ചരിത്രങ്ങൾ ഒന്നും തന്നെ ഹെഗൽ പറയുന്നത് പോലെ ഇല്ലയ്മയിലേക്ക് മറയുന്നില്ല. മറിച്ച് ലെബനീസ് പറഞ്ഞത് പോലെ വർത്തമാനത്തിന്റെ പുറകിൽ ചുരുളുകളായി അവ നിലനിൽക്കുകയാണ് ചെയ്യുന്നത്. എങ്കിൽ 1492ൽ യൂറോപ്പിൽ നിന്ന് – കൃത്യമായി പറഞ്ഞാൽ സ്പെയിനിൽ നിന്ന് – തുടച്ചു നീക്കപ്പെട്ട ഇസ്‌ലാമിക നാഗരികത യൂറോപ്പിന്റെ പ്രതലത്തിനടിയിലെ ചുരുളുകളിൽ വിശ്രമിക്കുണ്ടാവുമോ? ഉണ്ട് എന്നാണ് ലോറ മാർക്സിന്റെ ഭാഷ്യം. കാരണം, അവരെ സംബന്ധിച്ചിടത്തോളം ആധുനിക കലകളിലും, സിനിമ, ഡോക്യുമെന്ററി മുതലായ കലാ മാധ്യമങ്ങളിലും, അവയുടെ അന്തർധാരയായി പ്രവർത്തിക്കുന്നത് ഇസ്‌ലാമിക ദർശനങ്ങളും, സൗന്ദര്യശാസ്ത്ര സങ്കൽപങ്ങളുമാണ്.
എന്നാൽ കല എന്ന അനന്താധിക്യമുളള ആവിഷ്കാര വ്യവഹാരം യൂറോപ്പിന്റെ ചരിത്രത്തിൽ നിരൂപണ വിധേയമായിട്ടുളളത് കർത്താവിനെയും, കലയെയും, കലാനുഭൂതിയെയും വേർതിരിച്ചു കൊണ്ടുളള യാന്ത്രിക മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിലും, നിർണ്ണിത ചട്ടക്കൂടുകളാൽ അനുഭവങ്ങൾ വരെ നിയന്ത്രിതമായ ഒന്നായി കണക്കാക്കപ്പെടുന്ന റൊമാൻറ്റിക്-നവോത്ഥാന സൗന്ദര്യശാസ്ത്ര സങ്കൽപത്തിലുമാണ്. എന്നാൽ അതിൽ നിന്ന് വിഭിന്നമായി പുതിയൊരു കലാ അനുഭവൈക തലവും, സൗന്ദര്യ ശാസ്ത്ര ഭാവുകത്വവും പ്രധാനം ചെയ്യാനാണ് ലോറ മാർക്സ് തയ്യാറാവുന്നത്. അതിനവർ തിരഞ്ഞെടുക്കുന്ന രീതിശാസ്ത്രം ആധുനിക കലാ സംവിധാനങ്ങളെ, അവക്കകത്ത് മറഞ്ഞ് കിടക്കുന്ന ഇസ്‌ലാമിക സ്വാധീനങ്ങളെ കണ്ടെത്തി, അവയുടെ വെളിച്ചത്തിൽ അവയെ അനന്തതയുടെ മണ്ഡലത്തിൽ വെച്ച് ഒരു പുനർവായന നടത്തുകയെന്നതാണ്. ‘എൻഫോൾഡ്മെന്റ് ആൻഡ് ഇൻഫിനിറ്റി: ആൻ ഇസ്‌ലാമിക് ജീനിയോളജി ഓഫ് ന്യൂ മീഡിയ ആർട്’ എന്ന പുസ്തകത്തിലാണ് മാർക്സ് (മാർക്സ് എന്നത് ലോറ മാർക്സ് എന്ന വായിക്കുക) തന്റെ ആധുനിക യൂറോപ്യൻ കലകളുടെ ഇസ്‌ലാമിക വംശാവലികളെ വ്യക്തമാക്കുന്നത്.
