യൂറോ കേന്ദ്രീകൃത ചിന്തകൾ ഒരിക്കലും രാഷ്ട്രീയ മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല. സംസ്കാരം, കല, സാഹിത്യം തുടങ്ങി മനുഷ്യ ചിന്ത വ്യാപാരിക്കുന്നിടത്തെല്ലാം കേന്ദ്രീകൃത രൂപകങ്ങളുടെ സ്വാധീനം ഉൾക്കൊണ്ടാണ് പഠനങ്ങൾ നടന്നിരുന്നത്. കേന്ദ്രീകൃത ചിന്തയിൽ ആധുനിക ശാസ്ത്രത്തിന്റെ നിയന്താതാക്കളായും അവകാശികളായും വാഴുന്നത് യൂറോപ്പാണ്. നോൺ-യുറോപ്യൻ നാഗരികതകൾ ശാസ്ത്രത്തിന് പ്രദാനം ചെയ്ത ക്രിയാത്മകമായ തുടക്കങ്ങൾ നിരാകരിക്കപ്പെടേണ്ടതും അരികുവത്കരിക്കപ്പെടേണ്ടതുമാണെന്ന ചിന്തയും കൂടിയാണ് യൂറോപ്പിനെ ഭരിക്കുന്നത്. ആധുനിക ശാസ്ത്രം പൗരസ്ത്യ ദർശനത്തിൽ നിന്നും ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ശാസ്ത്ര വികാസത്തെക്കുറിച്ച് ചരിത്ര വസ്തുതകൾ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു വായന അപൂർണമായിരിക്കും.ഡീകോളോണിയൽ പഠനങ്ങളുടെ കാലത്ത് പുതിയ പഠനങ്ങൾ പലതും ആധുനിക ശാസ്ത്രത്തിന്  പിൻബലമായി വർത്തിക്കുകയും സ്വാധീനിക്കുകയും ചെയ്ത നോൺ-യൂറോപ്യൻ ചിന്തയെയും ശാസ്ത്ര രീതകളെയും അവയുടെ ആധുനിക പ്രാധാന്യത്തെയും വെളിച്ചത്തുകൊണ്ടുവരാനുള്ള ഉദ്യമങ്ങൾ കൂടിയായിരുന്നു. അയ്ദിൻ സായിഹ്, ഫുആദ് സെസ്‌ഗിൻ എന്നീ രണ്ട്  തുർക്കിഷ് ശാസ്ത്രജ്ഞർ ശാസ്ത്രത്തിന്റെ ചരിത്രത്തിലെ നോൺ യുറോപ്യൻ ചേരുവകളോടുള്ള സമീപനത്തിന് പുതിയ ഉൾക്കാഴ്ച്ചകൾ നൽകിയവരാണ് .ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നിസ്കാര സമയങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യം മുന്നിൽ കണ്ട് ആദ്യ ആകാശ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചത് മുസ്ലിം ശാസ്ത്രജ്ഞരാണെന്ന നിർണ്ണായകമായ കണ്ടുപിടിത്തം നടത്തിയവരാണ് ഹാർവാർഡ് സർവകലാശാലയിൽ നിന്നും ശാസ്ത്ര ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ അയ്ദിൻ സായിഹ്. ഈ സംരംഭത്തെ മുന്നോട്ട് കൊണ്ട് പോവുകയും പരിപോഷിപ്പിക്കുകയും തന്റെ ജീവിത സായാഹ്നം വരെ അറബ് മുസ്ലിം ശാസ്ത്ര ചരിത്രത്തിൽ വ്യവഹരിക്കുകയും ചെയ്ത ഫുആദ് സെസ്‌ഗിന് ആധുനിക മുസ്ലിം ഉദ്ഗ്രഥനത്തിന് വഴിമരുന്നാകുന്ന ഉദാത്തമായ സംഭാവനകളർപ്പിച്ചാണ് ഈയടുത്ത് വിടപറഞ്ഞത്.

