ലോകമെമ്പാടുമുള്ള വ്യത്യസ്ത സംഗീത ശാഖകൾ അവയുടെ തനതായ സ്വത്വം രൂപപ്പെടുത്തുന്നത് നൈസർഗിഗകമായ താള-സൗന്ദര്യാധിഷ്ഠിതമായാണോ? അതോ അവയെ നിർമിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന ജനതയുടെ സാമൂഹിക വൈകാരിക പ്രതിഫലനങ്ങളാണോ ഈ വൈവിധ്യങ്ങളുടെ അടിസ്ഥാനം? സംഗീത സാംസ്കാരങ്ങളുടെ വൈവിധ്യങ്ങളെ പറ്റിയുള്ള ഇത്തരം ആലോചനകളാണ് അവയിൽ അന്തർലീനമായ വികാരങ്ങളെ കുറിച്ചുള്ള ചർചകൾക്ക് വഴി ഒരുക്കുന്നത്. സംഗീത-വികാരങ്ങളെ കുറിച്ചുള്ള ഇത്തരം ആലോചനകൾ പ്രധാനമായും മുന്നോട്ട് വെക്കുന്നത് രണ്ട് മറുചോദ്യങ്ങളാണ്. വിവിധ സംഗീത ശാഖകളുടെ സ്വരങ്ങളിലും (tone) താളക്രമങ്ങളിലും (rhythm) അടങ്ങിയിരിക്കുന്ന വൈകാരിക അർഥങ്ങൾ സാംസ്കാരിക ഭേദമന്യേ മനുഷ്യരെല്ലാവർക്കും ഒരുപോലെ ഗ്രഹിക്കാൻ സാധിക്കുന്നതാണോ? അതോ, ഈ അപഗ്രഥന പാടവം അതിലെ ഉള്ളടക്കങ്ങളുമായോ (sung-text) സംസ്കാരിക ചുറ്റുവട്ടവുമായോ ബന്ധപ്പെട്ടതാണോ? ഇത്തരം ചോദ്യങ്ങളെ മുൻനിർത്തി ദക്ഷിണ, മധ്യേഷ്യൻ മുസ്ലിം സമൂഹങ്ങളിൽ കാണപ്പെടുന്ന സംഗീത ശാഖകളിലെ വൈകാരിക പ്രകടനപരതയെ പുനരാലോചിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
സംഗീതങ്ങളുടെ പ്രകടനപരത (musical expressiveness), വൈകാരികാവസ്ഥകൾ (emotional states), സാമ്പ്രദായിക അർഥങ്ങൾ (conventional meanings) എന്നിങ്ങനെയുള്ള മൂന്ന് ആശയ തലങ്ങളിലൂടെയാണ് പ്രധാനമായും ഈ പഠനം പുരോഗമിക്കുന്നത്. ഇതുവഴി സംഗീത ഘടകങ്ങളിൽ അടങ്ങിയ വൈകാരിക ആദർശ രൂപങ്ങളെയും അവയെ ആവിഷ്കരിക്കുന്ന ദക്ഷിണ-മധ്യേഷ്യൻ പ്രായോഗിക ഉദാഹരണങ്ങളെയും വ്യക്തമാക്കാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മറ്റൊരാളുടെ ആന്തരികലോകത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ നേരിടുന്ന രീതിശാസ്ത്ര പരിമിതികളാണ് സംഗീത പ്രകടനങ്ങളിലെ വികാരങ്ങളെ അന്വേഷിക്കുമ്പോൾ നാം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ട്, പെരുമാറ്റങ്ങളുടെ മൂർതമായ രൂപങ്ങളും പ്രാദേശികവാസികൾ അവയ്ക്ക് നൽകുന്ന വ്യാഖ്യാനങ്ങളും മുൻനിർതിയുള്ള നരവംശശാസ്ത്ര ഗവേഷണ രീതികളെയാണ് ഈ ലേഖനം അവലംബിക്കുന്നത്. വികാരങ്ങളെ സൂചിപ്പിക്കുന്ന വാചകങ്ങളിലും അവ വിനിമയം ചെയുന്ന രീതികളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിവിധ സംസ്കാരങ്ങളിലെ മനുഷ്യർ വികാരങ്ങളെ സ്വയവും പരസ്പരവും എങ്ങനെയാണ് അടയാളപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. അതിലൂടെ വിവിധ സംഗീത ശാഖകളിലും സംഗീതാനുഷ്ഠാന പെരുമാറ്റരീതികളിലും അടങ്ങിയിരിക്കുന്ന വികാരങ്ങളെ കുറിച്ചുള്ള ഗവേഷണ പദ്ധതികൾക്ക് വിപുലമായ പുതു വാതായനം തുറന്നിടാനാകുമെന്നാണ് പ്രതീക്ഷ.