സമകാലിക മാധ്യമങ്ങളിൽ, അതായത് ഡിജിറ്റൽ എന്ന് വിളിക്കപ്പെടുന്ന ബൈനറി കോഡുകളിൽ, അവയുടെ അൽഗോരിതവും, ഡാറ്റാബേസുകളും, കോഡുകളുമാണ് അവയെ മനുഷ്യർ എങ്ങനെ കേൾക്കണം, കാണണം, അനുഭവിക്കണം എന്നെല്ലാം നിർണ്ണയിക്കുന്നത്. അതായത് മാധ്യമങ്ങളുടെ രൂപം തന്നെ നിർണ്ണയിക്കുന്നത് അവക്കകത്ത് മറഞ്ഞ് കിടക്കുന്ന അനന്തമായ ആ അറിവുകളാണ് (information). യഥാർത്ഥത്തിൽ ഈ അറിവുകളാണ് ലോകത്തെ തന്നെ നിയന്ത്രിക്കുന്നത്. കാരണം, എന്തു പ്രത്യക്ഷപ്പെടണം, എന്ത് മറഞ്ഞിരിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് ഈ അറിവുകളാണ്. അതിനാൽ നമ്മൾ കാണുന്ന വസ്തുക്കളിൽ നിന്ന് യാഥാർത്ഥ്യങ്ങളെ മറച്ചു പിടിക്കാനുളള കഴിവാണ് യഥാർത്ഥത്തിൽ ‘അധികാരം’ എന്ന് മാർക്സ് പറഞ്ഞുവെക്കുന്നുണ്ട്. ട്രെവർ പഗ്ലാന്റെ ‘ദ ബ്ലാക് വേൾഡ്’ എന്ന ഡോക്യുമെന്ററി അമേരിക്കയുടെ അത്തരം മറച്ചുവെക്കലുകളിലൂടെയുളള അധികാര സംരക്ഷണത്തെ തുറന്ന് കാണിക്കുന്നുണ്ട്.
ഈ ദൃശ്യതാ-അദൃശ്യതാ സ്വഭാവത്തിൽ നിന്നാണ് കലയെ കുറിച്ചുളള ചിന്തകൾ മാർക്സ് തുടങ്ങുന്നത്. കല അതിന്റെ വസ്തു തലത്തെ മറികടക്കുന്നത് (aniconistic) അത് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കാത്തതിനെ ദൃശ്യമാക്കുമ്പോഴാണ്. എന്നാൽ ഇസ്‌ലാമിക കലകളുടെ വസ്തു-അതീത തലം ചിത്രങ്ങളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്നത് വാക്കുകൾക്കും, സാമൂഹിക ഇടങ്ങൾക്കുമാണ്. ഈയൊരർത്ഥത്തിൽ – ദില്യൂസിന്റെയും ഫെലിക്സ് ഗുത്താരിയുടെയും ഭാഷയിൽ – കലയുടെ ദൃശ്യ തലം ഒരു ‘ഇമ്മാനൻസിന്റെ തല’മാണ് (plane of immanance). ഇത് വരെ നിലനിന്ന, ഇനി വരാനുളള, ഒരിക്കലും വരാത്ത സർവ്വ യാഥാർത്ഥ്യങ്ങളെയും ഉൾക്കൊളളുന്ന അനന്തമായ – ഉളളിൽ മറഞ്ഞുകിടക്കുന്ന – ചുരുളുകളാൽ രൂപപ്പെട്ട ഒരു പ്രതലമാണ് പ്ലേൻ ഓഫ് ഇമ്മനൻസ്. ഡേവിഡ് ബോമിന്റെ ഭാഷയിൽ ഇതിനെ ‘ഹേതു ഘടന’ (implicate order) ആയും മനസ്സിലാക്കാം. അതിനാൽ ചുരുക്കത്തിൽ അനന്തതയാണ് അറിവുകളെ സാധ്യമാക്കുന്നത്, ആ അറിവുകളാണ് കലയെ – കലാ മാധ്യമങ്ങളെ – സാധ്യമാക്കുന്നത്. ഈ അനന്ത-ജ്ഞാന-ആവിഷ്കാര ശ്രേണിയാണ് മാർക്സിന്റെ നവീകൃത ഇസ്‌ലാമിക സൗന്ദര്യശാസ്ത്രത്തിന്റെ അടിത്തറയായി വർത്തിക്കുന്നത്.
ഈ മറഞ്ഞു കിടക്കുന്ന തലമാണ് സാങ്കല്‍പ്പികം (virtual). പ്രകടമായ തലം യാഥാർത്ഥ്യവും (actual). ഈ അദൃശ്യമായ തലത്തെ കുറിച്ച് ചിന്തിക്കാനുളള ഒരു ഉപകരണോപാധിയാണ് (machinic phylum) ദൃശ്യതലം. അതായത്, ദൃശ്യതലം കൂടാതെ അദൃശ്യത്തെ കുറിച്ചുളള ഒരു ചിന്തയും സാധ്യമാകില്ല. ഈയൊരു അർത്ഥത്തിൽ കലയുടെ ദൃശ്യ തലം ഒരു ദർശനത്തിന്റെ (philosophy) ദൗത്യമാണ് നിർവ്വഹിക്കുന്നത് – അചിന്തനീയമായതിലേക്കുളള ചിന്തയുടെ വഴിത്തിരിവ്. ഇങ്ങനെ നിരീക്ഷിക്കുമ്പോൾ ഡിജിറ്റൽ മാധ്യമങ്ങൾക്ക് ദൃശ്യവും അദൃശ്യവുമായ നാല് തലങ്ങൾ കാണാൻ സാധിക്കും. ഒന്ന്, ആപ്ലിക്കേഷൻ ലയർ – മനുഷ്യർ ഇടപെടുന്ന അറിവുകൾ; രണ്ട്, ട്രാൻസ്പോർട് ലയർ – ആ അറിവുകളെ ഡാറ്റയാക്കുന്ന തലം; മൂന്ന്, ഇൻറർനെറ്റ് ലയർ – ഡാറ്റയെ കൈമാറ്റം ചെയ്യുന്ന തലം; നാല്, ലിങ്ക് ലയർ – കൈമാറ്റത്തിന്റെ ഭൗതിക (ദൃശ്യമായ) മാധ്യമം. മനുഷ്യർക്ക്, ദൃശ്യമായ ആപ്ലിക്കേഷൻ തലത്തിൽ – ആക്ച്വലിൽ – മാത്രമെ ഇടപെടാൻ സാധിക്കുകയുളളൂ. എന്നാൽ, മറ്റ് മൂന്ന് തലങ്ങളും അതിനുളളിൽ അദൃശ്യമായി – വിർച്വലായി – കിടക്കുകയാണ് ചെയ്യുന്നത്. കാലിഗ്രഫി (കലാത്മകമായ എഴുത്ത് രീതി) പോലുളള ഇസ്‌ലാമിക കലകൾക്കകത്തും ഇത്തരം ദൃശ്യ-അദൃശ്യ തലങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാവുന്നതാണ്.
