അനിഷ്ടകരമാണെങ്കിലും, ‘അറിയില്ല’ എന്നു സമ്മതിക്കേണ്ടിവരുന്ന അനവധി സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. അറിവില്ലായ്മക്കു തന്നെ പല രൂപങ്ങളുണ്ട്. ഒരു ചോദ്യത്തിന്റെ ഉത്തരം അറിയാതിരിക്കാം; ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് അറിയാതിരിക്കാം; കഴിഞ്ഞുപോയ ഒരു സംഭവത്തെക്കുറിച്ച് ഓർമയില്ലാതിരിക്കാം. അജ്ഞതയെ അഭിമുഖീകരിക്കാനും നമുക്ക് പല മാർഗങ്ങളുണ്ട്. അറിയില്ലെങ്കിലും അറിയാമെന്നു നടിക്കാം. തോളുകുലുക്കി ഒഴിഞ്ഞുമാറാം. അല്ലെങ്കിൽ തുറന്നുപറയാം: ‘എനിക്കറിയില്ല.’ മുസ്ലിം ജീവിത സന്ദർഭങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ സാധാരണ കേൾക്കാവുന്ന മറുപടിയാണ് ‘അല്ലാഹു അഅ്ലം’ – പടച്ചവനറിയാം – (അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ). ഈ പ്രയോഗം അറിവിന്റെ കേന്ദ്രസ്ഥാനത്ത് അല്ലാഹുവിനെ പ്രതിഷ്ഠിക്കുകയും മനുഷ്യന്റെ അറിവ് ആപേക്ഷികവും പരിമിതവുമാണെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു.
‘അല്ലാഹു അഅ്ലം’ എന്നത് സംഭാഷണത്തിനിടയിൽ അറിവില്ലായ്മ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു സാധാരണ പ്രയോഗം മാത്രമല്ല. പണ്ഡിതഗ്രന്ഥങ്ങളുടെ അവസാനത്തിലും ഉറച്ച നിലപാടോടെ നൽകപ്പെടുന്ന ഫത്വകളുടെ സമാപനത്തിലും ഇത് കാണാം. അറിയുന്ന ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പോലും, അതിന്റെ ആത്യന്തിക സത്യം അല്ലാഹുവിലേക്കു തിരിച്ചുവിടാനും മനുഷ്യന്റെ അറിവിന്റെ പരിമിതി അംഗീകരിക്കാനുമാണ് ഈ പ്രയോഗം പൊതുവെ ഉപയോഗിക്കപ്പെടുന്നത്. മാതൃകാപരനായ ഒരു പണ്ഡിതനെക്കുറിച്ചുള്ള ഒരു ഹദീസിൽ, അറിയാത്ത കാര്യത്തെക്കുറിച്ച് ‘അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ’ എന്നു പറയുന്നവനാണ് ഏറ്റവും വലിയ ജ്ഞാനിയെന്ന് പരാമർശിക്കുന്നുണ്ട്. ഇവിടെയെല്ലാം ‘അല്ലാഹു അഅ്ലം’ ഒരേസമയം രണ്ടുകാര്യങ്ങളെ അംഗീകരിക്കുന്നു: മനുഷ്യജ്ഞാനത്തിന്റെ പരിമിതിയും അല്ലാഹുവിന്റെ സർവജ്ഞതയും.
‘അല്ലാഹു അഅ്ലം’: സെക്കുലർ വിമർശനങ്ങൾ
കാര്യങ്ങളെ നിരന്തരം അല്ലാഹുവിന്റെ അറിവിലേക്കു തിരിച്ചുവിടുന്ന ഈ സമീപനം മതേതര നിരീക്ഷകരെ പലപ്പോഴും അസ്വസ്ഥരാക്കിയിട്ടുണ്ട്. മതങ്ങൾ മനുഷ്യന്റെ ചിന്തയെ പരിമിതപ്പെടുത്തുന്നു എന്നതാണ് റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ള തീവ്ര നിരീശ്വരവാദികൾ ഉന്നയിക്കുന്ന പൊതുവായ വിമർശനം. സ്വതന്ത്രമായി ചിന്തിക്കാനുള്ള മനുഷ്യന്റെ അവകാശം തന്നെ മതങ്ങൾ നിഷേധിക്കുന്നുവെന്നും അതിലൂടെ അജ്ഞതയെ വളർത്തുന്നുവെന്നും അവർ വാദിക്കുന്നു. ഇസ്ലാമിനെക്കുറിച്ച് വ്യാപകമായി നിലനിൽക്കുന്ന ‘വിധിവാദം’ (fatalism) എന്ന ആരോപണവും ഈ വിമർശനത്തിന്റെ മറ്റൊരു രൂപമാണ്.
മൊറോക്കോയിൽ ഭൂചലന സാധ്യത കൂടുതലുള്ള ഒരു പ്രദേശത്തെ ജനങ്ങൾ അപകടസാധ്യതയെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സർവേ പാരഡൈസ് തന്റെ പഠനത്തിൽ പരാമർശിക്കുന്നുണ്ട്. പ്രദേശം ഭൂചലന സാധ്യതയുള്ളതാണോ, ഭാവിയിൽ വീണ്ടും ഭൂചലനങ്ങൾ ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും ‘അല്ലാഹു അഅ്ലം’ എന്നാണ് മറുപടി നൽകിയതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഭൂചലനങ്ങളെക്കുറിച്ചുള്ള ഈ പ്രതികരണം, പാശ്ചാത്യ കാഴ്ചപ്പാടിൽ, നിഷ്കളങ്കതയുടെയും ഉദാസീനതയുടെയും വിധിവാദപരമായ മനോഭാവത്തിന്റെയും തെളിവായി വ്യാഖ്യാനിക്കപ്പെട്ടതായി പഠനം വിശകലനം ചെയ്യുന്നുണ്ട്.
‘പടച്ചവനറിയാം’ അല്ലെങ്കിൽ ‘അല്ലാഹുവാണ് സർവജ്ഞൻ’ എന്ന പ്രതികരണം മുസ്ലിംകളുടെ അടഞ്ഞ ചിന്താഗതിയെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും, എല്ലാ ഉത്തരങ്ങളും അല്ലാഹുവിനുണ്ടെന്ന് അന്ധമായി വിശ്വസിക്കുന്നതിനാൽ അവർ സ്വയം ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നില്ലെന്നുമാണ് ഈ വിമർശനങ്ങൾ ആരോപിക്കുന്നത്. ഈവിധത്തിൽ, മാനസിക അലസതയുടെയും അറിവില്ലായ്മയോടുള്ള കീഴടങ്ങലിന്റെയും അടയാളമായാണ് മതേതരവും നിരീശ്വരവാദപരവുമായ വിമർശനങ്ങളിൽ ‘അല്ലാഹു അഅ്ലം’ അവതരിപ്പിക്കപ്പെടുന്നത്.
