ഒരു വൈകുന്നേരം തിരക്കുപിടിച്ച ചിക്കാഗോ റെയിൽവേസ്റ്റേഷനിൽ യാത്രക്കാരുടെ കണ്മുന്നിൽ വച്ച് ഒരു യുവതി ലൈംഗികാതിക്രമത്തിന് ഇരയാകുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ എടുത്തു പറയേണ്ട വസ്തുതകളിൽ ഒന്ന്, ചുറ്റുമുണ്ടായിരുന്നവർ ആരും ഇരയെ സഹായിക്കാൻ മുന്നോട്ടുവന്നില്ല എന്നതായിരുന്നു. തിരക്കുള്ള ആ റെയിൽവേ സ്റ്റേഷനിൽ അവരുടെ നിലവിളികൾ ആരും ചെവികൊണ്ടില്ല. അതേസമയം ഇതേ സംഭവത്തെക്കുറിച്ചുള്ള മറ്റൊരു റിപ്പോർട്ടിൽ സംഭവസ്ഥലത്തുനിന്ന് പ്രതിയെ പിടികൂടാൻ സഹായിച്ച ആറോളം വ്യക്തികളെ പൊലീസ് അവാർഡിനായി ശുപാർശ ചെയ്തതായി പരാമർശിക്കുന്നുണ്ട്. ഈ റിപ്പോർട്ടിൽ ശ്രദ്ധേയമായ രണ്ട് കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാമതായി, സംഭവം നടക്കുന്നത് പുറത്തേക്ക് മാത്രം പോകാനാവുന്ന വാതിലിനടുത്ത് വെച്ചായിരുന്നു. രണ്ടാമതായി എന്താണ് ശരിക്കും സംഭവിക്കുന്നത് എന്ന് കാഴ്ചക്കാർക്ക് മനസ്സിലാക്കാനാകാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
ബലാത്സംഗം ചെയ്ത വ്യക്തി ഇരയോട് മുഖത്ത് ചിരി വരുത്താൻ ആവശ്യപ്പെട്ടിരുന്നു. ഭയം മൂലം ഇര അത് അനുസരിക്കുകയും ചെയ്തു. എന്നാൽ “രക്ഷിക്കണേ” എന്ന് അവർ നില വിളിച്ചതായി റിപ്പോർട്ടുണ്ട്. നടക്കുന്നത് ബലാത്സംഗം ആണോ അതോ ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ എന്ന് തിരിച്ചറിയാൻ പെട്ടെന്ന് കാഴ്ചക്കാർക്ക് കഴിയുമായിരുന്നില്ല. എന്നാൽ കാഴ്ചക്കാരിൽ പ്രായം കുറഞ്ഞ വ്യക്തിയായ റാൻഡി കൈൽസിന് അപകടം മണത്തു. പതിവില്ലാത്ത ഒരു സംഭവം നടന്നിട്ടും അവിടെ ഉണ്ടായിരുന്ന യാത്രക്കാർ തങ്ങളുടെ യാത്ര തുടരുകയാണുണ്ടായത്. പ്രതി മാത്രം അവിടെ നിലയുറപ്പിച്ചു. പിന്നീട് ഇര സഹായത്തിനായി നിലവിളിച്ചുകൊണ്ട് പടവുകൾ ഓടിക്കയറിയപ്പോൾ കൈൽസ് പ്രതിയുടെ പിന്നാലെ ഓടി അയാളെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. “എനിക്ക് ആ സ്ത്രീയെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമായിരുന്നു. അവിടെ നടക്കുന്നതിൽ എന്തോ അസ്വാഭാവികതയുള്ളതായി എനിക്ക് തോന്നി. ആക്രമിക്കപ്പെട്ടത് എന്റെ കുടുംബത്തിലുള്ളവരോ, കൂട്ടുകാരോ ആരുമാകാമായിരുന്നു” അയാൾ പറഞ്ഞു.
മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ബലാത്സംഗം വലിയ വാർത്താ മൂല്യമുള്ളതായിരുന്നില്ല. പ്രാധാന്യം ലഭിച്ചത് വായനക്കാരന്റെ താല്പര്യങ്ങൾക്കാണ്, ദൃക്സാക്ഷികളുടെ പ്രവർത്തികൾ വിവരിച്ചത് തന്നെ ഉദാഹരണമായെടുക്കാം. ടൈംസിന്റെ റിപ്പോർട്ട് പ്രകാരം സംഭവസ്ഥലത്ത് അത്രയധികം വ്യക്തികൾ ഉണ്ടായിട്ടും ആരും ആ കുറ്റകൃത്യം തടയാൻ ശ്രമിച്ചില്ല. ഓഹ് എന്ത് കഷ്ടമാണത്. ആ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്താണ് ചെയ്തിട്ടുണ്ടാവുക എന്ന് വായനക്കാരൻ ചിന്തിക്കും. അതേസമയം ട്രൈബ്യൂണിൽ നൽകിയ വാർത്തയിൽ കൈലിനെ പോലെ ചുരുക്കം ചില ദൃക്സാക്ഷികൾ എങ്കിലും സാഹചര്യത്തിന് അനുസരിച്ച് പെരുമാറിയിട്ടുണ്ട്. ബലാത്സംഗം തടയാതിരിക്കാൻ ഉണ്ടായ രണ്ട് കാര്യങ്ങൾ അവർ എടുത്തു പറയുന്നുണ്ട്. സ്റ്റേഷന്റെ ദിശ, ഇര ബലാത്സംഗം ആസ്വദിച്ചു എന്ന് സംശയം ജനിപ്പിക്കുന്ന ചിരി എന്നിവയാണവ. എന്നാൽ എന്താണ് നടക്കുന്നത് എന്ന് മനസ്സിലായപ്പോൾ കൈൽസ് പ്രതികരിച്ചത് വായനക്കാരന് ആശ്വാസം നൽകുന്നുണ്ട്. ഇത്തരത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ തങ്ങളും കൈൽസിനെ പോലെയാവും പ്രതികരിച്ചിട്ടുണ്ടാവുക എന്നവർ ചിന്തിക്കും.
ഈ റിപ്പോട്ടുകൾ പറഞ്ഞുവെക്കുന്നത് പൊതുസ്ഥലത്ത് ഒരാൾ അതിക്രമത്തിന് ഇരയാവുന്നത് നിസ്സംഗനായി കണ്ടുനിൽക്കരുത് എന്നാണ്. പ്രതികരിക്കുക, അല്ലെങ്കിൽ പ്രതികരിക്കാതിരിക്കുന്നതിന് വ്യക്തമായ സാഹചര്യമുണ്ടാവുക എന്നീ രണ്ട് സാധ്യതകളാണ് ധാർമ്മികമായി നിലവിലുള്ളത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നാം സഹജീവികളോട് മാന്യമായ രീതിയിൽ പെരുമാറിയാൽ മാത്രം പോരാ, അവർക്ക് ഉപദ്രവം ഉണ്ടാക്കുന്നവരെ തടയുകയും വേണം. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഈ ‘കടമ’ക്ക് കൃത്യമായ ഒരു നാമം ലഭ്യമല്ല. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇടപെടേണ്ടത് എന്നോ പിന്മാറേണ്ടത് എന്നോ വ്യക്തമാക്കുന്ന ലിഖിത നിയമങ്ങളും ഇല്ല. സമൂഹത്തിൽ മൂല്യങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ അവയ്ക്ക് ചിട്ടയോ വ്യവസ്ഥയോ നിലവിലില്ല. “അവിടെ നടന്നത്തിൽ എന്തോ അസ്വാഭാവികതയുണ്ടായിരുന്നു” എന്ന് കൈൽസ് പറയുമ്പോൾ, എന്തായിരുന്നു അത് എന്നതിന് കൈൽസിന് കൃത്യമായ മറുപടിയുണ്ടാകണമെന്നില്ല. നമുക്കെല്ലാവർക്കും അത് കൃത്യമായി മനസ്സിലാവുകയും ചെയ്യും. എന്നാൽ അത് വിശദീകരിക്കാനാവശ്യമായ ഒന്നും തന്നെ നമ്മുടെ മുന്നിലില്ല എന്നതാണ് വാസ്തവം. ‘രക്ഷപ്പെടുത്തൽ’ ആവശ്യമായ സന്ദർഭങ്ങൾ ഏതൊക്കെയാണെന്ന് നിയമ പണ്ഡിതന്മാരും, തത്വചിന്തകരും വിശാലമായി ചർച്ചചെയ്യുന്നുണ്ട്. എന്നാൽ നമ്മുടെ പൊതു വ്യവഹാരത്തിനകത്ത് അത്തരം ചർച്ചകൾ വ്യാപകമല്ല എന്നതാണ് യാഥാർഥ്യം. “നന്മയെ കൊണ്ട് കൽപിക്കുകയും, തിന്മയെ വിലക്കുകയും ചെയ്യുക” (അംറുൻ ബിൽ മഅ്റൂഫ്, വ നഹ്‌യ് അനിൽ മുൻകർ) എന്നാണ് ഇത്തരത്തിലുള്ള ധാർമികമായ കടമകൾക്ക് ഇസ്‌ലാമിക വ്യവഹാരങ്ങൾ നൽകുന്ന പേര്.
