സെക്സ്, ജെൻഡർ, സെക്ഷ്വാലിറ്റി: ട്രാൻസ്‍ ജെൻഡർ ജീവിതവും സൂഫികളും എന്ന ലേഖനത്തിന്റെ തുടർച്ച

ജെൻഡറും മുസ്‌ലിം ചരിത്രാനുഭവങ്ങളും

മുസ്‌ലിം സമൂഹങ്ങളിൽ സ്ത്രീ, പുരുഷൻ എന്നീ ദ്വന്ദ്വങ്ങൾക്കപ്പുറത്ത് വൈവിധ്യം നിറഞ്ഞ ജെൻഡറുകൾ എങ്ങിനെ നിലനിന്നു എന്ന് മനസ്സിലാക്കാൻ അവർക്കിടയിൽ ആന്തരികമായി രൂപപ്പെട്ട സാങ്കേതിക പദങ്ങൾ കൂടെ പരിചയപ്പെടേണ്ടതുണ്ട്. അവ്യക്തമായ ജെൻഡറുകളെ സൂചിപ്പിക്കാൻ ചുരുങ്ങിയത് മൂന്ന് വർഗ്ഗീകരണങ്ങളെങ്കിലും ഇസ്‌ലാമിക ചരിത്രത്തിൽ നിന്ന് കണ്ടെടുക്കാനാവും. യുനെക്‌ (eunech), മുഖന്നസ്, ഹിജ്റ എന്നിവയാണ് ഈ മൂന്ന് വിഭാഗങ്ങൾ. പുരുഷ ലൈംഗിക അവയവത്തോട് കൂടെ ജനിക്കുകയും തുടർന്ന് ഷണ്ഢീകരണത്തിന് വിധേയരാക്കപ്പെടുകയും ചെയ്യുന്നവരാണ് യുനെക്‌ (المخصي/الخصي) എന്ന് വിളിക്കപ്പെട്ടിരുന്നത്. യുനെക്‌ സ്ത്രീയായി മാറുന്നില്ല. രണ്ടിനും ഇടയ്ക്കുള്ള ഒരവസ്ഥയിലാണ് അവർ ജീവിതം രൂപപ്പെടുത്തിയത്. സാമൂഹ്യപരമായും, നിയമപരമായും അവർ രണ്ട് ജെൻഡറുകളുടെയും ഭാഗമല്ലാതെയാണ് പരിഗണിക്കപ്പെട്ടത്. പുരുഷ ലിംഗവുമായി ജനിക്കുകയും എന്നാൽ വളർന്നു കഴിയുമ്പോൾ സംസാരത്തിലും നടപ്പിലും സ്വഭാവത്തിലുമെല്ലാം സ്ത്രൈണത പ്രകടിപ്പിക്കുകയും ചെയ്യുന്നവരെയാണ് മുഖന്നസ് എന്ന് പറയുന്നത്. ഇത് ലൈംഗിക അവയവത്തെയോ, ലൈംഗിക സ്വഭാവത്തെയോ, സെക്ഷ്വൽ ഓറിയന്റേഷനെയോ സൂചിപ്പിക്കുന്നില്ല. മറിച്ച് സാമൂഹികമായി പുരുഷനായി കാണപ്പെടുന്നവർ സ്ത്രൈണ സ്വഭാവം പ്രകടിപ്പിക്കുന്നതിനെയാണ് പദം സൂചിപ്പിക്കുന്നത്. നടപ്പിലും, ഇരിപ്പിലുമെല്ലാം പുരുഷ സ്വഭാവം പ്രകടിപ്പിക്കുന്ന സ്ത്രീകളെ കുറിക്കാൻ ‘മുതറജ്‌ജുലാത്’ എന്ന സമാന്തര പ്രയോഗവും നിലവിലുണ്ട്.

