ഴിൽബേർ സിമോന്തൻ: തത്വചിന്തയുടെ തെർമോഡൈനാമിക്സ് എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.

പൂർവ വ്യക്തിയും ഇൻഡിവിജ്വേഷനും

വ്യക്തീകരണത്തെ (individuation) വ്യക്തിയിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് പകരം വ്യക്തിയെ വ്യക്തീകരണത്തിലൂടെ മനസ്സിലാക്കാൻ ശ്രമിച്ചു എന്നതായിരുന്നു ഴിൽബേർ സിമോന്തൻ തത്വചിന്തയിൽ സാധ്യമാക്കിയ മൗലികമായ വിച്ഛേദനം. സ്വത്വ സംബന്ധിയായ മനുഷ്യരുടെ മനസ്സിലാക്കലുകളുടെ പരിഷ്കരണമായിരുന്നു അദ്ദേഹം അതിലൂടെ സാധ്യമാക്കിയത്. സാമ്പ്രദായിക ചിന്ത അബദ്ധമായി മാറുന്നത് പൂർവ വ്യക്തിയിൽ നിന്നും വ്യക്തിയിലേക്കുള്ള പരിണാമപ്രക്രിയയിൽ അത് മുൻകൂർ സ്ഥാപിതമായ വ്യക്തി എന്ന സങ്കല്പത്തിന് സവിശേഷസ്ഥാനം നൽകുകയും വ്യക്തിരൂപീകരണ പ്രക്രിയയെ വിസ്മരിക്കുകയും ചെയ്യുന്നു എന്നിടത്താണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി വ്യക്തിരൂപീകരണ പ്രക്രിയക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സിമോന്തന്റെ ചിന്ത തത്വചിന്തയിൽ ‘ഭവശാസ്ത്രത്തിന്’ പകരം ‘ഭാവോൽപത്തിപ്രക്രിയ’യെ (ontogenesis) പകരം വെക്കുന്നു. കാരണം സിമോന്തനെ സംബന്ധിച്ചിടത്തോളം ‘ഉണ്മ’യുടെ ‘ഒത്ത നടുവിനെ’ അറിഞ്ഞാൽ മാത്രമേ അതിനെ അറിയാൻ കഴിയുകയുള്ളൂ. അപ്പോൾ വ്യക്തീകരണമാണ്, അദ്ദേഹത്തിന്റെ സങ്കല്പത്തിൽ ഉണ്മയുടെ ഒത്ത നാടുവിലേക്കും അതുവഴി അതിലേക്ക് തന്നെയും എത്താൻ സഹായിക്കുന്ന ഘടകം.

‘Milieu’ എന്നത് ഴിൽ ദില്യൂസിനും സിമോന്തനും ഒരുപോലെ ഇഷ്ടവാക്കുകൾ ആയി മാറുന്നത് ഫ്രഞ്ചിൽ അതിനുള്ള ദ്വയാർത്ഥ സാധ്യത കൂടി പരിഗണിച്ചാണ്. ഫ്രഞ്ചിൽ ‘milieu’ എന്ന വാക്കിനർത്ഥം ‘നടു’ ‘ചുറ്റുപാട്’ എന്നൊക്കെയാണ്. സിമോന്തന്റെ ചിന്തയിൽ വ്യക്തീകരണം ആരംഭിക്കുന്നത് എപ്പോഴും ‘നടുക്ക്’ നിന്നാണ്. ഒണ്ടോജെനറ്റിക്കൽ തത്വശാസ്ത്രത്തിൽ രൂപമെടുത്തിട്ടില്ലാത്ത ഒരു ചുറ്റുപാട് (milieu) പൂർവ വ്യക്തിയെ എപ്പോഴും വലയം ചെയ്ത് നിൽക്കുന്നുണ്ട്. ആയിത്തീർന്നുകൊണ്ടിരിക്കലിന്റെ ഓരോ ഘട്ടത്തിലും ഉണ്മയിലെ പൂർവ വ്യക്തിയും അതിനെ വലയം ചെയ്ത് നിൽക്കുന്ന ആ ചുറ്റുപാടായ വ്യക്തീകരണവും മുഖാമുഖം വരുന്നുണ്ട്. ഫെലിക്സ് ഗ്വാത്തരിയുടെയും ദില്യൂസിന്റെയും ‘virtual’ (പരോഷം) ‘actual’ (യാഥാർത്ഥം) എന്നീ സങ്കല്പങ്ങൾ സിമോന്തന്റെ ആ ചിന്തയുമായി താരതമ്യം അർഹിക്കുന്നുണ്ട്. സിമോന്തനെ സംബന്ധിച്ചിടത്തോളം മനുഷ്യ ജീവിതത്തെ (life) കവിഞ്ഞുനിൽക്കുകയും, എന്നാൽ അതില്ലാതെ മനുഷ്യ ജീവിതം അനുഭവിക്കുക അസാധ്യമാവുകയും ചെയ്യുന്ന ഒരു ജീവനാണ് (a life) ‘വ്യക്തിപൂർവസ്ഥിതി’.

