United Nations Alliance of Civilizations (UNAOC) ഹംദർദ് ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ മഅ്ദിൻ അക്കാദമി 2018 ഡിസംബർ നാൾ മുതൽ ആർ വരെ കോഴിക്കോട് വെച്ച് സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്‌ട്ര ഇബ്നു ബത്തൂത്ത കോൺഫറൻസ് മലബാറിനെക്കുറിച്ച് നടക്കുന്ന അക്കാദമിക പഠനങ്ങളിലെ പുതിയ വഴിത്തിരുവുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട പ്രധാന പഠനങ്ങളുടെ അബ്സ്ട്രാക്ട് മലബാറിനെക്കുറിച്ച് പഠനം നടത്തുന്നവർക്ക് ഉപകാരമാകും എന്ന പ്രതീക്ഷയിൽ പുനർ പ്രസിദ്ധീകരിക്കുന്നു

മൺസൂൺ ഇസ്‌ലാം
Dr. Sebastian Prange

മധ്യകാല ഇന്ത്യൻ സമുദ്രത്തിന്റെ വ്യാപാര ലോകത്തുടനീളമുള്ള ഇസ്‌ലാമിക ചരിത്രത്തിന്റെ വിശാലമായ സഞ്ചാര പഥത്തിന്റെ ഭാഗമാണ് മലബാർ തീരത്തെ ഇസ്‌ലാമിന്റെ വികാസമെന്നാണ് ഞാന്‍ ഇവിടെ വാദിക്കുന്നത്. 12-16 നൂറ്റാണ്ടുകൾക്കിടയിൽ മുസ്‌ലിം വ്യാപാര സമുദായങ്ങൾക്കിടയിൽ ഒരു പ്രത്യേക ഇസ്‌ലാമിക ചിന്താരൂപവും പ്രവര്‍ത്തനവും ആവിർഭവിക്കുകയുണ്ടായി. സുൽത്താൻമാരിലൂടെയും പണ്ഡിതരിലൂടെയുമല്ല, മറിച്ച് വ്യാപാരികളിലൂടെയും ചുറ്റി സഞ്ചരിക്കുന്ന യോഗികളിലൂടെയും ആണ് ഈ മൺസൂൺ ഇസ്‌ലാം രൂപം കൊള്ളുന്നത്. യുദ്ധങ്ങൾ ഇല്ലാതെ വ്യാപാര അനിവാര്യതയുടെ ഫലമായി ശക്തിപ്പെടുകയും അമുസ്‌ലിം സമൂഹത്തിനിടയില്‍ ഇടപഴകി ജീവിക്കുന്ന മുസ്‌ലിം വ്യാപാരികളെന്ന യാഥാർത്ഥ്യത്തെ ഉള്‍കൊണ്ടുമാണത് ഉണ്ടായത്.

വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള, അനേകം കാതങ്ങൾ അകലെയുള്ള വ്യാപാരികളെ ആകർഷിപ്പിച്ച “കുരുമുളകിന്റെ നാട്” എന്നു വിളിക്കപ്പെട്ട മലബാർ തീരത്തിലാണ് ഈ സംസാരം കേന്ദ്രീകരിക്കുന്നത്. പ്രാദേശിക നാടുവാഴികളുമായും സമുദായങ്ങളുമായും വില പേശുന്നതിലും പ്രത്യേക സാമർത്ഥ്യം മുസ്‌ലിംകള്‍ തെളിയിക്കുക വഴി ഭീമമായ ലാഭമുണ്ടാക്കുന്ന സുഗന്ധ വ്യജ്ഞന വ്യാപാരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചു. ഇത്തരമൊരു സാഹചര്യത്തിലും കൈമാറ്റങ്ങളുടെ ഭാഗമായുമാണ് മൺസൂൺ ഇസ്‌ലാം ഉരുവം കൊള്ളുന്നത്. പ്രാദേശികതയും വൈദേശികതയും തമ്മിലുള്ള സംഘർഷങളാണ് അതിന്റെ കാതൽ. അഥവാ വിപുലമായ വ്യാപാര ശൃംഖലയും ഇസ്‌ലാമിക കോസ്മോപോളിസും ഒരു വശത്തും സവിശേഷമായ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ സാഹചര്യങ്ങളുള്ള ഒരു പ്രത്യേക പ്രദേശത്തോട് സംവദിക്കേണ്ടതിന്റെ ആവശ്യകത മറുവശത്തും. ഹിന്ദുക്കൾ പ്രബലരായ സമൂഹത്തിൽ ജീവിക്കുന്ന മുസ്‍ലിമീങ്ങളുടെ സാമൂഹിക സങ്കീർണ്ണതകളെക്കൂടി പൊതുവായ തെളിവുകളോടെ സമഗ്രമായ പഠന വിധേയമാക്കപ്പെടേണ്ടതുണ്ട്.

