‘Places of Mind: The Life of Edward Said’ എന്ന പേരിൽ തിമോത്തി ബ്രണ്ണൻ ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച എഡ്‌വേഡ്‌ സൈദിന്റെ ജീവിതചരിത്രം, സൈദിന്റെ ‘അക്കാദമിക പണ്ഡിതൻ’, ‘സാമൂഹിക ബുദ്ധീജീവി’ എന്നീ പ്രധാന വിലാസങ്ങളെ പുനഃപരിശോധിച്ചുകൊണ്ടുള്ള പുതിയ പല സംവാദങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. സൈദിനെ അധിക വായനക്കാരും പരിചയപ്പെടുന്നത് ‘പോസ്റ്റ് കൊളോണിയൽ സ്റ്റഡീസ്’ എന്ന അദ്ദേഹം പ്രശസ്തമാക്കിയ പഠനശാഖയുടെ ഭാഗമായിട്ടാണെങ്കിലും, വളർന്ന് വരുന്ന ‘ലോക സാഹിത്യം’ (world literature) എന്ന പഠനശാഖയിലും മറ്റ് പല പഠനശാഖകളിലുമെല്ലാം അദ്ദേഹം അദ്ദേഹത്തിന്റേതായ ഇടം രൂപപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ, എഡ്‌വേഡ്‌ സൈദിന്റെ എഴുത്തുകളിൽ പ്രതിഫലിക്കുന്ന അദ്ദേഹത്തിന്റെ ‘പണ്ഡിതൻ’ (scholar) എന്ന ബിംബവും, എഡ്‌വേഡ്‌ സൈദ് എന്ന വ്യക്തിയുടെ ബിംബവും തമ്മിൽ പുലർത്തുന്ന സങ്കീർണ്ണമായ ബന്ധങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. നാടുകടത്തലിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രയോഗങ്ങളിലൂടെ, സൈദിന്റെ എഴുത്തുകളിൽ ‘ഭൃഷ്ട്’ (exile) എന്ന രൂപകം സവിശേഷമായൊരു അർത്ഥം രൂപീകരിച്ചെടുക്കുന്നുണ്ട്. സൈദിനെ സംബന്ധിച്ചിടത്തോളം, അമേരിക്കയിലും അതിന് മുമ്പ് നിരവധി വർഷം ഇസ്താംബുളിലും തന്റെ ബഹിഷ്‌കൃത ജീവിതം നയിച്ച, ജർമ്മനിയിൽ നിന്ന് നാടുകടത്തപ്പെട്ട എറിക് ഔർബാഹ് എന്ന ജർമൻ-ജൂത പണ്ഡിതന്റെ രൂപമാണ്, തന്റെ ‘ഭൃഷ്ട്’ എന്ന സങ്കല്പത്തെ ഏറ്റവും മൂർത്തമായ രീതിയിൽ അവതരിപ്പിക്കുന്നത്. അപ്പോൾ, ‘ഭൃഷ്ട് കല്പിക്കപ്പെട്ട പണ്ഡിതൻ’ എന്ന സൈദിന്റെ രൂപകത്തെ അദ്ദേഹവുമായി ബന്ധപ്പെട്ട് സമീപകാലത്ത് രൂപപ്പെട്ടുവന്ന ചില സംവാദങ്ങളുമായി ചേർത്ത് മനസ്സിലാക്കേണ്ടതുണ്ട്.

