1926 ജനുവരി പത്തൊമ്പതിനായിരുന്നു മൗലാനാ അബ്ദുൽ ബാരിയുടെ മരണം. തന്റെ കുടുംബത്തിലെയും തലമുറയിലെയും വലിയ പണ്ഡിതനും, അവധ് പ്രവിശ്യയുടെ തലസ്ഥാനമായിരുന്ന ലക്നൗവിലെ പ്രശസ്തമായ ഫിറങ്കി മഹൽ കുടുംബാംഗവുമായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങൾക്ക് ശേഷം റാംപൂരിലെ നവാബ് തന്റെ അനുശോചനങ്ങൾ അറിയിക്കാനായി മൗലാനാ അബ്ദുൽ ബാരിയുടെ ബന്ധുക്കളെ സന്ദർശിക്കുകയുണ്ടായി. അതൊടൊപ്പം അവർ നേതൃത്വം നൽകിയിരുന്ന വലിയ മദ്രസയും അദ്ദേഹം സന്ദർശിച്ചു. അത് അദ്ദേഹത്തിന്റെ അധ്യാപകന്റെ മദ്രസയാണെന്നും ആ സംരംഭത്തിന് താൻ സേവനം ചെയ്യാൻ ഉദ്ദേശിക്കുന്നതായും അറിയിച്ച് നവാബ് വലിയ ഒരു തുക അവിടെ സംഭാവനയായി നൽകി.

“ഇത് തങ്ങളുടെ അധ്യാപകന്റെ മദ്രസയാണ്” എന്ന നവാബിന്റെ പ്രസ്താവന അദ്ദേഹം അവിടെ പഠിച്ചിരുന്നുവെന്നോ, അദ്ദേഹത്തിന്റെ അധ്യാപകർ അവിടെ നിന്നും വിദ്യാഭ്യാസം നേടിയിരുന്നു എന്ന അർഥത്തിലോ ആയിരുന്നില്ല. നവാബ് ആഭിമുഖ്യം പുലർത്തിയിരുന്ന ന്യൂനപക്ഷമായ ശിയാക്കളും, ഫിറങ്കി മഹൽ കുടുംബം നിലയുറപ്പിച്ചിരുന്ന ഭൂരിപക്ഷമായ പാരമ്പര്യ സുന്നിവിഭാഗവും അത്രമേൽ സുഖകരമായ ബന്ധത്തിലല്ലാതിരുന്ന കാലത്താണ് ആ സംഭവമുണ്ടാകുന്നത്. നവാബ് സൂചിപ്പിച്ചത് ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് തന്റെ പൂർവ്വപിതാക്കൾ സുന്നികളായിരുന്ന കാലത്ത് ഫിറങ്കി മഹൽ കുടുംബത്തിലെ രണ്ട് അംഗങ്ങൾ റാംപൂരിൽ വന്നതും അധ്യാപനം നടത്തിയതുമായിരുന്നു. തന്റെ അധ്യാപകരിലൂടെ നവാബിന് പകർന്നുകിട്ടിയ അറിവ്, ഫിറങ്കി മഹൽ കുടുംബത്തിലെ അംഗങ്ങളുടെ പ്രവർത്തനങ്ങളോട് ഏറെ കടപ്പെട്ടിരുന്നു. താനൊരു ശിഈ ആയിരിക്കെ, ഏകദേശം രണ്ടു നൂറ്റാണ്ടിന്റെ ഇടവേള സംഭവിച്ചിട്ടും ഫിറങ്കി മഹൽ കുടുംബത്തിന്റെ ശിഷ്യനെന്ന നിലയിൽ നവാബ് മദ്രസയെ ആദരിക്കുകയും സംഭാവന നൽകുകയും ചെയ്തു.

ശിഷ്യന് ഗുരുവിനോടുള്ള ആദരവ് പ്രാഥമികമായി രൂപപ്പെടുത്തുന്ന ഇസ്‌ലാമിക സമൂഹത്തിലെ അധ്യാപകനും പഠിതാവുമായുള്ള ആത്മ ബന്ധത്തെ വ്യക്തമാക്കുന്നതാണ് ഈയൊരു സംഭവം. പലപ്പോഴും ഭാര്യ-ഭർത്താവ്, രക്ഷിതാവ്-മക്കൾ, തൊഴിലാളി-മുതലാളി തുടങ്ങിയ സമൂഹത്തിൽ പരസ്പരം പാലിക്കപ്പെടുന്ന വിശ്വസ്തതയുടെയും, സമ്പർക്കങ്ങളുടെയും അടിസ്ഥാന കണ്ണികൾ രൂപപ്പെടുത്തുന്ന നിർണായക ബന്ധങ്ങളിൽ ആ ആത്മബന്ധത്തെ ഉൾപ്പെടുത്താറില്ല. ‘പാരമ്പര്യ’ ഇസ്‌ലാമിക സമൂഹത്തിൽ ഗുരു-ശിഷ്യ ബന്ധം പലപ്പോഴും കുടുംബപരവും, സാമ്പത്തികപരവുമായ ബന്ധങ്ങൾക്ക് സമാനമായ അടിസ്ഥാനപരമായ ബന്ധമായി നിലനിന്നിരുന്നു.

