ബ്ലാക്ക് വംശജരുടെ സാമൂഹികാവസ്ഥകളെ ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വായിക്കാൻ ശ്രമിക്കുകയും അതിലൂടെ കറുത്തവരുടെ വിമോചനം എന്ന ചോദ്യത്തെ അക്കാദമിക ലോകത്ത് ഒരു സംവാദമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്യുകയാണ് സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ ഷർമൺ അബ്ദുൽ ഹകീം ജാക്സൺ തന്റെ രചനകളിലൂടെ ചെയ്യുന്നത്. ഇസ്‌ലാമിക ദൈവശാസ്ത്രം, കർമ്മശാസ്ത്രം, സൂഫിസം തുടങ്ങിയവയിലൂടെ കറുത്ത വംശജരുടെ വിമോചനത്തെക്കുറിച്ചുള്ള ആലോചനകളിൽ പുതിയ സാധ്യതകൾ തുറക്കുകയാണ് അദ്ദേഹത്തിന്റെ രചനകൾ. ജാക്‌സന്റെ ചിന്താ പദ്ധതികളെയും, ഇടപെടലുകളുടെയും സരളമായി അവതരിപ്പിക്കുന്ന ‘ഷർമൺ ജാക്‌സൺ റീഡർ‘ കോഴിക്കോട് അദർ ബുക്സ് ഈയിടെ പുറത്തിറക്കിയിരുന്നു. എൻ. മുഹമ്മദ് ഖലീൽ ആണ് ഗ്രന്ഥകാരൻ. പുസ്തകം മുന്നോട്ട് വെക്കുന്ന ചർച്ചകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.
ബ്ലാക്ക് അമേരിക്കൻ ജീവിതത്തെ വിശകലനം ചെയ്യുന്ന രണ്ടു ഗ്രന്ഥങ്ങളാണ് ജാക്സൺ രചിച്ച ഇസ്‌ലാം ആന്റ് ദി ബ്ലാക് അമേരിക്കൻ, ഇസ്‌ലാം ആന്റ് ദി പ്രോബ്ലെം ഓഫ് ബ്ലാക് സഫറിംഗ് എന്നിവ. അമേരിക്കൻ മുസ്‌ലിം ജീവിതത്തെ സ്വാധീനിച്ച മൂന്ന് പുനരുത്ഥാനങ്ങളിലൂടെ അമേരിക്കയിലെ ഇസ്‌ലാമിന്റെ ചരിത്രം, വെല്ലുവിളികൾ, സുന്നി ഇസ്‌ലാമിന്റെ വികാസം തുടങ്ങിയവയുടെ ചരിത്രപരമായ അന്വേഷണമാണ് ഈ രചനകൾ നടത്താൻ ശ്രമിക്കുന്നത്. യഥാക്രമം 1934 മുതൽ 1975 വരെയുള്ള എലിജാ മുഹമ്മദിന്റെ ഇടപെടലുകൾ, എലിജയുടെ മരണശേഷം വാരിസുദ്ധീൻ മുഹമ്മദ്, ലൂയി ഫറാഖാൻ തുടങ്ങിയവർ നാഷൻ ഓഫ് ഇസ്‌ലാമിൽ നടത്തിയ പരിഷ്‌കാരങ്ങൾ എന്നിവയാണ് ഒന്നും രണ്ടും പുനരുത്ഥാനങ്ങളായി എണ്ണപ്പെടുന്നത്. നിലവിൽ മൂന്നാം പുനരുത്ഥാനം നടന്നുകൊണ്ടിരിക്കുകയാണ് എന്ന് ജാക്സൺ അഭിപ്രായപ്പെടുന്നു. ബ്ലാക്ക് മതം എന്ന ചുരുക്കിക്കെട്ടലിൽ നിന്നും സാർവ്വലൗകികത എന്ന വിശാലതയിലേക്കുള്ള അമേരിക്കൻ മുസ്‌ലിം പരിവർത്തനം, കുടിയേറി വന്ന മുസ്‌ലിംകളെ കൂടി ഉൾക്കൊക്കൊള്ളിച്ച് കൊണ്ടുള്ള ലീഗൽ പ്ലൂരാലിറ്റി എന്നിവയെയാണ് മൂന്നാം പുനരുത്ഥാനമായി ജാക്സൺ മനസ്സിലാക്കുന്നത്. ഇസ്‌ലാമിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തുന്ന ബ്ലാക് ഓറിയന്റലിസത്തെയും ജാക്സൺ ചർച്ചക്കെടുക്കുന്നുണ്ട്.
