ഫരീദുദ്ദീൻ അത്താർ (റ) ജനിക്കുന്നത് A.D. 1150നടുത്ത വർഷങ്ങളിലായി നിഷാപൂരിന്റെ സമീപ പ്രദേശമായ കട്ക്കാൻ എന്ന ഗ്രാമത്തിലാണ്. ഖുറാസാനും നിഷാപൂരം അക്കാലത്തെ സൂഫി കേന്ദ്രങ്ങൾ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന സ്ഥലങ്ങളായിരുന്നു. അബു സൈദ്, അബിൽ ഖൈർ, അൽ ഗസാലി എന്നിവരടക്കമുള്ള പല പ്രമുഖ സൂഫികളും ഈ പ്രദേശകാരായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. ‘അത്താർ’ എന്ന നാമം സൂചിപ്പിക്കുന്നത് സുഗന്ധങ്ങളുമായി ബന്ധപ്പെടുന്ന വ്യക്തിയെ ആണ്. സൂഫിവര്യൻ ആയിരുന്നു ഫരീദുദ്ദീൻ അത്താറിന്റെ(റ) പിതാവ് അത്തർ വിൽപ്പനക്കാരനായിരുന്നു. കാലാന്തരത്തിൽ മകനും പിതാവിനെ പിന്തുടർന്നു. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ട അദ്ദേഹം കൂടുതൽ കാലം തന്റെ മാതാവിനോടോപ്പമായിരുന്നു. അവരോടൊപ്പമുള്ള കാലഘട്ടത്തിലെ സന്തോഷങ്ങളെ പറ്റിയും സംതൃപ്തിയെ പറ്റിയും അദ്ദേഹം പിൽക്കാലത്ത് എഴുതുന്നുണ്ട്. ആത്മീയമായി ഔന്നിത്യം കൈവരിച്ച ഉമ്മയിൽ നിന്നാണ് ആധ്യാത്മികതയോടുള്ള അഭിനിവേശം അദ്ദേഹം സ്വായത്തമാക്കുന്നത്.

സുഗന്ധ വസ്തുക്കളുടെ വിൽപ്പനയോടൊപ്പം രോഗികളെ പരിശോധിക്കുകയും, ഔഷധങ്ങൾ വിതരണം ചെയ്യുകയും ചെയ്തുകൊണ്ടാണ് അത്താർ (റ) ഉപജീവനം നടത്തിയത്. തന്റെ കടയിൽ വെച്ചുതന്നെയാണ് അദ്ദേഹം കവിതകൾ രചിച്ചു തുടങ്ങുന്നത്. സുഗന്ധ വസ്തുക്കൾ വിൽക്കുന്നതിൽ വ്യാപൃതനായിരിക്കെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട സംഭവം ഉണ്ടാകുന്നത്. ഒരിക്കൽ ഒരു ദർവീഷ് അദ്ദേഹത്തിന്റെ കടയുടെ മുന്നിലെത്തി അവിടെ നിരത്തിവെച്ചിരിക്കുന്ന വസ്തുക്കൾ കൗതുകത്തോടെ നോക്കി നിന്നു. തന്റെ കടക്ക് മുന്നിൽ വഴി തടസ്സം സൃഷ്ടിക്കുന്ന വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ നീരസനായി അത്താർ അദ്ദേഹത്തോട് പോകാനായി ആവശ്യപ്പെട്ടു. അതിനു മറുപടിയെന്നോണം ദർവീഷ് പറഞ്ഞു

എനിക്ക് പോകാൻ ബുദ്ധിമുട്ടുകളൊന്നുമില്ല. എന്റെ ഭാണ്ഡക്കെട്ട് വളരെ ലളിതമാണ്, ഈ പിഞ്ഞിയ വസ്ത്രങ്ങൾ മാത്രമേ എനിക്ക് കൊണ്ടുപോകാനായി ഉള്ളൂ. എന്നാൽ ഇത്രയും വിലപിടിച്ച വസ്തുക്കൾ ഉള്ള നിങ്ങളെ സംബന്ധിച്ചിടത്തോളം സമയം ആസന്നമാകുമ്പോൾ അവയെല്ലാം എങ്ങനെ കൂടെ കൊണ്ടുപോകും? എന്നെ സംബന്ധിച്ചിടത്തോളം നശ്വരമായ ലോകത്തിലെ ബസാറിൽ നിന്നും വളരെ വേഗത്തിൽ പോകാൻ സാധിക്കും. എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ഭാണ്ഡങ്ങൾ ശരിയാക്കുന്നതിൽ വ്യാപൃതനാവേണ്ടിവരും. നിങ്ങളുടെ അവസ്ഥയെപ്പറ്റി അൽപ്പമെങ്കിലും ചിന്തിക്കുന്നത് ഉചിതമായിരിക്കും.