ഇത്തരം വിമർശനങ്ങൾക്ക് മറുപടിയായി ഇസ്ലാം അറിവിന് അതീവ പ്രാധാന്യം നൽകുന്ന ഒരു പാരമ്പര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ‘ചൈനവരെ യാത്ര ചെയ്യേണ്ടിവന്നാലും അറിവ് തേടുക’ എന്ന് വിശ്വാസികളോട് നിർദേശിക്കുന്നതായി പ്രസിദ്ധമായ ഒരു ഹദീസ് പലരും പരാമർശിക്കാറുണ്ട്. ചോദ്യങ്ങൾക്ക് ഇസ്ലാമിക പാരമ്പര്യത്തിൽ സ്ഥാനമുണ്ടെന്നും ചോദ്യം ചെയ്യൽ സ്വാഗതം ചെയ്യപ്പെടുന്നതാണെന്നും ജെഫ്രി ലാംഗ് Even Angels Ask എന്ന പുസ്തകത്തിൽ വാദിക്കുന്നുണ്ട്. ഇബ്നു റുശ്ദ് (മ. 1198), ഫഖ്റുദ്ദീൻ റാസി (മ. 1210) തുടങ്ങിയ മുസ്ലിം ദാർശനികരുടെ ചിന്തകളിലേക്കും ഇസ്ലാമിക ലോകം രൂപപ്പെടുത്തിയ വിജ്ഞാന ശാഖകളിലേക്കും സ്ഥാപനങ്ങളിലേക്കും വിരൽചൂണ്ടി, ഇസ്ലാമിക പാരമ്പര്യത്തിന് അറിവിനോടുള്ള ആഴമുള്ള ആദരവിനെക്കുറിച്ച് മറുവാദങ്ങൾ ദീർഘമായി സംസാരിക്കുന്നവരുമുണ്ട്.
എന്നാൽ ഇത്തരം സംവാദങ്ങളുടെ ഭാഗമാവുന്നതിനുപകരം, ‘അല്ലാഹു അഅ്ലം’ എന്ന പ്രയോഗത്തിലേക്കാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈജിപ്തിൽ വർഷങ്ങളോളം നടത്തിയ ഗവേഷണങ്ങളിൽ നിന്നും സൂഫികൾ ഉയർത്തിയ ചോദ്യങ്ങളിൽ നിന്നുമുള്ള എന്റെ ബോധ്യപ്രകാരം, മനുഷ്യ ജ്ഞാനത്തിന്റെ പരിമിതികളെ ബോധപൂർവവും തത്ത്വാധിഷ്ഠിതവുമായി ഓർമിപ്പിക്കുന്ന പ്രയോഗമാണ് ‘അല്ലാഹു അഅ്ലം’. ഒരർഥത്തിൽ, ‘അല്ലാഹു അക്ബർ’—അല്ലാഹുവാണ് മഹോന്നതൻ—എന്ന വിശാലമായ പ്രഖ്യാപനത്തിന്റെ വിജ്ഞാനശാസ്ത്രപരമായ ഒരു ഭാവമാണിത്. അല്ലാഹുവുമായി താരതമ്യപ്പെടുത്തുമ്പോൾ നാം വളരെ ചെറുതാണ്. അല്ലാഹുവിന്റെ അറിവുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ അറിവ് അങ്ങേയറ്റം പരിമിതമാണ്. അല്ലാഹു മഹോന്നതനാണെന്ന ബോധ്യത്തോടെ ജീവിക്കുക എന്നതിന്റെ അർഥം, നമുക്കറിയാത്തത് അനേകമാണെന്ന തിരിച്ചറിവോടെയും ജീവിക്കുക എന്നതുകൂടിയാണ്. അറിയാത്തതിനെ ഭക്തിപൂർവം അംഗീകരിക്കുന്നത് അറിവ് നേടാനുള്ള ശ്രമങ്ങൾക്ക് തടസ്സമാകണമെന്നില്ല. മറിച്ച്, അറിവ് തേടാനുള്ള പരിശ്രമത്തോടൊപ്പം അത് നിലനിൽക്കാം. അതുകൊണ്ട് ‘അല്ലാഹു അഅ്ലം’ എന്ന സമീപനം ജ്ഞാനവിരുദ്ധമല്ല. മനുഷ്യൻ നേടിയെടുക്കുന്ന ഓരോ അറിവും ഭാഗികവും അനിശ്ചിതവും താൽക്കാലികവുമായതുമാണെന്ന് ഓർമിപ്പിക്കുന്ന ഒരു വിജ്ഞാനപരമായ കാഴ്ചപ്പാടാണ് അത്.
സൂഫിസവും അറിയാതിരിക്കലിന്റെ കലയും
മനുഷ്യജ്ഞാനത്തിന്റെ പരിമിതികളെ അംഗീകരിക്കുന്നത് സൂഫികളുടെ മാത്രം പ്രത്യേകതയല്ല. സൂഫിസം അറിവിനോടുള്ള എതിർപ്പുമല്ല. എന്നിരുന്നാലും, അറിയാത്തതിന്റെയും അറിയാനാവാത്തതിന്റെയും മൂല്യം തിരിച്ചറിയുന്ന സമീപനം സൂഫി വൃത്തങ്ങളിൽ സവിശേഷമായി ശക്തമാണ്. ഒരു സൂഫി സമൂഹത്തിൽ ചേരുന്നത് ചില പ്രത്യേകതരത്തിലുള്ള ‘അറിയാതിരിക്കലുകളിലേക്ക്’ (unlearning) നയിച്ചേക്കാം. സുഡാനിലെ സൂഫി പാരമ്പര്യങ്ങളുടെ പശ്ചാത്തലത്തിൽ നോവാ സലോമൻ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഒരു സൂഫി സാധകനെ സംബന്ധിച്ചിടത്തോളം തസവ്വുഫ് ദൈവത്തെക്കുറിച്ചുള്ള വ്യക്തിപരമായ അറിവ് നേടിയെടുക്കുന്നതിലുമപ്പുറം, അത്തരം അറിവ് സമ്പൂർണമായി കൈവരിക്കുക അസാധ്യമാണെന്ന തിരിച്ചറിവും ഉൾക്കൊള്ളുന്നു. അറിവിന്റെയും നിശ്ചിതത്വത്തിന്റെയും ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ഒരു വിജ്ഞാന സമീപനമായാണ് അദ്ദേഹം സൂഫി ജ്ഞാനപാരമ്പര്യത്തെ കാണുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ‘വിവരസമൂഹ’സങ്കൽപ്പത്തിന് വിരുദ്ധമായി നിലകൊള്ളുന്ന, പരിമിതമായ അറിവിന്റെയും രഹസ്യങ്ങളുടെയും ഒരു ദൈവശാസ്ത്രത്തെയാണ് സലോമൻ മുന്നോട്ടുവെക്കുന്നത്. അദ്ദേഹത്തിന്റെ സിർറ്, അഥവാ ‘രഹസ്യം’, എന്ന ആശയം അറിവ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറുന്നതിനെക്കുറിച്ചുള്ള ഒരു സിദ്ധാന്തം മാത്രമല്ല. ചില അറിവുകൾ മനുഷ്യന് ഒരിക്കലും പൂർണമായി കൈവരിക്കാനാവില്ലെന്ന തിരിച്ചറിവും അതിൽ അടങ്ങിയിരിക്കുന്നു. അറിവിന്റെ കൈവശപ്പെടുത്തലിനേക്കാൾ അതിന്റെ പരിധികളെയാണ് ഈ സങ്കൽപ്പം ഓർമിപ്പിക്കുന്നത്.
