സെനഗലിലെ മുസ്‌ലിം ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മൂന്നാം ഭാഗം 
രണ്ടാം ഭാഗം: സൂഫി സദസ്സിലെ ഇഫ്താർ അനുഭവം

മതപരിത്യാഗത്തിലൂടെയാണ് ഞാനെന്റെ യാത്ര തുടങ്ങിയത്. അന്നെനിക്ക് ഏകദേശം പതിനഞ്ച് വയസ്സായിരുന്നു. എന്റെ ആരോഗ്യത്തെയും ജീവിതത്തെയും മാറ്റിമറിച്ച ഒരു പ്രധാന ശാസ്ത്രക്രിയയ്ക്ക് ശേഷം ഞാൻ പാരീസിൽ വേനൽക്കാലം ചെലവഴിക്കുകയായിരുന്നു.   ദൈവത്തോട് എല്ലാ അർത്ഥത്തിലും ഞാൻ ഈ സന്തോഷത്തിന് കടപ്പെട്ടിരിന്നു. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ നിസ്കാരം ദിനേന അഞ്ചുതവണ കൃത്യമായി നിർവഹിക്കുക വഴി ഞാൻ ദൈവത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ടിരുന്നു. അന്നൊരു ചൂടുകൂടിയ ദിവസമായിരുന്നു. ഖിബ് ലക്ക് അഭിമുഖമായി ഖുർആനിക വചനങ്ങൾ ഉരുവിട്ടുകൊണ്ട് ളുഹർ നിസ്കരിക്കുമ്പോഴാണ് ഒരു പ്രവാഹം പോലെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട് ആ ചിന്ത എന്നിലേക്ക് ഒഴുകി എത്തിയത്.

ആരെയാണ് നീ ആരാധിക്കുന്നത്? ആരോടാണ് നീ ഈ പ്രാർത്ഥിക്കുന്നത്?

ഞാൻ ആ ചിന്തയെ പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ വണങ്ങുമ്പോഴും പാരായണം ചെയ്യുമ്പോഴുമെല്ലാം ആ ചോദ്യം എന്റെ തലക്കുള്ളിൽ ആവർത്തിച്ചു മുഴങ്ങിക്കൊണ്ടിരുന്നു.

“ദൈവത്തിനോട് ആണ് ഞാൻ പ്രാർത്ഥിക്കുന്നത്.”

ആരാണവൻ? എന്താണത്? എവിടെയാണ് ആ ദൈവം ഉള്ളത്?

03-TEI-Senegal-11
ഖുർആൻ സ്‌കൂളിലെ വിദ്യാർത്ഥിനികൾ

ആ ശബ്ദം എന്റെ തലക്കുള്ളിൽ ആവർത്തിക്കപ്പെട്ടു. എനിക്കെന്റെ ശരീരത്തിന്റെ ഒരു ഭാഗം ബാധ കൂടിയത് പോലെ അനുഭവപ്പെട്ടു. മറ്റൊരു ഭാഗമാകട്ടെ എനിക്കുത്തരം നൽകാനാവാത്ത ആ ചോദ്യങ്ങളെ ചെറുത്തുനിന്നു. അപ്പോഴും ഞാൻ പ്രാർത്ഥനയിൽ തുടർന്നുകൊണ്ടിരുന്നു. അനാവശ്യ ചിന്തകളിൽനിന്ന് മുക്തി നേടാനായി ഞാൻ മുമ്പിലുണ്ടായിരുന്ന അലമാരയിലേക്ക് ശ്രദ്ധതിരിച്ചു. അത് ഫലം കണ്ടു. ഞാൻ ഒന്നു സുജൂദ് ചെയ്തപ്പോഴേക്കും ചോദ്യങ്ങൾ ചിന്നിച്ചിതറി. എന്നാൽ വരണ്ട തറയിൽ നിന്നു ഞാൻ തല ഉയർത്തിയപ്പോൾ അലമാര ഒരു പ്രതിമ പോലെ തോന്നിച്ചു. ആ മുറി ആകട്ടെ ഒരു ദേവാലയം പോലെയും. ഞാൻ എന്റെ മതത്തിന് എതിരായി പ്രവർത്തിക്കുന്നത് പോലെ തോന്നി. പെട്ടെന്ന് ആ ശബ്ദം തിരിച്ചുവരികയും എനിക്കൊരു ഉത്തരം നൽകുകയും ചെയ്തു.