ഈ അദൃശ്യ തലങ്ങൾ ദൃശ്യതയുടെ അകത്ത് ചുരുളുകളായി കിടക്കുകയാണ് ചെയ്യുന്നത്. വില്യം ഗോട്ട്ഫ്രിഡ് ലെബനീസിനെ മുൻ നിർത്തി ദില്യൂസ് ഏതൊരു വസ്തുവിന്റെയും അടിസ്ഥാന ഘടകം ‘ചുരുളുകൾ’ (fold) ആണെന്ന് പറഞ്ഞു വെക്കുന്നുണ്ട്. ആ വസ്തുവിന്റെ ചരിത്രവും, ഭാവിയും, വർത്തമാനവുമെല്ലാം ആ ചുരുളുകൾക്കുളളിൽ രൂപപ്പെട്ടതും പിന്നീട് പുറത്ത് വന്നതും, വരാനുളളതും, അതിലേക്ക് തന്നെ മടങ്ങാനുളളവയുമാണ്. ഈയൊരു അർത്ഥത്തിൽ ഒരു വസ്തുവിന്റെ ചരിത്രവും, അത് കഴിയുന്നതോടെ ഇല്ലാതെയാകുന്നില്ല മറിച്ച് അതിന്റെ തന്നെ ചുരുളകൾക്ക് ഉളളിലേക്ക് മറയുകയാണ് ചെയ്യുന്നത് – പിന്നീട് എപ്പോൾ വേണമെങ്കിലും പുറത്ത് വരാം എന്ന രീതിയിൽ. പുറത്ത് വരുന്നത് വരെ അത് ചുരുളുകൾക്ക്ക അത്ത് വെച്ച് – വിർച്വലിൽ വെച്ച് – ദൃശ്യമായതിനെ – ആക്ച്വലിനെ – സ്വാധീനിച്ചുകൊണ്ടിരിക്കും. അതിനാൽ ചുരുളുകൾ എന്നത് അനന്തമായ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടവയാണ്. സ്റ്റോയിക് സാമയിക ദർശനവുമായി (philosophy of time) ബന്ധമുളള ഈയൊരു ചരിത്രാപഗ്രഥന രീതിയാണ് മാർക്സ് മറഞ്ഞു കിടക്കുന്ന ഏതൊരാശയത്തെയും കണ്ടെത്താൻ അവരുടെ എല്ലാ കൃതികളിലും ഉപയോഗപ്പെടുത്തുന്നത്.
ഈ അദൃശ്യ തലങ്ങളെ മനസ്സിലാക്കാനുളള മനുഷ്യരുടെ കഴിവ് അവർ എന്തിൽ, എങ്ങനെ വിശ്വസിക്കുന്നു അല്ലെങ്കിൽ അനുഭവിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിലനിൽക്കുന്നത്. കാരണം ദൃശ്യമായ – വിശ്വാസം ബന്ധപ്പെട്ടു കിടക്കുന്ന – കാര്യങ്ങളിലൂടെ മാത്രമേ നമുക്ക് അദൃശ്യതയെ മനസ്സിലാക്കാൻ സാധിക്കുകയുളളൂ. മുഹമ്മദ് അർകൂൻ പറയുതനുസരിച്ച് ‘ഭൗതികലോകത്തിന് പുറത്ത് പരമാർത്ഥത്തിലേക്കുളള ഒരു ബന്ധവും സാധ്യമല്ല’. അനുഭവത്തെ കുറിച്ച് തലാൽ അസദും അതേ ആശയം പറയുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ‘ഭൗതിക വസ്തുക്കളുമായുളള ഇടപെടലുകളിലൂടെയും, സാമൂഹിക ബന്ധങ്ങളിലൂടെയും, ശാരീരിക ജീവിതത്തിലുടെയും, നിർമ്മിതവും നിർണ്ണിതവുമായ കഴിവുകളിലുടെയുമെല്ലാമാണ് മനുഷ്യരുടെ അനുഭവം നിർണ്ണയിക്കപ്പെടുന്നത്’. അതിനാൽ ദൃശ്യവും അനുഭവേധ്യവുമായ ചിത്രങ്ങളാണ് (image) അനന്തമായ അദൃശ്യതയും ജ്ഞാനപരമായ ദൃശ്യതയും തമ്മിലുളള ബന്ധം വ്യക്തമാക്കിത്തരുന്നത്.