സമകാലിക ഇറാനിയൻ ജീവിതത്തിൽ സൂഫി പാരമ്പര്യത്തിലെ മഅ്രിഫത് (ma‘rifat) എന്ന ആശയം എങ്ങനെ വ്യാപിച്ചുനിൽക്കുന്നു എന്ന സീമ ഗോലെസ്താനെയുടെ അന്വേഷണവും ഇവിടെ പ്രസക്തമാണ്. അതിനെ അവർ ‘അറിയാതിരിക്കൽ’ (unknowing) എന്നാണ് വിവർത്തനം ചെയ്യുന്നത്. ദിവ്യമായതിനെ മനുഷ്യന് ആത്യന്തികമായി പൂർണമായി ഗ്രഹിക്കാനാവില്ല. അതുകൊണ്ട്, തനിക്കറിയാവുന്നത് വളരെ കുറച്ചുമാത്രമാണെന്ന സജീവമായ ബോധ്യത്തോടെയാണ് മനുഷ്യൻ ജീവിക്കേണ്ടത് എന്ന ആശയമാണിത് മുന്നോട്ടുവെക്കുന്നത്. ഗോലെസ്താനെ കണ്ടുമുട്ടിയ സൂഫികളെ സംബന്ധിച്ചിടത്തോളം, മനുഷ്യന്റെ ബൗദ്ധികശേഷി ദൈവിക ജ്ഞാനവുമായി താരതമ്യപ്പെടുത്തുമ്പോൾ നിസ്സാരമാണെന്ന് തിരിച്ചറിയുക മാത്രമല്ല പ്രധാനം. ആ തിരിച്ചറിവിന്റെ അതിരിൽ തന്നെ സ്വയം പ്രതിഷ്ഠിക്കുക എന്നതാണ് നിർണായകം.
മനുഷ്യചിന്തയുടെ പരിധിയെ ഒരു അവസാനമായി കാണാതെ, പുതിയൊരു തുടക്കമായി കാണാനാകുമോ? ദൈവത്തിന്റെ രഹസ്യാത്മകതയെ ഒരു പരിമിതി എന്നതിനപ്പുറം പുതിയ സാധ്യതകളിലേക്കുള്ള അവസരമായി കാണാനാകുമോ? ഈ ചോദ്യങ്ങളാണ് അവർ ഉയർത്തുന്നത്. ഈ വിവിധ സാഹചര്യങ്ങളിലുടനീളം, തസവ്വുഫിനെ ഒരർഥത്തിൽ ‘അറിയാതിരിക്കലിന്റെ കല’ എന്നു വിശേഷിപ്പിക്കാം. മനുഷ്യന് അറിയാൻ കഴിയുന്നതിന്റെ പരിധികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന ഈ സമീപനം, ‘അല്ലാഹു അഅ്ലം’ എന്ന പ്രയോഗത്തിൽ പ്രകടമാകുന്ന വിശാലമായ ഒരു ആത്മീയ-വിജ്ഞാന ബോധത്തിന്റെ ഭാഗമാണെന്നാണ് എന്റെ നിരീക്ഷണം. അതോടൊപ്പം നിരന്തരം അറിവിനെ തേടിക്കൊണ്ടിരിക്കുന്ന നരവംശ ശാസ്ത്രത്തിന്റെ സ്വഭാവത്തെ ഈ സമീപനം എങ്ങനെ അസ്ഥിരപ്പെടുത്തുന്നു എന്നതുകൂടിയാണ് ഞാൻ ആലോചിക്കുന്നത്.
നിരന്തരം കൂടുതൽ അറിവ് ഉൽപാദിപ്പിക്കാനുള്ള അന്വേഷണത്തിൽ നിന്ന്, താൽക്കാലികമായെങ്കിലും, ഈ സമീപനം നമ്മെ അകറ്റിനിർത്തുമോ? പകരം വിനയത്തിന്റെയും എളിമയുടെയും സംഭ്രമത്തിന്റെയും ഇടത്തിലേക്ക് നമ്മെ ക്ഷണിക്കുമോ? ഏറ്റവും മഹാനായ, സർവജ്ഞനായ, അതേസമയം മനുഷ്യന് പൂർണമായി ഗ്രഹിക്കാനാവാത്ത ദൈവത്തെ നരവംശശാസ്ത്രപരമായി മനസ്സിലാക്കാനുള്ള ശ്രമങ്ങളിൽ നിന്നാണ് അറിയാനാവാത്തതിനോടുള്ള എന്റെ താൽപര്യം വളർന്നുവന്നത്. ആത്യന്തികമായി മനുഷ്യന് അറിയാനാവാത്ത ദൈവത്തിന് നരവംശശാസ്ത്രത്തിന്റെ ആഖ്യാനങ്ങളിൽ എങ്ങനെ ഇടം നൽകാം എന്നതാണ് എന്റെ അന്വേഷണം. ദൈവത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നരവംശശാസ്ത്രജ്ഞർ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യാതീതവും മനുഷ്യനേക്കാൾ ഉന്നതവുമായ അറിവിലേക്കു കാര്യങ്ങളെ നിരന്തരം തിരിച്ചുവിടുന്ന ഈ ശീലം നമ്മെ എന്തെങ്കിലും പഠിപ്പിക്കുമോ? ഒരുപക്ഷേ, നമ്മൾ ഇതുവരെ പഠിച്ചതിൽ ചിലത് മറക്കാനും അത് സഹായിക്കുമോ?
