ്യാഖ്യാനം പറയുന്നതിനായി അവതരിപ്പിക്കുന്നുണ്ട്. കികഗാഡിെന്റെ വാക്കുകൾ “antipathic sympathy and sympathetic antipathy” എന്നാണ്. സഹാനുഭൂതിയുടെ, പരപ്രേരണയാലുള്ള പ്രവർത്തനങ്ങളുടെ അടിയൊഴുക്കായി ആത്മദ്വേഷത്തെ അടയാളപ്പെടുത്തുക. കണ്ണീരൊപ്പിക്കോ, പക്ഷെ കൈ കഴുകീട്ട് വാ.
അതിനുള്ള ഒരു മാർഗം Black is Myself ന്റെ രചനയെ ഒരു ആത്മ രചനയുടെ മാതൃകയാക്കുകയാണ്.“Haino’s approach is eclectic, borrowing techniques from everything from Noh theater to Troubadour singing.” ഹൈനോവിന്റെ സമീപനം എടുക്കാവുന്നതൊക്കെ വിവിധ സ്രോതസ്സുകളിൽ നിന്നും എടുക്കുക എന്നതാണ് – ജപ്പാനീസ് തിയേറ്ററിന്റെയും ഫ്രാൻസിലെ നാടോടി ഗായക സംഘത്തിന്റെയും സ്വാധീനം അതിൽക്കാണാം. അവതാരകനിൽ അതെന്ത് മാറ്റമാണുണ്ടാക്കുക. “individual performer is dissolved into a meshwork of tones – voice, space, and instrument variously existing in consonance and dissonance with each other. ” സ്വരങ്ങളുടെ ഒരു വലക്കണ്ണിയിലേക്ക് അയാൾ ലയിച്ചു ചേരും -ശബ്ദം, സ്ഥലം, അടുത്തും അകന്നും പ്രതിപ്രവർത്തിക്കുന്ന വാദ്യോപകരണങ്ങളുടെ മേളം.
ആഖ്യാന സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരദ്ധ്യായമാണ് കഹ്ഫ്. മറ്റദ്ധ്യാങ്ങൾ അങ്ങിെനയല്ലെന്നല്ല. സൗന്ദര്യ ശാസ്ത്രത്തിന്റെ മാനകത്തിലൂെടെ ഖുർആനിലെ എല്ലാ അദ്ധ്യായങ്ങളെയും ആസ്വദിക്കാവുന്നതാണ്. കഹ്ഫിന്റെ ആസ്വാദനത്തിന്റെ അടരുകളെ ആഖ്യാന ശാസ്ത്രത്തിന്റെ തലത്തിൽ മനസ്സിലാക്കുവാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ആലോചനയാണ് ഇവിടെ പങ്കുെവക്കുന്നത്. ഗുഹാവാസികൾ ഉറങ്ങിക്കിടന്ന ഗുഹ ഏതെന്ന വിഷയത്തിൽ ഇന്ന് തർക്കം നിലനിൽക്കുന്നുണ്ട്. ജോർദാനിലെ അമ്മാൻ, തുർക്കിയിെല പിയോൻ മല അങ്ങിനെ പല അഭിപ്രായങ്ങൾ. ഒരു തിയോളജിക്കൽ ടൂറിസ്റ്റ് താൽപര്യത്തിനപ്പുറം ഈ തർക്കങ്ങളിൽ കാര്യമില്ലെന്നാണ് ഖുർആന്റെ താൽപര്യം. ഗുഹാവാസികൾ എത്ര പേരായിരുന്നു എന്ന കാര്യത്തിലായിരുന്നു അവതീർണമായ കാലത്തെ തർക്കം. (വചനം 18: 22). ഒരു കാര്യത്തിൽ സംശയമില്ല, അവർ താമസിച്ചിരുന്ന ഗുഹയും, പരിസരവും എക്കാലത്തും ചരിത്രപരമോ നരവംശശാസ്ത്രപരമോ ദൈവശാസ്ത്രപരമോ ആയ താൽപര്യങ്ങൾ ജനിപ്പിച്ചിരുന്നു. ഈ താൽപര്യങ്ങളിൽ ഒന്നായിരുന്നു ഗോതിക്.
