സൂഫികളുടെ ദിവ്യപ്രണയത്തെ കുറിച്ചുള്ള ആശയങ്ങളെക്കുറിച്ച് ധാരണ രൂപപ്പെടുത്താൻ സഹായകമാണ് ഗസ്സാലി ഇമാമിന്റെ ഇഹ്യാ ഉലൂമുദ്ദീനിലെ ‘കിതാബുല്‍ മഹബ്ബ‘ എന്ന അദ്ധ്യായം. ആദ്യ ഭാഗത്ത് അനുരാഗത്തെ പറ്റിയുള്ള തന്റെ നിരീക്ഷണം അവതരിപ്പിക്കുന്ന ഇമാം, ദിവ്യാനുരാഗം (അല്‍ മഹബ്ബ) കരസ്ഥമാക്കുകയാണ് മനുഷ്യ ലക്ഷ്യങ്ങളിൽ ഏറ്റവും ഉയര്‍ന്ന പദവി എന്ന് വ്യക്തമാക്കുന്നുണ്ട്. ആ പദവിയിലേക്കുള്ള മുന്നോടിയോ [പശ്ചാത്താപം (തൗബ) ക്ഷമ (സബ്‌ർ), പരിത്യാഗം (സുഹ്ദ്)] അല്ലെങ്കിൽ അതിന്റെ ഫലങ്ങളോ [തീവ്രാഭിലാഷം (ശൗഖ്), അടുപ്പം (ഉൻസ്) സന്തുഷ്‌ടി (രിദാ)] ആണ് മറ്റുള്ള സ്ഥാനങ്ങളെല്ലാം. മറ്റു അവസ്ഥകളെ അപേക്ഷിച്ച് ദിവ്യാനുരാഗം അപൂർവ്വമായി മാത്രമേ സംഭവിക്കൂ എന്നതിനാൽ പലപ്പോഴും ദൈവശാസ്ത്ര പണ്ഡിതർ തന്നെ അങ്ങനെയൊരു സാധ്യതയെ നിഷേധിക്കുന്നുണ്ട്. ദിവ്യാനുരാഗം എന്നത് ആലങ്കാരികമായി മാത്രമേ അർത്ഥപൂർണ്ണമാവൂ എന്നതാണ് അവരുടെ വാദം. സ്വാഭാവികമായും അവർക്ക് അനുരാഗത്തിന്റെ ഫലങ്ങളെയും നിഷേധിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ ദൈവവുമായി പ്രണയത്തിലാവുന്നതിന്റെ ശരിയായ അര്‍ത്ഥം വെളിച്ചത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയാണ് ഇമാം കിതാബുൽ മഹബ്ബയിലെ ചെയ്യുന്നത്.

ദിവ്യപ്രണയത്തിന്റെ അവസ്ഥകളെക്കുറിച്ചുള്ള പ്രാമാണികമായ ചർച്ചയിലേക്കാണ് ഗസ്സാലി ഇമാം ആദ്യം പ്രവേശിക്കുന്നത്. ദിവ്യപ്രണയത്തെ നിഷേധിക്കുന്നവർ പോലും അല്ലാഹുവിനെയും അവന്റെ ദൂതനായ മുഹമ്മദ് നബിയെയും സ്നേഹിക്കല്‍ നിര്‍ബന്ധമാണ് (ഫര്‍ള്) എന്നത് മുസ്‌ലിം സമുദായം തർക്കങ്ങളില്ലാതെ (മുജ്മഅ:) അംഗീകരിച്ചതാണ് എന്ന വസ്തുത അംഗീകരിക്കേണ്ടി വരും. ഇല്ലാത്ത ഒന്നിനെ ദൈവം എങ്ങനെയാണ് വിശ്വാസികളിൽ നിന്ന് ആവശ്യപ്പെടുക?, ഇമാം ചോദിക്കുന്നു. അനുസരണ പ്രണയത്തെ പിന്തുടരുന്നു എന്നിരിക്കെ എങ്ങനെയാണ് പ്രണയത്തെ അനുസരണ എന്ന് വ്യാഖ്യാനിക്കുക? വിശുദ്ധ ഖുര്‍ആന്‍ തന്നെ ദിവ്യപ്രണയത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്: “അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്” (വി:ഖു 5:54). മറ്റൊരു സൂക്തം പ്രണയത്തിലെ ശ്രേണികളിലേക്കു കൂടെ വിരല്‍ ചൂണ്ടുന്നുണ്ട്: “സത്യവിശ്വാസികള്‍ അല്ലാഹുവിനോട് തീവ്രമായ സ്നേഹമുള്ളവരത്രേ” (വി:ഖു 2:165). ഖുര്‍ആനില്‍ നിന്ന് ഇമാം ഉദ്ധരിക്കുന്നത് ആ രണ്ട് സൂക്തങ്ങള്‍ മാത്രമാണ്. തുടർന്ന് ദൈവത്തിലുള്ള വിശ്വാസത്തിന്റെ മുന്നുപാധി സ്നേഹമാണ് എന്ന് ഓർമ്മപ്പെടുത്തുന്ന പ്രവാചക വചനങ്ങളിലേക്കാണ് രചന കടക്കുന്നത്. പരലോകത്ത് ദൈവത്തെ കണ്ടുമുട്ടുന്നതിനും, സന്തോഷിക്കുന്നതിനും സ്നേഹം അനിവാര്യമാണ് എന്ന് പ്രവാചകൻ (ﷺ) നിർദ്ദേശിക്കുന്നുണ്ട്. ഈസ നബി(ﷺ)യുടെ വചനങ്ങളും, പ്രണയത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്ന സൂഫീ വചനങ്ങളും തുടർന്ന് ഇമാം ഉദ്ധരിക്കുന്നു. എന്നാല്‍ അത്തരം ഉദ്ധരണികൾ വ്യാപകമായി അറിയപ്പെടുന്നതിനാൽ മുഖവുരയിൽ ഉൾപ്പെടുത്തുക എന്നതിനപ്പുറം വിശദമായി ഇമാം ചർച്ചക്കെടുക്കുന്നില്ല. പ്രണയത്തിന്റെ ആന്തരികാർത്ഥങ്ങൾ നിഗൂഢമാണ് എന്നതും, ചര്‍ച്ചയുടെ കാതല്‍ പ്രണയത്തിന്റെ പൊരുളന്വേഷിക്കുക എന്നതുമായതിനാലാവാം ഇമാം അങ്ങനെ ചെയ്തത്.