കിഴക്കൻ തുർക്കിയിലാണ് സെസ്‌ഗിന്‍ തന്റെ പഠനകാലം ചിലവിലിട്ടതെങ്കിലും ജർമൻ ഓറിയെന്റലിസ്റ്റുകളുടെ താഴ്‌വഴിയിലാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. ജർമൻ ഓറിയെന്റലിസ്റ്റായ ഫ്രാൻസ് വേപ്പ്‌കേ (Franz Woepcke ) പോലോത്തവരുടെ ഗവേഷണങ്ങളും ചിന്തകളും സെസ്‌ഗിനെ ഏറെ സ്വാധീനിച്ചിരുന്നു. പത്ത് വാള്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സെസ്‌ഗിന്റെ ജർമൻ ഭാഷയിൽ അറബ് ഇസ്ലാമിക പഠനങ്ങളെക്കുറിച്ചുള്ള ഗ്രന്ഥസൂചിക ഇത് അടയാളപ്പെടുത്തുന്നുണ്ട്. ഹിറ്റ്ലറുടെ തേർഡ് റിക്ക് കാലഘട്ടത്തിൽ തുർക്കിയിലെ ഇസ്താംബുൾ സർവകലാശാലയിലെ ജർമൻ പ്രഫസറായിരുന്ന ഹെൽമറ്റ് റൈറ്ററിന്റെ ( Helmutt Ritter ) പ്രഭാഷണങ്ങളാണ് ഇസ്താംബുളിലെ ഫാക്കൽറ്റി ഓഫ് എഞ്ചിനീറിങ്ങിൽ പ്രവേശനം നേടാൻ പരിശ്രമിച്ചിരുന്ന ഒരു വിദ്യാർത്ഥിയെ അറബ് ഇസ്‌ലാമിക സൈകതഭൂവിലേക്കു വഴിതിരിച്ചുവിട്ടത്. ഹെൽമെറ്റ് റൈറ്ററിന്റെ ഒരു പതിറ്റാണ്ടു നീണ്ട പഠനം അറബ് തുർക്കി പേർഷ്യൻ സ്രോതസ്സുകളിലേക്കുള്ള ഭാഷാപരമായ സമീപനങ്ങൾക്ക്  വഴിതെളിയിച്ചിരുന്നു. ഇസ്താംബുളിലെ ലൈബ്രറിയിലെ അതിവിപുലമായ അറബിക് ശേഖരങ്ങളിൽ ഗവേഷണം തുടർന്ന് കൊണ്ട് റൈറ്ററിന്റെ പ്രയത്നങ്ങളെ ഫലപ്രദമായി ഉപയുക്തമാക്കുകയായിരുന്നു സെസ്‌ഗിൻ. പിന്നീട് 1960ൽ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഇടത് കമാലിസ്റ്റ് ഭരണത്തിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്തിരുന്ന സെസ്‌കിൻ ജര്മനിയിലേക്ക് കുടിയേറിയ ശേഷം ഫ്രാക്ഫർട്ട് സർവകലാശാലയിൽ നിന്നാണ് ഗവേഷണ സാധ്യതകൾ തുറന്നുകിട്ടുന്നതും പഠനങ്ങൾ പുരോഗമിക്കുന്നതും.