ഇസ്‌ലാമിക സൗന്ദര്യ ശാസ്ത്രത്തെയും ദർശനത്തെയും ഒരു ‘അനന്ത സമ്പൂർണ്ണത’ (open whole) യായിട്ടാണ് ലോറ മാർക്സ് മനസ്സിലാക്കുന്നത്. കാരണം ആധുനിക ദർശനം യാഥാർത്ഥ്യങ്ങളുടെ അനന്തതയിലാണ് (openness) വിശ്വസിക്കുന്നത് . എന്നാൽ ഇസ്ലാമിക ദർശനം ‘അല്ലാഹ്’ എന്ന ഒരു ബിന്ധുവിൽ സമ്പൂർണ്ണ (whole) മാവുന്നു. അതിനാൽ അതവിടെ അന്ത്യം കുറിക്കകയും ചെയ്യുന്നു. ഈ വൈരുദ്ധ്യത്തെയാണ് ‘അനന്ത സമ്പൂർണ്ണ’ എന്ന സങ്കൽപത്തിലൂടെ മാർക്സ് മറികടക്കുന്നത്. ഈ വ്യത്യാസത്തിന്റെ ഹേതു ഗ്രീക്ക്-ഇസ്‌ലാമിക ചിന്തകളിലെ ‘അദൃശ്യം’ എന്ന സങ്കൽപത്തിന്റെ പ്രാഥമികമായ ഭിന്നതയിലാണ്. virtual എന്നത് ഗ്രീക്ക് ചിന്തകരെ സംബന്ധിച്ചിടത്തോളം, ദൈവത്തിൽ തന്നെ മറഞ്ഞു (latent) കിടക്കുകയും പിന്നീട് പ്രത്യക്ഷപ്പെടുകയും (manifest) ചെയ്യുന്ന യാഥാർത്ഥ്യങ്ങളായിരുന്നെങ്കിൽ, ഇസ്‌ലാമിക` ദൈവശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം അദൃശ്യം, കുൻ (ഉണ്ടാവുക) എന്ന ദൈവകൽപ്പനക്ക് മുമ്പുളള സമ്പൂർണ്ണമായ ഇല്ലായ്മയാണ് (nothingness).
ഒരു ഇസ്മാഇലീ-ശിയാ പരിസരത്ത് വെച്ചു ഇതിനെ വായിച്ചുകൊണ്ട് മാർക്സ് ദൃശ്യതയെ ‘ളാഹിർ’ (ദൃശ്യം) ആയും അദൃശ്യതയെ ‘ബാതിൻ’ (അദൃശ്യം) ആയും മനസ്സിലാക്കുന്നുണ്ട്. മറ്റൊരു വായന മാർക്സ് നടത്തുന്നത് ഇസ്‌ലാമിക സൂഫിസത്തിന്റെ (തസ്വവ്വുഫിന്റെ) മണ്ഡലത്തിനകത്താണ്. ദൈവത്തിനും സൃഷ്ടികൾക്കുമിടയിലുളള വ്യത്യാസങ്ങൾ ഇല്ലാതാകുന്ന ഒരു അവസ്ഥയാണ് ‘ഫനാ’ എന്നത്. യഥാർത്ഥത്തിൽ ദൃശ്യത്തിനും അദൃശ്യത്തിനും ഇടയിലുളള വ്യത്യാസം വിർച്വലിനെ മനസ്സിലാക്കുന്നതിലൂടെ ഇല്ലാതാവുന്നുണ്ട്, അതിനാൽ ആ മനസ്സിലാക്കുന്ന പ്രക്രിയയെ ‘ഫനാ’ എന്ന സങ്കൽപമായും മനസ്സിലാക്കാം എന്ന് മാർക്സ് പറഞ്ഞു വെക്കുന്നു. അതിന് നാം ഭൗതികമായി – ദൃശ്യതയുമായി അല്ലെങ്കിൽ ആക്ച്വലുമായി – മാത്രം ബന്ധപ്പെട്ടുകിടക്കുന്ന നമ്മുടെ ചിന്തകളിൽ നിന്ന് വ്യതിചലിച്ച് അനന്തതയുടെ മണ്ഡലത്തെ അന്വേഷിക്കുന്ന ചിന്തകളിലേക്ക് മാറേണ്ടതുണ്ട് എന്നാണ് മാർക്സ് വാദിക്കുന്നത്. ദില്യൂസിന്റെയും ഫെലിക്സ് ഗുത്താരിയുടെയും ഭാഷയിൽ പറഞ്ഞാൽ ‘ശിസോ’ അവേണ്ടതുണ്ട്. ശിസോ എന്നാൽ നിർണിതമായ എല്ലാ സാധ്യതകളെയും അതിർലംഘിച്ച് പ്രപഞ്ചത്തെ കുറിച്ച് പുതിയ രൂപത്തിൽ ഭ്രാന്തമായി ചിന്തിക്കുന്നവനാണ്. ഇത്തരം യുക്തിയുടെ അധികാര ഘടനകളെ അതിർലംഘിക്കുന്നതോടെ കലയുടെ അനന്തമായ സാങ്കൽപിക തലം (imaginal realm) നമ്മിൽ രൂപപ്പെടുന്നു.