ഗുരു-ശിഷ്യ ബന്ധത്തെ നിരവധി നൂറ്റാണ്ടുകളായി പ്രബലരായ ഇസ്‌ലാമിക പണ്ഡിതന്മാരുള്ള മൗലാനാ അബ്ദുൽ ബാരിയുടെ കുടുംബ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാം: പതിനാറാം നൂറ്റാണ്ടിൽ അക്ബർ ചക്രവർത്തി മൗലാനാ അബ്ദുൽ ബാരിയുടെ ഒരു പൂർവ്വികനെ പഠനത്തിലും അധ്യാപനത്തിലും പ്രോത്സാഹിപ്പിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഔറംഗസീബ് ചക്രവർത്തി ആ വ്യക്തിയുടെ നാലു പേരക്കുട്ടികൾക്ക് ഒരു നീലം വ്യാപാരിയായ യൂറോപ്യനിൽ നിന്ന് കണ്ടുകെട്ടിയ ലക്നൗവിലെ ഫിറങ്കി മഹൽ എന്നറിയപ്പെട്ടിരുന്ന കൊട്ടാരം സമ്മാനിക്കുകയും, അവരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉദാരമായി ധനസഹായം നൽകുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലം മുതൽ ഇന്ന് വരെയുള്ള ഫിറങ്കി മഹൽ കുടുംബത്തിന്റെ ആസ്ഥാനം ആ കൊട്ടാരമായിരുന്നു. പിൽക്കാലത്ത് ഇന്ത്യയിലെ എല്ലാ പഠനമാതൃകകളെയും സ്വാധീനിച്ചിരുന്ന ഒരു പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തി പതിനെട്ടാം നൂറ്റാണ്ടിൽ നോർത്ത് ഇന്ത്യയിലെ പ്രധാന പഠന കേന്ദ്രമായി ആ ആസ്ഥാനത്തെ അവർ മാറ്റുകയുണ്ടായി. കഴിഞ്ഞ ഇരുന്നൂറ് വർഷങ്ങളായി അവർ ഇന്ത്യയിലൂടെയും അറേബ്യയിലൂടെയും സഞ്ചരിക്കുകയും എത്തിച്ചേരുന്നയിടങ്ങളിൽ അധ്യാപനം നടത്തുകയും ചെയ്യുന്നു. ഇന്ത്യ, അറേബ്യ, മധ്യേഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള അവരുടെ ശിഷ്യന്മാർ തങ്ങളുടെ അധ്യാപകന്മാരെക്കാളും കൂടുതൽ വ്യാപിച്ചു.

ഫിറങ്കി മഹലിൽ നിന്നുള്ള വിദ്യാസമ്പന്നരായ വ്യക്തികൾക്ക് സ്വീകാര്യത ലഭിക്കാൻ പലകാരണങ്ങളുമുണ്ട്. അതിൽ ആദ്യ കാരണം വിദ്യാഭ്യാസത്തിന് ഇസ്‌ലാമിലുള്ള വലിയ പ്രാധാന്യമാണ്. ദൈവം മനുഷ്യനോട് വിദ്യ നേടാൻ കൽപ്പിക്കുന്നുണ്ട്. “നിങ്ങളെ സൃഷ്ടിച്ച ദൈവ നാമത്തിൽ വായിക്കുക, വായിക്കുക, പേനയിലൂടെ അറിവ് നൽകിയ മനുഷ്യന് അജ്ഞമായത് പഠിപ്പിച്ചുനൽകിയ നിങ്ങളുടെ ദൈവമാണ് ഏറ്റവും ഉദാരവാൻ” എന്നതായിരുന്നു പ്രവാചകനുള്ള ആദ്യത്തെ ദൈവസന്ദേശത്തിലെ (വഹ്‌യ്‌) പ്രഥമവാക്യങ്ങൾ. പ്രവാചകനുള്ള മറ്റനവധി ദൈവിക വെളിപാടുകളിലെ വചനങ്ങൾ, അഥവാ ഖുർആൻ, എഴുത്ത്, വായന, അറിവിനായുള്ള അന്വേഷണം എന്നിവക്കുള്ള പ്രാധാന്യത്തെ ഊന്നിപ്പറയുന്നുണ്ട്. ആ പ്രതിപാദനങ്ങൾ പ്രവാചക വചനങ്ങളിലും ആവർത്തിക്കുന്നുണ്ട്. “ചൈനയിൽ നിന്നാണെങ്കിൽ പോലും അറിവ് അന്വേഷിക്കുക” എന്നത് ജനകീയമായ ഒരു പ്രവാചക വചനമാണ്. “വിദ്യ അഭ്യസിക്കുന്ന ഒരു മണിക്കൂർ ഒരു വർഷം ആരാധനകൾ നിർവഹിക്കുന്നതിനെക്കാൾ മൂല്യമേറിയതാണ്,” “പണ്ഡിതന്റെ സഞ്ചാരവഴി സ്വർഗത്തിലേക്കുള്ള വഴിയായിരിക്കെ അവരുടെ അറിവന്വേഷണങ്ങളിൽ മാലാഖമാർ തങ്ങളുടെ ചിറകു വിരിച്ച് അവരെ സഹായിക്കും,” “ഒരാളുടെ വിശ്വാസ പ്രഖ്യാപനത്തിന് ശേഷം അറിവ് തേടുന്നതിനെക്കാൾ പ്രാമുഖ്യമുള്ള മറ്റൊരു ദൗത്യമില്ല” എന്ന് മറ്റ് പ്രവാചക വചനങ്ങൾ പറയുന്നു.