131/748 ആം ആണ്ടിൽ ഉമയ്യദ് രാജവംശം അട്ടിമറിക്കപ്പെട്ട കലാപത്തിന് തുടക്കം കുറിക്കപ്പെട്ട സമയം. അബ്ബാസിദ് സൈന്യം ഇറാക്കിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കെ പ്രസ്തുത അട്ടിമറിയുടെ ശിൽപ്പിയായ അബു മുസ്‌ലിം ഖുറാസാൻ ഭരണം നിയന്ത്രിച്ചുകൊണ്ട് മർവിൽ തന്നെ തങ്ങി. അങ്ങനെയിരിക്കെ അബു ഇസ്ഹാഖ് ഇബ്രാഹിം ഇബ്നു മൈമുൻ എന്ന സ്വർണ്ണപ്പണിക്കാരൻ അബു മുസ്‌ലിമിന്റെ അധികാരത്തിന്റെ നൈതികതയെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുവന്നു. “ദൈവനാമത്തിൽ നിങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുക എന്നതല്ലാതെ ഗുണകരമായ ഒന്നും എനിക്ക് ചെയ്യാനില്ല. ഭൗതികമായി ഞാൻ ദുർബലനാണ് എങ്കിലും നാവുകൊണ്ട് ഞാനത് ചെയ്യും. സൃഷ്ടാവ് എല്ലാം കാണുന്നുണ്ട്. ഞാൻ നിങ്ങളെ വെറുക്കുന്നു”. തന്റെ ധാർമ്മികമായ കടമ നിർവഹിക്കുന്നതിനായി മൂന്നാം തവണയും ഭരണാധികാരിക്ക് മുന്നിലെത്തിയ അദ്ദേഹത്തെ ഒടുക്കം അബു മുസ്‌ലിം വധശിക്ഷക്ക് വിധേയനാക്കി.
അബു മുസ്‌ലിം, ഇബ്രാഹിം ഇബ്നു മൈമുനെ വധശിക്ഷക്ക് വിധിക്കുന്നത് അദ്ദേഹത്തിന്റെ മതപരവും, രാഷ്ട്രീയവുമായ നിലപാടുകൾ കാരണമായിരുന്നു. ഭക്തിയും, സൂക്ഷമതയുമുള്ള ജീവിതത്തിനുടമയായിരുന്ന മൈമൂൻ ആരാധനാ കർമങ്ങളിൽ കണിശത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. നല്ല വസ്ത്രം ധരിച്ച്, സുഗന്ധം പൂശി മരണത്തിണ് തയ്യാറായിട്ടാണ് അദ്ദേഹം ഭരണാധികാരിയുടെ മുന്നിലെത്തിയിരുന്നത്. താൻ വിശ്വസിച്ച മൂല്യങ്ങളുടെ തുടർച്ചയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും. ജീവിതത്തിലും മരണത്തിലും നന്മയെ കൽപിക്കുകയും തിന്മയെ വിലക്കുകയും ചെയ്യുക എന്നത് സ്വന്തം കടമയായി അദ്ദേഹം കരുതി. അനീതി ചെയ്യുന്ന ഭരണാധിയോട് സത്യം വിളിച്ച് പറയുക എന്നതാണ് ഏറ്റവും മികച്ച യുദ്ധം എന്നും, അങ്ങനെയുള്ള മരണമാണ് ഏറ്റവും ശ്രേഷ്ഠം എന്നുമുള്ള പ്രവാചക മൊഴിയെ പിൻപറ്റിയാണ് അദ്ദേഹം മരണം വരിച്ചത്.