‘പ്രണയത്തിന്റെ യഥാർത്ഥ അർത്ഥത്തെയും (ഹഖീഖത്ത്) കാരണങ്ങളെയും പറ്റിയുള്ള വിശദീകരണവും, മനുഷ്യന് ദൈവത്തോടുള്ള സ്നേഹത്തിന്റെ പൊരുള്‍ മനസ്സിലാക്കലും’ എന്നാണ് രണ്ടാം അദ്ധ്യയത്തിന് ഇമാം നാമകരണം ചെയ്തിരിക്കുന്നത്. ആ അധ്യായത്തിലൂടെ സ്നേഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം, അതിന്റെ നിബന്ധനകളും കാരണങ്ങളും, ദൈവത്തെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെ അര്‍ത്ഥം, എന്നിവയിലൂടെയാണ് ചര്‍ച്ച വികസിക്കുന്നത്. സ്നേഹത്തെ മനസ്സിലാക്കാന്‍ മൂന്ന് അടിസ്ഥാന തത്വങ്ങള്‍ ഇമാം മുന്നോട്ട് വെക്കുന്നുണ്ട്.

  1. ദിവ്യപ്രണയം എന്താണ് എന്ന് മനസ്സിലാക്കുന്നതിന് അറിവും (മഅരിഫത്ത്) അവബോധവും (ഇദ്റാക്) ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇബ്നു സീനയുടെ വീക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായി, വിശേഷബുദ്ധിയുള്ളവര്‍ക്ക് മാത്രം പറയാവുന്ന വിശിഷ്ടഗുണമാണ് സ്നേഹം. മനുഷ്യന്‍ ഗ്രഹിക്കുന്നത് അവന്റെ പ്രകൃതത്തോട് ചേർന്നുപോകുന്നതും ആനന്ദം പകരുന്നതുമായേക്കാം. അല്ലെങ്കില്‍ നേരെ വിപരീതമായി മനോവേദന നല്‍കുന്നതായേക്കാം. എന്നാല്‍ ചിലത് ആനന്ദമോ വേദനയോ നല്‍കാത്തതുമുണ്ട്. മനുഷ്യന് ആനന്ദം പകരുന്നവയെ അവന്‍ സ്നേഹിക്കും. വേദന നല്‍കുന്നവയെ അവന്‍ വെറുക്കും. ആനന്ദമോ വേദനയോ നല്‍കാത്തവയെ അവന്‍ സ്നേഹിക്കുകയോ വെറുക്കുകയോ ഇല്ല. ‘തനിക്ക് ആനന്ദം പകരുന്നവയിലേക്കുള്ള മനുഷ്യന്റെ അഭിവാഞ്ഛ’ എന്നാണ് സ്നേഹത്തെ ഇമാം നിര്‍വചിക്കുന്നത്. ആ അഭിവാഞ്ഛ കൂടുതല്‍ ശക്തകമാകുമ്പോള്‍ അതിനെ ‘ഇശ്ഖ്’ എന്ന് വിളിക്കുന്നു.
  2. അറിവിനെയും, അവബോധത്തെയും തുടര്‍ന്നാണല്ലോ സ്നേഹമുണ്ടാവുക. ഓരോ വസ്തുക്കളെ കുറിച്ചുമുള്ള അവബോധം രൂപപ്പെടുന്നത് വ്യത്യസ്ത രീതിയിലാണ്. ഓരോ ഇന്ദ്രീയങ്ങളും ഓരോ ഘടകങ്ങളെ ഗ്രഹിക്കുകയും അവ ഓരോന്നും വ്യതിരിക്തമായ ആനന്ദം പ്രദാനം ചെയ്യുകയും ചെയ്യും. ഭംഗിയുള്ള വസ്തുക്കള്‍ കാണുന്നതാണ് കണ്ണിന്റെ ആനന്ദം. താളാത്മക ശബ്ദങ്ങള്‍ കേള്‍ക്കുന്നതാണ് കാതിന്റെ ആനന്ദം. അത്തരത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കനുസരിച്ച് ഇഷ്ടങ്ങളും വ്യത്യസ്ത തലങ്ങളിലായിരിക്കും. അഥവാ, ഇഷ്ടം ഉറവയെടുക്കുന്നത് ഉള്ളില്‍ നിന്നാണെന്ന് പറയാം. അതേ സമയം, അതിന് കാരണമാകുന്നതാകട്ടെ പുറമെ നിന്നുള്ള ഉത്തേജനങ്ങളാണ്. ആനന്ദമെന്നത് ഇഷ്ടത്തിന് അനിവാര്യമാണ് എന്ന് ഇമാം ഊന്നിപ്പറയുന്നുണ്ട്. മനുഷ്യനും, മൃഗങ്ങള്‍ക്കും പൊതുവായി ഉള്ളതാണ് പഞ്ചേന്ദ്രിയങ്ങള്‍. എന്നാല്‍ മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്‍റെ ആറാം ഇന്ദ്രിയമാണ്- ബുദ്ധി (അഖ്ല്), അല്ലെങ്കിൽ പ്രകാശം (നൂറ്), അല്ലെങ്കിൽ ഹൃദയം (ഖല്‍ബ്), ഉള്‍ക്കാഴ്‌ച (ബസ്വീറ ബാത്വിന). ആ ഒരു ശേഷിയുടെ ഗ്രഹണശക്തി പഞ്ചേന്ദ്രിയങ്ങളെക്കാള്‍ കൂടുതലാണ്. അങ്ങനെ ഗ്രഹിക്കുന്നനവക്കാണ് ബാഹ്യ ഇന്ദ്രീയങ്ങൾ ഗ്രഹിച്ചവയേക്കാൾ ആനന്ദവും. അക്കാര്യം ഒരു ഹദീസിന്റെ വെളിച്ചത്തിലാണ് ഇമാം വിശദീകരിക്കുന്നത്. ഈ ലോകത്ത് തനിക്ക് പ്രിയപ്പെട്ടതാക്കി നൽകപ്പെട്ട മൂന്ന് കാര്യങ്ങളെക്കുറിച്ച് പ്രവാചകൻ പറയുന്നുണ്ട്: സുഗന്ധം, സ്ത്രീ, നിസ്കാരം.’ അവിടെ തിരുനബിക്ക് ഏറ്റവും കൂടുതൽ ആനന്ദം നൽകുന്നതായി ഇമാം കണക്കാക്കുന്നത് നിസ്കാരത്തെയാണ്. ദൈവിക കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിക്കല്ലാതെ ഇന്ദ്രീയങ്ങൾക്ക് കഴിയില്ല. പഞ്ചേന്ദ്രിയങ്ങൾ ഗ്രഹിക്കുന്ന കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നവന് മാത്രമേ ദിവ്യ പ്രണയത്തെ നിഷേധിക്കാനാവൂ, കാരണം ദൈവത്തെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാനാവില്ല.
  3. പ്രണയമെന്ന പ്രതിഭാസത്തെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു ആന്തരിക അവസ്ഥയെ കൂടി ഇമാം പരിചയപ്പെടുത്തുന്നുണ്ട്. ഓരോ മനുഷ്യനും അവനെ/അവളെത്തന്നെയാണ് സ്നേഹിക്കുന്നത് എന്നതും, മറ്റൊരാളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ തന്നെ തനിക്ക് വേണ്ടിത്തന്നെയാണ് എന്നതും അറിയപ്പെട്ട വസ്തുതയാണ്. എങ്കിലും ‘മനുഷ്യന് തനിക്ക് വേണ്ടിയല്ലാതെ മറ്റൊരാളെ സ്നേഹിക്കുന്നു എന്നത് സങ്കല്‍പ്പിക്കാനാവുമോ?’ ഇമാം ചോദിക്കുന്നു. ദുര്‍ബല ഹൃദയര്‍ ആരെ സ്നേഹിക്കുന്നുവോ അയാളില്‍ നിന്ന് എന്ത് നേട്ടമാണ് തനിക്കുണ്ടാകുക എന്ന് ചിന്തിക്കും. അതേസമയം താൽപര്യങ്ങളെ സംരക്ഷിക്കാനല്ലാതെയുള്ള നിസ്വാര്‍ത്ഥമായ സ്നേഹത്തെ നിഷേധിക്കുന്നവരോട് ഇമാം വിയോജിപ്പ് പുലർത്തുന്നുണ്ട്. തുടര്‍ന്ന് പ്രണയത്തിനുള്ള കാരണങ്ങളെക്കുറിച്ചും, അതിന്റെ വര്‍ഗ്ഗീകരണത്തെ പറ്റിയുമുള്ള വിശദീകരണത്തിലേക്ക് ഇമാം പ്രവേശിക്കുന്നു.