1973ൽ വില്യം ആർ ജോൺസ് എന്ന ചിന്തകൻ ദൈവം ഒരു വംശീയ വാദിയാണോ? ദൈവം എന്തുകൊണ്ട് കറുത്തവരെ മാത്രം യാതനകൾക്ക് വിധേയമാക്കുന്നു? എന്ന് തുടങ്ങി ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. ഈ ചോദ്യങ്ങൾക്ക് ദൈവശാസ്ത്രപരമായി തന്നെ മറുപടി പറയാൻ ശ്രമിക്കുകയാണ് ഇസ്‌ലാം ആൻഡ് ദി പ്രോബ്ലെം ഓഫ് ബ്ലാക് സഫറിംഗ് എന്ന 2009 ൽ പുറത്തിറങ്ങിയ ജാക്‌സന്റെ പുസ്തകം. ഒരു അക്കാദമിക പഠനം എന്നതിനപ്പുറം ഒരു ദൈവശാസ്ത്രപരമായ സമർത്ഥനമാണിത്. ഇസ്‌ലാമിക വിശ്വാസ ശാസ്ത്രം, അശാഇറ, മാതുരീദിയ്യ, മുഅതസില, ഹനാബില തുടങ്ങിയ ധാരകളിലെ ദൈവ സങ്കൽപ്പങ്ങളെ ഓരോന്നായി ഇഴകീറി പരിശോധിച്ചു കൊണ്ടാണ് ജാക്സൺ ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തുന്നത്.
വില്യം ജോൺസിന്റെ ചോദ്യത്തിനുള്ള ജാക്‌സന്റെ ഉത്തരങ്ങൾ വിശകലനം ചെയ്യുന്നതോടൊപ്പം ഇസ്‌ലാമിക ജ്ഞാന മണ്ഡലത്തിൽ നിന്നുള്ള അധികവായനകളിലേക്ക് കൂടി ചർച്ചയെ വ്യാപിപ്പിക്കുകയാണ് റീഡറിലെ രണ്ടാം അധ്യായം ചെയ്യുന്നത്. ഖൽഖു അഫ്’ആലിൽ ഇബാദ് എന്ന മുഅതസലിയൻ സിദ്ധാന്ത പ്രകാരം മനുഷ്യ പ്രവർത്തനങ്ങൾക്ക് ഉത്തരവാദി മനുഷ്യൻ തന്നെയാണെന്ന് വരുന്നു. അതിനാൽ ദൈവത്തെ പഴിചാരാൻ ഇവിടെ പഴുതില്ല. ദൈവമാണ് കാര്യങ്ങൾ നടക്കാൻ ഉദ്ദേശിക്കുന്നത് (ഫആലുൻ ലിമാ യുരീദ്) എങ്കിലും ഒരു തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം മനുഷ്യന് വകവെച്ചു നൽകുന്നുണ്ട് എന്നാണ് അശ്അരീ വിശ്വാസം. ഇതനുസരിച്ചും ദൈവമാണ് വംശീയവാദി എന്നു പറയാൻ വകുപ്പില്ല. മാതുരീദിസവും ഏതാണ്ട് ഇതേ ആശയമാണ് മുന്നോട്ട് വെക്കുന്നത്. ദൈവ സഹായം മനുഷ്യകേന്ദ്രീകൃതം ആണെന്നാണ് ഹൻബലീ ധാര പറയുന്നത്. ഇതും വില്യം ജോൺസിന്റെ വാദത്തിന് വിരുദ്ധമാണ്. ഇങ്ങനെ ഓരോ ചിന്താധാരകളിലുമുള്ള യാതനയുമായി (suffering) ബന്ധപ്പെട്ട ചർച്ചകൾ റീഡർ പരിശോധിക്കുന്നുണ്ട്.
