ഇസ്‌ലാമും ആതിഥേയത്വവും അദ്യായം നാല്

നമ്മുടെ കൂടെ ഭക്ഷണം കഴിക്കാൻ അതിഥികളെ ക്ഷണിക്കുക എന്നാൽ അവർ നമ്മുടെ അടുത്താകുന്ന സമയമത്രയും അവരുടെ ക്ഷേമവും ഐശ്വര്യം നമ്മുടെ ഉത്തരവാദിത്വത്തിലാണ് എന്ന് കൂടിയാണ്

Jean- Anthelme Brillat Savarin, The Physiology of Taste,

പ്രകൃതി അനുവദിച്ച് നൽകിയ പരിമിതമായ ആനന്ദങ്ങള്‍ക്ക് വേണ്ടി സ്വയം പരിത്യാഗം ചെയ്യാൻ വരെ തെയ്യാറാവുന്ന മനുഷ്യരാണ് ജീവികളിൽ ഏറ്റവും സഹനശേഷിയുള്ളവര്‍ എന്ന് ദി ഫിസിയോളജി ഓഫ് ടേസ്റ്റ് എന്ന ഗ്രന്ഥത്തിൽ Jean Antheleme Brillat- Savarin കുറിക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭക്ഷണം കഴിക്കൽ വിശപ്പോ, ആഗ്രഹമോ ആവശ്യപ്പെടുന്നുണ്ട്, അതെ സമയം വിരുന്നിന്റെ ആസ്വാദനത്തിന് അവ രണ്ടും വേണമെന്നില്ല. തീന്‍മേശയുടെ ആനന്ദം എന്നത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. ഭക്ഷണം ഒരുക്കുന്നതിലെ ശ്രദ്ധയും, അത് വിളമ്പുന്ന സ്ഥലത്തിന്റെയും, അതിഥികളുടെയും തിരഞ്ഞെടുപ്പിനും അനുസരിച്ചാണ് ആ ആനന്ദത്തിൽ ഏറ്റവ്യത്യാസങ്ങളുണ്ടാവുന്നത്.

മധ്യകാല അറബ് എഴുത്തുകാരനായ ഇബ്നും കരീം അൽ ബഗദാദി തന്റെ പാചക ഗ്രന്ഥമായ കിതാബുത്തബീഖിന്റെ മുഖവുരയിൽ ഭക്ഷണം എല്ലാ ആനന്ദങ്ങൾക്കും ഉപരിയായ ആനന്ദമാണെന്നും അത് ആസ്വദിക്കുന്നതിന് മടി കാണിക്കേണ്ടതില്ല എന്നും രേഖപ്പെടുത്തുന്നുണ്ട്. നല്ലതും അനുവദനീയവുമായതിൽ നിന്നും നിങ്ങള്‍ ഭക്ഷിക്കുക എന്ന് പറയുന്ന ഖുര്‍ആനിക വചനം ഇതിനായി അദ്ധേഹം ഉദ്ധരിക്കുന്നത് കാണാം. ശബ്ദം, മണം, ലൈംഗിക ആനന്ദം, വസ്ത്രം, പാനീയം, ഭക്ഷണം എന്നിങ്ങനെ ആറുതരം ആനന്ദങ്ങളാണ് ഈ ലോകത്തുള്ളതെന്നും ഭക്ഷണം ആരോഗ്യ സംരക്ഷണത്തിന്റെ അടിത്തറയും, ജീവന്റെയും ശരീരത്തിന്റെയും അടിസ്ഥാന ഘടകവുമായതിനാൽ അതാണ് പരമ പ്രധാനമായ ആനന്ദമെന്നും അദ്ധേഹം പറയുന്നുണ്ട്.