സൗത്തേഷ്യയിലെ മുസ്‌ലിം സമൂഹങ്ങളിലാണ് (പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ളാദേശ്) പൊതുവേ ഹിജ്റ എന്ന മൂന്നാമത്തെ വിഭാഗം കാണപ്പെടുന്നത്. പുരുഷനായി ജനിച്ച് പുരുഷനായിത്തന്നെ വളർന്ന് പ്രായപൂർത്തിയുടെ ആദ്യഘട്ടങ്ങൾക്കു ശേഷം സ്ത്രീയായി സ്വയം അടയാളപ്പെടുത്തുന്നവരാണ് ഹിജ്‌റകൾ. പുരുഷനെന്ന വർഗ്ഗീകരണം സ്വയം ഉപേക്ഷിച്ച് സ്ത്രീ നാമവും, സ്വഭാവവും, വസ്ത്രധാരണ രീതിയുമെല്ലാം സ്വീകരിക്കുകയും ആചാരപരമായി ഷണ്ഢീകരണത്തിന് വിധേയമാകുകയും ചെയ്യുന്നു എന്നതാണിവിടെ സംഭവിക്കുന്നത്. ഇങ്ങനെ മാറിക്കഴിഞ്ഞാൽ സമൂഹം അവരെ മൂന്നാം ലിംഗക്കാർ എന്നോ ലിംഗമില്ലാത്തവർ എന്നോ വിളിക്കുന്നു. ഹിജ്‌റകൾ കുടുംബത്തെയും, സമുദായത്തെയും ഉപേക്ഷിച്ച് സ്വന്തമായി രൂപപ്പെടുത്തിയ ഭാഷയും, ഘടനയുമുള്ള ഉപസംസ്കാരത്തിൽ ജീവിക്കുന്നു. ഷണ്ഢീകരണത്തിന് വിധേയമാകുന്നതിനാൽ ചിലർ ഇവരെയും യുനെകിന്റെ കൂട്ടത്തിൽ പെടുത്താറുണ്ട്. ഒരു ഹിജ്റയുടെ (സ്വമേധയാ ഷണ്ഢീകരണത്തിന് സന്നദ്ധരാവുന്നവർ) മാനസിക പ്രചോദനം യുനെകിന്റേത് പോലെയല്ല. ഹിജ്റയുടെ സാമൂഹിക പദവിയും കർത്തവ്യവുമെല്ലാം പൂർവ്വാധുനിക സമൂഹത്തിലെ യുനെകിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്.

ഹിജ്റ തന്റെ പുരുഷ ശരീരത്തിൽ സ്ത്രീത്വം അനുഭവിക്കുന്നതിനാൽ ആധുനിക ലോകത്തെ ട്രാൻസ് ജെൻഡർ വ്യക്തികളോട് ഏറെക്കുറെ അടുത്ത് നിൽക്കുന്നത് അവരാണ് എന്ന് പറയാം. പൂർവ്വാധുനിക കാലത്ത് ചികിത്സകളിലൂടെയും, ശസ്ത്രക്രിയകളിലൂടെയും ശരീര ഘടനയിൽ മാറ്റം വരുത്തി സ്ത്രീയായി മാറാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. അവരുടെ മുന്നിലുണ്ടായിരുന്ന വഴി പുരുഷ ലൈംഗികാവയവം നീക്കം ചെയ്യുകയും, സ്ത്രീയുടെ പ്രകടമായ മുടി നീട്ടിവളർത്തുക, സ്ത്രീകളെപ്പോലെ വസ്ത്രധാരണം നടത്തുക, സ്ത്രീ നാമങ്ങൾ സ്വീകരിക്കുക തുടങ്ങി അനുഷ്ഠാനപരമായ രീതികളെ സ്വീകരിക്കുകയും ചെയ്യുക എന്നതായിരുന്നു. എന്നാൽ ഇത്തരം സമൂഹങ്ങളിൽ പെണ്ണായി ജനിച്ചു വളർന്നതിന് ശേഷം ബാഹ്യമായ അവയവങ്ങൾ നീക്കം ചെയ്ത് പുരുഷനായി മാറാനുള്ള സമാന്തര രീതികൾ ഒന്നും തന്നെ നിലവിലുണ്ടായിരുന്നില്ല. ചുരുക്കത്തിൽ പ്രീ മോഡേൺ മുസ്‌ലിം സമൂഹങ്ങളിൽ നിലനിന്ന ഹിജ്റകൾക്കും ഇന്നത്തെ ട്രാൻസ്ജെൻഡറുകൾക്കും ഇടയിൽ ചില സാമ്യതകൾ ഉണ്ട് എന്നതിനപ്പുറം രണ്ടും ഒന്നാണെന്ന് പറയാനാവില്ല.