പ്രേതഭാവനകളെ ഉത്തേജിപ്പിക്കുന്ന വാസ്തുശാസ്ത്രപരവും കലാപരവും ആഖ്യാനപരവുമായ ഘടകഗങ്ങളെയാണ് ഗോതിക് എന്ന വിശേഷിപ്പിക്കുന്നത്. ഡ്രോക്കുള പ്രഭുവിന്റെ കോട്ടയുടെ വാസ്തുശാസ്ത്രം ഗോതിക് ആണ്. ഭീതിജനകമായ പ്രമേയവും, ആഖ്യാനവും അടങ്ങിയ സാഹിത്യ കൃതികളെ ഗോതിക് എന്ന വിശഷിപ്പിക്കാം. ഹൊറാസ് വാൾപോലെ എന്നതിന്റെ പ്രധാന വർഗീകരണമാണ് ഗോതിക് എന്നത്. ഹൊറാസ്വാൾ പോളിന്റെ ഒട്രാന്റോ കൊട്ടാരം, ബ്രാം സ്റ്റോക്കറുെട ഡ്രാക്കുള, എഡ്ഗാർ അലൻ പോവിന്റെ ദ ഫാൾ ഓഫ് ദ ഹൗസ് ഓഫ് അഷേ എന്നീ കൃതികൾ ഉദാഹരണം.
സൂറത്തുൽ കഹ്ഫിൽ ഗുഹാവാസികെളയും നായെയയും പരിചയപ്പെടുത്തുമ്പോൾ ഗോതിക്ഘടകങ്ങൾ ഖുർആനിൽ വരുന്നത്കാണാം. മനുഷ്യരുെട ഗോതിക് സങ്കൽപത്തെ അഭിമുഖീകരിക്കുന്നതു പോലെയാണ് ആഖ്യാനം ഖുർആനിൽ വരുന്നത്.
നിങ്ങൾ കരുതുന്നത് അവർ ഉണർന്നിരിക്കുകയാണെന്നാണ്. എന്നാലവർ ഉറക്കത്തിലാണ്. അവരെ നാം വലത്തോട്ടും ഇടത്തോട്ടും മറിച്ചിടുന്നു. അവരുടെ പട്ടിയാെണങ്കിൽ മുൻകാലുകൾ വാതിൽപ്പടയിൽ നീട്ടിയിട്ടിരിക്കുന്നു. നിങ്ങൾ അവരെ ചെന്ന് നോക്കുകയാെണങ്കിൽ അവിടെ നിന്ന് പേടിച്ച് പായുമായിരുന്നു. (Quran 18:18)
ഇവിടെ ഖുർആൻ സങ്കൽപത്തെയാണ് സമീപിക്കുന്നത്. യാഥാർത്ഥ്യമായേക്കാവുന്ന സാധ്യതയേയല്ല. “നിങ്ങൾ കരുതും.” “നിങ്ങൾ നോക്കുകയാെണങ്കിൽ” തുടങ്ങിയ പ്രയോഗങ്ങൾ സങ്കൽപത്തെയാണ് അഭിമുഖീകരിക്കുന്നത്. അവർക്ക് ചെന്ന് നോക്കാനാകാത്ത വിധം കാലികമായും സ്ഥാലികമായും ഖുർആൻ അഭിസംബോധന ചെയ്യുന്ന മനുഷ്യർ വിദൂരത്താണ്. അപ്പോൾ നിങ്ങളുടെ സങ്കൽപനം എന്താണ് എന്നതാണ് ചോദ്യം. അത് ഭീതിയുടെതാണോ.
