ബ്രസീലിലെ മുസ്‌ലിം ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ നാലാം ഭാഗം
മൂന്നാം ഭാഗം: സാവോ പോളോയിലെ സൂഫി സരണികൾ
രണ്ട് കാരണങ്ങൾ കൊണ്ട് ഇനി പറയാനിരിക്കുന്ന അനുഭവങ്ങൾ എഴുതുക എന്നത് എന്റെ മുന്നിൽ ഒരു വെല്ലുവിളി ആയിരുന്നു. ഒന്ന് ആ അവസരത്തിൽ എനിക്ക് എവിടെയും രേഖപ്പെടുത്താനോ റെക്കോർഡ് ചെയ്യാനോ സാധിച്ചില്ല. (കാരണം വഴിയെ പറയാം) രണ്ടാമത്തെ കാര്യം : എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നവ്യാനുഭവമായിരുന്നു. ഈ പുതിയ അനുഭവത്തിന്റെ മേച്ചിൽപുറങ്ങളെ അനുഭവിക്കുകയും അതിന്റെ മടിത്തട്ടിൽ ജീവിക്കുകയും ചെയ്തുകൊണ്ട് തന്നെ ഒരു സ്വപ്നം പോലെ എല്ലാം അവസാനിക്കുകയായിരുന്നു.
ഇമാം അഹമ്മദ് എന്നെ അവരുടെ സൂഫി ത്വരീഖയുടെ സദസ്സിലേക്ക് ക്ഷണിച്ചപ്പോൾ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. “എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന ഒരു സ്ഥലത്താണ് നമ്മളിത് നടത്തുന്നത്. ആരാണ് അവിടെ വരുന്നത് എന്നെനിക്കറിയില്ല. ചിലപ്പോൾ മുസ്‌ലിംകളായിരിക്കാം, അവർക്കിടയിൽ മുസ്‌ലിം അല്ലാത്തവരും പങ്കെടുക്കാറുണ്ട്. ആത്മീയതയുടെ വ്യത്യസ്ത സരണികളിൽ ഉള്ളവർ ഈ സദസ്സിൽ പങ്കുകൊള്ളുന്നു. ഞാൻ ആരെയും ഒന്നും പഠിപ്പിക്കാറില്ല. അവരുടെ ഹൃദയത്തിലേക്ക് നോക്കാൻ മാത്രമാണ് പറയാറ്”

വൈകുന്നേരം ഞാൻ ദിക്റ് നടക്കുന്ന സ്ഥലത്തെത്തി. അതൊരു പള്ളിയോ പ്രാർത്ഥനാ സ്ഥലമോ ആയിരുന്നില്ല. മറിച്ച് ഒരു മെഡിക്കൽ ബിൽഡിംഗിലെ ഓഫീസ് ആയിരുന്നു. ഇമാം അഹമ്മദ് വന്ന് വാതിൽ തുറന്നപ്പോൾ ഞാൻ ഒരു കാര്യം മനസ്സിലാക്കി ഞങ്ങൾ ഒരു ആരോഗ്യപരിപാലന കേന്ദ്രത്തിലാണ്. അദ്ദേഹത്തിന്റെ ഉമ്മയുടെ സമ്പാദ്യമാണത്. ഞങ്ങൾ അദ്ദേഹത്തിന് കൂടെ പോയി ഒരു മുറിയിൽ നിന്നും സാധനങ്ങൾ നീക്കം ചെയ്ത്, നിലത്ത് കുറച്ച് കാർപെറ്റുകൾ വിരിച്ചു. എന്തോ ഒരു മഹാ കൃത്യം ചെയ്യുന്നതുപോലെ എനിക്ക് തോന്നി. ‘ദിക്റ്’ എന്നത് പല ആവർത്തി ഉച്ചരിക്കുന്ന ഭക്തിസാന്ദ്രമായ മന്ത്രങ്ങളാണ്. ദൈവത്തെ ഓർമിക്കുക എന്നതാണ് ദിക്റിന്റെ ലക്ഷ്യം. വിശ്വാസികൾ അവരുടെ നിത്യ ജീവിതത്തിൽ പലപ്പോഴായി ഇങ്ങനെ ദിക്റുകൾ ചെല്ലാറുണ്ട്. ആ മന്ത്രങ്ങളിലൂടെ അവർക്ക് ദൈവത്തിലേക്ക് അടുക്കാൻ സാധിക്കുന്നു. ഇന്ന് രാത്രി ഞങ്ങൾ ഒരുമിച്ചിരുന്ന് ദിക്റുകൾ ചെല്ലാൻ ഇരിക്കുകയാണ്.