ഖുര്‍ആന്‍ പല ഇടങ്ങളിലും ഭക്ഷണത്തെ ദൈവത്തിന്റെ അനുഗ്രഹമായാണ് പരിചയപ്പെടുത്തുന്നത്. അന്നപാനീയാദികള്‍ നിങ്ങള്‍ ഉപയോഗിക്കുക, എന്നാൽ ദുര്‍വ്യയം അരുതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (ഖുർആൻ 7:31). ജീവിതതത്തിൽ പൊതുവായി നിലനിർത്തേണ്ട മിതത്വം എന്ന ധാർമ്മിക ബാധ്യത ഭക്ഷണത്തിന്റെ കാര്യത്തിലും ഖുർആൻ നിർദ്ദേശിക്കുന്നു. അതിനാൽ ഭക്ഷണം ആസ്വദിക്കുന്നതിലും പാചക കലയിൽ നൈപുണ്യം നേടുന്നതിലും അപാകതയൊന്നുമില്ല. ‘പലരും പല തരത്തിലുള്ള ആനന്ദങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്. ഞാന്‍ ഭക്ഷണത്തിന് മുന്‍ഗണന കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം അഭിരുചിയുള്ളവര്‍ക്ക് വേണ്ടി ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്’ ബാഗ്ദാദി എഴുതുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ഭക്ഷണം കഴിക്കുക എന്നാൽ കേവലം വിശപ്പടക്കുക എന്നതിലുപരി പലതുമാണ്. അതിനാൽ നാം എന്ത് കഴിക്കുന്നു, അതിഥികൾക്കായി എന്ത് ഒരുക്കുന്നു എന്നതെല്ലാം മുസ്‌ലിം വ്യവഹാരങ്ങളിൽ ധാർമ്മിക ജീവിതം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിത്യജീവിതത്തിൽ പുലർത്തേണ്ട ബാധ്യതകളുടെ ഭാഗമാണ്. വിവിധ കാരണങ്ങളാൽ ജനങ്ങൾ സംഗമിക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്. അത്തരം ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സംഗമങ്ങളാണ് സമുദായങ്ങളെ രൂപപ്പെടുത്തുന്നത്. കാരണം ഭക്ഷണം കഴിക്കുക എന്നാൽ കേവലം വയർ നിറക്കൽ മാത്രമല്ല, മറിച്ച് അവിടെ നമ്മൾ കഴിക്കുന്നതിലും, കൂടെ കഴിക്കുന്നവരിലും ദൈവസ്മരണ ഉയരുകയും അതൊരു ആരാധന ആയി മാറുകയും ചെയ്യുന്നുണ്ട്.

ബൈബിൾ അപ്പോസ്തല പ്രവർത്തികളിൽ ആദ്യകാല ക്രിസ്ത്യൻ സാമുദായിക ജീവിതത്തിലെ ഭക്ഷണക്രമത്തിലേക്ക് സൂചനകൾ നൽകുന്നുണ്ട്: “ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയ പരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും, ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു” (Acts 2: 46–47). ‘ഭക്ഷണം ദൈവത്തിന്റെ അടയാളമാണ്. സൃഷ്ടികള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയാതെ വരുകയോ സാമ്പത്തിക കാരണങ്ങളാൽ ഒരു വിഭാഗത്തിന് ഭക്ഷണം ലഭ്യമാകാതിരിക്കുകയോ ചെയ്താൽ അത് ദൈവം രൂപപ്പെടുത്തിയ ക്രമം തെറ്റി എന്നതിന്റെയും, നാം അവനെതിരെ തിരിഞ്ഞിരിക്കുന്നു എന്നതിന്റെയും തെളിവാണ്’ നോര്‍മന്‍ വിസ്ബ എഴുതുന്നു.

