എന്റെ ചെറുപ്പത്തിൽ മോയിൻ കുട്ടി വൈദ്യരുടെ പടപ്പാട്ടു പാട്ടുകാരനായ, സുള്ള്യയിലെ ഞങ്ങളുടെ വീട്ടിൽ വന്നുകൊണ്ടിരുന്ന ഒരു മുസ്‌ലിം പണ്ഡിതനുണ്ടായിരുന്നു. ആയോധനകലകളിൽ നിപുണനായ അദ്ദേഹത്തിന്റെ മനോഹരമായ ശബ്ദത്തിനായിരുന്നു ആരാധകർ കൂടുതലും. കണ്ണൂർ ജില്ലക്കാരനായ അദ്ദേഹത്തിന് അതേ നാട്ടുകാരനായ എന്റെ ഉപ്പയുമായി നല്ല ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ ആദൂർ ആറ്റു തങ്ങൾ വർഷവും നടത്തിവന്നിരുന്ന അവരുടെ കുടുംബത്തിന്റെ ഉറൂസിന് പടപ്പാട്ട് പാടി പ്രസംഗിക്കാൻ വന്നപ്പോൾ ഞങ്ങളുടെ ചെറിയ വീട്ടിലായിരുന്നു അദ്ദേഹം തങ്ങിയിരുന്നത്. കുട്ടികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വരവ് തന്നെ ആയിരുന്നു ഉറൂസ്. വീട്ടിൽ നിന്ന് രണ്ടു മണിക്കൂർ യാത്ര ഉള്ള ആദൂരിലെക് പാടാൻ പോകുന്നതിന് മുൻപ് കുറെ ദിവസം അദ്ദേഹം ഞങ്ങളുടെ വീട്ടിൽ തങ്ങി. പരിപാടി കഴിഞ്ഞും അദ്ദേഹം വീണ്ടും നമ്മുടെ വീട്ടിലേക് തന്നെ തിരിച്ചു വന്നു കുറച്ചു ദിവസം കൂടി താമസിച്ചു. ആവിശ്യപ്പെടുമ്പോഴെല്ലാം ഒരു മടിയും കാണിക്കാതെ അദ്ദേഹം ഞങ്ങൾക്ക് പാട്ട് പാടിത്തരും. പ്രത്യേകിച്ച് ഹംസ [റ]വിനെ കുറിച്ചുള്ള പടപ്പാട്ടിലെ വരികളുമൊക്കെ മുഴക്കമുള്ള ശൈലിയിൽ അദ്ദേഹം പാടുന്നത് കേട്ട് നമ്മൾ അദ്ദേഹത്തിന്റെ ആരാധകരായി മാറിക്കഴിഞ്ഞിരുന്നു. ഉപ്പ പറഞ്ഞതനുസരിച്ച് ആദൂരിലെ തങ്ങൾക്കും, പത്തു ദിവസത്തോളം നീണ്ട പടപ്പാട്ട് പരിപാടിയിൽ സംബന്ധിച്ച നാട്ടുകാർക്കും അദ്ദേഹത്തിന്റെ പാട്ടുകൾ വളരെയധികം ഇഷ്ട്ടപെട്ടു. കൂടുതൽ നേരം പാടിയിരുന്നെങ്കിൽ എന്നത് മാത്രമായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള നാട്ടുകാരുടെ പരാതി.

