തിബാഖ് ഇന്റലക്ച്വൽ ഹിസ്റ്ററി സീരീസ്. അധ്യായം 3

ഇസ്‌ലാമിക ദർശനങ്ങളെയും ഭൗതിക ദർശനങ്ങളെയും തമ്മിൽ സംയോജിപ്പിക്കാനുള്ള താൽപ്പര്യം ഈജിപ്ഷ്യൻ പോരോഗമനവാദിയായിരുന്ന മുഹമ്മദ് അബ്ദുവിന്റെ ധൈഷണിക ഇടപാടുകളെ തുടർന്ന് 1890കൾ മുതൽ തന്നെ അറബ് ഇന്റലക്ച്വൽസിനിടയിൽ നിലനിന്നിരുന്നു. അതിന്റെ ഒരു തുടർച്ചയെന്ന നിലയിൽ എക്സിസ്റ്റൻഷ്യലിസത്തെയും സൂഫിസത്തെയും കൂട്ടിച്ചേർത്ത് പുതിയ ഒരു തത്ത്വചിന്ത – ‘എക്‌സിസ്റ്റൻഷ്യൽ സൂഫിസം’ – രൂപീകരിക്കുക എന്നതായിരുന്നു അബ്ദുറഹ്മാൻ അൽ ബാദവിയുടെ പ്രധാനപ്പെട്ട ഒരു പ്രൊജക്റ്റ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം വൈയക്തികമായ ആത്മത്തിന്റെ വ്യായാമം എന്നതിലുപരി വ്യക്തിനിഷ്ഠതയെ (subjectivity) സംബന്ധിച്ചുള്ള ഒരു സമ്പൂർണ്ണ വിമർശനാത്മക നിരൂപണമായിരുന്നു സൂഫിസം. അതിനു വേണ്ടി മധ്യകാല സൂഫി തത്ത്വമായിരുന്ന ‘അൽ ഇൻസാനുൽ കാമിൽ’ എന്ന ആശയത്തെ “വുജൂബ്” (necessity) “ഇംകാൻ” (contingent) എന്നിവക്കിടയിലുള്ള ഒരു ‘സംഘാത കേന്ദ്ര’മെന്ന (isthmus) ആശയത്തിലേക്ക് അദ്ദേഹം പരിവർത്തനം ചെയ്തു. ആ രീതിയിൽ ‘അൽ ഇൻസാനുൽ കാമിൽ’ എന്ന സങ്കൽപം പ്ലാറ്റോ മുതൽ തുടങ്ങുന്ന പാശ്ചാത്യ തത്ത്വചിന്തയിലെ അതിഭൗതിക ലോകത്തിന്റെ അനശ്വരതയും, സാർവ്വലൗകികതയും, ഭൗതിക ലോകത്തിന്റെ ബഹുസ്വരതയും രൂപപ്പെടുന്ന ‘സക്രിയാ ധിഷണയുടെ’ (active intellect) അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഉയരുമായിരുന്നു. അപ്പോൾ, ഹെയ്‌ഡഗർ സോറൻ കീർക്കഗാർഡിൽ കണ്ടെത്തിയ ആദ്ധ്യാത്മിക സ്വാധീനം കണക്കെ ഹെയ്‌ഡഗറിൽ ആദ്ധ്യാത്മിക സ്വാധീനം കണ്ടെത്താനുള്ള ഒരു ശ്രമമായിരുന്നു ബാദവിയുടേത്. അങ്ങിനെ ആ മിസ്റ്റിക് തിയറിക്ക് അനുസൃതമായി ഹെയ്ഡഗേറിയൻ അസ്തിത്വവാദത്തിന്റെ പ്രധാനപ്പെട്ട തത്ത്വങ്ങളെയും ആശയങ്ങളെയും അദ്ദേഹം വ്യാഖ്യാനിച്ചു. അതിലൂടെ പുതിയ ഒരു അറബ് സബ്ജക്ടിനെ രൂപപ്പെടുത്തുകയും, “പുതിയ തലമുറക്ക് വേണ്ടിയുള്ള ഒരു ബൃഹത്തായ തത്ത്വശാസ്ത്രം” രൂപപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

