“കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാം ദൈവം പൊറുത്തു തന്നിരിക്കെ എന്തുകൊണ്ടാണ് അങ്ങ് രാത്രി വൈകിയും കാൽപാദം വിങ്ങുവോളം അക്ഷീണനായി ആരാധനകളിൽ ഏർപ്പെടുന്നത്?” പ്രവാചകനോട് ഒരിക്കൽ പ്രിയപത്നി ചോദിച്ചു. ഞാനൊരു നന്ദിയുള്ള അടിമ ആയിമാറാൻ” പ്രവാചകൻ (സ) മറുപടി നൽകി.

ഭാഗം ഒന്ന്

ആധുനികതക്ക് മുമ്പും ശേഷവും ‘കൃതജ്ഞ’ എന്നത് ശ്രേഷ്ഠമായ ഒരു ധാർമ്മിക മൂല്യമായി പടിഞ്ഞാറൻ മത, തത്വചിന്താ വ്യവഹാരങ്ങളിൽ മനസ്സിലാക്കപ്പെട്ടിരുന്നു എന്നത് നിഷേധിക്കാനാവില്ല. ക്രിസ്ത്യൻ അപ്പോസ്തലനായ പോൾ ‘ഏത് സാഹചര്യത്തിലും നന്ദി പ്രകടിപ്പിക്കണമെന്ന് ബോധനം നൽകുന്നുണ്ട്. ഹീബ്രു ബൈബിളിലും, പുതിയനിയമത്തിലും കൃതജ്ഞതയുള്ള മനസ്സിനെ പാകപ്പെടുത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന വചനങ്ങൾ കാണാം. ‘യഹോവേക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്; ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക; അത്യുന്നതന് നിന്റെ നേർച്ചകൾ കഴിക്കുക.’ ഇങ്ങനെയൊക്കെയുള്ള വചനങ്ങളുണ്ടെങ്കിലും കൃതജ്ഞത എന്നത് യേശുവിന്റെ ഗിരിപ്രഭാഷണത്തിലോ, ക്രിസ്തുവിന് നൽകപ്പെട്ട മൗലിക സുകൃതങ്ങളിലോ, മൂന്ന് ദൈവികപുണ്യങ്ങളിലോ (വിവേകം, നീതി, ആത്മശാന്തി, മിതത്വം; വിശ്വാസം, ശരണം, ഉപവി) കടന്നുവരുന്നില്ല. അപ്രകാരം തന്നെ നന്ദികേട് എന്നത് പ്രധാന തിന്മകളുടെ ഇനത്തിൽ കടന്നുവരുന്നുമില്ല. കൃതജ്ഞത പരാമർശിക്കുന്ന ഇടങ്ങളിൽ തന്നെ പലപ്പോഴും സെന്റ് തോമസ് ആക്വിനാസിന്റെ സുമ്മ തിയോളജിക്കയിൽ കാണുന്നതുപോലെ നീതിയുടെ ഉപവിഭാഗമായാണ് പരിഗണിക്കപ്പെട്ടത്.

നൈതികതയെ സംബന്ധിച്ച സമകാലിക മതേതര വ്യവഹാരങ്ങളിൽ ‘ദൈവത്തിന് നന്ദി ചെയ്യുക’ എന്ന ആശയത്തിന്റെ അസാന്നിധ്യം മൂലം കൃതജ്ഞതക്ക് പ്രാധാന്യം കുറഞ്ഞതായി കാണാം. കൃതജ്ഞത തത്വചിന്താ സാഹിത്യങ്ങളിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് ഫ്രെഡ് ബർഗർ എഴുതുന്നുണ്ട്. ഈയടുത്ത കാലത്ത് മാത്രമാണ് കൃതജ്ഞത ബൗദ്ധികാന്വേഷണങ്ങളുടെ മുൻനിരയിലേക്ക് കടന്നുവന്നത്. വളർന്നു വരുന്ന പോസിറ്റീവ് സൈക്കോളജിയുടെ ഭാഗമായി കൃതജ്ഞതയുടെ പരിപോഷണത്തിന് ആരോഗ്യപരമായ ഉപകാരങ്ങളുണ്ട് എന്ന കണ്ടെത്തലോടെയാണ് ഇത് സംഭവിക്കുന്നത്. ഇതര ധാർമ്മിക മൂല്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മതേതര, ദിവ്യശാസ്ത്ര വ്യവഹാരങ്ങളിൽ ‘കൃതജ്ഞത’ പൊതുവെ അവഗണിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണാം.