നിനക്ക് അറിയാത്ത ഒന്നിനെ ആരാധിക്കാനോ പ്രകീർത്തിക്കാനോ നിനക്കാവില്ല” അത് എന്റെ ഉള്ളിൽ മുഴങ്ങാൻ തുടങ്ങി. ആരാധന പാതിവഴിയിൽ അവസാനിപ്പിച്ച്, ഷാൾ ഊരിമാറ്റി, നിസ്കാരപ്പായ മടക്കിവെച്ച് ഞാൻ മുറിവിട്ടിറങ്ങി. ഞെട്ടലോടെ പൂർത്തിയാക്കിയ അത്രയും കാര്യങ്ങൾ എന്നെ സ്വതന്ത്രയാക്കിയ പോലെ അനുഭവപ്പെട്ടു. എന്നാൽ ദൈവത്തെ കണ്ടെത്താനുള്ള എന്റെ യാത്രയുടെ തുടക്കമായിരുന്നു അത് എന്ന് ഞാനറിഞ്ഞിരുന്നില്ല. എനിക്ക് തോന്നുന്നത് ഇത്തരം തീവ്രമായ ചിന്തകൾ രൂപംകൊള്ളുന്നതും, യാഥാർത്ഥ്യത്തെ അന്വേഷിച്ചു പോകലും  ഒരു സാധാരണ കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒന്നാണ് എന്നാണ്. എന്റെ ഉള്ളിൽ നടന്നുകൊണ്ടിരുന്ന സംസ്കാരിക  സംഘട്ടനത്തിന്റെ പരിണിതി കൂടിയായിരുന്നു ഈ സംഭവം.

ഞാനൊരു സെനഗലി സ്ത്രീയാണ്. ഞാൻ ജനിച്ചതും ജീവിതത്തിന്റെ ആദ്യത്തെ 14 വർഷം ജീവിച്ചതും ഒരു ആഫ്രിക്കൻ രാജ്യത്താണ്. ആഴ്ചയിൽ  അഞ്ചു ദിവസം ഫ്രഞ്ച് വിദ്യാലയത്തിലേക്കും വാരാന്ത്യങ്ങളിൽ ഖുർആൻ പാഠശാലകയിലേക്കും പോയിക്കൊണ്ടാണ് ഞാൻ വളർന്നത്. ഫ്രഞ്ച് സ്കൂളുകളിൽ നിന്നും ഞാൻ തിരിച്ചു ചെല്ലുന്നത് ആഫ്രിക്കൻ രക്ഷിതാക്കളുടെ അടുത്തേക്കായിരുന്നു. അവർക്കിടയിൽ ആകട്ടെ എന്റെ അസ്ഥിത്വത്തിന്റെ ഭാഗമായ ആഫ്രിക്കൻ മൂല്യങ്ങളെയെല്ലാം നിലനിർത്തി പോന്നിരുന്ന ഒരാളായിരുന്നു ഞാൻ.

03-TEI-Senegal-41
സ്ത്രീകൾ നടത്തുന്ന റസ്റ്റോറന്റുകളും ഇറച്ചിക്കടകളും തെരുവുകടകളും ഇവിടെ സാധാരണ കാഴ്ചയായിരുന്നു. ഒരു പക്ഷേ ജോർദാൻ പോലുള്ള രാജ്യങ്ങളിൽ ഇത് അസാധാരണമായി തോന്നാം.

