മലമുകളിലേക്കോ നദീതടങ്ങളിലേക്കോ ഒക്കെയുള്ള യാത്രകൾ പലപ്പോഴും ഒരു സ്ഥലമോ കാഴ്ചയോ തേടിയുള്ള അലച്ചിൽ മാത്രമല്ല. സ്ഥലങ്ങൾക്കുമപ്പുറം, മറ്റൊരു കാലത്തിലേക്ക് കടക്കാനുള്ള ശ്രമംകൂടിയാണ് അത്. ചിലപ്പോഴെങ്കിലും, നമ്മുടെ സ്വന്തം അതിരുകളിൽനിന്ന് പുറത്തേക്കുള്ള വഴിവെട്ടലും പലായനവഴികൾ തുറക്കലുമാണ്. ആ നിലയ്ക്ക്, ‘സ്വയം’ എന്ന കുടുസ്സിൽനിന്ന് മറ്റൊരു തുറസ്സിലേക്ക് ഒഴുകിപ്പോകാനുള്ള വെമ്പലാണ് ഓരോ യാത്രയും.

ഞാൻ ചെന്നുപെട്ട ഇടങ്ങളൊക്കെ മഞ്ഞുമൂടിയ മലനിരകളും അവയോടു ചേർന്നോ അല്പം മാറിയോ ഉള്ള പട്ടണങ്ങളും മാർക്കറ്റുകളുമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ ഗാങ്ടോക്ക്, മസൂറി, സിംല, മക്ലിയോഡ് ഗഞ്ച്—എല്ലാം ഒരേ മാതൃകയിൽ, അല്പവ്യത്യാസങ്ങളോടെ പണിത നഗരങ്ങളെപ്പോലെ തോന്നും.

ഹിമാലയത്തിന്റെ മുന്നിൽ ആദ്യമായി നിൽക്കുമ്പോൾ ഞാൻ കണ്ടത് മലനിരകൾ മാത്രമായിരുന്നില്ല. കാഴ്ചകൾക്കു വെളിയിലേക്ക് ചെവി കൂർപ്പിച്ചപ്പോൾ മങ്ങിയ ശബ്ദങ്ങൾ കേട്ടുതുടങ്ങി. ദൂരെയൊരിടത്ത് പാറകളിൽ തട്ടി ചിതറുന്ന വെള്ളത്തിന്റെ അവ്യക്തശബ്ദം. ഇനിയും കണ്ടുതുടങ്ങിയിട്ടില്ലാത്ത ഏതോ അരുവിയുടെ പ്രവാഹം പതിയെ കാതിലെത്തി. നീർച്ചാലുകളുടെ നിശ്ശബ്ദമായ ഒഴുക്ക്.

എനിക്കും എത്രയോ മുമ്പേ ലോകം അവിടെ ഉണ്ടായിരുന്നു. എന്നാൽ, എന്റെ പരിമിതമായ കാഴ്ചയിൽ അതിന്റെ അല്പഭാഗം മാത്രമേ എപ്പോഴും പതിഞ്ഞുള്ളൂ. നിലയ്ക്കാത്ത ഒരു ഒഴുക്കിനെ നമ്മുടെ ആവശ്യത്തിനനുസരിച്ച് വെട്ടിയൊരുക്കി കൈത്തോടാക്കിയതുപോലെയാണ് ഓരോ കാഴ്ചയും ഓരോ അനുഭവവും. ഓരോ കാഴ്ചയിലും നമുക്ക് നഷ്ടമാകുന്നത് പ്രപഞ്ചത്തിന്റെ വിശാലതകൂടിയാണ്.

ബൈനോക്കുലറിലൂടെ മലമുകളിലേക്കു നോക്കിയപ്പോൾ ലോകം മനുഷ്യനേത്രത്തിനു വെളിയിലുള്ള മറ്റൊരു തീവ്രതയിലേക്കു തുറന്നു. ദൂരെയുള്ള ക്ഷേത്രങ്ങൾ. അവിടേക്കു നീളുന്ന മഞ്ഞുമൂടിയ നടപ്പാതകളിലൂടെ ധാന്യമണികളെപ്പോലെ നടന്നുനീങ്ങുന്ന മനുഷ്യർ. ഈ കൊടുംതണുപ്പിലും അവർ അന്വേഷിക്കുന്നത് എന്തായിരിക്കും?

പർവതങ്ങളും നദികളും വനങ്ങളും എല്ലായ്പ്പോഴും സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്നു. അവയെ പ്രകാശിപ്പിക്കാൻ ഒരു ബാഹ്യപ്രകാശത്തിന്റെയും ആവശ്യമില്ല. നാം കാണുന്നതിനും എത്രയോ മുമ്പ്, ക്യാമറക്കണ്ണുകൾ അവയിൽ പതിയുന്നതിനും മുമ്പ്, അവയെല്ലാം കാഴ്ചകളായിരുന്നു. ഒരു ക്യാമറയിലും ഒതുങ്ങാത്ത ആ ദൃശ്യവിസ്മയത്തിലെ ഒരു തുള്ളി മാത്രമായി സ്വയം തിരിച്ചറിയുന്നതുതന്നെയല്ലേ ദൈവദർശനം?