വ്യക്തിപൂർവസ്ഥിതി അനേകതയാണ് (multiplicity). എന്നാൽ അത് അനേകമാണ് എന്നതിനർത്ഥം അവിടെ എല്ലാ തരം ഏകതയും അസാധ്യമാണ് എന്നല്ല. മറിച്ച് വൈരുദ്ധ്യാത്മകമായ പല ഏകതകളും സാധ്യമായ ഇടം കൂടെയാണ് വ്യക്തിപൂർവസ്ഥിതി. വ്യത്യസ്തമായ ഘട്ടങ്ങൾക്കും വ്യക്തീകരണങ്ങൾക്കും കുറുകെ സാധ്യമാകുന്ന ഒന്നാണ് വ്യക്തിപൂർവസ്ഥിതിയിലെ ഏകത്വം. സിമോന്തന്റെ ഭാഷയിൽ “യാതൊരുവിധ പരിവർത്തനവും ആസാധ്യമായ ഒരു സ്ഥിരസ്ഥിതിയിലല്ല ഉണ്മയുടെ ഏകത്വം” വർത്തിക്കുന്നത്. പകരം, സ്ഥിതികൾക്ക് കുറുകെ അനേകമായി സഞ്ചരിക്കുന്ന ഒരു ‘transductive unity’ ആണ് ഉണ്മയുടെ ഏകതാവസ്ഥ.

ട്രാൻസ്ഡക്ഷനും ഉണ്മയുടെ ക്രിസ്റ്റൽവൽക്കരണവും

ജോയൽ മക്കിം: അപ്പോൾ ഒരു സംഭവത്തിന് മുമ്പേ ഉള്ളത് എന്താണ്? എന്താണ് അതിനെ ഉണ്ടാക്കുന്നത്?

ബ്രയാൻ മസ്സൂമി: ഷോക്ക്. അതാണ് പിയേഴ്സ് പറയുക.

Politics of Affect – Brian Massumi

ഒരു പ്രക്രിയയുടെ ഒരു മേഖലയിലുള്ള വ്യാപനത്തിനോടൊപ്പം സംഭവിക്കുന്ന അതിന്റെ ‘ഉള്ളുരുവം’ (in-formation) പ്രാപിക്കലിനെയാണ് സിമോന്താൻ ‘transduction’ എന്ന സങ്കൽപം കൊണ്ട് അടയാളപ്പെടുത്തുന്നത്. ചിന്തയും ഉണ്മയും പരസ്പരം ഒന്നായി മാറുന്ന ഒരു പ്രക്രിയയായാണത്. സാമ്പ്രദായിക ആഗമന (induction) നിഗമനങ്ങളിൽ (deduction) നിന്നും വ്യത്യസ്തമാണ് ‘transduction’. എറിൻ മാനിങ്ങ് എഴുതുന്നു: “The transformation spurred by the dephasing is what Simondon calls transduction, defined as a shift in level from individuation to individual, which is at the same time a shift that activates a new process or a new phase of a continuing process.”

 ‘Transduction’ന് ഉദാഹരണമായി സിമോന്തൻ കൊണ്ടുവരുന്നത് ക്രിസ്റ്റലുകൾ രൂപമെടുക്കുന്ന പ്രക്രിയയാണ്. ഒരു ചെറുവിത്തിൽ (germ) നിന്നും ഒരു ലായിനിയിലേക്ക് മുഴുവനായി അത് വ്യാപിക്കുന്നു. രൂപം കൊള്ളുന്ന ഓരോ തന്മാത്രാപാളിയും പിന്നീട് രൂപം കൊള്ളാനിരിക്കുന്നതിന് ഘടനാപരമായ അടിത്തറകളൊരുക്കുന്നു. ക്രിസ്റ്റലുകളുടെ രൂപീകരണങ്ങൾക്കപ്പുറം, നിരന്തരം ‘വരാനിരിക്കുന്നവ’ക്ക് കളമൊരുക്കിക്കൊണ്ടിരിക്കുന്ന ‘ക്രിസ്റ്റലൈസേഷൻ’ എന്ന പ്രക്രിയയാണ് അവിടെ പ്രധാനം.