ഒരു ഭാഗത്ത് ചരിത്രപരവും (വിനോദസഞ്ചാരപരവുമായ) താൽപര്യവും ഉദ്വേഗവും—കഹ്ഫ് എവിടെയാണ്, അവർ എത്രപേരുണ്ടായിരുന്നു തുടങ്ങിയ കേവലാർത്ഥപരമായ, ക്വിസ് കോപറ്റീഷൻ പരമായ ഉദ്വേഗം—ഖുർആൻ വിമർശനാത്മകമായി നിലനിർത്തുമ്പോഴും കഹ്ഫിന്റെ സൂക്ഷമാർത്ഥം ഭീതിയുേടെതാണ്. പേടിപ്പെടുത്തുന്ന ജനസഞ്ചയത്തെ അകറ്റിനിർത്താനായി മതിൽ പണിയാനാണ് ദ്വിഗ്വിജയിയായ ദുൽഖർനൈൻ കടന്നുവരുന്നത്. സത്യത്തിൽ എന്തിനാണീ പേടി. സൂക്ഷമാർത്ഥത്തെ, തത്വവിചാരത്തെ ആരാണ് പേടിക്കുന്നത്.
അധ്യായത്തിലെ 28-മത്തെവചനം സംഘം ചേരുന്നതിെനക്കുറിച്ചുള്ളതാണ്.
രാപ്പകലുകളിൽ റബ്ബിന്റെ തിരുമുഖ ദർശനം മാത്രം പ്രതീക്ഷിച്ചവനെ വിളിക്കുന്നവരോടൊപ്പം നിന്നെ ക്ഷമയോെടെ അടക്കിനിർത്തുക. ദുൻയാവിലെ ജീവിതത്തിന്റെ അഴക് കണ്ട് തെല്ലിട നിന്റെ കൺകളെ അവരിൽ നിന്ന് വേർപെടുത്താതിരിക്കുവിൻ. ദൈവസ്മരണയിൽ നിന്ന് ഹൃദയത്തെ അശ്രദ്ധമായി അഴിച്ചുവിട്ട് തന്നിഷ്ടം പ്രീതിപ്പെടുത്തുന്നവരെ പിൻപറ്റാതിരിക്കുവിൻ. അവരുടെ കാര്യം കഷ്ടം തന്നെ. (Quran 18:28)
ഒരു പക്ഷെ മതത്തിലെ അവാന്തര വിഭാഗങ്ങെളല്ലാം ഇത് തങ്ങളെക്കുറിച്ചാണ് പറയുന്നത് എന്ന് മേനി നടിക്കുന്നുണ്ടാവാം. എന്നാൽ സൂറത്തുൽ കഹ്ഫിന്റെ മൊത്തം സാരത്തെ ഈ വചനങ്ങളിൽ കണ്ടെത്താവുന്നതാണ്.
ദൈവ പ്രീതിക്കായി ഒരുമിച്ചു ചേർന്നവരാണ് ഗുഹാവാസികൾ. പക്ഷെ അവർക്കെന്തു കൊണ്ട് ഒളിച്ചോടേണ്ടി വന്നു. കേവലമായ അഭിലാഷ പൂർത്തീകരണത്തിൽ ഉയർത്തപ്പെട്ട നാഗരീകർക്ക് അവരുടെ തിരഞ്ഞെടുപ്പ് അംഗീകരിക്കാനാവില്ല എന്നതാവണം കാരണം. ദുൻയാവിലെ ജീവിതത്തിന്റെ അഴകും നാഗരികതയുടെ പ്രൗഢിയും തിരുമുഖ ദർശനത്തിനായി നീക്കിെവച്ച അവരുടെ കൺകളെ അടർത്തി മാറ്റും. ഉറക്കമുണർന്ന ശേഷം അവർ പരസ്പരം നാട്ടിൽ പോയി സാധനം വാങ്ങണെമന്ന് തീരുമാനിക്കുന്നുണ്ട്. അപ്പോൾ നഗരത്തിന്റെ സ്വാധീനത്തിൽ പെടാതെ സൂക്ഷിക്കണെമന്നവർ ഉപേദശിക്കുന്നു. മറ്റൊരു കാരണം മതദ്രോഹ വിചാരണയുടെ, പീഡനത്തിന്റെ സാധ്യതയാണ്. ഉറച്ചു പോയ ആശയങ്ങൾക്ക് അവരുടെ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും ഒരു ഭീഷണിയാണ്. കാലത്തിന്റെ കെട്ടുകാഴ്ചകളിൽ പെടാതെ പോയവർ ഭീതി ജനിപ്പിക്കുകയും ഭീകരൻമാരാകുകയും ചെയ്യുന്നു.