പ്രപഞ്ചം ആധിക്യത്തിന്റെ നിറവാണ്. പലപ്പോഴും നമ്മൾ ഇന്ദ്രിയങ്ങളുടെ പരിമിതിയെ ലോകത്തിനുമേൽ ആരോപിക്കുക മാത്രമാണ് ചെയ്യുന്നത്. ലോകം എനിക്കുള്ളിലല്ല; ഞാൻ ലോകത്തിനകത്തെ നിസ്സാരമായൊരു സാന്നിധ്യമാണ്.

മലമുകളിലേക്കോ നദീതടങ്ങളിലേക്കോ ഒക്കെയുള്ള യാത്രകൾ പലപ്പോഴും ഒരു സ്ഥലമോ കാഴ്ചയോ തേടിയുള്ള അലച്ചിൽ മാത്രമല്ല.


കാലം ഉറഞ്ഞുകൂടിയ മലനിരകൾ

മനുഷ്യർ വ്യൂപോയിന്റുകളിലേക്കു പോകുന്നത് ഫോട്ടോഗ്രാഫുകൾക്കോ കേവലമായ കാഴ്ചകൾക്കോ വേണ്ടിമാത്രമല്ല. കാഴ്ചകൾക്കുമപ്പുറം അവർ മറ്റൊരു കാലത്തിലേക്കുതന്നെ കടക്കുന്നു. ഒരേസമയം ഭിന്നകാലങ്ങൾ മുഖാമുഖം നിൽക്കുന്നു: ഉറഞ്ഞുകിടക്കുന്ന ഹിമാനികളുടെ പതുക്കെയുള്ള ചലനം; വർഷങ്ങൾകൊണ്ട് കാറ്റ് കൊത്തിയെടുത്തതെന്നു തോന്നിക്കുന്ന പാറകളിൽ അടിഞ്ഞുകൂടിയ പ്രാചീനനിശ്ശബ്ദത. അതിനുമുന്നിൽ മനുഷ്യൻ തന്റെ ചെറുപ്പം തിരിച്ചറിയുകയും വിചിത്രമായ ഒരാനന്ദം അനുഭവിക്കുകയും ചെയ്യുന്നു.

അവൻ സ്വയത്തിന്റെ അതിരുകൾ കടന്ന് പുറത്തേക്കൊഴുകിത്തുടങ്ങുന്നു. അവിടെ ഭിന്നകാലങ്ങൾ സഹവസിക്കുകയും ഇടകലരുകയും ചെയ്യുന്നു. ഭ്രഷ്ടജീവിതത്തിന്റെ അനാഥത്വത്തിൽനിന്നുള്ള പിൻനടത്തത്തിന്റെ സ്വാസ്ഥ്യവും സുരക്ഷിതത്വവുമാണ് ഓരോ യാത്രയും നമുക്കു നൽകുന്നത്.

മലകളിലൂടെ നടക്കുമ്പോൾ കണ്ട പേരറിയാത്ത കുറേ പൂക്കളും ഹിമാലയൻ ചെടികളും പൈൻമരങ്ങളുമൊക്കെ എന്റെ മനുഷ്യാഹന്തയെ കളിയാക്കി ചിരിക്കുന്നതായി എനിക്കു തോന്നി. അവയോരോന്നും അത്രമേൽ ആഴത്തിൽ മണ്ണിൽ വേരുകളാഴ്ത്തിയിരുന്നു.

ഈ പർവതങ്ങൾ കാലം ഉറഞ്ഞുകൂടിയവയാണ്. അവയിലെ ഇടവഴികളും നടപ്പാതകളും അനവധി ശരീരചലനങ്ങളുടെ അവശേഷിപ്പുകൾകൂടിയാണ്. നമ്മുടെ കാഴ്ചകൾ മലനിരകളെ ക്രമപ്പെടുത്തുന്നു; അതുപോലെ ഓരോ കാഴ്ചയും നമ്മളെയും പുതുക്കിപ്പണിയുന്നു. ഞാൻ സ്ഥലങ്ങളിലൂടെ നടക്കുക മാത്രമല്ല; സ്ഥലങ്ങൾ ‘ഞാൻ’ എന്ന ഇടനാഴിയിലൂടെ നടന്നുപോവുകകൂടിയാണ്.

എന്താണ് സ്ഥലങ്ങൾ?
കാലം മഞ്ഞുകട്ടപോലെ ഉറഞ്ഞുകൂടിയത്.
സമയമോ?
ഒഴുകുന്ന സ്ഥലങ്ങൾ.