പ്രസിദ്ധ കർമശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം അബൂ ഹനീഫ(റ)യുമായി, വിശ്വാസിയുടെ ഈ കടമയെക്കുറിച്ച് ഇബ്രാഹിം ഇബ്നു മൈമുൻ തർക്കത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. അക്രമിയായ ഭരണാധികാരിയോട് സത്യം വിളിച്ച് പറയൽ ദൈവികമായ കടമയാണ് എന്ന കാര്യത്തിൽ രണ്ടുപേരും യോജിച്ചിരുന്നു എങ്കിലും അതിന്റെ പ്രായോഗിക തലത്തിൽ രണ്ടുപേരും വിയോജിച്ചു. ഭരണാധികാരിയുടെ അനീതിക്കെതിരെ കലാപം തുടങ്ങേണ്ടതുണ്ട് എന്നും, അതിന് തന്റെ സർവ്വ പിന്തുണയും താങ്കൾക്ക് ഉണ്ടാവുമെന്നും ഇബ്രാഹിം ഇബ്നു മൈമൂൻ ഇമാം അബൂ ഹനീഫ(റ)യെ അറിയിച്ചു. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ വിവേകത്തോടെ പെരുമാറേണ്ടതുണ്ട് എന്നും സ്വയം കൊല്ലപ്പെടാനും, മറ്റുള്ളവർക്ക് ഉപദ്രവമാകുന്നതിനും മാത്രമേ കലാപത്തിന് ചാടിപ്പുറപ്പെടൽ സഹായകമാകൂ എന്നുമുള്ള നിലപാടാണ് അബൂ ഹനീഫ(റ) സ്വീകരിച്ചത്. അത്കൊണ്ട് തന്നെ ക്ഷമയോടെ ദൈവത്തിന്റെ തീരുമാനത്തിന് കാത്തിരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇബ്രാഹിം ഇബ്നു മൈമൂന്റെ മരണവാർത്ത അബൂഹനീഫയുടെ കാതുകളിൽ എത്തിയപ്പോൾ അങ്ങേയറ്റം ദുഃഖിതനായിരുന്നു എങ്കിലും അദ്ദേഹം അത്ഭുതപ്പെട്ടില്ല.
ഇമാം അബൂ ഹനീഫ(റ), ഇബ്രാഹിം ഇബ്നു മൈമൂനെ അപേക്ഷിച്ച് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. ‘തിന്മ വിരോധിക്കുക’ എന്ന കടമയുടെ രാഷ്ട്രീയ വിവക്ഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കരുതലോടെയുള്ള സമീപനം ആദ്യകാലത്തെ ഹനഫി നിലപാടുകളുമായി ചേർന്നുപോകുന്നതാണ്. അൽ ഫിഖ്ഹ് അൽ അബ്സത് എന്ന ഗ്രന്ഥത്തിൽ ഈ വിഷയത്തെ അഭിമുഖീകരിക്കുന്ന ഇമാം ഒരു ചോദ്യത്തിലേക്ക് കടക്കുന്നു. “നന്മ കൊണ്ട് കൽപിക്കുകയും തിന്മയെ വിലക്കുകയും ചെയ്യുന്ന ഒരാൾ അനുയായികളെ ഉപയോഗിച്ച് സമുദായത്തിലെ കൂട്ടായ്‌മക്കെതിരെ (ജമാഅത്) കലാപത്തിന് മുന്നിട്ടിറങ്ങുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? ഇതിനെ അനുകൂലിക്കുന്നുണ്ടോ?” “ഇല്ല” എന്നാണ് ഇമാം നൽകുന്ന മറുപടി. ദൈവവും, അവന്റെ പ്രവാചകനും നമ്മുടെമേൽ തിന്മ വിലക്കൽ ഉത്തരവാദിത്തമാക്കിയിട്ടില്ലേ എന്ന മറുചോദ്യത്തിന് അത്തരം കലാപങ്ങൾ ഉണ്ടാക്കുന്ന നന്മയെക്കാൾ അധികമായിരിക്കും അവ സമൂഹത്തിലുണ്ടാക്കുന്ന തിന്മകൾ എന്നാണ് അദ്ദേഹം നൽകുന്ന ഉത്തരം. ഈ നിലപാട് ലോകത്തെ നല്ല വഴിയിലേക്ക് നടത്തുക എന്നത് ഒരു വ്യക്തിയുടെ മാത്രം കടമയല്ല, ഒരുപക്ഷേ ഒരു സമൂഹം തന്നെ അത് ഏറ്റെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന സ്വർണ്ണപ്പണിക്കാരന്റെ വിഷയത്തിൽ എടുത്ത നിലപാടിനേക്കാൾ വ്യാപകമായ അർത്ഥമുള്ളതാണ്.