എന്നാൽ യഥാർത്ഥത്തിൽ ഹെയ്ഡഗറിന്റെ ദർശനങ്ങൾക്ക് അദ്ധ്യാത്മികതയുമായി ബന്ധമുണ്ട് എന്ന് സമർത്ഥിക്കുന്നതിനായി യാന്ത്രികമായ ചില ഏകപക്ഷീയ വായനകളിലൂടെ ദാവോയിസവുമായുള്ള അതിന്റെ സാമ്യതകളും സാദൃശ്യതകളും കണ്ടെത്തുകയും, അവക്കപ്പുറത്തേക്കൊന്നും തന്നെ ഹെയ്‌ഡഗർ ദാർശനികവൽക്കരിച്ചിട്ടില്ല എന്ന നിലയിൽ ഹെയ്‌ഡഗേറിയൻ ചിന്തകളെ കേവലം ആദ്ധ്യാത്മികതയിലേക്ക് ചുരുക്കിക്കെട്ടുകയും ചെയ്ത 1920കളിലെ ചൈനീസ്, ജാപ്പനീസ് (ഹെയ്‌ഡഗറുടെ ആദ്യത്തെ അന്യഭാഷാ വ്യാഖ്യാനം എഴുതപ്പെട്ടതും ജാപ്പനീസിലാണ്) തത്ത്വചിന്തകർക്ക് സംഭവിച്ച അതേ പിഴവ് തന്നെയാണ് ‘തസവ്വുഫി’നെയും എക്‌സിസറ്റൻഷ്യലിസത്തെയും സംയോജിപ്പിക്കാൻ നടത്തിയ ശ്രമത്തിൽ ബാദവിക്കും സംഭവിച്ചത്. ആ രണ്ട് ആശയങ്ങളും സംയോജിപ്പിച്ച് അറബ് സ്വത്വ-സംസ്കാരത്തിനിണങ്ങിയ പുതിയ ഒരു ദർശനം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ഗവേഷണം ആരംഭിച്ച അദ്ദേഹം അവസാനം ‘തസവ്വുഫി’നകത്തുള്ള ഹെയ്‌ഡഗേറിയൻ എക്‌സിസ്റ്റൻഷ്യലിസത്തിന്റെയും ഫിനോമിനോളജിയുടെയും സാധ്യതകൾ കണ്ടെത്തുക മാത്രമാണ് ചെയ്തത്. അതായത്, നവീനമായ ഒന്ന് രൂപപ്പെടുത്തുന്നതിന് പകരം തസവ്വുഫിൽ ഹെയ്‌ഡഗർ മുന്നോട്ട് വെച്ച എല്ലാ ദർശനങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്, അതിനപ്പുറം ഹെയ്‌ഡഗറിന്റെ ചിന്തകൾക്ക് മറ്റൊരു മൗലികതയില്ല എന്ന നിലയിലുള്ള കേവലം തസവ്വുഫിന്റെ ഒരു ഹെയ്‌ഡഗേറിയൻ വായന മാത്രമായിരുന്നു ബാദവിയുടെ ‘പുതിയ ദർശനം’. യഥാർത്ഥത്തിൽ ഹെഗൽ പറഞ്ഞ് വെച്ച വൈരുദ്ധ്യം പോലെ “പഴയ ചിന്തകൾക്ക് എതിരായി രൂപപ്പെടേണ്ട ഒരു ആശയം, അതേ ആശയത്തിലേക്ക് തന്നെ തിരിച്ചുവരുന്ന ഒരു അവസ്ഥ”യായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ(യും) അനന്തരഫലം.