‘എനിക്കൊന്നും അറിയില്ലെന്ന് എനിക്കറിയാം’ എന്ന തരത്തിൽ, ‘എനിക്കറിയില്ല’ എന്ന പ്രസ്താവന തന്നെ ഒരു കർക്കശമായ വിജ്ഞാനവാദമായി മാറുന്ന സന്ദർഭങ്ങളിലല്ല എനിക്ക് കൂടുതൽ താൽപര്യം. മറിച്ച്, അറിയാനാവാത്തതോടൊപ്പം ജീവിക്കാനുള്ള പുതിയ രീതികൾ വളർത്തിയെടുക്കുന്നതിലേക്കു നയിക്കുന്ന വിധത്തിൽ മനുഷ്യന്റെ അറിവില്ലായ്മയെ തിരിച്ചറിയുന്ന സന്ദർഭങ്ങളിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇസ്തിഖാറ നമസ്കാരം—മാർഗനിർദേശത്തിനായി ദൈവത്തിലേക്ക് തിരിയൽ—മുതൽ ദിക്ർ, അഥവാ ദൈവസ്മരണ, വരെയുള്ള പല അനുഷ്ഠാനങ്ങളിലും ഈ സമീപനം പ്രകടമാണ്.
സൂഫി മാർഗദർശനങ്ങൾ
വളരെക്കാലമായി എനിക്ക് പരിചയമുള്ള ഒരു സൂഫി വൃത്തത്തോടൊപ്പമാണ് ആ സായാഹ്നം ഞാൻ ചെലവഴിച്ചത്. ദിക്റിനും സംഘടിതമായ പാരായണത്തിനും ശേഷം ഞങ്ങളെല്ലാവരും വൃത്താകൃതിയിൽ ഇരുന്നു.
കരീം എന്റെ നേർക്ക് തിരിഞ്ഞ് ചോദിച്ചു:
‘നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ?’
അവരുടെ വിയോഗം പ്രാപിച്ച ശൈഖിനെക്കുറിച്ച് സംസാരിക്കാൻ എനിക്കാഗ്രഹമുണ്ടോ എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്.
എനിക്ക് ഒന്നും പങ്കുവെക്കാനുണ്ടായിരുന്നില്ല.
പകരം ഞാൻ പറഞ്ഞു:
‘എനിക്ക് ഒരു ചോദ്യമുണ്ട്.’
‘ചോദിച്ചോളൂ,’ കരീം പറഞ്ഞു.
‘അല്ലാഹ്’ എന്ന വാക്കിനെക്കുറിച്ചും, അവർ അത് കൂട്ടമായി ഉച്ചരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നുമായിരുന്നു എന്റെ ചോദ്യം.
മറുപടിയായി, അക്ഷരങ്ങളുടെ പ്രതീകാത്മകത, ശ്വാസോച്ഛ്വാസത്തെക്കുറിച്ചുള്ള സൈദ്ധാന്തിക വിശദീകരണം, ‘അല്ലാഹ്’ എന്ന വാക്കിൽ ‘ഹ’ എന്ന അക്ഷരം അടങ്ങിയിരിക്കുന്നതും അത് ‘ഹുവ’—‘അവൻ’—എന്നതിന്റെ ചുരുക്കരൂപമാണെന്നതുമൊക്കെ കൂട്ടിയിണക്കുന്ന ഒരു വിശദമായ പ്രഭാഷണം ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ആത്മീയാർഥങ്ങളുള്ള അറബി അക്ഷരങ്ങളെക്കുറിച്ച് ആൻ മേരി ഷിമ്മൽ അടക്കമുള്ളവരെ വായിച്ചതിലൂടെയും, മറ്റു സൂഫികൾ അവരുടെ രീതികളെക്കുറിച്ച് സംസാരിക്കുന്നത് കേട്ടതിലൂടെയും രൂപപ്പെട്ട ധാരണകളായിരുന്നു ആ പ്രതീക്ഷയുടെ അടിസ്ഥാനം. ഇത്തരത്തിൽ അറിവിന്റെ ചെറിയ ഘടകങ്ങൾ സമാഹരിക്കുകയും അവയെ വികസിപ്പിക്കുകയും കൂടുതൽ വിശാലമായ വിജ്ഞാനങ്ങളിലേക്കു നീങ്ങുകയും ചെയ്യുന്നത് അക്കാദമിക ലോകത്തിന് പരിചിതമായ രീതിയാണ്.
ഉപചാരപൂർവം രണ്ടുപേർ മറുപടി പറയാൻ തുടങ്ങി. കരീം അവരെ തടഞ്ഞു. ശബ്ദം ഉയർത്തി അദ്ദേഹം പറഞ്ഞു: ‘ചോദ്യം തന്നെ തെറ്റാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ചോദിക്കാറില്ല. ഞങ്ങളോട് ആവശ്യപ്പെട്ടത് ഞങ്ങൾ ചെയ്യുന്നു. പ്രവാചകന്റെ മാതൃകയാണ് ഞങ്ങൾ പിന്തുടരുന്നത്. ദിക്റിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾ ചോദിക്കാറില്ല.’ പിന്നീട് അദ്ദേഹം എന്റെ നേരെ തിരിഞ്ഞു: ‘നിങ്ങളുടെ ചോദ്യം യുക്തിയിൽ നിന്നാണ് വരുന്നത്.’ അതോടെ സംഭാഷണം അവസാനിച്ചു. കരീം എന്നെ എന്റെ സ്ഥാനത്ത് നിർത്തുകയായിരുന്നു. ഞാൻ ഈ സദസ്സിലേക്ക് വരുന്നത് ദിവ്യാനുരാഗത്താലോ ഭക്തിയാലോ അല്ല; ബൗദ്ധിക സമീപനത്താലാണ്. അതിലും മോശമായി പറഞ്ഞാൽ, ‘ഡാറ്റ’ ശേഖരിക്കാനാണ്. കരീം ‘അല്ലാഹു അഅ്ലം’ എന്നു പറഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. മനുഷ്യജ്ഞാനവും ദൈവികജ്ഞാനവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അറിവിനെക്കുറിച്ച് സംസാരിക്കുന്നതും അതിനെ ജീവിച്ചും അനുഭവിച്ചും മനസ്സിലാക്കുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു അത്. കൂടുതൽ ലളിതമായി പറഞ്ഞാൽ, മനുഷ്യന്റെ അറിവിന്—പ്രത്യേകിച്ച് ഭാഷയിലൂടെ ലഭിക്കുന്ന അറിവിന്—പരിധികളുണ്ടെന്ന് അദ്ദേഹം ഓർമിപ്പിക്കുകയായിരുന്നു.
എല്ലാത്തിനുമുപരി, കൈറോയിൽ സൂഫികളോടൊപ്പം സമയം ചെലവഴിച്ചിരുന്നപ്പോഴെല്ലാം സംഭവിച്ചതുപോലെ ഇവിടെയും എന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല. പലരും എന്റെ ചോദ്യങ്ങളെ അവഗണിക്കുകയോ രഹസ്യത്തിന്റെ മഹത്വം എടുത്തുപറയുകയോ ചെയ്തു. സൂഫികളോടൊപ്പം സമയം ചെലവഴിച്ചശേഷം, അവരെ കാണുന്നതിനു മുമ്പുണ്ടായിരുന്നതിനേക്കാൾ പരിമിതമായ അറിവുമായാണ് പലപ്പോഴും ഞാൻ മടങ്ങിയിരുന്നത്. ഭക്ഷണം വിതരണം ചെയ്യുന്ന സൂഫി ഇടങ്ങളായ ഖിദ്മകളിൽ, ‘വലതുകൈ നൽകുന്നത് ഇടതുകൈ അറിയരുത്’ എന്ന് പറയുന്ന ഹദീസ് നിരന്തരം ആവർത്തിക്കപ്പെട്ടിരുന്നു.