ആതിഥേയത്വം നാം മനസ്സിലാക്കുന്നത് സൗഹൃദവും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ആയി ബന്ധപ്പെട്ടാണ്. എന്നാൽ ആതിഥേയത്വം അതിൽ മാത്രമായി ഒതുങ്ങുന്നതല്ല. നമ്മളിന്ന് അതിഥികളെ വീട്ടിലേക്ക് ക്ഷണിക്കുകയോ, മറ്റുള്ളവരുടെ വീടുകളിലേക്ക് പോവുകയോ മാത്രമല്ല ചെയ്യുന്നത്. വ്യത്യസ്ത സമൂഹങ്ങള്‍ എല്ലാ കാലത്തും സംഭാഷണത്തിനും, കൂടിക്കാഴ്ചകള്‍ക്കുമായി പ്രത്യേക സ്ഥലങ്ങൽ രൂപപ്പെടുത്തിയിരുന്നു. ഇന്ന് നഗരങ്ങളിൽ ഉയര്‍ന്നു വന്ന കോഫീ ഷോപ്പുകളും, അവിടെ നടക്കുന്ന സൗഹൃദ സംഭാഷണങ്ങളും, സൗഹൃദ സംഗമങ്ങളും പുതിയ ആതിഥ്യ സംസ്കാരത്തെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. സംഭാഷണങ്ങള്‍ക്കായി ആളുകള്‍ മുമ്പും വീടുകൾക്ക് പുറത്ത് ഒരുമിച്ച് കൂടുകയും അത്തരം കൂട്ടായ്മകളിൽ ഭക്ഷണ പാനീയങ്ങള്‍ പ്രധാന ഘടകമായി നിലകൊള്ളുകയും ചെയ്തിരുന്നു. ഇത്തരം സംഘം ചേരലുകള്‍ സംസ്കാരത്തിന്റെ ആരോഗ്യകരമായ മുന്നോട്ട് പോക്കിന്ന് പ്രധാനമാണ് എന്ന് ടൈലര്‍ ക്ലാര്‍ക്ക് എഴുതുന്നുണ്ട്. ലണ്ടനിലെ പബ്ബുകളും പാരീസിലെ കഫേകളും ബീജിംഗിലെ പരമ്പരാഗത ടീ ഷോപ്പുകളും അമേരിക്കയിലെ സോഡ ഫൗണ്ടയ്നുകളും ചരിത്രപരമായി ഇത്തരം സംഗമങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടങ്ങളാണ്.

ഭക്ഷണത്തെക്കുറിച്ചുള്ള ഖുർആനിക വിവരണങ്ങൾ നല്ല ഭക്ഷണം കഴിക്കുന്നതിനെയും അതിന്റെ ദാതാവായ ദൈവത്തെക്കുറിച്ച് ആലോചിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

നിങ്ങള്‍ക്കു ഭൂമിയെ ഒരു തൊട്ടില്‍ പോലെയാക്കുകയും അതില്‍ പലവിധ വഴികള്‍ തുറക്കുകയും ആകാശത്തുനിന്നു മഴവര്‍ഷിക്കുകയും ചെയ്തു തന്നവനാണവന്‍. എന്നിട്ട് അതുമൂലം വിവിധ സസ്യങ്ങളില്‍ നിന്നു പല (ജാതി) ഇണകള്‍ നാം ഉല്‍പാദിപ്പിച്ചു. ഈ ഉല്‍പന്നങ്ങളെ നിങ്ങള്‍ ഭക്ഷിക്കുകയും കന്നുകാലികളെ മേയിക്കുകയും ചെയ്യുക. നിശ്ചയമായും ബുദ്ധിമാന്‍മാര്‍ക്കു ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.

ഖുർആൻ 20:53–54

ഓ പ്രവാചന്മാരേ, നിങ്ങള്‍ നല്ല വസ്‌തുക്കളില്‍ നിന്നു ഭക്ഷിക്കുകയും സല്‍കര്‍മം അനുഷ്‌ഠിക്കുകയും ചെയ്യുക.

ഖുർആൻ 23:51

ചോദിക്കുക: ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച അല്ലാഹു അല്ലാത്തവരെയാണോ ഞാന്‍ ആരാധ്യനാക്കേണ്ടത്‌? അവന്‍ എല്ലാവരെയും ഭക്ഷിപ്പിക്കുന്നു. അവന്‌ ഉപജീവനം നല്‍കപ്പെടുന്നില്ല. താങ്കള്‍ പറയുക: മുസ്‌ലിംകളില്‍ ഒന്നാമത്തവന്‍ ഞാനായിരിക്കണമെന്നും ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകരുതെന്നും ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്‌