ക്രൈസ്തവത ഭരണകൂടാധികാരമായി പരിവർത്തനപ്പെട്ട കാലത്ത് മതനിന്ദ (heresy) ആയുധമാക്കപ്പെടുകയും അവാന്തര മതവിഭാഗങ്ങളെ പീഡിപ്പിക്കുയുംചെയ്തു. അതേ കാലത്ത് തന്നെയാണ് പിശാചു പൂജകരുടെയും മന്ത്രവാദത്തിന്റെയും പേരിൽ മറ്റുസമൂഹങ്ങളെ അപകീർത്തിപ്പെടുത്തി ദ്രോഹവിചാരണ ചെയ്യുന്നത്. എൈലൻ പാെഗൽസിന്റെ The origin of Satan എന്ന പുസ്തകത്തെക്കുറിച്ച് യൂജിൻ താക്കർ പറയുന്നുണ്ട്.
പിശാച് എന്നത് പൈശാചിക വത്കരണ പ്രക്രിയയിൽ നിന്ന് വിഭിന്നമായ ഒന്നല്ല. അതാകട്ടെ മതപരവും രാഷ്ട്രീയവുമായ പ്രക്രിയയാണ്. പേഗലിന്റെ പഠനത്തിൽ പറയുന്ന പോലെ പിശാച് പാഗനുകളാവാം (ബാഹ്യശത്രുവിന്റെ ഭീഷണി), ക്രൈസ്തവരല്ലാത്ത യഹൂദരാവാം (ബാഹ്യം, ആന്തരികം എന്നിവയുടെ അതിർത്തിയിലുള്ള ശത്രുവിന്റെ ഭീഷണി) അല്ലെങ്കിൽ ക്രൈസ്തവ മതത്തിനകത്തുള്ള മതനിന്ദാ പ്രവർത്തനങ്ങളാലാവാം.(ആന്തരിക ശത്രുവിന്റെ ഭീഷണി). എല്ലാം അപരവത്കരണത്തിന്റെ മോട്ടീവുകളാണ്. ആധുനിക ദേശരാഷ്ട്രങ്ങളും, പ്രത്യയ ശാസ്ത്രങ്ങളും സമാനമായ ലോജിക്കിലാണ് പ്രവർത്തിക്കുന്നത് എന്ന് കാണാം.
ഗോതിക് കലയെക്കുറിച്ചും നോവലിനെക്കുറിച്ചും യൂറോപ്പിന്റെ അപരത്വത്തെക്കുറിച്ചുള്ള ഭീതിനിർമാണത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തലുകൾ നടന്നിട്ടുണ്ട്. യഥാർത്ഥമായ ദൈവാനുരാഗം എന്നത് സമൂഹ സമ്മതി വാങ്ങാനുള്ള അനുമതി പത്രമല്ല എന്നാണ് കഹ്ഫ് വായിക്കുമ്പോൾ മനസിലാക്കുന്നത്. പൊതു സമ്മതിയുടെ ഭീതി പുറത്തുകൊണ്ടുവരുന്ന, ദുൻയാവിന്റെ അഴകിൽ സ്വയം മറന്നുപോയ നാഗരികതയുടെ പ്രതീക്ഷയെ അസ്തമിപ്പിക്കുന്ന അശുഭ ചിന്തയുെടെ നെഗറ്റീവ് തിയോളജിയാണ് ഒരു കാർമേഘം പോലെ കഹ്ഫ് നമ്മെ പുതപ്പിക്കുന്നത്. ആ പുതപ്പ് പുതച്ചവന് അന്ത്യനാളിലെ അദാബ് എങ്ങിനെ പ്രശ്നമാകാനാണ്.
Featured Image: Steve Johnson
Comments are closed.