ദർവേശുമാർ വളരെ കുറച്ചേ സംസാരിച്ചിരുന്നുള്ളൂ. എന്നാൽ അവർ സംസാരിച്ച കാര്യങ്ങൾ എനിക്ക് പലപ്പോഴും മനസ്സിലാക്കാനാവാത്തത്ര നിഗൂഢമായിരുന്നു. കൈറോയിൽ ഞാൻ കണ്ട ഏറ്റവും ആകർഷകവും കൗതുകകരവുമായ ചില ജീവിതങ്ങൾ എന്റെ എഴുത്തുകളിൽ ഒരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ല. എഴുതാൻ ആവശ്യമായത്ര സൂക്ഷ്മമായ വിവരങ്ങളും ജീവചരിത്രങ്ങളും എനിക്ക് ലഭിച്ചില്ല. അവരുടെ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന ദൈവശാസ്ത്രപരമോ ധാർമികമോ ആയ ആഖ്യാനങ്ങൾ ലഭിച്ചില്ല. അവരുടെ ദൈനംദിനജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളും ലഭിച്ചില്ല.
അറിവ് ഉൽപാദിപ്പിക്കുക എന്നതാണ് നരവംശ ശാസ്ത്രജ്ഞരുടെ ദൗത്യം എന്നിരിക്കെ, ‘അറിയാതിരിക്കൽ’ അവർക്കു എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. ഹന്ന മക്എൽഗന്നും കാമറൺ ഹുവും പറയുന്നതുപോലെ, ‘അറിവ് സത്താപരമായിത്തന്നെ ഒരു നന്മയാണ്’ എന്നാണു സാധാരണയായി കരുതപ്പെടുന്നത്. അറിവിനായുള്ള അവസാനമില്ലാത്ത അന്വേഷണത്തെ നാം സ്വതവേ ചോദ്യം ചെയ്യുന്നില്ല. മറ്റെല്ലാവരും ഇതേ അന്വേഷണത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും നാം കരുതുന്നു. അജ്ഞതയുടെ നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ, നരവംശ ശാസ്ത്രജ്ഞർ സ്വന്തം അറിവാസക്തിയും അജ്ഞതയോടുള്ള വിരോധവും അവർ പഠിക്കുന്ന ആളുകൾക്കും ഉണ്ടെന്ന് അനായാസം കരുതിയിട്ടുണ്ട്. ഇതിന്റെ ഫലമായി, അറിവില്ലായ്മയെ നിഷ്പക്ഷമായോ അനുകൂലമായോ കാണുന്ന സാഹചര്യങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നു.
പരമ്പരാഗത ഫീൽഡ്വർക്ക് വിവരണങ്ങളിൽ സാധാരണയായി കാണുന്ന ഒരു ആഖ്യാനഘടനയുണ്ട്: ആദ്യം ഒന്നും അറിയാത്ത, ശിശുതുല്യനായ നരവംശശാസ്ത്രജ്ഞൻ എത്തുന്നു. പിന്നീട് അവൻ അറിവ് ശേഖരിക്കുന്നു. അവസാനം, ഒരു പ്രത്യേക ‘സംസ്കാരത്തെ’ക്കുറിച്ചുള്ള വിദഗ്ധനായി മാറുന്നു.ഇങ്ങനെ നരവംശ ശാസ്ത്രജ്ഞൻ അറിവിന്റെ വാഹകനും നിർമാതാവുമായി മാറുന്നു. എന്നാൽ റിഫ്ലക്സീവ്, ഡീകൊളോണിയൽ പ്രവണതകൾ ഈ ധാരണയെ ഗൗരവമായി ചോദ്യം ചെയ്തിട്ടുണ്ട്. ഈ പ്രവണതകൾക്കുശേഷമുള്ള നരവംശശാസ്ത്രം ഭാഗികമായ അറിവിനെയും ശിഥിലീകരണത്തെയും (fragmentation), ആഖ്യാനത്തെക്കാൾ അനുഭവഭേദ്യമായ എഴുത്തിനെയും കൂടുതൽ വിലമതിക്കുന്നു.
ഇന്ന് നാം ‘അറിവില്ലായ്മ’യെക്കുറിച്ച് സംസാരിക്കുന്നു. അറിയാനുള്ള അന്ധവും അമിതവുമായ ആഗ്രഹത്തിലാണ് എത്നോഗ്രാഫിക് എക്സ്ട്രാക്റ്റിവിസം അധിഷ്ഠിതമാകുന്നത് എന്ന ആശങ്കയും നമുക്കുണ്ട്. എന്നിട്ടും അറിവ് തന്നെ കേന്ദ്രസ്ഥാനത്ത് തുടരുന്നു. കൊളോണിയൽ ജ്ഞാന സമ്പ്രദായങ്ങൾക്ക് പകരം തദ്ദേശീയ അറിവുകളെ പ്രതിഷ്ഠിക്കണമെന്ന ആഗ്രഹത്തിലും, ദൈവശാസ്ത്രം പോലുള്ള മേഖലകളിൽ നിന്നുള്ള ആശയപരമായ പരിപ്രേക്ഷ്യങ്ങൾ നരവംശശാസ്ത്രത്തിന്റെ വിശകലനോപകരണങ്ങളെ വികസിപ്പിക്കുമെന്ന പ്രതീക്ഷയിലും ഇത് പ്രകടമാണ്.
അറിയാതിരിക്കലിന്റെ ജീവിതക്രമം
ഈജിപ്തിലെ സൂഫി, സൂഫിയേതര മുസ്ലിം ജീവിതലോകങ്ങളെ അടുത്തറിഞ്ഞപ്പോൾ, അറിവിനോടുള്ള ആഴത്തിലുള്ള ആദരവിനൊപ്പം മനുഷ്യജ്ഞാനത്തിന് സ്വാഭാവികമായ പരിധികളുണ്ടെന്ന തിരിച്ചറിവും അവിടെ നിലനിൽക്കുന്നതായി ഞാൻ മനസ്സിലാക്കി. ഖുർആനിലെ ‘അല്ലാഹു അഅ്ലം’ എന്ന പ്രയോഗം, മനുഷ്യർ മറച്ചുവെക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾപോലും ദൈവത്തിനറിയാമെന്ന് വിശ്വാസികളെ ഓർമിപ്പിക്കുന്നു. മനുഷ്യർക്ക് യഥാർഥത്തിൽ എന്താണ് നന്മയെന്ന് ഏറ്റവും നന്നായി അറിയുന്നതും ദൈവത്തിനാണ്.
