بدأ الإسلام غريبا ، وسيعود غريبا كما بدأ ، فطوبى للغرباء

ഇസ്‌ലാം അപരിചിതമായിട്ടാണ് തുടങ്ങിയത്. തുടങ്ങിയത് പോലെ അപരിചിതമായിത്തന്നെ അത് മടങ്ങുകയും ചെയ്യും. അതിനാല്‍ അപരിചിതര്‍ക്ക് നിങ്ങള്‍ സന്തോഷവാര്‍ത്ത നല്‍കുക.

 നബിവചനം

നിന്റെ പട്ടണത്തിൽ വന്നുവീണ അപരിചിതനായ യാചകനാണ് കുസ്രു.
ദൈവത്തിന് വേണ്ടി നിങ്ങള്‍ അപരിചിതരുടെ ദിശയിലേക്ക് നോക്കുന്നവരാകുവീൻ

 ആമിര്‍ കുസ്രു (1325)

എല്ലാ കുടിയന്‍മാരും അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരും നിന്റെ മുന്നിൽ വണങ്ങുന്നു
സുന്ദരന്മാരും, വഴിതെറ്റിയവരും, വളഞ്ഞു പോയവരും, കര്‍ക്കശക്കാരുമെല്ലാം നിന്നെ നേതാവായിക്കാണുന്നു

 മീര്‍ തഖി (1723-1810)

ഒരു വ്യാഴായ്ച്ച ഉച്ച സമയത്ത് ഫിറോസ് ഷാഹ് കോട്ലയില്‍ സംസാരിച്ചിരിക്കുകയായിരുന്നു ഞങ്ങൾ. പെട്ടെന്ന് ആളുകളെല്ലാം ആവേശത്തോടെ എന്തോ ശ്രദ്ധിക്കുന്നത് കണ്ടു. ഇരുപത് വിദേശ ടൂറിസ്റ്റുകൾ അടങ്ങുന്ന ഒരു കൂട്ടം ആളുകള്‍ അവിടെ സന്ദർശിക്കുന്നതിനായി വന്നതായിരുന്നു സംഭവം. ഡല്‍ഹിയിലെ പ്രശസ്തമായ ചരിത്ര സ്മാരകങ്ങളെ അപേക്ഷിച്ച് വളരെ അപൂർവ്വമായെ ഈ ഭാഗത്തേക്ക് ടൂറിസ്റ്റു സംഘങ്ങൾ വരാറുണ്ടായിരുന്നുള്ളൂ, പ്രത്യേകിച്ചും പാശ്ചാത്യരായ ടൂറിസ്റ്റുകൾ. ഞാന്‍ അവരില്‍ നിന്ന് അൽപ്പം മാറി നില്‍ക്കുകയായിരുന്നു, പക്ഷെ ഞങ്ങളുടെ സംഘത്തിൽ ഇംഗ്ലീഷ് അറിയുന്ന ആൾ എന്ന നിലയിൽ ഞാന്‍ അവരോട് സംസാരിക്കണം എന്ന് അജയ് എന്നെ നിർബന്ധിച്ചു. നോർത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ആർട്ട് ഹിസ്റ്ററി വിദ്യാർത്ഥികൾ അശോക പില്ലർ കാണുന്നതിനായി എത്തിയതായിരുന്നു ആ സംഘം എന്ന് സംസാരത്തിൽ നിന്ന് ഞങ്ങള്‍ മനസ്സിലാക്കി.