ഞങ്ങൾ പെരുന്നാൾ ആഘോഷിച്ചു. ക്രിസ്മസിന് സമ്മാനങ്ങൾ സ്വീകരിച്ചു. ഇസ്‌ലാമിക പുതുവൽസര ദിനങ്ങളിൽ പുത്തൻ വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ തങ്ങളുടെ അയൽക്കൂട്ടങ്ങളിൽ ചെന്ന് മുതിർന്നവരോട് പണം ചോദിച്ചു. വേനലവധിക്കാലത്ത് ചങ്ങാതിമാരോടൊപ്പം ക്യാമ്പ് ഫയറിലേക്ക് പോയത് ഞാനോർക്കുന്നു. അവിടെവച്ചാണ് കഥയിലൂടെ എന്നെ ശരിയും തെറ്റും പഠിപ്പിച്ച സെനഗൽ കഥകൾ ഞാൻ കേട്ടിരുന്നത്. എന്റെ പതിമൂന്നാമത്തെ വയസ്സിൽ ഉപ്പാക്ക് ഒരു ഗ്രീൻ കാർഡ് ലോട്ടറിയടിച്ചു. തൊട്ടടുത്ത വർഷംതന്നെ അമേരിക്ക എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഞങ്ങൾ അവിടേക്ക് പറന്നു. അമേരിക്കൻ സംസ്കാരം എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറയാം. പെട്ടെന്ന് തന്നെ ഞാൻ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു. ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം ഞാൻ  സെനഗലിലേക്ക് മടങ്ങി. പിന്നീട് ഞാൻ പോയത് ഇംഗ്ലീഷും ഫ്രഞ്ചും പഠന മാധ്യമം ആക്കിയ ഒരു വിദ്യാലയത്തിലേക്ക് ആയിരുന്നു. അവിടെ ഒരുപാട് അമേരിക്കൻ പ്രൊഫസർമാരും ഫ്രഞ്ച് സംസാരിക്കുന്ന സെനഗൽ പ്രൊഫസർമാരും ഉണ്ടായിരുന്നു. 15 വയസ്സാകുമ്പോഴേക്ക് തന്നെ എന്റെ ഞരമ്പിലൂടെ ഒരു ആഫ്രിക്കൻ സംസ്കാരവും ഒരു മധ്യേഷ്യൻ സംസ്കാരവും രണ്ട് പാശ്ചാത്യൻ സംസ്കാരങ്ങളും ഒരേസമയം ഓടിക്കൊണ്ടിരുന്നു

പാരീസിലെ എന്റെ ‘ആരാധന പ്രതിസന്ധിക്ക്’ ശേഷം സെനഗലിൽ തിരിച്ചെത്തിയതു മുതൽ ഞാൻ മാതാപിതാക്കളെയും ചുറ്റുപാടുകളും നിരീക്ഷിക്കാൻ ആരംഭിച്ചു. നിത്യജീവിതത്തിലെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും, ജനങ്ങളുടെ ആരാധനകൾ നോക്കികാണുകയും ചെയ്തു. ഒരു വലിയ ശക്തിയുടെ ഉണ്മക്ക് ചെറിയ സാധ്യത ഉണ്ട് എന്ന് അതെന്നെ ബോധ്യപ്പെടുത്തി. പലപ്പോഴും ആ ശക്തിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഒരാളുടെ അവബോധം ഒരു ഫോൺ സർവീസ് പോലെയാണ്. ചിലപ്പോൾ അതുമായി നിങ്ങൾ കണക്ട് ആയിട്ടുണ്ടാവും, ഇല്ലാതെയുമിരിക്കാം. നിങ്ങൾ കണക്റ്റ് ആയിട്ടില്ല എന്നത് അങ്ങനെ ഒന്ന് ഇല്ല എന്നതിന് തെളിവാകുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം എന്റെ വിശ്വാസത്തെ എങ്ങനെ പുനർസ്ഥാപിക്കാം എന്ന് എനിക്കറിയില്ലായിരുന്നു. വിശ്വസിക്കാനുള്ള ആഗ്രഹം ഉള്ളതോടൊപ്പം തന്നെ ഞാൻ ഒരു സന്ദേഹി കൂടിയായിരുന്നു. എങ്കിലും ദൈവം എന്ന ഒന്നുണ്ടെങ്കിൽ ആ ദൈവം എനിക്കു മുന്നിൽ സ്വയം അനാവൃതമാവാൻ പല സന്ദർഭങ്ങളിലും ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി.