ക്ലാസിക്കൽ ഇസ്‌ലാമിക ചിന്തകരിൽ അഗ്രേസരനാണ് ഇമാം ഗസ്സാലി (റ). അദ്ദേഹത്തിന്റെ ഫൈസലുത്തഫരിഖ ബൈനൽ ഇസ്‌ലാമി വസ്സന്ദഖ എന്ന ഗ്രന്ഥത്തെ ജാക്സൺ on the boundaries of theological tolerances in Islam എന്ന പേരിൽ വ്യാഖ്യാന സഹിതം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഈ കൃതിയും തക്ഫീറിനെ നിശിതമായി വിമർശിക്കുന്ന ഇസ്‌ലാമിക പാഠങ്ങളും ദൈവശാസ്ത്രത്തിന്റെ നിർവചനവും ചരിത്രവും തദ്സംബന്ധിയായ വരുന്ന മറ്റു ചർച്ചകളുമാണ് മൂന്നാം അധ്യായത്തിലെ പ്രതിപാദ്യം. ഈ കൃതി പുറത്തിറങ്ങിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കുമ്പോഴാണ് ക്ലാസിക്കൽ ഇസ്‌ലാമിനെ ആധുനികതയിലേക്ക് ചേർത്തുവെക്കാൻ ജാക്സൺ നടത്തുന്ന ശ്രമങ്ങളുടെ പരപ്പ് അറിയുന്നത്. അമേരിക്കയിലെ മുസ്‌ലിം സംഘടനകൾക്കിടയിൽ എതിർ പക്ഷക്കാരെ മതവിരുദ്ധരാക്കുന്ന(തക്ഫീർ) പ്രവണത അധികരിച്ച കാലത്താണ് അദ്ദേഹം ഇത്തരമൊരു ഉദ്യമത്തിന് മുതിരുന്നത്. ഇതോടൊപ്പം തന്റെ രണ്ട് ആമുഖങ്ങളിലൂടെ ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ ചരിത്രം, വിശാലത, ഇമാം ഗസ്സാലിയുടെ ജീവിതം, ചിന്തകൾ, ഫൈസലുത്തഫരിഖയുടെ രചനാ പശ്ചാത്തലം, ഗ്രന്ഥം നേരിട്ട വിമർശനങ്ങൾക്കുള്ള മറുപടി എന്നിവ കൂടി പറഞ്ഞ് പുസ്തകത്തെ സമ്പുഷ്ടമാക്കുന്നുമുണ്ട്. ഈ അധ്യായം ഇസ്‌ലാമിക ദൈവ ശാസ്ത്ര ചരിത്രത്തിന്റെയും കൂടി ചുരുക്കെഴുത്താണ് എന്നു പറയാം.