ഇസ്താംബുൾ ലൈബ്രറിയിലെ ഈ പൈതൃകത്തിന് കാൾ ബ്രോക്മാൻ (Carl Brockelmann) തയ്യാറാക്കിയ കാലാനുസൃത വിവരണത്തെ തന്റെ പുതിയ കണ്ടത്തെലുകളുടെ വെളിച്ചത്തിൽ പരിഷ്കരിക്കണമെന്ന ഉദ്യമമാണ് സസ്‌കിനെ തന്റെ മാസ്റ്റർ പീസ് ആയ Geschichte des Arabischen Schrifttums യുടെ രചനയിലേക്കു നയിച്ചത്. ഏഴാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള അറബ് ഇസ്‌ലാമിക ശാസ്ത്ര സാങ്കേതിക ചരിത്രത്തെ വിശദമായി ആഖ്യാനിക്കുന്ന ഗ്രന്ഥം ഇന്ന് തദ്‌വിഷയത്തിൽ പണ്ഡിതരുടെ ആധാരശിലയായ  റഫറൻസ് ആയിട്ടാണ് കണക്കാക്കുന്നത്. ഇസ്‌ലാമിക സൗന്ദര്യ ശാസ്ത്രത്തിലും തഫ്സീർ പഠനങ്ങളിലുമാണ് സസ്‌ഗിൻ തുടക്കം കുറിച്ചെതെങ്കിലും പതിനേഴ് വാള്യങ്ങളായി ഖുർആൻ, ഹദീസ്, സൂഫിസം, ഇസ്‌ലാമിക വൈദ്യശാസ്ത്രം, കവിത, ചരിത്രം തുടങ്ങിയ പൊതു വിഷയങ്ങളിലും വൈദ്യശാസ്ത്രം, ഔഷധശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, ഗോളശാസ്ത്രം, കാലാവസ്ഥ പഠനങ്ങൾ തുടങ്ങിയ പ്രകൃതി ശാസ്ത്ര വിഷയങ്ങളെയും  ഗ്രന്ഥം പരിചയപ്പെടുത്തുന്നുണ്ട്.  കാൾ ബ്രോക്മാന്റെ കണ്ടെത്തലുകളെ അടുക്കിവെക്കുകയും തിരുത്തുകയും അനേകം പുതിയ കണ്ടത്തെലുകൾ എഴുതിച്ചേർക്കുക കൂടിയാണ് സെസ്‌ഗിൻ ചെയ്തത്. മുഖ്യമായും അമേരിക്ക യൂറോപ്പ് പശ്ചിമേഷ്യൻ ലൈബ്രറികളിൽ സൂക്ഷിച്ചിരുന്ന അറബിക് കൈയെഴുത്ത് പ്രതികളുടെ അനന്യശേഖരങ്ങളാണ് സെസ്‌ഗിന്റെ സംഭാവനകളുടെ പ്രധാന സ്രോതസ്സ്. കൊട്ടേഷനുകളിലൂടെയോ ഗ്രന്ഥസൂചികളിലൂടെയോ മാത്രം പരിചയിച്ചിരുന്ന ഗ്രന്ഥങ്ങളും സസ്‌കിന്റെ പഠനപരിധിയിൽ  വന്നിരുന്നു. ചുരുക്കത്തിൽ, അറബ് ഇസ്ലാമിക സാഹിത്യത്തിൻറെ പാരമ്പര്യത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് പ്രവിശാലമായ ഒരു തലമാണ് ഈ കണ്ടെത്തലുകൾ പ്രദാനം ചെയ്തത്.

വ്യത്യസ്ത വൈജ്ഞാനിക സാഹിതീയ ശാഖകളെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം മാത്രം രേഖപ്പെടുത്തിയിരുന്ന കാൾ ബ്രോക്മാനിൽ നിന്നും വ്യത്യസ്തനായി ഓരോ ഭാഗത്തിന്റെയും തുടക്കത്തിൽ പ്രസ്തുത വിജ്ഞാന ശാഖയെ സമീപിച്ച രീതിശാസ്ത്രത്തെ കുറിച്ച്  വ്യക്തമായ നിരീക്ഷണം നൽകാൻ സെസ്‌ഗിൻ മെനക്കെട്ടിട്ടുണ്ട്. അപ്രകാരം തന്നെ, പകർത്തിയെഴുതിയവയുടെ പേരുകൾ തിയ്യതി ഉദ്ധരണികൾ തുടങ്ങിയവയുടെ സാങ്കേതിക കൃത്യതയിൽ കാൾ ബ്രോക്മാനിൽ നിന്നും ഏറെ മുന്നോട്ട് പോകാൻ ഈ ഗ്രന്ഥത്തിന് സാധിച്ചിട്ടുണ്ട്. യഥാർത്ഥ കൈയെഴുത്തു പ്രതികളെ പരിശോധിച്ചായിരുന്നു മിക്കപ്പോഴും സെസ്‌ഗിൻ തന്റെ ഉദ്ധരണികൾ രേഖപ്പെടുത്തിയത്. എന്നാൽ ഈ ഒരു പ്രയത്നം ഒരിക്കലും തന്നെ പൂർണമായിരുന്നില്ല. താൻ ഉദ്ധരിച്ച കൈയെഴുത്തു പ്രതികളെക്കുറിച്ചുള്ള വിഷദാംശങ്ങൾ തന്നെ സൂചിപ്പിക്കുന്നത് ലഭ്യമായ അനുക്രമണികകൾ മൊത്തമായും വിശ്വാസയോഗ്യമായ വിവരങ്ങൾ ആവണമെന്നില്ലന്നാണ്. ഇതുവരെ കണ്ടത്തൽ അസാധ്യമായി തുടരുന്നവയും വരും കാലത്തു നിലനിൽക്കുമോ എന്ന് വ്യക്തമായി പറയാനാകാത്തതും ഇതിൽപെടും. പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ തിരിച്ചറിയപ്പെടാത്തകൈയെഴുത്തു പ്രതികളുടെ സാന്നിധ്യവും തള്ളിക്കളയാനാവില്ല. എന്നാൽ കൈയ്യെഴുത്ത്  ശേഖരണാർത്ഥം യൂറോപ്പിലെയും നിയർ ഈസ്റ്റിലെയും ലൈബ്രറികളിലേക്ക് താൻ  നടത്തിയ ദീർഘ യാത്രകൾക്കിടയിലും പ്രസിദ്ധീകരിക്കപ്പെട്ട കാറ്റലോഗുകൾ അന്യമായിരുന്ന പല പൗരാണിക ലൈബ്രറികളിലെ ഹാൻഡ്‌ ലിസ്റ്റുകളിലൂടെ പരതുമ്പോഴും അദ്ദേഹം കാണിച്ച ദൃഢനിശ്ചയവും പ്രതിബദ്ധതയും ഏറെ സ്മരിക്കേണ്ടതാണ്. പ്രതിപാദ്യ വിഷയങ്ങൾ പോലും ക്രമമായി സ്വരുക്കൂട്ടിയിട്ടില്ലാത്ത നൂറുകണക്കിന് അത്തരം  കാറ്റലോഗുകളിൽ ആണ് സെസ്‌ഗിൻ ഗവേഷണം നടത്തിയതും നാല് ലക്ഷത്തോളം കയ്യെഴുത്തു പ്രതികൾ ഒരുമിച്ചുകൂട്ടിയതും.

ഇസ്‌ലാമിക ലോകത്തിന് താനർപ്പിച്ച സംഭാവനകൾക്ക്  1978 ലാണ് അറബ് ലോകത്തെ ഉന്നത ബഹുമതിയായ ഇസ്‌ലാമിക ശാസ്ത്രത്തിനുള്ള കിംഗ് ഫൈസൽ അവാർഡ് അദ്ദേഹത്തെ തേടിയെത്തുന്നത്. മുസ്ലിം രാഷ്ട്ര നേതാക്കന്മാരും വ്യവസായികളും തിങ്ങി നിറഞ്ഞ ആ സദസ്സായിരുന്നു സെസ്‌ഗിന്റെ പുതിയ സംരംഭങ്ങൾക്ക് ഊർജ്ജം പകർന്നത്. മുസ്ലിം വൈജ്ഞാനിക പൈതൃകത്തിന്റെ ഗതകാല ഗരിമ വിളിച്ചോതുന്ന ഫ്രാങ്ക്ഫർട്ട് സർവകലാശാലയിലെ മ്യൂസിയവും അറബ് ഇസ്‌ലാമിക ശാസ്ത്രത്തെക്കുറിച്ചുള്ള പുതിയ ഗവേഷണങ്ങൾക്ക് ചുക്കാൻ പിടിച്ച അറബ് ഇസ്ലാമിക് ശാസ്ത്ര ഇന്സ്ടിട്യൂട്ടും സെസ്‌ഗിന്റെ അറബ് ബന്ധങ്ങളുടെ ഫലമായി പിറന്നവയാണ്. ബഗ്ദാദിലും അന്തലൂസിയയിലും പശ്ചിമ യൂറോപ്പിലും മധ്യ ഇസ്‌ലാമിക കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പരിഷ്‌കൃതവും സങ്കീർണവുമായ അനേകം ശാസ്ത്ര ഉപകരണങ്ങളുടെ വാർപ്പ് മാതൃകകളുടെയും ജീവിതത്തിലുടനീളം താൻ കണ്ടെടുത്ത കയ്യെഴുത് പ്രതികളുടെയും ശേഖരമാണ് ഈ ഇന്സ്റിറ്റ്യൂട് .ശാസ്ത്ര ഉപകരണങ്ങളുടെ പ്രയാസകരമായ വിവരങ്ങളെ സാധാരണക്കാരിലേക്ക് എളുപ്പത്തിൽ സന്നിവേശിപ്പിക്കാനുള്ള ദൃഢനിശ്ചയമാണ് സെസ്‌ഗിനെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.