03-TEI-Senegal-15

മൂന്ന് വർഷങ്ങൾ ഇങ്ങനെ കടന്നുപോയി. അന്ന് ഒരു ഉച്ച സമയത്ത് ഞങ്ങളുടെ കുടുംബം മുഴുവൻ ഭക്ഷണത്തിനായി ഒരു തളികക്ക് ചുറ്റും ഇരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ ജേഷ്ഠ സഹോദരൻ ഭക്ഷണ തളികയിലേക്ക് നോക്കി പറയുന്നത്: “ഇത് ദൈവമാകുന്നു, നീ ദൈവമാകുന്നു, ഇയാൾ ദൈവമാകുന്നു, എല്ലാം ദൈവമാകുന്നു”. ഇത് കേട്ട് എല്ലാവരും അസ്വസ്ഥരായി. ചിലർ പോകാനായി എഴുന്നേറ്റു. മറ്റു ചിലർ അവനെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു. എനിക്ക് ആ വാക്കുകൾ രസകരമായും അസ്വസ്ഥത ഉണ്ടാക്കുന്നതുമായി തോന്നി. അവൻ പാതി മയക്കത്തിൽ ആയിരുന്നെങ്കിലും ആ വാക്കുകൾ ആവർത്തിച്ചു ഉച്ചരിച്ചു കൊണ്ടിരുന്നു. അവന്റെ സ്വബോധം നഷ്ടപ്പെട്ടതുപോലെ എനിക്ക് തോന്നി. പിന്നീട് അവന്റെ ഈ ഭ്രാന്തമായ പെരുമാറ്റത്തെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ എന്റെ കാതിലേക്ക് കുനിഞ്ഞു കൊണ്ട് അവൻ പറഞ്ഞു: നീ മുട്ടുകുത്തുമ്പോൾ ആരോടാണ് നീ പ്രാർത്ഥിക്കുന്നത് ?എന്താണത്? ആരാണാ ദൈവം? എവിടെയാണ് ആ ദൈവം ഉള്ളത്?

ദൈവം എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു. എവിടുന്നാണ് ഈ ചോദ്യങ്ങൾ ലഭിച്ചതെന്ന് ഞാനവനോട് ചോദിച്ചു. അവനെനിക്ക് ഒരു സൂഫി കൂട്ടായ്മ പരിചയപ്പെടുത്തി; ‘ഫായിദാ തീജാനിയ്യ’. ഒടുവിൽ ഞാൻ എന്റെ ആത്മീയ ഗുരുവിനെ കണ്ടു മുട്ടി. അവർ ഒരു മുൻ ഗവണ്മെന്റ് ഉദ്യോഗസ്ഥ ആയിരുന്ന സ്ത്രീയായിരുന്നു. അവർ ഒരുപാട് യാത്ര ചെയ്ത വ്യക്തിയും, അറിയപ്പെട്ടഎഴുത്തുകാരിയും ആയിരുന്നു. ഈ കാലമത്രയും എനിക്കാവശ്യം നാല് സംസ്കാരങ്ങൾ ഒരുമിച്ചു കുടി കൊള്ളുന്ന എന്റെ മനസ്സിനെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വ്യക്തിയുമായുള്ള ബന്ധം ആയിരുന്നു. ഈ അതുല്യ വനിതയാവട്ടെ ഒരിക്കലും തന്നെ എന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തിരുന്നില്ല. സത്യം അന്വേഷിക്കാനുള്ള എന്റെ ആഗ്രഹത്തെ ഞാൻ അവതരിപ്പിച്ചപ്പോൾ അവരെന്നോട് ആവശ്യപ്പെട്ടത് എന്റെ മതത്തിന്റെ നിർദേശങ്ങൾ അനുസരിക്കാനും, വലിയ ശക്തിയോടെ നേരിട്ട് ഉത്തരങ്ങൾ ചോദിക്കാനും മാത്രമായിരുന്നു. ആ വലിയ ശക്തിയെക്കുറിച്ചും അതിന്റെ ഏകത്വത്തെ (തൗഹീദ്) കുറിച്ചും കൂടുതൽ അറിയാനും മനസ്സിലാക്കാനും അവരെന്നോട് നിർദേശിച്ചു.