ഇസ്‌ലാമിലും ഡിജിറ്റൽ മീഡിയയിലും അനന്തത എന്ന സങ്കൽപമുണ്ടെങ്കിലും അവ രണ്ടും വ്യത്യസ്തമാണ്. ഇസ്‌ലാമികമായ അനന്തത വസ്തുക്കളുടെ വിശേഷണപരമായ (qualitative) അനന്തതയാണെങ്കിൽ, ഡിജിറ്റൽ മീഡിയയുടെ അനന്തത തോതുമായി (quantitative) ബന്ധപ്പെട്ടതാണ്. അങ്ങിനെയാണെങ്കിൽ പോലും രണ്ട് അനന്തതയും ആരംഭിക്കുന്നത് സ്വയം സമ്പൂർണ്ണമായ ഒരു യാഥാർത്ഥ്യത്തിൽ നിന്നാണ്. ലെബനീസിന്റെ ‘മൊണാഡോളജി’ എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് മാർക്സ് ഇതിനെ മനസ്സിലാക്കുന്നത്. ലെബനീസിനെ സംബന്ധിച്ചിടത്തോളം മൊണാഡ് (monad) എന്നാൽ എല്ലാ യാഥാർത്ഥ്യങ്ങളും ആവിർഭവിക്കുന്ന സ്വയം സമ്പൂർണ്ണമായ ഒരു യാഥാർത്ഥ്യമാണ്. അതാണ് സർവ്വ യാഥാർത്ഥ്യങ്ങളുടെയും ഉറവിടം. ഇസ്‌ലാമിൽ അത് ‘അല്ലാഹ്’ എന്ന സമ്പൂർണ്ണതയും, ഡിജിറ്റൽ മീഡിയയിൽ അത് ‘സാങ്കേതിക ബിന്ദു’ (digital quark) ക്കളുമാണ് – അൽഗോരിതമിക് അറിവിന്റെ കണങ്ങൾ.
ചുരുക്കത്തിൽ ആധുനിക ഡിജിറ്റൽ മീഡിയയിൽ പ്രവർത്തിക്കുന്ന ദൃശ്യ-അദൃശ്യ, ആക്ച്വൽ-വിർച്വൽ, ബന്ധത്തിന്റെ വംശാവലി നീളുന്നത് ഒരിക്കൽ യൂറോപ്യൻ ചരിത്രത്തിൽ നിന്ന് ദൃശ്യതയെ ഉച്ഛാടനം ചെയ്യപ്പെട്ട ഇസ്‌ലാമിക ദർശനത്തിലേക്കാണ്. പക്ഷെ, അത് നിരീക്ഷക്കപ്പെടാതെ കിടക്കുന്ന ഒന്നാണ്. കാരണം, മിഷൽ ഫൂക്കോ സൈദ്ധാന്തിക്കുന്നത് പോലെ അങ്ങനെ ഒരു ബന്ധം ഇല്ലാത്തതു കൊണ്ടല്ല മറിച്ച് വിസ്മൃതിയിലൂടെയും, കൈവശപ്പെടുത്തലുകളിലൂടെയും, ദുർവ്യാഖ്യാനങ്ങളിലൂടെയും ചരിത്രത്തിന്റെ താളുകളിൽ നിന്ന് നീക്കം ചെയ്തതുകൊണ്ടാണ്. ഈയൊരർത്ഥത്തിൽ ഡിജിറ്റൽ മീഡിയയിലെ ഇസ്‌ലാമിക വംശാവലി ഒരു – ചാൾസ് ബെന്നെറ്റ് ഭാഷയിൽ – ‘ആഴ യുക്തി’ (logical depth) യാണ്. ആഴ യുക്തി എന്നാൽ ഒരു സൂത്രവാക്യം കണ്ടെത്തുമ്പോൾ അതിനുളളിൽ തിരോഭവിച്ചു പോകുന്ന കണക്കുകൂട്ടലുകളാണ്. അതായത്, ഡിജിറ്റൽ മീഡിയയിൽ ആക്ച്വലിൽ നിന്ന് വിർച്വലിലേക്കുളള മാറ്റം നടക്കുമ്പോൾ, അവിടെയുളള ആഴ യുക്തി അതിനിടയിൽ മറക്കപ്പെട്ടുപോയ ആ ബന്ധത്തിന്റെ ഇസ്‌ലാമികമായ സ്വാധീനവും, പ്രയോഗവുമാണ്. കാരണം ഒരു ചുരുൾ-അനാവരണ (enfolding-unfolding) ചരിത്ര