ഇസ്ലാമിക് ലിഖിത പണ്ഡിത പാരമ്പര്യത്തിന്റെ ആധികാരികത, തുടർച്ച, കാലഘട്ടം തുടങ്ങിയവയെക്കുറിച്ച് പുതിയ വിചാരപ്പെടലുകൾ രൂപപ്പെടുത്തിയെടുക്കുക കൂടി ചെയ്യുന്നുണ്ട് സെസ്‌ഗിൻ. ഇസ്ലാമിക പാരമ്പര്യത്തെയും ആധികാരികതയും സ്പഷ്ടമായി നിർണ്ണയിക്കാൻ ഇസ്‌ലാമിക പാരമ്പര്യത്തെക്കുറിച്ച് വെച്ചുപുലർത്തുന്ന ചിന്തകൾ, പ്രത്യേകിച്ചും, രണ്ടാം  നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലും മാത്രമാണ് ഇസ്‌നാദുകൾ (പ്രവാചക വാക്കുകളുടെ കൈമാറ്റ രേഖ)നിലവിൽ വന്നതും ഹദീസ് നിവേദകരുടെ പേരുകൾ കണ്ടെത്തിയതെന്നുമുള്ള ഓറിയന്റലിസ്റ്  ചിന്തകൾ തിരുത്തപ്പെടേണ്ടതാണ് എന്ന അഭിപ്രായമായിരുന്നു സെസ്‌ഗിന്. ഹദീസ് വിജ്ഞാന ശാഖയിലെ സെസ്‌ഗിന്റെ ഇടപെടലുകളെ ഈ ഒരു തലത്തിൽ നിന്നാണ് വായിച്ചെടുക്കേണ്ടത്. ഡേവിഡ് എ കിംഗ് അഭിപ്രായപ്പെടുന്നതനുസരിച് അറബ് ഇസ്ലാമിക ശാസ്ത്ര ചരിത്ര പഠനങ്ങളെക്കാൾ സെസ്‌ഗിന്റെ ഗവേഷണപ്രതിഭാത്വം തെളിഞ്ഞുനിൽക്കുന്നത് ഹദീസ് വിജ്ഞാന ശാഖയിലാണെത്രെ. ആദ്യ കാല ഹദീസ് സാഹിത്യത്തോട് പാശ്ചാത്യ പണ്ഡിതരുടെ സമീപനങ്ങളെയും അനുമാനങ്ങളെയും കണ്ണടച്ച് പിന്തുടരാതെ അവരെ വിമർശന വിധേയമാക്കുകയും ഹദീസ്  കൈമാറ്റങ്ങളുടെയും ശേഖരങ്ങളുടെയും ചരിത്രപരതയെ കുറിച്ച മുഖ്യധാരാ മുസ്ലിം പണ്ഡിതരുടെ വീക്ഷണങ്ങളോട് താദാത്മ്യം പുലർത്തുകയാണ് സസ്‌ഗിൻ ചെയ്തത്.