സംഗീത പ്രകടനപരത
ഒരു സംഗീതാശയം എങ്ങനെയാണ് അതാത് സാമൂഹിക ചുറ്റുവട്ടങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നത് എന്ന് വിലയിരുത്തിയും, താളക്രമങ്ങൾ (tempo), മെലഡികൾ (melody) രാഗങ്ങൾ (ragas) തുടങ്ങിയ ഘടകങ്ങൾക്ക് എങ്ങനെയാണ് അത്തരം സമൂഹങ്ങൾ വൈകാരിക മാനങ്ങൾ കല്പിക്കുന്നത് എന്ന് ആധാരമാക്കിയും നമുക്ക് പ്രകടനപരതയെ വിവരിക്കാം. ഉദാഹരണമായി ബെഗാഡ (begada) എന്ന ദക്ഷിണേന്ത്യൻ രാഗം ശ്രോതാവിൽ വീര്യം, ധൈര്യം പോലുള്ള വികാരാനുഭൂതി ഉണർത്തുന്നു. ഇന്ത്യൻ കാവ്യമീമാംസയിൽ ഈ പ്രക്രിയയെ രസം (rasa) എന്നാണ് വിളിക്കുന്നത്. വികാരം എന്നല്ല മറിച്ച് സത്ത/സത്ത് (essence/juice) എന്നാണ് കാവ്യതത്വത്തിൽ രസം എന്ന പദത്തിന്റെ അർഥം. ഒരു രാഗം ശ്രവിക്കുമ്പോൾ തന്നിൽ വീര്യമോ ധീരതയോ ഉടലെടുക്കുന്നുണ്ടോ എന്ന് ശ്രോദ്ധാവിന് ആത്മ പരിശോധന നടത്താൻ പൊതുവെ കഴിയാറുണ്ട്. എങ്കിലും, വിവിധ താളലയങ്ങൾ തുടർശ്രേണികളിലേക്ക് നീങ്ങുമ്പോൾ, നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന സ്വരങ്ങൾ എങ്ങനെയാണ് ഒരു പ്രത്യേക വൈകാരിക യാത്രയിലേക്ക് തന്നെ നയിക്കുന്നത് എന്ന് വാക്കുകളാൽ വിവരിക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥകളും ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിലെ സംഗീത-വികാരങ്ങളെ വിവരിക്കാൻ വേണ്ടി ഗുണങ്ങൾ vs തീവ്രതകൾ (Qualities vs Intensities), ആത്മാർഥത (Sincerity) എന്നിങ്ങനെയുള്ള രണ്ട് ഉപതലങ്ങളെ കൂടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്.
ഗുണങ്ങളും തീവ്രതകളും (Qualities vs Intensities)
പൊതുവിൽ രണ്ടു രീതിയിലാണ് നമ്മൾ വികാരങ്ങളെ അടയാളപ്പെടുത്താറുള്ളത്. സംഗീത ശ്രവണം നൽകിയ അനുഭൂതിയുടെ ഗുണങ്ങളെ സ്പഷട്മായി നിർവചിക്കുന്നതാണ് ഒരു രീതി. അഥവാ, “ആ ഗാനം എന്നിൽ ദുഃഖം ഉണ്ടാക്കി”, “ഈ ട്രാക്ക് എന്നിൽ ഉന്മേഷം പകരുന്നു” എന്നിങ്ങനെ വികാരങ്ങളെ നേരിട്ട് രേഖപെടുത്തുമ്പോൾ അവയുടെ ഗുണങ്ങൾക്കാണ് നമ്മൾ പ്രാധന്യം നൽകുന്നത്. അനുഭൂതിയുടെ തീവ്രതയിൽ ഊന്നി വികാരത്തെ അടയാളപ്പെടുത്തുന്നതാണ് മറ്റൊരു രീതി. “യേശുദാസിന്റെ ശബ്ദം എന്നെ വളരെ വികാരാധീനനാക്കി” എന്ന് പറയുമ്പോൾ അത്തരത്തിൽ തീവ്രതയെ ഊന്നി വികാരത്തെ അടയാളപ്പെടുത്തുകയാണ് നമ്മൾ ചെയ്യുന്നത്. സംഗീതവുമായി ബന്ധപ്പെടുത്തുമ്പോൾ സന്തോഷം, ഉത്സാഹം, ദുഃഖം, വിഷാദം തുടങ്ങിയ അനുഭൂതികളുടെ ഗുണങ്ങളെ നിർവചിക്കുന്നതിനേക്കാൾ അത്തരം വികാരങ്ങൾ നൽകുന്ന തീവ്രതയിൽ ഊന്നിയുള്ള വിവരണങ്ങൾ താരതമ്യേന എളുപ്പമാണ്. എന്നിരുന്നാലും അനുഭൂതിയുടെ സമ്പന്നമായ ഗുണാത്മക മാനങ്ങളെ സൂചിപ്പിക്കുന്ന സംഗീതത്തിന്റെ ഒഴുക്കൻ സ്വഭാവത്തെ നിർവചിക്കാൻ ഏത് ഭാഷയിലെ വാക്കുകൾക്കും പലപ്പോഴും പരിമിതികൾ ഏറെയാണ്.