ഖുർആനായിരുന്നു മദ്രസകളിൽ വിദ്യാർത്ഥികൾ ആദ്യമായി കണ്ടുമുട്ടിയിരുന്ന പാഠ്യവിഷയം. ഖുർആൻ മനഃപാഠമാക്കലായിരുന്നു പ്രാഥമിക കർത്തവ്യം. മുഹമ്മദ് നബിയുടെ വിയോഗാനന്തരമുള്ള വർഷങ്ങളിൽ സമാഹരിക്കപ്പെട്ട പ്രവാചകന്റെയും, പ്രവാചകനെക്കുറിച്ചുമുള്ള പ്രസ്താവനകൾ അഥവാ ഹദീസുകളും, ഖുർആനിൽ നിന്നും ഹദീസിൽ നിന്നും സാരാംശം ഉൾക്കൊണ്ടതും പ്രമുഖരായ നിയമജ്ഞരാൽ ക്രോഡീകൃതവുമായ മുസ്‌ലിം സമുദായത്തിന്റെ കർമങ്ങളുടെ വിധാനങ്ങളുമായിരുന്നു, അഥവാ ഫിഖ്ഹുമായിരുന്നു അടുത്തതായി പഠിക്കാനുണ്ടായിരുന്നത്. മദ്രസകളിൽ നിന്ന് പഠിക്കുന്ന ഇതര പാഠ്യവിഷയങ്ങൾ ഈ പ്രധാനമായ മൂന്ന് പാഠ്യ വിഷയങ്ങളുടെ ഉപോത്ബലങ്ങളാണ്. വിദ്യാർത്ഥികൾ ഖുർആനിന്റെ അറബി പഠിക്കുന്നതിലൂടെ ദൈവം മനുഷ്യരിൽ അവതരിപ്പിച്ച ഭാഷ മനസ്സിലാക്കുകയും വ്യാകരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ അതിന്റെ അർത്ഥ തലങ്ങൾ വ്യക്തമായി ഗ്രഹിക്കുകയും ചെയ്തിരുന്നു. ഖുർആൻ, ഹദീസ്, നിയമം എന്നിവ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അവർ പഠിക്കുകയും, സംവാദ പഠനങ്ങളുടെ മികച്ച പ്രായോഗികതയുടെ സഹായത്തിനായി അവർ തർക്കശാസ്ത്രം (മൻത്വിഖ്) പഠിക്കുകയും ചെയ്തു. എല്ലാ മദ്രസകളിലും പാഠ്യ വിഷയങ്ങളിൽ തുല്യമായ പ്രാധാന്യമല്ല ഉണ്ടായിരുന്നത്. ഫിറങ്കി മഹൽ, ശരീഅത്തിനും തർക്കശാസ്ത്രത്തിനും മുൻഗണന നൽകിയപ്പോൾ ഉത്തരേന്ത്യയിലെ മറ്റൊരു പ്രമുഖ മദ്രസയായ ദയൂബന്ദ് ഊന്നൽ കൊടുത്തത് ഖുർആൻ-ഹദീസ് പഠനങ്ങൾക്കായിരുന്നു.

തങ്ങളുടെ ലോകത്തെ കേന്ദ്ര സംസ്കാരങ്ങളുടെ നവവാഹകരെ വളർത്തിയെടുക്കുന്നതിനും, ഇസ്‌ലാമിക നിയമങ്ങളുടെയും മൂല്യങ്ങളുടെയും പുതിയ സംരക്ഷകരെ രൂപപ്പെടുത്തുന്നതിനും, ഭാവിയിലെ ഇസ്‌ലാമിക സമൂഹത്തെ നിർമിക്കുന്നതിനും, വിദ്യാസമ്പന്നരായ വ്യക്തികൾക്ക് അധ്യാപനത്തെക്കാൾ പ്രാധാന്യമുള്ള ഉത്തരവാദിത്വം മറ്റൊന്നുമുണ്ടായിരുന്നില്ല. പ്രവാചകൻ തന്റെ കാലത്തെ അധ്യാപകനായത് പോലെ അവർ തങ്ങളുടെ കാലത്തെ അധ്യാപകരായിരുന്നു. അവരുടെ ഉത്തരവാദിത്ത നിർവഹണത്തിന് വലിയ ആദരവാണ് ലഭിക്കുന്നത്. “അവൻ തന്റെ അധ്യാപകനെക്കാൾ കുറച്ചു ചുവടുകൾ പിറകിലാണ് നടക്കേണ്ടത്, അധ്യാപകന്റെ തീരുമാനമാണ് അവസാനത്തേത്, വിദ്യാർത്ഥി അവന്റെ തീരുമാനം തിരുത്തണം”: 1906 ൽ തന്റെ ഒരു സഹപ്രവർത്തകന് മാർഗനിർദേശം നൽകുന്നതിനിടെ ഒരു വിദ്യാർത്ഥി തന്റെ അധ്യാപകനുമായി ഇടപെടുന്നതിന്റെ സമഗ്രമായ പെരുമാറ്റരീതി മൗലാനാ അബ്ദുൽ ബാരി അടിവരയിടുകയുണ്ടായി .

ഒരു അധ്യാപകന് ലഭിക്കുന്ന ബഹുമാനം കേവലം അദ്ദേഹത്തിന്റെ അറിവിനുള്ളതല്ല. മറിച്ച് അദ്ദേഹത്തിൽ പ്രവർത്തിക്കുന്ന വിജ്ഞാനത്തിനാണ്. ഇസ്‌ലാം മനുഷ്യന്റെ അസ്ഥിത്വത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുകയും സർവ്വവും ചെയ്യാനുള്ള കൃത്യമായ മാർഗം നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. ഒരാൾ ഇസ്‌ലാമിക ജ്ഞാനം യഥാവിധം മനസ്സിൽ സംഭരിച്ചാൽ അദ്ദേഹം പ്രവർത്തിച്ച എല്ലാത്തിന്റെയും അടിസ്ഥാനം അതായിരിക്കും. മൗലാനാ അബ്ദുൽ ബാരി തന്റെ സഹപ്രവർത്തകന് നൽകിയ മാർഗനിർദ്ദേശമനുസരിച്ച് ഒരു അധ്യാപകൻ “തന്റെ വിദ്യാർത്ഥികൾക്ക് സ്വയം നന്നാക്കാനുള്ള ഒരു കണ്ണാടിയാവണം.” ഇക്കാരണത്താൽ ഫിറങ്കി മഹൽ പണ്ഡിതന്മാരുടെ ജീവിതത്തിന്റെയും, ശീലങ്ങളുടെയും സൂക്ഷ്മാംശങ്ങൾ അവരുടെ ജീവചരിത്രകാരന്മാർ വിശദീകരിക്കുന്നുണ്ട്. മൗലാനാ അബ്ദുൽ റസാഖ് വെള്ളം കുടിച്ചിരുന്നപ്പോഴൊക്കെയും മൂന്നു കവിളുകളായാണ് കുടിച്ചിരുന്നത്. അദ്ദേഹം അല്പം മാത്രമായിരുന്നു ഭക്ഷിച്ചിരുന്നത്. അതുപോലെ, ഭക്ഷണത്തിന് മുമ്പും ശേഷവും മൂന്നു തവണ വീതം അദ്ദേഹം കൈ കഴുകിയിരുന്നു.

ഉന്നതരായ പണ്ഡിതന്മാരുടെ ജീവിതം പകർത്തിയെടുക്കാൻ മാത്രം മാതൃകയായിരുന്നു. വാസ്തവത്തിൽ, ആ ജീവിതങ്ങളിൽ നിന്ന് അധ്യാപകന്റെ സമ്പൂർണ മാതൃക വെളിപ്പെടുന്നുണ്ട്. അധ്യാപകൻ തന്റെ ജീവിതത്തെ ജ്ഞാന സമ്പാദനത്തിനായും അതിന്റെ കൈമാറ്റത്തിനായും മാറ്റിവെക്കേണ്ടതും, സ്വന്തം ലാഭത്തിനു പകരം ദൈവപ്രീതിക്കായി വർത്തിക്കേണ്ടതുമുണ്ട്. അദ്ദേഹത്തിന് പ്രകടമായ ഒരു ആത്മീയ ജീവിതവും കൃത്യനിഷ്ഠമായ മതകർത്തവ്യങ്ങളിൽ സൂക്ഷ്മതയും വിനയവും സമ്പത്തിനോടുള്ള വിരക്തിയും വേണം. വിശേഷിച്ചും ഭരണതലങ്ങളുമായിട്ടുള്ള സഹവാസവും ഉപേക്ഷിക്കണം. ഇപ്രകാരം, അദ്ദേഹത്തിന്റെ ജീവിതത്തെ ജ്ഞാനസമ്പാദനം രൂപപ്പെടുത്തിയാൽ അദ്ദേഹത്തിന് മേൽസൂചിപ്പിച്ചതിനെക്കാൾ ബഹുമാനാദരവുകൾ ലഭിക്കുകയും അതിലൂടെ ജ്ഞാനത്തിന്റെ കൈവശക്കാരനായി സ്വീകാര്യനാവുകയും ചെയ്യും.

മുഗൾ ചക്രവർത്തിമാരായ ഔറംഗസീബിൽ നിന്നും അക്ബറിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നതിൽ ഫിറങ്കി മഹൽ പണ്ഡിതന്മാർക്ക് എതിർപ്പുണ്ടായിരുന്നില്ല. പക്ഷെ, കാര്യക്ഷമമായിരുന്ന ഒരു സുന്നി മുസ്‌ലിം ഭരണകൂടത്തിന്റെ പതനത്തിനും ശീഈ മുസ്‌ലിങ്ങളുടെയും പിന്നീട് ബ്രിട്ടീഷ് അധീന പ്രദേശങ്ങളുടെയും ഉയർന്നുവരവോടും കൂടെ അവരുടെ ആ മനോഭാവം തിരുത്തപ്പെട്ടിരുന്നു. അങ്ങനെയാണെങ്കിലും, ഭരണകൂടത്തോടൊത്ത് ഒന്നും പ്രവർത്തിക്കില്ല എന്ന അവരുടെ നിലപാട് വളരെ ശക്തമായിരുന്നു. ഭരണകൂടം ജോലികൾ വാഗ്ധാനം ചെയ്തപ്പോൾ അവരത് നിരാകരിച്ചു. അവരുടെ പാണ്ഡിത്യത്തെ ആദരിക്കാൻ ശ്രമിച്ചപ്പോൾ അവയെ തിരസ്കരിച്ചു. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ പോലും കാണില്ലെന്ന് മൗലാനാ അബ്ദുൾ റസാഖ് ദൃഢനിശ്ചയമെടുത്തിരുന്നു.

പലപ്പോഴും ശിഷ്യന് ഗുരുവിനോടുള്ള വൈയക്തിക കടപ്പാടിൽ നിന്ന് രൂപപ്പെടുന്നതാണ് ആദരവ്. തനിക്ക് ലഭിച്ച ശിക്ഷണത്തിന് വിദ്യാർത്ഥി അധ്യാപകനോട് തന്റെ കുടുംബത്തോടുള്ളതിനെക്കാൾ കടപ്പെട്ടെന്നിരിക്കും. ഏറെക്കുറെ മികച്ച നിലയിലായിരുന്ന അധ്യാപകർ മിക്കവാറും സ്വന്തം വീടുകളിൽ അധ്യാപനം നടത്തുകയും യൂറോപ്യൻ മധ്യകാലങ്ങളിൽ ഉണ്ടായിരുന്നത് പോലെ വിദ്യാർത്ഥികൾ അവിടെ ചെന്നു താമസിക്കുകയുമായിരുന്നു. ഉത്തരേന്ത്യയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഒരു സ്ഥാപന ചട്ടക്കൂടിന്റെ രീതി അപൂർവമായിരുന്നു. പ്രസിദ്ധമായ ദയൂബന്ദ് മദ്രസ 1867ലും ഫിറങ്കി മഹൽ 1905ലും മാത്രമാണ് സ്ഥാപിക്കപ്പെടുന്നത്.