പരസ്പര വ്യാപാര ബന്ധങ്ങള്‍ കൊണ്ടു മാത്രമല്ല, വിപുലമായി ചിതറികിടക്കുന്ന വാസ സ്ഥലങ്ങളിലെ ആവശ്യങ്ങളേയും പ്രശ്നങ്ങളേയും അഭിമുഖീകരിക്കുന്നതിന് ആവശ്യമായ മതപരവും രാഷ്ട്രീയവുമായ സ്ഥാപനങ്ങളിലേക്കുള്ള ആവശ്യകത കൊണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന മുസ്‌ലിം വ്യാപാര സമൂഹങ്ങളും സ്ഥാപനങ്ങളുമാണ് മൺസൂൺ ഏഷ്യയിൽ ഉടനീളമുള്ള ഇസ്‌ലാമിന്റെ സ്വഭാവത്തേയും പ്രത്യേക ഘടനകളേയും പലരീതിയില്‍ നിര്‍വ്വചിച്ചത്.

മലബാറിലെ ജനങ്ങളെക്കുറിച്ച് ദുവർത്തെ ബർബോസ
Prof. K. K. N. Kurup

ചരിത്രാതീത കാലം തൊട്ടേ അറബികളുടെയും പാശ്ചാത്യരുടെയും സഞ്ചാര സാഹിത്യത്തിൽ ഇന്ത്യൻ പശ്ചിമ തീരമായ മലബാർ പ്രതിനിധീകരിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും മലബാറിലെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ മാറ്റങ്ങൾ കൊണ്ടുവന്ന പോർച്ചുഗീസുകാരുടെ ആഗമനത്തോടെയാണ് ഇത്തരം സാഹിത്യങ്ങൾ അഭിവൃദ്ധിപ്പെട്ടത്. ദേശത്തിന്റെ രീതികളെയും ആചാരങ്ങളെയും ജനങ്ങളെയും ചരിത്രങ്ങളെയും സംബന്ധിയായ ഒരുപാട് പ്രാഥമിക വിവരങ്ങള്‍ അവർ ബാക്കിയാക്കി. മറ്റേത് വിദേശ സഞ്ചാരികളെക്കാളും അധികകാലം മലബാര്‍ തീരത്ത് താമസിച്ചു എന്ന നിലക്ക് അത്തരം സാഹിത്യങ്ങളിൽ ബാർബോസയുടെ എഴുത്തിനും നിരീക്ഷണങ്ങൾക്കും പ്രധാന സ്ഥാനമുണ്ട്. സമുദ്ര വ്യാപാര മേഖലകളില്‍ ഇടപെട്ടുകൊണ്ടിരുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ എന്ന നിലക്ക് വ്യത്യസ്തങ്ങളായ യൂറോപ്യൻ ഭാഷകളിലേക്ക് ഇന്ത്യൻ സമുദ്രതീരത്തെ മലബാർ തീരത്തെയും രാജഭരണത്തെയും സംബന്ധിയായ ബാർബോസയുടെ എഴുത്തുകൾ വിവർത്തനം ചെയ്യപ്പെട്ടു. Book of Duarte Barbosa എന്ന പേരിൽ പൂർണ രൂപത്തിൽ അദ്ദേഹത്തിന്റെ എഴുത്തുകൾ 1565 ലഭ്യമായിരുന്നു. 2017 ല്‍ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒരു ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധപ്പെടുത്തി. 1856 Hakluyt പ്രസിദ്ധപ്പെടുത്തിയ ആൽഡർലിയിലെ ലോഡ് സ്റ്റാൻലിയുടെ (Lord Stanley of Alderley) വിവർത്തനവും പിന്നീട് 1918 ൽ മാൻസൽ ലോങ്ങ്‌വർത്ത ഡേയ്‌മ്സിന്റെ (Mansel Longworth Dames) വിവർത്തനവും പുറത്തുവന്നു. 1524 ൽ പുസ്തകത്തിന് ഒരു സ്പാനിഷ് വിവർത്തനവും ഉണ്ടായിരുന്നു.