ആത്മാർഥത (Sincerity)
ഫലപ്രദമായൊരു സംഗീതപ്രകടനം ശ്രോതാവിന്റെയും കലാകാരന്റെയും ആന്തരിക ചലനങ്ങളിലുണ്ടാക്കുന്ന സ്വാധീനത്തെയാണ് ആത്മാർഥത (sincerity) എന്ന ആശയത്തിലൂടെ ഞാൻ വിവരിക്കാൻ ശ്രമിക്കുന്നത്. ശ്രോതാക്കളുടെ ഹൃദയങ്ങളെ സ്പർശിക്കാൻ ഒരു കലാകാരൻ സിദ്ധിക്കേണ്ട കഴിവ് എന്താണ്? കേവല സാങ്കേതിക പരിജ്ഞാനം കൊണ്ട് മാത്രം ഇത് നേടിയെടുക്കാൻ കഴിയില്ല എന്ന് പലരും വാദിക്കുന്നു. തീർച്ചയായും കലാനൈപുണ്യം (skill) പ്രധാനപ്പെട്ട ഒരു ഘടകമാണ്. പക്ഷേ, അത് പലപ്പോഴും ഉപരിപ്ലവമാണ്. ഉദാഹരണത്തിന് “ബ്ലൂസ് പാടാൻ നീ വലിയ വില കൊടുക്കേണ്ടി വരും, വലിയ വില” എന്ന് അമേരിക്കകാർകിടയിൽ ഒരു ചൊല്ലുണ്ട്, അഥവാ ആഫ്രോ-അമേരിക്കൻ സംഗീത ശാഖയായ ബ്ലൂസ് ഫലപ്രദമായി പാടണമെങ്കിൽ ജീവിതഗന്ധിയുടെ യഥാർഥ കയ്പ്പും കഷ്ടതകളും നിങ്ങൾ അനുഭവിച്ചിരിക്കണം. അത്തരം ജീവിതാനുഭവങ്ങൾ ഇല്ലാത്തവർക്ക് ബ്ലൂസിൽ അടങ്ങിയിക്കുന്ന വൈകാരിക തലങ്ങളെ ഉൾക്കൊള്ളാൻ സാധിക്കില്ല എന്നും അതുകൊണ്ട് അവർക്കത് ഫലപ്രദമായി ആലപിക്കാൻ സാധിക്കില്ല എന്നുമാണ് ആഫ്രോ-അമേരിക്കൻ ജനതയുടെ കാഴ്ചപ്പാട്.
താജികിസ്താനിലെ നാടോടി സംഗീതമായ ബുൽബുലിക്കിനെകുറിച്ചും (Bulbulik) സമാനമായ അഭിപ്രായം നിലനിൽക്കുന്നുണ്ട്. വാഖി (Wakhi) ഭാഷയിൽ രചിക്കുന്നതും മൂന്നു വരികളടങ്ങുന്നതുമായ കവിതാ ശകലങ്ങളാണ് ബുൽബുലിക്. തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും, മരിച്ചുപോയ അല്ലെങ്കിൽ വിദൂരത്ത് വസിക്കുന്ന പ്രിയപ്പെട്ടവരെ കുറിച്ചുള്ള ചിന്തകളും ഓർമകളുമാണ് താജികി സ്ത്രീകൾ ബുൽബുലിക്കിലൂടെ ആവിഷ്കരിക്കുന്നത്. പ്രമേയാടിസ്ഥാനത്തിൽ അഫ്ഗാൻ ഫലക്കിനോടും (falak), ഇറാനിയൻ ഗരിബിയോടും (garibi), ബലൂചി സഹിറോക്കിനോടും (sahirok) ബുൽബലിക്കിനെ താരതമ്യം ചെയ്യാമെങ്കിലും, കാവ്യരൂപം, ഉച്ചാരണം, പ്രകടനം പോലുള്ള സൗന്ദര്യശാസ്ത്ര മൂല്യങ്ങൾ കൊണ്ട് ബുൽബുലിക് വ്യത്യസ്തമാണ്. ലിംഗഭേദമില്ലാതെ ആർക്കും പാടാമെങ്കിലും തങ്ങളുടെ അനുഭവങ്ങളെ സാക്ഷ്യമാക്കിയുള്ള സ്ത്രീകളുടെ രചനകളിലൂടെയും ആലാപനങ്ങളിലൂടെയുമാണ് സത്ത ചോരാതെ ബുൽബുലിക്ക് തലമുറകളിലേക്ക് കൈമാറ്റപ്പെടുന്നത്. ചെറുപ്പക്കാരികളായ പെൺകുട്ടികൾക്ക് ഉമ്മമാരുടെയും ഉമ്മാമ്മമാരുടെയും അവതരണശൈലികൾ അനുകരിക്കാം. പ്രധാനപ്പെട്ട രചനകളും, ഈണങ്ങളും സ്വായത്തമാക്കാം. പക്ഷേ, വ്യക്തിപരമോ ഗൗരവമേറിയതോ ആയ നഷ്ടങ്ങളുടെ അനുഭവ സമ്പത്തുണ്ടെങ്കിൽ മാത്രമാണ് ഈ പാരമ്പര്യത്തിന്റെ പൂർണ വാഹകരാവാൻ അവർക്ക് കഴിയുകയുള്ളു.