വായനയിൽ 1492ലെ സ്പെയിനിലെ – യൂറോപ്പിലെ – ക്രിസ്ത്യാനികളുടെ ഇസ്‌ലാമിക ശുദ്ധീകരണം, ഇസ്‌ലാമിന്റെ ഭൗതികമായ ദൃശ്യതയെ മാത്രമാണ് യൂറോപ്പിൽ നിന്ന് ഇല്ലായ്മ ചെയ്തത്, എന്നാൽ ഇസ്‌ലാമിക ആശയങ്ങളെ അത് ഇല്ലായ്മകളാക്കിയിട്ടില്ല, മറിച്ച് യുറോപ് എന്ന പ്രതലത്തിനകത്ത് മറഞ്ഞു കിടക്കുന്ന ചുരുളുകളിലേക്ക് അടിച്ചമർത്തുക മാത്രമാണ് ചെയ്തത് അല്ലെങ്കിൽ അത് മാത്രമാണ് ചെയ്യാൻ സാധിച്ചത്.
സ്വയം സമ്പൂർണ്ണമായ ഒരു ബിന്ധുവിൽ നിന്നാണ് എല്ലാം ഉൽഭവിക്കുന്നത് എന്ന ലെബനീസിയൻ ആശയത്തെ അതിന് മുൻപുളള നാല് രീതിയിലുളള ഇസ്‌ലാമിക ആശയങ്ങളുമായി മാർക്സ് ബന്ധപ്പെടുത്തുന്നുണ്ട്. ഒന്ന്, മുഅതസില- ദൈവത്തിന്റെ ഏകത്വത്തെ ദൈവത്തിന്റെ വിശേഷണങ്ങളെ പോലും നിഷേധിച്ചുകൊണ്ട് സ്ഥിരപ്പെടുത്തുക; രണ്ട്, അഹ്മദ് ബിൻ ഹമ്പൽ- ‘ബിലാ കൈഫ്’ (‘എങ്ങനെ’യുടെ ഇല്ലായ്മ) എന്ന രീതിയിൽ ദൈവത്തിന് മുഖവും, ഗുണങ്ങളും അംഗീകരിക്കുകയും അതെങ്ങനെയെന്ന് അന്വേഷിക്കാതിരിക്കുകയും ചെയ്യുക; മൂന്ന്, അൽ ഫറാബി- ദൈവം സ്വന്തത്തെ കുറിച്ച് ചിന്തിക്കുന്നതിലുടെ രണ്ടാമതൊരു ആശയപരമായ ഉൺമക്ക് രൂപം നൽകുന്നു, അത് അങ്ങനെ ചിന്തിച്ച് പത്താമത്തെ ആശയ ചിന്തയായി (active intellect) രൂപപ്പെടുന്നു. അത് പ്രാപഞ്ചികവും (worldly) അതി-പ്രാപഞ്ചികവുമായ (celestial) യാഥാർത്ഥ്യങ്ങൾക്കിടയിൽ ബന്ധം നിർമ്മിക്കുന്നു; നാല്, ഇഖ്വാൻ അൽ സ്വഫാ– സർവ്വ യാഥാർത്ഥ്യങ്ങളുടെയും ഉൽഭവകേന്ദ്രം ദൈവമാണ്. മാത്രമല്ല എല്ലാ യാഥാർത്ഥ്യങ്ങളിലും ദൈവത്തിന്റെ സാന്നിദ്ധ്യം നിലനിൽക്കുന്നു. ഈ നാല് ബന്ധത്തിലും നിർണ്ണിതമായ കാര്യ-കാരണ ബന്ധത്തിന്റെ (causality) അടിസ്ഥാനത്തിലല്ല ഒരു ബിന്ധുവിൽ നിന്ന് അനന്തമായ യാഥാർത്ഥ്യങ്ങൾ രൂപപ്പെടുന്നത്, മറിച്ച് ദൈവേച്ഛ (divine will) എന്ന ഒറ്റ കരണത്തിന്റെ മേൽ മാത്രമാണ്. അതിനാൽ സമ്പൂർണ്ണ സാധ്യത (pure contingency) മാത്രമാണ്, അതെപ്പോൾ വേണമെങ്കിലും ആവാം. സുന്നി ഇസ്‌ലാമിലെ (അശ്അരി, മാതുരീദി, ത്വഹാവി ദൈവശാസ്ത്ര ധാരകൾ) ‘ഇറാദത്’ (ദൈവേച്ഛ) എന്ന സങ്കൽപത്തെ മുൻനിർത്തിയാണ് മാർക്സ് ഇത് വ്യക്തമാക്കുന്നത്.