ഒരു ചെറിയ അത്തർ കുപ്പിയുമായിട്ടായിരുന്നു അദ്ദേഹം വന്നിരുന്നത്. മുൻപൊരിക്കലും ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒരു വേറിട്ട ഗന്ധമായിരുന്നു അതിന്. ഹജ്ജിന് പോയപ്പോൾ വലിയൊരു തുകക്ക് വാങ്ങിയ ‘അമ്പർ’ എന്ന അത്തറാണതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ക’അബയുമായോ ഹജറുൽ അസ്‌വദുമായോ മറ്റോ ബന്ധമുള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞതായുള്ള ഓർമ മാത്രമാണ് എനിക്കുള്ളത്. മത്സ്യത്തിൽ നിന്നും എടുക്കുന്ന അമ്പർ സുഗന്ധലോകത്തെ അപൂർവ ചേരുവകളിലൊന്നാണ് എന്നും അദ്ദേഹം പറഞ്ഞുതന്നിരുന്നു. ഓർമ ശരിയാണെങ്കിൽ അദ്ദേഹത്തിൽ നിന്ന് തന്നെയാണ് ആദ്യമായി ഊദിനെക്കുറിച്ച് ഞാൻ കേൾക്കുന്നതും. എന്റെ മനസ്സിൽ ഏറ്റവുമതികം തെളിഞ്ഞുനിൽക്കുന്നത് അദ്ദേഹത്തിന്റെ കൈയ്യിലെ അത്തറിന്റെ മണമാണ്. ഇന്നും അമ്പരപ്പിക്കുന്ന വ്യക്തതയോടെ അത് എന്റെ മുന്നിൽ വന്നുനിൽക്കാറുണ്ട്. ദിവസങ്ങൾ വീട്ടിൽ താമസിച്ച ശേഷം കണ്ണൂരിലേക്കു യാത്ര തിരിക്കുന്നതിനു മുൻപ് ഉപ്പയെയും ഉമ്മയെയും, നമ്മൾ മക്കളയേയും അടുത്ത് വിളിച്ച് അദ്ദേഹം ആ അത്തർ കുപ്പി ഞങ്ങൾക്ക് സമ്മാനിച്ചു. സ്വന്തം കുടുംബത്തേക്കാൾ പ്രിയപ്പെട്ട ആ സുഗന്ധം ഞങ്ങൾക്കു നൽകണമെന്നൊരു നിർബന്ധം ഉള്ളിൽ തോന്നുന്നുവെന്നും അത് ആരുമായും പങ്കുവക്കരുത് എന്നും പറഞ്ഞുകൊണ്ട് അദ്ദേഹം ഞങ്ങളോട് യാത്രപറഞ്ഞിറങ്ങി.

സ്വർഗത്തിലെത്തിയ പ്രതീതിയായിരുന്നു എനിക്കന്ന്. അതിൽപിന്നെ ആ അത്തർ തേക്കാതെ ഞാൻ പുറത്തിറങ്ങില്ല എന്ന മട്ടായി. യൂണിഫോമിലും ഷർട്ടിലും തുടങ്ങി ഞാനുപയോഗിക്കുന്ന എല്ലാത്തിനും ക്രമേണ ആ മണമായിത്തുടങ്ങി. കട്ടിയുള്ള ഓയിലായത്കൊണ്ട് ചില ഷർട്ടുകളിലൊക്കെ അതിന്റെ കറ ഉണ്ടായിരുന്നു. അക്കാലത്തൊക്കെ ഞങ്ങളുടെ പ്രായക്കാർക്ക് അത്തർ കിട്ടണമെങ്കിൽ ആരെങ്കിലും ഹജ്ജ് കഴിഞ്ഞ് മടങ്ങുകയോ ഗൾഫിൽ നിന്ന് വരുകയോ അല്ലെങ്കിൽ കൊടുത്ത് വിടുകയോ ചെയ്യണം. പലപ്പോഴും ആ അത്തർ അമിതമായി ഉപയോഗിക്കുകയും ക്രമേണ അത് തീർന്നു. ആ കുപ്പി ഏറെക്കാലം ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. ഒരിക്കൽ അത്തർ പുരട്ടുന്നതിനിടെ അൽപ്പം നിലത്തുവീണപ്പോൾ വീടു മുഴുവൻ അതിന്റെ മണംകൊണ്ട് നിറഞ്ഞു, ചുവരുകൾപോലും ആ സുഗന്ധം ശ്വസിക്കാൻ തുടങ്ങിയെന്നു തോന്നും വിധം. അന്ന് ആ അത്തറിന്റെ വിലയോ, പൊതുവേ അത്തറുകളുടെ മൂല്യമോ എനിക്ക് മനസ്സിലായിരുന്നില്ല. ഉപ്പ വാങ്ങിയതോ ഗൾഫിൽനിന്നു മടങ്ങിയെത്തിയ ബന്ധുക്കൾ സമ്മാനിച്ചതോ ആയ പലതരം അത്തറുകളും സുഗന്ധങ്ങളും വീട്ടിൽ കാണാറുണ്ടായിരുന്നു. എന്റെ തലമുറയിലുള്ളവർക്കും അതിനുമുമ്പുള്ള തലമുറകൾക്കും അത്തറുകളുടെ ഓർമകൾ ഗൾഫിനോടും ഹജ്ജിനോടും ചേർന്നതായിരുന്നു. ജന്നാത്തുൽ ഫിർദൗസ്, മജ്‌മൂഅ, മുല്ലപ്പൂ അത്തറുകൾ, ബ്രൂട്ട് പെർഫ്യൂം—എന്റെ ആദ്യകാല സുഗന്ധഓർമകളിൽ ഇവയെല്ലാമുണ്ട്. ഓരോ മണവും അതിന്റേതായ ചെറിയ ലോകത്തെത്തന്നെ ഉള്ളിൽ കൊണ്ടുനടന്നിരുന്നു.