ഇത്തരത്തിലുള്ള സംഗീതാശയാടിത്തറയിലാണ് സംഗീതത്തിന്റെ പ്രകടനപരതയെയും കലാകാരന്റെ തീക്ഷ്ണാനുഭവ സഞ്ചയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആത്മാർഥ എന്ന ആശയം ഉടലെടുക്കുന്നത്. അവ പ്രതികൂലവും അനൂകൂലവുമായ വിരുദ്ധ സാഹചര്യങ്ങളിൽ എങ്ങനെ പ്രവർതിക്കുന്നു എന്ന് പരിശോധിക്കാം. ലോകത്തിന്റെ പലഭാഗങ്ങളിലെന്നപോലെ ദക്ഷിണേന്ത്യയിലും മരണാനന്തര ചടങ്ങുകൾക്ക് പ്രൊഫഷണൽ വിലാപഗായകരെ നിയമിക്കാറുണ്ട്. വേതനാടിസ്ഥാനത്തിൽ പ്രവർതിക്കുന്നവരാണവരെന്ന് എല്ലാവർക്കും അറിയാമെന്നിരിക്കെത്തന്നെ അവർ നിർമിക്കുന്ന വിലാപ ഈണങ്ങൾ മറ്റുള്ളവരെ കരയിക്കുന്നതിനുള്ള ഉത്പ്രേരകമായി (catalyst) പ്രവർതിക്കുകയും അതുവഴി ശോകാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
പാകിസ്താനിലെ ദർഗകളിൽ, നൃത്തം ചെയ്യുന്ന സൂഫികളായ ധമാലികളെ (dhamalis) ഭക്തിസാന്ദ്രമായ മസ്തി (masti) എന്ന ബോധാവസ്ഥയിലേക്ക് എത്തിക്കാൻ പ്രൊഫഷണൽ കൊട്ടുകാരെ (drummers) വേതനാടിസ്ഥാനത്തിൽ നിയമിക്കാറുണ്ട്. മസ്തിയിൽ പ്രവേശിക്കുന്നത് വഴി ദർഗയിൽ അന്തിയുറങ്ങുന്ന സൂഫിവര്യന്റെ ആത്മാവുമായും, അതിലൂടെ അലി(റ)യുമായും, പ്രവാചകനുമായും, സ്രഷ്ടാവുമായും ധമാലികൾ ഐക്യം പ്രാപിക്കുന്നു. ഇത്തരം ദഫ് കൊട്ടുകാർ വേതനാടിസ്ഥാനത്തിലാണ് നിയമിക്കപ്പെടുന്നത് എങ്കിലും അവർ സ്വയം തന്നെ സൂഫി ചര്യകൾ പിൻപറ്റുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ദഫ് കൊട്ടുന്നതിനിടയിൽ സ്വയം മസ്തിൽ ഏർപെടാതിരിക്കാനും തങ്ങളുടെ ധമാലികളെ സഹായിക്കാനും അവർ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.
കലാകാരന്റെയും ശ്രോതാവിന്റെയും വികാരാവസ്ഥകൾ (Emotional states)
കലാകാരനും ശ്രോതാവും പാലിക്കുവാൻ വേണ്ടി ദക്ഷിണേഷ്യൻ മുസ്ലിം സമൂഹങ്ങളിലെ സംഗീത ശാഖകൾ മുന്നോട്ട് വെക്കുന്ന ധാർമിക മൂല്യങ്ങളെയും (ethical positions) കടമകളെയും (responsibilities) അവയിൽ അടങ്ങിയിട്ടുള്ള സന്ദേശപ്രസരണങ്ങളേയും (Transmission of a message) അടിസ്ഥാനമാക്കിയാണ് സംഗീത പ്രകടനങ്ങളിലെ വൈകാരികാവസ്ഥകളെ ഇവിടെ വിവരിക്കാൻ ശ്രമിക്കുന്നത്.
ശ്രോതാവിന്റെ ധാർമികത
പതിനൊന്നാം നൂറ്റാണ്ടിൽ ഖുറാസാനിൽ ജീവിച്ചിരുന്ന പ്രബല തത്വചിന്തകനും പണ്ഡിതനയുമായിരുന്ന അബു ഹാമിദ് അൽ ഗസ്സാലി, ഇഹ്യാ ഉലൂമുദ്ദീൻ എന്ന തന്റെ ഗ്രന്ഥത്തിൽ ശ്രോതാവിന്റെ ധാർമിക തലങ്ങളെ വിവരിച്ചുകൊണ്ട് ആത്മീയ മൂല്യങ്ങൾ അടങ്ങുന്ന സംഗീതത്തിന്റെ ഉപയോഗത്തെ സമർഥിക്കുകയുണ്ടായി. ദൈവത്തിന്റെ പ്രിയപെട്ടവനായ വലിയ്യ് ദൈവചിന്തയിൽ മുഴുകുമ്പോൾ അനുഭവിക്കുന്ന വജ്ദ് എന്ന ആനന്താത്മക ഭ്രാന്താവസ്ഥയെ (ecstasy-rapture) ഗസ്സാലി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. വജ്ദിൽ പ്രവേശിക്കുമ്പോൾ ഒരു വലിയ്യിന് സർവ കാഴ്ചകളും ശബ്ദങ്ങളും തന്റെ സ്രഷ്ടാവിനെ കുറിച്ചുള്ള ഓർമകളായി മാറുന്നു. എങ്ങനെയാണ് വജ്ദിലേക്ക് പ്രവേശിക്കുന്നത്? ഗസ്സാലിയുടെ അഭിപ്രായത്തിൽ “ശ്രവണേന്ദ്രിയം, അഥവാ കേൾവി, മറ്റെല്ലാത്തിനെക്കാളും മുന്നിട്ട് നിൽക്കുന്നു: ഫലത്തിൽ, ഭക്തി സാന്ദ്രമായ ഉന്മാദത്തെ (ecstasy) അത് ഹൃദയത്തിലേക്ക് പ്രസരിപ്പിക്കുന്നു: ശരീരത്തിലൊന്നാകെ ഈ ഉന്മാദം ഒരു ഫലമായി വർഷിക്കുന്നു.”