ഇന്ന് പൊതുവെ ഉപയോഗിക്കപ്പെടുന്ന ‘ട്രാൻസ്ജെൻഡർ’ എന്ന പദം സ്വയം പുരുഷനായി തോന്നുന്ന സ്ത്രീയെയും, സ്ത്രീയായി തോന്നുന്ന പുരുഷനെയും പുരുഷനാകാനോ സ്ത്രീയാകാനോ പരിശ്രമിക്കുന്നവരെയും ഉൾക്കൊള്ളുന്നുണ്ട്. ശാരീരിക മാറ്റങ്ങൾ സാധ്യമാക്കുന്ന വൈദ്യശാസ്ത്ര സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തിയ പുതിയ യാഥാര്‍ത്ഥ്യത്തെ ആശ്രയിച്ചാണ് ഈ വർഗ്ഗീകരണം നിലനിൽക്കുന്നത്. മാറിയ സാഹചര്യത്തിൽ തിരിച്ചറിയാനാവാത്ത വിധം പൂർണ്ണമായി തന്നെ തങ്ങൾ ആഗ്രഹിക്കുന്ന ജെൻഡറിലേക്ക് രൂപാന്തരം ചെയ്യാൻ കഴിയും വിധം ഇന്ന് വൈദ്യശാസത്രം വികസിച്ചിട്ടുണ്ട്. പല കാരണങ്ങളാൽ ജെൻഡർ ഡിസ്‌ഫോറിയ അനുഭവിക്കുന്നവർക്ക് പുതിയ സാധ്യതകൾ ഈ സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങൾ തുറന്നു നൽകുന്നുണ്ട്.

ഖുർആനും ലിംഗ വൈവിധ്യങ്ങളും

അല്ലാഹു എല്ലാ തരാം ലിംഗ വർഗ്ഗീകരണങ്ങൾക്കും അതീതനാണ് എന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്. പക്ഷേ നാം സംസാരിക്കുന്ന ദൈവ സംബന്ധിയായ പ്രയോഗങ്ങളെല്ലാം ലിംഗംഭേദം നിറഞ്ഞതുമാണ്. അഥവാ ദൈവിക സന്ദേശം മനുഷ്യനിലെത്തുന്നത് അറബി എന്ന മനുഷ്യ ഭാഷയുടെ മാധ്യമത്തിലൂടെയാണ്. അതാകട്ടെ ലിംഗപരത നിറതുമാണ്. ഇത് ദൈവം ഒരു പുരുഷനാണ് എന്ന തോന്നലുണ്ടാക്കാനുള്ള സാധ്യത രൂപപ്പെടുത്തുന്നുണ്ട്. അല്ലാഹുവിന് മനുഷ്യനുമായി ഏതെങ്കിലും രീതിയിൽ താരതമ്യം ചെയ്യാവുന്ന രീതിയിലുള്ള ജെൻഡർ ബാധകമല്ല എന്നത് അവന്റെ പരിപൂർണ്ണ ഏകത്വത്തതിന്റെ അടിസ്ഥാന ആശയങ്ങളിൽ ഒന്നാണ്. ഇങ്ങനെ ആയിരിക്കെ തന്നെ ‘അല്ലാഹു’ എന്ന ദൈവനാമത്തിന് ‘ഹുവ’ (അവൻ) എന്നാണ് ഖുർആനിൽ സർവ്വനാമം (pronoun) ഉപയോഗിച്ചിരിക്കുന്നത്. അറബിയിൽ ഏതൊരു വസ്തുവും – അത് സചേതനമോ, അചേതനമോ, സങ്കൽപ്പമോ ഏതുമാകട്ടെ- അവയെല്ലാം ‘അവൻ’ ‘അവൾ’ എന്നീ സർവ്വനാമങ്ങൾ ഉപയോഗിച്ചാണ് സൂചിപ്പിക്കപ്പെടുന്നത്. ഇംഗ്ലീഷിലെ it പോലെ ജെൻഡർ ഇല്ലാത്ത സർവ്വനാമം അറബിയിലില്ല. ഉദാഹരണത്തിന് സൂര്യൻ (ശംസ്) വ്യാകരണപരമായി സ്ത്രീ ലിംഗമാണ്. ചന്ദ്രനാകട്ടെ (ഖമർ) പുല്ലിംഗവും. ഇവിടെ ചന്ദ്രൻ പുരുഷനാണെന്നോ, പുരുഷഗുണങ്ങൾ ഉള്ളതാണെന്നോ, അല്ലെങ്കിൽ സൂര്യൻ സ്ത്രീയാണെന്നോ അർത്ഥമില്ല. പ്രശസ്ത സൂഫീവര്യനായ അബ്ദുറഹ്മാൻ സുലമി ഒരു സൂഫി സ്ത്രീയുടെ ജീവചരിത്രം പറഞ്ഞതിനുശേഷം ഇങ്ങനെ എഴുതുന്നുണ്ട്:

