“ഞാൻ പാവങ്ങളെ ശ്രദ്ധിക്കാറേയില്ല”
കെയ്റോ നഗരത്തിലെ കല്ലുകൾ പാകാത്ത നടപ്പാതയിലൂടെ ധൃതിയിൽ നടന്നുനീങ്ങവെ മാഡം സാൽവ എന്നോടു പറഞ്ഞു. നന്മയെക്കുറിച്ചും സഹാനുഭൂതിയെക്കുറിച്ചുമുള്ള എന്റെ ധാരണകളെ തകർത്ത് കളയുന്നതായിരുന്നു അത്. വർഷത്തിലെ ഏറ്റവും ദുഷ്കരമായ ആഗസ്ത് മാസത്തിലാണ് റമദാൻ വ്രതം കടന്നുവന്നത്. പതിനാല് മണിക്കൂറോളം നീളുന്ന ദൈർഘ്യമേറിയ പകലുകളിൽ കൂട്ടായുള്ളത്‌ കൊടും ചൂട് മാത്രം. എന്നാൽ ഇതൊന്നും ഞങ്ങളെ തളർത്തിയിരുന്നില്ല. എല്ലാ ആഴ്ചയും മൂന്ന് ദിവസം രാവിലെ തന്നെ ഞാനും മാഡം സാൽവയും ഒത്തുചേരും. തുടർന്ന് ബസ്സ് പിടിച്ച് നേരെ സയ്യിദ നഫീസ പള്ളി എത്തിച്ചേർന്നാൽ സമീപത്തുള്ള ഒറ്റയടി പാതയിലൂടെ അൽപം നീങ്ങി ഇടുങ്ങിയ ഗോവണിപ്പടികൾ കയറിയാൽ ലക്ഷ്യ സ്ഥാനത്തെത്തും. അവിടെയായിരുന്നു അബിർ തന്റെ ഭർത്താവും നാല് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. മാഡം സാൽവയുടെ സഹായിയാണ് അബിർ. അടുക്കളയിൽ സഹായിക്കാനും കടയിൽ പോവാനുമൊക്കെയായി വർഷങ്ങളായി അവർ മാഡം സാൽവയുടെ കൂടെയുണ്ട് ഒരു മുഴുസമയ പരിചാരകയായിട്ടുതന്നെ.

അന്നും ഒരുപാട് പേരെ പോലെ ഞങ്ങളും അവിടെയുള്ള ഒരു ചെറിയ കൂരക്ക് കീഴിൽ സമയം ചിലവഴിച്ചു. അസ്തമയത്തിനു മുമ്പേ തന്നെ ഒത്തിരിപ്പേർക്കുള്ള ചോറും കുഫ്‌തയും (മുറിച്ചുരുട്ടിയ മാംസക്കഷ്ണം) പാകം ചെയ്തു. താഴെയുള്ള ഇടവഴിയിൽ ഒഴിഞ്ഞ പാത്രങ്ങളുമായി ഒരുപാട് മുഖങ്ങൾ ഞങ്ങളെ പ്രതീക്ഷിക്കുന്നുണ്ടാവും. അവർക്ക് നൽകാനുള്ളതാണ്. പലർക്കും അത് സ്വന്തം വീടുകളിലേക്കുള്ള ഒരുനേരത്തെ അന്നമായിരുന്നു, ഞങ്ങളെ പോലെയുള്ള പലരിൽ നിന്നും ഇത്തരത്തിൽ സ്വീകരിച്ചുകൊണ്ടായിരിക്കും അവർ മടങ്ങുന്നത്. വിരോധാഭാസമെന്നു പറയട്ടെ, അന്നപാനീയങ്ങൾ വർജ്ജിക്കേണ്ട വ്രതാനുഷ്ഠാനത്തിന്റെ നാളുകളിൽ മാത്രമായിരുന്നു ഇവർക്ക് മതിയായ തോതിലെങ്കിലും ആഹാരം ലഭിച്ചിരുന്നത്. അങ്ങനെയുള്ളപ്പോൾ മാത്രമാണ് സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലും മിച്ചം വെക്കാൻ സാധിക്കുന്നതും. ഈ ഭക്ഷണത്തോടൊപ്പം ഞങ്ങളെ സഹായിക്കുന്ന വകയിൽ ദിവസവും ഇരുപത് ഈജിപ്ഷ്യൻ പൗണ്ട് (ഏതാണ്ട് ഇരുന്നൂറ് രൂപ) അബീറിന്റെ കുടുംബത്തിന് മാഡം സാൽവ നൽകുന്നുണ്ടായിരുന്നു.