ഇഹ്യാ ഉലൂമുദ്ദീൻ എന്ന ഗ്രന്ഥത്തിലൂടെ ഗസ്സാലി മുന്നോട്ട് വച്ച പല ആശയങ്ങൾക്കും മതപണ്ഡിതരുടെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. സംഗീതത്തിന്റെ ആസ്വാദനമൂല്യം ഒന്ന് കൊണ്ട് മാത്രം അതിനെ വിലക്കാൻ കഴിയില്ല എന്നും, അങ്ങനെയെങ്കിൽ മറ്റു പല ആസ്വാദനോദ്ധീപന വസ്തുക്കളെയും നിഷിദ്ധമാക്കേണ്ടി വന്നേനെ എന്നുമാണ് ഗസ്സാലി വാദിച്ചത്. പ്രവർതികളെ നിഷിദ്ധവും അനുവദനീയവുമാക്കി വേർതിരിക്കുന്ന, ഹിമ എന്ന അതിർതിരേഖയെകുറിച്ച് വിവരിക്കുകയും, പലപ്പോഴും സംഗീതം പോലുള്ള പ്രവർതികൾ നിഷിദ്ധമായി കണക്കാക്കപ്പെടുന്നത് അവ ലോലമനസ്കരെ ഈ രേഖ കടന്ന് ഹറാമിന്റെ പാതയിലേക്ക് തള്ളിവിടുന്നതു കൊണ്ടാണെന്നും അദ്ദേഹം വാദിക്കുന്നു. ഹറാമിലൂടെ മാത്രം പൂർണാർഥത്തിൽ സാക്ഷാത്കരിക്കപെടുന്ന ആനന്ദങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് അദ്ദേഹം ഈ വിഷയങ്ങളെ വിവരിച്ചത്. അല്പം വീഞ്ഞ് കുടിക്കുന്നതിന്റെ ആനന്ദം ഒരു മനുഷ്യനെ മദ്യപാനത്തിലേക്ക് ആകർഷിക്കുന്നു. സംഗീത തലങ്ങളെ ഹിമയിൽ നിന്ന് ഹറാമിലേക്ക് നയിക്കാതിരിക്കുക എന്നത് ശ്രോതാക്കളുടെ സ്വന്തം ഉത്തരവാദിത്വമാണ് എന്നും അദ്ദേഹം വാദിക്കുന്നു.
“ഒരാളുടെ ഹൃദയത്തിൽ അതുവരെ ഇല്ലാതിരുന്ന ഒന്നിനെയും സംഗീതവും, ആലാപനവും ഉണ്ടാക്കുന്നില്ല; മറിച്ച് അവിടെ ആദ്യമേ ഉള്ളതിനെ ഇളക്കിമറിക്കുകയാണ് സംഗീതം ചെയ്യുന്നത്” എന്ന് അബു സുലൈമാനെ ഉദ്ധരിച്ചു കൊണ്ട് ഗസ്സാലി വിവരിക്കുന്നു. ഒരു വ്യക്തിയുടെ സാഹചര്യങ്ങളെയും അയാൾ പിന്തുടരുന്ന ത്വരീഖത്തിനെയും (സൂഫീപാത) ആശ്രയിച്ചാണ് സംഗീതത്തിന്റെ അനുവദനീയത കൽപ്പിക്കാൻ കഴിയുകയുള്ളു എന്നാണ് ഗസ്സാലി ഉപസംഹരിക്കുന്നത്. ദഫ് എന്ന, താളവാദ്യത്തോടൊപ്പം ഉപയോഗിപ്പെടുന്ന അനുവദനീയമായ സംഗീത സൃഷ്ടികളെ കുറിച്ചാണ് ഗസ്സാലി കൂടുതലും എഴുതിയിട്ടുള്ളത്. സമാനമായി കൈറോയിലെ ടേപ്പ് പ്രസംഗങ്ങൾ ശ്രോതാക്കളിൽ നടത്തുന്ന ധാർമിക സ്വാധീനത്തെ കുറിച്ചുള്ള ചാൾസ് ഹിഷ്കിന്തിന്റെ നരവംശഗവേഷണം ശ്രവണതയുടെ ധാർമികത എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ മറ്റു പല ഗവേഷകർക്കും ഈ അടുത്ത കാലത്ത് പ്രേരരണയായി മാറിയിട്ടുണ്ട്.