1950കളിൽ അറബ് സമൂഹത്തിൽ ഉയർന്നു വന്ന പുതിയ സാമൂഹിക-രാഷ്ട്രീയ തത്ത്വചിന്തകർക്ക് ബാദവിയുടെ ആ പഠനങ്ങൾ ഉപകാരപ്രദമായിരുന്നു. എക്‌സിസ്റ്റൻഷ്യലിസത്തെ സംബന്ധിച്ച്‌ അറബി ഭാഷയിൽ പഠിക്കാൻ ആഗ്രഹിച്ച അവർക്കു മുന്നിൽ ബാദവിയുടെ പഠനങ്ങൾ മാത്രമായിരുന്നു ലഭ്യമായിരുന്നത്. അതിനാൽ 1950,1960 കാലഘട്ടങ്ങളിൽ ബാദവി തന്നെയായിരുന്നു ഏറ്റവും പ്രമുഖനായിരുന്ന അറബ് എക്‌സിസ്റ്റൻഷ്യലിസ്റ്റ് തത്ത്വചിന്തകൻ. അതിന് മുൻപ് തന്നെ ബെയ്‌റൂത്തിലെയും ഫ്രേയ്ബർഗിലെയും ഹെയ്‌ഡഗറിന്റെ അധ്യാപകനായ ചാൾസ് മാലികിനെ പോലുള്ള അറബ് തത്ത്വചിന്തകർ ഉണ്ടായിരുന്നെങ്കിലും അവരാരും തന്നെ എക്‌സിസ്റ്റൻഷ്യലിസ്റ്റ് ചിന്തയെ അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്യാനോ പുനരവതരിപ്പിക്കാനോ ശ്രമിച്ചിരുന്നില്ല.

ബാദവിയുടെ എക്‌സിസ്റ്റൻഷ്യലിസ്റ്റ് സങ്കൽപങ്ങൾക്ക് അറബ് സമൂഹത്തിനകത്ത് പല പരിമിതികളുമുണ്ടായിരുന്നു. സമൂഹത്തിനാവശ്യമുള്ള രീതിയിൽ രൂപപ്പെടുത്തപ്പെട്ടിരുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ആശയങ്ങൾ. യൂറോപ്യൻ ലോകഭാവനയുടെ പരിധികളിൽ നിന്ന് അറബ് സബ്ജക്ടിവിറ്റിയെ സ്വാതന്ത്രമാക്കും എന്ന് എക്‌സിസ്റ്റൻഷ്യലിസം താത്ത്വികമായ ഉറപ്പ് നൽകുമ്പോഴും പ്രായോഗിക ജീവിതത്തിൽ ആ ആശയങ്ങൾ നടപ്പാക്കുക എന്നത് പ്രയാസകരമായിരുന്നു എന്ന് അക്കാലത്തെ പല ചിന്തകരും അദ്ദേഹത്തെ അംഗീകരിക്കുമ്പോൾ തന്നെയും മനസ്സിലാക്കുകയും, അതിനെ തിരുത്താൻ അദ്ദേഹത്തെ നിർബന്ധിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഒരു രാഷ്ട്രീയ വിരോധാഭാസം എന്ന നിലയിൽ 1940കളിൽ തന്നെ തന്റെ വ്യക്തി ജീവിതത്തി ‘യങ് ഈജിപ്ത്’ പോലുള്ള പല റാഡിക്കൽ സംഘടനകളിലും അംഗമായിരുന്നിട്ടും ഴാങ് പോൾ സാർത്രിന്റെ ഫ്രഞ്ച് എക്‌സിസ്റ്റൻഷ്യലിസത്തിൽ നിന്ന് വ്യത്യസ്‍തമായി രാഷ്ട്രീയമോ ധാർമ്മികമോ ആയ വിപ്ലവത്തിന് മുതിർന്നിരുന്ന ഒരു വിഭാഗവും അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുണച്ചിരുന്നില്ല.