അന്ന് ഞാനുപയോഗിക്കുന്ന അത്തറുകളുടെ ഗന്ധം ക്ലാസ്സിലെ പലർക്കുമിടയിൽ പരാതിയുണ്ടാക്കി. പരാതിക്ക് കാരണമായി പറഞ്ഞത് ആംബർ അത്തർ ആണോ എന്ന് ഓർമയില്ല. ഒരുപക്ഷെ ജാസ്മിൻ പോലോത്തെ മറ്റേതെങ്കിലുമോ ആവണം മറ്റുള്ളവർക്ക് തലവേദനയുണ്ടാക്കിയത് എന്ന് തോനുന്നു. അതോടെ ഞാൻ അത്തർ ഉപയോഗിക്കുന്ന സ്വഭാവം ഉപേക്ഷിച്ചു. എപ്പോഴാണ് വീണ്ടും അവ ഉപയോഗിച്ചുതുടങ്ങിയതെന്ന് കൃത്യമായി ഓർമയില്ല. ബിരുദ പഠനകാലത്ത് ഞാൻ കോഴിക്കോട് പതിവായി പോകുമായിരുന്നു—പ്രത്യേകിച്ച് മർകസ് കൊമേഴ്‌സ്യൽ കോംപ്ലക്സിലേക്ക്. അറബികൾക്ക് അത്തറും അഗർവുഡും വിൽക്കുന്ന നിരവധി കടകൾ അവിടെയുണ്ടായിരുന്നു. പോകുമ്പോഴെല്ലാം അറബികൾ ആ കടകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് കാണുമായിരുന്നു എന്നതല്ലാതെ അന്ന് ഞാൻ അത്തർ വാങ്ങിയതായി ഓർക്കുന്നില്ല. പകരം, ആ പ്രദേശം നിറഞ്ഞിരുന്ന പുസ്തകക്കടകളിൽ നിന്നും നിറയെ പുസ്തകങ്ങളുമായാണ് മിക്കപ്പോഴും ഞാൻ മടങ്ങിയത്. അന്നെനിക്ക് പുസ്തകങ്ങളും മറ്റൊരു തരത്തിലുള്ള സുഗന്ധമായിരുന്നു—കടലാസിന്റെയും മഷിയുടെയും പൊടിയുടെയും സാധ്യതകളുടെയും ഗന്ധം.

വർഷങ്ങൾക്ക് ശേഷം മാസ്റ്റേഴ്സ് പഠനവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലായിരിക്കുമ്പോഴാണ് അത്തറുകളോടും മറ്റു സുഗന്ധ ദ്രവ്യങ്ങളോടുമൊക്കെ വീണ്ടും ഭ്രമവും കൗതുകവുമെല്ലാം തോന്നിത്തുടങ്ങുന്നത്. കൂടെ ഒരുമിച്ച് പഠിച്ച് കൊണ്ടിരുന്ന ഫസീഹ് അഹമദിനും ഇത്തരത്തിലുള്ള സുഗന്ധ ഭ്രമമുണ്ടായിരുന്നു. ഗോൽക്കൊണ്ട കോട്ടയിലെ അനൗദ്യോഗിക ടൂറിസ്റ്റ് ഗൈഡുകളെക്കുറിച്ചുള്ള മാസ്റ്റേഴ്‌സ് പ്രബന്ധത്തിന്റെ പണികൾക്കൊപ്പം ഞങ്ങൾ നഗരത്തിലെ അത്തർ കടകളിലൂടെ കയറിയിറങ്ങി. പലതരം സുഗന്ധങ്ങൾ പരീക്ഷിക്കുകയും വാങ്ങുകയും ചെയ്തു. ഊദ്, മസ്‌കിന്റെ സ്വഭാവമുള്ളതും തീവ്രവുമായ സുഗന്ധങ്ങളോടായിരുന്നു ഞങ്ങൾ രണ്ടുപേർക്കും ഇഷ്ടം. ചർമത്തെ ഒന്നു തൊട്ടുപോകുക മാത്രമല്ല, ശരീരത്തിന്റെ ഓർമയിൽത്തന്നെ വന്നുതാമസിക്കുന്നുവെന്നു തോന്നിക്കുന്ന മണങ്ങൾ. അങ്ങനെ അത്തറുകളുടെയും സുഗന്ധങ്ങളുടെയും ലോകത്തിലൂടെ വീണ്ടും സഞ്ചരിക്കാൻ തുടങ്ങിയപ്പോഴാണ് യാദൃശ്ചികമായി എനിക്കൊരു അത്തർ സമ്മാനമായി ലഭിക്കുന്നത്.