ബാർബോസയുടെ മലബാറിനെ കുറിച്ചുള്ള വിവരണങ്ങൾ മലയാളത്തിലേക്ക് ഈ എഴുത്തുകാരൻ 2018 ൽ വിവർത്തനം ചെയ്യുകയുണ്ടായി. കടല്‍ വാണിജ്യത്തെ സംബന്ധിച്ചും മേഖലയിലെ ക്രയവിക്രയങ്ങളെ സംബന്ധിച്ചും ഉൽപന്നങ്ങളുടെ വ്യാപാരത്തെ സംബന്ധിച്ചും കണ്ണൂരിലെ ഒരു ഫാക്ടറിയിലെ എഴുത്തുകാരനെന്ന നിലയിൽ ബർബോസക്ക്‌ മികച്ച അറിവുണ്ടായിരുന്നു. ഇത്തരം വ്യാപാരങ്ങളെ കുറിച്ച് അതി സൂക്ഷ്മമായ വിവരണങ്ങളാണ് ബർബോസ നൽകുന്നത്. മറ്റുള്ള എഴുത്തുകാർ അവരുടെ വിവരണങ്ങളെ ആചാരങ്ങളിലും രീതികളിലും ഒതുക്കിയപ്പോൾ ബർബോസ പക്ഷേ വില വിവരണങ്ങളും ലഭ്യതയും വ്യാപാര സ്വഭാവവും ആചാരങ്ങളുമെല്ലാം ഉൾക്കൊള്ളിക്കാൻ ശ്രമിച്ചു. ചുരുക്കത്തിൽ അവ മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങളെ സംബന്ധിച്ച് ധാരാളം വിവരങ്ങൾ പകർന്നുനൽകുന്നു. എന്നാൽ ഇത്തരത്തിലുള്ള അധിക വിവരണങ്ങളും വിസ്മൃതി പൂണ്ടപ്പോൾ ബർബോസയുടേത് പതിനാറാം നൂറ്റാണ്ടിലെ സാമ്പത്തിക ചരിത്രത്തെ പുനർനിർമ്മിക്കാനുതുകുന്ന ആധികാരിക വിവരണങ്ങളായി നിലനിൽക്കുന്നു. അന്നത്തെ ജാതി അവസ്ഥയെക്കുറിച്ചും വംശ പരമ്പരയെ കുറിച്ചും ഭരണകൂടത്തെ കുറിച്ചും ഉന്നത ജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ചുമുള്ള സൂക്ഷ്മ വിവരണങ്ങൾ ബർബോസ നൽകുന്നുണ്ട്. ചുരുക്കത്തിൽ അദ്ദേഹത്തിൻറെ മലബാറിനെ കുറിച്ചുള്ള അതിദീർഘ കുറിപ്പുകൾക്ക് സഞ്ചാര സാഹിത്യത്തിൽ അന്താരാഷ്ട്ര കീർത്തിയുണ്ട്. മധ്യകാലത്തെ ക്രൈസ്തവ മതകാഴ്ചപ്പാടുകളാണ് ബാർബോസയുടെ നിരീക്ഷണങ്ങൾക്ക് നിറം പകർന്നത്, ഏഷ്യൻ മതങ്ങളെ പേഗനിസമായി വിലയിരുത്തിന്നിടത്ത് പ്രത്യേകിച്ചും

കോഴിക്കോടിന്റെ ആർക്കിയോളജിക്കൽ രൂപരേഖ ചരിത്ര രേഖകളിൽ
Mehrdad Shokooh
y

കോഴിക്കോട് ജില്ലയുടെ 2018 ലെ ജനസംഖ്യ 3.5 മില്യണിലധികം വരുമെന്നാണ് കണക്കുകൾ പറയുന്നത്. ഓരോ വർഷവും 8% എന്ന തോതിൽ ഇത് വളരുന്നുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ മാത്രമായി ഉണ്ടായ ഈ വികസന പ്രവർത്തനങ്ങൾ ചെറിയൊരു തീരപ്രദേശത്തെ വലിയൊരു മെട്രോപോളിസ് ആയി ഇന്ന് മാറ്റിയിരിക്കുന്നു. ഒപ്പം ഇന്നത്തെ നിർമ്മിത പ്രദേശങ്ങൾ പുരാതന കോഴിക്കോടിനെ മാത്രമല്ല മറ്റനേകം അയൽ ഗ്രാമങ്ങളെയും ഉൾക്കൊള്ളിക്കുന്നുണ്ട്. പ്രദേശ വാസികളിലും അവരുടെ വിശ്വാസങ്ങൾ, പാരമ്പര്യങ്ങൾ, സ്വഭാവങ്ങൾ തുടങ്ങിയ കാര്യങ്ങളിലും കൂടുതൽ തൽപരരായതുകൊണ്ടു തന്നെ ഇബ്‌നു ബത്തൂത്തയുടെയോ മറ്റുള്ള സഞ്ചാരികളുടെയോ കുറിപ്പുകളിൽ കോഴിക്കോടിന്‍റെ ഭൗതിക വിവരണം കുറവായിരുന്നു. എങ്കിലും അവിടെയും ഇവിടെയുമായി കോഴിക്കോട് നഗരത്തെയും തുറമുഖത്തെക്കുറിച്ചും ചെറുതെങ്കിലും ഒരുപാട് നല്ല കുറിപ്പുകൾ അവർ നൽകുന്നുണ്ട്. എങ്ങനെയായിരുന്നു അവയുടെ ക്രമീകരണവും പ്രവർത്തവും, എങ്ങനെയൊക്കെയായിരുന്നു സാമൂതിരിയുടെ കൊട്ടാരവും താമസസ്ഥലങ്ങളും നിലയുറപ്പിച്ചിരുന്നത്, അവയുടെ ഏകദേശ സ്ഥാനങ്ങളെക്കുറിച്ചും അതുപോലെ മുസ്‌ലിം വ്യാപാരികളിൽ നിന്നും വിഭിന്നമായി പ്രദേശവാസികളുടെ വീടുകളെ വ്യത്യസ്തമാക്കുന്ന പ്രത്യേകതകൾ എന്തെല്ലാമായിരുന്നു എന്നതിനെക്കുറിച്ചെല്ലാം ഈ രേഖകൾ വിവരിക്കുന്നുണ്ട്.

ഇബ്നു ബത്തൂത കണ്ട കോഴിക്കോടായിരുന്നില്ല പോര്‍ച്ചുഗീസ് ആഗമന ശേഷം ഉണ്ടായിരുന്നത്. പോർച്ചുഗീസുകാരുടെ ആഗമനത്തിന് മുമ്പുണ്ടായിരുന്ന കോഴിക്കോടും അയൽ സംസ്ഥാനങ്ങളും തമ്മിലുണ്ടായ ലഹളകൾ ഒന്നും തന്നെ ഗൗരവമായ പ്രതിരോധ നടപടികളെ അവശ്യപ്പെട്ടിരുന്നില്ല. പതിനാല് – പതിനേഴ് നൂറ്റാണ്ടുകള്‍ക്കിടയിലാണ് കോഴിക്കോട് വികസിച്ചത്. പതിനാലാം നൂറ്റാണ്ടിലെ നഗരം വളരെ നല്ല രീതിയിൽ പണികഴിപ്പിക്കപ്പെട്ടതും താരതമ്യേന നിബിഡവുമായ മുസ്‌ലിം പാർപ്പിടങ്ങളെ ഉൾകൊള്ളിച്ചിരുന്നതായി കാണാം. പൊതുവെ കൃഷിയോ മീൻ പിടുത്തമോ തൊഴിലാക്കിയിരുന്ന ഹിന്ദു മത വിശ്വാസികളുടെ ഓല മേഞ്ഞ മണ്‍ കുടിലുകൾക്ക് ഇടയിലായിരുന്നു ഇവ. ഈ വസതികൾക്ക്‌ ഇടയിലായിരുന്നു വളരെ ദൃഢമായി നിർമ്മിക്കപ്പെട്ട അമ്പലങ്ങളും കടലിൽ നിന്ന് വിട്ട് നിൽക്കുന്ന സാമൂതിരയുടെ കൊട്ടാരവും സ്ഥിതി ചെയ്തിരുന്നത്. അതേ സമയം തന്നെ തീരപ്രദേശത്തോട് ചേർന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ വസതി ഉണ്ടായിരുന്നത്. പക്ഷേ ജനങ്ങളുടെ സംരക്ഷണം മാനിച്ച് പിന്നീട് നഗരം കൂടുതൽ അടുത്തടുത്ത സുദൃഢമായ ഒരു രീതിയിലേക്കു മാറിയതായി നമുക്ക് കാണാൻ കഴിയും. എന്നിരുന്നാലും നഗരത്തിന്റെ യഥാർത്ഥ പ്രതിരോധം സമുദ്രം തന്നെയായിരുന്നു.

ഇന്നത്തെ നഗരത്തിന്റെ തെക്കുഭാഗത്തുള്ള തുറമുഖച്ചാല്‍ എത്രത്തോളം ഉപയോഗിക്കപ്പെട്ടു എന്നതിന് കൃത്യമായ ഒരു അന്വേഷണം ആവശ്യമാണ്. എങ്കിലും മറ്റു പുരാതന തുറമുഖങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ തുറമുഖച്ചാലിനെ പ്രദേശത്തെ കോഴിക്കോട് അതിന്‍റെ അന്താരാഷ്ട്ര നാവിക പര്യടനങ്ങൾക്കായി ആശ്രയിച്ചിരുന്നില്ല. താരതമ്യേന ചെറുതായ അറേബ്യൻ കപ്പലുകൾ പ്രസ്തുത തുറമുഖച്ചാലിനെ ഉപയോഗിച്ചിട്ടുണ്ടാകാമെങ്കിലും ഭീമന്‍ ചൈനീസ് കപ്പലുകൾക്ക് ഉപയോഗിക്കാൻ പറ്റാത്ത വിധം ചെറുതായിരുന്നു. ഇബ്‌നു ബത്തൂത്തയുടെ കണക്കനുസരിച്ച് ഒരു ചൈനീസ് കപ്പലിൽ ഏകദേശം അറുന്നൂറോളം നാവികരും നാനൂറോളം സായുധസേനയും അതുപോലെ, വ്യാപാര സാധനങ്ങൾ സൂക്ഷിക്കുന്നതിനു വേണ്ടിയുള്ള സൗകര്യവും ഉണ്ടായിരുന്നു. കപ്പലിന്റെ ഈ വലിപ്പം കാരണം തീരത്തു നിന്നും അകലെ കടലിൽ തന്നെ നങ്കൂരം ഇടേണ്ടിയിരുന്നു. ചില പ്രത്യേക യാത്രക്കാര്‍ക്കായി സ്വകാര്യ കാബിനുകള്‍ വരെ ഇത്തരം കപ്പലില്‍ സജ്ജീകരിക്കപ്പെട്ടു. കാലാന്തരത്തിൽ, നിരന്തരമായ പോർച്ചുഗീസ് ആക്രമണഭീഷണി കൂടിയായപ്പോൾ നഗരം കൂടുതൽ സുദൃഢമായതായി കാണാം. യാത്രക്കാരുടെ വിവരണങ്ങൾക്കു പുറമേ, സാന്ദര്‍ഭികമായുള്ള പരാമര്‍ശങ്ങളുടെ അവലോകനത്തിലൂടെയും ക്രമേണയുണ്ടായ ഈ മാറ്റങ്ങളെ നമുക്ക് മനസ്സിലാക്കിത്തരും.