ഖുർആൻ പറയുന്നു:
‘നിങ്ങൾ ഇഷ്ടപ്പെടാത്ത ഒരു കാര്യം നിങ്ങൾക്ക് നന്മയായിരിക്കാം. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു കാര്യം നിങ്ങൾക്ക് ദോഷകരവുമായിരിക്കാം. അല്ലാഹു അറിയുന്നു; നിങ്ങൾ അറിയുന്നില്ല.’
— ഖുർആൻ 2:216
ഖുർആനിൽ പ്രതിപാദിക്കുന്ന അല്ലാഹുവിന്റെ അറിവ് മനുഷ്യജ്ഞാനത്തേക്കാൾ അളവിൽ മാത്രമല്ല ശ്രേഷ്ഠം. അതിന്റെ സ്വഭാവം തന്നെ വ്യത്യസ്തമാണ്. മനുഷ്യർക്ക് അറിയാൻ കഴിയാത്ത രഹസ്യകാര്യങ്ങളും അല്ലാഹുവിനറിയാം. നമ്മുടെ ചിന്തകളെക്കുറിച്ച് നമുക്കുള്ള അറിവിനേക്കാൾ കൂടുതൽ ആഴത്തിൽ അവനറിയാം.
ഖുർആൻ പറയുന്നു:
‘തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചു; അവന്റെ മനസ്സ് അവനോടു മന്ത്രിക്കുന്നതും നാം അറിയുന്നു. അവന്റെ കഴുത്തിലെ ഞരമ്പിനേക്കാൾ നാം അവനോട് അടുത്തവരാണ്.’
— ഖുർആൻ 50:16
ദൈവത്തിന്റെ അനേകം നാമങ്ങളിൽ അൽ-അലീം, അൽ-ആലിം എന്നിവ ഉൾപ്പെടുന്നു. ‘അറിയുന്നവൻ’ എന്ന അർഥമുള്ള പദങ്ങളാണിവ അറിവിനെ ചിലപ്പോൾ ദൈവിക ഗുണങ്ങളുടെ മാതാവ് എന്നും വിശേഷിപ്പിക്കാറുണ്ട്. ആത്യന്തികമായി എല്ലാം അറിയുന്നവൻ ദൈവം മാത്രമായതിനാൽ, ഇസ്ലാമിക പാരമ്പര്യത്തിലെ ചില ധാരകൾ അൽ ഗൈബ്—അജ്ഞാതം, ദൃശ്യാതീതം, മനുഷ്യന്റെ സാധാരണ അറിവിനു പുറത്തുള്ളത്—എന്ന ആശയത്തിന് വലിയ പ്രാധാന്യം നൽകുന്നു. അക്ഷരാർഥത്തിൽ അൽ ഗൈബ് എന്നത് നമുക്ക് ലഭ്യമല്ലാത്തതോ അറിയാൻ കഴിയാത്തതോ ആയ അറിവിന്റെ മേഖലയെ സൂചിപ്പിക്കുന്നു. തൊട്ടടുത്ത മുറിയിൽ എന്താണ് നടക്കുന്നതെന്നും നാളെ എന്താണ് സംഭവിക്കുകയെന്നും നമുക്കറിയാതിരിക്കാം.
എനിക്ക് പരിചിതരായ പലരും അല്ലാഹുവിനെ പൂർണമായി അറിയാനാവില്ലെന്നും ചില കാര്യങ്ങളെക്കുറിച്ച് ചോദിക്കാൻ പോലും പാടില്ലെന്നും ഊന്നിപ്പറഞ്ഞിരുന്നു. മതപരമായ കാര്യങ്ങളെക്കുറിച്ച് കുട്ടിക്കാലത്ത് തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചപ്പോൾ, അത്തരം സംശയങ്ങൾ മനസ്സിൽ കൊണ്ടുവരുന്നത് പിശാചാണെന്ന് തങ്ങളോട് പറഞ്ഞിരുന്നതായി ചിലർ ഓർമിച്ചു. അവരുടെ വീക്ഷണത്തിൽ ദൈവത്തെ സമീപിക്കേണ്ടത് യുക്തിസഹമായ വാദങ്ങളിലൂടെയല്ല; പ്രാർഥനയിലൂടെയും സ്മരണയിലൂടെയുമാണ്. മനുഷ്യനായി ജീവിക്കുക എന്നത് അൽ ഗൈബിനാൽ ചുറ്റപ്പെട്ടിരിക്കുകയെന്നതുകൂടിയാണ്. അതുകൊണ്ടുതന്നെ ഖുർആൻ മനുഷ്യന്റെ അറിവിന്റെ പരിധികളെ നിരന്തരം ഓർമിപ്പിക്കുന്നു:
“അല്ലാഹു അറിയുന്നു; നിങ്ങൾ അറിയുന്നില്ല.”
‘അല്ലാഹു അഅ്ലം’ എന്ന പ്രയോഗത്തിലൂടെ ആളുകൾ പ്രകടിപ്പിക്കുന്നതും ഇതേ നിലപാടാണ്. അറിയാതിരിക്കുക എന്നത് നിർബന്ധമായും ഒരു കുറവല്ല. മറിച്ച്, അൽ ഗൈബ് നമ്മൾ ജീവിക്കുന്ന ലോകത്തിന്റെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് അംഗീകരിക്കലാണ്. മനുഷ്യർക്ക് എല്ലാം അറിയാത്തതിനാലാണ് വെളിപ്പാടിന്റെ ആവശ്യം ഉയരുന്നത്. ഇഹലോക ജീവിതത്തിൽ ചില കാര്യങ്ങൾ അറിയാതിരിക്കുക ചിലപ്പോൾ ഒരു അനുഗ്രഹവുമാകാം. ഈ ലോകത്ത് ജീവിക്കാനും ഭ്രാന്തുപിടിക്കാതിരിക്കാനും ചില കാര്യങ്ങൾ അറിയാതിരിക്കേണ്ടത് പോലും ചിലപ്പോൾ അനിവാര്യമായേക്കാം. ഒരു പ്രഭാഷകൻ പറയുന്നതുപോലെ, എല്ലാവരുടെയും ഭൂതകാലം, അവരുടെ എല്ലാ കാര്യങ്ങളും, ചിന്തകളും ആഗ്രഹങ്ങളും നമുക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ അത് അരാജകത്വമായേനെ. ദൈവികമായ മറച്ചുവെക്കലിന്റെ (സത്ർ) ഈ യുക്തി, കൂടുതൽ അറിയുന്നത് എല്ലായ്പ്പോഴും കൂടുതൽ നല്ലതാണെന്ന ധാരണയെ സങ്കീർണമാക്കുന്നു.