ചെറുപ്രായത്തിൽ തന്നെ മൗലാനാ അബ്ദുൽബാരിയുടെ അടുക്കൽ താമസിച്ചു പഠിക്കാൻ പോയ ചൗധരി അസീമുദ്ദീൻ അശ്റഫ് തന്റെ പതിനേഴാം വയസ്സ് വരെ അവിടെ തുടർന്നു. ആ വർഷം രണ്ട് മാസം അദ്ദേഹം തന്റെ വീട്ടിലേക്ക് പോയെങ്കിലും ശേഷിച്ച പത്ത് മാസത്തിലെ ഓരോ ദിവസവും, അധ്യാപനത്തിനായോ എഴുത്തിനായോ അല്ലെങ്കിൽ പഠനത്തിലേർപ്പെടാത്തപ്പോൾ ദിനചര്യകളായ ആരാധനകളിൽ പണ്ഡിതനായ മൗലാനാ അബ്ദുൽബാരിയുടെ അകമ്പടി സേവിക്കുകയായിരുന്നു ചെയ്തിരുന്നത്. യുവാവായ ചൗധരി ഒരു പണ്ഡിതനായി തീരാൻ പ്രത്യേകമായൊരു വിദ്യാഭ്യാസക്രമത്തിൽ ജീവിക്കുകയുണ്ടായി. അതിനാൽ തന്നെ, മൗലാനാ അബ്ദുൽ ബാരിയെ അദ്ദേഹത്തിന്റെ പിതാവിനെക്കാൾ അറിഞ്ഞിരിക്കുക ചൗധരി അസീമുദ്ദീൻ അശ്റഫ് ആയിരിക്കും.

അധ്യാപകരോടുള്ള വ്യക്തിപരമായ കടപാട് മിക്കപ്പോഴും വളരെ വലുതായിരുന്നു. പ്രതിഫലം കാംക്ഷിക്കാതെയുള്ള അധ്യാപനത്തിന്റെ സംസ്കാരം ഫിറങ്കി മഹൽ പണ്ഡിതന്മാർ നിലനിർത്തിരുന്നു. ഒരു സമയത്ത് 400ൽപരം വിദ്യാർത്ഥികളുണ്ടായിരുന്ന ഫിറങ്കി മഹൽ മദ്രസ, അധ്യാപനത്തിന് പണം ഈടാക്കിയിരുന്നില്ല. റാംപൂർ നവാബിനെ പോലെയുള്ള സാമുദായികാംഗങ്ങളുടെ സംഭാവനകളെയാണ് മദ്രസ പൂർണമായും ആശ്രയിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ഉന്നതനായ ഫിറങ്കി മഹൽ പണ്ഡിതൻ ബഹ്റുൽ ഉലൂം അബ്ദുൽ അലി അദ്ദേഹം സാമ്പത്തിക ഞെരുക്കത്തിലായപ്പോഴും അധ്യാപനത്തിനുമപ്പുറം തന്റെ കൂടെയുണ്ടായിരുന്ന ബംഗാൾ മുതൽ മദ്രാസ് വരെയുള്ള പ്രദേശങ്ങളിലെ 600 ശിഷ്യന്മാർക്ക് സ്വന്തം വരുമാനത്തിൽ നിന്ന് ഭക്ഷണം നൽകിയിരുന്നു. അക്കാരണത്താൽ ഭൗതികമായ പ്രതിഫല ചിന്തയില്ലാത്ത സ്വയം സമർപ്പിതമായ വ്യക്തികളൊടൊത്ത് തങ്ങളുടെ ജീവിതത്തിന്റെ ആദ്യകാലം ചിലവഴിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.

നൂറ്റാണ്ടുകൾ പഴക്കമുള്ള കുടുംബ സഹവർത്തിത്വത്തിന്റെ പ്രബലമായ പരമ്പരയാണ് ആദരവിന്റെ മറ്റൊരു ഉറവിടം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതലെങ്കിലും ചൗധരി അസീമുദ്ധീൻ അശ്റഫിന്റെ കുടുംബം ഫിറങ്കി മഹൽ കുടുംബത്തോടൊപ്പം സഹവർത്തിച്ചിരുന്നു. മൊഹാനി കുടുംബത്തിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികൾ ഫിറങ്കി മഹലിലേക്ക് വന്നിട്ടുണ്ട്. അതുപോലെ, പ്രദേശത്തെ സൂഫികളുടെ പിന്മുറക്കാരുമായി നൂറുകണക്കിന് വർഷം പഴക്കമുള്ള തുടർച്ചയായ സഹവർത്തിത്വവും ഉണ്ടായിരുന്നു.