കേരളീയ മുസ്‌ലിം പള്ളികളുടെ ആസൂത്രണവും ഘടനയും അവയുടെ ദക്ഷിണേന്ത്യൻ വസ്തുവിദ്യയിലെ സ്വാധീനവും
Natalie Shokoo
hy

മുസ്‌ലിം വ്യാപാര സമുദായങ്ങളെ സംബന്ധിച്ചിടത്തോളം പള്ളികൾ എന്നത് ഹിന്ദു ആതിഥേയർക്കിടയിൽ തങ്ങളുടെ സമത്വ ദര്‍ശനം ഉദ്ഘോഷിക്കുന്ന മതത്തിൻ്റെ വാസ്തുവിദ്യാ പ്രതിനിധാനമായിരുന്നു. അമ്പലങ്ങളിൽ മതിലുകളും വാതിലുകളും താഴ്ന്ന ജാതിക്കാരെയും ജാതി ഭ്രഷ്ടരേയും തടയുകയും അത്തരം കെട്ടിടങ്ങളിലെ വിശുദ്ധ ഇരുളറകള്‍ ബ്രാഹ്മണർക്ക് മാത്രമായി മാറ്റിവെക്കുകയും ചെയ്തപ്പോൾ മുസ്‌ലിം പള്ളികൾക്ക് തികച്ചും വ്യത്യസ്തമായ രൂപകല്പനയാണ് ഉണ്ടായിരുന്നത്. എല്ലാവരെയും തുല്യരായി കാണുന്ന ഒരു അദൃശ ശക്തിയെ ആരാധിക്കാനായി മക്കയിലേക്കുള്ള ഒരു സൂചകം മാത്രം അടയാളപ്പെടുത്തിയ ലളിതവും പ്രകാശമാനവുമായ തുറന്ന സ്ഥലമായിരുന്നു പള്ളികൾ. വെള്ളിയാഴ്ചയിലെ പ്രഭാഷണങ്ങൾ- വിശ്വാസികളെ യഥാർത്ഥ പാതയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തിലുള്ളതായിരുന്നെങ്കിലും മുസ്‌ലിം ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലും ഭരണാധികാരികളെ അനുസരിപ്പിക്കാനുള്ള ഒരു ഉപാധിയായി ഖുതുബകൾ മാറിയിരുന്നു. എന്നാല്‍ ഇന്ത്യൻ തീരപ്രദേശങ്ങളിലെ ബഹുരാഷ്ട്ര കച്ചവട സമൂഹങ്ങളിൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ അതിൻറെ തനതായ ലക്ഷ്യത്തിലൂന്നി ഒരൊറ്റ വിശ്വാസത്തിന്മേല്‍ ഐക്യപ്പെടാനുള്ള ഉപാധിയായാണ് ഉപയോഗിക്കപ്പെട്ടത്.

കോഴിക്കോട്ടെയും മലബാറിലെ മറ്റ് പ്രദേശങ്ങളിലെ പള്ളികളിലും വടക്കേന്ത്യയിൽ ഡെക്കാൻ പള്ളികളിൽ നിന്നും വ്യത്യസ്തമായ ആസൂത്രണവും പൊതുരൂപകല്പനയും പ്രകടമായിരുന്നു.ഉത്തരേന്ത്യന്‍ ശൈലിയായ ചുറ്റുമതിലുള്ള അല്ലെങ്കില്‍ നടുമുറ്റമുള്ള രിതിക്കു പകരം തുറന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മലബാര്‍ പള്ളികള്‍ക്ക് പ്രധാന പ്രാര്‍ത്ഥനാ മുറിക്കു മുമ്പ് മറ്റൊരു ചെറിയ തുറന്ന മുറിയുണ്ടാകും. പള്ളികളുടെ മുകൾ തട്ടുകൾ പണിയാൻ കപ്പൽ നിർമ്മാണ വിദ്യ അടങ്ങുന്ന തദ്ദേശീയമായ ഘടന തത്വങ്ങൾ മലബാറില്‍ പ്രയോഗിച്ചപ്പോൾ തീർത്തും വിഭിന്നമായ ആസൂത്രണ രീതികളാണ് മലബാറല്ലാത്ത ദക്ഷിണേന്ത്യയിലെ തന്നെ മറ്റിടങ്ങളില്‍ പ്രചരിച്ചത്. ഡക്കാനിൽ വരെ എത്തിയ ഇതിന്‍റെ ഉദാഹരണങ്ങൾ ഇപ്പോൾ ഗോവയുടെ ഭാഗമായ പോണ്ടയിലും ബഹ്‌മാനി തലസ്ഥാനമായ ഗുൽബർഗയിലും കാണാവുന്നതാണ്.