ആദ്യമായി, അന്യമായ ഒരു വസ്തുവിന്റെ ജലത്തിനകത്തെ സാന്നിധ്യം ഒരു പ്രക്രിയക്ക് തുടക്കമിടുന്നു. അത് ആ വ്യവസ്ഥയിൽ ഏൽപ്പിക്കുന്ന ആഘാതം പുതിയതും അനന്യവുമായ ഒരു സംഭവം തന്നെയായി മാറുന്നു. ആ ആഘാത ഘടന തന്നെയാണ് അവിടെ ഉടലെടുക്കുന്ന ഊർജ്ജവ്യാപനത്താൽ പിന്നീട് കൈമാറ്റം ചെയ്യപ്പെടുന്നത്. പുതുതായുണ്ടായ ഘടനകൾ പിന്നീട് വരാനുള്ളവക്ക് വിത്തായി വർത്തിക്കുന്നു. ആ പ്രക്രിയയിൽ പദവിന്യാസപരവും (syntactical) ആർത്ഥികവുമായ (semantic) പരിഗണകൾക്കപ്പുറം പ്രയോജനവാദപരമായ (pragmatic) ഒന്നിലാണ് സിമോന്തൻ ഊന്നൽ നൽകുന്നത്.

ക്രിസ്റ്റൽ എന്ന ഉദാഹരണം സിമോന്താൻ ചിന്തയിൽ ഉണ്മയുടെയും (being) ആയിക്കൊണ്ടിരിക്കലിന്റെയും (becoming) ഒരു മിശ്രണമാണ്. അതായത് നിലവിൽ രൂപം പ്രാപിച്ച ‘ക്രിസ്റ്റലും’ അതിനെ പൊതിഞ്ഞു നിൽക്കുന്ന ഇനിയും ‘ഉരുവപ്പെടാത്ത ചുറ്റുപാടും’ (inchoate milieu). രൂപം കൊണ്ട ക്രിസ്റ്റലിനും പരൽ രൂപമാർജിക്കാനിരിക്കുന്ന ജലത്തിനും ഇടയിലുള്ളതാണ് ക്രിസ്റ്റലിന്റെ അതിര് (limit of the crystalline individual). കേവലം സ്ഥലികമോ, സാമയികമോ ആയ ഒന്നല്ല സിമോന്തനെ സംബന്ധിച്ചിടത്തോളം ‘അതിര്’ എന്നത്. സിമോന്തൻ എഴുതുന്നു: “the limit is neither potential nor structure. It is neither the past of the crystal nor its future. It is the point where growth is occurring in the crystalline individual at a given moment of time. Potential and structure, past and future communicate on this shifting frontier. Combining being and becoming, the limit is never completely one or the other. It is the here-and-now of individuation, the point where that which is and that which is becoming interact.” ചുരുക്കത്തിൽ, സിമോന്തൻ ചിന്തയുടെയും, തത്വചിന്തയുടെ തന്നെയും ഒരു ഭൗതിക പാരഡൈം ആയി മാറുകയാണ് അപ്പോൾ ക്രിസ്റ്റൽ.

റിലേറ്റിവിറ്റിയും ‘ബന്ധ’ത്തിന്റെ തത്വചിന്തയും

Relation comes first, ontologically vis-a-vis persons, as well as politically vis-a-vis structure. Relation is primary

Politics of Affect-Brian Massumi

‘ബന്ധം’ എന്നതിനെ സിമോന്തന്റെ ചിന്ത കണിശമായ പുനരാലോചനക്ക് വിധേയമാക്കുന്നുണ്ട്. മുൻകൂർ രൂപമെടുത്ത ഉണ്മകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്നല്ല സിമോന്തൻ ചിന്തയിലെ ‘ബന്ധം’. മറിച്ച് ‘ഉണ്മയുടെ’ അതേ പദവി തന്നെയുള്ള ഒന്നാണത് – “[…]any true relation as having the status of being”. എന്നാൽ ബന്ധത്തെ ഉണ്മക്ക് കീഴിൽ പ്രതിഷ്ഠിക്കുന്നതിലൂടെ ‘വ്യക്തീകരണം’ എന്ന പ്രക്രിയയെ വിസ്മരിച്ചുകൊണ്ട് ‘വ്യക്തിയിൽ’ മാത്രം ഊന്നുകയാണ് തത്വചിന്ത ചെയ്യുന്നത്: “It is because terms are conceived as substances, that relation is the relation between terms. And being is separated into terms because it is conceived as substance, primitively prior to any examination of individuation.”