03-TEI-Senegal-20
ഈ ചിത്രത്തിലുള്ള ഔക്കാം പള്ളി ആമിനാത്തയുടെ ഇഷ്ടപ്പെട്ട പള്ളിയായിരുന്നു. പള്ളിക്കടുത്തുള്ള കടൽ തീരത്ത് വെച്ചാണ് അവർ തൻ്റെ ദിക്റുകൾ ഭൂരിഭാഗവും ചൊല്ലിയത്. പള്ളിയുടെ അടുത്തുപോയി ഫോട്ടോ എടുക്കാം ഞാൻ നിർദ്ദേശിച്ചപ്പോൾ അതുതൻ്റെ വികാരങ്ങളെ നിയന്ത്രണാതീതമാക്കും എന്ന് അവർ പറഞ്ഞു.

മതത്തിന്റെ ആചാരങ്ങളിലേക്ക് തിരിച്ചു വന്ന് ഒരാഴ്ചക്കാലം അല്ലാഹുവിനെക്കുറിച്ചും, നമ്മുടെ ഉണ്മയുടെ ലക്ഷ്യത്തെക്കുറിച്ചും ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു. ഒടുക്കം എല്ലാത്തിനെക്കുറിച്ചും ഉള്ള എന്റെ സംശയങ്ങൾക്ക് ഉത്തരം വ്യക്തമായിത്തുടങ്ങി. ഒരു വലിയ ശക്തിയുടെ ഉദ്ദേശമോ പ്രവർത്തനമോ ഇല്ലാതെ ഭൂമിയിൽ ഒരു വസ്തുവിനും നിലനിൽക്കാൻ സാധ്യമല്ല. ഈ സംഭവത്തിനു ശേഷം വസ്തുക്കളിലെ ഏകത്വത്തെ ഞാൻ സ്നേഹിച്ചു തുടങ്ങി, എങ്ങനെയാണ് സൂക്ഷമ തലത്തിലും, പാരിസ്ഥിതിക തലത്തിലും, ആത്മീയ തലത്തിലും എല്ലാവരും തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്നത്, എങ്ങനെയാണ് ഓരോ സൃഷ്ടിയും അത്തിന്റെ ധർമ്മം നിർവഹിക്കുന്നത് എന്ന ഞാൻ ആലോചിച്ച് തുടങ്ങി. ദൈവത്തെ കണ്ടെത്തിയ ശേഷമുള്ള കഴിഞ്ഞ എട്ടു വർഷങ്ങൾ ഞാൻ ഇവയുടെ ഉത്തരങ്ങളെ ദൃഢീകരിച്ച് കൊണ്ടിരിക്കുകയായിരുന്നു.

ദൈവം എല്ലാവരെയും സ്നേഹിക്കുന്നവനാണ് (അൽ വദൂദ്). നിങ്ങളെയും (നിങ്ങളുടെ കുറവുകളോടൊപ്പം) മറ്റ് എല്ലാ സൃഷ്ടികളെയും സ്നേഹിക്കുന്നവൻ. ഹൃദയ സ്പന്ദനം മുതൽ ഹൃദയ സ്തംഭനം വരെ, മന്ദമാരുതൻ മുതൽ ഇടിമുഴക്കങ്ങൾ വരെ എല്ലാ അധികാരവും ശക്തിയും അവനിൽ നിക്ഷിപ്തമാണ്. ഈ യാഥാർത്ഥ്യത്തെ നമ്മൾ എങ്ങനെ നോക്കി കാണുന്നു എന്നതിനനുസരിച്ചാണ് കാര്യങ്ങളുടെ കിടപ്പ്.

