നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം

വൈലോപ്പിള്ളി, കന്നിക്കൊയ്ത്ത്

പൂർവ്വ വ്യക്തിയും മോൺസ്റ്റർ ലൈഫും

ഴിൽ ദില്യൂസ് എഴുതിയ അവസാന ലേഖനത്തിന്റെ തലക്കെട്ട് ‘Immanence: a Life‘ എന്നാണ്. അതിൽ ചാൾസ് ഡിക്കൻസിന്റെ ‘Our Mutual Friend‘ എന്ന നോവലിനെക്കുറിച്ചുള്ള ഒരു പരാമർശമുണ്ട്: ‘ക്രൂരനും തെമ്മാടിയുമായ ഒരു മനുഷ്യൻ മരണാസന്നനായി കിടക്കുമ്പോൾ പഴയ ശത്രുക്കൾ അടക്കം സകലരും അയാളുടെ തുണക്കെത്തുന്നു. അങ്ങനെ അയാൾ പതുക്കെ പതുക്കെ ജീവിതവും പഴയ ‘ക്രൂരതയും’ തിരിച്ചു പിടിക്കുമ്പോൾ ഓരോരുത്തരായി അയാളെ കൈയൊഴിയുന്നു.’ അതിനെ കുറിച്ച് ദില്യൂസ് എഴുതുന്നു: ‘between his life and his death, there is a moment that is only that of a life playing with death’

അവിടെ സ്വന്തം മരണത്തിനും ജീവിതത്തിനും ഇടയിൽ സാധ്യമാകുന്ന ‘ജീവിതം’ (‘a life’) തുടക്കമില്ലാത്ത ഒന്നാണ്. വ്യക്തിയുടെ ജീവിതം വ്യക്ത്യാതീതവും ഏകവും അനന്യവുമായ ശുദ്ധ സംഭവത്തിന് (pure event) വഴിമാറുകയാണവിടെ സംഭവിക്കുന്നത്. അതിനാൽ തന്നെ ആ ഘട്ടത്തെ അതിലെ വിഷയവും വിഷയിയുമായി വേർതിരിക്കുക അസാധ്യമാണ്. ദില്യൂസിനെ സംബന്ധിച്ചിടത്തോളം അതിനാൽ “a life contains only virtuals. It is composed of virtualities, events, singularities.” വ്യക്ത്യാതീതവും ഏകവും അനന്യവുമായ ജീവിതമെന്ന ആ ശുദ്ധ സംഭവം ഫ്രഡറിഷ് നീത്ഷെ “and do you know what “the world” is to me? Shall I show it to you in my mirror? This world: “a monster of energy”, without beginning, without end” എന്ന ‘ദ വിൽ റ്റു പവറി‘ലെ ചോദ്യത്തിലൂടെ വിരൽ ചൂണ്ടുന്ന ആ ‘ഭീകരമായ ഊർജപ്രവാഹമാണ്.’

വ്യക്തിരൂപമാർജിക്കാത്ത ആ ജീവിതം (‘a life’) ഫ്രഞ്ച് ചിന്തകനായിരുന്ന ഴിൽബേർ സിമോന്തന്റെ (Gilbert Simondon) ചിന്തയിലെത്തുമ്പോൾ പൂർവ വ്യക്തി (pre-individual) ആയി പരിണമിക്കുന്നു. വ്യക്തിയെ ഉണ്മയായും വസ്തുവായും കാണുന്നതിന് പകരം ഒരു പ്രക്രിയയുടെ പരിണിതിയായി കാണണം – “individual is not a substance, but the result of process of individuation” – എന്ന സിമോന്തന്റെ സങ്കല്പം തത്വചിന്തയിൽ ഏൽപ്പിച്ചത് അനല്പമായ ആഘാതങ്ങൾ ആയിരുന്നു. എന്നാൽ, അരിസ്റ്റോട്ടിലിയൻ തത്വചിന്തയുടെ പിൻഗാമികളായിരുന്ന ആധുനിക രൂപവാദികൾ (Hylomorphism) സിമോന്തന്റെ ‘പ്രക്രിയാത്മക’ തത്വചിന്തയെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു.