ഭൃഷ്ട് കല്പിക്കപ്പെട്ട സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു പണ്ഡിതന്റെ ചിത്രത്തെ അടയാളപ്പെടുത്താനായി ഔർബാഹിനെയാണ് സൈദ് ഉപയോഗിക്കുന്നത്. ഔർബാഹ് 1946ൽ പ്രസിദ്ധീകരിച്ച ‘Mimesis: The Representation of Reality in Western Literature’ എന്ന അദ്ദേഹത്തിന്റെ പ്രധാന പുസ്തകത്തിന്റെ അവസാന ഭാഗത്ത്, ഇസ്താംബുളിൽ നിന്ന് ആ പുസ്തകം എഴുതേണ്ടി വന്നതിനാൽ അതിന്റെ രചനാവേളയിൽ ആവശ്യമായ ഒരുപാട് പഠനങ്ങളും സാഹിത്യങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല എന്നും, അതിനാൽ തന്റെ പുസ്തകത്തിൽ പല പിഴവുകളും വരാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം നടത്തുന്ന ഏറ്റുപറച്ചിലാണ് ഔർബാഹിനെ ഉദാഹരണമായെടുക്കാൻ സൈദിനെ പ്രേരിപ്പിച്ചത്. ഔർബാഹ് എഴുതിയത് ഇങ്ങനെയാണ്: “ഈ പുസ്തകം യുദ്ധകാലത്തും, യൂറോപ്യൻ പഠനങ്ങളുമായി ബന്ധപ്പെട്ട നല്ല ലൈബ്രറികൾ ഇല്ലാത്ത ഇസ്താംബുളിൽ വെച്ചുമാണ് എഴുതിയത് എന്നുകൂടെ ഞാൻ സൂചിപ്പിക്കട്ടെ. അന്താരാഷ്‌ട്ര ആശയവിനിമയങ്ങൾ തടസപ്പെട്ടിരുന്നു. ഏകദേശം എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളും, സമകാലിക ഗവേഷണങ്ങളും, പല ഘട്ടങ്ങളിലും ഞാൻ പഠിക്കാൻ ഉപയോഗിച്ചിരുന്ന പുസ്തകങ്ങളുടെ വിശ്വാസ്യമായ പതിപ്പുകളും ഒക്കെ തന്നെ ഒഴിവാക്കാൻ നിർബന്ധിതനായിട്ടുണ്ട്. അതിനാൽ ഞാൻ, ഉൾക്കൊള്ളിക്കേണ്ട പല കാര്യങ്ങളും ഉൾക്കൊള്ളിക്കാതിരിക്കുകയും, പലയിടത്തും ആധുനിക പഠനങ്ങൾ തെറ്റെന്ന് സ്ഥിരപ്പെടുത്തുകയോ, അല്ലെങ്കിൽ പുതിയ അഭിപ്രായങ്ങൾ വരാൻ സാധ്യതയുള്ളതോ ആയ പല കാര്യങ്ങളിലും അവയുടെ പഴയ അഭിപ്രായങ്ങൾ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.” (Mimesis: 557)

ഹോമറിന്റെ ‘Odyssey’ മുതൽ 1927ൽ പ്രസിദ്ധീകരിച്ച വിർജീനിയ വൂൾഫിന്റെ ‘To the Lighthouse’ വരെയുള്ള കാലഘട്ടത്തെ ഉൾക്കൊള്ളുന്ന, ഗ്രീക്ക്, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, ഇംഗ്ലീഷ് എന്നിങ്ങനെ വ്യത്യസ്ത യൂറോപ്യൻ ഭാഷകളിലൂടെ കടന്നുപോകുന്ന ഒരു വലിയ സാഹിത്യ പഠനമാണ് മമീസസ്. കംപാരറ്റീവ് ലിറ്ററേച്ചർ പഠിപ്പിക്കുന്ന ഏതൊരു സർവ്വകലാശാല പാഠ്യപദ്ധതിയിലും ഇന്നും അത് ഉപയോഗിക്കുന്നുണ്ട്. ഹോമറിന്റെ ഒഡീസിയും പഴയ നിയമത്തിലെ ‘ഉല്പത്തി പുസ്തകവും’ തമ്മിലുള്ള താരതമ്യമാണ് അതിന്റെ ആദ്യ അദ്ധ്യായം. പ്രപഞ്ചത്തോട് പുലർത്തപ്പെടുന്ന രണ്ട് മൗലികമായ സമീപനങ്ങൾ ഔർബാഹ് അവിടെ അടയാളപ്പെടുത്തുന്നുണ്ട്. ഹോമറുടെ ഒഡീസയിൽ പ്രപഞ്ചത്തെ എപ്പോഴും വർത്തമാനകാലത്തിലാണ് (perpetual present tense) അടയാളപ്പെടുത്തുന്നത്. അതുപോലെ തന്നെ, പ്രപഞ്ചത്തെ പകൽ വെളിച്ചത്തിലുള്ള ഒന്നെന്ന പോലെ സമ്പൂർണ്ണമായി ഗ്രഹിക്കാൻ സാധിക്കുന്ന ഒന്നായിട്ടാണ് അത് ചിത്രീകരിക്കുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി, ഉലപ്പത്തി പുസ്തകത്തിലെ പ്രപഞ്ചം സന്നിഗ്ധതകളും പ്രതീകങ്ങളും നിറഞ്ഞതാണ്. എല്ലാം ഗ്രാഹ്യമല്ലാത്തൊരു പ്രപഞ്ചമാണത്. സ്പഷ്ടതക്ക് പുറത്താണ് അവിടെ പ്രപഞ്ചത്തിന്റെ യുക്തി നിലനിൽക്കുന്നത്. അതായത്, പ്രപഞ്ചത്തെ കുറിച്ചുള്ള രണ്ട് വ്യത്യസ്തങ്ങളായ ജ്ഞാന പാരമ്പര്യങ്ങളെയാണ് അവ രണ്ടും അടയാളപ്പെടുത്തുന്നത്.