ഉപ്പ പറഞ്ഞതനുസരിച്ച് ആദൂരിലെ തങ്ങൾക്കും, പത്തു ദിവസത്തോളം നീണ്ട പടപ്പാട്ട് പരിപാടിയിൽ സംബന്ധിച്ച നാട്ടുകാർക്കും അദ്ദേഹത്തിന്റെ പാട്ടുകൾ വളരെയധികം ഇഷ്ട്ടപെട്ടു.

ഞങ്ങളുടെ സീനിയറായിരുന്ന നുഐമാന്റെ കൈയിൽ കൊമ്പിന്റെ ആകൃതിയിലുള്ള ഒരു ലോഹ അത്തർ കുപ്പിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ പോകുമ്പോഴെല്ലാം അത് എന്റെ ശ്രദ്ധയാകർഷിക്കുമായിരുന്നു. ഒരുദിവസം അദ്ദേഹം എന്നെ ഉച്ചഭക്ഷണത്തിനു വിളിച്ചു. മണിക്കൂറുകൾ നീണ്ട സംഭാഷണത്തിനും രുചികരമായ ഭക്ഷണത്തിനും ശേഷം ഞാൻ യാത്രപറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം എന്നെ തിരികെ അകത്തേക്കു വിളിച്ച് ഒരു വലിയ ആകർഷണീയമായ അത്തർ കുപ്പി എനിക്കു സമ്മാനിച്ചു. ഞാൻ അത് പതിവായി ഉപയോഗിച്ചു തുടങ്ങി. ലൈറ്റ് മണമായിരുന്നു അതിന്. പക്ഷേ ദിവസവും പുരട്ടിയിരുന്നിട്ടും കുറച്ചുകാലം കഴിഞ്ഞപ്പോൾ അതിന്റെ മണം എനിക്ക് അനുഭവപ്പെടാതെയായി. അത് കാരണം കുറെ വാരിത്തേക്കുമായിരുന്നു ഇടക്കിടെ. ഒരുദിവസം എന്റെ സഹപാഠി സായി ഹോസ്റ്റൽ മുറിയിൽ വന്നു. കുപ്പിയുടെ മണം നോക്കിയശേഷം അയാൾ പറഞ്ഞു: “ഓ, ഇതാണല്ലേ നിന്റെ പതിവുമണം!” ഞാൻ അമ്പരന്നുപോയി. മറ്റുള്ളവർ എന്നെ ഒരു പ്രത്യേക മണവുമായി ബന്ധപ്പെടുത്തി ഓർക്കുന്നുണ്ടെന്ന് അതുവരെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. അതോടെ കുപ്പിയിൽ ബാക്കിയായിരുന്ന കുറച്ച് അത്തറിനോട് എനിക്ക് വല്ലാത്ത കരുതലായി. ചില സുഹൃത്തുക്കൾ സ്നേഹത്തോടെ എന്നെ ‘അത്തർ മണക്കുന്നവൻ’ എന്നു വിളിച്ചു. മറ്റുചിലർക്ക്, പ്രത്യേകിച്ച് മൈഗ്രെയ്ൻ ഉള്ളവർക്ക്, അത്തറിന്റെ മണം ഇഷ്ടമായിരുന്നില്ല.

കൂടുതൽ അത്തറുകൾ വാങ്ങാൻ തുടങ്ങിയെങ്കിലും കുട്ടിക്കാലത്തെ ആ അംബർ, മറുപടി കിട്ടാത്തൊരു വിളിയാളം പോലെ ഓർമയിൽ അവശേഷിച്ചു. അവിടെനിന്നാണ് നഷ്ടപ്പെട്ട അ ഗന്ധത്തെത്തേടിയുള്ള എന്റെ യഥാർഥ അന്വേഷണം തുടങ്ങുന്നത്. ചെറുപ്പത്തിലനുഭവിച്ച ആ അമ്പറിന്റെ മണം തേടിയുള്ള യാത്രയിൽ ഒരുപാട് അത്തറുകൾ വാങ്ങിക്കൂട്ടിയെങ്കിലും ആ മണത്തിന്റെ ഉറവിടം മാത്രം പിടിതന്നില്ല. നിറം ഒരു സൂചനയായിരിക്കാമെന്ന് കരുതി ഇരുണ്ട നിറമുള്ള അത്തറുകൾ വാങ്ങി. നിറത്തിന്റെ ഉള്ളിൽ എവിടെയോ മണം ഒളിച്ചിരിപ്പുണ്ടെന്നതുപോലെ. പല അത്തറുകളും എനിക്കു സമ്മാനമായി കിട്ടി. ചിലത് ഞാൻ മറ്റുള്ളവർക്ക് സമ്മാനിച്ചു. പക്ഷേ ഞാൻ തേടിയിരുന്ന മണം അകന്നകന്നുപോയിക്കൊണ്ടിരുന്നു. മൂക്കിന് എത്തിപ്പിടിക്കാനാകുന്നതിന് തൊട്ടപ്പുറം—പാതി ഓർമയിലും പാതി നഷ്ടത്തിലുമായി.