സംസാരത്തിനിടയില്‍, അൽപ്പം ഇംഗ്ലീഷ് അറിയാവുന്ന മറ്റൊരാള്‍ വരികയും ‘ആഷിഖ് അലി’ എന്ന് വിദ്യാർത്ഥികൾക്ക് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. “കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എനിക്ക് നിന്നെ അറിയാം, പക്ഷെ ഒരിക്കൽ പോലും നീ എന്നോട് പേര് പറഞ്ഞിരുന്നില്ല” വിദ്യാര്‍ത്ഥി സംഘം അവിടം വിട്ട് പോയപ്പോള്‍ അക്തര്‍ ആഷിഖ് അലിയോട് പറഞ്ഞു. അപ്പോഴാണ് ഞാൻ അക്കാര്യം ശ്രദ്ധിക്കുന്നത്. പലപ്പോഴും മനസ്സിലേക്കു വന്നിരുന്നു എങ്കിലും ഈ ഒരു വിഷയത്തെക്കുറിച്ച് ഞാൻ കൂടുതൽ വ്യക്തമായി ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. ഫിറോസ് ഷാഹ് കോട്ലയിൽ ആ പരിസരത്ത് ആളുകൾ ഒരിക്കലും അവരുടെ പേരുകൾ ഉപയോഗിച്ചതിരുന്നില്ല. പരസ്പരം പേരറിയാതെ തന്നെ പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങളായി ഓരോ ആഴ്ച്ചയിലും പരസ്പരം കാണുകയും, മതവും, രാഷ്ട്രീയയും, വ്യക്തിപരമായ രോഗ കാര്യങ്ങളും സംസാരിക്കുകയും, പരസ്പരം പ്രാര്‍ത്ഥന നടത്താന്‍ പറയുകയും ചെയ്ത്, നിരവധി വിഷയങ്ങളില്‍ ദീര്‍ഘ സംഭാഷണങ്ങളും ചര്‍ച്ചകളും നടത്തുക എന്നത് സാധ്യമായ ഇടമാണ് ഫിറോസ് ഷാഹ് കോട്ല.ആളുകൾ കൂടുതലായും അവിടെ വിശേഷണാത്മക നാമങ്ങളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് പാട്ട് പാടുന്നവരെ കലാകാരന്‍ എന്നോ, അല്ലെങ്കില്‍ അവരുടെ നാടിനോട് ചേര്‍ത്ത് കൊണ്ട് ലക്ഷ്മി നഗർ വാല എന്നൊക്കെയാണ് വിളിക്കുക. ആ വ്യക്തിയുടെ അഭാവത്തില്‍ അയാളെ സൂചനാ നാമങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും അവരുടെ പേര് ഉപയോഗിക്കാറില്ല. ആ വിദ്യാർത്ഥികളോട് ആഷിഖ് അലി തന്റെ പേര് പരിചയപ്പെടുത്തുന്നത് വരെ പരസ്പരം ഒരുപാട് അവസരത്തില്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ പോലും അവന്‍റെ യഥാര്‍ത്ഥ നാമം എനിക്കും അറിയില്ലായിരുന്നു.