അവിടെ നിന്ന് വടക്കുകിഴക്ക് ഏകദേശം പത്തു കിലോമീറ്റർ മാറി സാമാന്യം ഭേദപ്പെട്ട “അഗൗസ”യിലാണ് മാഡം സാൽവ താമസിചിരുന്നത്. പോലീസിലായിരുന്ന അവരുടെ ഭർത്താവ് ഒരപകടത്തെ തുടർന്ന് നേരത്തെ തന്നെ സർവീസിൽ നിന്നും വിരമിച്ചിരുന്നു. കുട്ടികളൊന്നും ഇല്ലാത്ത ഇവരും ഈജിപ്തിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തിൽ അസ്വസ്ഥരായിരുന്നു. കൃത്യമായി പറഞ്ഞാൽ 2011 ജനുവരിയിൽ സജീവമായ വിപ്ലവത്തിന്റെ നേട്ടം ഇസ്‌ലാമിസ്റ്റ് സംഘടനയായ മുസ്‌ലിം ബ്രദർഹുഡിനായി മാറിയതും, തുടർന്ന് മുഹമ്മദ് മുർസി അധികാരത്തിൽ എത്തിയതുമൊക്കെ മാഡം സാൽവയെ സംബന്ധിച്ചിടത്തോളം ഏറെ സന്ദേഹമുളവാക്കുന്നതായിരുന്നു. തൊട്ടടുത്ത വർഷത്തെ പട്ടാള അട്ടിമറിയിലൂടെ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽസീസി അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

ഇസ്‌ലാമിസ്റ്റ് സംഘടനകളെയും അവരുടെ പ്രവർത്തന രീതികളെയും സംശയത്തോടെ നോക്കി കണ്ടിരുന്ന മാഡം സാൽവ തികഞ്ഞ ഒരു ഭക്തയായിരുന്നു. റമദാനിലെ നിർബന്ധ വ്രതാനുഷ്ഠാനത്തിന് പുറമെ എല്ലാ ആഴ്ചകളിലുമുള്ള സുന്നത്ത് (ഐച്ഛിക കർമ്മം) നോമ്പുകളും അവർ പതിവാക്കിയിരുന്നു. അഞ്ചു നേരത്തെ നമസ്കാരങ്ങളും ഇസ്‌ലാമിക വസ്ത്രധാരണവും അവർക്ക് ഒഴിച്ചു കൂടാനാവാത്തതായിരുന്നു, അതുപോലെ തന്നെയായിരുന്നു പ്രവാചകനോടും, പ്രവാചക കുടുംബത്തോടുമുള്ള അവരുടെ സ്നേഹവും. കൈറോയിലുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള പ്രവാചക കുടുംബത്തിന്റെ മഖ്‌ബറകളിലെ നിത്യ സന്ദർശകയാണ് അവർ. അവിടങ്ങളിൽ വെച്ച് അവർ റൊട്ടിയും പനിനീർ ഗന്ധമുള്ള പാല് കൊണ്ടുണ്ടാക്കുന്ന മധുര പാനീയങ്ങളും മറ്റും മുടങ്ങാതെ വിതരണം ചെയ്തിരുന്നു. ഇതെല്ലാമായിരുന്നു അവരുടെ ഇസ്‍ലാം. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത ഒത്തിരിപ്പേർ നമുക്ക് ചുറ്റും ജീവിക്കുന്ന ഈ കാലത്ത് ‘അയൽവാസിയുടെ ഭക്ഷണ കാര്യത്തിൽ അശ്രദ്ധനായവൻ നമ്മിൽ പെട്ടവനല്ല‘ എന്ന അർത്ഥം വരുന്ന പ്രവാചക അധ്യാപനമാണ് ഇങ്ങനെയൊക്കെ ചെയ്യാൻ തനിക്ക് പ്രചോദനം എന്ന് ഇടക്കിടെ അവർ പറയുമായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ സഹാനുഭൂതിയുടെ ഒരു നേർപതിപ്പായിരുന്നു മാഡം സാൽവ. പാവങ്ങളെ തന്നാലാവും വിധം പരിഗണിക്കാൻ ഏറെ കൊതിച്ച അവർക്ക് മുന്നിൽ തുറക്കപ്പെട്ട വാതിലുകളായിരുന്നു റമദാൻ മാസവും, മഖ്‌ബറ സന്ദർശനങ്ങളും ഒപ്പം അബിറിന്റെ ആ കൊച്ചു മുറിയും.