മലബാറിന്റെ പ്രയോഗികാതിർത്തികളും വിശാലവഴികളും: ഖിസ്സയില്‍ നിന്നും രിഹ്ലയിലേക്കുള്ള യാത്രകൾ
Abbas Panakkal

ബ്രിട്ടീഷ് ലൈബ്രറിയിലെ കയ്യെഴുത്തുപ്രതിയായ “ഖിസ്സത് ശകർവതി ഫർമാദി’ലെ വിശദീകരണങ്ങളിൽ നിന്നും മൊറോക്കൻ സഞ്ചാരിയായ ഇബ്‌നു ബത്തൂത്തയുടെ രിഹ്ലയിലേക്ക് എത്തുമ്പോഴുള്ള മലബാറിന്റെ അതിർത്തികളുടെയും പാതകളുടെയും ഗതിമാറ്റത്തെ ഈ ലേഖനം പരിശോധന നടത്തുന്നു. പല ഭൗതിക രാഷ്ട്രീയ കാരണങ്ങളാൽ മലബാറിന്റെ അതിർത്തികളും സഞ്ചാര വഴികളും മാറിക്കൊണ്ടിരുന്നു. പുരാതന തുറമുഖ പട്ടണങ്ങളും അവയുടെ മുന്‍ഗണന പ്രകാരമുള്ള പ്രശസ്തിയും അവയിലെ ആദ്യകാല വഖഫ് ഭൂമികളുടെ ക്രമം, പള്ളികളുടെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള ഖിസ്സ കൈയ്യെഴുത്തുപ്രതിയിലേയും രിഹ്ലയിലെ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യല്‍ അനിവാര്യമാണ്.

വ്യത്യസ്ത തുറമുഖം നഗരങ്ങളിലെ പള്ളികളുടെ ക്രമാനുസൃതമായ നിര്‍മ്മാണവും, ആ നഗരങ്ങളുടെ ക്രമത്തിലെ പ്രധാന്യത്തെയും അതിന്‍റെ ശ്രേണിയിലെ സ്ഥാനവും വ്യക്തമാക്കി തരുന്നുണ്ട്. ഖിസ്സ പ്രകാരം, കൊടുങ്ങല്ലൂർ ആയിരുന്നു അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമെങ്കിലും രിഹലയുടെ കാലമായപ്പോഴേക്ക് അത്ര കണ്ട് ശ്രദ്ധേയം ആയിരുന്നില്ല. ഖിസ്സത്തിൽ പരാമര്‍ശിക്കപ്പെട്ട രണ്ടാമത്തെ പ്രധാന തുറമുഖ നഗരമായ കൊല്ലം ഇബ്നു ബത്തൂത്തയുടെ കാലത്ത് മുഴുവൻ നിയന്ത്രണങ്ങളും സ്വാധീനവും വെച്ചുപുലർത്തിയിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ കോഴിക്കോട് അലക്സാണ്ടറിയ തുറമുഖം പോലെ പ്രസിദ്ധമായിരുന്നെങ്കിലും ഏഴാം നൂറ്റാണ്ടിൽ അത്ര പ്രധാനമായിരുന്നില്ല. അതേ സമയം സമീപ നഗരമായ ചാലിയം അവസാന പള്ളി നിർമാണത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ കൂട്ടത്തിൽ പിന്നിലായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ മലബാറിലെ ഖിസ്സയില്‍ ക്രമപ്രകാരം പരാമര്‍ശിക്കാന്‍ കാരണം അവയുടെ അതേക്രമത്തിലുള്ള പ്രസിദ്ധിയായിരിക്കാം. എന്നാല്‍ രിഹലയുടെ കാലമായപ്പോഴേക്ക് മുന്‍ഗണനാ ക്രമങ്ങള്‍ക്ക് മാറ്റങ്ങൾ വന്നിരുന്നു.