യാഥാർത്ഥ്യത്തിന്റെ പ്രതിനിധീകരണവുമായി ബന്ധപ്പെട്ട്, യൂറോപ്യൻ സാഹിത്യത്തിന്റെ ചരിത്രത്തെ ആ രണ്ട് സമീപനങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഔർബാഹ് അടയാളപ്പെടുത്തുന്നത്. ഓരോ കാലഘട്ടത്തിലും അവ രണ്ടിൽ നിന്നും ഏതെങ്കിലുമൊന്ന് മുൻ‌തൂക്കം നേടുന്നു. അപ്പോൾ ഷേക്സ്പിയറിന്റെ കാലഘട്ടം, ക്രിസ്ത്യൻ ധാർമ്മിക നാടകങ്ങളുടെയും നിയോ ക്ലാസിക്കൽ കാലഘട്ടത്തിന്റെയും ഇടയിലുള്ള ഒന്നാണ്. അതിനാൽ, അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നടക്കുന്ന കലഹം ‘ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങൾ വ്യത്യസ്തമായി തന്നെ നിലനിർത്തണം’ എന്ന ഹെലനിക് ഗ്രീസിലെ പ്രത്യയശാസ്ത്രവും (ദുരന്തവും ഹാസ്യവും തമ്മിൽ വേർതിരിച്ച് കൊണ്ട് ആ രീതിക്കാണ് അരിസ്റ്റോട്ടിൽ ഒരു ഉദാത്തരൂപം നൽകിയത്), ‘മനുഷ്യജീവിതത്തിന്റെ ഏറ്റവും താഴ്ന്ന തലങ്ങളിൽ (ഇവിടെ, തൊഴുത്ത്) സ്വയം പ്രത്യക്ഷപ്പെടുന്ന ദൈവമുള്ള’ ക്രിസ്ത്യൻ നൈതികതയും തമ്മിലാണ്. അതിനാൽ, സുദൃഢമായ വർഗ്ഗ വിഭജനങ്ങൾ ഊട്ടിയുറപ്പിക്കുമ്പോൾ തന്നെയും, ഷേക്സ്പിയറിൽ പലയിടങ്ങളിലും വ്യത്യസ്ത വർഗ്ഗങ്ങൾ തമ്മിലുള്ള ഇടകലരലുകളും കണ്ടെത്താൻ സാധിക്കും. ഉദാഹരണമായി, ‘The Merchant of Venice’ലെ ഏറ്റവും നല്ല സംഭാഷണങ്ങൾ ലഭിച്ചിട്ടുള്ള ഒരു വ്യക്തി ഷൈലോക്ക് ആയിരിക്കും. എന്നിട്ടും, നാടകത്തിന്റെ അവസാനത്തിലുള്ള അദ്ദേഹത്തിന്റെ വെറുപ്പുളവാക്കുന്നതും എന്നാൽ ഹാസ്യം നിറഞ്ഞതുമായ രൂപത്തിൽ നിന്ന്, ഒരേസമയം ക്രൂരനും എന്നാൽ അതിനോട് യോജിച്ച ദുരന്തവർഗ്ഗത്തിൽ (tragic class) നിന്ന് വ്യത്യസ്തമായി രസികവർഗ്ഗത്തിൽ (comic class) പെട്ടവനുമായൊരു ചിത്രമാണ് അദ്ദേഹത്തിന്റേതായി കാണികളുടെ മനസ്സിൽ പതിയുന്നത്.