ശുക്ർ: പദോല്പത്തിപരമായ വിചാരങ്ങൾ

ഇസ്‌ലാമിക വ്യവഹാരങ്ങളിൽ കൃതജ്ഞതയെ കുറിക്കുന്ന ‘ശകറ’ എന്ന മൂന്നക്ഷരമുള്ള പദത്തിൽ നിന്ന് ഉത്ഭവിച്ച ശുക്ർ എന്ന അറബി വാക്കിനർത്ഥം നന്ദി, സ്തുതി, വാഴ്ത്ത്, അല്ലെങ്കിൽ ആരോടെങ്കിലും വല്ല ഉപകാരവും ചെയ്യാനായി ആവശ്യപ്പെടുക എന്നൊക്കെയാണ്. കൂടുതൽ യോജിക്കുന്നതായി തോന്നുന്ന അർത്ഥം ‘അനാവരണം ചെയ്യൽ’, ‘ഒളിച്ചു വെക്കാതിരിക്കുക’ എന്നീ ആശയങ്ങളോട് അടുത്തു വരുന്നതാണ്. ഒരു ക്രിയാധാതുവിന്റെ രൂപീകരണം അതിന്റെ മൂലാക്ഷരങ്ങളിൽ മാറ്റം വരുത്തൽ വഴിയുള്ള സ്ഥാനഭ്രംശം കൊണ്ടാണ്.

കശ്ർ എന്നിടത്ത് മറച്ചുവെക്കാതിരിക്കൽ/അഭിപ്രായം തുറന്നുവെക്കുക തുടങ്ങിയ കശ്ഫിന്റെ ആശയങ്ങളെന്ന് പറയാവുന്ന അർത്ഥങ്ങൾ അടങ്ങിയിരിക്കുന്നത് കാണാം. ആദ്യകാല സ്വൂഫി സാഹിത്യങ്ങളുടെ കൂട്ടത്തിൽ പതിവായി പ്രതിപാദിക്കപ്പെടുന്ന കൃതിയായ ‘ഖൂത്ത് അൽ ഖുലൂബി’ലെ ഉപകാരസ്മരണയെ കുറിച്ചുള്ള അധ്യായത്തിൽ അബൂത്വാലിബ് അൽ മക്കി പറയുന്നു: “അറബി ഭാഷയിൽ ശുക്റിന്റെ അർത്ഥം മറനീക്കലാണ് (കശ്ഫ്). തെളിയിച്ചു കാണിക്കലാണ് അതിന്റെ ധർമ്മം (ഇള്ഹാർ). ഇപ്രകാരം അൽ ഹാക്കിം അൽ തീർമിദി നിരീക്ഷിക്കുന്നു. ശുക്റിന്റെ അടിസ്ഥാനം പ്രത്യക്ഷപ്പെടുത്തലാണ്.” ഇതിനെ ഉപകാരസ്മരണയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ ശുക്ർ എന്നതുകൊണ്ട് വകവെച്ചു കൊടുക്കുകയും, ചെയ്യലോടെ ഒരു ഉപകാരത്തെ വെളിപ്പെടുത്തുകയും അനാവരണം ചെയ്യലുമാണ് ഉൾക്കൊള്ളുന്നത്. ഈ വെളിപ്പെടുത്തൽ സ്വന്തത്തോടോ, ഉപകാരദാതാവിനോടോ, അതുമല്ലെങ്കിൽ ഉചിതമായ മാറ്റാർക്കെങ്കിലും മുന്നിലോ ആവാം. ഇതിന്റെ നേർവിപരീതമായ ‘കുഫ്ർ’. നന്ദികേട് പ്രകടമാക്കുന്ന അർത്ഥസൂചനകൾ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് അതിൽ. ‘ശാക്കിർ’ ഒരു വെളിപ്പെടുത്തുന്നവൻ ആകുന്ന പോലെ തന്നെ ‘കാഫിർ’ എന്നാൽ മറച്ചുവെക്കുന്നവൻ ആണ്.