ആദരവിന്റെ അഞ്ചാമത്തെ സ്രോതസ്സ് കേവലം ഉപകാരസ്മരണ എന്നതിനുമപ്പുറം അധ്യാപനത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാന വ്യവസ്ഥകളിൽ ഉൾപ്പെടുത്താൻ സാധിക്കാത്ത തരത്തിലുള്ള വികാസങ്ങളാണ്. കാരണം, ആ ഒരു സമൂഹത്തിൽ വിജ്ഞാനം ഏറെ സുഗമമായി കരഗതമാക്കാൻ സാധിക്കുമായിരുന്നില്ല. കാരണം, പുസ്തകങ്ങൾ ദുർലഭ്യമായിരുന്നു. 1830കളിൽ ബ്ലോക്ക് പ്രിന്ററുകൾ വരുന്നത് വരെ അറബിയിലും പേർഷ്യനിലും മാതൃഭാഷയായ ഉർദുവിലുമുള്ള പുസ്തകങ്ങൾ കയ്യെഴുത്തു വഴിയല്ലാതെ പകർപ്പുകളെടുക്കൽ സാധ്യമായിരുന്നില്ല. ഒരു വ്യക്തിക്ക് ഏകദേശം മുഴുവൻ ഇസ്‌ലാമിക ജ്ഞാനവും ഗുരുവിന്റെ വാക്കുകളിൽ നിന്നല്ലാതെ ലഭിക്കുമായിരുന്നില്ല. എന്നാൽ, അച്ചടിവിദ്യയുടെ കടന്നുവരവ് രാഷ്ട്രീയ-ധിഷണാ വ്യവഹാരങ്ങളുടെ ഭാഷകളായിരുന്ന അറബി-പേർഷ്യൻ എന്നിവക്ക് ബദലായി യാദൃശ്ചികമായി ഉർദു വന്നത് പോലെയുള്ള ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.

പാഠ്യവിഷയങ്ങളുടെ ഒരു സംവേദകൻ എന്നതിനുമപ്പുറം മുസ്‌ലിം മാനസിക മണ്ഡലത്തെ കൂടുതൽ വികസിപ്പിക്കുന്നതിനും തങ്ങൾ പഠിച്ച പാഠ്യപദ്ധതിയിലെ വ്യാപ്തിയെ ഊർജസ്വലമാക്കുന്നതിനുമാണ് ഒരു അധ്യാപകനെ ഇസ്‌ലാമിക അധ്യാപനശാസ്ത്രത്തിൽ വേണ്ടി വരുന്നത്. ഗുരുവിൽ പലവിധേന ശിഷ്യനെ ആശ്രിതനാക്കുന്ന ആ വ്യക്തിഗത ആത്മബന്ധം ആത്മീയാതലങ്ങളിലായിരുന്നു പലപ്പോഴും ദൃഢീകരിക്കപ്പെട്ടിരുന്നത്. കാരണം, മദ്രസ പാഠ്യപദ്ധതി വിദ്യാർത്ഥിക്ക് ദൈവിക ജ്ഞാനത്തിലേക്കുള്ള ഒരു വഴിയാണ് നൽകിയിരുന്നത്. എന്നാൽ, ആ വഴി കഠിനവും, നിയമാനുസൃതവും, സാമൂഹിക വ്യവസ്ഥിതിയുടെ രൂപീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതുമായിരുന്നു. തന്റെ സഹജാവബോധത്തെയും ആത്മീയപ്രഭാവത്തെയും പരിശീലിപ്പിക്കുന്നതിലൂടെ ദൈവത്തെ ഗ്രഹിക്കാൻ പരിശ്രമിക്കുന്ന സൂഫിമാർഗം എന്നൊരു രീതിയും അതിനാൽ ഇസ്‌ലാമിക അധ്യാപനശാസ്ത്രത്തിൽ നിലനിന്നിരുന്നു. “പാതയിലൂടെയുള്ള സഞ്ചാരം ” (ത്വരീഖത്ത് ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ പരിശീലനത്തിനിടെ, ഒരാൾ ദൈവത്തിൽ നിന്ന് അല്പം ജ്ഞാനം ആർജിക്കുകയും ദ്വയം ഏകത്വമായിത്തീരുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഉന്നതരായ പണ്ഡിതന്മാരെ പോലെ എല്ലാ ഫിറങ്കി മഹൽ പണ്ഡിതമ്മാരും വലിയൊരളവും സൂഫികളായിരുന്നു. അതിനുമപ്പുറം, ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ മിസ്റ്റിസിസത്തെ പ്രബലമാക്കാനും നവീകരിക്കാനുമുള്ള ശ്രമങ്ങളിൽ അവർ മുഖ്യ പങ്ക് വഹിച്ചിരുന്നു. ചിലർ സൂഫിവര്യരായി അംഗീകരിക്കപ്പെടുകയും അവരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ ലഖ്‌നൗവിലെ വലിയ ആണ്ടുനേർച്ചകൾക്ക് കേന്ദ്രമാവുകയും ചെയ്തു. ബഹ്റുൽ ഉലൂം അബ്ദുൽ അലിയുടെ പിതാവും ഫിറങ്കി മഹൽ പാലസിൽ ആദ്യമായി അധ്യാപനം നടത്തിയ വ്യക്തിയുമായ മുല്ലാ നിസാമുദ്ദീന്റെ ഖബറിടം മാനസിക വിഭ്രാന്തിയുള്ളവരെയും പഠനത്തിൽ വിഷമതകൾ നേരിട്ടുള്ള വിദ്യാർത്ഥികളെയുംയും സഹായിക്കുന്ന കഴിവിൽ പ്രസിദ്ധമായിരുന്നു. ഒരു കുപ്പി വിളക്കെണ്ണ മുല്ലാ നിസാമുദ്ദീന്റെ ഖബറിടത്തിൽ നിക്ഷേപിക്കലായിരുന്നു വിദ്യാർത്ഥികൾ ചെയ്തിരുന്നത്. ആ വിളക്കെണ്ണ പഠനത്തിനായി വിളക്കിൽ ഒഴിച്ച് കത്തിച്ചാൽ പ്രയാസം ലഘൂകരിക്കപ്പെടും എന്നായിരുന്നു വിശ്വാസം. യഥാർത്ഥത്തിൽ ആചാരനിഷ്ഠമായ പാണ്ഡിത്യവും സൂഫിസവും ഫിറങ്കി മഹൽ പണ്ഡിതന്മാരുടെ പ്രവർത്തനങ്ങളിൽ ഉൾച്ചേർന്നിരുന്നു. പാരമ്പര്യ പാഠ്യപദ്ധതിക്ക് സമാന്തരമായി പ്രസിദ്ധ പേർഷ്യൻ സൂഫിയായിരുന്ന ജലാലൂദ്ദീൻ റൂമിയെക്കുറിച്ചും ഫിറങ്കി മഹൽ പണ്ഡിതന്മാർ അധ്യാപനം നടത്തിയിരുന്നു. സൂഫികളുടെ വിയോഗ ദിനത്തിലെ ചടങ്ങുകൾക്ക് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്ന വിധം മദ്രസയുടെ എല്ലാ അവധി ദിനങ്ങളും ക്രമീകരിച്ചിരുന്നു. അതുപോലെ, ലഖ്‌നൗവിൽ നിന്ന് ഏതാണ്ട് മുപ്പത് മൈൽ അകലെയുള്ള ബൻസയിലുള്ള ഫിറങ്കി മഹൽ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൂഫിയായ സയ്യിദ് അബ്ദുൽ റസാഖ് ഖാദിരിയുടെ ആണ്ടുദിനത്തിലായിരുന്നു മദ്രസയുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