കലാകാരന്റെ കടമകൾ
ഖുർആൻ പാരായണത്തിനേക്കാൾ കവിതാലാപനങ്ങളിലൂടെ പലരും ആത്മീയോന്മാദത്തിലേക്ക് (ecstasy) എത്തിപ്പെടുന്നത് എന്തുകൊണ്ടാണന്ന് ഏഴ് കാരണങ്ങൾ വിവരിച്ചുകൊണ്ട് ഗസ്സാലി പങ്കുവെക്കുന്നു.
- 1- ഖുർആനിലെ എല്ലാ വചനങ്ങളുടെയും വ്യാപ്തിയെ ഉൾകൊള്ളാൻ ഒരു മനുഷ്യന്റെ സാമാന്യ ബോധ തലങ്ങൾക്ക് എപ്പോഴും കഴിഞ്ഞെന്ന് വരില്ല; അതുകൊണ്ട് തന്നെ ദൈവ സന്ദേശം പൂർണാർഥത്തിൽ ഉൾകൊള്ളാൻ അയാൾക്ക് കഴിയാതെ വന്നേക്കാം.
- 2- ഖുർആൻ മനഃപാഠമാക്കിയവരെ കവിതകളിലെ പുതുമ കൂടുതൽ സ്വാധീനിച്ചേക്കാം.
- 3- കാവ്യാലാപനത്തിനായി ഉപയോഗിക്കുന്ന ഛന്ദസ്സൊത്ത ഭാഷാപ്രയോഗങ്ങൾക്ക് ശ്രോതാക്കളുടെ ഉള്ളുലക്കാനുള്ള കഴിവുണ്ട്. ഛന്ദസ്സുള്ള ഭാഗങ്ങൾ ഉണ്ടെങ്കിലും ഖുർആൻ പൂർണമായി അങ്ങനെയല്ല.
- 4- കവിതകളിൽ വിവിധ രാഗങ്ങളെ അടിസ്ഥാനമാക്കി വരികളുടെ വ്യാപ്തിയിൽ ഗായകർക്ക് ഏറ്റകുറച്ചിലുകൾ നടത്താം. പക്ഷെ ഖുർആൻ ഒരു തരത്തിലുമുള്ള മാറ്റങ്ങൾക്കും വിധേയമല്ല.
- 5- സംഗീതജ്ഞർക്ക് വാദ്യോപകരണങ്ങളുടെ സഹായത്തോടെ കവിതകളുടെ ലയം തിട്ടപ്പെടുത്താം.
- 6- ഒരു ഗായകന് ശ്രോതാക്കളുടെ മാനസികാവസ്ഥകളെ വിലയിരുത്തി അനുയോജ്യമായ ഗാനം തിരഞ്ഞെടുക്കാനാകും. ഇത് ഖുർആൻ പാരായണത്തിന് അനുയോജ്യമായ രീതിയല്ല. രോഗാനുസൃതമായി നൽകുന്ന മരുന്നിനെ പോലെയാണ് ഗസ്സാലി ഇതിനെ ഉദാഹരിക്കുന്നത്. ഖുർആൻ ശ്രവണം സന്ദർഭോചിതമല്ലാതെ വന്നാൽ ഈ മരുന്ന് ഫലപ്രദമല്ലാതെ വന്നേക്കാം.
- 7- സ്രഷ്ടാവിന്റെ നിത്യവചനമാണ് ഖുർആൻ, അവന്റെ സൃഷ്ടികളായ മനുഷ്യരുടെ ബോധമണ്ഡലങ്ങൾക്ക് പൂർണാർഥത്തിൽ അതുൾകൊള്ളാൻ പ്രയാസങ്ങൾ ഏറെയാണ്. കവിതകൾ മാനവസൃഷ്ടിയും കൂടുതൽ മാനുഷികവുമാണ്; അതുകൊണ്ട് തന്നെ മനുഷ്യന്റെ മോഹ-മണ്ഡലങ്ങളിൽ പ്രധിധ്വനിക്കാൻ അവക്ക് കൂടുതൽ എളുപ്പമാണെന്ന് ഗസ്സാലി വിലയിരുത്തുന്നു.