സമ്പ്രദായിക ചിന്തയെ തലതിരിച്ചിടുകയാണ് സിമോന്തൻ ചെയ്യുന്നത്. ഉണ്മയെ ബന്ധങ്ങളുടെ ഏറ്റവും ഉയർന്ന തലമായിട്ടാണ് സാമ്പ്രദായിക ചിന്ത കണക്കാക്കുന്നത്. എന്നാൽ, ഓരോ ഉണ്മയും പ്രത്യക്ഷമാവുന്നത് ഒരു പദം അതിന്റെ ബന്ധങ്ങൾ മറച്ചുവെക്കുമ്പോൾ ആണ്. ഉണ്മയെ ഒരു വസ്തുവും വ്യക്തിയുമായി മനസ്സിലാക്കുന്നതുകൊണ്ടാണ് ബന്ധം ആ വസ്തുവിനേയും അതിന് പുറത്തുള്ള ഗുണവിശേഷങ്ങളെയും ബന്ധിപ്പിക്കുന്ന കേവലമൊരു സാന്നിദ്ധ്യം മാത്രമായി ഒതുങ്ങുന്നത്. എന്നാൽ സിമോന്തൻ ചിന്തയിൽ ബന്ധം രൂപം പ്രാപിച്ചുകഴിഞ്ഞ A, B എന്നിവയെ ബന്ധിപ്പിക്കുന്ന ഒന്നല്ല, മറിച്ച് അവയുടെ രൂപീകരണത്തിനും മുൻപ് ആദ്യം മുതൽ തന്നെ അവയിൽ പ്രവർത്തനക്ഷമമായ ഒന്നാണ്.

സിമോന്തൻ ചിന്തയിൽ ‘relative’ അഥവാ ‘അപേക്ഷികം’ എന്ന വാക്കിനർത്ഥം അതിനാൽ ‘അയഥാർത്ഥം’ (non real) എന്നല്ല. സത്താവാദികൾ ഭാഷയുടെ മാതൃകയിൽ (subject-predicate), ഉണ്മയെ ഒരു വസ്തുവും അതിന് പുറത്തുള്ള വിശേഷണവും എന്നീ രീതിയിലാണ് മനസ്സിലാക്കുന്നത്. ഉദാഹരണമായി, സത്താവാദികൾ ഒരു സൾഫർ ക്രിസ്റ്റലിനെ മനസ്സിലാക്കുക, പുറത്തുള്ള മഞ്ഞനിറം, അതാര്യത, സുതാര്യത മുതലായ അതിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. എന്നാൽ, ഒരു ക്രിസ്റ്റലിന്റെ വ്യക്തീകരണ പ്രക്രിയ പരിശോധിച്ചാൽ ആ ഗുണങ്ങളൊന്നും തന്നെ വസ്തുവിന് മുൻപ് നിലനിൽക്കുന്ന ഒന്നല്ല എന്ന് വ്യക്തമാകും. കാരണം, അവിടെ പരിഗണനയിലുള്ളത് ഒറ്റ ക്രിസ്റ്റൽ ശരീരം മാത്രമാണ്. അപ്പോൾ, സുതാര്യത, അതാര്യത മുതലായ വിശേഷങ്ങളെല്ലാം തന്നെ ക്രിസ്റ്റലൈസേഷൻ എന്ന പ്രക്രിയ(ക്കിട)യിൽ – അതിസ്ഥിരമായ ഒരു വ്യവസ്ഥയിൽ താപം നൽകുമ്പോൾ – സാധ്യമാകുന്നതാണ്. 

‘ഒരു പെൻസിൽ അതിലെ ഗ്രാഫൈറ്റും, മരവും, പുറത്തുള്ള ചായവും ഒക്കെ മാറ്റിയാൽ എന്താണ്?’ ഉണ്മയെ വസ്തുക്കളോ അതിന്റെ സങ്കരമോ ആയി കാണുന്ന പതിവ് അവസാനിക്കാതെ ആ ചോദ്യങ്ങൾക്കുള്ള മറുപടി കണ്ടെത്തുക അസാധ്യമാണ്. ‘ബന്ധത്തെ’ ഉണ്മയുടെ ഘടകങ്ങളെ തമ്മിൽ ബന്ധിക്കുന്ന ഒന്നുമാത്രമായി തരംതാഴ്ത്തിയുള്ള ചിന്ത അതിനായി മാറേണ്ടതുണ്ട്. അവിടെ, സിമോന്തന്റെ ചിന്ത ഉണ്മയെ വ്യത്യസ്ത പ്രക്രിയകളിലൂടെ ഉരുവം കൊള്ളുന്ന ഒന്നായി കണക്കാക്കുകയും, ‘ബന്ധം’ എന്താണെന്ന തത്വചിന്തയുടെ പൊതു കാഴ്ച്ചപ്പാടുകളെ തന്നെ അടിമുടി മാറ്റിപ്പണിയുകയും ചെയ്യുന്നു – “being itself now appears as that which linking together”.

‘ഓരോ വസ്തുവും, വ്യക്തിയും ഒരു ബന്ധസമുച്ചയമാണെങ്കിൽ അവക്കിടയിലെ ബന്ധം എന്താണ്?’ കാന്റിയൻ ചിന്തയിലെ ‘അറിയുന്ന വിഷയിക്കും’ (knowing subject) ‘അറിയപ്പെടുന്ന വിഷയത്തിനും’ (known/able object) തമ്മിലുള്ള ‘ബന്ധമാണ്’ അറിവ് (knowledge) എന്നതിനെ സാധ്യമാക്കുന്നത്. അപ്പോൾ, ബന്ധത്തിന് ഉണ്മയുടെ പദവി കല്പിക്കാമെങ്കിൽ, അവിടെ ബന്ധങ്ങൾ തമ്മിലുള്ള ബന്ധമാണ് സംഭവിക്കുന്നത്. അതിൽ നിന്ന് പുതിയതായി രൂപപ്പെടുന്നതും ഒരു ബന്ധമാണ്.

ട്രാൻസ് ഇൻഡിവിജ്വലും നീത്ഷെയുടെ ആൾക്കൂട്ടവും

‘ശുദ്ധവ്യക്തി’യെ (pure individual) കുറിച്ച് പരാമർശിക്കുന്നിടത്ത് ആധികാരികതയുള്ള അനുഭവങ്ങളെ തേടുകയാണ് സിമോന്തൻ ചെയ്യുന്നത്. ശുദ്ധ/അശുദ്ധ വിഭജനത്തിൽ നിന്നും ജാതിയിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് സിമോന്തന്റെ ‘വൈയക്തിക ശുദ്ധി’. ‘ഒറ്റ’ മനുഷ്യന്റെ ശുദ്ധിയാണത് ആണ്. ‘ഒറ്റ’ എന്ന ഉണ്മാപരമായ സ്വഭാവത്തിന്റെ ശുദ്ധി. കുടുംബത്തിന്റെയും സമൂഹത്തിന്റെയും മാനദണ്ഡങ്ങൾ ലംഘിച്ച് ജീവിക്കുന്ന ആളുകളാണ് സിമോന്തന്റെ ശുദ്ധവ്യക്തികൾ. അവരുടെ ആകെയുള്ള ആസ്തി ജ്ഞാനവും സാഹസികതയും കണ്ടുപിടിത്തവും മാത്രമാണ്.