ഹൈലോമോർഫിസവും എവല്യൂഷണറി എക്സ്പ്രഷനുകളും

അരിസ്റ്റോട്ടിലിനെയും തോമസ് അക്വയ്‌നാസിനെയും പോലുള്ള ചിന്തകർ ഉണ്മയെ രൂപവും (form) ഉള്ളടക്കവും (matter) ചേർന്ന ഒന്നായാണ് മനസ്സിലാക്കിയിരുന്നത്. വിഷയി:വിഷയം, സൂചകം:സൂചിതം, ആത്മാവ്:ശരീരം എന്നിവ പോലുള്ള റെനൈസ്സൻസ് കാലം മുതൽ യൂറോപ്യൻ തത്വചിന്തയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന ദ്വന്ദ്വാത്മക ചിന്തകളിലെല്ലാം ആ ‘ഫോം-മാറ്റർ’ വിഭജനത്തിന്റെ നിഴൽ വീണാതായികാണാം. രൂപമാണ് ഉള്ളടക്കത്തെ നിർണയിക്കുന്നത് എന്ന വാദമായിരുന്നു രൂപവാദികളുടെ (Hylomorphism) ദർശനത്തിന്റെ അടിസ്ഥാനം.

എന്നാൽ സോക്രട്ടീസ് മുതൽ നിലനിൽക്കുന്ന രൂപവാദത്തിലെന്ന പോലെ ‘form’ അഥവാ ‘രൂപം’ സിമോന്തനിൽ പുറമെനിന്നും വർത്തിക്കുന്ന ഒന്നല്ല. മറിച്ച് പുറമെ നിന്ന് മാറ്ററിൽ സ്വാധീനം ചെലുത്തുന്ന ഫോമിന് പകരം ‘in-formation’ എന്നവാക്കാണ് സിമോന്തൻ പ്രയോഗിക്കുന്നത്. അത് ‘ഉള്ളുരുവം’ എന്ന് അതിനെ മലയാളീകരിക്കാം. അവിടെ ‘in-formation’ പ്രേക്ഷകനും – ഇവിടെ ഫോം – സ്വീകർത്തവിനും – ഇവിടെ മാറ്റർ – ഇടയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നല്ല, മറിച്ച് അവയിലൂടെ സ്വയം രൂപമെടുക്കുന്ന ഒരു പ്രക്രിയ തന്നെയാണ്.

ഇഷ്ടികക്കളത്തിൽ ഇഷ്ടിക ചുട്ടെടുക്കുമ്പോൾ മട്ടത്തിലേക്ക് (mould) ചെളി (clay) നിറക്കുകയാണ് ചെയ്യുന്നത്. അതിൽ പലപ്പോഴും അസംസ്‌കൃത പദാർത്ഥമായ ചെളിക്കും അനന്തരഫലമായ ഇഷ്ടികക്കും മാത്രമാണ് പ്രാധാന്യം നൽകപ്പെടാറുള്ളത്. മറിച്ച്, ഇഷ്ടിക രൂപമെടുക്കുന്ന ‘പ്രക്രിയ’ അധികവും വിസ്മരിക്കുകയാണ് പതിവ്. എന്നാൽ സിമോന്തന്റെ ചിന്തയിൽ അവിടെ മട്ടം അതിനനുസൃതമായി ചെളിയെ പുറമേനിന്നും രൂപപ്പെടുത്തുകയല്ല ചെയ്യുന്നത്, മറിച്ച് ചെളിക്ക് സ്വയമേ തന്നെ ഒരു രൂപാന്തരണശേഷി നിലനിൽക്കുന്നുണ്ട് (potential for de-formation). ആ രൂപാന്തരണശേഷിയുടെ അതിരായിമാറുക മാത്രമാണ് അവിടെ മട്ടം ചെയ്യുന്നത്. അതിനാൽ, മട്ടം ചെളിയെ രൂപപ്പെടുത്തുന്നതിന് പകരം മട്ടത്തിന് അനുസൃതമായി ചളിതന്നെ രൂപം മാറുകയാണ് എന്ന് കാണാം: ‘clay itself takes form in accordance with mould.’