ഇത്രയും പറഞ്ഞ അവിടെക്കിടന്ന് ആ ദർവീഷ് മരണപ്പെട്ടു. ഈ സംഭവം അത്താറിന്റെ (റ) ഹൃദയത്തെ ഉലച്ചുകളഞ്ഞു. അതോടെ അദ്ധേഹം തന്റെ കട വിൽക്കുകയും, ലോകത്തിന്റെ വ്യവഹാരങ്ങൾ പരിത്യജിച്ച് പൂർണ്ണമായും സൂഫികളുടെ ലോകത്തേക്ക് തിരിയുകയും ചെയ്തു.

വന്ദ്യ ഗുരു റുക്നുദ്ധീൻ അക്കലിന്റെ ശിക്ഷണത്തിലാണ് ഫരീദുദ്ധീൻ അത്താർ (റ) ധ്യാനത്തിന് പ്രാരംഭം കുറിക്കുന്നത്. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാറാൻ ആ ശിക്ഷണം സഹായകമായി. ഷെയ്ഖിന്റെ മറ്റു ശിഷ്യന്മാരോടൊപ്പം ചില വർഷങ്ങൾ അദ്ദേഹം ചിലവഴിച്ചു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം മക്കയിലേക്കുള്ള തീർത്ഥാടനം നടത്തിയത്. ഒട്ടുമിക്ക സൂഫികളും ഒരിടത്ത് സ്ഥിരമായിരുന്നു എഴുതുന്നതിനും പഠിപ്പിക്കുന്നതിനും മുൻപേ ഒരുപാട് യാത്ര ചെയ്യുന്നവരാണ്. അത്താറും(റ) ഇതിൽ നിന്ന് വിഭിന്നനായിരുന്നില്ല. നിഷാപൂരിൽ സ്ഥിരതാമസം ആക്കുന്നതിനു മുമ്പ് അദ്ദേഹം റയ്യ്, കൂഫ, ഡമസ്കസ്, ഈജിപ്ത്, ഇന്ത്യ, തുർക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. ഈ കാലഘട്ടത്തിലെ ഏകാന്തതയെ കുറിച്ചും തപസ്സിനെ കുറിച്ചും അദ്ദേഹം തന്നെ എഴുത്തുകളിലൂടെ നമ്മോട് പറയുന്നുണ്ട് :

“ഹൃദയത്തിന്റെ ദുഃഖത്താൽ ഞാൻ ഉരുകിപ്പോയി. എന്റെ ചുറ്റിലുമുള്ള ജനം എന്നെ ഗൗനിച്ചതേയില്ല. ഞാൻ ഏകാന്തനായി ദുഃഖം അനുഭവിച്ചു. കണ്ണുനീർ കൊണ്ട് ഞാൻ നനഞ്ഞു കുതിർന്നു. പലപ്പോഴും എന്റെ അതിഥിയായി ജിബ്രീൽ (അ) വന്നിട്ടുണ്ട്. പരിശുദ്ധാത്മാവ് തന്നെ എനിക്ക് കൂട്ടിനായി ഉള്ളപ്പോൾ എന്തിന് ഞാൻ നിസ്സാരനായ ഒരുത്തനേടൊപ്പം റൊട്ടി പങ്കിടണം? എന്റെ ഈ റൊട്ടി തന്നെ എനിക്ക് പോഷകാഹാരമാണ്. സംതൃപ്തനായ ഹൃദയം ആത്മാവിന് പുതുജീവൻ നൽകുന്നു. സത്യമാണ് എന്റെ നിധി. അതൊരിക്കലും തന്നെ നഷ്ടപ്പെടുന്നില്ല. അത്തരത്തിലുള്ള സ്വത്തുള്ളവനാണ് യഥാർത്ഥ സമ്പന്നൻ. നീചനായ ഒരുത്തനോട് ഞാൻ എന്തിന് കടപ്പെട്ടിരിക്കണം. അല്ലെങ്കിൽ എന്റെ ഹൃദയത്തെ കീഴ്പ്പെടുത്താൻ എന്തിന് അവനെ അനുവദിക്കണം? ഞാൻ ഒരിക്കലും തന്നെ ഒരു സ്വേച്ഛാധിപതിയുടെ ഭക്ഷണം കഴിച്ചിട്ടില്ല. അങ്ങനയുള്ള ഒരുവന് എന്റെ പുസ്തകം നൽകിയിട്ടുമില്ല. എന്റെ ശരീരത്തെ നിലനിർത്തുന്ന ആത്മാവിന്റെ ശക്തിയാണത്.”

അത്താർ തന്റെ സഞ്ചാരത്തിനിടെ ഒരുപാട് സൂഫിവര്യൻമാരുമായി പരിചയപ്പെടുകയുണ്ടായി. ഏകദേശം 39 വർഷത്തോളം സൂഫികളുടെ വാക്കുകളും കവിതകളും ശേഖരിക്കുന്നതിലും അവരുടെ ജീവിതത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ സംരക്ഷിക്കുന്നതിലും സമയം ചെലവഴിച്ചു. അതുകൊണ്ടുതന്നെ അക്കാലത്തെ മറ്റേതൊരു എഴുത്തുകാരനേക്കാളും സൂഫികളെ കുറിച്ചും അവരുടെ ഫിലോസഫിയെ കുറിച്ചും ഏറ്റവും കൂടുതൽ അറിവുള്ള ആളായി അദ്ദേഹം പ്രസിദ്ധിയാർജിച്ചു. തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളിൽ പൂർണ്ണമായ ഏകാന്തതയിലായിരുന്നു അദ്ദേഹം സമയം ചെലവഴിച്ചിരുന്നത്. വാതിലുകൾ ആർക്കു മുന്നിലും തുറന്നു കൊടുത്തില്ല. എന്നാൽ ആത്മീയ ഉപദേശം തേടി എത്തിയവരെ അദ്ദേഹം മടക്കി അയച്ചതുമില്ല. തന്റെ ഏകാന്തതയിൽ ദൈവത്തിന്റെ സത്തയെ കുറിച്ച് ആലോചിക്കുന്നതിൽ അദ്ദേഹം മുഴുകി.

അത്താർ (റ) മരണം വരിക്കുന്നത് AD 1229 – 30ൽ നിഷാപൂരിൽ വെച്ച് മംഗോളിയരുടെ അക്രമണത്തിനിടയിലാണ് എന്നാണ് ചരിത്രം പറയുന്നത്. ഒരു മംഗോളിയൻ അദ്ദേഹത്തെ തടവിലാക്കി വധിക്കാനായി ഉദ്ദേശിച്ചപ്പോൾ മറ്റൊരു മംഗോളിയൻ അദ്ദേഹത്തെ വിട്ടയക്കുകയാണെങ്കിൽ ആയിരം വെള്ളിനാണയം സമ്മാനമായി തരാമെന്ന് പ്രഖ്യാപിച്ചു. അയാൾ ആ വാഗ്ദാനം സ്വീകരിക്കാനിരിക്കെ അദ്ദേഹം വേറെ ആരെങ്കിലും കൂടുതൽ തുക വാഗ്ദാനം ചെയ്യാൻ ഇടയുണ്ട് എന്ന് പറഞ്ഞു. അങ്ങനെ വന്ന ആൾ തിരിഞ്ഞ് പോവുകയും ചെയ്തു. വീണ്ടും വധിക്കാൻ തുനിഞ്ഞപ്പോൾ മറ്റൊരു വഴി പോക്കൻ സമ്മാനം വാഗ്ദാനം ചെയ്തു. ഇത്തവണ അത് ഒരു ചാക്ക് വൈക്കോൽ മാത്രമായിരുന്നു പ്രതിഫലം. “അദ്ദേഹത്തിന്റെ തുക സ്വീകരിക്കൂ, ഇതാണ് എന്റെ യഥാർത്ഥ വില” അത്താർ (അ) അയാളോട് അപേക്ഷിച്ചു. ക്ഷുഭിതനായ മംഗോളിയൻ അദ്ദേഹത്തെ വധിച്ചു. ഷാദ്ബാകിന്റെ കവാടത്തിന് പുറത്താണ് ഫരീദുദ്ധീൻ അത്താറിന്റെ (റ) ഖബർ സ്ഥിതി ചെയ്യുന്നത്. യഥാർത്ഥ മഖ്‌ബറ കാലാന്തരത്തിൽ നാമാവശേഷമായി. എന്നാൽ ആമിർ ശാഹ് അതിനെ പുതുക്കി പണിയുകയും മനോഹരമായ ഒരു സ്മാരകം അവിടെ നിർമ്മിക്കുകയും ചെയ്തു.