ഉപ്പ വാങ്ങിയതോ ഗൾഫിൽനിന്നു മടങ്ങിയെത്തിയ ബന്ധുക്കൾ സമ്മാനിച്ചതോ ആയ പലതരം അത്തറുകളും സുഗന്ധങ്ങളും വീട്ടിൽ കാണാറുണ്ടായിരുന്നു.

മുസ്‌ലിം ജീവിത പരിസരങ്ങളിൽ അത്തറുകൾക്കുള്ള പ്രാധാന്യം പ്രവാചകന് (ﷺ) സുഗന്ധത്തോടുള്ള താൽപര്യവുമായി ബന്ധപ്പെട്ടതാണ് എന്ന് കാണാം. മുഹമ്മദ് നബി(ﷺ)യുടെ സുഗന്ധത്തെക്കുറിച്ചുള്ള നിരവധി വിവരണങ്ങൾ മുസ്‌ലിം ചരിത്ര-ഭക്തിസാഹിത്യങ്ങളിൽ കാണാം. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ തിരുനബി (ﷺ) സുഗന്ധത്തെ എണ്ണുന്നുണ്ട്. മസ്‌കും അംബറും ചേർന്നതുപോലെയുള്ള മണമായിരുന്നു പ്രവാചകരുടേത് (ﷺ) എന്ന് ജീവചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അംബറിന് ദീർഘവും അർഥപൂർണവുമായൊരു ചരിത്രമുണ്ട്. ആരെങ്കിലും സുഗന്ധം സമ്മാനിച്ചാൽ അത് ഒരിക്കലും നിരസിക്കരുതെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്. പൊതുവെ ആരും നിരസിക്കാത്ത സമ്മാനമായതുകൊണ്ടുകൂടിയാണ് അത്തർ മുസ്‌ലിം പരിസരങ്ങളിൽ പ്രിയപ്പെട്ട സമ്മാനമായി തുടരുന്നത്. സുഗന്ധത്തിനുവേണ്ടി പണം ചെലവഴിക്കുന്നത്—അത് ഭീമമായ തുകയാണെങ്കിലും—ധൂർത്തല്ലെന്ന് ചില പൗരാണിക മുസ്‌ലിം പണ്ഡിതന്മാർ വാദിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം, കൈയിൽ ഒട്ടും പണമില്ലാത്തപ്പോഴും ജീവിതത്തിൽ ബറകത്ത് കൊണ്ടുവരുമെന്നു കരുതി ഞാൻ ചിലപ്പോൾ അത്തർ വാങ്ങുന്നത്. ജോലിയിലും, പിന്നീട് പി എച് ഡിക്ക് ചേർന്നതോടെ എന്റെ അത്തർ അന്വേഷണം കൂടുതൽ ഗൗരവതരമായി. അൽപം വിലകൂടിയ അത്തറുകൾ ഉത്തർ പ്രദേശിലെ കനൗജിൽ നിന്നും, ബോംബയിൽ നിന്നും ഗുജറാത്തിൽ നിന്നുമെല്ലാം വാങ്ങിത്തുടങ്ങി. എണ്ണമറ്റ അംബർ അത്തറുകളും ‘കിസ്‌വത്തുൽ കഅ്ബ’യുടെ പല രൂപങ്ങളും പരീക്ഷിച്ചു. ഓർമയിൽ ഉറങ്ങിക്കിടക്കുന്ന ആ കുട്ടിക്കാല മണം അവയിലൊന്ന് എങ്ങനെയെങ്കിലും ഉണർത്തുമെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ അത് മാത്രം സംഭവിച്ചില്ല.