അവിടെ വസ്തു കേവല വസ്തുവല്ല (pure matter); രൂപം ശുദ്ധരൂപവും (pure form) അല്ല. മട്ടം തന്നെ ഒരു വസ്തു-രൂപമാണ് (substance-form), അത് ‘രൂപപ്പെടുത്തപ്പെട്ട ചെളി’യിൽ (മാത്രം) ആണ് നിലനിൽക്കുന്നത്. തൊഴിലാളികളുടെ അധ്വാനത്തെ പടിപടിയായി ഓരോ നിമിഷത്തിലും സ്വന്തം ഉള്ളടക്കത്തിലൂടെ കടത്തിവിട്ട് സ്വയം രൂപമാറ്റം സിദ്ധിക്കാനുള്ള ശേഷി അതിനുണ്ട്. അവിടെ ഇഷ്ടികയായി രൂപമെടുക്കുന്ന ചെളിയെ സിമോന്തൻ ‘ആവിഷ്‌കൃതമായിക്കൊണ്ടിരിക്കുന്ന ഒരു ഊർജവ്യവസ്ഥ’ (evolving energetic system) ആയിട്ടാണ് കണക്കാക്കുന്നത്.

ദില്യൂസിന്റെയും ഗ്വാത്തരിയുടെയും ചിന്തയിലൂടെ വീക്ഷിക്കുമ്പോൾ ‘ആവിഷ്കാരത്തിന്’ രൂപവും (forms of expression); ‘ഉള്ളടക്കത്തിന്’ വസ്തുവും (content of substance) മാത്രമല്ല ഉള്ളത് എന്ന് കാണാം. മറിച്ച് അവരെ സംബന്ധിച്ചിടത്തോളം ഉള്ളടക്കത്തിന് രൂപവും (forms of substance); ആവിഷ്കാരത്തിന് വസ്തുവും (substance of expression) കൂടെ നിലനിൽക്കുന്നുണ്ട്. ബ്രയാൻ മസ്സുമിയുടെ ഭാഷയിൽ ആവിഷ്കാരവും ഉള്ളടക്കവും രണ്ടും വസ്തു-രൂപ സങ്കരങ്ങളാണ് (substance-form complexes). ദില്യൂസിന്റെയും ഗ്വാത്തരിയുടെയും വാക്കുകളിൽ ‘ഉള്ളടക്കം സൂചിതവും (signified) ആവിഷ്കാരം സൂചകവും (signifier) അല്ല, മറിച്ചു അവരണ്ടും ഒരേ സംഘാതത്തിന്റെ (assemblage) വ്യത്യസ്ഥ മാനങ്ങളാണ്’.

വസ്തുവിന് മേൽ രൂപത്തിനുള്ള അധീശത്വം ഒരു സാമൂഹ്യക്രമത്തിന്റെ പ്രതിഫലനം കൂടിയാണ്. ഒരു ശില്പി തന്റെ മനസ്സിലെ ആശയങ്ങളെ കല്ലിൽ കൊത്തിവെക്കുന്നു. മറ്റൊരു ഭാഷയിൽ, യജമാനരുടെ മനസ്സിലുള്ള രൂപങ്ങൾ അടിമകൾ അവരുടെ അധ്വാനം കൊണ്ട് യാഥാർത്ഥ്യമാക്കുന്നു. അതിനാൽ, ഒരർത്ഥത്തിൽ ഹൈലോമോർഫിസം ഒരു മനോഭാവം കൂടിയാണെന്ന് പറയേണ്ടിവരും.