ഓരോ ജീവിയുടെയും ശരീരം (ദാത്ത്, നഫ്സ്) പ്രഥമമായി സ്നേഹിക്കുന്നത് അതിനെ തന്നെയാണ്. അതായത്, തന്റെ നിലനില്‍പ്പിന് തുടര്‍ച്ചയുണ്ടാകണം (ദവാമുല്‍ വുജൂദ്) എന്ന് ഓരോരുത്തരും പ്രകൃത്യാ ആഗ്രഹിക്കുകയും, തന്റെ ഇല്ലായ്മയെ വെറുക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സ്വന്തത്തോടുള്ള സ്നേഹം അത് വ്യക്തമാക്കുന്നുണ്ട്. തന്റെ ജീവന്റെ തുടർച്ചക്ക് ഏറ്റവും ചേർന്ന് പോകുന്നത് സ്വയം ശരീരം തന്നെയാണല്ലോ. മനുഷ്യൻ സ്വന്തം നിലനിൽപ്പിന്റെ തുടർച്ചയെ ആഗ്രഹിക്കുന്നതും, മരണത്തെ വെറുക്കുന്നതും മരണത്തിന്റെ ഭയാനകതയും, അതിന് ശേഷം വരാനിരിക്കുന്നതും ആലോചിക്കുന്നത് കൊണ്ട് മാത്രമല്ല, മറിച്ച് സ്വന്തം ഇല്ലായ്മയെ പറ്റിയുള്ള വെറുപ്പുകൊണ്ടുകൂടിയാണ്. അതു കൊണ്ടു തന്നെ വേദനയില്ലാതെ പോലും മരണപ്പെടുന്നത് ഒരാളും ഇഷ്ടപ്പെടുന്നില്ല. ഒരു പക്ഷെ വേദന പേറി ജീവിക്കുന്ന ഒരാള്‍ മരിക്കാന്‍ തയ്യാറായെന്നിരിക്കും. അതൊരിക്കലും മരണത്തോടുള്ള കൊതി കൊണ്ടല്ല. മറിച്ച് താന്‍ അനുഭവിക്കുന്ന നീറുന്ന വേദനക്കൊരു അറുതി ആകുമല്ലോ എന്ന് കരുതി മാത്രമാണ്.

ഓരോരുത്തരും തനിക്കുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പൂർണ്ണതയെക്കുറിച്ച് (കമാലുല്‍ വുജൂദ്) ഇമാം സംസാരികുന്നുണ്ട്. മനുഷ്യന്‍ തന്റെ നിലനില്‍പ്പിനെ സ്നേഹിക്കുന്നത് പോലെ അതിന്റെ പൂർണ്ണതയെയും ഇഷ്ടപ്പെടുന്നുണ്ട്. കാരണം ഇല്ലാത്തവയെ ചേർത്ത് നോക്കുമ്പോൾ അപൂർണ്ണത എന്നത് ഇല്ലായ്മയെയാണ് കുറിക്കുന്നത്. അതായത് ചില ഘടകങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അപൂർണ്ണമാവുന്നത് അതിനാൽ അത്തരമൊരു അവസ്ഥ വെറുക്കപ്പെട്ടതായി മാറുന്നു. അതുകൊണ്ടു തന്നെയാണ് ശരീരാവയവങ്ങള്‍, സ്വത്ത്, മക്കള്‍, കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങിയവയെല്ലാം അവന് പ്രിയപ്പെട്ടതാകുന്നത്. ഒരു മനുഷ്യന്‍ തന്റെ മക്കളെ സ്നേഹിക്കുന്നത് തന്റെ മരണത്തിന് ശേഷം അവരിലൂടെ തന്റെ അസ്ഥിത്വം തുടരുമെന്നത് കൊണ്ടാണ്. നല്ല ആരോഗ്യവും ആവതുമുള്ള ആളോട് ‘ഒന്നുകില്‍ താന്‍, അല്ലെങ്കില്‍ തന്റെ മകന്‍ കൊല്ലപ്പെടുമെന്ന്’ പറഞ്ഞാല്‍ അദ്ദേഹം തിരഞ്ഞെടുക്കുക തന്റെ നിലനില്‍പ്പായിരിക്കും. മകന്റെ നിലനില്‍പ്പ് ഒരു നിലക്ക് നോക്കിയാല്‍ തന്റെ നിലനില്‍പ്പ് പോലെ തന്നെയാണ്. എന്നാൽ മകന്റെയും പിതാവിന്റെയും നിലനില്‍പ്പ് ഒന്നല്ല താനും. മനുഷ്യന്‍ തന്റെ നിലനില്‍പ്പിന്റെ പൂർണ്ണത ബന്ധുക്കളിലൂടെ, കുടുബങ്ങളിലൂടെ കണ്ടെത്തും. അവരാണ് അവന് ശക്തി പകരുന്നതും അതുവഴി നിലനില്‍പ്പിന്റെ പൂര്‍ണതയിലെത്തുന്നതും. ഇപ്പറഞ്ഞതെല്ലാം കൂടിച്ചേര്‍ന്നതാണ് സ്നേഹിക്കാനുള്ള കാരണങ്ങളില്‍ ഒന്നാമത്തേത്.