ഖുർആൻ 6:14

ദൈവത്തെ ഭക്ഷണവുമായി ബന്ധിപ്പിക്കുന്നതിലൂടെ മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് സര്‍വ്വ പ്രധാനമായ ഘടകമാണ് ഭക്ഷണം എന്നും, താനാണ് പരമമായ അന്ന ദാതാവ് എന്നും ദൈവം സൂചിപ്പിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ അത് ദൈവത്തിന്റെ അനുഗ്രഹമാണ് എന്ന് നാം സ്മരിക്കുന്നു. “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു മാത്രമാണ് ആരാധിക്കുന്നത് എങ്കില്‍ നാം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നല്ലവയില്‍ നിന്ന് ഭക്ഷിക്കുകയും അല്ലാഹുവിനോട് നന്ദി കാണിക്കുകയും ചെയ്യുക” (ഖുർആൻ 2:172). ഇവിടെ പ്രതിപാദിക്കുന്ന കൃതജ്ഞത (ഷുക്റ്) ഭക്ഷണത്തിനുള്ള നന്ദി മാത്രമല്ല, മറിച്ച് താന്‍ നിലകൊള്ളുന്ന പരമമായ നന്മക്കുള്ള നന്ദിയാണ്. മതാനുഷ്ടങ്ങളുടെ ഭാഗമായ അനുഗ്രഹങ്ങളോടുള്ള നന്ദി പ്രകടനങ്ങളെ കുറിച്ച് നാസ്തികനായ ബാഗിനി ഒരു രസകരമായ നിരീക്ഷണം നടത്തുന്നുണ്ട്. നന്ദി പ്രകടിപ്പിക്കൽ അനിവാര്യമായി അദ്ദേഹം കരുതുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നാസ്തികരും ആജ്ഞേയവാദികളും നേരിടുന്ന പ്രശ്നം നന്ദി പ്രകടിപ്പിക്കാന്‍ ഒരു ദൈവമില്ല എന്നതല്ല. അത് പ്രകടിപ്പിക്കാന്‍ കൃത്യമായ ഫ്രെയിംവർക്ക് ഇല്ല എന്നതാണ്. നന്ദിയെന്നത് കേവലം വാചിക പ്രവര്‍ത്തി എന്നതിനപ്പുറം ജീവിത രീതി തന്നെയാണെന്ന് ബാഗിനി പറയുന്നു.

ആതിഥ്യം മത സമൂഹങ്ങളിൽ പൗരാണിക കാലം മുതൽ തന്നെ ഭക്തിയുടെ ഭാഗമായി കണ്ടിരുന്നു. സൗന്ദര്യാത്മകമായ ആനന്ദങ്ങൾക്കപ്പുറത്ത് ആഗതികളെ ഭക്ഷിപ്പിക്കുന്നതിനും, യാത്രക്കാരും, അപരിചിതരും, സുഹ്യത്തുക്കളുമായുള്ള ബന്ധങ്ങള്‍ നിർമ്മിക്കുകയും സുദൃഢമാക്കുകയും ചെയ്യുക എന്നതായിരുന്നു അത്തരം ആതിഥേയത്വത്തിന്റെ ലക്ഷ്യമായി കണ്ടിരുന്നത്. ഏക ദൈവ വിശ്വാസ സമൂഹങ്ങളിൽ അതിഥിക്ക് നൽകുന്ന ഭക്ഷണവും, വെള്ളവും ദൈവികാനുഗ്രഹത്തിന്റെ അടയാളവും, ഒരു ധാർമ്മിക ഉത്തരവാദിത്തവുമായിട്ടാണ് കണ്ടിരുന്നത്. മറ്റുള്ളവർക്ക് ഭക്ഷണം നൽകുക എന്നതിനോളം ലളിതവും, മഹത്തരവുമായ ആശയം വേറെ ഇല്ല എന്ന് പറയാം. നാം ദൈവത്തിന്റെ അതിഥികളാണ് എന്നതിനാൽ  മറ്റുള്ളവര്‍ക്ക് ആതിഥ്യം നൽകാൻ നമുക്ക് ബാധ്യതയുണ്ട്. അതിഥികളുള്ള തീന്മേശകളിൽ ദൈവ സാന്നിദ്ധ്യം ഉള്ളതിനാൽ മറ്റുവള്ളവർക്ക് ആതിഥ്യം നൽകുക എന്നത് നമുക്ക് ദൈവത്തോടുള്ള സ്നേഹത്തിന്റെ അടയാളമായി മാറുന്നു. അതിഥി സൽക്കാരങ്ങൾ മറ്റൊന്നിന് പകരുമോ കൈമാറ്റമോ ആകരുത്, മറിച്ച് ആതിഥേയത്വം നൽകേണ്ടതും സ്വീകരിക്കേണ്ടതും പകരം ഒന്നും പ്രതീക്ഷിക്കാതെ ആയിരിക്കണം എന്ന് ഖുർആൻ ഓർമ്മപ്പെടുത്തുണ്ട്.