തിന്മയെ വിരോധിക്കുന്നതുമായി ബന്ധപ്പെട്ട പരിപൂർണമായ നിഷ്‌ക്രിയത്വം എന്ന നിലപാടുമായി ഇമാം അബൂ ഹനീഫ(റ)യെയോ, ഹനഫീ ചിന്തകളെയോ ചേർത്തുനിർത്തുന്നത് ചരിത്ര യാഥാർഥ്യങ്ങളുമായി ചേർന്നുപോകില്ല എന്ന വസ്തുത നിലനിൽക്കെ തന്നെ നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനമാകുന്നത് അദ്ദേഹം ഈ വിഷയത്തിൽ മുന്നോട്ടുവെക്കുന്ന തത്വങ്ങളാണ്. സ്വർണപ്പണിക്കാരനുമായും, രണ്ടാമത്തെ ചോദ്യകർത്തവുമായും തിന്മ വിരോധിക്കുക എന്നത് ദൈവികമായ ഉത്തരവാദിത്വമാണ് എന്നും, ഈ കടമയുടെ രാഷ്ട്രീയമായ സാധ്യതകളെ പൂർണമായും തള്ളിക്കളയാനാകില്ല എന്നുമുള്ള കാര്യങ്ങളിൽ അദ്ദേഹം യോജിക്കുന്നുണ്ട്. ഇവിടെ നമുക്ക് ദൈവിക ധാർമ്മിക നിയമങ്ങളുടെ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തികളും നേരിട്ട് നിർവഹിക്കുക എന്ന മുഖ്യധാരാ ഇസ്‌ലാമിക ചിന്തയിലെ സുപ്രധാനമായ ഒരു മൂല്യം കാണാനാവും. അതായത് ഓരോവ്യക്തിയും ധാർമിക നിയമങ്ങൾ കല്പിക്കുന്നതിനുള്ള അവകാശവും കടമയുമുണ്ട്. സാമൂഹികമായും, രാഷ്ട്രീയമായും തന്നെക്കാൾ ഉയർന്നവരോടും ഇത്തരം കൽപനകൾ നടത്താനാവും. വിവേകത്തിന്റെ അതിർവരമ്പുകളില്ലാതെ ഈ കടമ നടപ്പിലാക്കാൻ ശ്രമിച്ചതാണ് സ്വർണ്ണപ്പണിക്കാരൻ രക്തസാക്ഷിത്വം വരിക്കാനുള്ള കാരണം.
സുബൈർ ഇബ്ന് ബക്കർ, ഖലീഫ അൽ മഅ്മൂനും പേരറിയാത്ത ഒരു മതഭ്രാന്തനും തമ്മിൽ നടന്ന ഒരു സംഭാഷണം ഉദ്ധരിക്കുന്നുണ്ട്. ആനറ്റോളിയക്കെതിരെ യുദ്ധത്തിൽ ആയിരിക്കുന്ന സമയത്ത് ഖലീഫ തന്റെ പടത്തലവനുമായി നടക്കാനിറങ്ങിയതാണ്. അപ്പോൾ മുഖാവരണം ധരിച്ച ഒരു വ്യക്തി അവർക്കു മുന്നിലെത്തി. അഭിവാദ്യം ചെയ്യാൻ വിസമ്മതിച്ച അയാൾ ഖലീഫ സൈന്യത്തെ അഴിമതിയിലേക്ക് നയിച്ചുവെന്ന് ആരോപിച്ചു. തിന്മ വിലക്കുന്നത് നിരോധിച്ചു എന്നതായിരുന്നു, അയാളുടെ ആരോപണങ്ങളിൽ പ്രധാനം. നന്മ കൊണ്ട് കൽപ്പിക്കുന്നത് തെറ്റായി ചെയ്യുന്നവരെ മാത്രമേ താൻ വിലക്കിയിട്ടുള്ളു എന്നും, അറിവുള്ളവർ നമ്മക്കൊണ്ട് കല്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത് എന്നും ഖലീഫ വ്യക്തമാക്കി. അയാളുടെ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകിയ ഖലീഫ നന്മ കൽപ്പിക്കാനുള്ള ശ്രമത്തിൽ താങ്കൾ തിന്മയാണ് ചെയ്യുന്നത് എന്ന് തിരിച്ച് പറഞ്ഞു.