പള്ളികളുടെ വിവരണങ്ങളോടൊപ്പം തന്നെ ശാബന്ദര്‍ (തുറമുഖ അധികാരി), ഖാസി (മുസ്‌ലിം ന്യായാധിപന്‍) തുടങ്ങിയ സ്ഥാനങ്ങളെക്കുറിച്ചും ഖിസ്സ കൈയ്യെഴുത്തില്‍ പറയുന്നുണ്ട്. രിഹ്ലയിലും ഇവയെക്കുറിച്ച് അക്കാലത്തെ വ്യാപാരവുമായും നടപ്പുരീതിയുമായും ബന്ധപ്പെട്ട ഉന്നത പദവിയായി വിശേഷിപ്പിക്കുന്നുണ്ട്. തുറമുഖ നഗരത്തിലെ ബഹുസ്വര സംസ്കാരം, മതപരമായ സഹവര്‍ത്തിത്വം എന്നിവയും മേല്‍ പ്രസ്താവിച്ച രണ്ട് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ദക്ഷിണേഷ്യയിലെത്തന്നെ ആദ്യ മസ്ജിദ് നിര്‍മിക്കപ്പെട്ടത് മലബാറിലാണ്. അമുസ്‌ലിംകൾ ദാനമായി നല്‍കിയ ഭൂമിയിലാണ് ഇവകളുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിത തുറമുഖ നഗരം എന്ന് കോഴിക്കോടിനെ വിശേഷിപ്പിക്കുകയും അവിടത്തെ മുസ്‌ലിം വ്യാപാരികള്‍ക്കിടയിലും ഹിന്ദു രാജാവിനുമിടയില്‍ നിലനിന്ന മതപരവും സാംസ്കാരികവുമായ സഹകരണങ്ങളേയും പുകഴ്ത്തിയ ഇബ്നു ബത്തൂത സഹവര്‍ത്തിത്വത്തിന്‍റെ കഥ അനാവരണം ചെയ്യുന്നുണ്ട്.

ഇസ്‌ലാമിക ഭൂമികയിലെ വിദ്യാസമ്പന്നനായ മുസ്‌ലിം
Prof. Ross Dunn

പതിനാലാം നൂറ്റാണ്ടിലെ വിശാലമായ ആഫ്രോ-യൂറേഷ്യന്‍ ചരിത്ര പരിസരത്തു നിന്നുകൊണ്ടുള്ള ഇബ്നു ബത്തൂത അവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. മൊറോക്കൊ മുതല്‍ ചൈനയിലേക്കും തിരിച്ചും 73,000 മൈല്‍ ദൂരം താണ്ടാന്‍ അദ്ദേഹത്തിന് പല താല്‍പര്യങ്ങളും ഉണ്ടായേക്കാം എങ്കിലും, പതിനാലാം നൂറ്റാണ്ടിലെ ആഫ്രോ-യൂറേഷ്യന്‍ വിശാല ഭൂമികയുള്‍പ്പെടുന്ന ഇസ്‌ലാമിക സാമൂഹിക വ്യവഹാരങ്ങളുടെ വിശായ ശൃംഖലയില്‍ ഇടപെട്ട അനവധി പേരിലൊരാളായിരുന്നു അദ്ദേഹം. നിരവധി കാരണങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ട ആളുകളുടെ നീണ്ട യാത്രകളാല്‍ മുഖരിതമായ, സാംസ്കാരിക – സാമൂഹിക ആശയ വിനിയമയ ലോക വ്യവസ്ഥ എന്ന് ദാറുല്‍ ഇസ്‌ലാമിനെ (ഇസ്‌ലാമിക ലോകം) വിശേഷിപ്പിക്കാവുന്നതാണ്. അക്കാലത്തെ ഇസ്‌ലാമിന്റെ അതിരുകളില്ലാത്ത വളര്‍ച്ച ഒരു സാമൂഹിക മുന്നേറ്റം കൂടിയാണ്, അഥവാ ഇസ്‌ലാമിക വത്കരണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലേക്ക് ആവശ്യമായ ആളുകളുടേയും വിദ്യാഭ്യാസവും കഴിവുമുള്ള, അല്ലെങ്കില്‍ വിശുദ്ധ വ്യക്തിത്വങ്ങളുടെ ഏകാംഗ യാത്രകളോ കുടിയേറ്റമോ ആയിരുന്നു അത്. പട്ടണങ്ങളിലെ വിദ്യാസമ്പന്നരായ മുസ്‌ലിംകൾ പലതരം മുദ്രകള്‍, ആചാരങ്ങള്‍, നിയമങ്ങള്‍, പ്രതീക്ഷിക്കപ്പെടുന്ന രീതികള്‍ എന്നിവയില്‍ യോജിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു. ഇത്തരം പ്രക്രിയകളിലൂടെ മുസ്‌ലിംകൾ ആശയ വിനിമയം നടത്തുകയും ബിസിനസ് നടത്തുകയും വൈവിധ്യമാര്‍ന്ന സംരംഭങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. ആഗോള വ്യാപാരത്തിന്‍റെ വലിയ ഭൂമികയിലൂടെ വണിക്കുകള്‍ ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക് അവിശ്രമം യാത്ര നടത്തി. ഹജ്ജിനും നയതന്ത്രജ്ഞരായും അലയുന്ന സൂഫികളായും ഗ്രന്ഥങ്ങളും അദ്ധ്യാപകരേയും തേടി സല്‍ഗുണ സമ്പന്നനായ പണ്ഡിതനായും മുസ്‌ലിംകൾ യാത്ര ചെയ്തു.