നോമ്പ് തുറക്കുന്നതിനു മുമ്പായി വീടണയാം എന്ന പ്രതീക്ഷയോടെ തന്നെ ഭക്ഷണ വിതരണവും മറ്റും പൂർത്തിയാക്കി അബിറിന്റെ കുടുംബത്തോട് യാത്രയും പറഞ്ഞു ഞങ്ങൾ ബസ് കയറി. വ്രതം ആയതുകൊണ്ടാവാം ഞാൻ വല്ലാതെ തളർന്നിരുന്നു, എന്നിരുന്നാലും ഒത്തിരി നന്മ നിറഞ്ഞ കാര്യങ്ങൾ ചെയ്യാനായി എന്നതായിരുന്നു എന്റെ അപ്പോഴത്തെ ഏറ്റവും വലിയ ആശ്വാസം. ജോലി സംബന്ധിയായ തിരക്കുകൾ ഏറെയുണ്ടായിരുന്നുവെങ്കിലും മാഡം സാൽവയുടെ കൂടെ ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും എനിക്ക് പ്രധാനപ്പെട്ടതാണ്. ഇസ്‌ലാമിലെ ദാനധർമ്മങ്ങളുടെ (Charity) വിവിധ ആവിഷ്കരണങ്ങളെ സംബന്ധിച്ചുള്ള എന്റെ പഠനത്തിന്റെ ഭാഗം തന്നെയാണ് ഒരുപക്ഷെ പട്ടിണിയിലാവാൻ സാധ്യതയുള്ളവർക്കുള്ള ഭക്ഷണ വിതരണവും മറ്റും. വാസ്തവത്തിൽ പരോപകാര പ്രവർത്തനങ്ങളിൽ നൽകുന്നവർക്കുണ്ടാവുന്ന (Donar) ആനന്ദം ആർക്കും നിഷേധിക്കാൻ കഴിയാത്തതാണ്. നമുക്ക് ശരിയെന്നു തോന്നുമ്പോഴും ഒരുപക്ഷെ അത് നിറവേറ്റുമ്പോൾ ഉണ്ടാവുന്ന മനഃസമാധാനവുമാണ് നമ്മളെകൊണ്ട് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യിപ്പിക്കുന്നത്. നേരത്തെ ഞങ്ങളിൽ നിന്നും ഭക്ഷണം സ്വീകരിച്ചവർ താമസിക്കുന്ന പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾക്കിടയിലൂടെ നടന്നു നീങ്ങവേ ഒരിക്കൽ കൂടി മാഡം സാൽവ പറഞ്ഞു “ഞാൻ പാവങ്ങളെ ശ്രദ്ധിക്കാറില്ല”

വർഷം മുഴുവൻ പാവങ്ങളുടെ കാര്യത്തിൽ ഇടപെടുന്ന ഒരു മുസ്‌ലിം സ്ത്രീയെപറ്റിയാണ് ഇവിടെ പരാമർശിക്കപ്പെട്ടത് എന്നോർക്കണം. വ്രതാനുഷ്ഠാനത്തിന്റെ നാളുകളിൽ മറ്റുള്ളവർക്ക് വേണ്ടി പാകം ചെയ്യുന്ന, വാഹനത്തിൽ ഒത്തിരി ദൂരം സഞ്ചരിച്ചു അങ്ങകലെയുള്ള “അറ്റാബാ” മാർക്കറ്റിൽ നിന്നും ഏറ്റവും മുന്തിയതരം പുതപ്പുകൾ ചേരിപ്രദേശങ്ങളിൽ വിതരണത്തിനായി തന്റെ വിശ്വസ്തനായ ഒരു ക്രിസ്ത്യൻ വ്യാപാരിയെ ഏർപ്പാടാക്കിയിരുന്ന ഇവർ തന്നെയായിരുന്നു കൈറോ നഗരത്തിൽ അങ്ങിങ്ങായുള്ള അനാഥശാലകളിലേക്ക് എന്നെയും കൂട്ടി ചെന്നത്. അവിടങ്ങളിലുള്ള രോഗികളായ കുട്ടികളുടെ ചുമലിൽ വാത്സല്യപൂർവ്വം തലോടുന്നത് എങ്ങനെയെന്ന് എനിക്ക് കാണിച്ചു തന്നതും ഈ സ്ത്രീയായിരുന്നു. അതുകൊണ്ടു തന്നെയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും ഏറെ താൽപര്യത്തോടെ തങ്ങളുടെ പണം അവരെ ഏൽപ്പിച്ചിരുന്നത്. തങ്ങളുടെ ഒരു ചില്ലി കാശ് പോലും പാഴായി പോവില്ല എന്ന ബോധ്യം അവർക്കുണ്ടായിരുന്നു. എന്തിനേറെ പറയുന്നു മാഡം സാൽവയുമായി വർഷങ്ങളായുള്ള പരിചയം നിമിത്തം ഞാനും പിന്നീടുള്ള എല്ലാ റമദാനുകളിലും മുടങ്ങാതെ അവർക്ക് പണം അയച്ചു കൊടുക്കാറുണ്ട്.