ബാദവിയുടെ എഴുത്തുകളിൽ പ്രശ്നവൽക്കരിക്കപ്പെട്ട മറ്റൊരു കാര്യം സാർത്രിനെ സംബന്ധിച്ചോ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതാ ദർശനത്തെ (commitment philosophy) സംബന്ധിച്ചോ ഒന്നും അദ്ദേഹം പ്രതിപാദിച്ചിരുന്നില്ല എന്നതാണ്. തത്ത്വചിന്താപരമായി അദ്ദേഹത്തിനെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് പിന്നീട് ബാദവി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വ്യക്തികളുടെ ഉണ്മയുമായി ബന്ധപ്പെട്ട ഹെയ്‌ഡഗേറിയൻ എക്‌സിസ്റ്റൻഷ്യലിസത്തിൽ കേന്ദ്രീകരിച്ച ബദാവിയുടെ ചിന്തകൾക്ക് വ്യക്തിക്കപ്പുറം സമൂഹത്തിന് മുൻ‌തൂക്കം കൽപ്പിക്കുന്ന സാർത്രിയൻ എക്‌സിസ്റ്റൻഷ്യലിസത്തെ അംഗീകരിക്കുക പ്രയാസമായിരുന്നു എന്നതായിരുന്നു ഇതിന് കാരണം. യഥാർത്ഥത്തിൽ സാമൂഹിക മുന്നേറ്റങ്ങളോടും, ജനകീയ വിപ്ലവങ്ങളോടും, സംഘടിത വിമോചനത്തോടുമുള്ള ബാദവിയുടെ ചിന്തകളുടെ ‘പുറം തിരിഞ്ഞു നിൽക്കുന്ന മനോഭാവമായിരുന്നു’ അദ്ദേഹത്തിന്റെ ചിന്തകളെ രാഷ്ട്രീയ-ധാർമ്മിക സംഘടനകളുടെ സമ്മതി നേടിയെടുക്കുന്നതിൽ നിന്ന് അകറ്റി നിർത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ ആശയങ്ങൾ പതിയെ ജനശ്രദ്ധ നേടികൊണ്ടിരിക്കുന്ന അവസരത്തിൽ തന്നെ കിഴക്ക് അറേബ്യൻ പ്രവിശ്യകളിൽ നിന്ന് സാർത്രിയൻ എക്സിസ്റ്റൻഷ്യലിസത്തിന്റെ വലിയ രീതിയിലുള്ള ഒരു മുന്നേറ്റത്തിന് ആരംഭം കുറിക്കപ്പെട്ടിരുന്നു.

ഴാങ് പോൾ സാർത്രും താഹാ ഹുസൈനും: അറബ് പൊളിറ്റിക്കൽ എക്‌സിസ്റ്റൻഷ്യലിസത്തിന്റെ രൂപങ്ങൾ

മിഡിൽ ഈസ്റ്റിൽ സാർത്രിനെ പ്രതിനിധീകരിച്ച ഗ്രന്ഥം അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ പെട്ടവയായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥമായ ‘ബീയിങ് ആൻഡ് നത്തിങ്നസ്സ്’ പോലും – 1943ൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടും – 1966 വരെ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നില്ല. അറബ് ലോകത്തെ മുഖ്യധാരാ ചിന്തകൻമാരെ സംബന്ധിച്ചിടത്തോളം സംസ്കാരത്തെ രാഷ്ട്രീയവൽക്കരിക്കുന്ന സാർത്രിന്റെ ചിന്തകൾ അവർക്കൊരു ഭീഷണിയായിരുന്നു. എന്നാൽ, ആദ്യകാലത്ത് അത്തരം ഭയപ്പാടുകൾ കാരണത്താൽ സാർത്ര് അറബ് ഡീ-കൊളോണിയൽ മുന്നേറ്റങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നെങ്കിലും പിന്നീട് അദ്ദേഹം വ്യാപകമായി രാഷ്ട്രീയ-സാമൂഹിക ചിന്തകർക്കിടയിൽ വായിക്കപ്പെട്ടു. ആധുനിക അറബ് സംസ്കാരത്തിന്റെയും ഈജിപ്ഷ്യൻ നവോത്ഥാനത്തിന്റെയും മുൻനിര ശിൽപികളിൽ പ്രധാനിയും ആധുനിക അറബ് സാഹിത്യത്തിന്റെ ‘ഡീൻ’ എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്തിരുന്ന താഹാ ഹുസൈനാണ് ആദ്യമായി സാർത്രും ബുവയും 1945ൽ എഡിറ്റ് ചെയ്തിരുന്ന ‘Les Temps modernes’ (Modern Times) എന്ന ജേണലിലെ ലേഖനങ്ങളുടെ ബൗദ്ധിക സാധ്യതകൾ മനസ്സിലാക്കി അതിനോട് വ്യക്തമായി പ്രതികരിച്ചത്. പിന്നീട് നഗീബ് ബലാദിയെ പോലുള്ള ചിന്തകരിലൂടെ സാർത്രിന്റെ സ്വാധീനം വളരെ പെട്ടെന്ന് തന്നെ വിപുലപ്പെടുകയും, പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച അറബ് ‘നഹ്ദ’ (നവോത്ഥാനം) മൂവ്മെന്റിന് സാഹിത്യത്തിൽ നിന്ന് വിപുലപ്പെട്ട് ‘അറബ് ആധുനികതയെ മുഴുവൻ ഉൾക്കൊള്ളിക്കുന്ന’ വിശാലമായൊരു അർത്ഥം നൽകുന്നതിൽ സഹായിക്കുകയും ചെയ്തു.

‘ഇടപെടൽ’ (engagement) എന്ന ആശയമായിരുന്നു സാർത്ര് അതിലൂടെ (‘Les Temps modernes’ലെ ലേഖനമായിരുന്ന ‘Qu’est-ce que la littérature ?’ൽ) മുന്നോട്ട് വെച്ചിരുന്നത്. “എഴുത്തുകാരും ചിന്തകരും (അവരുടെ) സമൂഹത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കണം, രാഷ്ട്രീയമായ കാര്യങ്ങളിൽ അവർക്കു അവരുടേതായ ഉത്തരവാദിത്വങ്ങൾ ഉണ്ട്” എന്നിങ്ങനെ കലയുടെയും എഴുത്തിന്റെയും ചിന്തയുടെയും ധാർമ്മികമായ വശങ്ങൾക്ക് മുൻഗണന നൽകണമെന്നതായിരുന്നു സാർത്രിന്റെ ‘ഇടപെടൽ’ എന്ന സങ്കൽപം. ഫ്രഞ്ച് കോളനീകരണത്തിന്റെയും അത് കൊളോണിയൽ ജനതകളിൽ സൃഷ്‌ടിച്ച രാഷ്ട്രീയവും സാമൂഹികവുമായ അസമത്വങ്ങളുടെയും സാഹചര്യത്തിൽ, അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് വേണ്ടി ചിന്തകർ രാഷ്ട്രീയപരമായി ഇടപെടണമെന്നും അവരുടെ എഴുത്തുകളിലും ആവിഷ്കാരങ്ങളിലും ആ വിഷയങ്ങൾ ഊന്നിപ്പറയണമെന്നും സാർത്ര് അഭിപ്രായപ്പെട്ടു. ഫ്രഞ്ച് കൊളോണിയലിസത്തിന്റെ ഉച്ചനീചത്വങ്ങളെ നിശിതമായി വിമർശിച്ച് കൊണ്ട് സാർത്ര് തന്നെ ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു. മാനവിക സ്വാതന്ത്ര്യം, സ്വന്തം അസ്തിത്വത്തിന് മേലുള്ള നിയന്ത്രണ സ്വാതന്ത്ര്യം (authentic existense) എന്നിവയൊക്കെയായിരുന്നു സാർത്രിയൻ എൻഗേജ്മെന്റിന്റെ ലക്ഷ്യങ്ങളെങ്കിലും പ്രായോഗിക തലത്തിലേക്ക് വരുമ്പോൾ “ഒരാൾ സ്വന്തം മരണത്തിനു പോലും തയ്യാറെടുത്തു കൊണ്ടുള്ള ഒരു അവകാശ സമരത്തെ”യാണ് അത് മുന്നോട്ടു വെച്ചിരുന്നത്. അദ്ദേഹത്തിന്റെ ‘ഇടപെടൽ’ എന്ന ആ ആശയമാണ് സാർത്രിയൻ എക്സിസ്റ്റൻഷ്യലിസത്തിന്റെ അടിത്തറയായി പിന്നീട് മാറിയത്.