ഇന്റിവിജ്വേഷനും ‘ഒന്നി’ന്റെ അപ്പുറങ്ങളും

വ്യക്തീകരണത്തെ (individuation) നേരിടാതെ പിൻവാങ്ങി നിൽക്കുന്ന ഒരു ചിന്തയെയാണ് ഹൈലോമോർഫിസത്തിൽ കാണാനാവുക. വ്യക്തിയിൽ ഊന്നിയ ഒരു ചിന്താ പ്രക്രിയയാണത്. ലുക്രീഷ്യസിന്റെയും, എപിക്യൂറിയസിന്റെയും അറ്റോമികവാദം ‘ആറ്റത്തെ‘ അടിസ്ഥാനയാഥാർത്ഥ്യം ആയി കണക്കാക്കുന്നത് പോലെ, അവിടെ വ്യക്തിയാണ് സകലതിന്റെയും അടിസ്ഥാനം. ആറ്റത്തെപ്പോലെ (atom) വ്യക്തിയും (in-dividual) എറ്റിമോളജിക്കലി വിഭജന സാധ്യമല്ലെങ്കിലും (in – not – divdual), യഥാർത്ഥത്തിൽ ശരീരം വിഭജിക്കുമ്പോൾ അനേകം കോശങ്ങളും ആറ്റം വിഭജിക്കുമ്പോൾ അളവറ്റ ഊർജവും സ്വാതന്ത്രമാകുന്നു എന്നതാണ് യാഥാർത്ഥ്യം. ആറ്റോമികവാദം ‘വ്യക്തിസത്തയിൽ’ ഊന്നുകയും വ്യക്തിപൂർവമായ തനി ഉണ്മയെ (being as such) വിസ്മരിക്കുകയും ചെയ്യുന്നു. ‘വ്യക്തിരൂപ’മാർജിക്കും മുൻപുള്ള ഉണ്മയെ സിമോന്തൻ പൂർവ വ്യക്തി (pre-individual) എന്നാണ് വിളിക്കുന്നത്. പൂർവ വ്യക്തി ഒരു ‘വ്യക്തി’ അല്ല. അത് ഒന്നല്ല, എപ്പോഴും ഒന്നിലേറെയാണ്: the ‘always more than one’. പൂർവ വ്യക്തി ഒന്നല്ല എന്ന വിവരണം അതിന്റെ ‘ഉണ്മ’ എന്താണെന്ന ചോദ്യവും അതിനോടൊപ്പം തന്നെ ഉയർത്തുന്നുണ്ട്. അതിന്റെ വിശദീകരണം, അത് ഒന്നിനപ്പുറം (more-than-unity) ആണെന്നതാണ്. മാത്രമല്ല, സകല സ്വത്വത്തിനും അപ്പുറമുള്ള (more-than-identity) ഒന്നുകൂടിയാണ് അത്.

സിമോന്തൻ തന്റെ ‘Psychic and Collective Individuation‘ എന്ന പുസ്തകത്തിന് എഴുതിയ ആമുഖത്തിന്റെ അവസാനവരികളിൽ കാൾ ഗുസ്താവ് യുങിനേയുംആൽക്കെമിയേയും കുറിച്ചുള്ള പാരാമർശങ്ങൾ കാണാം. ചിന്തയിലെ പ്രബലമായ സംവർഗങ്ങൾ ആയ ഉണ്മ, വസ്തു, രൂപം, ഉള്ളടക്കം മുതലായ സകലതിനെയും അലിയിക്കുകയും ഉടച്ചുവാർത്ത് ‘Nigredo‘ സൃഷ്‌ടിക്കുന്ന ഒരു ആൽക്കെമിയാണ് സിമോന്തന്റെ ചിന്ത. ആൽക്കെമിയിൽ ‘Nigredo’ വ്യതിരിക്തതയാർന്ന ഒന്നല്ല, അത് ഇരുമ്പോ ചെമ്പോ ഈയമോ മറ്റുലോഹങ്ങളോ ഒന്നുമല്ലാതിരിക്കുമ്പോഴും സകലതിന്റെയും (ഇരുണ്ട ഒരു) സത്തകൂടിയാണ്. അതിനാൽ ചുരുക്കത്തിൽ സിമോന്തന്റെ സങ്കല്പത്തിലുള്ള ‘വ്യക്തി’, ഇനിയും ജന്മം കൊള്ളാൻ കാത്തുനിൽക്കുന്ന ഉള്ളൊഴിഞ്ഞ ഒരു രൂപമാണെന്നു കാണാം.