ഒരുപക്ഷെ, സഹജീവികളോടും, അവരുടെ ആവശ്യങ്ങളോടും മുഴുസമയവും അനുകമ്പയോടെ വർത്തിക്കുന്ന ഒരു സാധാരണ മുസ്‌ലിം മതാവിശ്വാസി മാത്രമായിരിക്കാം മാഡം സാൽവ. അതുകൊണ്ടാവും “ഞാൻ പാവങ്ങളെ ശ്രദ്ധിക്കാറില്ല, ഈ ചെയ്യുന്നതെല്ലാം പടച്ചവന് വേണ്ടിയാണ്” എന്ന് അവർ ഇടക്കിടെ ഉരുവിട്ടുകൊണ്ടിരുന്നത്.

അഭിവൃദ്ധിക്കും അനുകമ്പക്കുമപ്പുറം

ആഗോള അസമത്വത്തിന്റെ (Inequality) കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. കേവലം ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ് ലോക സമ്പത്തിന്റെ പകുതിയിലധികവും കൈകാര്യം ചെയ്യുന്നത് എന്ന വസ്തുത നമുക്കെല്ലാർക്കും സുപരിചിതവുമാണ്. തൊണ്ണൂറുകളിൽ ആരംഭിച്ച നവ ലിബറൽ നയങ്ങൾ മുതൽ ഇന്നത്തെ സൈനിക മുതലാളിത്തവും (Military capitalism) മറ്റും രാജ്യത്തെ അസമത്വത്തിൻറെ തോത് വർദ്ധിപ്പിച്ചിട്ടേയുള്ളൂ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മധ്യവർഗം (Middle Class) എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തന്നെ തൊഴിലില്ലായ്മയുടെയും മറ്റു അരക്ഷിതാവസ്ഥകളുടെയും പിടിയിലായിട്ടുണ്ട്. ദിവസേന കേവലം രണ്ട് അമേരിക്കൻ ഡോളർ പോലും ചിലവഴിക്കാനില്ലാത്ത ദരിദ്രർ ഈജിപ്തിൽ മാത്രം ഏതാണ്ട് നാൽപത് ശതമാനത്തോളം വരും. അതുകൊണ്ടൊക്കെ തന്നെ ജീവിക്കാനായി മാഡം സാൽവയെ പോലെയുള്ളവരെ ആശ്രയിക്കുന്നവരായി ഒരുപാട് പേരുണ്ട്. അതേസമയം ഫോബ്‌സിന്റെ ലോകസമ്പന്നരുടെ പട്ടികയിൽ പുതുതായി ധാരാളം ആളുകൾ ചേർക്കപ്പെടുന്നുണ്ട് താനും. പ്രത്യേകിച്ചും വിപ്ലവാന്തര ഈജിപ്തിൽ ഇത്തരത്തിലുള്ളൊരു വൈരുദ്ധ്യം ധാരാളമായി കാണാവുന്നതാണ്.

ആഴ്ന്നിറങ്ങിയ അസമത്വ വ്യവസ്ഥിതിയോട് പട വെട്ടുന്നവരാണ് ചിലർ. എന്നാൽ മറ്റുള്ളവരാകട്ടെ സമുദ്രത്തിലെ തുള്ളി കണക്കെ അതിന്റെ ആഴങ്ങളിൽ അകപ്പെട്ടവരാണ്. ഇവിടെ നേരത്തെ പരാമർശിച്ച ചാരിറ്റിയുടെ ഇസ്‌ലാമിക മാതൃക കൃത്യമായ ഒരു ചരിത്ര മുഹൂർത്തത്തെയാണ് അടയാളപ്പെടുത്തുന്നത്. അതായത് ഒരേ സമയം സാമൂഹിക അസമത്വവും ഉയർന്നുവരുന്ന വിപ്ലവ ധ്വനികളും നില നിൽക്കുന്ന അന്തരീക്ഷം. ഒരു പക്ഷെ ജനുവരി മാസത്തിൽ ഈജിപ്തിൽ പൊട്ടിപ്പുറപ്പെട്ട “റൊട്ടിയും – സാമൂഹിക നീതിയും” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് മാഡം സാൽവയെ പോലുള്ളവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല. കാരണം ദരിദ്രർക്കുള്ള സൗജന്യ ഭക്ഷണവും മറ്റുമൊക്കെ സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ ഇടങ്ങളിലെ നിലനിൽക്കുന്ന അസമത്വ വ്യവസ്ഥിതിയെ സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നാണ് ഇത്തരം പുരോഗമന ചിന്താധാരകൾ കരുതുന്നത്. അതിനാൽ പാവങ്ങൾക്കുള്ള സഹായങ്ങൾ അവരുടെ സാമൂഹികമായും സാമ്പത്തികവുമായുമുള്ള ഉന്നമനത്തെ ലക്ഷ്യം വെച്ചുള്ളതാവണമെന്നും ഇവർ വാദിക്കുന്നു. പ്രത്യക്ഷത്തിൽ സാമൂഹിക നീതിയുടെ സംസ്ഥാപനമാണ്‌ ഇതിലൂടെ ആവശ്യപ്പെടുന്നത് എന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ വ്യക്തികൾക്ക്‌ തങ്ങളുടെ വികസനത്തിന്റെ കർതൃത്വം കൽപിച്ചു നൽകപ്പെടുകയാണ് ഇതിലൂടെ. അതുകൊണ്ടാവണം പരമ്പരാഗതമായി നിർവ്വഹിച്ചു പോരുന്ന ദാനധർമ്മങ്ങളിൽ നിന്നും വിഭിന്നമായി വ്യക്തികളെ തിരഞ്ഞു പിടിച്ചു അവർക്ക് ചെറിയ തോതിലുള്ള വായ്പകൾ (Micro Loan) നൽകുന്ന സാമൂഹ്യ സേവന സംഘങ്ങൾ (NGOs) ഇന്ന് ധാരാളമായി പ്രവർത്തിച്ചു വരുന്നത്. വ്യക്തി കേന്ദ്രീകൃതവും സംരംഭകത്വവും അടിസ്ഥാനമാക്കിയ നവ ലിബറൽ നയങ്ങളുടെ ദശകളിലാണ് ഇത്തരം സ്ഥാപനങ്ങളുടെ ആധിക്യം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.