ജൂതന്മാരെ അപരരായി മുദ്രകുത്തുകയും, അവർ നാടുകടത്തപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ, യൂറോപ്പിന്റെ ജൂത-ക്രിസ്ത്യൻ പാരമ്പര്യം അനാവരണം ചെയ്യുക എന്നതായിരുന്നു ഔർബാഹിന്റെ പ്രധാന സാഹിത്യ പദ്ധതി. ജൂത വിരുദ്ധ രീതിയിൽ പുനർക്രമീകരിക്കപ്പെട്ട ക്രിസ്ത്യാനിസത്തിനും, നീത്‌ഷെയുടെ ആഘോഷിക്കപ്പെട്ട ജൂത-ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ വിമർശനത്തിനും എതിരായി ജൂത-ക്രിസ്ത്യൻ ലോകത്തിന്റെ പാരസ്‌പര്യതയെയും, അവയുടെ ഹെലനിക് പാരമ്പര്യവുമായുള്ള ഇടപാടുകളെയും യൂറോപ്യൻ സംസ്കാരത്തിന്റെ വംശാവലിയായി ഉയർത്തിക്കാട്ടാനാണ് ഔർബാഹ് ശ്രമിച്ചത്. അതിനാൽ, ആശയറ്റ ഒരു ഓർമ്മപ്പെടുത്തലായും, മറ്റൊരു യൂറോപ്പിനെ ആവിഷ്കരിക്കാനുള്ള ശ്രമവുമായും വേണം ഔർബാഹിന്റെ മമീസസിനെ മനസ്സിലാക്കാൻ.

നല്ല ലൈബ്രറിയുടെ സഹായമില്ലാതെയാണ് മമീസസ് എഴുതിയത് എന്ന ഔർബാഹിന്റെ ഏറ്റുപറച്ചിലിനെ കുറിച്ച് സൈദ് എഴുതുന്നത് ഇങ്ങനെയാണ്: “മമീസസ് എഴുതുന്നതിലൂടെ അദ്ദേഹം (ഔർബാഹ്) നമ്മോട് സൂചിപ്പിക്കുന്നത്, ആ ഒരു കൃതിയിലൂടെ അദ്ദേഹം കേവലം പ്രതികൂലമായ സാഹചര്യത്തിലിരുന്ന് തന്റെ ജോലി ചെയ്യുക മാത്രമായിരുന്നില്ല ചെയ്തിരുന്നത് എന്നാണ്. മറിച്ച്, അദ്ദേഹം ഏറ്റവും പ്രധാനപ്പെട്ടതും, സാംസ്കാരികവും, നാഗരികവും, നിലനില്പുമായി ബന്ധപ്പെട്ടതുമായൊരു ദൗത്യം നിറവേറ്റുക കൂടെയായിരുന്നു. അതിലൂടെ, ഉപരിപ്ലവപരവും, കാലഹരണപ്പെട്ടതും, തെറ്റുകളുള്ളതും, അതിമോഹപരവുമായ (പാശ്ചാത്യ സാഹിത്യത്തെ അതിന്റെ സമ്പൂർണ്ണതയിൽ രേഖപ്പെടുത്താൻ ശ്രമിച്ചുകൊണ്ടുള്ള വിശാലമായൊരു പദ്ധതിക്ക് സുബോധമുള്ള ആരാണ് തുനിയുക?) ഒരു കൃതി തയ്യാറാക്കുക എന്ന അപകടസാധ്യത മാത്രമല്ല അദ്ദേഹം മറികടക്കാൻ ശ്രമിക്കുന്നത്. മറിച്ച്, എഴുതാതിരിക്കുകയും അതുവഴി പാഠങ്ങളും, പാരമ്പര്യങ്ങളും, സംസ്കാരം എന്ന ശൃംഖലയെ നിർമ്മിക്കുന്ന നൈരന്തര്യങ്ങളും എല്ലാം നഷ്ടപ്പെട്ട് അഭയാർത്ഥിത്വത്തിന്റെ മൂർത്തമായ ആപത്തിന് ഇരയാവുക എന്ന അവസ്ഥയുടെ അപകടസാധ്യതയെ കൂടെയാണ് അദ്ദേഹം മറികടക്കാൻ ശ്രമിക്കുന്നത്.” (The World, the Text and the Critic: 6)

എഡ്വേർഡ് സൈദിന്റെ എഴുത്തുകളിലെ ഭൃഷ്ട് എന്ന രൂപകം, ലോകത്ത് ഒരു സെക്യൂലർ ഹ്യൂമാനിസ്റ്റ് ഇടപാട് നടത്താനുള്ള സാധ്യതകളാണ് തുറന്നുവെക്കുന്നത്. ഭൃഷ്ടിന്റെ ആ രൂപകം, ‘സംയോജനം’ (affiliation) എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന, പ്രപഞ്ചത്തിന്റെ ഭാഗമാകാനുള്ള പുതിയൊരു മാതൃകയാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അനാവരണം ചെയ്യുന്നത്. മുമ്പുള്ള