എന്നാൽ അറിയാതിരിക്കുക എല്ലായ്പ്പോഴും ആഗ്രഹിക്കേണ്ട ഒരു അവസ്ഥയാണെന്ന് ഇതുകൊണ്ട് അർഥമില്ല. എല്ലാം അറിയുന്നവൻ അല്ലാഹു മാത്രമാണെന്ന് അംഗീകരിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമായ അനുഭവം നൽകണമെന്നുമില്ല. മുന്നറിയിപ്പില്ലാത്ത അറസ്റ്റുകളെയോ കാലാവസ്ഥാ ദുരന്തങ്ങളെയോ അഭിമുഖീകരിക്കുമ്പോൾ മനുഷ്യന്റെ അറിവിന്റെ പരിമിതി ഭയാനകമായി അനുഭവപ്പെടാം. അറിയാതിരിക്കുക സ്വതവേ ഒരു ആത്മീയാവസ്ഥയുമല്ല. അത് അധികാരത്തിലുള്ളവർ സൃഷ്ടിക്കുന്ന ഒന്നായും മാറാം. കൊളോണിയൽ സാഹചര്യങ്ങളിൽ വ്യത്യസ്തമായ അറിവിന്റെ വഴികളെ നിരസിക്കുകയും നിലവിലുള്ള വ്യവസ്ഥയുടെ അടിത്തറയായ അക്രമത്തെ ബോധപൂർവം മറക്കുകയും ചെയ്യുന്നതിലൂടെ അജ്ഞതയെ ബലമായി സൃഷ്ടിക്കുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യാം. എന്റെ സുഹൃത്തുക്കളുടെ ഭാഷയിൽ പറഞ്ഞാൽ, അറിവിന്റെ ഈ പരിധിയും മനുഷ്യജീവിതത്തിൽ സ്വാഭാവികമായി നിലനിൽക്കുന്ന ഒന്നാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അറിയാതിരിക്കുക മനുഷ്യാവസ്ഥയുടെ ഭാഗമാണ്.
‘അല്ലാഹു അഅ്ലം’ എന്ന സമീപനം നരവംശശാസ്ത്രത്തിനു മുന്നിൽ ചില പ്രധാന വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഒന്നാമതായി, അജ്ഞത, രഹസ്യം, അനിശ്ചിതത്വം, സംശയം, നിശ്ശബ്ദത എന്നിവയെക്കുറിച്ച് കൂടുതൽ ആഴമുള്ള ആഖ്യാനങ്ങൾ രൂപപ്പെടുത്താൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ ഇവിടെ ഒരു വിരോധാഭാസമുണ്ട്. അജ്ഞതയെക്കുറിച്ചുള്ള ഏറ്റവും ആഴമുള്ള വിവരണംപോലും ‘അറിയാതിരിക്കലിനെ’ വീണ്ടും അറിവിന്റെ ഒരു വിഷയമാക്കി മാറ്റാം. അതിനാൽ രണ്ടാമത്തെയും എനിക്ക് കൂടുതൽ താൽപര്യമുള്ളതുമായ വെല്ലുവിളി ഇതാണ്: നമ്മുടെ എഴുത്തിൽ അജ്ഞതയെ യഥാർഥത്തിൽ സ്വീകരിക്കുകയും അതിനെ മാനിക്കുകയും ചെയ്യുക എന്നതിന്റെ അർഥം എന്താണ്? ‘അല്ലാഹു അഅ്ലം’ എന്നത് ‘എനിക്കറിയില്ല’ എന്നുമാത്രമല്ല. ‘നമ്മളാരും പൂർണമായി അറിയുന്നില്ല’ എന്നതുകൂടിയാണ്. എന്നാൽ അറിവില്ലായ്മയുടെ ഈ കല അറിവിനായുള്ള നമ്മുടെ അക്ഷീണാന്വേഷണത്തെ എങ്ങനെ തടസ്സപ്പെടുത്തുന്നു? അറിവിന്റെ കേന്ദ്രസ്ഥാനം എങ്ങനെ മാറ്റുന്നു? കൂടുതൽ അറിവ് ശേഖരിക്കുന്നതിനുപകരം, അറിയാതിരിക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ ബോധം കൂടുതൽ ആഴപ്പെടുത്താൻ കഴിഞ്ഞാലോ? അറിവ് ഉൽപാദിപ്പിക്കാൻ മാത്രം പരിശ്രമിക്കുന്നതിനുപകരം, ചിലപ്പോഴെങ്കിലും അതിന്റെ വിപരീതമായ കാര്യത്തിനായി പരിശ്രമിച്ചാലോ? അൽ ഗൈബിനെ നമ്മുടെ ചിന്തയെയും എഴുത്തിനെയും സ്വാധീനിക്കാൻ അനുവദിച്ചാലോ? അതിനെ നമ്മുടെ എഴുത്തിൽ നിന്ന് പുറത്താക്കുന്നതിനുപകരം, നമ്മുടെ ചിന്തയിലും ഭാഷയിലും ഇടം നൽകിയാലോ?
ഞാൻ ‘ദൈവത്തിന്റെ നരവംശശാസ്ത്രം’ എന്നു വിളിക്കുന്ന ആശയഘടന ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. നിർവചനപ്രകാരം തന്നെ പൂർണമായി ഗ്രഹിച്ചെടുക്കാനാവാത്ത ഒരു വിഷയത്തെക്കുറിച്ച് എഴുതുക. ‘മുഴുവൻ കാര്യവും പറഞ്ഞുതരാം’, ‘എല്ലാ ഉത്തരങ്ങളും എനിക്കുണ്ട്’ എന്ന അവകാശവാദങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു നരവംശശാസ്ത്രത്തിനായി ശ്രമിക്കുക. ഏതൊരു എത്തനോഗ്രാജിക് വിവരണത്തിനും പൂർണമായി ഉൾക്കൊള്ളാനാവുന്നതിലും വലുതാണ് ദൈവം. ദൈവത്തെ പൂർണമായി ഗ്രഹിച്ചെടുക്കാനാവില്ല. അറിയാനാവാത്ത ഒരു വിഷയവുമായി ഇടപെടുമ്പോൾ സ്വന്തം പഠനവിഷയത്തെ പൂർണമായി മനസ്സിലാക്കിയെന്നോ ഗ്രഹിച്ചെടുത്തെന്നോ അവകാശപ്പെടരുത് എന്ന കാര്യം മറ്റു എത്നോഗ്രാഫിക് രചനകളിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അത്തരം എഴുത്തുരീതികൾ പൂർണമായ ചിത്രങ്ങൾ നൽകാൻ ശ്രമിക്കുന്നില്ല. ‘ഇപ്പോൾ എല്ലാം വ്യക്തമായി’ എന്ന സംതൃപ്തി വായനക്കാരനു നൽകാനും അവ ശ്രമിക്കുന്നില്ല. അവ അനിശ്ചിതത്വത്തെ മാനിക്കുന്നു. പേര് നൽകാനാവാത്ത എന്തോ ഒന്നിനെ അനുഭവിക്കാൻ അവ ഇടം നൽകുന്നു. അവ താൽക്കാലികവും ഉറപ്പില്ലാത്തതുമായ സ്വഭാവം പുലർത്തുന്നു.