ഇന്നത്തെ കാലത്ത് മാഡം സാൽവയെ പോലെയുള്ളവരുടെ ദാനധർമ്മങ്ങൾ ഒരുപക്ഷെ ഉദ്ദേശിച്ച ഫലം നൽകാത്ത പഴഞ്ചൻ രീതികളായി മുദ്ര കുത്തപ്പെട്ടേക്കാം. എന്നിരുന്നാലും അവർക്കും, അവരിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുന്നവർക്കും വളരെ ചെറിയ തോതിലുള്ളതാണെങ്കിലും ഈ ഏർപ്പാട് തങ്ങളുടെ നിത്യജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. സഹജീവികളോടുള്ള സഹാനുഭൂതിയായിരിക്കാം അവരെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നായിരുന്നു ഞാൻ ധരിച്ചു വെച്ചിരുന്നത്. എന്നാൽ സഹാനുഭൂതിയുടെ ചട്ടക്കൂടിൽ നിന്നുമല്ല മതവിശ്വാസികളുടെ ദാനധർമ്മങ്ങൾ മനസ്സിലാക്കേണ്ടത് എന്നാണ് ഈയിടെ ഒരു വിശ്വാസിയായ സന്നദ്ധസേവകൻ എന്നോട് പറഞ്ഞത് , കാരണം ക്രിസ്ത്യാനികൾ നൽകുന്നത് നന്മയും സ്നേഹവും ആധാരമാക്കിയാണ് എങ്കിൽ മുസ്‌ലിംകൾ നൽകുന്നത് ദൈവം അവരോടു അങ്ങനെ ചെയ്യാൻ കലൽപിച്ചതിന്റെയും അടിസ്ഥാനത്തിലാണ്.

ക്ലേശമനുഭവിക്കുന്നവരോടുള്ള ഐക്യപ്പെടലോ നന്മ നിറഞ്ഞ ഭാവികാലത്തെ വാർത്തെടുക്കുകയോ അല്ല ദൈവത്തിലേക്ക് നൽകുക (Giving to God) എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. വ്യക്തമായി പറഞ്ഞാൽ കേവലമായ ദാനധർമ്മങ്ങളോ, ജീവകാരുണ്യ പ്രവർത്തനങ്ങളോ അല്ല മറിച്ച് കർത്തവ്യബോധത്തോടെയുള്ള വിധേയത്വമാണ് ദൈവത്തിനു നൽകുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അപ്പോഴാണ് ചാരിറ്റിയുടെ വ്യത്യസ്ത അളവുകോലുകളിൽ നിന്നും സ്വീകർത്താവ് സ്വതന്ത്രനായിത്തീരുക. അങ്ങനെ ആവുമ്പോൾ മാത്രമാണ് ഒരേ സമയം മേരി ഡൗഗ്ലസ് വിശേഷിപ്പിച്ചത് പോലെ സ്വീകർത്താവിനെ മുറിവേൽപ്പിക്കുന്ന അവസ്ഥകളിൽ നിന്നും ഒപ്പം ഔദാര്യത്തിന്റെയും, വ്യക്തി കേന്ദ്രീകൃതമായ സ്വയം സഹായത്തിന്റെയും (Self Help) ലിബറൽ, നവ ലിബറൽ ആഖ്യാനങ്ങളിൽ നിന്നും ചാരിറ്റിയെ മുക്തമാക്കാൻ സാധിക്കുന്നത്. സ്വീകരിക്കുന്നവരെ വിധേയത്വത്തിന്റെ ബന്ധനങ്ങളിലും, നൽകുന്നവരെ കൃതജ്ഞതയുടെ (Grateful) ആഹ്ലാദത്തിലും തളച്ചിടാത്ത ഒരു അവസ്ഥ ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഇവിടെ നൽകുന്നവർ സ്വീകർത്താവിൽ നിന്നും നന്ദിയോ, ഏതെങ്കിലും വിധത്തിലുള്ള തിരിച്ചു നൽകളോ പ്രതീക്ഷിക്കുന്നില്ല. നൽകുക എന്നത് ദൈവത്തിൽ നിന്നുമുള്ള പ്രതിഫലത്തിനായുള്ള കർമ്മങ്ങളായി മാറുന്നു.