ശുക്ർ: ഖുർആനിക തത്വങ്ങൾ

‘ശകറ’യുടെ വ്യുൽപ്പന്ന പദങ്ങൾ (derivatives) ഖുർആനിൽ ആകെ 75 പ്രാവശ്യം വരുന്നുണ്ട്. ഇതിൽ എട്ട് സന്ദർഭങ്ങളിൽ ശുക്റിന്റെ തന്നെ ഒരു വിഷയമായാണ് ദൈവം കടന്നുവരുന്നത്. ദൈവം എന്ന് ഉപയോഗിക്കുമ്പോൾ അത് അവന്റെ ഉദാരമായ പ്രതിഫലത്തെയോ വിശ്വാസികളുടെ ഭക്തിയുടെ പ്രതിഫലത്തെയോ സൂചിപ്പിക്കുന്നുണ്ട്. ഖുഷൈരി (റ) പറയുന്നു: “ഒരു ചെറിയ പ്രവർത്തിക്ക് തന്നെ മഹത്തായ പ്രതിഫലം നൽകുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. സജീവമായ പങ്കാളിത്തമുള്ളവൻ – ശാക്കിർ (നന്ദിയുള്ളവൻ), തീവ്രമായ സജീവ പങ്കാളിത്തം കാണിക്കുന്നവൻ – ശകൂർ (എപ്പോഴും നന്ദി കാണിക്കുന്നവൻ, പലപ്പോഴും നന്ദി പ്രകടിപ്പിക്കുന്നവൻ) എന്നീ ദൈവിക നാമങ്ങളും ഇവിടെ യോജിക്കുന്നുണ്ട്.” ഈ രണ്ടെണ്ണത്തിൽ ദൈവത്തിന്റെ ഉദാരമായ ഔദാര്യത്തിലുള്ള വിശ്വാസത്തെ ഉയർത്തികാട്ടുന്ന പേരാണ് ശകൂർ. യഥാർത്ഥത്തിൽ ശകൂർ ഉപയോഗിക്കുന്ന നാല് സാഹചര്യങ്ങളിൽ രണ്ടിടത്ത്, തൊട്ടുമുമ്പായി അവന്റെ അദ്ലിന് (നീതി) പകരമായി അമിതമായ കൃപ/പ്രീതി എന്നിവയൊക്കെയാണ് പരാമർശിക്കപ്പെടുന്നത് .