ഫരീദുദ്ധീൻ അത്താറിന്റെ (റ) മഖ്‌ബറ

അത്താർ (റ)തന്റെ ജീവിതത്തിന്റെ സിംഹഭാഗവും മാറ്റിവെച്ചത് സാഹിത്യരചനക്ക് വേണ്ടിയായിരുന്നു ഇരുപതോളം മഹാ രചനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അതിൽ തദ്കിറതുൽ ഔലിയ (സൂഫി സ്മരണകൾ) മാത്രമാണ് ഗദ്യമായിട്ടുള്ളത്. അനവധി ചെറു കവിതകളും അദ്ദേഹത്താൽ വിരചിതമായിട്ടുണ്ട്. ഒരു കവി എന്ന നിലക്കാണ് അദ്ദേഹം പ്രശസ്തനായതെങ്കിലും തത്വജ്ഞാനം അദ്ധ്യാത്മികം എന്നിവയിലും അദ്ദേഹം ഖ്യാതി നേടിയിട്ടുണ്ട്. തദ്കിറതുൽ ഔലിയയിൽ സൂഫികളുടെ ജീവിതത്തെ പറ്റിയും അവരുടെ അധ്യാപനങ്ങളെ പറ്റിയുമുള്ള അമൂല്യമായ അറിവുകൾ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കവിതകളിൽ ഏറ്റവും പ്രശസ്തമായത് മന്തിഖുത്തുയൂർ ആണ്.

പക്ഷി സംഭാഷണം (മന്തിഖുത്തുയൂർ)

ദൈവത്തിലേക്കുള്ള പരീക്ഷണങ്ങൾ നിറഞ്ഞ പാതയിൽ ഒരു സൂഫിയുടെ ക്ഷമയോടെയുള്ള യാത്രയുടെ ആധ്യാത്മിക രൂപകമാണ് പക്ഷി സംഭാഷണം എന്ന കാവ്യത്തിൽ വിവരിക്കുന്നത്. ദൈവ സാന്നിധ്യത്തിൽ എത്തിച്ചേരുമ്പോൾ ഉള്ള അന്തിമ നേട്ടത്തെ കുറിച്ചും കവിത പ്രതിപാദിക്കുന്നുണ്ട്. ദൈവസാന്നിധ്യത്തിലുള്ള സംഗമത്തിന്റെ ബോധത്തിൽ അദ്ദേഹം അനശ്വരത കൈവരിക്കുന്നു. സൂഫി പ്രാധാന്യമുള്ള അനേകം സ്വതന്ത്ര കഥകളും ഈ യാത്രയിൽ കടന്നു വരുന്നുണ്ട്.

ഒരു കൂട്ടം പക്ഷികൾ ഒരുമിച്ചുകൂടി തങ്ങൾക്ക് ഒരു രാജാവിനെ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യുന്നിടത്താണ് ‘പക്ഷി സംഭാഷണം‘ എന്ന കാവ്യം ആരംഭിക്കുന്നത്. ഹുദ് ഹുദ് അവരിൽ ഏറ്റവും പ്രസിദ്ധി നേടിയ പക്ഷിയാണ്. പ്രവാചകൻ സുലൈമാൻ നബി(അ) തന്റെ സന്ദേശ ദൂതനായി തിരഞ്ഞെടുത്തത് ഹുദ് ഹുദിനെ ആയിരുന്നു. അവളുടെ തലയിൽ പ്രതാപത്തിനെ ചിഹ്നമായി ഒരു കിരീടം ഉണ്ടായിരുന്നു. അവർക്കെല്ലാം ഒരു നേതാവ് ഉണ്ടെന്നും ആ നേതാവിനോട് അവർ കടപ്പെട്ടിരിക്കുന്നു എന്നും ഹുദ്‌ ഹുദ് അവരോട് പറഞ്ഞു. സിമുർഗ് എന്നാണ് അവന്റെ നാമം. എല്ലാ പറവകളെയും രാജാവായ സിമുർഗ് അവർക്ക് അരികെയാണെങ്കിലും അവർ അവനിൽ നിന്നും വിദൂരത്താണ്. അവൻ എല്ലാ വിവരണങ്ങൾക്കും അതീതനും, അവനിലേക്കുള്ള വഴി പ്രതിബന്ധങ്ങൾ നിറഞ്ഞതുമാണ്. എങ്കിലും അണികൾക്ക് അവനില്ലാതെ നിലനിൽപ്പില്ല. ആ യാത്രയെ നേരിടണമെങ്കിൽ വലിയൊരളവിൽ ധൈര്യവും പരിത്യാഗവും ആവശ്യമാണ്. എന്നിട്ടും അവനെ കണ്ടെത്താനായില്ലെങ്കിൽ തങ്ങളുടെ ജീവിതം വൃഥാവിലാണ് എന്ന് ഹുദ് ഹുദ് ഓർമിപ്പിക്കുന്നു. അപകടങ്ങൾ നിറഞ്ഞ ഏഴു താഴ്‌വരകൾ താണ്ടി വേണം ഈ യാത്ര പൂർത്തിയാക്കാൻ.