എലിജാ മുഹമ്മദ്, മാൽകം എക്‌സ് തുടങ്ങിയ വിമോചന നായകർ പ്രായോഗികമായിത്തന്നെ ഇസ്‌ലാമിന്റെ നിലപാടുതറയിൽ നിന്ന് ബ്ലാക്ക് വിമോചനത്തിന് വേണ്ടി ശബ്ദിച്ചിരുന്നെങ്കിലും സൂഫിസം ഒരു മുഖ്യ ചർച്ചയോ ആശയടിത്തറയോ ആയി അവരുടെ കാലത്തൊന്നും അമേരിക്കൻ സാഹചര്യങ്ങളിൽ അത്ര വായിക്കപ്പെട്ടിട്ടില്ല. എന്നാൽ ജാക്‌സന്റെ മൂന്നാം പുനരുത്ഥാനം വ്യത്യസ്തമാകുന്നത് ഇവിടെയാണ്. 2012 ൽ പുറത്തിറങ്ങിയ ‘സൂഫിസം ഫോർ നോൺ സൂഫീസ്‘ എന്ന ഗ്രന്ഥത്തെ പരിചയപ്പെടുത്തന്നതോടൊപ്പം ശാദുലീ സൂഫിസം, ഇബ്നു അത്വാഇല്ലാഹി സ്സിക്കന്ദരിയുടെ ജീവിതം, സൂഫിസം ഒരു പ്രായോഗിക രീതി എന്ന നിലയിൽ കൂടിയുള്ള ആലോചനകളിലേക്ക് വെളിച്ചം പകരുന്നുണ്ട് റീഡർ. ഇമാം ഇബ്നു അതാഇല്ലാഹി സിക്കന്ദരിയുടെ താജുൽ അറൂസ് എന്ന വിഖ്യാത കൃതിയുടെ വിവർത്തനവും വ്യാഖ്യാനവുമാണ് ഉപരിസൂചിത പുസ്തകം. ബ്ലാക് മുസ്‌ലിം നവോത്ഥാനം ലക്ഷ്യമിട്ടുള്ള മൂന്നാം പുനരുത്ഥാനത്തെ ആത്മീയമായ ഒരു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ജാക്സൺ ഈ ഗ്രന്ഥം രചിക്കുന്നത്. എങ്ങനെയാണ് ഈ ഗ്രന്ഥത്തിലൂടെ ഈ വലിയ ലക്ഷ്യം സാക്ഷാത്‌ക്കരിക്കാനാവുക എന്ന ചോദ്യത്തിന്റെ മറുപടി കിടക്കുന്നത് ഇബ്നു അത്വാഇല്ലാഹിയുടെ ജീവിതത്തിലാണ്.
ഏത് സാധാരണക്കാരനേയും ആത്മീയതയുടെ വിതാനത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തിലാണ് ഇബ്നു അത്വാഇല്ലാഹ് (റ) താജുൽ അറൂസ് രചിക്കുന്നത്. സൂഫിസം എന്നത് സാധാരണ വിശ്വാസികൾക്ക് എത്തിച്ചേരാൻ പറ്റാത്ത വിധം സങ്കീർണമായതാണ് എന്ന ധാരണയെ തിരുത്തുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. മിതാവസ്ഥയുടെ പേരിൽ പ്രശസ്തമായ ശാദുലി ത്വരീഖത്തിലെ പ്രധാനിയാണ് ഇമാം ഇബ്നു അത്വാഇല്ലാഹി എന്നത് ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. ഇവിടെ മൂന്നാം പുനരുത്ഥാനത്തിന് ജാക്സൺ സൂഫിസത്തിൽ നിന്നാണ് ആശയാടിത്തറ നിർമ്മിക്കുന്നത് എന്നത് വ്യക്തമാണ്. പുസ്തകത്തിന്റെ പേരിൽ തന്നെ (sufism for non sufis) സാധാരണക്കാർക്ക് ആത്മീയത പരിചയപ്പെടുത്തുക എന്ന തന്റെ ആഗ്രഹം ഷർമൺ ജാക്സൺ വ്യക്തമാക്കുന്നുണ്ട്. സ്റ്റേറ്റിനെയും വെളുത്തവരെയും വെറുത്ത് ഞങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നു എന്നത് ബ്ലാക്ക് മുസ്‌ലിംകളുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. എന്നാൽ ഈ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന് മികച്ച ബദലൊരുക്കുകയാണ് താജുൽ അറൂസിന്റെ വിവർത്തനത്തിലൂടെ ജാക്സൺ ചെയ്യുന്നത്. രാത്രിയിൽ റബ്ബിനോട് പ്രാർഥിക്കാതെ പകലിൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ കൊണ്ടു മാത്രം ലോകത്ത് വിപ്ലവങ്ങൾ കൊണ്ടുവരാനാകില്ല എന്ന അദ്ദേഹത്തിന്റെ പ്രഭാഷണ ശകലമാണ് ഈ അധ്യായം വായിച്ചപ്പോൾ ഓർമ വന്നത്. ഒരു മനുഷ്യന്റെ സർവ വിമോചനങ്ങൾക്കുമുള്ള ആത്യന്തിക അഭയം അല്ലാഹുവാണെന്നത് മുസ്‌ലിമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്നാണ്. കറുത്ത മുസ്ലിംകൾക്ക് പ്രതിവിധിയായി സൂഫിസം നിർദ്ദേശിക്കുന്നതിലൂടെ അവരെ പടച്ചവനിൽ പ്രതീക്ഷയർപ്പിക്കുന്ന ഉൽകൃഷ്ടചിന്താതലത്തിലേക്ക് ഉയർത്തുക കൂടിയാണ് ജാക്സൺ ചെയ്യുന്നത്.