ഭക്ഷണത്തോട് (തങ്ങള്‍ക്കുതന്നെ) ഇഷ്ടമായതോടുകൂടി അഗതികള്‍ക്കും, അനാഥക്കുട്ടികള്‍ക്കും, ബന്ധനസ്ഥര്‍ക്കും അവര്‍ ഭക്ഷണം കൊടുക്കും. (അവരിങ്ങനെ പറയുകയും ചെയ്യും:) നിശ്ചയമായും അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രം ഞങ്ങള്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയാണ്. നിങ്ങളില്‍ നിന്ന് ഒരു പ്രതിഫലമോ, ഒരു നന്ദിയോ ഞങ്ങളുദ്ദേശിക്കുന്നില്ല.

ഖുർആൻ 76 : 8–9

പ്രശസ്ത മധ്യകാല പണ്ഡിതനായ അബൂ ഹാമിദ് അൽ ഗസ്സാലി(റ) തന്റെ ഇഹ്യാ ഉലൂമുദ്ധീന്‍ എന്ന ഗ്രന്ഥത്തിൽ ആതിഥ്യ മര്യാദകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു ഭാഗം തന്നെ മാറ്റിവെക്കുന്നുണ്ട്. നല്ല ജീവിതം നയിക്കുന്നതിനും ഭൗതിക പ്രലോഭനങ്ങളിൽ നിന്ന് അകലം പാലിക്കുന്നതിനും എങ്ങനെ കൃത്യമായ ആത്മ ശിക്ഷണം നടത്തണം എന്നതാണ് അദ്ദേഹത്തിന്റെ ചർച്ചകളുടെ താൽപ്പര്യം. മനുഷ്യന്‍ പരീക്ഷിക്കപ്പെടുന്ന ദുര്‍വൃത്തികളിൽ ഏറ്റവും വലുത് വയറിന്റെ ആഗ്രഹങ്ങളാണ് എന്ന് കിതാബ് കസ്റു ശഹ്‌വതൈൻ എന്ന അധ്യായത്തിൽ ഗസ്സാലി ഇമാം പറയുന്നു. വിശപ്പും ദാഹവും നമ്മുടെ ആത്മീയ ജാഗരണത്തിന് എങ്ങനെ ഗുണകരമായി വര്‍ത്തിക്കുന്നു എന്നതിനെകുറിച്ചാണ് ഈ പുസ്തകം ആദ്യം ചര്‍ച്ച ചെയ്യുന്നത്.

മിതമായ ഭക്ഷണക്രമവും വ്രതാനുഷ്ഠാനവും ആത്മീയ, ഭൗതിക തലങ്ങളിൽ  പ്രയോജനകരമാണ് എന്ന് ഇസ്‌ലാം അതിന്റെ ആദ്യകാലത്ത് തന്നെ തിരിച്ചറിയുന്നുണ്ട്. പ്രവാചകൻ(സ) പറയുന്നു: ‘വിശപ്പിൽ നിന്നാണ് വിവേകത്തിന്റെ വെളിച്ചം വെരുന്നത്, നാം പരിപൂര്‍ണ്ണ തൃപ്തരാകുമ്പോള്‍ അല്ലാഹുവിൽ നിന്ന് അകലുകയും, ദരിദ്രരെ സ്നേഹിക്കുകയും, അവരോട് അടുക്കുകയും ചെയ്യുമ്പോൾ നാം അല്ലാഹുവിന്റെ സമീപസ്തരാവുകയും ചെയ്യും’. വിശപ്പ് കൊണ്ട് ആസക്തികളെ നേരിടുമ്പോള്‍ ആത്മാവ് നിയന്ത്രണ വിധേയമാകുന്നു. വിശപ്പാണ് തിന്മ ചെയ്യാനുള്ള നമ്മുടെ ആഗ്രഹത്തിന് തടയിടുന്നത്. ഇമാം ഗസ്സാലി എഴുതുന്നു : ഭക്ഷണത്തിലൂടെ രൂപപ്പെടുന്ന ആരോഗ്യവും, ആസക്തികളുമാണ് തിന്മകളുടെ ഉറവിടം. കുറച്ച് മാത്രം ഭക്ഷിക്കുമ്പോള്‍ ആസക്തികളും, ശക്തിയും ദുര്‍ബലമാകുന്നു.