ഇബ്നു ബത്തൂത അലഞ്ഞുതിരിയുന്ന അപരിചിതനല്ല, മറിച്ച് നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യാനറിയുന്ന സാമൂഹിക ശ്രേണിയില്‍ പെട്ടയാളായിരുന്നു. അറബി സംസാരിക്കുന്ന മാന്യനും ഉത്തരാഫ്രിക്കന്‍ നഗരത്തില്‍ നിന്നുള്ള നിയമജ്ഞനുമായിരുന്നു അദ്ദേഹം. പണ്ഡിത വിഭാഗത്തിലെ അംഗമെന്ന സാമൂഹിക സ്ഥാനം ആദരവോടെ സ്വീകരിക്കപ്പെടാന്‍ കാരണമായി. ഞാന്‍ മനസിലാക്കിയതനുസരിച്ച്, വിദ്യയും അവസരങ്ങളും സമ്പത്തും വൈവിധ്യമാര്‍ന്ന ജോലികളും തേടി കരയിലും കടലിലും യാത്ര ചെയ്ത അദ്ദേഹത്തെ പോലെ ആയിരക്കണക്കിന് ആളുകള്‍ വിശാല മുസ്‌ലിം ലോകത്ത് ഉണ്ടായിരുന്നു. ഇസ്‌ലാമിക ഹൃദയ ഭൂമികക്കപ്പുറം താരതമ്യേന പുതിയ ഇസ്‌ലാമിക രാജ്യങ്ങളും പതിനാലാം നൂറ്റാണ്ടില്‍ നിരവധിയായിരുന്നു. അനതോലിയ, മധ്യേഷ്യ, ഇന്ത്യ, ദക്ഷിണേഷ്യ, കിഴക്കു – പടിഞ്ഞാറന്‍ ആഫ്രിക്കകള്‍ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ – മിക്കപ്പോഴും അവരുടെ തൊട്ടു മുന്‍ഗാമികള്‍ പുതു മുസ്‌ലിംകളായിരിക്കും – പരിചയ സമ്പന്നരായ ഭരണ കര്‍ത്താക്കളേയും കാലിഗ്രഫിക്കാര്‍, കവികള്‍, മതപണ്ഡിതര്‍, അദ്ധ്യാപകര്‍, ന്യായാധിപര്‍ എന്നിവരേയും തങ്ങളുടെ പ്രദേശങ്ങളിലേക്ക് കൊണ്ടു വരേണ്ടതിന്‍റെ രാഷ്ട്രീയ മൂല്യം മനസിലാക്കിയവരായിരുന്നു. ഇത്തരം വിദ്യാസമ്പന്നരായ പ്രവാസികളുടെ സേവനങ്ങള്‍ ഇസ്‌ലാമിക ഭൂമികക്കപ്പുറമുള്ള ഭരണാധികാരികളെ യോഗ്യരായ മുസ്‌ലിം ഭരണാധികാരികള്‍ എന്ന് സാംസ്കാരികമായി ഔദ്യോഗിക മുദ്ര ചാര്‍ത്തുന്നതില്‍ സഹായിച്ചു. പുതിയ മുസ്‌ലിം സമുദായങ്ങള്‍ക്ക് ഭരണം, വിദ്യാഭ്യാസം, ആരാധന, മതമാര്‍ഗദര്‍ശനം (jurisprudence) എന്നിവക്കായി സ്ഥാപനങ്ങള്‍ നിര്‍മിക്കല്‍ ആവശ്യമായിരുന്നു. ഇതിനായി അഭ്യസ്തവിദ്യരായ മത – ബൗദ്ധിക വിഭാഗം കൈയ്യിലുണ്ടാവല്‍ അനിവാര്യമായിരുന്നു. ഈ വിദ്യാസമ്പന്നരായിരുന്നു പുതിയ കാലത്തെ മുസ്‌ലിം നാഗരികതക്ക് തറക്കല്ലിട്ടത്. വിശിഷ്ട വ്യക്തിത്വം എന്നതു പോലെതന്നെ ഇബ്നു ബത്തൂത ഒരു സാമൂഹിക പ്രതിനിധിയും ഹജ്ജ് ചെയ്ത വിദ്യയഭ്യസിച്ച വിദേശിയും ഉന്നത വിദ്യാഭ്യാസം നേടുകയും സൂഫികളുമായി ഇടപഴകുകയും ചെയ്ത, മാത്രമല്ല അനവധി അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ പാകത്തില്‍ തന്നെ ലോകത്തിനു മുന്നില്‍ സ്വയം അവതരിപ്പിച്ച അങ്ങേയറ്റം ആസ്വാദ്യകരവും ലാഭകരവുമായ ഒരു ജീവിത മാര്‍ഗം ഉണ്ടാക്കിയെടുത്ത വ്യക്തിയും കൂടിയായിരുന്നു.

വിവർത്തനം: സഈദ് അംജദി
Featured Image : Sonja Langford

Comments are closed.