പാശ്ചാത്യ പണ്ഡിതർക്ക്കിടയിൽ നിന്നും മുസ്ലിം ഹദീസ് സാഹിത്യത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തു കൊണ്ടുള്ള കാതലായ ഒരു വിമർശനം ഉന്നയിക്കുന്നത് അലോയ്‌സ് സ്പ്രെങ്ങേർ ആണ്. ഒരു ചരിത രേഖ എന്ന നിലയിൽ ഹദീസിന്റെ വിശ്വാസതയെ സംശയത്തോടെ വീക്ഷിച്ച അലോയ്‌സ് സ്പ്രെങ്ങേറിന്റെ നിലപാടിനെ പിന്നീട് വില്യം മുയർനെ പോലെയുള്ളവർ പലരും ഏറ്റുപിടിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ അറിയപ്പെടട്ടെ ഹദീസ് വിമർശകനായ  ഇഗ്നസ്‌ ഗോൾഡ്‌സിർലൂടെയാണ് ഹദീസ് സാഹിത്യത്തോടുള്ള ഈ പാശ്ചാത്യൻ സമീപനം ശക്തി  കൈവരിച്ചത്. മുസ്ലിം ഉന്നമനം അടിസ്ഥാനമാക്കിയിട്ടുള്ള വിശ്വാസയോഗ്യമായ രേഖകളായി കാണുന്നതിന് പകരം പിന്നീടു വന്ന മുസ്ലിം തലമുറകൾക്കിടയിലെ വിശ്വാസങ്ങളുടെയും സംഘട്ടനങ്ങളുടെയും പ്രതിസന്ധികളുടെയും കാതലായ സ്രോതസ്സായാണ് ഗോൾഡ്‌സിർ ഹദീസ് സാഹിത്യത്തെ നോക്കിക്കാണുന്നത്. തദ്‌വിഷയത്തിൽ നിലപാടുകളെ പരിഷ്കരിക്കുകയും പിന്നീടുവന്ന പാശ്ചാത്യ പണ്ഡിതരെ ആഴത്തിൽ സ്വാധീനിച്ച കോമൺ ലിങ്ക് തിയറി (common link theory) വിഭാവനം ചെയ്തതും ജോസഫ് സ്കാറ്റാണ് . ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലേക്ക് പ്രത്യേകിച്ചും, പ്രവാചകനിലേക്കു സന്ധിക്കുന്ന ഹദീസുകൾ തുലോം കുറവാണെന്ന സ്‌കാറ്റ്ന്റെ വാദങ്ങളെ ശക്തമായി ആക്രമിച്ച അസ്‌മിയെ (Azmi) പ്പോലെ പ്രവാചകാനുചരന്മാർ ഉപയോഗിച്ചിരുന്ന സഹിഫകൾ (എഴുതുന്ന ഫലകം ) പിൻകാല സമൂഹത്തിന്റെ ഭാവനയിൽ വിറിഞ്ഞതാകാമെന്ന  ഗോൾഡ്‌സിർന്റെ ഹദീസ് ചരിത്ര അവലോകനങ്ങളെ നിരാകരിച്ചുകൊണ്ടാണ് സെസ്‌കിൻ തന്റെ വാദഗതികളെ പടുത്തുയർത്തിയത്.

എഴുത്തുദ്ധരണികൾ ഇസ്‌ലാമിനന്യമായിരുന്നെന്നും പാശ്ചാത്യ യൂറോപ്യൻ ശാസ്ത്രജ്ഞരുടെ പൊതുസ്വത്താണെന്നുമുള്ള ഓറിയെന്റലിസ്റ് മുൻവിധികളെ വിഖ്യാത ഹദീസ് ഗ്രന്ഥമായ ബുഖാരിയുടെ എഴുത്തുദ്ദരണികളെക്കുറിച്ചുള്ള തന്റെ ടർക്കിഷ് തിസീസിൽ സസ്കിൻ വ്യക്തമായി ഖണ്ഡിക്കുന്നുണ്ട്. ഏഴാം നൂറ്റാണ്ടിലേക്ക് ചെന്നെത്തുന്ന ബുഖാരിയുടെ എഴുത്തുദ്ധരണികളെ തുറന്നുകാട്ടുകയാണ് സസ്കിൻ. എന്നാൽ ഒന്നാം നൂറ്റാണ്ടിലെ ഹദീസ് കൈമാറ്റം മിക്കവാറും വാചികമായിരുന്നെന്ന മിക്ക മുസ്ലിം പണ്ഡിതരുടേയും അഭിപ്രായത്തിനു വിരുദ്ധമായി ആദ്യകാലങ്ങളിൽ തന്നെ എഴുത്തു രീതിയിൽകൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെന്ന നിരീക്ഷണമാണ് സസ്കിന് നടത്തിയത്. തന്റെ വാദങ്ങളെ നീതീകരിക്കാൻ ഇബ്നു സഅദിന്റെ തബകാത്ത് ബുഖാരിയുടെ താരിഖ് ഇമാം അഹമ്മദിന്റെ ഇലാൽ ഇബ്ൻ അബി ഹാതിമിന്റെ തഖ്‌ധീമ തുടങ്ങിയ മുൻകാല മുസ്ലിം രേഖകളിൽ നിന്നും ഉദ്ധരണികൾ നിരത്തുന്നുണ്ട് അദ്ദേഹം. സമാനമായ രീതിശാസ്ത്രം ഗ്രീക്ക് രേഖകൾ ഉപയുക്തമാക്കിയിരുന്ന ആദ്യകാല എഴുത്തുകാർക്കിടയിലെ അറബ് ഇസ്‌ലാമിക ശാസ്ത്ര വളർച്ചയെക്കുറിച്ചുള്ള തന്റെ ഗഹനമായ പഠനങ്ങളിൽ സസ്കിന് ഉപയോഗിച്ചതായി കാണാം. സസ്കിൻ  ഏറെ പ്രാധാന്യം കല്പിച്ചിരുന്ന അറബ് ആൽക്കമി രസതന്ത്രത്തെകുറിച്ചുള്ള ഗവേഷണങ്ങളെല്ലാം ഏഴാം നൂറ്റാണ്ടിൽ സിറിയ ഇറാക്ക് നഗരങ്ങളിൽ ജീവിച്ചിരുന്ന ബഹുഭാഷാ പണ്ഡിതർക്ക് ലഭ്യമായിരുന്ന ഗ്രീക്ക് രേഖകളുടെ ആധികാരിക കൈമാറ്റത്തെ അധികാരിച്ചായിരുന്നു മുന്നോട്ട് കൊണ്ടുപോയത്. ഹിജ്‌റ എട്ടാം  നൂറ്റാണ്ടിലെ അറബ് വത്കരണത്തോട് കൂടി അറബിയിലേക്ക് മൊഴിമാറ്റവും ചെയ്യപ്പെട്ടവയായിരുന്നു അവ.

ജീവിതത്തിലുടനീളം സെസ്‌ഗിന്റെ പഠനങ്ങൾ രണ്ട് ചിന്തകളിലാണ് തങ്ങിനിന്നത്. ഗ്രീക്ക് ശാസ്ത്രത്തിന്റെ ചുവടുപിടിച്ച് അറബ് ബുദ്ധിജീവികൾ കെട്ടിപ്പടുത്ത ശാസ്ത്ര പൈതൃകം യൂറോപ്യൻ നവോത്ഥാനത്തിന് രാസത്വരകമായി വർത്തിച്ചതെങ്ങനെ എന്ന ചോദ്യമായിരുന്നു ഒന്നാമത്തെത്. യൂറോപ്യൻ ജനതയുടെയും ഇസ്‌ലാമിന്റെയും ശാസ്ത്രചിന്തകളിലെ സമാനതകൾ അടയാളപ്പെടുത്തുകയായിരുന്നു മറ്റൊന്ന്. സാംസ്കാരിക സാമൂഹിക രാഷ്രിയ മണ്ഡലങ്ങളിൽ പക്വമായ നിലപാടുകൾകൊണ്ട് ശ്രദ്ധേയനായ സെസ്‌ഗിന്റെ വീക്ഷണങ്ങളെ ആഴത്തിൽ സ്പർശിച്ച ചിന്തകളായിരുന്നു ഇവ രണ്ടും. ഒരു കാലത്ത് അറിവുൽപാദിപ്പിക്കുകയും, പ്രസരിപ്പിക്കുകയും മറ്റുള്ളവരെ അതിന്  പ്രേരിപ്പിക്കുകകൂടി ചെയ്തിരുന്ന