ഉദരാസ്ക്തിയെ ക്രിസ്ത്യാനികളും മുസ്‌ലിംങ്ങളും  ഒരു പോലെ പ്രശ്നവൽക്കരിക്കുന്നുണ്ട്. ഭക്ഷണവും വീഞ്ഞും നിറഞ്ഞ വയർ ദുർനടപ്പിലേക്ക് നയിക്കും എന്ന് സെന്റ് ജെറോമി പറയുന്നുണ്ട്. ശരീരത്തെ വൃത്തിയാക്കുന്നതിനും ലൈംഗിക തൃക്ഷണയെ നിയന്ത്രിക്കുന്നതിനുമുള്ള മാര്‍ഗ്ഗമായിട്ടാണ് വ്രതത്തെ കണ്ടിരുന്നത്. ബെനഡിക്റ്റ് നിയമം 39ആം അദ്ധ്യായം രണ്ടിനം പാകം ചെയ്ത വിഭവങ്ങള്‍ക്കൊപ്പം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും സേവിക്കലാണ് അഭികാമ്യം എന്ന് പരാമർശിക്കുന്നത് കാണാം. അമിതാസക്തി ക്രിസ്തീയ ഗുണങ്ങള്‍ക്ക് യോജിച്ചതല്ല എന്നതിനാൽ ഒഴിവാക്കപ്പെടേണ്ടതാണ് എന്ന് നിർദ്ദേശിക്കപ്പെടുന്നുണ്ട്. ‘നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങള്‍ക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍വിന്‍’ (ലൂക്ക 21:34)

സൂഫികളുടെ വ്രതാനുഷ്ഠാനത്തിന്റെ കാഠിന്യത്തെക്കുറിച്ച് സൂഫിവര്യനായ അബൂ ഉസ്മാന്‍ അൽ  മഗ്രിബിയുടെ വാക്കുകള്‍ സൂചന നൽകുന്നുണ്ട്. അദ്ദേഹം പറയുന്നു: ദൈവത്തിന് സ്വയം സമര്‍പ്പിച്ചവര്‍ നാൽപ്പത് ദിവസത്തിലൊരിക്കലും അനശ്വരതയെ ആഗ്രഹിക്കുന്നവൻ എൺപത് ദിവസത്തിലൊരിക്കലും മാത്രമേ ഭക്ഷണം കഴിക്കുകയൊള്ളൂ. മറ്റൊരു സൂഫി പറഞ്ഞു: ‘ഒരു സൂഫി അഞ്ച് ദിവസം വ്രതം അനുഷ്ടിച്ച ശേഷം ‘വിശക്കുന്നു’ എന്ന് പരാതി പറയുന്നു എങ്കിൽ അവനോട് ചന്തയിൽ  പോയി തൊഴിലെടുത്ത് ജീവിക്കാന്‍ പറയുക (Qushayrï 1990: 81–2) കാരണം അവൻ സൂഫി ജീവിതത്തിന് യോഗ്യനല്ല. സഹ്ലുത്തുസ്തരി ചോദിക്കപ്പെട്ടു: “ദിനേന ഒരു തവണ മാത്രം ഭക്ഷണം കഴിക്കുന്ന വ്യക്തിയെക്കുറിച്ച് എന്താണ് അങ്ങയുടെ അഭിപ്രായം?’ അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു: ‘അതാണ് വിശ്വാസിയുടെ ഭക്ഷണ ശീലം’ അഥവാ സൂഫികളല്ലാത്ത സാധാരണ മുസ്‌ലിമിന്റെ രീതി. ‘ദിനേന മൂന്നു തവണ ഭക്ഷണം കഴിക്കുന്ന വ്യക്തിയോ?’  അദ്ദേഹം ചോദിക്കപ്പെട്ടു. ‘അയാൾക്ക് വേണ്ടി ഒരു കുഴി കുഴിക്കാൻ നിങ്ങളുടെ ആളുകളോട് പറയൂ’ അദ്ദേഹം മറുപടി നൽകി (Qushayrï 1990:81).