ലോകത്ത് രക്തബന്ധത്തിലൂടെ നിർമ്മിക്കപ്പെടുന്ന കുടുംബക്രമങ്ങളിലൂടെ മാത്രം ബന്ധങ്ങൾ രൂപപ്പെടുമ്പോൾ, ‘സംയോജനത്തിന്റെ ലോകത്ത്’ (world of affiliation) പാർട്ടി, സ്ഥാപനം, സംസ്കാരം, വിശ്വാസസംഹിതകൾ, ലോക വീക്ഷണങ്ങൾ പോലെ മനുഷ്യർക്ക് പുതിയ ബന്ധങ്ങൾ നിർമ്മിച്ചുനൽകുന്ന ഏതൊരു ബദൽ ക്രമത്തിലൂടെയും ബന്ധങ്ങൾ രൂപപ്പെടുന്നു. (The World, the Text and the Critic: 19) അപ്പോൾ, ഭൃഷ്ട് എന്നതും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും, പുതിയ ലോകങ്ങൾ വിഭാവനം ചെയ്യാനുമുള്ള അവസരമായി മാറുന്നു. എന്നാൽ, പുതിയ ബന്ധങ്ങൾക്ക് വഴിയൊരുക്കുന്ന അത്തരം പാർട്ടികളും സ്ഥാപനങ്ങളും കാലക്രമേണ മർദ്ദനവ്യവസ്ഥകളായി മാറാനുള്ള സാധ്യതകളും സൈദ് വ്യക്തമാക്കുന്നുണ്ട്. അത്തരം, മർദ്ദനവ്യവസ്ഥകളെയും സ്ഥാപനവൽക്കരണശ്രമങ്ങളെയും ചെറുക്കുക എന്നതാണ് ‘പാണ്ഡിത്യ’ത്തിന്റെ (scholarship) യഥാർത്ഥ ദൗത്യമായി സൈദ് കാണുന്നത്. അ-ക്രമത്തിനെതിരെയുള്ള പാണ്ഡിത്യത്തിന്റെ അത്തരം സാഹസികമായ ചെറുത്തുനില്പുകളെയാണ് അദ്ദേഹം ‘ലൗകിക വിമർശനം’ (secular criticism) എന്ന് വിശേഷിപ്പിക്കുന്നത്.

പ്രതികൂലമായ സാഹചര്യങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുമ്പോഴാണ് ഓരോ വ്യക്തിയും അവരുടെ വലിയൊരളവ് സാഹസികതയും പുറത്തെടുക്കുന്നത്. ഔർബാഹിന്റെ എഴുത്തുകൾക്ക് അവയുടെ മൗലികത കൈവരുന്നത്, അതിലെ പാണ്ഡിത്യത്തിന്റെ തോത് കൊണ്ടുമാത്രമല്ല, മറിച്ച് അത് എഴുതപ്പെട്ട സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടുകൂടിയാണ്. യൂറോപ്പിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികൾ “യൂറോപ്പിന് പുറത്തുള്ള”, “യൂറോപ്പിനോട് അപരത്വവും വൈപര്യവും പുലർത്തുന്ന”, “ദൈവനിന്ദകാരായ പൗരസ്ത്യരുടെ”, “ഹീനമായ തുർക്കുകളുടെ” നാട്ടിൽ വെച്ചാണ് എഴുതപ്പെടുന്നത്. യൂറോപ്പിൽ ഫാഷിസം ഭരിക്കുന്ന കാലഘട്ടത്തിൽ ഇസ്താംബുളിൽ ഭൃഷ്ട് കല്പിക്കപ്പെട്ടവനായി കഴിയുക എന്നത്, യൂറോപ്പിൽ നിന്ന് നാടുകടത്തപ്പെടുന്നതിന്റെ തീവ്രവും വന്യവുമായൊരു നേർസാക്ഷ്യമാണ്. (The World, the Text and the Critic: 6) ഔർബാഹിന് മുമ്പ് ഇസ്‌താംബുളിൽ ഉണ്ടായിരുന്ന ഓസ്ട്രിയൻ പണ്ഡിതനായിരുന്ന ലിയോ സ്പിറ്റ്സർ, യൂറോപ്പിൽ നിന്ന് എത്രത്തോളം വ്യത്യസ്തമായിരുന്നു ഇസ്‌താംബുൾ എന്ന് വ്യക്തമാക്കുന്നുണ്ട്. ലൈബ്രറിയുടെ ശോഷണാവസ്ഥയെ കുറിച്ച് ഒരിക്കൽ അദ്ദേഹം തന്റെ ഡീനിനോട് സംസാരിച്ചപ്പോൾ, “ഞങ്ങൾ പുസ്തകങ്ങളെ കുറിച്ച് അധികം വ്യാകുലരാവാറില്ല, കാരണം അവ കത്തിപ്പോകും” എന്നായിരുന്നു ഡീൻ സ്പിറ്റ്സറിന് കൊടുത്ത മറുപടി.