ഇതുകേട്ട് പക്ഷികൾ കാഫ്‌ എന്ന നിഗൂഢമായ പർവ്വതത്തിൽ വസിക്കുന്ന സിമുർഗിനെ തേടി യാത്ര ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അവിടെ എത്തിച്ചേരാനും അദ്ദേഹത്തെ വണങ്ങാനും അവർ തീരുമാനിച്ചു. ദൈവിക കാര്യങ്ങളിൽ അറിവുള്ളത് കൊണ്ടും വിവേകമുള്ളത്‌ കൊണ്ടും അവർ തങ്ങളുടെ നേതാവും വഴികാട്ടിയുമായി ഹുദ് ഹുദ്നെ തിരഞ്ഞെടുത്തു.

എന്നാൽ യാത്ര മധ്യേയുള്ള പ്രയാസങ്ങളെയും അപകടങ്ങളെയും കുറിച്ച് ഹുദ് ഹുദ് വിശദീകരിച്ചു പറയാൻ തുടങ്ങിയപ്പോൾ പക്ഷികളുടെ ആവേശവും, ധൈര്യവും ചോർന്നു തുടങ്ങി. ഒന്നിനു പിറകെ ഒന്നായി ഓരോരുത്തർ യാത്രയിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങി. പിൻവാങ്ങലിന് അവർ തങ്ങളുടേതായ കാരണങ്ങൾ കണ്ടെത്തി. രാപ്പാടി താൻ റോസിനെ അഗാധമായി പ്രണയിക്കുന്നു എന്നും റോസിനെ പിരിഞ്ഞിരിക്കാൻ തനിക്ക് സാധിക്കുകയില്ല എന്നും പറഞ്ഞു. എന്നാൽ നശ്വരമായ സൗന്ദര്യത്തിൽ ആകൃഷ്ടരാവാതെ അനന്തമായ സൗന്ദര്യത്തെ സ്നേഹിക്കാൻ ഹുദ് ഹുദ് അവരോട് പറഞ്ഞു. താൻ കൂട്ടിൽ അകപ്പെട്ടിരിക്കുകയാണ് എന്നും തനിക്ക് പുറത്തുപോകാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലെന്നും തത്ത പറഞ്ഞു. അത്രയും വലിയൊരു അന്വേഷണത്തിന്റെ ആവശ്യകതമില്ലായ്മയെക്കുറിച്ച് മയിൽ വാദിച്ചു. ജലം ഉണ്ടെങ്കിലേ തനിക്ക് സന്തോഷം ഉണ്ടാവൂ എന്ന് താറാവും മലകൾ വേണമെന്ന് തത്തയും പറഞ്ഞു. കൊക്ക് താൻ നടക്കാൻ ശീലിച്ച പൊയ്കയെ ആഗ്രഹിച്ചു. മൂങ്ങക്ക്‌ താൻ പരിചയിച്ച ഒഴിഞ്ഞ വീടുകൾ ആവശ്യമായിരുന്നു. രാജാവിനോട് ഒത്തുള്ള വേട്ടയിൽ അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ ഇരിക്കുമ്പോൾ കിട്ടുന്ന പ്രതാപം നഷ്ടപ്പെടുത്താൻ ഫാൽക്കൺ ആഗ്രഹിച്ചില്ല.