തെർമോഡൈനാമിക്‌സും അതിസ്ഥിരതയും

പൂർവ വ്യക്തിയെ കുറിച്ചുള്ള ആലോചനകളിൽ സിമോന്തൻ ‘thermodynamics‘നെ കൂട്ടുപിടിക്കുന്നത് കാണാം. അനക്സിമാൻഡറിന്റെ (Anaximander) ചിന്തയിൽ അത് ‘Apeiron‘ ആണ്. ഓരോ ഉണ്മയും മറ്റൊന്നായിത്തീരാനുള്ള ശേഷിയെ അതിൽ തന്നെ ഉൾകൊള്ളുന്നത് കൊണ്ടാണ് – അതിൽത്തന്നെ ‘പലത്’ കൂടി ആയതുകൊണ്ടാണ് – അത് ‘non-self-identity’ അഥവാ ‘more-than-identity’ ആയി മാറുന്നത്. എന്നാൽ ഉണ്മയുടെ സ്വത്വരാഹിത്യം – അതോ ആത്മരഹിത സ്വത്വമോ (identity without a self)? – എന്നതിനെ ഒരു സ്വത്വത്തിന്റെ സ്വന്തം സ്വത്വത്തെ നിഷേധിച്ച് കൊണ്ട് മറ്റൊന്നിലേക്കുള്ള കേവല പ്രയാണമല്ല. കാരണം, സിമോന്തനെ സംബന്ധിച്ചിടത്തോളം പൂർവ വ്യക്തി ‘സ്ഥിരമോ’ (stable) ‘അസ്ഥിരമോ’ (unstable) ആയ ഒന്നല്ല, മറിച്ച് ‘അതിസ്ഥിര’മായ (meta-stable) – സ്ഥിരതക്കും അസ്ഥിരതക്കും അപ്പുറമുള്ള – ഒന്നാണ്. അതിനാൽ, കേവലം ഒരു മാറ്റം എന്നതിനപ്പുറം ഏത് ഉണ്മയിലും നിലനിൽക്കുന്ന മറ്റൊന്നായിക്കൊണ്ടിരിക്കാനുള്ള അതിൽത്തന്നെ സന്നിഹിതമായ ശേഷിയാണ് യഥാർത്ഥത്തിൽ ‘ഉണ്മയുടെ സ്വത്വരാഹിത്യം’ എന്നത്. അതായത്, കേവലം ഒരു പ്രവർത്തി എന്നതിനേക്കാൾ പ്രക്രിയാത്മകമായ ഒരു അവസ്ഥയാണത്.