ഇശാ നമസ്കാര ശേഷം ഞങ്ങൾ നിലത്ത് വട്ടത്തിലിരുന്നു. നിശബ്ദമായി ദിക്റ് തുടങ്ങി ആനന്ദദായകമായ ആ നിമിഷങ്ങൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരുന്നു. കൂടുതൽ വൈകാതെ ലൈറ്റ് ഓഫ് ചെയ്യുമെന്നും ഫോട്ടോ എടുക്കാനുള്ളത് അതിനുമുമ്പായി ചെയ്യണമെന്നും ഇമാം അഹമ്മദ് എന്നോട് പറഞ്ഞു.ലൈറ്റ് ഓഫ് ചെയ്യുമ്പോൾ അവിടെ എട്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ലൈറ്റ് ഓഫ് ചെയ്തു. ‘ഇമാം ദിക്റിന് നേതൃത്വം നൽകി. അദ്ദേഹം ചില വാക്യങ്ങൾ പറയുകയും ഞങ്ങൾ അത് ആവർത്തിക്കുകയും ചെയ്തു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അത് അവസാനിച്ചു. ഈ അവസരത്തിൽ ഞാൻ ചില പ്രത്യേക ഘട്ടങ്ങളിലൂടെ കടന്നു പോയി. ആദ്യഘട്ടത്തിൽ ദിക്റ് കൊണ്ട് മാനസികമായ ആനന്ദം അനുഭവിച്ചു. അദ്ദേഹം അറബിയാണ് ഉച്ചരിച്ചതെങ്കിലും ഉച്ചാരണവും പ്രയോഗവും വ്യത്യസ്തമായതു കൊണ്ട് ഒന്നും മനസ്സിലായില്ല. അടുത്ത ഘട്ടത്തിൽ ആന്തരികമായ പ്രതിഫലനങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. അച്ചടക്കമുള്ളതും മനോഹാരിത നിറഞ്ഞതുമായ സദസ്സ് പതിയെ എന്നെ ക്ഷീണിതനാക്കിത്തുടങ്ങിയിരുന്നു. തൊണ്ട വരണ്ടുണങ്ങുകയും, തല ചുറ്റുന്നതുപോലെ തോന്നുകയും ചെയ്തു. അവസാനഘട്ടത്തിൽ ഇത്തരം ബുദ്ധിമുട്ടുകളെ അവഗണിച്ച് ദിക്റുകൾ തുടർന്നു. .

ദിക്റിന് ശേഷം ഇമാം ഇംഗ്ലീഷും പോർച്ചുഗീസും കലർത്തി സംസാരിക്കാൻ തുടങ്ങി. ആത്മീയതയുടെ വ്യത്യസ്ത സരണികളിൽ മുസ്‌ലിമിന് എത്തിച്ചേരാൻ സാധിക്കും എന്നതിനെക്കുറിച്ചുള്ള മനോഹരമായ ഒരു ഭാഷണം ആയിരുന്നു അത്. പ്രഭാഷണ ശേഷം ഭക്ഷണവും പാനീയവും കൊണ്ടുവന്നു. ഞങ്ങൾ പരസ്പരം പരിചയപ്പെടുകയും വിശ്രമിക്കുകയും സംസാരിക്കുകയും ചെയ്തു. പങ്കെടുത്തവർ സാവധാനം പിരിഞ്ഞുപോയപ്പോൾ ഞാനും ഇമാമും അദ്ദേഹത്തിന്റെ മൂന്ന് സഹോദരന്മാരും മാത്രമായി.

