1984ൽ തന്റെ മരണത്തിന് മുമ്പ് താരപദവിയോളമെത്തിയ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ചിന്തകരിൽ ഒരാളായിരുന്നു മിഷേൽ ഫൂക്കോ. ഫ്രാൻസിലെ പ്രസിദ്ധ സർവ്വകലാശാലയായ കോളേജ് ഡി ഫ്രാൻസിൽ “ചിന്താചരിത്ര” അധ്യാപകനായുള്ള 1970-ലെ നിയമനമാണ് അദ്ദേഹത്തിന്റെ അക്കാദമിക് ജീവിതത്തിൻ്റെ ഉച്ചസ്ഥായി. തത്വചിന്ത, ചരിത്രം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ ഫൂക്കോ പുലർത്തിയ സവിശേഷവും വ്യതിരിക്തമായ സമീപനം കൊണ്ടാണ് ഈ അസാധാരണമായ തലക്കെട്ട് അദ്ദേഹത്തിൻ്റെ അധ്യാപനത്തിനായി സൃഷ്ടിക്കപ്പെട്ടത്.
അധികാരം, സാമൂഹിക മാറ്റം എന്നീ ആശയങ്ങളിലായിരുന്നു ഫൂക്കോയുടെ വൈജ്ഞാനിക പ്രവർത്തനം. ഫ്രഞ്ച് വിപ്ലവത്തിലൂടെ ഫ്രാൻസ് രാജവാഴ്ചയിൽ നിന്ന് ജനാധിപത്യത്തിലേക്ക് വഴിമാറിയപ്പോൾ ഇവ എപ്രകാരം പ്രവർത്തിച്ചു എന്ന് അദ്ദേഹം പ്രത്യേകമായും പഠിക്കുകയുണ്ടായി. ‘സ്വാതന്ത്ര്യം’, ‘യുക്തി’ എന്നിവയുടെ തുടർച്ചയായതും, അനിവാര്യവുമായ നേട്ടമായി ഇതിനെ വിലയിരുത്തിക്കൊണ്ട് ഈ കാലഘട്ടത്തിൽ സംഭവിച്ച പരിവർത്തനത്തെ അമിതമായ രീതിയിൽ ലളിതവൽകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. ആധുനിക സമൂഹങ്ങളിൽ പ്രവർത്തിക്കുന്ന അധികാരത്തിൻ്റെ രീതിയെ തെറ്റായ നിലയിൽ മനസ്സിലാക്കാൻ ഇത് കാരണമായി എന്നും ഫൂക്കോ പറഞ്ഞുവച്ചു. ഉദാഹരണത്തിന്, ഭരണകൂടത്തിന്റെ പുതിയ രൂപം പീഡനങ്ങളെയും പൊതുസമക്ഷമുള്ള തൂക്കിക്കൊലകളെയും ശിക്ഷ എന്ന നിലയിൽ ആശ്രയിക്കുന്നില്ലെങ്കിൽ പോലും അത് ഇപ്പോഴും വ്യക്തി ശരീരത്തെ പുതിയ രീതിയിൽ നിയന്ത്രിക്കുന്നുണ്ട് – അത് പൗരന്റെ മാനസിക നിലയുടെ നിയന്ത്രണത്തിൽ ഊന്നുന്നതുമാണ്.
ജയിലുകൾ, മാനസികാരോഗ്യ തടവറകൾ, സ്‌കൂളുകൾ, തൊഴിലിടങ്ങൾ, ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പുതിയതും “മാനവികവുമായ” “അച്ചടക്കം”, “നിരീക്ഷണം” എന്നീ സമ്പ്രദായങ്ങളിലൂടെ ഫ്രഞ്ച് സമൂഹം ശിക്ഷയെ പുനഃക്രമീകരിച്ചതായി 1975-ൽ പുറത്തിറങ്ങിയ “അച്ചടക്കവും ശിക്ഷയും” എന്ന പുസ്തകത്തിൽ ഫൂക്കോ വാദിച്ചു. കേവലമായ ശാരീരിക ശിക്ഷയുടെ ഭീഷണിയിലൂടെയല്ലാതെ ഈ സ്ഥാപനങ്ങൾ സാമൂഹിക മാനദണ്ഡങ്ങൾ പാലിക്കുന്ന അനുസരണയുള്ള പൗരന്മാരെ സൃഷ്ടിച്ചു. അവരുടെ പെരുമാറ്റം നിരന്തരമായി രൂപകൽപന ചെയ്യുന്നതിലൂടെ അധീശ വിശ്വാസങ്ങളും മൂല്യങ്ങളും അവർ പൂർണമായി ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെയായിരുന്നു ഇത്. ഫൂക്കോയുടെ വീക്ഷണത്തിൽ, പുതിയ “അച്ചടക്ക” ശാസ്ത്രങ്ങൾ (ഉദാഹരണത്തിന്, ക്രിമിനോളജി, സൈക്യാട്രി, വിദ്യാഭ്യാസം) മുൻ സാമൂഹിക ക്രമത്തിൽ അസാധ്യമായ രീതിയിൽ എല്ലാ “വ്യതിചലനങ്ങളെയും” വെളിച്ചത്തു കൊണ്ടുവരാനും അപ്രകാരം അവയെ തിരുത്താവുന്നവയായി പരിവർത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
ഇംഗ്ലീഷ് തത്വചിന്തകനായ ജെറമി ബെന്താമിന്റെ 1787-ലെ പനോപ്റ്റിക്കോൺ എന്ന രൂപകത്തെ തന്റെ ആശയം വ്യക്തമാക്കുന്നതിനായി ഫൂക്കോ ഉപയോഗിച്ചു. ഓരോ തടവുകാരെയും മധ്യത്തിലുള്ള ഒരിടത്തുനിന്നും അവരറിയാതെ സൂക്ഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കും വിധം തുറന്ന് കിടത്താൻ രൂപകൽപ്പന ചെയ്‌ത വൃത്താകൃതിയിലുള്ള ജയിലായിരുന്നു ഇത്. അതിനാൽ തടവുകാർ എപ്പോഴും തങ്ങൾ നിരീക്ഷണത്തിനു കീഴിലെന്നപോലെ പ്രവർത്തിക്കേണ്ടി വന്നു. വിശാലമായ പുതിയ ലോകത്ത് ഫാക്ടറികൾ, മാനസിക തടവറകൾ, പ്രബലമായ ലൈംഗിക ധാർമികത എന്നിവയുടെ അച്ചടക്കവുമായി പൊരുത്തപ്പെടാൻ കഴിയുന്ന അനുസരണയുള്ള ആളുകളുടെ രൂപപ്പെടലിൽ ഇത് ചെന്നെത്തിയെന്ന് അദ്ദേഹം വാദിച്ചു. “മാനസികരോഗങ്ങൾ” (മുമ്പ് ഭ്രാന്ത് എന്ന് അറിയപ്പെട്ടിരുന്ന) ഉള്ളവർ ശാസ്ത്രീയമായി നിർണ്ണയിച്ചിട്ടുള്ള “മാനദണ്ഡ” പ്രകാരം തിരുത്താനും പരിവർത്തിപ്പിക്കാനുമുള്ള നിർദ്ദയമായ പരിശ്രമങ്ങളാൽ നിയന്ത്രിക്കപ്പെടുകയാണെന്നും ഫൂക്കോ വാദിച്ചു.
1976 ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി വാല്യം 1-ൽ ഫൂക്കോ വാദിച്ചത്, വ്യക്തിഗത പ്രവൃത്തനങ്ങളിലെ വ്യതിചലനങ്ങളെ അതായിത്തന്നെ പറഞ്ഞുവക്കുന്നതിനു പകരം അക്കാലത്തെ ശാസ്ത്രജ്ഞർ ഇത്തരം വ്യതിചലനങ്ങളെ “വൈകൃതം” അഥവാ അസ്വാഭാവികമായ “സ്വവർഗരതി” എന്നീ നിലകളിൽ പരിഗണിക്കുകയും വൈദ്യശാസ്ത്രത്തിൻ്റെ ഏകാഗ്രമായ ഇടപെടലുകളിലും തിരുത്തലും അവക്ക് ആവശ്യമാണെന്ന് പറയുകയുയുമാണ് ചെയ്തതെന്നാണ്.
അധികാരം/അറിവ്
അറിവും ശക്തിയും ഗാഢമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫൂക്കോ വാദിക്കുകയുണ്ടായി. ഇതിൽ ഒന്ന് മറ്റൊന്നിൽ നിന്ന് വേറിട്ടുനിൽക്കുന്നേയില്ലെന്ന് ചൂണ്ടിക്കാണിക്കാൻ അദ്ദേഹം ഉപയോഗിച്ചത് “അധികാരം/അറിവ്” എന്ന സംജ്ഞയാണ്. അധികാരത്തിന്റെ ഓരോ പ്രയോഗവും അതിനെ പിന്തുണയ്ക്കുന്ന അറിവിന്റെ ഒരു ശേഖരത്തെ ആശ്രയിച്ചിരിക്കുന്നു. അറിവിന്റേതായ ഇത്തരം അവകാശവാദപരമായ പ്രഖ്യാപനങ്ങൾ ചില നിശ്ചിത സംഘങ്ങളുടെ താൽപ്പര്യങ്ങളും, ഊർജ്ജവും ഉയർത്തുകയും മറ്റുള്ളവരെ പാർശ്വവത്കരിക്കുകയുമാണ് ചെയ്യുന്നത്. പ്രായോഗിക തലത്തിൽ ഇത് പലപ്പോഴും തിരുത്തലെന്നും സഹായവുമെന്നുമുള്ള പേരിൽ മറ്റുള്ളവരോടുള്ള മോശപ്പെട്ട പെരുമാറ്റത്തെ സാധൂകരിക്കുന്നു.