ഈ ഒഴിവുകഴിവുകൾ എല്ലാം ദൈവത്തെ പിന്തുടരുന്നതിൽ ഉള്ള മനുഷ്യരുടെ ദുർബലതകളാണ് സൂചിപ്പിക്കുന്നത്. ഇത്തരം ഒഴിവുകഴിവുകൾ ഒന്നും ഉണ്ടാകുന്നതിൽ അർത്ഥമില്ല എന്ന് ഹുദ് ഹുദ് പല കഥകളിലൂടെയും അവർക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. ഹുദ് ഹുദിന്റെ വിമർശനത്തിൽ അവർ നാണിച്ചു തല താഴ്ത്തി. അനന്തരം സിമൂർഗുമായുള്ള തങ്ങളുടെ യഥാർത്ഥ ബന്ധം എന്താണെന്ന് അവർ ചോദിച്ചു. “ഒരിക്കൽ സിമുർഗ്‌ തന്റെ മുഖത്തുള്ള മറ നീക്കാനിടയായി. ആ സമയത്ത് മുഖത്തുനിന്നും ബാഹിർഗമിച്ച പ്രകാശ കിരണങ്ങൾ ആണ് പിന്നീട് പക്ഷികളായി മാറിയത്” ഹുദ് ഹുദ് പറഞ്ഞു. അതിനാൽ യഥാർത്ഥത്തിൽ പക്ഷികളെല്ലാം തന്നെ അവന്റെ സത്തയിൽ ഉൾച്ചേർന്ന വരാണ്.

ഏഴു താഴ്‌വരകളിൽ ഒന്നാമത്തേത് അന്വേഷണത്തിന്റെ താഴ്‌വരയാണ്. അതിൽ യാത്രികൻ അനന്തമായ പ്രയാസങ്ങളെയും ദുരന്തങ്ങളെയും തടസ്സങ്ങളെയും നേരിടേണ്ടിവരും. ഈ ഘട്ടത്തിൽ ഭൗതികമായ എല്ലാത്തിനെയും ത്യജിക്കേണ്ടി വരുന്നു. ലൗകികമായ എല്ലാത്തിൽ നിന്നും മുക്തി നേടുകയും വേണം. അങ്ങനെ ലൗകികമായ എല്ലാ ബന്ധങ്ങളിൽ നിന്നും പരിശുദ്ധമാകുമ്പോൾ, പൂർണ്ണമായും സ്വന്തത്തെ നഷ്ടപ്പെടുമ്പോൾ ദൈവ പ്രകാശത്താൽ പ്രബുദ്ധമാകും. ഒന്നല്ല ആയിരങ്ങളായിത്തീരാനാണ് അവന്റെ അന്വേഷക്കുണം എന്നവന് ബോധ്യമാകും. എന്നാൽ അനശ്വരമായവൻ അവന് മറവിയുടെ വീഞ്ഞു നൽകും. അങ്ങനെ തന്നെ നേരിടുന്ന അപായങ്ങളെ വകവെക്കാതെ അവൻ മുന്നോട്ടു നീങ്ങും.

രണ്ടാമത്തേത് പ്രണയത്തിന്റെ താഴ്‌വരയാണ്. ഇവിടെ യാത്രികന്റെ ആത്മാവ് തന്റെ പ്രിയതമയെ കണ്ടെത്താനുള്ള ആഗ്രഹത്തിന്റെ അഗ്നിയാൽ സ്വയം ഇല്ലാതെയാക്കപ്പെടുന്നു. അതിൽ അവന് ഒരു പക്ഷേ ശൂന്യത നേരിട്ടേക്കാം. അവനെ സംബന്ധിച്ചിടത്തോളം നന്മ, തിന്മ എന്നിങ്ങനെ രണ്ടെണ്ണം ഇല്ല. ഇവിടെ അവന് യുക്തിചിന്ത നഷ്ടപ്പെടുന്നു. തീയിന് പുക എന്ന പോലെയാണ് സ്നേഹത്തിന് യുക്തി. അവൻ അന്നേവരെ അനുഭവിച്ചിരുന്ന നൂറായിരക്കണക്കിന് ജീവിതങ്ങളെ വലിച്ചെറിയാൻ അനശ്വരമായവനോടുള്ള പ്രണയം നിമിത്തം അവൻ നിർബന്ധിതനാവുന്നു.