ഈ പറഞ്ഞ പോലെയാണ് എല്ലാ സ്ത്രീകളുമെങ്കിൽ;
സ്ത്രീക്ക് മുന്നിൽ പുരുഷൻ പരിഭ്രമിച്ച് പോകുമായിരുന്നു.
സ്ത്രീയെന്ന് വിളിക്കുന്നതിൽ സൂര്യന് അപമാനമില്ല;
പുരുഷനെന്ന് വിളിക്കുന്നതിൽ ചന്ദ്രന് അഭിമാനവും.

ഭാഷയിലെ ഇത്തരം ലിംഗപരമായ കീഴ്‌വഴക്കങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ഖുർആൻ ചെയ്യുന്നത്. ഇവിടെ സ്വാഭാവികമായും ‘എന്തുകൊണ്ടാണ് ദൈവം വ്യാകരണപരമായി സ്ത്രീ ലിംഗത്തിന് പകരം പുരുഷ ലിംഗം ഉപയോഗിക്കുന്നത്?’ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഈ ചോദ്യത്തിന് ഉത്തരം മനുഷ്യ ആത്മാവും ദൈവവും തമ്മിലുള്ള ഒരു വൈരുദ്ധ്യാത്മക ബന്ധത്തിലാണ് നിലനിൽക്കുന്നത്. അറബി ഭാഷയിൽ ‘ദേഹി’ (നഫ്‌സ്) വ്യാകരണത്തിൽ സ്ത്രീലിംഗമാണ്. ആത്മാവ് കുടികൊള്ളുന്ന ദേഹമോ, അത് വഹിക്കുന്ന സാമൂഹിക പദവിയോ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ ആരുടേതായാലും ഇങ്ങനെത്തന്നെ. ഖുർആൻ മണ്ണിനാൽ പടച്ചതെന്ന് പറയുന്ന ദേഹവും, ദേഹിയും തമ്മിലുള്ള അടുത്ത ബന്ധമാണ് ‘നഫ്സിന്റെ’ സ്ത്രീ ലിംഗം സൂചിപ്പിക്കുന്നത്. മണ്ണിനെക്കുറിച്ചുള്ള ‘അർള്’ എന്ന പ്രയോഗവും സ്ത്രീലിംഗമാണ്. മാനുഷിക പ്രകൃതിയുടെയും ദൈവിക പ്രകൃതിയുടെയും ഇടയിലുള്ള വിശാലമായ വിടവ് നികത്തുന്നത് ദേഹത്തേയും, ദേഹിയെയും ബന്ധിപ്പിക്കുന്ന ‘ആത്മാവാണ്’ (റൂഹ്). ഖുർആൻ പറയുന്നു: “അവനെ ഞാന്‍ പൂര്‍ണമായ വിധത്തില്‍ രൂപപ്പെടുത്തുകയും എന്റെ ആത്മാവിനെ ഞാനതില്‍ നടത്തുകയും ചെയ്താല്‍”. ഇവിടെ ആത്മാവിനെ സൂചിപ്പിക്കുന്ന ‘റൂഹ്’ എന്ന പദം അറബി ഭാഷയിൽ ഒരേ സമയം പുല്ലിംഗവും സ്ത്രീലിംഗവും ആയി ഉപയോഗിക്കാവുന്ന അപൂർവ്വം പദങ്ങളിലൊന്നാണ്. അത് തന്നെയാണ് ശരീരത്തിൽ ജീവിതവും ആത്മാവിൽ അവബോധവും സന്നിവേശിപ്പിച്ച പവിത്രമായ ദൈവികതയെയും ഭൗതികമായ മാനുഷികതയെയും ഒരുമിപ്പിക്കുന്നതും.