ഇസ്ലാമിന്റെ നഷ്ട പ്രതാപത്തെ കുറിച്ച വാചാലനാകുമ്പോഴും അദ്ദേഹം അറബ് ലോകത്തെ ക്ഷുദ്രതയിലേക്കു നയിച്ച ചരിത്ര -സമകാലിക  സംഭവങ്ങളെക്കുറിച്ച് ബോധവനായിരുന്നു. യൂറോ കേന്ദ്രീകൃത ചരിത്രത്തിന്റെ കുറ്റം പേറുന്നത് യൂറോപ്പ്യർ മാത്രമല്ല, സ്വന്തം മൂല്യവിചാരങ്ങളെയും വിജ്ഞാനത്വരതയെയും കയ്യൊഴിഞ്ഞ് കൊട്ടാരങ്ങളിലേക്കും തെരുവുകളിലേക്കും പിൻവലിഞ്ഞ മുസ്ലിം സമൂഹമാണ് ഏറെ പഴി കേൾക്കേണ്ടത് എന്ന അദ്ദേഹം മനസ്സിലാക്കി. അപ്പോഴും ആധുനികലോകത്തിന്റെ നെറുകെയിലേക്കു യൂറോപ്പിനെ ഉയർത്തിയ ശാസ്ത്രപുരോഗതികളുടെ പേറ്റന്റ് തേടി നടക്കേണ്ടവരല്ല മുസ്ലിംകളെന്ന ശക്തമായ നിലപാടായിരുന്നു അദ്ദേഹത്തിന്. ഉസ്മാനിയ ഖിലാഫത്തിന്റെ അപചയ കാരണങ്ങളെ അന്വേഷിക്കേണ്ടത് മുസ്ലിം നാഗരികതക്ക് പുറത്തുള്ള ഭീഷണികളിലല്ലായെന്ന സ്വയം വിമർശനമുന്നയിക്കാനും  അദ്ദേഹം ഒട്ടും മടികാണിച്ചിരുന്നില്ല.

യുറോപ്യരും  ഇസ്ലാമും സംവദിച്ചത് ഒരൊറ്റ ഭാഷയിലാണെന്ന അദ്ദേഹത്തിന്റെ അവലോകനം  സാമുവൽ ഹണ്ടിങ്ങ്ടണിന്റെ നാഗരികതാ യുദ്ധങ്ങളോടുള്ള വ്യക്തമായ നീരാസമായിരുന്നു. ഫ്രാങ്ക്ഫർട്ട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം യുറോപുമായുള്ള സഹകരണത്തെ ഏറെ പ്രാധാന്യത്തോടുകൂടിയാണ് കണ്ടത്. മറ്റു യാഥാസ്ഥിക ഓറിയെന്റലിസ്റ്റുകളിൽ നിന്നും സെസ്‌ഗിനെ വ്യതിരിക്തനാക്കുന്നത് തന്റെ ജീവിതത്തിൽ അദ്ദേഹം ആവാഹിച്ച ഇസ്‌ലാമിക സംസ്കാരവും ജീവിതാന്ത്യം വരെ നിലപാടുകളോട് നീതിപുലർത്താനുള്ള ദൃഢനിശ്ചയവുമാണ്. ഇന്നും അറബ് ശാസ്ത്രത്തെക്കുറിച്ചുള്ള പൂർണ്ണമായ ആവിഷ്കാരം മുസ്ലിം ലോകത്തിന് സാധിച്ചിട്ടില്ലെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം ഭാവിസമൂഹത്തിന്റെ പ്രയത്നങ്ങളിലാണ് പ്രത്യാശ അർപ്പിച്ചത്. മുസ്ലിം ലോകത്തിന് അദ്ദേഹം ബാക്കിവെച്ച ഈടുവെപ്പുകൾ ആ കഥ തുറന്നു പറയും. അപൂർണ്ണനായി സെസ്‌ഗിൻ മടങ്ങുമ്പോഴും ഫ്രാൻസ് റോസെന്താൾ പറഞ്ഞ പോലെ ആശ്വസിക്കാൻ വകയുണ്ട്. കണ്ടത്തലുകളുടെ കാലം അവർക്കിനിയും അവസാനിച്ചിട്ടില്ലെന്ന്.

Comments are closed.