ഖലീഫ ആ മനുഷ്യനോട് ചില ചോദ്യങ്ങൾ ചോദിച്ചു:
“താങ്കൾ കടന്നുപോകുമ്പോൾ രണ്ട് യുവമിഥുനങ്ങൾ സന്തോഷത്തോടെ സംസാരിച്ചുകൊണ്ട് പർവ്വതങ്ങളിലൂടെ നടക്കുന്നത് കണ്ടാൽ എന്തു ചെയ്യും? “
“അവരാരാണ് എന്ന് അവരോട് അന്വേഷിക്കും” അയാൾ പറഞ്ഞു
ഖലീഫ തുടർന്നു, “അവർ തങ്ങൾ ഭാര്യാഭർത്താക്കന്മാരാണ് എന്ന് മറുപടി പറഞ്ഞാലോ? “
“ഞാനവരെ തമ്മിൽ പിരിക്കുകയും തുറങ്കിലടക്കുകയും ചെയ്യും”
“എത്ര കാലം?”
“ഞാൻ അവരെപ്പറ്റി അന്വേഷിച്ചുറപ്പിക്കുന്നത് വരെ”
“താങ്കൾ ആരോടാണ് അന്വേഷിക്കുക?”
“അവർ എവിടെ നിന്നാണോ വരുന്നത് അവിടെ അന്വേഷിക്കും.”
“അവർ ഇരുവരും അസ്ഫീജാബിൽ നിന്നാണെന്ന് മറുപടി പറഞ്ഞാൽ സംശയം തീർക്കാൻ ദൂതനെ വിട്ട് അയാൾ തിരിച്ച വരുന്നത് വരെ സംശയം തീർക്കാനായി തടവിൽ വെക്കുമോ? ഇനി അന്വേഷിച്ച് തിരികെയെത്തും മുൻപ് ദൂതനോ, തടവുകാരോ മരിക്കുകയാണെങ്കിൽ എന്തുചെയ്യും?”
“ഞാൻ താങ്കളുടെ കാമ്പിലുള്ളവരോട് ചോദിക്കും”
“എന്റെ സങ്കേതത്തിൽ അവിടെ നിന്നുള്ള രണ്ടു വ്യക്തികൾ മാത്രമേ ഉള്ളു എന്നും അവർക്ക് ഇരുവരെയും അറിയില്ല എന്നും വന്നാൽ എന്തുചെയ്യും?
ഇതിന് വേണ്ടിയായിരുന്നോ താങ്കളീ മുഖാവരണം ധരിച്ചത്?” ഖലീഫ ചോദിച്ചു
ഒടുവിൽ അക്രമിയായ ഭരണാധികാരിയെ ചോദ്യം ചെയ്യുക എന്ന മഹത്തയ കടമ നിർവഹിക്കുക എന്ന് ഭാവിച്ചെത്തിയ മനുഷ്യന്റെ മുഖാവരണം ഖലീഫ അഴിച്ചു മാറ്റുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഭരണാധികാരിയുടെ തെറ്റ് ചൂണ്ടി കാണിക്കുകയോ, നേരായ വഴിയിൽ നടത്തുകയോ ആയിരുന്നില്ല ആ വ്യക്തിയുടെ ഉദ്ദേശം.അയാളുടെ ഉള്ളു നിറയെ മുൻവിധികളും, തെറ്റിദ്ധാരണകളും ആയിരുന്നു. ഇത്തരക്കാർ സാധാരണ വിശ്വാസികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുകയും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ഇവർക്കരികിലൂടെ വിവാഹിതരായവർക്ക് പോലും ഒരുമിച്ച് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകില്ല എന്ന് ഖലീഫ പറഞ്ഞുവെക്കുന്നുണ്ട്. ഈ രണ്ട് സംഭവങ്ങളും കടമയുടെ അതിർവരമ്പുകൾ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ഒരു വശത്ത് തിന്മയെ വിലക്കാനുള്ള ശ്രമങ്ങൾ വിധ്വംസകാത്മകമാവുന്നതും, മറ്റൊരു വശത്ത് വ്യക്തികളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം കൺമുന്നിൽ നടക്കുന്ന അനീതികളോട് പരിപൂർണമായി കണ്ണടക്കുകയും അരുത്. ഇത്തരം പരിമിതികൾക്കിടയിലാവണം നൈതിക കടമകൾ എപ്പോഴെല്ലാം പാലിക്കപ്പെടേണ്ടതുണ്ട് എന്ന ചർച്ചകൾ വികസിക്കാൻ.
ആശയ വിവർത്തനം: ആദില ഹുസൈൻ

കൂടുതൽ വായനക്ക്: Commanding Right and Forbidding Wrong in Islamic Thought
Author: Michael Cook
പ്രസാധനം: Princeton University
Comments are closed.