ചില സുഹൃത്തുക്കൾ ചെറിയ അത്തർ കുപ്പികൾ പോക്കറ്റിൽ കൊണ്ടുനടക്കും. കാണുമ്പോഴെല്ലാം കുറച്ച് അത്തർ സമ്മാനമായി തരും. എനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെയുള്ള ഹാഫിസ് കെ.ടി. അത്തരത്തിലൊരാളായിരുന്നു. മാസ്റ്റേഴ്‌സിനുശേഷം ജോലിക്കായി ഒരുവർഷം ഞാൻ കോഴിക്കോട് താമസിച്ചു. അക്കാലത്ത് എന്റെ ചെറിയ ബജറ്റിനുള്ളിൽനിന്നുകൊണ്ട് ചെറിയ ധാരാളം അത്തർ കുപ്പികൾ വാങ്ങുമായിരുന്നു. ഏതെങ്കിലും അത്തർ കട കാണുമ്പോൾ, ആ കടയോടുള്ള ഒരു സ്നേഹപ്രകടനം എന്ന നിലയിൽ ചെറിയൊരു കുപ്പിയെങ്കിലും ഞാൻ വാങ്ങുമായിരുന്നു. ആളുകൾക്ക് അകത്തേക്കു കയറിവരാനും അൽപ്പം സുഗന്ധം സ്വീകരിച്ച് സന്തോഷത്തോടെ മടങ്ങിപ്പോകാനും കഴിയുന്ന ഒരു ചെറിയ അത്തർ കട സ്വന്തമാക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് എന്റെ സുഹൃത്ത് സലീം യൂനുസ് പറയാറുണ്ടായിരുന്നു. ഇത്തരം താൽപ്പര്യങ്ങൾ പങ്കിടുന്ന ഒരാളെ കണ്ടുമുട്ടുമ്പോൾ പ്രത്യേകതരം ഒരു സൗഹൃദം രൂപപ്പെടുന്നുണ്ട്. വാക്കുകൾകൊണ്ടുമാത്രമല്ല, പങ്കിടുന്ന മണങ്ങളും രുചികളും ആഗ്രഹങ്ങളുംകൂടി ചേർത്തുണ്ടാക്കുന്ന അടുപ്പം.

നമ്മൾ ലോകത്തെ മനസ്സിലാക്കിത്തുടങ്ങുന്ന ആദ്യത്തെ ഇന്ദ്രിയം മണമായിരിക്കാമെന്ന് സുഹൃത്ത് മഷ്‌കൂർ ഒരിക്കൽ പറഞ്ഞിരുന്നു.

പിഎച്ച്ഡി തുടങ്ങിയതോടെ അത്തറുകളെ ഞാൻ ഗൗരവത്തിൽ സമീപിച്ചുതുടങ്ങി. എനിക്കൊപ്പം പിഎച്ച്ഡിക്കു ചേർന്ന ആയിഷ മുഅല്ലയ്ക്ക് സുഗന്ധങ്ങളെക്കുറിച്ച് അസാധാരണമായ അറിവുണ്ടായിരുന്നു. എനിക്കു ലഭിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല ചില അത്തറുകൾ അവർ സമ്മാനിച്ചു. അവയിൽ ഒന്നായ ഫ്രാങ്കിൻസെൻസ് ഇന്നും എന്റെ പ്രിയപ്പെട്ട സുഗന്ധങ്ങളിലൊന്നാണ്. ഉയർന്ന ഗുണമേന്മയുള്ള ഊദിനെയും മറ്റു സുഗന്ധങ്ങളെയും തിരിച്ചറിയാനും ആസ്വദിക്കാനും അവർക്കു പ്രത്യേക കഴിവുണ്ടായിരുന്നു. കുട്ടിക്കാലത്തെ അംബറിന്റെ കഥ ഞാൻ ആയിഷയോടു പറഞ്ഞപ്പോൾ, അത് ‘ഷമാമത്തുൽ അംബർ’ എന്ന ഇനമായിരിക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകളായി കനൗജിൽ വാറ്റിയെടുക്കുന്ന പ്രശസ്തമായൊരു അത്തറാണത്.