ആർട്ട് ഹിസ്റ്ററി വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ച് ഏകദേശം ഒരു മാസത്തിന് ശേഷം മനോഹര്‍ ലാല്‍ (അദ്ദേഹവുമായി കോട്ലക്ക് പുറത്ത് ഇന്റർവ്യൂക്കായി പലപ്പോഴും ഇരിക്കേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തെ ലാലാജി എന്നാകുമായിരുന്നു വിളിക്കുക) വര്‍ഷങ്ങൾക്ക് മുൻപ് എല്ലാ ദിവസവും ഫിറോസ് ഷാഹ് കോട്ല സന്ദര്‍ശിക്കാനായി വന്നിരുന്ന കാലത്തെ ഒരു സംഭവം പറഞ്ഞുതന്നു. ആഷിഖ് അലിയും (പേര് പറയുന്നതിന് പകരം ചൂണ്ടിക്കാണിച്ചാണ് പറഞ്ഞത്) അദ്ദേഹവും കൂടെ ഫിറോസ് ഷാഹ് കോട്ലയില്‍ നിന്നും ഏകദേശം 15 മൈലുകള്‍ക്കപ്പുറം സ്ഥിതി ചെയ്യുന്ന സിറ്റിയുടെ തെക്ക് ഭാഗത്തിലെ പതിമൂന്നാം നൂറ്റാണ്ടിലെ സുല്‍ത്താന്‍ ഗാരിയുടെ മഖ്‌ബറയിലേക്ക് ഒരുമിച്ച് യാത്ര ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. പെട്ടെന്ന് തോന്നിയ ഒരു തീരുമാനമായിരുന്നു അത്. ആദ്യം അവര്‍ മെഹ്‌റോളിയിലേക്ക് ബസ് കയറുകയും പത്ത് മൈലുകള്‍ക്കപ്പുറമുള്ള മെഹ്‌റോളിക്ക് പുറത്ത് കാട്ടില്‍ സ്ഥിതി ചെയ്യുന്ന ആഷിഖ് അല്ലായുടെ ദര്‍ഗ സന്ദര്‍ശിക്കുകയും ചെയ്തു. അവിടെ നിന്ന് മൂന്നോ നാലോ മൈലുകള്‍ക്കപ്പുറത്തുള്ള സുല്‍ത്താന്‍ ഗാരിയുടെ മഖ്ബറയിലേക്ക് കാട്ടിലൂടെ തന്നെ നടന്നു നീങ്ങി. കാല്‍നടയായും ബസ്സിലായും മഖ്ബറയുടെ പരിസരത്തുമായി അവര്‍ ആ ദിവസം ചിലവഴിച്ചു. ” അവന്റെ പേര് എന്താണ് എന്നറിയാമോ?” ഞാന്‍ മനോഹര്‍ ലാലിനോട് ചോദിച്ചു. “എനിക്കറിയില്ല” അദ്ദേഹം പറഞ്ഞു. ” ഞാൻ അവനോട് ഒരിക്കലും പേര് ചോദിച്ചിട്ടില്ല, ഞാൻ ഇവിടെ ആരോടും പേര് ചോദിച്ചിക്കാറില്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടുപേർ പരസ്പരം പേരുകള്‍ ചോദിക്കുക എന്ന തോന്നല്‍ പോലുമില്ലാതെ ബസ് കയറിയും, നടന്നും, ഭക്ഷണം കഴിച്ചും, മഖ്ബറകൾ സന്ദർശിച്ചും ഒരു ദിവസം മുഴുവൻ സാഹസികമായി കഴിച്ച്കൂട്ടുന്നു, പരസ്പരം പേരുകള്‍ അറിയാന്‍ ആഗ്രഹിക്കുകയോ, അതറിയാന്‍ പരിശ്രമിക്കുകയോ ചെയ്യാതെ എല്ലാ വ്യാഴായ്ച്ചകളിലും ആളുകൾ ഇവിടെ ഈ പുല്‍മേടില്‍ കൂട്ടം കൂടുകയും തങ്ങളുടെ ഏറ്റവും വൈകാരികവും, സ്വകാര്യവുമായ അവരുടെ രോഗങ്ങളെക്കുറിച്ചും, ബാധ്യതകളെക്കുറിച്ചും, പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ചുമെല്ലാം സംസാരിക്കുകയും ചെയ്യുന്നു. അവർ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, അത്ഭുതങ്ങളെക്കുറിച്ചുള്ള ധാരണകളെകുറിച്ച് എല്ലാം അവർ ഒരിക്കൽ പോലും പേര് ചോദിക്കാതെ ഒരു നരവംശ ശാസ്ത്രജ്ഞനുമായി പങ്ക്‌വെക്കുന്നു!

ഫിറോസ് ഷാഹ് കോട്ലയിലെ ജിന്ന് മഖ്‌ബറ (courtesy: thequint.)