എന്നാൽ താഹാ ഹുസൈൻ സാർത്രിന്റെ ആ തത്ത്വത്തെ എതിർത്തിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ചരിത്രപരമായി വീക്ഷിക്കുമ്പോൾ, സാർത്രിയൻ ‘ഇടപെട’ലിന്റെ രണ്ട് സാധ്യതകൾ – ‘സമൂഹത്തിൽ പ്രവർത്തന നിരതരാവുക’ അല്ലെങ്കിൽ ‘നിഷ്ക്രിയരായി സമൂഹത്തിൽ നിന്ന് മാറി നിൽക്കുക’ – എന്നതിനേക്കാളുപരി എഴുത്തുകാർക്കും, കലാകാരന്മാർക്കും എല്ലായ്പ്പോഴും അവരുടേതായ ഒരുപാട് ലക്ഷ്യങ്ങളും തെരഞ്ഞെടുപ്പുകളും ഉണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാർത്രിയൻ എൻഗേജ്മെന്റും എക്സിസ്റ്റൻഷ്യലിസവും രൂപപ്പെട്ടത് യൂറോപ്പിൽ – പ്രത്യേകിച്ച് ഫ്രാൻസിൽ – രണ്ടാം ലോക മഹാ യുദ്ധത്തിന് മുൻപ് ഉണ്ടായിരുന്ന പ്രത്യേകമായ സാഹചര്യത്തിലായിരുന്നു. എന്നാൽ ഫ്രഞ്ച്-ഇറ്റാലിയൻ-ജർമ്മൻ കോളനികളായിരുന്നെങ്കിലും യൂറോപ്പിലെ സ്ഥിതി വിശേഷങ്ങളോട് സമാനമായിരുന്നില്ല ഒരിക്കലും മിഡിലീസ്റ്റിലെ സാഹചര്യങ്ങൾ എന്നതിനാലും സാർത്രിന്റെ ചിന്തകളെ മിഡിൽ ഈസ്റ്റിൽ അതേപടി പറിച്ചുനടാൻ താഹാ ഹുസൈൻ വിസമ്മതിച്ചു. സാർത്രിന്റെ ആശയങ്ങളിൽ നിന്നും വിഭിന്നമായി ‘കല കലക്ക് വേണ്ടി’ (Art for Art’s sake) എന്ന ആശയമായിരുന്നു താഹാ ഹുസ്സൈൻ മുന്നോട്ട് വെച്ചത്. പിൽക്കാലത്ത് സ്വയം തിരുത്തിയെങ്കിലും കവിതകളെയും ദൃശ്യ-കലകളെയും ‘എൻഗേജ്മെന്റ് ലിറ്ററേച്ചറിന്’ പുറത്ത് നിർത്തിയ സാർത്രിന്റെ നിലപാടിനെയും അൻവർ അൽ മദ്‌ദാവിയോടും അബ്ദുൽ വഹാബ് അൽ ബയാതിയോടും കൂടെ താഹാ ഹുസൈൻ വിമർശിച്ചു. അവരെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി ഇസ്‌ലാമിക സംസ്കാരത്തിന്റെ ഭാഗമായിരുന്ന കവിതകളെ ഉൾപ്പെടുത്താതെ ഒരു സങ്കൽപ്പവും ‘അറേബ്യൻ’ ആവുകയില്ലായിരുന്നു. ക്ലാസിക്ക് സാഹിത്യകാരന്മാരുടെ (ഉദബാ) ഇരുപതാം നൂറ്റാണ്ടിലെ മുതിർന്ന നേതാവ് എന്ന നിലക്ക് സംസ്കാരത്തെ രാഷ്ട്രീയത്തിൽ ഉൾപ്പെടുത്താനുള്ള ‘പ്രതിബദ്ധ’ രാഷ്ട്രീയത്തിന്റെ (commitment) സാധ്യതയെയും താഹാ ഹുസൈൻ ഭയന്നു. സംസ്കാരത്തെ ഒരു ഉപകരണമാക്കി മാറ്റുന്ന പ്രതിബദ്ധതാ രാഷ്ട്രീയം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു സാംസ്കാരിക ഭീഷണിയായിയായിരുന്നു. എന്നാൽ വിരോധാഭാസമെന്ന നിലയിൽ, ‘പ്രതിബദ്ധ’ രാഷ്ട്രീയത്തിന്റെ അപകടങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തിയ താഹാ ഹുസൈൻ തന്നെയാണ് പിന്നീടുള്ള യുവ ഡീ-കൊളോണിയൽ അറബ് വിപ്ലവകാരികൾ ഉപയോഗിച്ച് പ്രശസ്തമാക്കിയ ‘ഇൽതിസാം’ (الإلتزام) എന്ന അറബി നാമം അറബ് സമൂഹത്തിൽ വളർന്ന് വന്ന ആ പുതിയ പ്രസ്ഥാനത്തിന് നൽകിയത്. ഒരർത്ഥത്തിൽ, അരാഷ്ട്രീയനായിരുന്ന താഹാ ഹുസൈനിന്റെ ഒരു രാഷ്ട്രീയവൽക്കരണമായിരുന്നു ആ നാമകരണത്തോട് കൂടെ അദ്ദേഹത്തിന് സംഭവിച്ചത്.

1940കളുടെ മധ്യത്തിൽ മിഡിലീസ്റ്റിൽ നടന്ന രാഷ്ട്രീയ അക്രമങ്ങൾ – 1949ൽ നടന്ന ഈജിപ്ത് പ്രധാന മന്ത്രി മഹ്മൂദ് ഫഹ്മി അൽ നുഖറാഷി പാഷയുടെ കൊലപാതകം, സിറിയയിൽ നടന്ന തുടർച്ചയായ മൂന്ന് സൈനിക അട്ടിമറികൾ, ഇറാഖിലെ അർബൺ കലാപങ്ങൾ, ഈജിപ്തിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ – ആധുനിക അറബ് യുവത്വം ധൈഷണിക വ്യാപാരങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് തരം തിരിച്ച് നിർത്തുന്ന തത്ത്വത്തെ അനൂകൂലിക്കുന്നില്ല എന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. അഴിമതി ഭരണം കാഴ്ചവെക്കുന്ന ഭരണകൂടങ്ങൾക്കും അനാവശ്യമായി ചർച്ചകളിലേർപ്പെട്ട് സമയം കളയുകയും പരിഹാരം ദീർഘിപ്പിക്കുകയും ചെയ്യുന്ന ബ്യുറോക്രാറ്റുകൾക്കും എതിരെയുള്ള അവരുടെ പ്രക്ഷോഭങ്ങളുടെയെല്ലാം ആവശ്യം സമൂഹത്തിൽ പെട്ടെന്ന് സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന സിദ്ധാന്തങ്ങളായിരുന്നു.