ഇസ്‌ലാമിക് ലോ ആൻഡ് സ്റ്റേറ്റ്; കൺസ്റ്റിറ്റ്യൂഷണൽ ജൂറിസ്പ്രുഡൻസ് ഓഫ് ശിഹാബുദ്ധിൻ അൽ ഖറാഫി എന്ന ജാക്‌സന്റെ പ്രഥമ പുസ്തകമാണ് റീഡറിന്റെ അവസാന ഭാഗത്ത് ചർച്ചയാവുന്നത്. ശിഹാബുദ്ദീൻ അൽ ഖറാഫി എന്ന മുസ്‌ലിം നിയമ പണ്ഡിതന്റെ നിയമ ചിന്തകളെയും ആലോചനകളെയും അപഗ്രഥിക്കുന്ന ഒരു കൃതിയാണിത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ അത്ര സുഖകരമല്ലാത്ത ഈജിപ്ഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു ഇമാം ഖറാഫിയുടെ കർമ്മവേള. അന്നത്തെ സങ്കീർണതകളുടെ കുരുക്കഴിക്കാൻ ഇമാം വികസിപ്പിച്ചെടുത്ത രീതിശാസ്ത്രത്തിൽ ഊന്നിക്കൊണ്ട് ആധുനിക മുസ്‌ലിം ലോകം ആധുനിക ദേശ രാഷ്ട്രവുമായി ബന്ധപ്പെട്ടു നേരിടുന്ന സമസ്യകൾക്ക് പ്രതിവിധി തേടുകയാണ് ഈ രചനയിലൂടെ ജാക്സൺ ചെയ്യുന്നത്. ഇമാം ഖറാഫിയെയും അദ്ദേഹത്തിന്റെ ചിന്താലോകത്തെയും ആധുനിക ലോകത്തിന് പകർന്നു കൊടുക്കുക എന്ന ദൗത്യം കൂടി ഇവിടെ നിർവ്വഹിക്കപ്പെടുന്നുണ്ട്. അൽ ഖറാഫിയുടെ ചരിത്രം, ഈജിപ്തിലെ നിയമ രാഷ്ട്രീയ ചരിത്രം, ആധിനിക ദേശ രാഷ്ട്രത്തിന്റെ പരിമിതികൾ എന്നിവയെ കൂടി വായനയിൽ കൊണ്ടു വരുന്നു എന്നതാണ് ജാക്‌സന്റെ പുസ്തകത്തിന്റെ ചുരുക്കം എന്നതിലുപരി റീഡറിന്റെ ഈ അവസാന ഭാഗത്തെ സമ്പുഷ്ടമാക്കുന്നത്.