നന്മ ചെയ്യുക എന്നതാണ് (ഇഹ്സാന്‍) സ്നേഹിക്കാനുള്ള രണ്ടാമത്തെ കാരണം. അപരിചിതനാണ് എങ്കിൽപോലും തനിക്ക് നന്മ/ഉപകാരം ചെയ്യുന്നവരോട് സ്നേഹം തോന്നുക എന്നത് മനുഷ്യന്‍റെ സഹജഗുണമാണ് (ഫിത്റ). പ്രവാചകൻ പറയുന്നുണ്ട് (സ): “അല്ലാഹുവേ, ഒരു തെമ്മാടി എനിക്കൊരു കാര്യം ചെയ്തു തരികയും, അങ്ങനെ ഞാനവനെ സ്നേഹിക്കുന്നൊരു അവസ്ഥ ഉണ്ടാകുകയും ചെയ്യരുതേ.” ഗുണം ചെയ്തു തരുന്ന ആളെ തിരിച്ചു സ്നേഹിക്കണമെന്നും അതിനെ നിരസിച്ചു കളയരുതെന്നും ആ ഹദീസ് സൂചിപ്പിക്കുന്നുണ്ട്. ഇമാമിന്റെ വീക്ഷണത്തിൽ ഇഷ്ടം രൂപപ്പെടാനുള്ള രണ്ടാം കാരണം ഒന്നാമത്തെ കാരണത്തിന്റെ ഒരു ഭാഗം തന്നെയാണ്. കാരണം, ഒരാളില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങൾ മനുഷ്യനെ സ്വന്തം നിലനില്‍പ്പിന്റെ തുടർച്ചക്കും, പൂർണതക്കും സഹായകമാവുന്നുണ്ട്. പക്ഷേ, ഒന്നും രണ്ടും എങ്ങനെ വിഭിന്നമാകുന്നു എന്ന് ഇമാം തന്നെ വിശദീകരിക്കുന്നുണ്ട്. ഒന്നാമത്തേതില്‍ മനുഷ്യന്‍ അവയെത്തന്നെ സ്നേഹിക്കുകയാണ്. മനുഷ്യന്റെ നിലനില്‍പ്പിന്റെ പൂർണ്ണത കുടികൊള്ളുന്ന അവയവങ്ങളെ അതിന് ഉദാഹരണമായി പറയാം. എന്നാല്‍ രണ്ടാമത്തേത് ആ പൂർണ്ണതക്ക് സഹായകവുന്ന കാര്യങ്ങളാണ്. അവയവങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഡോക്ടർ പോലെ. അവിടെ ഡോക്റ്ററോഡ് സ്നേഹമുണ്ടാവുന്നത് അയാളിൽ നിന്ന് ലഭ്യമാകുന്ന സഹായം കാരണമാണ്. അത് നിലക്കുന്നതോടെ സ്നേഹവും നിൽക്കുന്നു. അതു പോലെ തന്നെയാണ് അധ്യാപകനും.

മൂന്നാമത്തേത് ഒന്നിനെ മറ്റൊന്നിലേക്കുള്ള ലക്ഷ്യമായിട്ടല്ലാതെ അതിന് വേണ്ടി മാത്രമായി സ്നേഹിക്കലാണ്. മഹത്തരവും, സത്യസന്ധവും ആത്യന്തികവുമായ സ്നേഹമായാണ് ഇമാമിതിനെ കണക്കാക്കുന്നത്. ഉദാഹരണമായി സൗന്ദര്യത്തോടുള്ള സ്നേഹത്തെ എടുക്കാം. സൗന്ദര്യത്തെ സ്നേഹിക്കുന്നത് അതിന് വേണ്ടിത്തന്നെയാണ്. സൗന്ദര്യാസ്വാദനത്തിലാണ് ആനന്ദത്തിന്റെ സത്ത നിലനിൽക്കുന്നത്. സൗന്ദര്യമുള്ളതിലേക്ക് നോക്കുന്നത് ഉള്ളിലുള്ള അഭിനിവേശത്തെ ശമിപ്പിക്കാനാണ് എന്ന വാദത്തെ തള്ളിക്കളയുന്ന ഇമാം ആ ആനന്ദത്തെ രണ്ടായി തരം തിരിക്കുന്നുണ്ട്:

  1. സുന്ദരമായ രൂപങ്ങളിലേക്ക് നോക്കുമ്പോഴുണ്ടാകുന്ന ആനന്ദം.
  2. ഒരു അഭിനിവേശം ശമിച്ചതിലുള്ള ആനന്ദന്ദം. ഉദാഹരണത്തിന്, ഒഴുകുന്ന അരുവിയും പച്ചപ്പും നോക്കിയിരുന്നാല്‍ മനസ്സിന് ആനന്ദം ലഭിക്കുന്നു. അതേ അരുവിക്ക് തന്നെ ദാഹം ശമിപ്പിക്കാനുമാവും.

വര്‍ണ്ണച്ചാര്‍ത്തുകള്‍, പൂക്കള്‍, പക്ഷികള്‍ എന്നിവ കാണുമ്പോള്‍ ആനന്ദമനുഭവിക്കുക സ്വാഭാവികമാണ്. അവിടെ ‘നോക്കലും’ ‘ആനന്ദവും’ ഒരൊറ്റ പ്രതിഭാസമായാണ് ഇമാം കണക്കാക്കുന്നത്. അല്ല എങ്കിൽ സൗന്ദര്യത്തെ കാണൽ ആനന്ദം കണ്ടെത്താനുള്ള ഒരു മാർഗമാണ് എന്നും സൗന്ദര്യമുള്ളവയെ സ്നേഹിക്കുന്നത് അവക്കുവേണ്ടിത്തന്നെയല്ല എന്നും വരും. സൗന്ദര്യമുള്ള വസ്തുക്കളെ നോക്കിയിരിക്കുന്നത് ദു:ഖമകറ്റാനുള്ള മാര്‍ഗ്ഗമാണ് എന്ന വാദത്തിലും ആ ഒരു വൈരുധ്യം കാണാനാവും. അവിടെ ഗസ്സാലി ഇമാം ‘സൗന്ദര്യത്തെ ഗ്രഹിക്കുക’ എന്നതും ‘ആനന്ദത്തിന്റെ സത്തയും’ ഒന്നുതന്നെ ആയിട്ടാണ് കാണുന്നത് എന്ന് ഓർക്കേണ്ടതുണ്ട്. ആനന്ദമാണ് ജീവിതത്തിലെ എല്ലാ നന്മകളെയും നിർണ്ണയിക്കേണ്ട കേന്ദ്രഗുണം എന്ന ഗ്രീക്ക് എപ്പിക്യൂറിയൻ വാദത്തിന് വിരുദ്ധമായി ധാർമ്മിക മൂല്യങ്ങൾ പ്രധാനമാവുന്നത് മറ്റൊന്നുമായി ചേർത്തുകൊണ്ടല്ല മറിച്ച് അവ സ്വയം തന്നെ പ്രധാനമാണ് എന്ന് സ്റ്റോയിക് തത്വചിന്തകർ വാദിക്കുന്നുണ്ട്. സ്റ്റോയിക്കുകളെ പിന്തുടർന്ന് ആത്മീയവും, ഭൗതികവുമായ സൗന്ദര്യത്തെ മറ്റൊരു ലക്ഷ്യത്തിന് വേണ്ടിയല്ലാതെ അവക്കുവേണ്ടിത്തന്നെ സ്നേഹിക്കാനും, പ്രണയിക്കാനുമാവും എന്ന തീര്‍പ്പിൽ ഗസ്സാലി ഇമാമും എത്തിച്ചേരുന്നുണ്ട്.