ദൈവത്തിന്റെ മനുഷ്യനടക്കമുള്ള പ്രപഞ്ചത്തിലെ മുഴുവൻ സൃഷ്ടിപ്പിലും സ്ത്രീത്വത്തിന്റെയും പുരുഷത്വത്തിന്റെയും അവക്ക് രണ്ടിനുമിടയിലുള അവ്യക്തമായ ഇടങ്ങളുടെയും ആവിഷ്കാരങ്ങളുണ്ടെന്ന് ഖുർആൻ സൂചിപ്പിക്കുന്നുണ്ട്. വ്യാകരണപരമായി സ്ത്രീലിംഗമായ സൂര്യനെയും പുരുഷനായ ചന്ദ്രനെയും ഉൾപ്പെടുത്തിയ മാനഹാരമായ ഒരു സൂക്തത്തിൽ ഖുർആൻ ഇങ്ങനെ പറയുന്നുണ്ട്:

അവൻ രാവിനെ പകലിലേക്കും പകലിനെ രാവിലേക്കും പ്രവേശിപ്പിക്കുന്നു. സൂര്യനേയും ചന്ദ്രനേയും അവയുടെ സുനിശ്ചിതങ്ങളായ സഞ്ചാര പഥങ്ങളിലൂടെ നടത്തുന്നവനും അവൻ തന്നെ. അവനാണ് പരമാധികാരം. അവനെയല്ലാതെ വിളിക്കുന്നവരാകട്ടെ യാതൊന്നും ഉടമസ്ഥപ്പെടുത്തുന്നില്ല.

ഖുർആൻ 35: 13

പെണ്ണായ സൂര്യനും ആണായ ചന്ദ്രനുമുല്ലാം അവയുടെ സഞ്ചാര ദിശയിലൂടെ കൃത്യമായി ഓടിക്കൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ നിത്യജീവിതത്തിൽ അതിന്റെ സ്വാധീനം അവ്യക്തതകൾ നിറഞ്ഞതാണ്. രാത്രിയുടെയും പകലിന്റെയും ലയനത്തിനിടയിലും, സൂര്യന്റെ സാന്നിധ്യാത്തിനും അസാന്നിധ്യത്തിനുമിടയിലും കൃത്യമായ ഒരു വേർതിരിവ് ഇല്ല. വെളിച്ചത്തിൽ നിന്നും ഇരുളിലേക്ക് നീങ്ങുന്ന നിഴലുകളുടെ വർണ്ണരാജികളാൽ ദൈവം പകലിനെ രാത്രിയിൽ ലയിപ്പിക്കുന്നു. രാത്രിയെ പകലാക്കുന്നതും ഇങ്ങനെ തന്നെ.

ഇതുപോലെ മനുഷ്യന്റെ വ്യത്യസ്ത ജെൻഡറുകളിലേക്കുള്ള വേർതിരിവ് ഒരേസമയം വ്യക്തതയും, അവ്യക്തതയും നിറഞ്ഞതാണ്. ഭൂരിഭാഗം പേരിലും ഈ വിഭജനം കൃത്യമായി നിലനിൽക്കുന്നുണ്ട്. പക്ഷേ എല്ലാവരിലും അത് പൂർണ്ണമായി വ്യക്തമല്ലതാനും. സ്പീഷീസുകളുടെ അവിരാമ തുടർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന ശരീരശാസ്ത്രപരമായ കോശങ്ങളുടെയും വിഭജനത്തിന്റെയും മറ്റ് പുനരുൽപ്പാദന കർത്തവ്യങ്ങളുടെയും (reproductive roles) വിതരണത്തിന്റെ അടിസ്ഥാനമായാണ് ഇതുണ്ടാകുന്നത്. പക്ഷേ ചിലരിൽ ഈ കോശങ്ങളും, കർത്തവ്യങ്ങളും കൃത്യമായി യോജിക്കാതിരിക്കാം. ജനിതകപരമായ സ്വാധീനങ്ങൾ, ഹോർമോണുകളിലെ ചംക്രമണം, ഓരോരുത്തരിലും വ്യത്യസ്തമായ മനശാസ്ത്ര സ്വത്വം (psychological identity) എന്നിവയൊക്കെ ആയിരിക്കാം ഇതിനു കാരണം. ഈ വ്യത്യാസങ്ങളാണ് മനുഷ്യ വ്യക്തിത്വത്തിന്റെ നിറങ്ങൾ (അൽവാൻ) എന്ന് പറയുന്നത്. തൊലിയുടെ നിറ, രൂപ, ഭാവങ്ങളേക്കാൾ ആഴത്തിയിലുള്ള ആന്തരികമായ വൈവിധ്യങ്ങളാണവ. ഇത്തരത്തിൽ ഏത് സൃഷ്ടിപ്പിലും വ്യതിരിക്തത സൃഷ്ടിക്കാനുള്ള പടച്ചവന്റെ അധികാരത്തെയാണ് ഖുർആൻ ആഘോഷിക്കുന്നത്.