തെർമോഡൈനാമിക്സിൽ ‘dephasing’ എന്ന വാക്കിന്റെ അർത്ഥം ഒരു വ്യവസ്ഥയുടെ സ്ഥിതിയിൽ മാറ്റം വരുത്തുക എന്നതാണ്. സിമോന്തൻ അദ്ദേഹത്തിന്റെ ചിന്തയിൽ ‘becoming’ എന്നതിന് പകരം ‘dephasing‘ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഉണ്മ എന്നത് ‘ആയിക്കൊണ്ടിരിക്കൽ’ തന്നെയാണ് എന്നും അത് ചില ഘട്ടങ്ങളിലൂടെയായി (phasing) സംഭവിക്കുന്ന ഒന്നാണെന്നും അദ്ദേഹം ആ പ്രയോഗത്തിലൂടെ വ്യക്തമാക്കുന്നു. എന്നാൽ ‘dephasing’ എന്നത് ‘phasing’ന് മുമ്പേ ഉള്ളതും അതിൽനിന്ന് ഉടലെടുക്കുന്നതും ആണ്. ഉണ്മ, ഘട്ടങ്ങളിലൂടെ (phasing) ‘വിവിധ’മായി സാധ്യമായിക്കൊണ്ടിരിക്കുമ്പോഴും അതിനെ തകർക്കുന്ന ‘dephasing’ലൂടെ അതിന്റെ പൂർവ വ്യക്തിസ്ഥിതി എന്ന ഘട്ടത്തിൽ തന്നെ തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. സിമോന്തൻ എഴുതുന്നു: “pre-individual being can be perpetuated only by dephasing.” യഥാർത്ഥത്തിൽ, വ്യക്തിപൂർവ ഘട്ടത്തിലെ സംഘർഷങ്ങൾക്കും പ്രശ്നങ്ങൾക്കുമുള്ള ഭാഗിക പരിഹാരങ്ങൾ ആയിക്കൊണ്ടാണ് ഓരോ ‘വ്യക്തിയും’ ജനിക്കുന്നത്.

എറിൻ മാനിങ്ങിന്റെ ഭാഷയിൽ വ്യക്തീകരണം ‘dephasing’ലൂടെ മാത്രം നടക്കുന്ന ഒന്നാണ്. അത് രേഖീയതയും തുടർച്ചയും ഉള്ള ഒന്നല്ല. മറിച്ച്, ‘dephasing’ലെ വ്യത്യസ്ത ഘട്ടങ്ങൾ (phases) ഇഴചേർന്ന് രൂപപ്പെടുന്ന വഴിത്തിരിവുകളിൽ ഒരോ സവിശേഷസംഭവങ്ങളും അനുഭവങ്ങളും രൂപം കൊള്ളുകയാണ് ചെയ്യുന്നത്. മാനിങ്ങ് “a remarkable point that shifts how an occasion continues to become” എന്ന് വിശേഷിപ്പിക്കുന്ന ‘വഴിത്തിരിവുകൾ’. അതാണ് ആൽഫ്രെഡ് നോർത്ത് വൈറ്റ്ഹെഡിന്റെ ചിന്തയിലെ ‘continuity of becoming’ എന്ന ‘തുടർച്ചയുടെ അനുക്രമണം’. അപ്പോൾ, തുടർച്ചയെ മുറിക്കുന്നതിന് പകരം dephasing തുടർച്ചയെ നിർണ്ണയിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് “a body becomes ‘it-self’ in the break of dephasing” എന്ന് ‘Always More Than One: Individuation’s Dance‘ൽ മാനിങ്ങ് എഴുതിയത്.

ഴിൽബേർ സിമോന്തൻ (1924-1989)

ഫ്രഞ്ച് ചിന്തകനായ സിമോന്തൻ 1944ൽ Ecole Normale Superieureൽ പ്രവേശിച്ചു. 1948 മുതൽ1955 വരെ Lycee Descartesൽ തത്വചിന്ത പഠിപ്പിച്ചു. അക്കാലത്തെ ഇടവേളകളിൽ ഊർജതന്ത്ര അദ്ധ്യാപകനായും പ്രവർത്തിച്ചു. സമയം കിട്ടുമ്പോഴെല്ലാം കുട്ടികളെ അദ്ദേഹം യന്ത്രങ്ങളുടെയും ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെയും മുൻപിൽ എത്തിച്ചിരുന്നു. 1960ൽ University of Poitiersൽ ലക്ചറർ ആയി സേവനം അനുഷ്ഠിക്കുമ്പോൾ അദ്ദേഹം അവിടെ ഒരു സൈക്കോളജി ലാബ് സ്ഥാപിച്ചു. ലൈബ്രറിയിലും ലബോറട്ടറിയിലും ആയിരുന്നു സിമോന്തൻ അദ്ദേഹത്തിന്റെ ഒട്ടുമിക്ക നേരവും ചെലവഴിച്ചിരുന്നത്.