സൗന്ദര്യത്തിന്റെ (ജമാല്‍/ ഹുസ്ന്) അര്‍ത്ഥം വിശദീകരിച്ച് ഇമാം ചര്‍ച്ച തുടരുന്നു. സൗന്ദര്യം എന്നത് ഇമാമിന്റെ വീക്ഷണത്തിൽ കാഴ്ച്ചയിൽ മാത്രമല്ല, അഥവാ വര്‍ണ്ണച്ചാര്‍ത്തുകളോ, വിവിധ രൂപങ്ങളുടെ അംഗപ്പൊരുത്തമോ മാത്രമല്ല സൗന്ദര്യം. അവയെല്ലാം മനുഷ്യ സൗന്ദര്യത്തിന്റെ ബാഹ്യ പ്രകടനങ്ങളാണ്. കണ്ണുകൊണ്ടും, ഭാവനകൊണ്ടും മനസ്സിലാക്കാൻ കഴിയാത്തതും, രൂപങ്ങളും, നിറങ്ങളും ചേർന്നതല്ലാത്തതും സൗന്ദര്യമുള്ളവയല്ല എന്ന വാദം ബാഹ്യ സൗന്ദര്യത്തിനപ്പുറത്തുള്ളവ ആനന്ദം നൽകാത്തതും അതുകൊണ്ട് തന്നെ സ്നേഹിക്കാൻ കഴിയാത്തതുമാണ് എന്ന ധാരണയിൽ നിന്ന് വരുന്നതാണ്. ഗസ്സാലി ഇമാമിന്റെ അഭിപ്രായത്തിൽ ഗ്രഹിക്കാവുന്ന എല്ലാത്തിനെയും സൗന്ദര്യമുള്ളത്, വൈരൂപ്യമുള്ളത് എന്നിങ്ങനെ വർഗ്ഗീകരിക്കാനാവും. അതുകൊണ്ട് തന്നെ സൗന്ദര്യത്തെ ഗ്രഹിക്കാവുന്ന എല്ലാത്തിനെയും ഉൾക്കൊള്ളിക്കുന്ന രീതിയാണ് ഇമാം നിർവചിക്കുന്നത്. സൗന്ദര്യമെന്നാല്‍ ഓരോ വസ്തുവിനും സ്വീകരിക്കാവുന്ന പൂർണ്ണതയുടെ സാന്നിധ്യമാണ്. സാധ്യമായ എല്ലാ പൂർണ്ണതകളും ഒരു വസ്തു ഉൾക്കൊള്ളിക്കുമ്പോൾ അത് സൗന്ദര്യത്തിന്റെ പൂർണ്ണതിയിലെത്തുന്നു (ഗായത്തുല്‍ ജമാല്‍). അപ്പറഞ്ഞത് സൗന്ദര്യത്തിന് പൊതുവായി പറയാവുന്ന നിര്‍വചനമാണ്. അവിടെ ഓരോ വസ്തുവിനും, ഇനത്തിനും അതിന്റേതായ സൗന്ദര്യ നിര്‍വചനവും പൂർണ്ണതയും ഉണ്ടാവാം. ഉദാഹരണത്തിന്, ഒരു കുതിരയുടെ സൗന്ദര്യം അതിന്‍റെ ശരീര ലാവണ്യം, നിറം, കരുത്ത്, സഞ്ചാരരീതി എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. കയ്യെഴുത്തിന്‍റെ സൗന്ദര്യം അക്ഷരങ്ങളുടെ ഘടനയെയും ഉചിതമായ ക്രമീകരണത്തെയും ബന്ധപ്പെട്ടാണിരിക്കുന്നത്.