അടുത്തതായി മാർക്സ് ഇസ്‌ലാമികചിഹ്നങ്ങളായ ഖിബ് ല, മിഹ്റാബ്, പ്രാർത്ഥനാ വിരി തുടങ്ങിയ കലാപരമായ സൃഷ്ടികൾ, ആധുനിക മാധ്യമങ്ങളുമായി എങ്ങനെയാണ് സദൃശ്യത പുലർത്തുന്നത് എന്നാണ് വ്യക്തമാക്കുന്നത്. അതിനായി ദില്യൂസിന്റെ ‘രേഖ’ (vector) എന്ന ആശയത്തെയാണ് അവർ ഉപയോഗിക്കുന്നത്. വെക്റ്റർ എന്നാൽ പരസ്പരം ബന്ധമില്ലാത്ത ഒരുപാട് യാഥാർത്ഥ്യങ്ങളെ കൂട്ടിച്ചേർക്കുന്ന ഒരു കേന്ദ്ര ബിന്ദുവിൽ നിന്ന് ആ യാഥാർത്ഥ്യങ്ങളിലേക്ക് നീളുന്ന രേഖകളാണ്. ലോകത്തിന്റെ പല ഭാഗത്തിരുന്ന് വ്യത്യസ്ത ആളുകൾ ഒരേ സമയം ഒരേ ഇന്റർനെറ്റ് സൈറ്റ് ഉപയോഗിക്കുമ്പോൾ അവർക്കിടയിൽ അവരറിയാതെ നിർമ്മിക്കപ്പെടുന്ന ഒരു സാമൂഹിക ബന്ധം പോലെ മിഹ്റാബ്, പ്രാർത്ഥനാ വിരി (മുസല്ല) മുതലായ ഇസ്‌ലാമിക ആരാധനാ സംബന്ധമായ കലാ സൃഷ്ടികൾ ഒരേ സമയത്ത് നമസ്കാരത്തിനായി ഒരുപാടാളുകളെ ഖിബ് ലയിലേക്ക് തിരിക്കുന്നതിലൂടെ ഒരു വെക്റ്റർ ബന്ധമാണ് സൃഷ്ടിക്കുന്നത്. അതിനാൽ നമസ്കാര സമയങ്ങളിൽ മുസ്‌ലിംകൾക്കിടയിൽ അവർപോലും അറിയാത്ത ഒരു അതിഭൗതിക സാമൂഹിക ബന്ധം (transcendent sociality) സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാൽ, ആധുനിക മാധ്യമങ്ങളുടെ മറ്റൊരു സവിശേഷത കൂടി മിഹ്റാബ്, പ്രാർത്ഥനാ വിരി എന്നിവ പുലർത്തുന്നുണ്ട്. അദൃശ്യ സ്വകാര്യ സ്ഥലിക (virtual private space) യാണത്. ഒരേ സമയത്ത് ഒരുപാടാളുകൾ ഒരേ ഇന്റർനെറ്റ് സൈറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഓരോ വ്യക്തിക്കും താനുപയോഗിക്കുന്ന സൈറ്റ് തന്റെ സ്വന്തം സ്വകാര്യ മണ്ഡലമാണ്. അതുപോലെ ഓരോ വ്യക്തിക്കും താൻ മുന്നിടുന്ന മിഹ്റാബും, നിൽക്കുന്ന പ്രാർത്ഥനാ വിരിയും സ്വന്തമായ ഒരു സ്വകാര്യ ഇടം ഒരുക്കിക്കൊടുക്കുന്നുണ്ട്. അതിനാൽ മാർക്സിന്റെ സങ്കൽപത്തിൽ ഇസ്‌ലാമിക കലകൾ ഒരേ സമയം സാമൂഹികമായും, വൈയക്തികമായും ഒരു ആസ്വാദകനെ രൂപപ്പെടുത്തുന്നുണ്ട്.