ശകൂറുമായി കൂടുതൽ ചേർന്ന് നിൽക്കുന്ന പേരാണ് ‘ഗഫൂർ’. സർവ്വതും പൊറുത്തുകൊടുക്കുന്നവൻ എന്നാണർത്ഥം. ശുക്ർ പരാമർശിക്കപ്പെടുന്ന ആയത്തുകളിൽ മൂന്നിടത്ത് ആയത്തുകൾ പരസ്പരം ചേർന്നു വരുന്നുണ്ട്. അതിലെ ഉള്ളടക്കങ്ങൾ എല്ലാം മരണാനന്തര കാലത്തെ പ്രതിഫലങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. ‘മൂടുക’, ‘മറക്കുക’,’ഒളിപ്പിക്കുക’ എന്നൊക്കെയാണ് ഗഫൂറിന്റെ മൂലാർത്ഥം. ഇസ്ഫഹാനിയുടെ നിരീക്ഷണത്തിൽ ഗഫൂർ ഒരാളെ മാലിന്യത്തിൽ നിന്ന് സംരക്ഷിക്കുന്ന വസ്ത്രത്തെ സൂചിപ്പിക്കുന്നു. അതിനാൽ, ദൈവത്തിന്റെ പാപമോചനം പാപങ്ങളെ മറയ്ക്കുന്നതിനെയോ അല്ലെങ്കിൽ അവനിലെ പാപിയെത്തന്നെയോ സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. അത് സ്വന്തം ന്യായവിധിയിൽ നിന്നും തീരുമാനങ്ങളിൽ നിന്നും അവനെ സംരക്ഷിക്കാനാവുന്നു. ഇത് കരുണയുടെയും ദയാശീലത്തിന്റെയും കാര്യത്തിൽ ഒരുപോലെ പ്രകടമാകുന്നുണ്ട്. ഇതിലെ ദൈവശാസ്ത്രപരമായ സദൃശ്യതക്കുദാഹരണമാണ് ക്രിസ്തുമതത്തിലെ പ്രായശ്ചിത്തം പോലുള്ള ചില കാര്യങ്ങൾ. ഖുർആൻ ശകൂറിനെയും ഗഫൂറിനെയും ഒരുമിച്ച് കൊണ്ടുവരുമ്പോൾ, മറഞ്ഞിരിക്കുന്നവനും വെളിപ്പെടുത്തുന്നവനും എന്ന നിലയിൽ ദൈവത്തിന്റെ നാമങ്ങളുടെ പരസ്പരബന്ധത്താൽ സൃഷ്ടിക്കപ്പെട്ട ഒരു വിപരീത രൂപകം കാണാം. അവന്റെ സൽപ്രവൃത്തികൾ വെളിപ്പെടുത്തുകയും അതുവഴി അവന് പ്രതിഫലം നൽകുകയും ചെയ്യുന്നത് പോലെ തന്നെ പാപിയെയോ അവന്റെ പാപങ്ങളെയോ മറച്ചുവെക്കുകയും അതുവഴി അവന് പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. ഈ ആശയ സാമ്യത ഹദീസുകളിലും കാണാനാവും. ഈ അങ്ങേയറ്റത്തെ നന്ദികേടിനെ വിവരിക്കാൻ ഇവിടെ പ്രയോഗിച്ചിരിക്കുന്ന അറബി പദം ‘കനൂദ്’ ഖുർആനിൽ ആകെ ഒരു തവണ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കൂടാതെ, വ്യാഖ്യാനശാസ്ത്ര സാഹിത്യത്തിൽ ഇതിനെ വിശദീകരിക്കുന്നത് കഫൂർ (ക-ഫ്-ർ ൽ നിന്നുള്ള) എന്നാണ്. മനുഷ്യന്റെ നന്ദികേടിനു തെളിവായി ഖുർആൻ നിരവധി കാര്യങ്ങളോട് അവൻ കാണിക്കുന്ന അതൃപ്തിയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. “ഇതിനോടും അവർ (നന്ദികേട്) കാണിക്കുന്നു,” “അവൻ സാക്ഷിയാണ്” തുടങ്ങിയ വചനങ്ങൾ ഖുർആനിൽ കാണാൻ സാധിക്കും.