സ്റ്റോയിക്-പ്ലാറ്റോണിക് സങ്കല്‍പങ്ങളുടെ സങ്കലനമായാണ് ഗസ്സാലിയന്‍ സൗന്ദര്യ വീക്ഷണത്തെ നിരീക്ഷിക്കേണ്ടത്. സ്റ്റോയിക്സിനെ സംബന്ധിച്ചിടത്തോളം സൗന്ദര്യമെന്നാല്‍ ഓരോന്നിനും അനുഗുണമായ വിശേഷണങ്ങള്‍ ഉണ്ടാകുക എന്നാണ്. പ്ലാറ്റോയുടെ വീക്ഷണ പ്രകാരം, സൗന്ദര്യത്തിനുള്ള നിബന്ധനകളില്‍ പെട്ട ഒന്നാണ് പൂർണ്ണത എന്നത്. ഗ്രീക്ക് ചിന്തകരില്‍ വലിയൊരു വിഭാഗവും അഭിപ്രായപ്പെട്ടത് ‘സൗന്ദര്യ’മല്ല, ‘നല്ലതാണ്’ ഉള്ളത് എന്നാണ്. അതേസമയം, പ്ലാറ്റോയുടെ വീക്ഷണം നേരെ തിരിച്ചായിരുന്നു- ‘നല്ലത’ല്ല, ‘സൗന്ദര്യമുള്ളതാണ്’ ഉള്ളത്. പ്ലാറ്റോയുടെ ചിന്താ പദ്ധതി പിന്തുടര്‍ന്ന ഇമാമും അചേതന വസ്തുക്കളായ ജ്ഞാനം, നല്ല വ്യക്തിത്വം, നന്മ എന്നിവയെ നല്ലതായല്ല, സുന്ദരമായാണ് കാണുന്നത്. അപ്പറഞ്ഞവ ‘ഉള്‍ക്കാഴ്ചയുടെ വെട്ടം’ (നൂറു ബസ്വീറത്തുല്‍ ബാത്വിന) കൊണ്ടാണ് മനസ്സിലാക്കപ്പെടുന്നത്, ഇന്ദ്രിയങ്ങള്‍ കൊണ്ടല്ല എന്ന് ഇമാം പറയുന്നു. ആധ്യാത്മിക വിശേഷണങ്ങള്‍ കൈവരിച്ചവരോട് ഏവര്‍ക്കും പ്രിയമായിരിക്കും. ജനങ്ങള്‍ പ്രവാചകന്മാരെയും സ്വഹാബയെയും മദ്ഹബുകളുടെ ഇമാമുമാരെയും ഇഷ്ടപ്പെടുന്നുവെന്നത് അപ്പറഞ്ഞതിനെ സാക്ഷ്യപ്പെടുത്തുന്നു. ഒരുപക്ഷെ, ഇവരെയൊന്നും കണ്ടിട്ടില്ലെങ്കില്‍ പോലും ജനങ്ങൾക്ക് അവരോട് പ്രിയമായിരിക്കും. ആ സ്നേഹം ചിലപ്പോള്‍ അഗാധമായ സ്നേഹത്തിലേക്ക് (ഇശ്ഖ്) വരെ എത്തിക്കും. ആ ഒരു തലത്തിലെത്തുമ്പോഴാണ് തനിക്കിഷ്ടപ്പെട്ട ഇമാമിനോ പണ്ഡിതനോ വേണ്ടി പണം ചിലവഴിക്കുന്നതും, വേദനകള്‍ സഹിക്കുന്നതും. ചിലപ്പോള്‍, തന്റെ ജീവിതം പോലും അവര്‍ക്കായി സമര്‍പ്പിക്കുന്നതും. ഒരാള്‍ക്കുണ്ടായേക്കാവുന്ന എല്ലാ സദ്ഗുണങ്ങളുടെയും ഉറവിടം യാഥാർത്ഥ്യത്തെ മനസിലാക്കാൻ സഹായിക്കുന്ന അറിവും (ഇല്‍മ്) ഇച്ഛകളെ തരണം ചെയ്യാനുള്ള കഴിവും (ഖുദ്റ) ആണ്. ആന്തരിക സൗന്ദര്യത്തോടുള്ള സ്നേഹം നന്മ ചെയ്യുന്നതുമായി ഇമാം ചേര്‍ത്തുവെക്കുന്നുണ്ട്. നന്മയുള്ളവരെ മനുഷ്യൻ ഇഷ്ടപ്പെടുന്നതിനാൽ സ്വാഭാവികമായും നല്ല കാര്യങ്ങളിൽ ഏർപ്പെടുന്നവരെയും അവൻ സ്നേഹിക്കും, അയാൾ ആ നന്മയുടെ നേരിട്ടുള്ള പ്രായോചകനല്ല എങ്കിൽപ്പോലും. അതാണ് സ്നേഹിക്കാനുള്ള നാലാമത്തെ കാരണം.