ഫിറോസ് ഷാഹ് കോട്ലയിലെ ഈ ഒരു പേരില്ലാത്ത ആത്മബന്ധത്തിലെ നൈതികത ഗരീബ് നവാസിയുടെ സവിശേഷതയാണ് എന്നാണ് എനിക്ക് തോന്നുന്നത്. മുസ്‌ലിം സൂഫി പണ്ഡിതന്‍മാരുടെ മഖ്ബറകളുടെ രോഗ ശമനത്തിന്റെയും പരിവർത്തനത്തിന്റെയും ശക്തിയുടെയും ഭാഗമാണിത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രസിദ്ധനായസൂഫി പണ്ഡിതല്‍ മുഈനുദ്ദീന്‍ ചിശ്തി (റ)യുടെ പ്രശസ്തമായ സ്ഥാനപ്പേരാണ് ഗരീബ് നവാസ് എന്നത്. ‘മുസ്‌ലിം മഖ്ബറകളെ ജനങ്ങള്‍ മനസ്സിലാക്കുന്നത് മൗലികമായി ഒന്ന് തന്നെ ആയിട്ടാണ് എന്നും, അടിസ്ഥാനപരമായി ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ടതായിട്ടുമാണെന്ന കാര്‍ലാ ബല്ലാമിയുടെ കണ്ടെത്തലാണ് ഫിറോസ് ഷാഹ് കോട്ലയിലെ സൗഹൃദ ബന്ധത്തിലെ നൈതികതയെ ചിന്തിക്കാന്‍ അജ്മീറിലെ സൂഫി പണ്ഡിതന്‍റെ സ്ഥാനപ്പേര് എങ്ങനെ സഹായകമാവും എന്ന ആലോചനയിലേക്ക് എന്നെ എത്തിക്കുന്നത്. ഫിറോസ് ഷാഹ് കോട്ലയിലെ ഒരുപാട് ആളുകൾ ആ വര്‍ഷം അജ്മീറിലെ ഗരീബ് നവാസിന്‍റെ ദര്‍ഖയുടെ അടുത്തേക്ക് പോകുന്നതിനെ ചൊല്ലി സംസാരിക്കുന്നത് കണ്ടപ്പോഴായിരുന്നു ഗരീബ് നവാസ് എന്ന പേരിനെ കുറിച്ച് ഞാൻ ചിന്തിക്കാന്‍ തുടങ്ങിയത്. അതോടോപ്പം ടി വിയിലും റേഡിയോയിലും പ്ലേ ചെയ്തിരുന്ന’ജോദ്ധാ അക്ബര്‍’ എന്ന സിനിമയിലെ ‘ ഖ്വാജ മേരേ ഖ്വാജാ ‘ എന്ന ഗാനത്തിന്റെ ‘യാ ഗരീബ് നവാസ്’ എന്ന തുടക്കം കോട്ലയിലെ ശബ്ദ പരിസരത്തിലെ പ്രധാന സാന്നിദ്ധ്യവുമായിരുന്നു.

ഫിറോസ് ഷാഹ് കോട്ലയിലെ പരസ്പര സമ്പര്‍ക്കത്തിലെ അജ്ഞത സാധാരണഗതിയില്‍ സമൂഹവും കുടുംബവും നിർമ്മിക്കുന്ന അതിരുകള്‍ മുറിച്ചു കടക്കുന്നതിനുള്ള സാധ്യതകൾ രൂപപ്പെടുത്തുന്നുണ്ട്. ഇവിടെ ഒരാളോട് സൗഹൃദം രൂപപ്പെടുക എന്നത് അയാളുമായി അപരിചിതനാവുക എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒരിക്കല്‍ ഞങ്ങളെല്ലാവരും ഫിറോസ് ഷാഹ് കോട്ലയിലെ പുല്‍മൈതാനത്ത് ഇരിക്കുന്നതിനിടയില്‍ ഒരു ഹിന്ദുവായ സാധാരണക്കാരന്‍ ദര്‍ഗകളിലേക്ക് വരുന്നതില്‍ 75% വും ഹിന്ദുക്കളാണ് എന്ന് പറഞ്ഞു. മുസ്‌ലിംകളടക്കം മറ്റുള്ളവര്‍ അത് സമ്മതിച്ച് തലയാട്ടുകയും ചെയ്തു. തുടർന്ന് ആ സാധാരണ ദര്‍ഗയിലേക്ക് പോകുന്നതിലധികവും പെഹൽവാന്റെ സമുദായക്കാരാണെന്ന് അയാൾ കൂട്ടിച്ചേര്‍ത്തു (സംഘത്തിലെ പ്രധാന അംഗമായിരുന്നു പെഹൽവാൻ). അതിനും കേട്ടവര്‍ സമ്മതത്തോട് കൂടി തല കുലുക്കി. അയാൾ അവർക്കിടയിലെ പെഹൽവാന്റെ സമുദായത്തെ വെളിപ്പെടുത്തതിരുന്നത് അവിടത്തെ സൗഹൃദത്തിലടങ്ങിയ ധാർമികതയെ ആണ് പ്രതിഫലിപ്പിക്കുന്നത് എന്ന് കാണാം.