ശ്രോദ്ധാക്കളും കലാകാരന്മാരും തമ്മിൽ എങ്ങനെയാണ് വൈകാരികമായ കൊടുക്കൽവാങ്ങലുകളും, പങ്കിടലുകളും, വിനിമയങ്ങളും നടത്തുന്നത് എന്നാലോചിക്കുന്നിടത്ത് അൽ-ഗസ്സാലിയുടെ ആശയങ്ങൾക്ക് സാർവത്രികമായ പ്രാധാന്യമുണ്ട്; പ്രത്യേകിച്ച് ഇന്ത്യയിലെയും പാകിസ്താനിലെയും ഖവ്വാലികളുടെ (qawwali) വൈകാരിക പരിസരങ്ങളെ മനസ്സിലാക്കാൻ. ഹാർമോണിയം, തബല, കയ്യടി എന്നിവയുടെ അകമ്പടിയിൽ പേർഷ്യൻ, അറബി, ഉറുദു, പഞ്ചാബി, ബ്രാജ് തുടങ്ങിയ ഭാഷകളിലാണ് ഖവ്വാലികൾ ആലപിക്കപ്പെടുന്നത്. വ്യാഴാഴ്ച്ച ദിവസങ്ങളിൽ നടക്കുന്ന ഖവ്വാലി സംഗമങ്ങളിലോ അല്ലെങ്കിൽ സൂഫീവര്യന്മാരുടെ ആണ്ടുനേർചകളിലോ (urs) ഒക്കെയാണ് ഇത്തരം ഖവ്വാലി പ്രകടനങ്ങൾ ദർഗകളിൽ പൊതുവെ അരങ്ങേറുന്നത്. ശ്രോതാക്കളിൽ ആനന്ദാത്മകമായ ഭ്രാന്താവസ്ഥ (ecstasy) ഉണ്ടാക്കാൻ അനുയോജ്യമായ വരികളും, രാഗങ്ങളും, തിരഞ്ഞെടുക്കുക എന്നത് ഖവ്വാൽ (qawwal) അഥവാ ഗായകന്റെ കടമയാണ്.
തങ്ങളുടെ സംഗീതം ശ്രോതാക്കളിൽ ചെലുത്തുന്ന ചലനങ്ങളെ ഗായകർ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. ശ്രോതാക്കൾ അനുഭവിക്കുന്ന ആത്മീയ ഉണർവിനെ (hal) നിയന്ത്രിക്കുകയെന്നത് ഖവ്വാലി സംഘത്തിന്റെ ഉത്തരവാദിത്വമാണ്; ആനന്ദാത്മകമായ ഭ്രാന്താവസ്ഥയിലൂടെ എത്തിപ്പെടുന്ന ആത്മീയ ഉണർവിനെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കുകയും തിരിച്ച് അയാളെ സാമാന്യ ബോധതലത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണത്.
സന്ദേശത്തിന്റെ പ്രസരണം (transmission of a message).
9-10 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മധ്യേഷ്യൻ തത്വചിന്തകനും, വിജ്ഞാനിയും, സംഗീതജ്ഞനുമായിരുന്ന അൽ-ഫാറാബി സംഗീതവും കാവ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗഹനമായി പഠിക്കുകയുണ്ടായി. മനുഷ്യ ശബ്ദങ്ങളുടെ പ്രകടന സാധ്യതകൾ ഉൾക്കൊള്ളുന്നതാണ് ഹ്യൂമൻ മെലഡി അഥവാ മാനുഷിക സ്വരം എന്ന് അൽ ഫാറാബി വാദിക്കുന്നു. പ്രകടനം മുന്നോട്ട് വെക്കുന്ന ആശയങ്ങളുയമായി ചേർന്ന് പോകാത്ത സാഹചര്യങ്ങളിൽ പോലും ആ ആശയത്തിലേക്ക് ശ്രോതാവിന്റെ ശ്രദ്ധ ആകർഷിക്കുന്നതിൽ സ്വരമാധുര്യം പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്ന് ഫാറാബി വിവരിക്കുന്നു. ഉള്ളടക്കമാണ് (poetic discourse) സംഗീതത്തിന് അർഥം നൽകുന്നത് എന്നും, ഉള്ളടക്കമോ, ടെക്സ്റ്റോ ഇല്ലാതെ സൃഷ്ടിക്കപ്പെട്ട സംഗീതം അർഥശൂന്യമാണ് എന്നും അദ്ദേഹം വാദിച്ചു.
അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും ആശയങ്ങളെ കടമെടുത്ത് അദ്ദേഹം വികസിപ്പിച്ചെടുത്ത മറ്റൊരു സിദ്ധാന്തമാണ് പരമമായ ആനന്ദം (ultimate happiness). സ്വരമാധുര്യത്തോടെ അവതരിപ്പിക്കുന്ന കാവ്യങ്ങളുടെ ഉള്ളടക്കങ്ങൾ ശ്രോതാവിന്റെ നൈതിക മൂല്യങ്ങളെയും മനോഭാവത്തെയും ഉത്തേജിപ്പിക്കുകയും അതുവഴി അവരെ പരമാനന്ദത്തിലേക്കെത്തിക്കുകയും ചെയ്യും. ഇവിടെ അദ്ദേഹത്തിന്റെ രണ്ട് നിരീക്ഷണങ്ങൾ പ്രസക്തമാണ്.1- ചില സംഗീത ഇനങ്ങൾ ടെക്സ്റ്റിന്റെ നൈതികവും, വൈകാരികവുമായ ഉള്ളടക്കത്തിൽ നിന്ന് ഉടലെടുക്കുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നു. 2- ചില സംഗീതങ്ങൾ ടെക്സ്റ്റിന്റെ നൈതികവും, വൈകാരികവുമായ ഉള്ളടക്കവുമായി ബന്ധം പുലർത്താതിരിക്കുകയും എന്നാൽ അതിന്റെ ശ്രവണ സൗന്ദര്യം മൂലം അതിലെ ഉള്ളടക്കം ശ്രോതാവിലേക്ക് പ്രസരിക്കുകയും അതുവഴി അയാൾ പരമമായ ആനന്ദം പുൽകുകയും ചെയ്യുന്നു.