സ്നേഹിക്കുന്നവരെയും സ്നേഹിക്കപ്പെടുന്നവരെയും പരസ്പരം കൂട്ടിയിണക്കുന്ന ‘മറഞ്ഞ ബന്ധ’മാണ് (അല്‍ മുനാസബുല്‍ ഖഫിയ്യ) സ്നേഹിക്കാനുള്ള അഞ്ചാം കാരണം. സൗന്ദര്യമോ പ്രയോജനമോ അല്ലാതെ ആത്മാക്കള്‍ തമ്മിലുള്ള ബന്ധമാണത്. ആ വാദത്തെ സ്ഥാപിക്കാന്‍ ഇമാം ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്: “ആത്മാക്കൾ സൈനികരെപ്പോലെയാണ്, പരസ്പരം അറിഞ്ഞവര്‍ അടുക്കും. അറിയാത്തവർ അകന്നുപോകും.” ആ മറഞ്ഞ ബന്ധത്തെ ഇമാം പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. പക്ഷെ, അവിടെയെല്ലാം അതൊരു നിഗൂഢ കാര്യമാണെന്നും അതിന്റെ അടിസ്ഥാനം കണ്ടുപിടിക്കാന്‍ സാധിക്കുകയുമില്ലെന്നാണ് ഇമാം പറയുന്നത്. ചില പണ്ഡിതര്‍ പറഞ്ഞതായി ഇമാം ഉദ്ധരിക്കുന്നു: “അല്ലാഹു ആത്മാക്കളെ സൃഷ്ടിച്ചു. അവയില്‍ ചിലതിനെ വിഭജിക്കുകയും അര്‍ശിന് ചുറ്റും കറങ്ങാനാവശ്യപ്പെടുകയും ചെയ്തു. അവിടെ വെച്ച് തന്റെ മറുപാതിയെ കണ്ടെത്തുന്ന ആത്മാവ് ഇഹലോകത്ത് പരസ്പരം സുഹൃത്തുക്കളായിരിക്കും.” അതിനെ പ്ലാറ്റോയുടെ ‘സിമ്പോസിയ’ത്തില്‍ പറഞ്ഞ മിത്തുമായി ചേര്‍ത്തിവായിക്കാവുന്നതാണ്. ആ കൃതിയില്‍ മനുഷ്യന്‍ തന്റെ മറുപാതിയെ കൊതിക്കുന്നതായാണ് സ്നേഹത്തെ അവതരിപ്പിക്കുന്നത്. ഏതായിരുന്നാലും, ബന്ധത്തിന്റെ കാരണം മനുഷ്യനറിയാനാവില്ല എന്നാണ് ഗസ്സാലിയന്‍ വീക്ഷണം. മുകളിലെ നിര്‍വചനങ്ങളോ, നക്ഷത്ര സ്ഥാനങ്ങളാണ് ആ ബന്ധത്തിന് കാരണമെന്ന ജ്യോതിശാസ്ത്ര വിശദീകരണങ്ങളോ അദ്ദേഹം മുഖവിലക്കെടുക്കുന്നില്ല.

ഇനി രണ്ടാം അധ്യായം അവസാനിക്കുന്നത്, മുമ്പ് പറഞ്ഞ സ്നേഹിക്കാനുള്ള കാരണങ്ങളെ പുനര്‍വിചിന്തനത്തിന് വിധേയമാക്കിയാണ്:

  1. മനുഷ്യന്റെ നിലനില്‍പ്പിനും അതിന്റെ തുടര്‍ച്ചക്കും പൂർണ്ണതക്കും വേണ്ടിയുള്ള സ്നേഹം.
  2. തന്റെ നിലനില്‍പ്പിന്റെ തുടര്‍ച്ചക്കും തികവിനും വേണ്ടി സഹായിക്കുന്നവരോടുള്ള സ്നേഹം.
  3. തനിക്ക് നേട്ടമൊന്നുമില്ലെങ്കിലും മനുഷ്യര്‍ക്ക് നന്മ ചെയ്യുന്നയാളോടുള്ള സ്നേഹം.
  4. ആന്തരികമോ ബാഹ്യമോ ആയ സൗന്ദര്യമുള്ള എന്തിനോടുമുള്ള സ്നേഹം.
  5. മറഞ്ഞ ബന്ധം.

ഇമാം അധ്യായത്തിന്റെ അവസാനം എണ്ണിയ ക്രമത്തിലല്ല വിഷയങ്ങളെ അവതരിപ്പിച്ചിട്ടുള്ളത് എങ്കിലും അപ്പറഞ്ഞ അഞ്ച് കാര്യങ്ങളെ മൂന്നായി ചുരുക്കാൻ സാധിക്കും:

  1. സ്വന്തത്തിന്റെ പരിപാലനത്തിന് വേണ്ടി ഒരാള്‍ക്ക് തോന്നുന്ന സ്നേഹം.
  2. മറ്റൊന്നിനോട് അതിന് വേണ്ടിത്തന്നെയുള്ള സ്നേഹം.
  3. മറഞ്ഞ ബന്ധം.

സ്നേഹത്തിന്റെ ഈ കാരണങ്ങളെല്ലാം മനുഷ്യരിൽ ആലങ്കാരികമായി മാത്രമാണ് നിലനിക്കുന്നത്, പൂർണാർത്ഥത്തിൽ അവ പ്രത്യക്ഷപ്പെടുന്നത് ദൈവത്തിലാണ്. അത്കൊണ്ടാണ് മനുഷ്യന്റെ യഥാർത്ഥ അനുരാഗത്തിന് അർഹൻ ദൈവം മാത്രവുന്നത് എന്ന് ഇമാം തുടർന്ന് സ്ഥാപിക്കുന്നു. മനുഷ്യൻ ദൈവവുമായി പ്രണയത്തിലാവുന്നതെങ്ങനെ? എന്ന ചോദ്യത്തിന് ഗസ്സാലി ഇമാം ഉത്തരം കണ്ടെത്തുന്നതും പ്രണയത്തിന്റെ കാരണങ്ങളെ അന്വേഷിച്ചുകൊണ്ടുള്ള ഈ മുഖവുരയിലൂടെയാണ്.


വിവർത്തനം: നിസാം തങ്ങൾ
Featured Image: Alyona Chipchikova
Location: Istanbul

Author

Professor Emeritus of Islamic Theology and Mysticism, Bar-Ilan University, Israel

Comments are closed.