പെഹൽവാൻ യഥാർത്ഥത്തിൽ ഒരു വാല്‍മീകി ജാതിക്കാരനാണ് (ഭാഷാര്‍ത്ഥം-ഗു സ്തിക്കാരന്‍. അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് അറിയാമെങ്കിലും ആരും അത് ഉപയോഗിക്കാറില്ല) പരമ്പരാഗതമായി അവരുടെ തൊഴില്‍ എന്നത് മലവും ഓടകളും വൃത്തിയാക്കുക എന്നതാണ്. ഇക്കാര്യം പക്ഷെ ഫിറോസ് ഷായിലെ ഒരാളും എന്നോട് പറഞ്ഞിരുന്നില്ല. ഫീൽഡ് വർക്കിനിടയിൽ രൂപപ്പെട്ട സൗഹൃദം വെച്ച് പെഹൽവാൻ തന്നെ ഒരിക്കലെന്നോട് തുറന്ന് പറയുകയായിരുന്നു. റിസർവേഷനും, വിദ്യാഭ്യാസവും സമുദായത്തിന് സഹായകമായിട്ടുണ്ട് എങ്കിലും ഒരുപാട് പേര്‍ ഇന്നും മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന ജോലിയിൽ തുടരേണ്ട അവസ്ഥയിലാണ്. താഴ്ന്ന വിഭാഗക്കാരായിട്ടാണ് അവർ ഇന്നും പരിഗണിക്കപ്പെടുന്നത്. പഹൽവാനും നിലം വൃത്തിയാക്കൽ ജോലിയായിരുന്നു ചെയ്തിരുന്നത്. പരമ്പരാഗതമായി ഡല്‍ഹിയുടെ പുറം ഭാഗങ്ങളിലാണ് വാൽമീകി ജാതിക്കാര്‍ താമസിക്കുന്നത്. ശുദ്ധിയില്ലാത്തവരായി ഗണിക്കപ്പടുന്നതിനാൽ പലപ്പോഴും പള്ളികളിലും ഉയര്‍ന്ന ജാതിക്കാരുടെ ക്ഷേത്രങ്ങളിലും പ്രവേശിക്കുന്നതില്‍ അവർക്ക് വിലക്കുണ്ട്. ഫിറോസ് ഷാഹ് കോട്ലയില്‍ സാധാരണ ഗതിയിലുള്ള ഒരു വ്യാഴായ്ച്ച സന്ദര്‍ശനത്തിൽ ഇത്തരം കാര്യങ്ങളൊന്നും നിങ്ങൾക് മനസ്സിലാക്കാനാവില്ല. അവിടെ ഹിന്ദുക്കളുടേയും മുസ്‌ലിംകളും അടങ്ങുന്ന സംസാര കൂട്ടായ്മകളിൽ ബഹുമാനിക്കപ്പെടുന്ന ഒരംഗമെന്ന നിലയിലായിരിക്കും നിങ്ങൾക്ക് പെഹൽവാനെ കാണാന്‍ സാധിക്കുക. അവരുടെ അഭിപ്രായങ്ങളും സൗഹൃദ ബന്ധങ്ങളും അവിടെ ഒരുമിച്ച് കൂടിയവര്‍ക്കിടയിൽ ആദരിക്കപ്പെടുന്നതും, ആളുകൾ അനുഗ്രഹം തേടി കാല്‍ തൊട്ട് വണങ്ങുന്നതും കാണാനാവും.