അത്തരമൊരു ചുറ്റുപാടിൽ ധാരാളം വിദ്യാർത്ഥികൾ അവരുടെ അധ്യാപകരുടെ ആത്മീയാനുയായികൾ, അഥവാ മുരീദും, അധ്യാപകർ ആത്മീയ മാർഗദർശികളും, അഥവാ പീറും, ആയിത്തീരുകയുണ്ടായി. അത്, അതിശക്തമായ ബന്ധത്തിന്റെയും, ഒരു പണ്ഡിതന് തന്റെ ശിഷ്യനിൽ നിന്ന് ലഭിക്കുന്ന ആദരവിന്റെയും ഉറവിടവുമായിരുന്നു. താത്വികമായി, ഒരു മുരീദിന്റെ മേലുള്ള ഒരു പീറിന്റെ സ്വാധീന്യം സമ്പൂർണമാണ്. മരണം പ്രാപിച്ച ഒരു വ്യക്തിയുടെ ശരീരം അത് കുളിപ്പിക്കുന്ന വ്യക്തിയുടെ കൈകളിൽ എപ്രകാരമാണോ അപ്രകാരം മുരീദ് പീറിന്റെ നിയന്ത്രണത്തിലായിരിക്കണം. ഉപര്യുക്ത ഘടകങ്ങളിൽ ചിലതോ, അല്ലെങ്കിൽ എപ്പോഴെങ്കിലും എല്ലാ ഘടകങ്ങളോ ഒന്നിച്ചു ചേരുമ്പോഴാണ് അവ തികച്ചും അനന്യസാധാരണമായ ആദരവിനെ വളർത്തുന്നത്. അക്കാരണത്താൽ പണ്ഡിതന്മാരുടെ ജീവചരിത്രകാരന്മാർ അവരുടെ ഗുരുനാഥന്മാരെ രേഖപ്പെടുത്തുന്നതും ശിഷ്യഗണങ്ങളുടെ നാമാവലിയുണ്ടാക്കുന്നതും ആശ്ചര്യജനകമായിരുന്നില്ല.

ഇനി, ഭൂമിയിൽ ദൈവത്തിന്റെ സമൂഹത്തെ നിലനിർത്തുക എന്ന പണ്ഡിതരുടെ മുഖ്യകർത്തവ്യം ഇടക്കിടെ ഭരണകൂടവുമായുള്ള പ്രയാസകരമായ ബന്ധങ്ങളിലേക്കാണ് നയിക്കുക. അധികാരമുള്ളവർ തങ്ങളുടെ ഭരണത്തെ നിയമാനുസൃതമാക്കുന്നതിന് പണ്ഡിതന്മാരെ തങ്ങളുടെ വശത്തെത്തിക്കാൻ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ, ഇസ്‌ലാമിനെ ക്ഷയിപ്പിക്കുന്നവരെ ഉത്സാഹപൂർവ്വം എതിർത്തും കൃത്യമായി കടമ നിർവഹിക്കുന്ന ഭരണാധികാരിയെ അനുകൂലിച്ചുമായിരുന്നു പണ്ഡിതന്മാരുടെ പ്രതികരണങ്ങൾ പക്ഷം പിടിച്ചിരുന്നത്. പാശ്ചാത്യ രീതിയിലുള്ള ആധുനിക രാഷ്ട്രത്തിന്റെ ഘടകങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ച ക്രിസ്ത്യൻ ശക്തികളുടെ കൊളോണിയൽ ഭരണകൂടങ്ങളെയും മുസ്‌ലിം ഭരണകൂടങ്ങളെയും കഴിഞ്ഞ 200 വർഷമായി മുസ്‌ലിംകൾക്ക് എതിരിടേണ്ടി അതിനാൽ എതിരിടേണ്ടി വന്നിട്ടുണ്ട്. മുസ്‌ലിം നിയമസംഹിതയും മൂല്യങ്ങളും കൈമാറുന്നതിൽ ഗുരു-ശിഷ്യ ബന്ധത്തിനുള്ള നിർണായക സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിങ്ങളെ അണിനിരത്തുന്നതിൽ മൗലാനാ അബ്ദുൽ ബാരിയുടെ കുടുംബത്തിൽ വലിയ രീതിയിൽ സാധിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടോടെ ഇന്ത്യയിലും പുറമേയുള്ള ഇസ്‌ലാമിക ലോകത്തും വ്യാപിച്ച ഒരു പുതിയ സമ്പർക്കവലയത്തിന്റെ കേന്ദ്രമായി ഫിറങ്കി മഹൽ കുടുംബം മാറിയിരുന്നു. പാണ്ഡിത്യത്തിലൂടെയും സൂഫി ആത്മീയ നേതൃത്വത്തിലൂടെയും സംഭവിച്ച കുടുംബത്തിന്റെ പ്രസരണത്താലാണ് ആ ശൃംഖല തയ്യാറാക്കപ്പെട്ടതെങ്കിലും അവരുടെ അനവധിയായ ശിഷ്യന്മാരുടെ മുസ്‌ലിം സമൂഹങ്ങളിലുള്ള ഇടപാടുകളിലൂടെയായിരുന്നു അതിന്റെ അടിത്തറയൊരുങ്ങിയത്. നിയമജ്ഞർക്കും വ്യാപാരികൾക്കും രാഷ്ട്രീയക്കാർക്കും ഉള്ള തുല്യ പ്രാധാന്യം അവർക്കും സമൂഹത്തിൽ ഉണ്ടായിരുന്നു. അതിനാൽ, ആ ശ്യംഖല ഭരണകൂടവുമായി മാത്രമെ കിടപിടിച്ചിരുന്നുള്ളു. എന്നാൽ, ആ കാലഘട്ടത്തിൽ ഫിറങ്കി മഹൽ കുടുംബം രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നതിനാൽ അവരുടെ ആ ബന്ധങ്ങളും അധികാരണങ്ങളൊന്നും അവർ വലിയ രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നില്ല. പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആധുനിക ഭരണകൂടത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ വ്യക്തമാവുകയും, ആത്മീയതയിൽ നിന്നും പാരമ്പര്യ അധ്യാപനരീതികളിൽ നിന്നും വ്യത്യസ്തമായ പാശ്ചാത്യ വൈജ്ഞാനിക രീതി ഇന്ത്യയിൽ നവീനമായൊരു ക്രമം രൂപപ്പെടുത്തുകയും ചെയ്തു.