സ്വന്തം സമൂഹത്തെ ഉപേക്ഷിച്ച് അവർ മറ്റൊന്നിന് വിത്തിടുന്നു. അവർ ഓരോരുത്തരുടെയും ഏകാന്തതയിൽ ഒരു സാമൂഹികതയുണ്ട്. കാരണം, ഏകാകികളായ മനുഷ്യരാണ് ഏറ്റവും സാമൂഹികതയുള്ളവർ. എന്നാൽ അത് മനുഷ്യർക്കിടയിലെ സാമൂഹ്യ നിയമങ്ങളും പദവികളും കർത്തവ്യങ്ങളും മാനിച്ചു കൊണ്ടുള്ള സാമൂഹ്യ ജീവിയായ മനുഷ്യന്റെ പരസ്പര ബന്ധങ്ങളിൽ (inter subjective) അടിസ്ഥാനപ്പെടുത്തിയ സാമൂഹികതയല്ല. മറിച്ച് ഏകാകിയായ മനുഷ്യർക്ക് സാമൂഹികതയിലേക്ക് സ്വയം തുറക്കാനുള്ള സാധ്യതയാണ്. അതിനാൽ തന്നെ ആ സാമൂഹികതയെ ഉൾക്കൊളളാൻ പൊതു സമൂഹത്തിന് സാധിക്കുകയില്ല. ഒരു പറ്റത്തെയും പറ്റിനിൽക്കാത്ത ഏകാകിയായ അത്തരം മനുഷ്യരെ കുറിക്കാൻ അതീത വ്യക്തി (trans individual) എന്ന സങ്കല്പമാണ് സിമോന്തൻ മുന്നോട്ട് വെക്കുന്നത്. 

ഫ്രഡറിക്ക് നീത്ഷെയുടെ ‘ഞാണിൻമേൽ നടക്കുന്ന മനുഷ്യരെ, വീണുപോകുമ്പോൾ ഉപേക്ഷിക്കുന്ന ആൾക്കൂട്ടത്തെ (herd)’ സിമോന്തൻ പരാമർശിക്കുന്നുണ്ട്. അത്തരം അതി-മനുഷ്യരെ (übermensch) തേടിയാണ് നീത്ഷെയുടെ സരതുശ്ത്ര എത്തുന്നത്. സമൂഹം ഉപേക്ഷിച്ച ആ ശരീരത്തെ സരതുശ്ത്ര ഒറ്റക്ക് പേറുകയും അടക്കം ചെയ്യുകയും ചെയ്യുന്നു. ഒരേസമയം സ്വപ്നാടകനും സാങ്കേതിക വിദ്യയുടെ ഉപാസകനും കൂടിയാണ് ഏകാകിയും സന്യാസിയുമൊക്കെയായ നീത്ഷെയുടെ ആ അതി-മനുഷ്യൻ.

പ്രപഞ്ചവും അപരവുമായുള്ള ബന്ധത്തിലൂടെ അനശ്വരതയുടെ ഒരു മാനമാണ് (dimension of eternity) വിഷയി കൈവരിക്കുന്നത്. വിജ്ഞാനവും സാഹസികതയും വിശുദ്ധിയുമൊക്കെയാണ് അത് കൈവരിച്ച അതീത വ്യക്തിയുടെ അടയാളങ്ങൾ. അതീതാവസ്ഥ കൈവരിക്കുന്നതിലൂടെ വ്യക്തികൾ അവരവരുടെ ആത്മീയമായ അർത്ഥങ്ങൾ കണ്ടെത്തുക കൂടിയാണ് ചെയ്യുന്നത്. അപര സാമീപ്യത്തിലൂടെ വ്യക്തികൾ സ്വയം മറികടക്കുകയും ആ വ്യക്ത്യാതീതതയിൽ ഉന്മത്തരാവുകയും ചെയ്യുന്നു. അതീത വ്യക്തിയിലേക്കുള്ള പൂർവ വ്യക്തിയിൽ നിന്ന് തുടങ്ങുന്ന പ്രക്രിയയെക്കുറിച്ചാണ് സിമോന്തൻ വിശദീകരിക്കുന്നത്. കാരണം, സ്നേഹവും അപരത്വവും പങ്കിടലുമൊക്കെ പൂർവ വ്യക്തിക്കും അതീത വ്യക്തിക്കും ഇടയിൽ മാത്രം എപ്പോഴും നിൽക്കുന്ന ഒരു വ്യക്തിയുടെ ഗുണങ്ങളാണ്.

സിമോന്തനെ സംബന്ധിച്ചിടത്തോളം വ്യക്തി രണ്ടാണ്. അത് ഒരേസമയം ഏകാകിയയും സമൂഹത്തോട് ബന്ധിതവുമാണ്. അതിനകത്തെ വിടവിനെ മറികടക്കാനുള്ള ഒരു വഴി ആത്മീയതയാണ്. എന്നാൽ മറ്റൊരു ജീവിതമോ അതേ ജീവിതം തന്നെയോ അല്ല ആത്മീയതകൊണ്ടുള്ള അർത്ഥം. മറിച്ച്, വ്യക്തിയുടെ അതിന്റെ പൂർവ വ്യക്തിയുമായുള്ള സ്വയം കൂട്ടിയിണക്കൽ പ്രക്രിയയാണ് സിമോന്തൻ ചിന്തയിലെ ആത്മീയത – “it’s the other and the same.”