പെഹൽവാന്റെ ജാതി പറയാതിരിക്കുന്നതിൽ ഗരീബ് നവാസിയുടെ ധാർമ്മികതയിൽ ഭാഗമായ സാമുദായികമായ വേർതിരിവുകൾ ഉപേക്ഷിക്കൽ കൂടെ ഉണ്ട് എന്ന് കാണാം. കാരണം പേരുകൾ പലപ്പോഴും മതത്തിന്റെയും, ജാതിയുടെയും അടയാളപ്പെടുത്തൽ കൂടെയാണ് എന്നതാണ് വാസ്തവം. ഇവിടെ ആളുകൾ ഇത്തരം സൂചകങ്ങനെ ശ്രദ്ധാപൂർവ്വം ഉപേക്ഷിക്കുന്നത് പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ മതവും ജാതിയും ചോദിക്കുന്നത് അപൂർവ്വമല്ലാത്ത, മുസ്‌ലികള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള ജാതി ഹിന്ദുക്കളുടെ അക്രമങ്ങള്‍ വർദ്ധിച്ച ഉത്തരേന്ത്യ പോലുള്ള സ്ഥലത്ത് സാമൂഹിക പെരുമാറ്റ ചട്ടങ്ങളുടെ റാഡിക്കലായ ഭ്രംശനമാണ് ഇവിടെ സംഭവിക്കുന്നത്.

ദരിദ്രൻ എന്നാണ് ഹിന്ദി-ഉര്‍ദു ഭാഷകളിൽ ‘ഗരീബ് ‘ എന്ന വാക്ക് പൊതുവെ അര്‍ത്ഥമാക്കുന്നത്. ‘ഗരീബ് നവാസ്’ എന്നതിന് പാവങ്ങളെ സഹായിക്കുന്നവന്‍ എന്ന് തര്‍ജ്ജമ ചെയ്യാം. എന്നാൽ ഈ തര്‍ജ്ജമ ഉര്‍ദു സാഹിത്യത്തിലും അറബിയിലും പേര്‍ഷ്യനിലും പദം ഉൾകൊള്ളിക്കുന്ന അര്‍ത്ഥ വൈവിധ്യങ്ങളെ നഷ്ടപ്പെടുത്തുന്നുണ്ട്. പേര്‍ഷ്യന്‍ ഭാഷയില്‍ ‘ഗരീബ്’ എന്നതിന് അസാധാരണക്കാരന്‍, വിദേശി, അപരിചിതന്‍, പാവപ്പെട്ടവന്‍, ആവശ്യക്കാരന്‍, മാന്യന്‍ ബഹുമാന്യന്‍ എന്നൊക്കെയാണ് അര്‍ത്ഥം. അറബി ഭാഷയില്‍ ഗ-റ-ബ എന്ന മൂലവാക്കിന് പുറത്ത് പോകുക, വിദേശിയാവുക, ഊരുക, പോകുക, അപരിചിതനാവുക, പാശ്ചാത്യനാവുക, വീട് വിട്ട് പോവുക , ഉറക്കെ ശബ്ദം ഉണ്ടാക്കുക, പിരിഞ്ഞ് പോവുക എന്നൊക്കെയാണ് അര്‍ത്ഥം നല്‍കുന്നത്.

‘ഗരീബ് നവാസ്’ എന്നത് ദരിദ്രരോട് ദയ കാണിക്കുക എന്ന് മാത്രമല്ല അര്‍ത്ഥമാക്കുന്നത്, മറിച്ച് അപരിചിതരെ സ്വീകരിക്കുക, ആഥിതേയത്വം നല്‍കുക എന്നും അര്‍ത്ഥമുണ്ട്. ഗരീബ് നവാസിയെക്കുറിച്ചുള്ള ആലോചന ദാരിദ്ര്യത്തെക്കുറിച്ചുള്ള ചിന്തയിലേക്കാണ് എന്നെ എത്തിച്ചത്. എന്ത് കൊണ്ടാണ് ‘ഗരീബ്’ എന്ന പദം ഒരേ സമയം അപരിചിതത്വവും ദാരിദ്ര്യവും കുറിക്കുന്നത്? അപരിചിതനാവുക എന്നത് ദാരിദ്ര്യത്തെക്കുറിച്ച് ആലോചിക്കാനുള്ള സാധ്യതയായിട്ടാണോ അറബിയിലും പേര്‍ഷ്യനിലും ഉര്‍ദുവിലും കണക്കാക്കുന്നത്. ഒരു പക്ഷെ ഈ സാമൂഹ്യ ബന്ധങ്ങളിൽ നിന്നും വിദൂരത്താവുക എന്നത് ദാരിദ്രത്തിന്‍റെയും കുറവുകളുടെയും പ്രതീകമായിട്ടാവും ഈ ഭാഷകള്‍ സൂചിപ്പിക്കുന്നത്. ഫിറോസ് ഷാഹ് കോട്ലയിലും മറ്റുള്ള ദര്‍ഗകളുടെയും പശ്ചാത്തലത്തിൽ ‘ഗരീബ്’ എന്ന പദത്തെക്കുറിച്ചുള്ള ആലോചന ആ പദം തുറന്ന് തരുന്ന വ്യത്യസ്ത സാധ്യതകളിലേക്ക് എത്താൻ സഹായകമാവും. ഒരുപക്ഷെ ഗരീബ് ആവുക എന്നാൽ ഭ്രാന്തനാവുക, സമൂഹത്തിൽ നിന്നും പുറത്തക്കപ്പെടുക, കുടുംബങ്ങളിൽ നിന്നും കൂട്ടുകാർക്കിടയിൽ നിന്നും ഉപേക്ഷിക്കപ്പെടുക, അശുദ്ധനാവുക, കടം തിരിച്ചടക്കാൻ പറ്റാതിരിക്കുക, ഇങ്ങനെ പല തരത്തിൽ സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങളോട് ചേർന്ന് പോകാനാവാതിരിക്കുക എന്നെല്ലാവമായിരിക്കാം അർത്ഥം.