ഇന്ന് ഒരു പാൻ ആഫ്രിക്കൻ മുസ്‌ലിം സ്ത്രീയായിട്ടാണ് ഞാൻ സ്വയം അടയാളപ്പെടുത്തുന്നത്. എന്നിലും എനിക്ക് ചുറ്റുമുള്ള ആത്മാക്കളുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും ഇതുവരെ പറയപ്പെടാത്ത കഥകളെ ഞാൻ അഭിമാനപൂർവ്വം കൊണ്ടുനടക്കുന്നു. എന്നാൽ ഇവയെല്ലാം വായിക്കാനും മനസ്സിലാക്കാനും ദൈവം എനിക്ക് നേരത്തെ നിശ്ചയിച്ചതാണ് എന്ന് ഉൾക്കൊള്ളാതെ എനിക്കൊന്നും പറയാനാകില്ല. ആ ശക്തിയെ മനസ്സിലാക്കൽ ഇപ്പോഴും സങ്കീർണ്ണമായ കാര്യമായി തുടരുന്നു. ശെരിയായ ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് അവനെ കണ്ടെത്തുന്നതിൽ പ്രധാനം. ഉത്തരങ്ങൾ സ്വയം നിങ്ങൾക്ക് മുന്നിൽ ചുരുൾ അഴിക്കപ്പെടുകയും അത് നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യും.

03-TEI-Senegal-5
ഒരു ആഫ്രിക്കൻ സ്ത്രീയെ തിരിച്ചറിയാനുള്ള ഏറ്റവും ചെറിയ കാര്യങ്ങളാണ് ഫാഷനും കളറുകളും. ആഫ്രിക്കൻ സ്ത്രീകളെ മറ്റു സ്ത്രീകളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം എന്താണെന്ന് ഒരിക്കൽ ഞാനൊരു സ്ത്രീയോട് ചോദിക്കുകയുണ്ടായി. ‘എനിക്കത് പറയാനാകില്ല, അത് ഞങ്ങളുടെ രഹസ്യമാണ്’ എന്നായിരുന്നു അവരുടെ മറുപടി.

ഞാൻ ദിവസവും ദൈവത്തോട് എന്നെ നല്ല ഒരു ദൈവദാസി ആക്കണമെന്ന് പ്രാർത്ഥിക്കാറുണ്ട്. എന്റെ ആരാധനകളെ സ്വീകരിക്കാനും, എന്നോട് അവനുള്ള സ്നേഹത്തെക്കുറിച്ച് ബോദ്ധ്യവാനാകാനും, അറിഞ്ഞും അറിയാതെയും ഞാൻ ചെയ്ത തെറ്റുകൾ പൊറുത്തു തരാനും, എന്റെ ഏക സംരക്ഷകനും, വഴികാട്ടിയും, വേദനകളെ ശമിപ്പിക്കുന്നവനും ആകാനും, എന്റെ ഹൃദയവും, മനസ്സും, ശരീരവും, ആത്മാവും ആയി മാറാനും ….. അങ്ങനെ എല്ലാത്തിനും വേണ്ടിയും ഞാൻ പ്രാർത്ഥിച്ചു. അങ്ങനെ ഞാൻ അവന്റെ സാന്നിദ്യം തിരിച്ചറിഞ്ഞു തുടങ്ങി. ആ സാന്നിധ്യത്തിൽ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു. അതോടെ നീ, ഞാൻ ,അവൻ, അത്, എന്നിങ്ങനെ വേർതിരിക്കാൻ സാധിക്കാതെയായി. ചിലർ അതിനെ ദൈവനിന്ദ എന്ന് വിളിച്ചു, ചിലർ ഇഹ്‌സാൻ എന്നും.  എന്ത് പേരിട്ട് വിളിച്ചാലും റോസാ പുഷ്പം അതിന്റെ സുഗന്ധം പരത്തുക തന്നെ ചെയ്യുമല്ലോ.

സമാധാനത്തിന്റെ മനോഹരമായ സുഗന്ധം…..

Comments are closed.