ഇമാം ഒരു ഇൻഡസ്ട്രിയൽ ഡിസൈനർ ആയിരുന്നു. ഇസ്‌ലാമിലേക്കുള്ള സുദീർഘമായ സഞ്ചാരത്തിനിടെ സിനിമ, മറ്റു ടിവി പരിപാടികൾ തുടങ്ങിയവയ്ക്കു വേണ്ടി കഥകൾ രചിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ അഞ്ചാം വയസ്സിലാണ് ആദ്യമായി സത്യത്തെ അന്വേഷിക്കാൻ തുടങ്ങിയത്. ചെറുപ്പം മുതലേ ഇതിന്റെ എല്ലാം അർത്ഥം എന്താണ്? നമ്മൾ എന്തിനു ജീവിക്കുന്നു? എന്തിന് ജോലി ചെയ്യുന്നു? തുടങ്ങിയ സംശയങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെട്ടിരുന്നു.

ഇത്തരത്തിലുള്ള സംശയങ്ങൾക്കെല്ലാം വിശദീകരണം ആവശ്യമായി വന്നപ്പോൾ അദ്ദേഹം സത്യം തേടി യാത്രയായി. ഒടുവിൽ ഒരു സെക്കുലർ സൂഫി സംഘം സ്ഥാപിച്ചു. അദ്ദേഹം അതിനെ ഇഷ്ടപ്പെടുകയും അതിന്റെ വഴിയെ പിന്തുടരുകയും ചെയ്തു. പക്ഷേ സൂഫിസത്തെയും ഇസ്‌ലാമിനെയും വേർതിരിക്കാനാവില്ല എന്ന് മനസിലായപ്പോൾ അദ്ദേഹം സൈപ്രസിലേക്ക് പോയി. അവിടെ നിന്നും ഷെയ്ഖ് മുഹമ്മദ് നാസിം അൽ ഹക്കാനി എന്നവരെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും അദ്ദേഹത്തിൽ നിന്നും വിദ്യ നുകരുകയും ചെയ്തു. അദ്ദേഹത്തിന്റെ ഗുരുവിന് വീട്ടിൽ വിരുന്നൊരുക്കിയപ്പോൾ ഇമാമിന്റെ ജീവിത രീതിയിലും ആത്മീയ ബോധത്തിലും ആകൃഷ്ടരായ അദ്ദേഹത്തി ന്റെ കുടുംബവും ഇസ്‌ലാം മതം സ്വീകരിച്ചു

രാത്രി ഒന്നര ആകുന്നതുവരെ ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് മുൻപുള്ള ഇമാമിനെ ജീവിതത്തെ കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ തീക്ഷ്ണമായ വഴികളും, മഹത്വം ഏറുന്ന ലക്ഷ്യങ്ങളും, വിവരിക്കുകയും, അതിലേക്കുള്ള വഴികൾ വ്യക്തമാക്കുകയും ചെയ്തു.

നേരം പുലരാറായപ്പോൾ ഇമാമും അനിയനും എന്നെ ഹോസ്റ്റലിൽ എത്തിച്ചു. സ്വീകരണം കൊണ്ടും അനുഭവങ്ങൾ കൊണ്ടും ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമായിരുന്നു അത്
തുടർന്ന് വായിക്കുക : ചേരികളിെലെ ഇസ്‌ലാം
വിവർത്തനം: ഇർഷാദ് മരക്കാർ
ഭാഗം മൂന്ന്: സാവോ പോളോയിലെ സൂഫി സരണികൾ
Comments are closed.