ശുക്ർ: സൂഫി നിർവ്വചനങ്ങൾ

സൂഫി സാഹിത്യങ്ങളിൽ കാണുന്ന ശുക്റിന്റെ മിക്ക മാതൃകകളും ഖുർആനിൽ കണ്ടെത്താനാവുന്നതുപോലെ കൃതജ്ഞതയുടെ മാനുഷിക വശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇമാം ഖുശൈരി നൽകുന്ന നിർവചനത്തിൽ “ജ്ഞാനികളുടെ കണ്ണിൽ കൃതജ്ഞതയെന്നാൽ താഴ്മയോടെ സഹായം ചെയ്യുന്നവനിൽ നിന്നുള്ള അനുഗ്രഹത്തെ അംഗീകരിക്കുകയാണ്”. ഇമാം തിർമിദിയുടെ അഭിപ്രായത്തിൽ “നിന്റെ നാഥൻ നിനക്ക് നൽകുന്ന അനുഗ്രഹങ്ങൾ കാരണമുള്ള നിന്റെ ഹൃദ്യമായ സന്തോഷമാണ്.” ഇത് അല്ലാഹുവിന്റെ പ്രതിഫലം, ഉദാരത, ദയ, സ്നേഹം തുടങ്ങിയവയെ കുറിച്ചുള്ള ഒരു ദാസന്റെ വീക്ഷണമാണ്. അഹ്മദ് സർറൂഖ് പറയുന്നു: “അനുഗ്രഹ ദാതാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങളാൽ ഉണ്ടാകുന്ന ഹൃദ്യമായ പരമാനന്ദമാണ് കൃതജ്ഞത. അത് പുറമേക്ക് പരക്കുകയും അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.” ഇവയുടെയും മറ്റ് നിർവചനങ്ങളുടെയും കേന്ദ്ര ബിന്ദു മുൻഇം/മുത്വീഅ – ഗുണഭോക്താവ്/പ്രതിഫലം നൽകുന്നയാൾ എന്ന അർത്ഥത്തിൽ സൃഷ്ടാവിൽ തന്നെയാണ്. വിശകലനങ്ങളുടെ ദൈവശാസ്ത്ര സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ സെക്കുലർ ആഖ്യാനങ്ങളിൽ ഒരു പ്രത്യേക കേന്ദ്രാശയമില്ലാതെ ഒരു പോസിറ്റീവ് മനോഭാവമോ, അവസ്ഥയോ ആയിട്ടാണ് അത് കണക്കാക്കപ്പെടുന്നത്. സമകാലിക മോറൽ ഫിലോസഫറായ എ വാക്കർ നന്ദിയെയും ഉപകാരസ്മരണയെയും വേർതിരിച്ചു പരിശോധിക്കുന്നുണ്ട്. ഒന്നാമത്തേത് ഒരു പ്രത്യേക അനുഗ്രഹദാതാവിലേക്ക് തങ്ങളുടെ ഭാവവികാരങ്ങളെ തിരിക്കലാണ്. അടുത്തത് അല്പം വിശാലവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ അവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്. “ആരോടും നന്ദി പറയാതെയും നന്ദിയുള്ളവനായിരിക്കണം, കാരണം അവിടെ പ്രതിഫലത്തിന്റെ ഉറവിടം തിരിച്ചറിയാനായിക്കോളണമെന്നില്ല.” സമകാലീന പോസിറ്റീവ് സൈക്കോളജിയിലും വാക്കറിന്റെ വർഗ്ഗീകരണം സ്വാഭാവികമായും ഒരു നിശ്ചിത ദാർശനിക വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് അവതരിപ്പിക്കപ്പെടുന്നത്. അത് ഒരു ആത്യന്തിക അനുഗ്രഹദാതാവിനെയോ, മനുഷ്യന്റെ അസ്തിത്വ പ്രകടനത്തിലും, ജീവിത പ്രതിഫലങ്ങളുടെ ഉറവിടത്തിലും അഗാധമായി ബന്ധപ്പെടുന്ന ഒരു ദയയുള്ള ശക്തിയെയോ തിരിച്ചറിയാൻ നിർബന്ധിതനാക്കുന്നില്ല.