സാർത്രിയൻ എക്സിസ്റ്റൻഷ്യലിസത്തെ കുറിച്ച് താഹാ ഹുസൈനിനുണ്ടായിരുന്ന ആ ഭയം അദ്ദേഹത്തിന്റെ തലമുറയിലെ എല്ലാവർക്കുമുണ്ടായിരുന്നില്ല. ഈജിപ്തിലെ ഫാബിയൻ പ്രത്യയശാസ്ത്രജ്ഞനും സാഹിത്യകാരനുമായിരുന്ന സലാമാ അൽ മൂസ അദ്ദേഹത്തിന്റെ 1961ൽ പ്രസിദ്ധീകരിച്ച “അൽ അദബ് ലി ശ്ശഅബ്” (പൊതു ജനങ്ങൾക്ക് വേണ്ടിയുള്ള സാഹിത്യം) എന്ന പുസ്തകത്തിലൂടെ താഹാ ഹുസൈനെതിരായി സാർത്രിന്റെ ആശയങ്ങളോട് പരസ്യമായി പിന്തുണ അറിയിച്ചിരുന്നു. രാജവാഴ്ചക്കെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ ജയിലിലകപ്പെടേണ്ടി വന്നതിലൂടെ സാർത്രിന്റെ പ്രതിബദ്ധ രാഷ്ട്രീയത്തെ വൈയക്തിക ജീവിതത്തിൽ എങ്ങനെ പ്രയോഗവൽക്കരിക്കാം എന്ന് സമകാലിക സാഹിത്യന്മാർക്ക് വ്യക്തമാക്കിക്കൊടുത്ത ചിന്തകൻ കൂടിയായിരുന്നു മൂസ. സമ്പൂർണ്ണ വൈയക്തികതയിൽ കേന്ദ്രീകരിക്കുന്നതിലൂടെ താഹാ ഹുസൈനിന്റെ ദർശനം മാനവികതക്ക് യാതൊന്നും സംഭാവന ചെയ്യുന്നില്ലെന്ന് മൂസ അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ വ്യകതമാക്കി. എന്നാൽ അബ്ബാസ് മഹ്മൂദ് അൽ അക്കാദ് താഹാ ഹുസൈനിന്റെ വൈയക്തിക അസ്തിത്വവാദ ചിന്തയെ (individual existentialism) എതിർത്തുവെങ്കിലും സ്വാതന്ത്ര്യത്തെ അത് ചെറിയ രീതിയിൽ സംരക്ഷിക്കുന്നുണ്ട് എന്ന് മൂസയിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം അംഗീകരിച്ചിരുന്നു. അതേസമയം, എക്സിസ്റ്റൻഷ്യലിസം വളരെ സങ്കീർണ്ണവും സമ്പൂർണവുമായ ഒരു തത്ത്വചിന്തയാണെന്ന് അദ്ദേഹം തൻറെ വായനക്കാരെ ഓർമപ്പെടുത്തുകയും ചെയ്തു. ചുരുക്കത്തിൽ, അറബ് പൊളിറ്റിക്കൽ എക്‌സിസ്റ്റൻഷ്യലിസം അതിന്റെ വൈവിധ്യവും വൈരുദ്ധ്യവും അടങ്ങിയ ബഹുമുഖമായ രൂപബേധങ്ങളിലായിരുന്നു ഡീ-കൊളോണിയൽ അറബ് സാമൂഹികതയിൽ സ്വാധീനം ചെലുത്തിയിരുന്നത്.


അധ്യായം 2: അലക്‌സാണ്ടർ കൊയ്റെയും ആധുനിക അറബ് ചിന്തയുടെ ആഗോള നെറ്റ്-വർക്കും
അധ്യായം 4: സുഹൈൽ ഇദ്‌രീസും അറബ് സോഷ്യലിസ്റ്റ് റിയലിസവും

Feature Image: Dr. Charles Malik of Lebanon at the Palais de Chaillot addresses the third Session of the United Nations General Assembly prior to the adoption of the Declaration of Human Rights.

Comments are closed.