തങ്ങളുടെ വിഭവങ്ങളിൽ നിന്നും പാവങ്ങളുടെ അവകാശത്തെ (ഹഖുൽ ഫഖീർ) കൈമാറ്റം ചെയ്യുന്ന മാഡം സാൽവയെ പോലുള്ളവരെ സംബന്ധിച്ചിടത്തോളം ദാനധർമ്മങ്ങൾ ദൈവിക ആജ്ഞയോടുള്ള കർത്തവ്യ നിർവ്വഹണമാണ്. അത് കൊണ്ട് തന്നെ പാവങ്ങളോട് അലിവ് കാണിക്കുന്നു എന്ന തരത്തിലുള്ള പരിമിതമായ ആഖ്യാനങ്ങളിൽ നിന്നും വിശ്വാസി ഹൃദയങ്ങളുടെ ആർദ്രത (റഹ്മത്ത്) വ്യത്യസ്തമാവുന്നുണ്ട്. സഹജീവികളുടെ വികാര വിചാരങ്ങൾ മനസിലാക്കിക്കൊണ്ടുള്ള മാനുഷികവാദ (Humanitarianism) യുക്തിയെ നിരാകരിക്കുന്നതാണ് വിശ്വാസികളുടെ ദാനധർമ്മങ്ങൾ. സഹതാപ രാഷ്ട്രീയത്തെ (Politics of pity) വിമർശിച്ച ഹന്ന അരന്റ് മുതൽ കരുതലിന്റെ വിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് (Anti-politics of care) അപഗ്രഥിച്ചെഴുതിയ മിറിയാം ടിക്ടിൻ വരെയുള്ള അക്കാദമിക രംഗത്തെ വിദഗ്ധർ അനുകമ്പ രാഷ്ട്രീയത്തെ (Compassion politics) പ്രശ്നവൽക്കരിച്ചിട്ടുണ്ട്. സർവ്വ മനുഷ്യരെയും തുല്യ നിലവാരത്തിൽ പരിഗണിക്കലാണ് പരോപകാര തൽപരതയുടെ (Philanthropy) ഉദ്ദേശ്യലക്ഷ്യമെങ്കിലും ഇത് ചിലരെ മറ്റു ചിലരേക്കാളേറെ പരിഗണിക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്. കാരണം ഒരാൾ തന്റെ സഹായഹസ്തം നീട്ടാൻ ആഗ്രഹിക്കുന്നത് തനിക്ക് താൽപര്യവും തൃപ്തിയും തോന്നുവരിലേക്കാണ്, അങ്ങനെ ആവുമ്പോൾ അയാൾ തന്റെ സഹജാവബോധത്തെ (Feeling for other) ചാരിറ്റിയിലൂടെ രാഷ്ട്രീയവൽക്കരിക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ വിശേഷപദവിയിൽ (Privileged position) നിന്നുകൊണ്ട് നടത്തുന്ന ഇത്തരം വിശ്യാസ്യത കുറഞ്ഞ തെരെഞ്ഞെടുപ്പുകൾ യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയം തന്നെയാണ് എന്നാണു ഇവർ നിരീക്ഷിക്കുന്നത്. അതായത് അവകാശങ്ങളുടെയും സാമൂഹിക നീതിയുടെ മറവിൽ കേവലമായ അനുകമ്പ രാഷ്ട്രീയമാണ് യഥാർത്ഥത്തിൽ നടക്കുന്നത്.