തന്റെ ജീവിതത്തിൽ ഫിറോസ് ഷാഹ് കോട്ലക്കുള്ള പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന അവസരത്തില്‍ മനോഹര്‍ ലാല്‍ ഒരിക്കൽ എന്നോട് പറഞ്ഞു “ഞാന്‍ ഏതൊക്കെ അവസ്ഥയില്‍ എത്ര കളങ്കപ്പെട്ടും, വൃത്തിഹീനവുമായിട്ടുമാണോ ഇവിടെ എത്തിയത് എങ്കിലും എല്ലായ്‌പോഴും അദ്ദേഹം എന്നെ സ്വീകരിച്ചിട്ടുണ്ട്”‘. ദര്‍ഗയിലെ വാതിലുകളും ഈ പരിസരവും എല്ലാ അപരിചിതര്‍ക്കും തുറക്കപ്പെട്ടതാണ്. ഇവിടെ അപരിചിത(ൻ)ത്വം അവഗണിക്കപ്പെടുകയല്ല, മറിച്ച് ഒരുപാട് സാധ്യതകളിലേക്ക് വഴി തുറക്കുകയാണ് ചെയ്യുന്നത്. കുടുംബത്തില്‍ നിന്നും സമുദായത്തിൽ നിന്നും അകറ്റപ്പെടുക എന്നത് ഇവിടെ പുതിയ ഒരു ജീവിതത്തെ രൂപപ്പെടുത്തുന്നതിന്റെ, പുതിയ ബന്ധങ്ങൾ വളരുന്നതിന്റെ തുടക്കമായി മാറുകയാണ് ചെയ്യുന്നത്. അതിലൂടെ ദര്‍ഗ പുതിയ ഒരു ധാർമ്മിക ജീവിതത്തെ രൂപപ്പെടുത്തുന്ന ഇടം കൂടി ആയി മാറുകയാണ് ചെയ്യുന്നത്.


തുടർന്ന് വായിക്കുക : സൂഫികൾക്ക് ചുറ്റും പാർക്കുന്ന പേരില്ലാത്ത മനുഷ്യർ

വിവർത്തനം: Jurais Poothanari

ഡൽഹിയിലെ ഫിറോസ് ഷാഹ് കോട്ലയിലെ സൂഫീ ദർഗയുടെ പശ്ചാത്തലത്തിൽ ആനന്ദ് വിവേക് താനേജ നടത്തിയ പഠനത്തിലെ (Jinnealogy Time, Islam, and Ecological Thought in the Medieval Ruins of Delhi) ഗരീബ് നവാസിയെക്കുറിച്ചുള്ള ഭാഗം

Featured Image : Mohammad Shakeb
Location : Delhi

Comments are closed.