അവസാനമായി, വ്യക്തികളിൽ നിന്ന് വസ്തുവിലേക്ക് മാറുമ്പോഴാണ് സിമോന്തൻ സാങ്കേതിക വിദ്യയെക്കുറിച്ച് വാചാലനാവുന്നത്. സാങ്കേതിക വിദഗ്ദർ സിമോന്തനെ സംബന്ധിച്ചിടത്തോളം മറ്റൊരു ജനുസ്സാണ്. അവരുടെ പ്രവൃത്തി ഒരു പറ്റത്തെയും ആശ്രയിച്ചല്ല. മറിച്ച് അവരുടെ കഴിവ് മാത്രമാണ് അവരുടെ കരുത്ത്. ഒരു മന്ത്രവാദിയെപ്പോലെ, അവർ വിചിത്ര ശക്തികളുമായി ചങ്ങാത്തത്തിലാവുന്നു. അവ്യക്തമായ ലോകവുമായി ഏകാന്തഭാഷണത്തിൽ ഏർപ്പെടുന്നു. അതുവരെ ഇല്ലാതിരുന്ന ഒന്നിനെ കൂട്ടത്തിലേക്കാനയിക്കുകയാണ് അവർ ചെയ്യുന്നത്. അവർ അന്വേഷികളാണ്. ഇരുണ്ട മേഖലകളെ തെളിയിക്കുകയാണവർ ചെയ്യുന്നത്. Jules Verne കഥകളിലെ നായകരെപ്പോലെ അവർ കപ്പലുകളിലും കാറ്റ് നിറച്ച ബലൂണുകളിലും അന്തർവാഹിനികളിലും ഒക്കെ കയറി കണ്ണെത്താത്ത ദൂരങ്ങളിലേക്കും ദേശങ്ങളിലേക്കും പുറപ്പെട്ടുപോയിക്കൊണ്ടേയിരിക്കുന്നു.

പോസ്റ്റ് സ്ക്രിപ്റ്റ്:

  1. ഈ ലേഖനത്തിൽ ഉടനീളം മ്യൂറിയൽ കൊമ്പെസ്, എറിൻ മാനിങ്ങ്, ബ്രയാൻ മസ്സൂമി എന്നിവരുടെ ചിന്തകൾ പലപ്പോഴും കടപ്പാട് അടയാളപ്പെടുത്താതെയും ഉപയോഗിച്ചിട്ടുണ്ട്.
  2. സിമോന്തൻ ചിന്തയിലെ മറ്റൊരു പ്രധാനമായ തിരിവ് ‘individuation’, ‘individualisation’ എന്നിവക്കിടയിലെ വേർതിരിവാണ്. മലയാളത്തിലാക്കുമ്പോൾ രണ്ടും ‘വ്യക്തീകരണം’ എന്ന് വിവർത്തനം ചെയ്യുന്നതിൽ പ്രശ്നങ്ങൾ ഉണ്ട്. ‘Individuation’ അതീത തത്വമാണ്. കാന്റിയൻ ചിന്തയിൽ, അത് വിഷയിയുടെ സാങ്കേതിക രൂപവും, സാധ്യമായ സകലബോധങ്ങൾക്ക് ബാധകമായ ഒന്നുമാണ്. അതീതമായതിനാൽ മൂർത്തതയും അനുഭവതലവും ഇല്ലാത്ത ഒന്നാണത്. എന്നാൽ ‘individualisation’ ഓരോ വ്യക്തിയുടെയും ജീവിത സാഹചര്യങ്ങൾക്കും ശേഷിക്കും അനുസൃതമായി രൂപം കൊള്ളുന്ന ഒന്നാണ്. അവിടെ വിഷയി ഇരട്ടയാണ്: അത് ഒരേസമയം സകല മനുഷ്യർക്കും ബാധകമായ ഒരു പൊതു ഘടനയും, ഒരു വ്യക്തിയുടെ സവിശേഷപ്രകൃതിയും ചേർന്നതാണ്. ഭൗതിക പ്രപഞ്ചത്തിൽ ഇടപെടുന്നതുകൊണ്ടുതന്നെ അത് പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.


Featured Image: Matthew Henry

Comments are closed.