ഇസ്‌ലാമിക, സൂഫി വ്യവഹാരങ്ങളിൽ വ്യക്തി മുൻഇം (അനുഗ്രഹദാതാവ്/പ്രതിഫലം നൽകുന്നവൻ), മുൻഅം (പ്രതിഫലത്തിന്റെ ഗുണഭോക്താവ്/സ്വീകർത്താവ്) രണ്ടു പേരെയും ഒന്നിപ്പിക്കുന്ന നിഅമ (അനുഗ്രഹം/ഉപകാരം/പ്രതിഫലം) അടങ്ങുന്ന കൃതജ്ഞതയുടെ ത്രികോണത്തിന്റെ മുകളിലാണ് നിലനിൽക്കുന്നത്. ദൈവ കേന്ദ്രീകൃതമല്ലാത്ത ആസ്തിക ചട്ടക്കൂടിൽ ഈ ത്രികോണം പരസ്പര വ്യക്തിബന്ധങ്ങൾക്ക് പുറത്തെ ഒരു രേഖയിലേക്ക് ഒതുങ്ങുന്നതും കാണാം. വാക്കറിനെ സംബന്ധിച്ചിടത്തോളം, പാരിതോഷികത്തിന് പിന്നിൽ ഒരു ശക്തിയും ഇല്ലാതിരിക്കുമ്പോൾ കൃതജ്ഞത പ്രകടിപ്പിക്കാൻ കഴിയില്ല എന്ന് ഇതിനർത്ഥമില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കൃതജ്ഞതയുണ്ടാവുക എന്നാൽ സാധാരണഗതിയിൽ തിരികെ നൽകാനുള്ള ആഗ്രഹമുണ്ടാവലാണ്. ഈ ഘടകമാണ് കേവലം സന്തോഷം തോന്നുക എന്നതിൽ നിന്ന് കൃതജ്ഞതയെ വ്യത്യസ്തമാക്കുന്നത്. സ്വയം പ്രീതി നേടിയ ഒരാൾ മറ്റൊരാളെയും പ്രീതിപ്പെടുത്താൻ തയാറായിരിക്കും. ഒരു തകർന്ന കപ്പലിലെ കപ്പിത്താന്റെ ഉദാഹരണം എടുക്കാം, മരണം ഉറപ്പായ നേരത്ത് തിരമാല തീരത്തത്തേക്ക് കൊണ്ടുവന്നിട്ടതു കൊണ്ട് മാത്രം രക്ഷപെട്ട അയാൾ സഹനാവികരോടോ ആ തീരത്തെ ഗ്രാമീണരോടോ അങ്ങനെ മാറ്റാരോടെങ്കിലും ഔദാര്യം കാണിച്ചു കൊണ്ട് തന്റെ കൃതജ്ഞത പ്രകടിപ്പിക്കാം. എന്നിരുന്നാലും, സ്ഥായിയായ അവസ്ഥയിൽ, ആരോട് കൃതജ്ഞത പ്രകടിപ്പിക്കും എന്ന് വ്യക്തമല്ലാത്ത അവസരത്തിൽ അത്തരം നന്മകളെല്ലാം ദൈവത്തിൽ കണ്ടെത്തുന്ന ഒരു ദൈവകേന്ദ്രീകൃത ചട്ടക്കൂടിനുള്ളിൽ കൃതജ്ഞതാഭാവം വളർത്തിയെടുക്കൽ കൂടുതൽ സാധ്യമാണ് എന്ന് വാക്കറിന് സമ്മതിക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ, കൃതജ്ഞതയുടെ നിരന്തര വികാരങ്ങളെ മറികടക്കുന്നത്തിന് ഭാവപ്രകടനങ്ങളുടെ ആവിഷ്ക്കാരത്തിനും പ്രക്ഷേപണത്തിനും സഹായകമാകുന്ന ഒരു ലോകവീക്ഷണം രൂപീകരിക്കുന്നത് കൂടുതൽ സഹായകമായിരിക്കുമെന്ന് വാദിക്കാം.

ശുക്റിനെ കുറിച്ചുള്ള സൂഫി അന്വേഷണങ്ങളുടെ ശ്രദ്ധ കൃതജ്ഞതയുടെ ധാർമ്മികമോ ആത്മീയമോ ആയ മനഃശാസ്ത്രത്തിലാണ്. ഒരാൾ എന്തിനോടാണ് നന്ദിയുള്ളവനായിരിക്കേണ്ടത്? അതിനുള്ള തടസ്സങ്ങൾ എങ്ങനെ മറികടക്കും? എങ്ങനെയാണ് ഈ സ്വഭാവ നന്മ വളർത്തിയെടുക്കേണ്ടത്? മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു വിശ്വാസിയുടെ ജീവിതത്തിൽ നടപ്പിലാക്കേണ്ട ‘കൃതജ്ഞതയുടെ വ്യാകരണ’ (grammar of gratitude) നിയമങ്ങൾ എന്തൊക്കെയാണ്? തുടങ്ങിയ ചോദ്യങ്ങൾ സൂഫി അന്വേഷണങ്ങളിൽ കടന്നു വരുന്നുണ്ട് . സൂഫി ആവിഷ്ക്കാരങ്ങൾ പ്രധാനമായും ഊന്നൽ നൽകുന്നത് ‘മുആമല’ (കൃതജ്ഞത പ്രകടിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ), നിരന്തരപ്രവർത്തനം എന്നിവക്കാണ്. ഈ സ്വഭാവ ഗുണം വളർത്തിയെടുക്കുകയും, അവയെ ജീവിതത്തിൽ സ്വാംശീകരിക്കുകയും ചെയ്യുന്നതിലൂടെ ദൈവത്തിന്റെ സാമീപ്യം കരസ്ഥമാക്കുക എന്നതാണ് അതിലൂടെ ലക്ഷ്യമാക്കുന്നത്.


Featured Image: Marcos Paulo Prado
വിവർത്തനം: മുഹമ്മദ് സലീം ചെറുകോട്

Comments are closed.