അടുത്തിടെ ഓൺലൈനിൽ പലതരം അത്തറുകൾ നോക്കുന്നതിനിടെ ബംഗ്ലാദേശിലെ ഒരു കട വിൽക്കുന്ന ‘അംബർ’ എന്റെ കണ്ണിൽപ്പെട്ടു. എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഇന്ത്യയിൽ എല്ലായിടത്തും അന്വേഷിച്ചെങ്കിലും അത് കണ്ടെത്താനായില്ല. ഒരു അത്ഭുതം പ്രതീക്ഷിച്ച്, ഡൽഹി സർവകലാശാലയിൽ പഠിക്കുന്ന ബംഗ്ലാദേശുകാരനായ ഒരു സുഹൃത്തിനെ ഞാൻ ബന്ധപ്പെട്ടു. മലേഷ്യയിലെ ഒരു സമ്മേളനത്തിൽവെച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. അന്ന് ഞങ്ങൾ ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. ഞാൻ ലിങ്ക് അയച്ചുകൊടുത്തിട്ട് അത് വാങ്ങാൻ സഹായിക്കാമോ എന്നു ചോദിച്ചു. തൊട്ടടുത്ത ദിവസംതന്നെ, എനിക്കായി വാങ്ങി മാറ്റിവെച്ച ആ കുപ്പിയുടെ ചിത്രം അവൻ അയച്ചുതന്നു. അടുത്തതവണ കാണുമ്പോൾ അതെനിക്കു കിട്ടുമെന്നാണ് പ്രതീക്ഷ. ഇത്രയും കാലം ഞാൻ തിരഞ്ഞുനടന്ന സുഗന്ധം അതുതന്നെയാണോ എന്ന് ദൈവത്തിനു മാത്രമേ അറിയൂ. അതല്ലെങ്കിൽപോലും ആ സുഗന്ധമെന്നെ നിരാശപ്പെടുത്തില്ല എന്നെനിക്കുറപ്പുണ്ട്. മിക്ക അത്തറുകളും എന്നെ നിരാശപ്പെടുത്താറില്ല. ഒരുപക്ഷേ ഗൾഫ് രാജ്യങ്ങളിലെവിടെയെങ്കിലും ആ സുഗന്ധം ഇന്നും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രശസ്തമായ അത്തർ സ്ഥാപനങ്ങളിൽനിന്ന് സമാനമായ പേരുകളുള്ള സുഗന്ധങ്ങൾ ഇടയ്ക്കിടെ എന്റെ മുന്നിലെത്തും. അപ്പോഴെല്ലാം, അണഞ്ഞുവെന്ന് ഞാൻ കരുതിയ പ്രതീക്ഷയുടെ തിരിനാളം വീണ്ടും തെളിയും.

ആ വിലമതിക്കാനാകാത്ത സമ്മാനം ഞങ്ങൾക്കു നൽകിയ മനുഷ്യനുമായുള്ള ബന്ധം പിന്നീട് പൂർണമായും നഷ്ടപ്പെട്ടതാണ് എന്റെ ഏറ്റവും വലിയ ദുഃഖം. അബ്ദുൽ കരീം മൗലാന എന്ന പേരിലാണ് ഞങ്ങൾ അദ്ദേഹത്തെ അറിഞ്ഞിരുന്നത്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും എനിക്കറിയില്ല. എപ്പോഴോ, ആരിൽനിന്നോ, അദ്ദേഹം എവിടെയോ ഓട്ടോറിക്ഷ ഓടിക്കുകയാണെന്ന് ഉപ്പ കേട്ടിരുന്നു. അതിനപ്പുറം വിവരങ്ങളൊന്നുമില്ല. ആ ബന്ധം അപ്രത്യക്ഷമായി, സുഗന്ധവും അത് നഷ്ടപ്പെട്ടതിന്റെ വേദനയും മാത്രം ബാക്കിയാക്കി.

മണവുമായി ബന്ധപ്പെട്ട ഓർമകൾക്ക് അസാധാരണമായ ശക്തിയുണ്ട്. നമ്മൾ ലോകത്തെ മനസ്സിലാക്കിത്തുടങ്ങുന്ന ആദ്യത്തെ ഇന്ദ്രിയം മണമായിരിക്കാമെന്ന് സുഹൃത്ത് മഷ്‌കൂർ ഒരിക്കൽ പറഞ്ഞിരുന്നു. ഒരു കുഞ്ഞ് സ്വന്തം മാതാവിനെ മണത്തിലൂടെ തിരിച്ചറിയുന്നതാണ് അദ്ദേഹം അതിന്ന് ഉദാഹരണമായി പറഞ്ഞത്. മനുഷ്യരെയും സംഭവങ്ങളെയും ഓർമകളെയും നമ്മൾ മണത്തിലൂടെ തിരിച്ചറിയുന്നുണ്ട്—അത് സുഗന്ധമായാലും വിയർപ്പായാലും ഭക്ഷണത്തിന്റെ മണമായാലും ചില സ്ഥലങ്ങൾക്കുമാത്രമുള്ള ഗന്ധമായാലും. ചില മണങ്ങൾ സന്തോഷത്തെ വിളിച്ചുവരുത്തും. മറ്റുചിലത് സങ്കടമോ നിശ്ശബ്ദമായൊരു വിഷാദമോ കൊണ്ടുവരും.