മൂന്നാമത്തെ താഴ്‌വര അറിവിന്റേതാണ്. അതിന് തുടക്കമോ ഒടുക്കമോ ഇല്ല. ഇവിടെ തത്വ ജ്ഞാനത്തിന്റെ സൂര്യൻ പ്രകാശിച്ചു നിൽക്കുന്നു. ആ പ്രകാശത്തെ സ്വീകരിക്കാനുള്ള യാത്രികന്റെ ആത്മീയ ശേഷിയനുസരിച്ച് അവൻ പ്രബുദ്ധത കൈവരിക്കുന്നു. അവിടെ എല്ലാ രഹസ്യങ്ങളും പ്രകാശിതമാകുന്നു. നിഗൂഢതകൾ അനാച്ഛാദനം ചെയ്യപ്പെടുന്നു. ആശങ്കയിലകപ്പെടുന്ന ആയിരക്കണക്കിനാളുകൾ എവിടെയുമെത്താതെ നഷ്ടപ്പെടുന്നതും ഇവിടെ വെച്ചാണ്. പൂർണ്ണമായി മനസ്സിലാക്കിയവർ പിന്നെ സ്വന്തത്തെ കാണുകയില്ല. കാണുന്നത് അവന്റെ പ്രണയത്തെ മാത്രം. എവിടേക്ക് നോക്കിയാലും അവൻ ദൈവത്തിന്റെ മുഖം കാണുന്നു.

നാലാമത്തേത് വേർപാടിനെ താഴ്‌വരയാണ്. ഇവിടെ യാത്രികൻ എല്ലാ ബന്ധങ്ങളിൽ നിന്നും മോചിതനാകുന്നു. ദൈവത്തിന്റെ നിഗൂഢതകൾ അറിയാനുള്ള ആഗ്രഹത്തെ പോലും അവൻ ഉപേക്ഷിക്കുന്നു. അന്നേരം അവൻ ദൈവത്തിന്റെ അനന്തതയെ മനസിലാക്കുന്നു. എല്ലാത്തിനെയും വലയം ചെയ്യുന്ന ദൈവ പ്രകാശത്തെ അറിയുകയും അതിനോട് താരതമ്യം ചെയ്യുമ്പോൾ മറ്റൊന്നും ഒന്നുംതന്നെയല്ല എന്ന് തിരിച്ചറിയുകയും ചെയ്യുന്നു.

അഞ്ചാമത്തെ താഴ്‌വര ഏകീകരണത്തിന്റേതാണ്. അവിടെവെച്ച് എല്ലാം ഒന്നായിത്തീർന്ന് ഏകത പൂർണ്ണമാകുന്നു പിന്നീട് എണ്ണങ്ങൾക്കോ, വിശേഷങ്ങൾക്കോ സ്ഥാനമില്ല. ജീവിതം മരണം എന്നിവാ തമ്മിൽ വ്യത്യാസങ്ങളില്ല. കാലവും അനശ്വരതയും ഒന്നായിത്തീരുന്നു. ഇവിടെ യഥാർത്ഥ അസ്തിത്വം പ്രകടമാകുന്നു. ദൈവം എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ഒന്നാണ്. തുടക്കമോ ഒടുക്കമോ ഇല്ലാത്ത അവൻ എന്നും നിലനിൽക്കുന്നതും നിത്യത ഉള്ളവനും ആണ്. എല്ലാം ഒന്നായി തീരുമ്പോൾ രണ്ടിനെ കുറിച്ചുള്ള സംസാരം ഇല്ലാതാവുന്നു അവിടെ ഞാൻ എന്നോ നീ എന്നോ ഇല്ല.

ആറാമത്തെ താഴ്‌വര സംഭ്രമത്തിന്റേതാണ്. പരമമായ ഏകത്വത്തെ ഉൾകൊണ്ട യാത്രികന് തന്നെക്കുറിച്ചുള്ള ബോധം ഇല്ലാതാകുന്നതോടെ സ്വന്തത്തെ പൂർണ്ണമായും നഷ്ടപ്പെടുന്നു. ആരെങ്കിലും അവനോട് നിങ്ങൾ നിലനിൽക്കുന്നുണ്ടോ? നിങ്ങൾ അകത്തോ പുറത്തോ? നിങ്ങൾ പ്രകടമാണോ അതോ മറഞ്ഞിരിക്കുകയാണോ? നിലനിൽക്കുന്നതോ നശിക്കുന്നതോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചാൽ അവൻ പറയും എനിക്ക് ഒന്നും അറിയില്ല, ഒന്നിനെക്കുറിച്ചും അറിയില്ല, എനിക്ക് അറിയുമോ എന്ന് പോലും എനിക്കറിയില്ല. താൻ ഒരു മുസ്‌ലിം ആണോ, അതോ നാസ്തികൻ ആണോ എന്ന് പോലും അറിയില്ല. അവൻ പിന്നെ എന്താണ്? അവൻ പ്രണയിക്കുന്നുണ്ടോ ഇല്ലയോ എന്ന് അവൻ അറിയുന്നില്ല. ഒരേസമയം അവന്റെ ഹൃദയം ഒരേ സമയം പ്രണയാർദ്രവും പ്രണയ ശൂന്യവും ആയി മാറുന്നു.