സരളമായ ശൈലിയാണ് ഗ്രന്ഥരചനയിൽ ജാക്‌സൻ സ്വീകരിച്ചിട്ടുള്ളത്. ഇസ്‌ലാമിക ജ്ഞാന വ്യവഹാരങ്ങളിലെ അറബി പദാവലികൾ പോലും ഭാഷാപരമായ കല്ലുകടികളില്ലാതെ അക്കാദമിക ഭാഷയിൽ അവതരിപ്പിക്കുന്നത്തിൽ ജാക്സൺ വിജയിക്കുന്നുണ്ട്. ജാക്‌സന്റെ കൃതികളുടെ ഈ ലാളിത്യവും സൗന്ദര്യവും ഏറെക്കുറെ എൻ മുഹമ്മദ് ഖലീൽ എഴുതിയ ഷെർമൻ ജാക്സൺ എന്ന റീഡറിലും കാണാം. ഒഴുക്കുള്ള ഭാഷയിൽ തന്നെയാണ് മലയാളത്തിൽ ഷെർമൻ ജാക്സണെ ആദ്യമായി അവതരിപ്പിക്കുന്ന ഈ റീഡറും തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഷെർമൻ ജാക്‌സന്റെ അനേകം ചിന്താപദ്ധതികളെ വിശകലനം ചെയ്യുന്നതോടൊപ്പം ബ്ലാക്ക് മുസ്‌ലിം ചരിത്രത്തെ അദ്ദേഹം സമീപിക്കുന്ന വേറിട്ട രീതിയെയും റീഡറിൽ പരാമർശിക്കുന്നുണ്ട്. കൂട്ടത്തിൽ ആധുനിക കാലത്ത് ഫിഖ്ഹ്, ഇൽമുൽ കലാം എന്നിവയുടെ പ്രയോഗ സാധ്യതകളെ കുറിച്ചുള്ള ജാക്സന്റെ അന്വേഷണങ്ങളിലേക്കും ഈ കൃതി കടന്നു ചെല്ലുന്നുണ്ട്.
മാൾട്ട് ഡിസിപ്ലിനറി സ്വഭാവത്തിലൂടെ കടന്നു പോകുന്ന റീഡർ ഷെയ്ഖ് സൈനുദ്ധീൻ മഖ്ദൂം, ഹസനുൽ ബസ്വരി, മാക്സ് വെബർ എന്നിവർ കൂടി ചില സ്ഥലങ്ങളിൽ വായനയിലേക്ക് കടന്നുവരുന്നുണ്ട്. ഇസ്‌ലാമിക നിദാന ശാസ്ത്രങ്ങളുടെ വിശാലമായ ഒരു തലത്തിൽ നിന്നാണ് ജാക്‌സന്റെ ആശയലോകത്തെ വായനാ വിധേയമാക്കാൻ ഈ റീഡർ ശ്രമിക്കുന്നത്. ഇമാം റാസി, ഇമാം ഗസാലി, ഇമാം അശ്അരി, ഇമാം മാതുരീദി, ഇമാം താജുദ്ദീൻ സുബ്കി തുടങ്ങിയ ക്ലാസിക്കൽ പണ്ഡിതരുടെ രചനകൾ വലിയ വിധത്തിൽ വായനാവിധേയമാക്കിയും അവയിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ചു കൂടിയാണ് പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. ഒപ്പം അബ്ദുൽ ഹകീം മുറാദിനെ പോലുള്ള നവകാല ഇസ്‌ലാമിക ചിന്തകരും ആശയങ്ങളായി കടന്നുവരുന്നുണ്ട്. കേരളീയ ഇസ്‌ലാമിക വൈജ്ഞാനിക ചുറ്റുപാടുകളിലും ഏറെ ചർച്ച ചെയ്യപ്പെട്ട ജംഉൽ ജവാമി’അ, അൽ മുസ്തസ്ഫ, അൽ മഹ്‌സൂൽ, അൽ ഇബാന, അൽ രിസാല ഫീ ഉസൂലിൽ ഫിഖ്ഹ് തുടങ്ങിയ അറബിക് ടെക്സ്റ്റുകളിൽ നിന്ന് കൂടി അടിസ്ഥാനാശയങ്ങൾ സ്വീകരിക്കുന്നതിലൂടെ കേരളത്തിലെ പാരമ്പര്യ പണ്ഡിത ലോകത്തെ കൂടി ആകർഷിക്കുകയാണ് ഈ റീഡർ.

ടൈറ്റിൽ: ഷർമൺ ജാക്‌സൺ
ഓതർ: എൻ മുഹമ്മദ് ഖലീൽ
Published Year 2019
Publisher: Other books
Comments are closed.