തത്വചിന്തയുടെയോ ചരിത്രപരമായ മാറ്റത്തിന്റെയോ അമൂർത്ത സിദ്ധാന്തങ്ങൾ മാത്രം പരിഗണിക്കാതെ മുന്നോട്ട് സഞ്ചരിച്ച ഒരാൾ എന്ന നിലയിലാണ് ഫൂക്കോ ഇത്രയും വിപുലമാം വിധത്തിൽ പണ്ഡിതന്മാരെ ആകർഷിക്കാൻ കാരണമായത്. യഥാർത്ഥത്തിൽ എന്താണ് പറയപ്പെട്ടതെന്ന് വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിൽ, അറിവിന്റെ രൂപങ്ങൾ എങ്ങനെ മാറുന്നുവെന്നതിനുള്ള ഭൂപടനിർമിതിക്കായി പാഠങ്ങൾ, ചിത്രങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ വിശകലനം ഉൾച്ചേർക്കപ്പെടുകയുണ്ടായി. ഉദാഹരണത്തിന്, 19-ാം നൂറ്റാണ്ടിൽ ലൈംഗികത അടിച്ചമർത്തപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. പകരം, വൈദ്യശാസ്ത്ര കേന്ദ്രങ്ങളിൽ ലൈംഗികാനുഭവങ്ങളെക്കുറിച്ച് സംസാരിക്കാൻ രോഗികൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. വിപുലീകൃതമായ പുതിയ ശാസ്ത്ര സാഹിത്യത്തിൽ ഇത് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
നിരീക്ഷണ ക്യാമറകളുടേതിൽ അടുത്തിടെയുണ്ടായ വിസ്ഫോടനകരമായ വളർച്ചയും അതോടൊപ്പം തന്നെയുള്ള “ബിഗ് ഡാറ്റ” യുടെ പങ്കാളിത്തവും നമ്മെ പരിപൂർണമായ ഒരു നിരീക്ഷണ-നിരീക്ഷിത സമൂഹമായി പരിവർത്തിപ്പിച്ചിരിക്കുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ചുള്ള ഫൂക്കോയുടെ ഉൾക്കാഴ്ചകൾ സാമൂഹിക ശാസ്ത്രത്തിലും മാനവിക വിഷയങ്ങളിലുടനീളവും പണ്ഡിത പര്യവേക്ഷണം ചെയ്യപ്പെടുന്നത് തുടരുകയാണ്. ലൈംഗികതയിലും ലിംഗഭേദത്തിലുമുള്ള സമകാലിക ചർച്ചകളിലും മാനസികാരോഗ്യ സ്ഥാപനങ്ങളുടെ സാമൂഹ്യശാസ്ത്ര പഠനങ്ങളിലും വൈദ്യശാസ്ത്ര രംഗത്തും അദ്ദേഹത്തിന് ഇന്നും ഗണ്യമായ സ്വാധീനമുണ്ട്; കൂടാതെ ചരിത്രത്തിലും രാഷ്ട്രീയത്തിലും സാംസ്കാരിക പഠനങ്ങളിലും തുടങ്ങിയ മറ്റനേകം മേഖലകളിലും അത് വ്യാപൃതമാണ്.
ഉദാഹരണത്തിന്, സ്വവർഗരതി ചരിത്രപരമായിത്തന്നെ “പാപം” എന്ന നിലയിൽ പുനർവ്യാഖ്യാനിക്കപ്പെടുകയും “ശാസ്ത്രീയമായ രോഗലക്ഷണമായി” പരിഗണിക്കപ്പെട്ടു പോന്നിരുന്നതുമായ ഒന്നാണ്. എന്നാൽ ഇപ്പോൾ അത് വിഹിതമായ “ലൈംഗികത”യായി മാറി. മാറ്റം സാധ്യമാകുന്നതെങ്ങനെ എന്നാണ് ഇത് കാണിച്ചുതരുന്നത്. അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ ഒരു പ്രധാന സവിശേഷത, അധികാരമുള്ളിടത്ത് എപ്പോഴും ചെറുത്തുനിൽപ്പും ഉണ്ടാകും എന്നതാണ്. അതിനാൽ എല്ലായ്‌പ്പോഴും “പ്രതിരോധത്തിന്റെ നിർദ്ദിഷ്ട സ്ഥാനങ്ങൾ” ഉണ്ട്. സ്ഥാപനവൽകൃതമായ അടിച്ചമർത്തൽ സമ്പ്രദായങ്ങളെ പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ അധികാര ബന്ധങ്ങൾ പുനഃക്രമീകരിക്കുന്നതിനുള്ള വാഗ്ദാനങ്ങൾ നിലനിർത്തുന്നവയാണ് ഇത്തരം ഇടങ്ങൾ.
വിവർത്തനം: സനൽ ഹരിദാസ്
Comments are closed.