
CH SALIH
1996ൽ മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ജനിച്ച സി എച് സാലിഹ്, കണ്ടമ്പററി ആർടിൽ സ്വന്തം പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. 2017ൽ ഇസ്‌ലാമിക് തിയോളജി ആൻഡ് ഫിലോസഫിയിൽ ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കി. മുസ്ലിം ചിന്തകളുടെ സാധ്യതകളാണ് സാലിഹ് തന്റെ വർക്കുകളിലൂടെ അന്വേഷിക്കുന്നത്. ഫോട്ടോഗ്രാഫി, പെയിന്റിംഗ്, വീഡിയോഗ്രാഫി, ഇൻസ്റ്റാളേഷൻ മുതലായ ഏരിയകളിൽ വർക്കുകൾ ചെയ്യുന്നു. 2018ൽ ഗസ്വർക്ക് (Guesswork) ആർട് ഹാർബറിന് തുടക്കം കുറിച്ചു.
ഫെബ്രുവരി 14-15, 2018, ‘Reso-nuances’ Art Exhibition, ടൗൺ ഹാൾ, മലപ്പുറം; 2015, ‘Malabari Gala’ Painting Exhibition, ദർബാർ ഹാൾ ആർട് ഗ്യാലറി, കൊച്ചി; 2015, ‘Spark’ Group Painting Exhibition, ലളിത കലാ അക്കാദമി ആർട് ഗ്യാലറി, കാലികറ്റ്; 2015, ‘Redemption’ Painting Exhibition, ലളിത കലാ അക്കാദമി ആർട് ഗ്യാലറി, കാലികറ്റ്; 2014, ‘Weltschemers’ Painting Exhibition, ലളിത കലാ അക്കാദമി ആർട് ഗ്യാലറി, തലശ്ശേരി എന്നിവയാണ് പ്രധാന പ്രദർശനങ്ങൾ.

2017, Oil on canvas, dimension: 12×12 inches.
യഥാർത്ഥത്തിൽ എന്താണ് മുഖം? മുഖം നമുക്ക് ‘മനസ്സിലാക്കാൻ’ കഴിയുന്ന ഒന്നാണോ? മുഖം എന്നാൽ അപരന് മുൻപിൽ ഒരു പ്രതിബിംബം അവശേഷിപ്പിച്ച് അനന്തതയിലേക്ക് നിരന്തരം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നല്ലേ?
അല്ല. മുഖം ഒരു യാഥാർത്ഥ്യമല്ല. അതൊരു സ്വത്വരാഹിത്യമാണ്. നിരന്തരം മനുഷ്യർ നിർമ്മിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ‘സ്വത്വം’ എന്ന ബോധത്തെ തകർത്തുകൊണ്ടിരിക്കുന്ന ഒരു സ്വന്തത്തിന്റെ തന്നെ ശത്രു. ഓരോ മനുഷ്യനിലും ഉള്ളടങ്ങിയ അവന്റെ തന്നെ ശത്രു.
നിരന്തരം നിങ്ങളെ തകർത്തുകൊണ്ടിരിക്കുന്ന ‘മുഖം’ നിങ്ങൾക്കകത്തു തന്നെ നിലനിൽക്കുമ്പോൾ എങ്ങനെയാണ് നിങ്ങളിൽ ‘ഞാൻ’ രൂപപ്പെടുക?

ABSTRACTION
2016-2017, Photograph, dimension: 1390×2090 pixels.
കല രൂപപ്പെടുന്നത് എന്തെങ്കിലും ലക്ഷ്യങ്ങളെ പൂർത്തീകരിക്കാനല്ല. കല നിർമ്മാണമല്ല (production) മറിച്ച് പ്രക്രിയയാണ് (doing). അനന്തമായ പ്രക്രിയ.
കലാകാരന്റെ സങ്കല്പങ്ങളെ കല നിരന്തരം തകർത്തുകൊണ്ടിരിക്കുന്നു. കലാകാരനിൽ നിന്ന് സ്വതന്ത്രമായ ഒരു മണ്ഡലം കല സ്വയം സൃഷ്ടിക്കുന്നു. അങ്ങനെ കല കലാകാരനെ മറികടക്കുന്നു.
അതുകൊണ്ടാണ് കലാകാരൻ പോലുമറിയാതെ ഈ കല രൂപപ്പെട്ടത്.
ഇഖ്ബാലിന്റെ കവിതയെ ഇങ്ങനെ വായിക്കാം: “കല നിങ്ങളിലൂടെ ആവിർഭവിക്കുന്നു. പക്ഷെ അത് നിങ്ങളുടേതല്ല.”
(ഓരോ വർക്കിന് ശേഷവും ബ്രഷിൽ ബാക്കി വരുന്ന നിറങ്ങൾ കലാകാരൻ ഗ്യാലറിയിലെ ഡെസ്കിൽ തേക്കുന്നു. ഒരിക്കൽ ബ്രഷ് കാണാതാകുന്നു. അപ്പോൾ താൻ പോലുമറിയാതെ രൂപപ്പെട്ട കലാസൃഷ്ടി കലാകാരന് മുന്നിൽ അനാവരണം ചെയ്യുന്നു. ലക്ഷ്യമില്ലാതെ പിറന്ന ഒരു യാഥാർത്ഥ്യം കണക്കെ)

REMNANTS -1
2017, Mixed media on canvas (oil paint, tissue paper, hair), dimension: 12×12 inches.
മുടി കൊഴിയുക എന്നത് എന്നുമുതലാണ് ഒരു സാംസ്കാരിക ഭീതിയായത്? എന്തൊക്കെയാണ് നമ്മുടെ സംസ്കാരത്തെ സ്വാധീനിക്കുന്നത്? യു എസ് എസ് ആറിന്റെ പതനമോ സ്വന്തം മുടി കൊഴിച്ചിലോ ഒരു കമ്മ്യൂണിസ്റ്റ്കാരനെ അസ്തിത്വപരമായി തളർത്തുക?
കൊഴിഞ്ഞു വീഴുന്ന ഓരോ മുടിയും ഒരു ജീവിതത്തിന്റെ – അതെത്ത്ര വലുതാണെങ്കിലും തുച്ഛമാണെങ്കിലും – ചരിത്രത്തെ ഊട്ടിയുറപ്പിക്കുന്നുണ്ട്. ആരും അറിയാതെ കഴിഞ്ഞു പോയ ഒരു ജീവിതത്തിന് ഒരു ജീവിതവിലാസം നൽകുന്നുണ്ട്. അവൻ ഒരിക്കൽ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നെങ്കിലും. ഉണ്മയുടെ ഓരോ അവഷിഷ്ടങ്ങളും ഓരോ ‘അസറു’കളാണ് (അവശേഷിപ്പുകൾ). അതുകൊണ്ടാണ് ഒരു മുടിനാർ പോലും വിശ്വാസങ്ങളെ യുഗങ്ങൾക്കിപ്പുറവും സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്.
Comments are closed.