എന്റെ മനസ്സിൽ ചെറിയൊരു വിഷാദം നിറയ്ക്കുന്ന രണ്ടു മണങ്ങളുണ്ട്. അതിലൊന്ന് ഇഞ്ചിയുടേതാണ്. ചെറുപ്പത്തിൽ ഒരു ഇഞ്ചിക്കാലത്ത് എനിക്ക് ടൈഫോയ്ഡ് വന്നിരുന്നു. അന്ന് വീടു മുഴുവൻ ഇഞ്ചി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇന്നും ആ മണം, ശക്തിയോടെ എന്നെ പെട്ടെന്ന് ആ കാലത്തേക്കു തിരികെ കൊണ്ടുപോകാറുണ്ട്. രണ്ടാമത്തെ ഓർമ കോവിഡ് കാലത്തേതാണ്. ഐസൊലേഷനിലായിരുന്നപ്പോൾ മുറിയിൽ ഒറ്റയ്ക്ക് നിരവധി ഏകാന്തദിവസങ്ങൾ ഞാൻ ചെലവഴിച്ചു. ആ മുറിക്ക് ഒരു സവിശേഷ മണമായിരുന്നു. ചിലപ്പോൾ അതിനെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ കുറച്ചുനേരം നിശ്ശബ്ദനാകും—ആ മുറി വീണ്ടും എന്റെ ശരീരത്തിനുള്ളിലേക്കു കടന്നുവന്നതുപോലെ. ഈയടുത്ത് ഡൽഹിയിൽ ഒരു ബുക്ക് ടോക്കിൽ പങ്കെടുക്കവെ ഞാൻ പുരട്ടിയിരുന്ന കനൗജിൽ നിന്ന് വാങ്ങിയ ഇന്ത്യൻ ഊദിന്റെ മണം ജീവിച്ചിരുക്കുന്ന ഒരു വലിയ സൂഫി പണ്ഡിതന്റെ സുഗന്ധത്തിന് സമാനമായി തോന്നിയെന്ന് എന്റെയടുത്ത് നിന്നിരുന്ന ഒരു സുഹൃത്ത് മെസ്സേജ് അയച്ച് പറയുകയുണ്ടായി. എന്നെ സൂഫിയുമായി താരതമ്യം ചെയ്യുന്നതിലെ അദബ്കേടോർത്ത് ഞാൻ പരിഭവിച്ചെങ്കിലും ഒരർഥത്തിൽ ഞാനടിച്ച ഊദിന്റെ അമൂല്യത കൊണ്ടുമാണല്ലോയെന്നോർത്ത് ഞാൻ സന്തോഷിച്ചു.

ഇന്നെനിക്ക് അത്തറുകളെ സ്നേഹിക്കുന്ന ധാരാളം സുഹൃത്തുക്കളുണ്ട്. സുഗന്ധം ആ ബന്ധങ്ങൾ സവിശേഷമായ സ്വഭാവം നൽകുന്നുണ്ട്. ആ ബന്ധങ്ങൾക്കിടയിലെല്ലാം എന്റെ ആ പഴയ അത്തർ തേടിയുള്ള യാത്രയിലാണ് ഞാനിന്നുള്ളത്. അബ്ദുൽ കരീം മൗലാനയെ വീണ്ടും എന്നെങ്കിലും കണ്ടുമുട്ടിയാൽ, വർഷങ്ങൾക്കുമുമ്പ് അദ്ദേഹം ഞങ്ങൾക്കു സമ്മാനിച്ച ആ സുഗന്ധത്തെക്കുറിച്ചായിരിക്കും ഞാൻ ആദ്യം ചോദിക്കുക. ചില രാത്രികളിൽ അതിന്റെ മണം മനസ്സിൽ സങ്കൽപ്പിക്കാൻ ഞാൻ ശ്രമിക്കും. അ ഗന്ധത്തിന്റെ ഓർമകൾ ഇന്നും എന്റെ ഉള്ളിലെവിടെയോ ചേർന്ന് കിടക്കുന്നുണ്ട്, മറവിക്ക് വിട്ടുകൊടുക്കാനാകാതെ. ഇന്നും പല സുഗന്ധങ്ങളും മണത്തുനോക്കി, “ഇതല്ല അത്” എന്ന് ഉറപ്പോടെ പറയാൻ എനിക്കു കഴിയും. ഒരുദിവസം ആ സുഗന്ധം വീണ്ടും കണ്ടെത്തുമെന്നും, എന്റെ മാതാവിനും ഏറെ പ്രിയമായിരുന്ന ആ അംബർ അത്തർകൊണ്ട് അവരെ സർപ്രൈസ് ചെയ്യാമെന്ന പ്രതീക്ഷയിൽ ഓർമയുടെ അറകളിലെവിടെയോ ആ അത്തർ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

വിവർത്തനം: സ്വദഖത്ത് സെഞ്ചർ

Comments are closed.