1958ൽ പ്രസിദ്ധീകരിച്ച ‘On Mode of Existence of Technical Objects‘ ആണ് അദ്ദേഹത്തിന്റെ ആദ്യപുസ്തകം. അത് സിമോന്തന് ‘Thinker of Technics’ എന്ന ലേബൽ നൽകി. അത് സിമോന്തന്റെ ‘മൗറിസ് മെർള്യൂ പോണ്ടി‘ക്ക് കീഴിലുള്ള ഡോക്ടറൽ പ്രബന്ധത്തിന്റെ അനുബന്ധം ആയിരുന്നു. അദ്ദേഹത്തിന്റെ ‘The Physico-Biological Genesis of the Individual‘ എന്ന പ്രബന്ധത്തിന്റെ ആദ്യഭാഗം പ്രസിദ്ധീകരിക്കുന്നത് 1964ൽ ആണ്. അതിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചത് വീണ്ടും 25 വർഷം കഴിഞ്ഞാണ് എന്നോർത്താൽ സിമോന്തന്റെ ചിന്ത എത്രമാത്രം വിസ്മൃതിയിൽ ആയിരുന്നു എന്ന് മനസ്സിലാകും. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഴിൽ ദില്യൂസിനെ ഒഴിച്ചുനിർത്തിയാൽ അധികമാരും അദ്ദേഹത്തെ പരാമർശിച്ചിരുന്നില്ല.

1966ൽ തന്നെ ദില്യൂസ് സിമോന്തന്റെ തിസീസിന്റെ സംഗ്രഹിത രൂപം പരിചയപ്പെട്ടിരുന്നു. അക്കാലത്ത് തന്നെ ‘പുതിയ സങ്കല്പങ്ങളുടെ ചിന്തകൻ’ (creator of new concepts) ആയി ദില്യൂസ്‌ സിമോന്തനെ തിരിച്ചറിഞ്ഞിരുന്നു. ‘Desert Islands and Other Texts, 1953-1974‘ൽ ദില്യൂസ് സിമോന്തനെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു: “The new concepts established by Simondon seems to me, extremely important; their wealth and originality are striking when they are not outright inspiring.” Anne Sauvagnarguesന്റെ ‘Artmachines: Deleuze, Guattari, Simondon‘ എന്ന പുസ്തകം ദില്യൂസിയൻ സങ്കല്പനങ്ങളിലെ സിമോന്തന്റെ സമീപ്യത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. സിമോന്തന്റെ ചിന്തയെക്കുറിച്ചുള്ള പുസ്തകങ്ങളിൽ എടുത്തുപറയേണ്ടത് Muriel Combesന്റെ ‘Gilbert Simondon and Philosophy of The Transindividual’ ആണ്.

‘On Mode of Existence of Technical Objects’ഉം 1963-64 കാലത്ത് University of Poitiersൽ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമായ ‘Two Lessons on Animal and Man‘ എന്ന ചെറിയ ഒരു പുസ്തകവും മാത്രമാണ് ഇനിയും ഇംഗ്ലീഷിൽ ലഭ്യമായിട്ടുള്ളത്. എറിൻ മാനിങ്ങിനെ പോലുള്ള പുതിയ ചിന്തകരുടെ ചിന്തയിലും എഴുത്തിലും സിമോന്തന്റെ സ്വാധീനം പ്രകടമാണ്.


തുടർന്ന് വായിക്കുക: സിമോന്തൻ ചിന്തയിലെ ഓണ്ടോജെനറ്റിക്കൽ ബന്ധങ്ങൾ

Featured Image: Movements In Pole Vaulting‘, a photograph by Etienne-Jules Marey.

Comments are closed.