ദൈവം ആകാശത്ത് നിന്ന് വെള്ളം ഇറക്കുന്നതും അവ വ്യത്യസ്ത നിറങ്ങളിലുള്ള ഫലങ്ങൾ ഉൽപാദിപ്പിക്കുന്നതും നിങ്ങൾ കാണുന്നില്ലേ.? കറുത്ത പാറക്കൂട്ടങ്ങളും ചുവപ്പും വെളുപ്പും പാളികളും പർവ്വതങ്ങളിൽ എങ്ങനെ ഉണ്ടായെന്ന് നിങ്ങൾ ചിന്തിക്കുന്നില്ലേ? മനുഷ്യരും, മൃഗങ്ങളും, മറ്റു ജീവജാലങ്ങളുമെല്ലാം വ്യത്യസ്തങ്ങളായ വർണ്ണങ്ങൾ പോലെയാണ്. തീർച്ചയായും ബുദ്ധിയുള്ളവർ അവനെ ഭക്ത്യാദരങ്ങളോടെ ആരാധിക്കുന്നു. അവനാണ് ശക്തൻ. അവൻ തന്നെയാണ് പൊറുത്ത് നൽകുന്നവനും

ഖുർആൻ 35: 27-28

മനുഷ്യ വംശത്തെ മനസ്സിലാക്കാനും, മിക്ക സമൂഹങ്ങളിലും നിലനിൽക്കുന്ന വർണ്ണവുമായി ബന്ധപ്പെട്ട വംശീയതയും രാഷ്ട്രീയാധിപത്യങ്ങളും വിമർശന വിധേയമാക്കാനുമുള്ള ശക്തമായ ലെൻസ് കൂടിയാണ് ഈ ഖുർആൻ വാക്യം. ‘വ്യത്യസ്ത വർണ്ണങ്ങൾ’ എന്ന വാക്ക് തൊലിയുടെ നിറമായി മാത്രം മനസ്സിലാകുന്നത് വ്യാഖ്യാനങ്ങളെ പരിമിതപ്പെടുത്തലാണ്. ദൈവത്തെ പൂർണ്ണമായി മനസ്സിലാക്കുന്നതിനായി നിരീക്ഷിച്ചും, ചിന്തിച്ചു അറിവ് നേടാൻ ഖുർആൻ ആവശ്യപ്പെടുന്നുണ്ട്. രാസ, ജീവ ശാസ്ത്രപരമായ അത്യഗാധമായ ഘടനകളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ധാതുക്കൾ, സസ്യലതാദികൾ, ജീവജാലങ്ങൾ തുടങ്ങിയവയുമായി മനുഷ്യ വർണ്ണങ്ങൾ തുല്യപ്പെടുത്തുകയാണ് ഖുർആൻ ചെയ്യുന്നത്. ദൈവിക സൃഷ്ടിപ്പുകളുടെ മികവുറ്റ ആവിഷ്കാരങ്ങളെ വൈദ്യശാസ്ത്ര ഗവേഷണങ്ങളും, ശാസ്ത്രജ്ഞാനങ്ങളുമെല്ലാം നമുക്ക് മുന്നിൽ തുറന്നു വെക്കും. ഇതുതന്നെയാണ് ഖുർആൻ പറയുന്ന ദൈവിക ചര്യയുടെ (സുന്നതുല്ലാഹ്) ആവിഷ്കാര രീതിയും (ഖുർആൻ 35: 43). വളരെ എളുപ്പത്തിൽ മനുഷ്യനെ സ്ത്രീ-പുരുഷൻ എന്നീ ഇടങ്ങളിലേക്ക് ചുരുക്കാൻ ആകുന്ന വിധത്തിലുള്ളതല്ല, മറിച്ച് സൂക്ഷമമായി വൈവിധ്യങ്ങൾ നിറഞ്ഞതാണ് ദൈവത്തിന്റെ സൃഷ്ടിപ്പുകൾ എന്ന് സാരം.


വിവർത്തനം: ത്വാഹിർ പയ്യനടം
Mural: Joaquin
Artist: Naveen Shakil Khan
Location: Brooklyn / New York (2017)
Photographed by: Dimitar Belchev

Comments are closed.