ആത്യന്തികമായി എല്ലാം അറിയുന്നവനും, എന്നാൽ മനുഷ്യന് പൂർണമായി അറിയാനാവാത്തവനുമായ ദൈവവുമായി ഇടപെടുക എന്നത്, എന്നെ സംബന്ധിച്ചിടത്തോളം, അറിയാനാവാത്തതിനൊപ്പമിരിക്കുകയും അതിനകത്ത് നീന്തുകയും ചെയ്യുക എന്ന അനുഭവമായിരുന്നു. റിഫ്ലക്സീവ് രീതിശാസ്ത്രപരമായ മാറ്റത്തിനുശേഷമുള്ള മതേതര നരവംശശാസ്ത്രത്തിൽ, ‘ദൈവത്തിന്റെ കണ്ണിലൂടെ ലോകത്തെ കാണുന്ന’ ഒരു സർവജ്ഞ കാഴ്ചപ്പാട് നിലനിൽക്കുന്നില്ല. നമുക്കുള്ളത് പരിമിതമായ അതിരുകളും ഭാഗികമായ കാഴ്ചപ്പാടുകളും പരിധിയുള്ള വിജ്ഞാന സമ്പ്രദായങ്ങളും മാത്രമാണ്. ഈ വ്യത്യാസങ്ങളെ അവഗണിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. ദൈവത്തിന് അനുകൂലമായി വാദിക്കുക എന്നതുമല്ല. മറിച്ച്, പരമമായ ജ്ഞാനം മനുഷ്യനുള്ളതല്ലെന്ന് നിരന്തരം ഓർമിപ്പിക്കുന്നതിലൂടെ ‘അല്ലാഹു അഅ്ലം’ എന്ന പ്രയോഗം നരവംശശാസ്ത്രത്തിനു നൽകുന്ന പ്രചോദന സാധ്യതയിലേക്കാണ് ഈ ലേഖനം വിരൽചൂണ്ടുന്നത്.
അറിയാതിരിക്കലിനെക്കുറിച്ചുള്ള ചില മതേതരവും മാനവികവുമായ പാരമ്പര്യങ്ങൾ മനുഷ്യന്റെ അറിവിലുള്ള അഭിമാനത്തെ അറിവില്ലായ്മയിലുള്ള മറ്റൊരു അഭിമാനമായി മാറ്റാനുള്ള സാധ്യത ഉൾക്കൊള്ളുന്നു. അജ്ഞതയെക്കുറിച്ചുള്ള ഇസ്ലാമിക പാരമ്പര്യങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കണമെന്നു ഞാൻ നിർദേശിക്കുന്നതിന്റെ ഒരു കാരണം അതാണ്. എല്ലാം അറിയുന്ന ദൈവത്തിലേക്ക് കാര്യങ്ങളെ തിരിച്ചുവിടുന്ന ഈ സമീപനം അടിസ്ഥാനപരവും സ്ഥിരവുമായ ഒരു വിനയത്തിലേക്കാണ് നയിക്കുന്നത്. ഒരാൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ നിന്ന് സ്വതന്ത്രമായും ഈ വിനയത്തിന്റെ സമീപനം നരവംശശാസ്ത്രത്തിന് പലതും നൽകാൻ കഴിയും.
കൂടുതൽ വിശാലമായി പറഞ്ഞാൽ, ലോകം നമ്മെ ചുറ്റിയാണ് കറങ്ങുന്നതെന്നോ എല്ലാ ഉത്തരങ്ങളും നമുക്കറിയാമെന്നോ, അല്ലെങ്കിൽ ഒരുനാൾ എല്ലാം അറിയാൻ കഴിയുമെന്നോ ഉള്ള മനുഷ്യകേന്ദ്രിത ധാരണയെ ഘട്ടംഘട്ടമായി ചോദ്യം ചെയ്യേണ്ടത് നിർണായകമാണ്. ദിക്റിൽ പങ്കെടുക്കുന്നതിനു പകരം ദൈവത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയതും, ഈ ലേഖനം തന്നെ അക്കാദമിക അറിവ് ഉൽപാദനത്തിന്റെ പല രീതികളും പിന്തുടരുന്നതും ഉൾപ്പെടെ, ഈ സമീപനത്തിലെ വിരോധാഭാസങ്ങളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. മന്ത്രം ജപിക്കുക, കവിത എഴുതുക, അസംബന്ധതയെ സ്വീകരിക്കുക, ഒന്നും പറയാതിരിക്കുക—അറിവ് അനിവാര്യമല്ലാത്ത മറ്റു നിലനിൽപ്പുരീതികളും ഉണ്ട്.
ഈ രണ്ടു വീക്ഷണങ്ങൾക്കുമിടയിലുള്ള ഒരു സ്ഥാനത്താണ് ഞാൻ തുടരുന്നത്. എല്ലാം കണ്ടെത്തിക്കഴിഞ്ഞുവെന്ന് അവകാശപ്പെടാതെ ചില കഥകൾ പറയുന്നു. ചില ചോദ്യങ്ങളും ചിന്തകളും മുന്നോട്ടുവെക്കുന്നു. സ്വന്തം അനിശ്ചിതത്വങ്ങളെയും അസ്ഥിരതകളെയും അംഗീകരിക്കുന്ന അറിവിന്റെ ഇടങ്ങൾ വരച്ചുകാട്ടാൻ ശ്രമിക്കുന്നു. തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞശേഷം ഒടുവിൽ ‘അല്ലാഹു അഅ്ലം’ പടച്ചവനാണ് കൂടുതൽ അറിയുന്നവൻ’ എന്നു പറഞ്ഞ് സ്വന്തം അവകാശവാദങ്ങളെ ആപേക്ഷികമാക്കുന്ന ചില മുസ്ലിം പണ്ഡിതന്മാരുടെ രീതിയാണ് ഇവിടെ എന്റെ മാതൃക. നരവംശശാസ്ത്രം അറിവിനെ ഉപേക്ഷിക്കാൻ തയ്യാറാണെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ ചെയ്യേണ്ടതുമില്ല. എന്നാൽ അതിനകത്ത് വിനയത്തിന് തീർച്ചയായും ഇടമുണ്ട്.
Featured image by: Zülfiye Altın
God Knows Best എന്ന ലേഖനത്തിന്റെ സംക്ഷിപ്ത വിവർത്തനം
വിവർത്തനം: സിറാജ് റഹ്മാൻ


Comments are closed.