സാമ്പ്രദായിക അർഥങ്ങൾ (Conventional meanings)
സംഗീതത്തിന്റെ വൈകാരിക അർഥങ്ങൾ സാർവത്രികമായി എല്ലാവർക്കും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്നവയാണോ അതോ ഉള്ളടക്കങ്ങളുമായും ടെക്സ്റ്റുമായും ബന്ധപ്പെട്ട സാംസ്കാരിക സമതലങ്ങളിൽ വെച്ചു മാത്രം അപഗ്രഥിക്കാൻ കഴിയുന്നവയാണോ എന്ന ശങ്ക ഞാൻ തുടക്കത്തിൽ പങ്കുവെച്ചിരുന്നു. വികാരങ്ങളെ സംഗീതങ്ങളുമായി ബന്ധിപ്പിക്കുന്ന നിരവധി സാങ്കേതിക സംവിധാനങ്ങൾ സംഗീത ലോകത്തുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്മാരുടെ അനുഭൂതികളുടെ സിദ്ധാന്തവും, (Affektenlehre, doctrine of affections), ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാഗങ്ങളും (raga), ഒരു പരിധിയോളം ഇറാനിയൻ ദസ്തഗാഹുകളും (dastgah) അവയിലെ ഉപവിഭാഗങ്ങളും അതിന്റെ ഉദാഹരണങ്ങളാണ്. കർബല യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന താസിയ (ta’ziyeh) എന്ന വിലാപ നാടകങ്ങളിലെ ദഷ്ടി, (dashti) എന്ന ഇറാനിയൻ ശൈലി ഇത്തരത്തിൽ വിലാപ വികാരങ്ങളുമായി അടുത്ത് നില്കുന്നു.
എന്നിരുന്നാലും, ഇത്തരം സാങ്കേതിക ശൈലികളുടെ പൊതുവായ മാനങ്ങൾക്ക് പലപ്പോഴും വ്യക്തികളുടെ വൈകാരിക തലങ്ങളെ പൂർണാർഥത്തിൽ സംഗ്രഹിക്കാൻ കഴിയില്ല. ഈ ശൈലികൾ വെറും സൂത്രങ്ങളാണ്. ആഖ്യാനങ്ങളിലൂടെയും, നാടകങ്ങളിലൂടെയും, നൃത്തങ്ങളിലൂടെയും, ഒരു കഥ മെനയുന്ന കലാകാരന്മാർക്ക് ഇത്തരം സാങ്കേതിക ശൈലികളെ ഉള്ളടക്കങ്ങളിലേക്കുള്ള മാർഗദർശികളായി ഉപയോഗിക്കാം. അങ്ങനെ വരുമ്പോൾ, രാഗങ്ങളും, ദസ്തഗാഹുകളും, മഖാമുകളും (അറബ്/തുർക്കി സംഗീത സാങ്കേതിക ശൈലി) വൈകാരികമായ പ്രകടനങ്ങളിലേക്കുള്ള പര്യവേക്ഷണ വേദികൾ (forums for exploration) ആയി മാറുന്നു.
മാർഗദർശികൾ (Guideposts)
സന്ദർഭോചിതമായി (context) ആവിഷ്കരിക്കുന്ന വികാര തീവ്രതകളടങ്ങിയ സംഗീതത്തിന്റെ പ്രത്യേക അടരുകളാണ് മാർഗദർശികൾ (guidepost). ഉദാഹരണത്തിന് ഇറാനിലെയും താജിക്കിസ്ഥാനിലെയും സംഗീതങ്ങളിൽ ഔജ് (awj) എന്നത് പ്രകടനത്തിന്റെ വൈകാരിക ഉച്ചബിന്ദുവിനെ സൂചിപ്പിക്കുന്നു. ഇത് ഗായകന്റെ ഉയർന്ന ശ്രുതിയെയും ആ പരിധിയിൽ അയാൾ നടത്തുന്ന സ്വരാഭ്യാസങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ഫലപ്രദമായ മാർഗദർശികൾ (qualitative guidepost) ഒരു ചെറിയ സംഗീതശകലമായിരിക്കാം. ആവിഷ്കരിക്കപ്പെടുന്ന പ്രകടനത്തിന്റെയും, അനുഷ്ഠാനത്തിന്റെയും വൈകാരിക മാനങ്ങളെയാണ് അത് ഉൾകൊള്ളുന്നത്.
വിവ: ജാബിർ കെ നൗഷി
Featured Image: Brian McMahon


Comments are closed.