ചാരിറ്റിയെക്കുറിച്ച്‌ മേൽ പരാമർശിക്കപ്പെട്ട നിരീക്ഷണങ്ങളും ഒപ്പം അതിലെ ദൈവികതയെ ഗൗരവത്തോടെ തന്നെ ഞാൻ സമീപിക്കാനുള്ള കാരണവും മറ്റൊന്നല്ല. നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന വ്യസ്ഥാപിതമായ അസമത്വങ്ങൾക്കും അനീതിക്കും പരിഹാരം തേടേണ്ടത് രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിൽ (Political economy) പങ്കു ചേർന്നുകൊണ്ട് മാത്രമാണെന്നുള്ള പൊതുബോധത്തെ പരിശോധിക്കാൻ കൂടി വേണ്ടിയാണ് ഞാൻ ഈ ഒരു ആലോചനയിലേക്ക് കടക്കുന്നത്. ഇങ്ങനെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിൽ പങ്കു ചേരൽ ഒരുതരം മതേതര സാർവത്രികതയോടെ (Secular universalism) അവകാശങ്ങളെയും അതിന്റെ അവകാശികളെയും (rights-bearing subjects) സമീപിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വൈവിധ്യങ്ങളെ വകവെച്ചു കൊടുക്കുന്നതിലും ദൈവം പോലുള്ള അദൃശ്യമായ കാരണങ്ങളെ മനസ്സിലാക്കുന്നതിലും ഇവ പരിമിതമാണ്.

ദൈവത്തെ ഗൗരവത്തിലെടുക്കൽ

മാഡം സാൽവയെപ്പോലുള്ളവർ മുന്നോട്ട് വെക്കുന്ന മതപരമായ യുക്തികൾ അപ്രസക്തമോ, കൂടുതൽ മതപരമോ ആണ് എന്ന് മുദ്രകുത്തി തള്ളിക്കളയുക എളുപ്പമാണ്. വാസ്തവത്തിൽ, ആക്ടിവിസ്റ്റുകളും അക്കാദമിക് വിദഗ്ധരും വളരെക്കാലമായി ചെയ്തുകൊണ്ടിരുന്നതും അത് തന്നെയാണ്. ഒരു വ്യക്തിയുടെ പ്രചോദനങ്ങൾ എത്രത്തോളം മതപരമാണ് എന്നത് രാഷ്ട്രീയവും, സാമൂഹികവുമായ പുനർ‌ചിന്തനങ്ങളെ സംബന്ധിച്ചിടത്തോളം അത്രത്തോളം അപ്രസക്തമാണ് എന്നതാണ് പൊതുവെയുള്ള ധാരണ. മാഡം സാൽവയുടെ ‘നൽകലിന്റെ’ പ്രാധാന്യം മനസ്സിലാക്കണമെങ്കിൽ നമ്മൾ ദൈവത്തെ ഗൗരവമായി കാണേണ്ടതുണ്ട്.

ലി-ല്ലാഹ് എന്ന അറബി പദമാണ് ഇവിടെ കേന്ദ്രസ്ഥാനത്ത് വരുന്നത്. ഈ പദത്തിലെ “ലി” (അർഥമാക്കുന്നത് “ലേക്ക്” അല്ലെങ്കിൽ “സംബന്ധിച്ചത്” എന്നൊക്കെയാണ്) ദൈവ നാമമായ “അല്ലാഹ്” നോട് ചേർത്തുകൊണ്ട് മുസ്‌ലിംകൾ ഒരുപാട് സന്ദർഭങ്ങളിൽ പ്രയോഗിക്കാറുണ്ട്, പ്രത്യേകിച്ചും പാവങ്ങൾക്കുള്ള സഹായ സഹകരണങ്ങൾ കൈമാറുന്ന വേളകളിലും മറ്റും. ദൈവത്തിൽ നിന്നും, ദൈവത്തിനു വേണ്ടി എന്നൊക്കെയാണ് പ്രസ്തുത പദം അർത്ഥമാക്കുന്നത്. അതായത് ദാനം നൽകുന്നവർ ദൈവത്തിന്റെ കാരുണ്യത്തെ ലക്ഷ്യത്തിലെത്തിക്കുക എന്ന കർത്തവ്യബോധ്യമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. സമ്പത്തടക്കം എല്ലാം അല്ലാഹുവിന്റേതാണ്, തനിക്ക് ദൈവം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചു നൽകുക (അമാനത്ത്) മാത്രമാണ് ചെയ്തിരിക്കുന്നത്. മറ്റൊരു അർത്ഥം ദൈവവുമായി കച്ചവടം പോലുള്ള ഇടപടി ഏർപ്പെടുക എന്നതാണ്. ദാനം ചെയ്യുക എന്നത് സ്വഗ്ഗത്തിൽ ഇടം കരസ്ഥമാക്കുന്നതിനായി ദൈവവുമായി നടത്തുന്ന ഇടപാട് എന്ന നിലയിൽ.