ഇത്തരം തീവ്രമായ നിലപാട് സ്വീകരിക്കാതിരുന്നവർ പോലും വ്രതാനുഷ്ഠാനവും, ഭക്ഷണ ക്രമങ്ങളും സ്വഭാവ രൂപീകരണത്തിലേക്ക് നയിക്കുന്ന വിശുദ്ധ കർമ്മമായാണ് കണ്ടിരുന്നത്. അമിതാസക്തി മനുഷ്യനെ പ്രലോഭനിങ്ങളിലേക്ക് നയിക്കുമ്പോൾ വ്രതാനുഷ്ഠാനം ആത്മാവിനെ നിയന്ത്രിക്കുന്നതിനും ആരാധനകൾ ശക്തിപ്പെടുത്തുന്നതിനും ഉള്ള പ്രാഥമിക മാർഗ്ഗമായി മാറി. പല സൂഫികളും വ്രതാനുഷ്ഠാനത്തെ ശാരീരികം, ആത്മീയം എന്നിങ്ങനെ തരം തിരിക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഭക്ഷണം ശാരീരിക വ്രതം മുറിക്കുമെങ്കിലും ഇന്ദ്രീയങ്ങളെയും, ആലോചനകളെയും തിന്മകളിൽ നിന്നും നാവിനെയും കൈകളെയും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ നിന്നും അകറ്റി നിർത്തുന്ന സമയമത്രയും ആത്മീയ വ്രതം നിലനിൽക്കും.

തത്വ ചിന്തകനായ ജൂലിയൻ ബാഗിനി മതേതര പരിസരത്ത് വ്രതത്തെ വായിക്കുന്നത് നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കാനുള്ള മാർഗ്ഗമായിട്ടാണ്. ഭക്ഷണം കഴിക്കുക എന്നത് ആലോചനകളില്ലാത്ത സ്വാഭാവിക പ്രവർത്തനമായി മാറിയിട്ടുണ്ട് എങ്കിൽ നാം ആഗ്രഹങ്ങളുടെ മേൽ നിയന്ത്രണങ്ങളില്ലാതെ യാന്ത്രികമായി ചലിക്കുന്നവരായി മാറിയിരിക്കുന്നു. ‘ആഗ്രഹങ്ങളുടെ മേൽ പുനർവിചിന്തനമില്ലാതെ പ്രവർത്തിക്കുന്നുവെങ്കിൽ നാം സ്വയം നിയന്ത്രിക്കുന്നില്ല, മറിച്ച് പ്രേരണകളാൽ ഭരിക്കപ്പെടാൻ അനുവദിക്കുകയാണ് ചെയ്യുന്നത്’ അദ്ദേഹം എഴുതുന്നു. ഓട്ടോണമിയെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി സന്യാസ ശിക്ഷണത്തെ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്:

‘യഥാർത്ഥ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് സ്വയം നിയന്ത്രിക്കാനുള്ള ശേഷിയാണ്. നിങ്ങളിൽ ഉണ്ടാകുന്ന ഏതൊരു ആഗ്രഹങ്ങളാലും പ്രേരണകളാലും നിയന്ത്രിക്കപെടലല്ല സ്വാതന്ത്ര്യം. സന്യാസിമാർ ചെയ്യുന്നതുപോലെ ചില സമയങ്ങളിൽ ചിലത് മാത്രം കഴിക്കുന്നത് നമ്മുടെ ആഗ്രഹങ്ങളുടെ അടിമയായി പിന്തുടരാനുള്ള നമ്മുടെ പ്രവണതയെ ചെറുക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ്. അത് ആഗ്രഹവും പ്രവൃത്തിയും തമ്മിലും, പ്രേരണയും പിന്തുടരലും തമ്മിലുമുള്ള ബന്ധത്തെ തകർക്കുന്നു.

Julian Baggini, The Virtues of the Table: How to Eat and Think


അധ്യായം മൂന്ന്: ആത്മത്തിൽ നിന്നും അപരത്തിലേക്ക് : ദാനങ്ങളുടെ ആന്തരാർത്ഥങ്ങൾ
അധ്യായം അഞ്ച്: അതിഥികൾക്ക് വേണ്ടിയുള്ള നോമ്പും പെരുന്നാളുകളും

വിവർത്തനം: നിസാം അപ്പാട്ട്
Featured Image: Annie Spratt

Comments are closed.