മുസ്‌ലിം താല്പര്യങ്ങളെ സംരക്ഷിക്കാനും ഇന്ത്യയിലെ ബ്രിട്ടീഷ് നിയമങ്ങൾക്കുമേൽ സമ്മർദ്ധം സൃഷ്ടിക്കാനും അധവധി സംഘടനകൾ സ്ഥാപിച്ചാണ് ഫിറങ്കി മഹൽ പണ്ഡിതന്മാർ പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഒരു രാത്രി കൊണ്ടുതന്നെ അനവധി സംഘടനാശാഖകൾ വളർത്താൻ പ്രാപ്തനായ മൗലാനാ അബ്ദുൽ ബാരിയായിരുന്നു ആ കാലഘട്ടത്തിലെ അവരുടെ നേതാവ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എത്തിച്ചേരാൻ 35 വർഷമെടുത്ത പലയിടങ്ങളിലും മൗലാനാ അബ്ദുൽ ബാരി ഉൾപ്പെട്ടിരുന്ന പ്രധാന സമിതിയായിരുന്ന ഖിലാഫത്ത് കമ്മിറ്റി കുറഞ്ഞ മാസങ്ങൾക്കൊണ്ടായിരുന്നു സമാനമായ വളർച്ച കരഗതമാക്കിയത്. തുർക്കിയെയും ഇസ്‌ലാമിന്റെ പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തെ നിർബന്ധിതരാക്കലായിരുന്നു കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. ഒരു ചെറിയ കാലയളവിലേക്കാണെങ്കിലും, നഗരങ്ങളിലെ ഒരു വരേണ്യ വർഗം സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിനുമപ്പുറം നാട്ടിൻപുറങ്ങളിലും, ഗ്രാമങ്ങളിലും പ്രവർത്തിക്കുന്ന ഒരു ബഹുജന പ്രസ്ഥാനമെന്നോണം 1919 മുതൽ 1923 വരെ ആ പ്രസ്ഥാനം മുന്നോട്ടുപോയി. ആ പ്രസ്ഥാനത്തിന്റെ വ്യാപനത്തിന്, വിശേഷിച്ചും ആദ്യകാല വളർച്ചക്ക്, ഫിറങ്കി മഹൽ പണ്ഡിതന്മാരുടെ പങ്ക് പ്രധാനപ്പെട്ടതായിരുന്നു . ആയിരക്കണക്കിന് കത്തുകളിലും, കമ്പിത്തപാലുകളിലുമായുള്ള അവരുടെ ഇടപെടലുകളുടെ ലിഖിത ഉപദാനങ്ങൾ കുടുംബത്തിന്റെ ആർക്കൈവ്സിലുണ്ട്. 1940കളിലെ പാക്കിസ്ഥാൻ വാദത്തിന് എതിരായി നിന്നത് പോലെ ഗുരു-ശിഷ്യ ശൃംഖലയിലൂടെ ഫിറങ്കി മഹലികളും മറ്റ് പണ്ഡിതന്മാരുമെല്ലാം തന്നെ മതകാര്യങ്ങൾ ഏറ്റെടുക്കാൻ സാധിക്കുന്ന കൂട്ടായ്മകളുടെ അഭിനിവേശത്തെ വളർത്താൻ കഴിവുള്ളവരായിരുന്നു.

വിവർത്തനം: സിറാജ് റഹ്‌മാൻ ശ്രീകണ്ഠപുരം
Featured Image: Blue: Decaying Decadence – Lucknow, India

Author

British historian and academic who specialises in the history of South Asia and Islam.

Comments are closed.