മാർക്കറ്റിന്റെ സങ്കരത്വം

ഞാൻ ചെന്നുപെട്ട ഇടങ്ങളൊക്കെ മഞ്ഞുമൂടിയ മലനിരകളും അവയോടു ചേർന്നോ അല്പം മാറിയോ ഉള്ള പട്ടണങ്ങളും മാർക്കറ്റുകളുമായിരുന്നു.

മക്ലിയോഡ് ഗഞ്ചിലൂടെയും ധർമശാലയിലൂടെയും സഞ്ചരിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ട്. അവിടെ മാർക്കറ്റും ബൗദ്ധവിഹാരവും പരസ്പരവിരുദ്ധങ്ങളായി നിലകൊള്ളുന്നില്ല. സാധാരണയായി നമ്മൾ മാർക്കറ്റിനെ ശബ്ദത്തിന്റെ ഇടമായും ബൗദ്ധവിഹാരത്തെ നിശ്ശബ്ദതയുടെയും പ്രാർഥനയുടെയും ഇടമായുമാണ് കാണുന്നത്. എന്നാൽ അവിടെ മാർക്കറ്റ് ഒഴുകിയെത്തുന്നത് ഒരു ബൗദ്ധവിഹാരത്തിലേക്കാണ്. അത് മലകളിലേക്കു തുറന്ന് അനന്തതയിൽ വിലയം പ്രാപിക്കുന്നു. ശബ്ദത്തിൽനിന്ന് നിശ്ശബ്ദതയിലേക്കും ഒച്ചയും തിരക്കും കടന്ന് ധ്യാനത്തിലേക്കും പ്രപഞ്ചത്തിലേക്കുമുള്ള ഒരു നടപ്പാത.

മലകളുടെ നിശ്ശബ്ദതയിൽനിന്ന് പൂർണമായും വ്യത്യസ്തമായ ഒരു ലോകമാണ് മാർക്കറ്റ്. ഒരായിരം ശബ്ദങ്ങളുടെയും ഗന്ധങ്ങളുടെയും ഭാഷകളുടെയും കലർപ്പ്. അത് വ്യക്തികളുടെ വെറുമൊരു കൂട്ടമല്ല; അനേകതകളുടെ ഒഴുക്കാണ്. ശരീരങ്ങളും ശബ്ദങ്ങളും ഗന്ധങ്ങളും ആഗ്രഹങ്ങളും പരസ്പരം ഇടിച്ചുമുട്ടുന്ന ഒരു കവല.

സ്വയം നഷ്ടമാക്കുന്ന യാത്രകൾ
സ്വയത്തിന്റെ ഇളക്കിമാറ്റലാണ് ഓരോ യാത്രയും—സ്വയം അലിഞ്ഞില്ലാതാകൽ. അതിനു മടിച്ചുനിൽക്കുന്നവർ നിന്നിടത്തുനിന്ന് ഒരിക്കലും മാറുന്നില്ല.

ഓരോ മനുഷ്യനും വീടും ജോലിയും സൗഹൃദങ്ങളും മറ്റും ഉൾക്കൊള്ളുന്ന ഒരു പതിവുവൃത്തത്തിനകത്താണ് ജീവിക്കുന്നത്. പക്ഷേ, ഓരോ വീടിനുള്ളിലും പതിവു തെറ്റിക്കാൻ പ്രാപ്തിയുള്ള ഒരു പുറംവാതിലുണ്ട്. ഓരോ ദിവസത്തിനുള്ളിലും ഓരോ നിമിഷത്തിനുള്ളിലും ഒരു രക്ഷാവഴി ഒളിഞ്ഞിരിക്കുന്നുണ്ട്.

സൂക്ഷ്മദർശിനികളിലൂടെ മാത്രം കാണാൻ കഴിയുന്ന, ചില സ്പർശിനികളിലൂടെ മാത്രം അനുഭവിക്കാൻ കഴിയുന്ന, പതിവുവിട്ട് ജീവിക്കാൻ നമ്മളെ പ്രാപ്തരാക്കുന്ന ഇടവഴികളാണ് അവ. എന്നാൽ പലപ്പോഴും നമ്മൾ അവയെ അവഗണിക്കുന്നു. വീടിന്റെ സുരക്ഷിതത്വം വിട്ട് പുറത്തിറങ്ങാൻ മനുഷ്യനു പൊതുവേ ഒരു വൈമുഖ്യമുണ്ടല്ലോ.

പലരും ചില യാത്രകളെ മാത്രം ആത്മീയയാത്രകൾ എന്നു വിളിക്കുന്നു. എന്നാൽ ആത്മീയമല്ലാത്ത ഒരു യാത്രയും സാധ്യമല്ല. ആത്മീയാന്വേഷണമാകട്ടെ ഒരു പരീക്ഷണംകൂടിയാണ്. അത് ദൈവത്തെയോ ദൈവാനുഭവത്തെയോ ഉറപ്പുനൽകുന്നില്ല; മറിച്ച് അതിലേക്കുള്ള ഒരു സാധ്യത മാത്രമാണ്.

Comments are closed.