ആധുനിക മാധ്യമങ്ങളെ പോലെ തന്നെ ഇസ്‌ലാമിക കലയും പ്രക്രിയാത്മകമാണ്. കാരണം, രേഖകളും, ബിന്ധുക്കളും തീർക്കുന്ന അനന്തമായ സാധ്യതകളിൽ, ജനങ്ങളുടെ ഇടപെടലുകളിലൂടെയും, പരസ്പര ബന്ധങ്ങളിലൂടെയും അവ പുതിയ ക്രിയകൾക്ക് രൂപം നൽകുന്നു. ഇത്തരം ഇടപെടലുകളുടെ സാധ്യമാക്കുന്ന രണ്ട് ഘടകങ്ങളാണ് ‘അബ്സ്ട്രാക്റ്റ് ലൈനും’ ‘ഹാപ്റ്റിക് സ്പേസും’. കാരണം ചിത്രങ്ങൾക്ക് പ്രാധാന്യം നൽകാത്ത (നിയമപരമായി) ഇസ്‌ലാമിക കല ഇത്തരം രീതികളിലൂടെയാണ് കലയെ ചിത്രങ്ങൾക്ക് മുകളിൽ പ്രതിഷ്ഠിക്കുന്നത്. അറ്റവും, ജ്യാമിതീയ പരിതികളും ഇല്ലാതെ സ്വതന്ത്രമായി അലഞ്ഞു നടക്കുന്ന രേഖകളെയാണ് ദില്യൂസും, ഗുത്താരിയും അബ്സ്ട്രാക്റ്റ് ലൈൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ നിയന്ത്രണമില്ലാത്ത രേഖകൾ നമുക്ക് അനുഭവിക്കാൻ കഴിയുന്ന സൗന്ദര്യത്തിന്റെ പരിതിക്കും പരമാർത്ഥത്തിന്റെ അനിയന്ത്രിതമായ സൗന്ദര്യത്തിനും ഇടയിൽ ഒരു ബന്ധം സൃഷ്ടിക്കുന്നു. എന്നാൽ, ജ്യാമിതീയ രൂപങ്ങൾക്ക് കീഴ്പ്പെടാതെ തുടക്കവും, ഒടുക്കവും, അതിരുകളും മായ്ച്ചു കളയുന്ന കണ്ണുകൾക്ക് ഒഴുകി നടക്കുന്ന ഒരു സ്പർശന സുഖം നൽകുന്ന കലയുടെ സ്വഭാവമാണ് ‘ഹാപ്റ്റിക് സ്പേസ്’. ഇത് അകന്ന് നിൽക്കുന്ന ഒരു വസ്തു എന്നതിൽ നിന്ന് മാറി കലയെ ആനുഭവിക്കുന്നയാളുടെ ഒരു ശാരീരികാനുഭവമാക്കി (embodiment) മാറ്റുന്നു. ഒമ്പതാം നൂറ്റാണ്ടിലെ മിസ്റിലെയും, സമാറയിലെയും ബെവെൽ രീതിയിലുളള വസ്തുശിൽപ രീതികൾ ഇതിനുദാഹരണമായി മാർക്സ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
അനുഭവിക്കുന്ന ആളുടെ ശരീരം ഇസ്‌ലാമിക കലയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ക്രിസ്ത്യൻ, ഗ്രീക്ക്, റോമൻ, ഹൈന്ദവ കലകളിൽ നിന്ന് വ്യത്യസ്തമാണിത്. ഈയൊരർത്ഥത്തിൽ ഇസ്‌ലാമിക കലാദർശനം ശരീരത്തെ മനുഷ്യ സന്തോഷത്തിന്റെ പ്രധാന ഘടകമായി കാണുന്ന ഒരു അരിസ്റ്റോട്ടിലിയൻ വീക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, യാഥാർത്ഥ്യം എന്നതിനേക്കാൾ സങ്കൽപ്പത്തിനാണ് (idea/concept) ഇസ്‌ലാമിക കല പ്രാധാന്യം നൽകിയത്. കാരണം, ഇബ്നു അറബിയും, ഇബ്നു സീനയുമെല്ലാം പ്രാധാന്യം കൽപ്പിച്ചത് പോലെ അനന്തതയെ ഉൾക്കൊളളാൻ സാങ്കൽപ്പിക ലോകത്തിന് മാത്രമേ സാധിക്കൂ. ഈയൊരർത്ഥത്തിൽ ഇസ്‌ലാമിക കലക്ക് പ്രതിനിധീകരണങ്ങളില്ലാതെ തന്നെ അനുഭവിക്കുന്ന ആളുടെ ശാരീരിക വ്യതിയാന നിർമ്മിതിയിലൂടെ പ്രതിനിധീകരണ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കും. അതിനാൽ ദൈവികതയിൽ നിന്നുയർന്നു വരുന്ന ഇസ്‌ലാമിക കലക്ക് ദൈവത്തിന്റെ ചിത്രം ഇല്ലാതെ തന്നെ ദൈവസാമീപ്യം സൃഷ്ടിക്കാൻ സാധിക്കും.
Enfoldment and Infinity An Islamic Genealogy of New Media Art
By Laura U. Marks
First Published In 2010
Featured Image: Reza Payandeh
Location: Kashan, Iran
Comments are closed.