ഏഴാമത്തെ താഴ്‌വര എല്ലാവിധ വിവരണങ്ങളെയും മറികടക്കുന്ന ഉന്മൂലനത്തിന്റേതാണ്. അത് സൂചിപ്പിക്കുന്നത് മറവിയെയും, മൂകതയെയും, ബധിരതയെയും, മയക്കതത്തേയുമാണ്. അനന്തതയുടെ മഹാസാഗരത്തിൽ ലയിക്കുന്നവൻ സ്വയം ഉന്മൂലനം ചെയ്യപ്പെടുകയും ശാന്തനാവുകയും ചെയ്യുന്നു. പ്രശാന്തതയുടെ നീർത്തുള്ളികളിൽ അവൻ ശൂന്യതയെയും വിസ്മൃതിയെയും കണ്ടെത്തുന്നു. ആ മഹാസാഗരത്തിൽ മുങ്ങുന്നവൻ പിന്നീട് സ്വന്തം ഉണ്മയെ പ്രകടമാക്കുകയില്ല. അവൻ ഉണ്ട് എന്നാൽ അവൻ ഇല്ല.

സിമുർഗിനെത്തേടിയുള്ള യാത്രയിൽ ഒടുക്കം മുപ്പത് പക്ഷികൾ മാത്രം ബാക്കിയാവുന്നു. പരീക്ഷണങ്ങൾ നിറഞ്ഞ യാത്രക്കൊടുവിൽ ശുദ്ധീകരിക്കപ്പെട്ട് മുറിവുകളും, തളർച്ചയും, ഹൃദയ വേദയുമായി അവർ രാജാവിന്റെ കൊട്ടാരത്തിലെത്തി. കൊട്ടാരത്തിലേക്ക് കാലെടുത്തു വെക്കുന്നതോടെ വിളക്കിന്റെ നാലത്തോടടുക്കുന്ന ഈയാംപാറ്റയെപ്പോലെയാണ് തങ്ങളെന്ന് അവർ മനസിലാക്കുന്നു. അടുക്കും തോറും പ്രണയത്താൽ അവർ സ്വയം ഇല്ലാതെയാകും. ഒടുക്കം തങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന സിമുർഗ് തങ്ങൾ തന്നെ ആയിരുന്നു എന്ന് അവർ തിരിച്ചറിയുന്നു. സി എന്നാൽ മുപ്പത് എന്നും, മുർഗ് എന്നാൽ പക്ഷി എന്നുമാണ് അര്‍ത്ഥം. അവർ സ്വയം ഇല്ലാതെയാവുകയും എല്ലാവരും ചേർന്ന് ഒന്നായി അവർ തേടിക്കൊണ്ടിരുന്ന സിമുർഗ് ആയി മാറുകയുമാണ് ചെയ്യുന്നത്. ദൈവത്തിലേക്കുള്ള പാതയിൽ പ്രവേശിക്കുന്ന സൂഫി മുന്നോട്ടുള്ള ദുർഘടമായ പാതയിൽ സ്വന്തത്തെ ഉന്മൂലനം ചെയ്ത ദൈവത്തിൽ ലയിച്ച് ചേർന്ന് എല്ലാത്തിന്റെയും ഭാഗമായി മാറുന്നു. അവൻ ഒന്നുമല്ലാത്തതെ എല്ലാം ആയി മാറുന്നു.


(റ) – റളിയള്ളാഹു അന്ഹു, അവരുടെ മേൽ അള്ളാഹുവിന്റെ തൃപ്തിയുണ്ടാവട്ടെ
(അ) – അലൈഹിസ്സലാം, അവരുടെ മേൽ സമാധാനമുണ്ടാവട്ടെ

Featured Image: Daniele Levis Pelusi

Comments are closed.