ഇവിടെ “ഞാൻ പാവങ്ങളെ ശ്രദ്ദിക്കാറില്ല” എന്ന മാഡം സാൽവയുടെ പ്രസ്താവനയെ പല രീതിയിലും നിർവചിക്കാം. ചിലപ്പോൾ തന്നെ റദ്ദു ചെയ്യുന്നത് വഴി അവരുദ്ദേശിക്കുന്നത് വിശാല മനസ്കതയോടു കൂടി താൻ ചെയ്യുന്ന പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ തനിക്കു വേണ്ട എന്ന നിലപാടായിരിക്കാം. സ്വന്തത്തെ മാറ്റി നിർത്തികൊണ്ടുള്ള ഇത്തരം നിലപാടുകൾ അബ്രഹാമിക് മതങ്ങളുടെ ധാർമ്മിക പരിസരത്തു നിന്നും രൂപപ്പെടുന്നവയാണ്. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ അവരുടേത് കേവലമായ ഒരു വൈകാരിക പ്രതികരണം മാത്രമായിരിക്കാം. ഒട്ടും മാന്യതയില്ലാതെ തിടുക്കം കൂട്ടി തന്നെ കാത്തുനിന്നവരിൽ നിന്നും മുഖം തിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞതാവാം. അതുമല്ലെങ്കിൽ തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നുമാവാം, അതായത് താൻ ഏറെ താൽപര്യത്തോടെ പരിഗണിക്കുന്നവരിൽ നിന്നും പകരമായി തനിക്കൊന്നും ലഭിക്കുന്നില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരിക്കാം അവരങ്ങനെ പറഞ്ഞത്. ഇങ്ങനെയൊക്കെ ഒരുപാട് അർത്ഥതലങ്ങൾ അവരുടെ പ്രസ്താവനയെ സംബന്ധിച്ചു നമുക്ക് രൂപപ്പെടുത്താൻ കഴിയുമെങ്കിലും മാഡം സാൽവയുമായി വർഷങ്ങളായുള്ള പരിചയം എനിക്ക് മനസ്സിലാക്കിത്തരുന്നത് ഇതൊന്നുമല്ല. അവരെ സംബന്ധിച്ചിടത്തോളം തനിക്ക് ലഭിച്ചേക്കാവുന്ന അംഗീകാരങ്ങളെക്കാളും അല്ലെങ്കിൽ തന്നെ തിരസ്കരിക്കുന്നവരോടുള്ള പ്രതികരത്തെക്കാളുമുപരി പ്രാധാന്യം “ലില്ലാഹ്” അഥവാ ദൈവത്തിലേക്ക് എന്നതാണ്. നിരന്തരം അല്ലാഹുവിനെ സ്മരിക്കുന്നതോടൊപ്പം തന്നെ പ്രവാചകനെയും, പ്രവാചക കുടുംബത്തിലേക്കും അടുക്കുന്നത് വഴി രൂപപ്പെടുന്നതാണ് അവരുടെ ലോകം. ആ ലോകത്തിൽ ഒരുപക്ഷെ ചാരിറ്റിയുടെ മാനവികമായ നിർവചനങ്ങൾക്കോ നവ ലിബറൽ മോഡലുകൾക്കോ അതുമല്ലെങ്കിൽ സമൂഹ വ്യവസ്ഥിതിയെ പരിഷ്‌ക്കരിക്കാൻ ഉദ്ദേശിച്ചുള്ള വിപ്ലവാത്മക പ്രക്ഷോഭങ്ങൾക്കോ ഒരു സ്ഥാനവുമില്ല. പാവങ്ങൾക്കും പട്ടിണിയിലായവർക്കും അങ്ങേയറ്റത്തെ ആവേശത്തോടെ അവർ നൽകി കൊണ്ടേയിരിക്കുകയാണ്, അതായത് അവരോടു ഏറ്റവുമടുത്ത രീതിയിൽ പ്രതികരിച്ചുകൊണ്ട്. അതാവട്ടെ പാവങ്ങളുടെ ദുരിതത്തിൽ പങ്കു ചേർന്നു കൊണ്ടോ, തന്റെ കനിവിനെ കൈമാറിക്കോണ്ടോ അല്ലെങ്കിൽ നന്മ നിറഞ്ഞ ഭാവിക്കോ വേണ്ടിയല്ല മറിച്ച് ദൈവത്തിൽ നിന്നും ദൈവത്തിലേക്കാണ്.


അമിറാ മിറ്റർമെർ എഴുതിയ Giving to God Islamic Charity in Revolutionary Times എന്ന പുസ്തകത്തിൽ നിന്ന്.

വിവർത്തനം: മുഹമ്മദ് ജൻഷർ ഖാൻ
Featured Image by Daniel van den Berg
Location: Paris, France

Author

Amira authored many books on contemporary politics. She lives in Virginia.

Comments are closed.