എന്നാൽ, സമീപകാലത്തുള്ള പഠനങ്ങൾ ഇസ്‌താംബുളിനെ കുറിച്ചുള്ള അത്തരത്തിലുള്ള ചിത്രങ്ങൾ യാഥാർത്ഥ്യത്തോട് നീതിപുലർത്താത്ത ഭാവനകൾ മാത്രമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ഔർബാഹ് മാത്രമായിരുന്നില്ല ആ കാലത്ത് ഇസ്‌താംബൂളിലുണ്ടായിരുന്ന ജർമൻ എന്ന് എമിലി ആപ്റ്റർ രേഖപ്പെടുത്തുന്നുണ്ട്. നല്ലൊരു ശതമാനവും നാടുകടത്തപ്പെട്ടവരായിരുന്ന വലിയൊരു ജർമൻ ധൈഷണികവൃന്ദം ആ കാലഘട്ടത്തിൽ ഇസ്‌താംബുളിൽ ഉണ്ടായിരുന്നു. ജർമൻ അക്കാദമിക പണ്ഡിതർ ഏറ്റവും കൂടുതൽ മാറാൻ താല്പര്യപ്പെട്ടിരുന്ന നഗരങ്ങളിലൊന്നായിരുന്നു ഇസ്‌താംബുൾ. പഴയ (അറബി) ലിപിയെല്ലാം വിലക്കി രാഷ്ട്രത്തെ പാശ്ചാത്യവൽക്കരിക്കാൻ തുർക്കിഷ് അധികാരികൾ ശ്രമങ്ങൾ ആരംഭിച്ചിരുന്ന കാലഘട്ടം കൂടെയായിരുന്നു അത്. ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഒരുപാട് ടർക്കിഷ് അക്കാദമിക പണ്ഡിതർക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ, അതിലൂടെ നേട്ടം ഉണ്ടാക്കിയവരിൽ പെട്ട ഒരാളായിരുന്നു ഔർബാഹും. അതുപോലെ, സ്പിറ്റ്സറിനോട് പുസ്തകങ്ങൾ കത്തിപ്പോകും എന്ന് പറഞ്ഞ അതേ ഡീനിന് തന്നെ പതിനാറായിരം പുസ്തകങ്ങളുള്ളൊരു സ്വകാര്യ ഗ്രന്ഥ ശേഖരമുണ്ടായിരുന്നു എന്ന് കാദർ കോന്യുകും രേഖപ്പെടുത്തുന്നുണ്ട്.

അപ്പോൾ, സൈദിന്റെ വിമർശനം പൂർണ്ണമായി ചരിത്രസംഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ഒന്നായിരുന്നില്ല എന്ന് ആപ്റ്ററും കോന്യുകും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇസ്‌താംബുളിലുള്ള ഔർബാഹിനെ മുൻനിർത്തി സൈദ് രൂപപ്പെടുത്തിയെടുക്കുന്ന ഭൃഷ്ട് എന്ന രൂപകം, ഇസ്‌താംബുൾ എന്ന പലായന നഗരത്തെ കുറിച്ചുള്ള ഒരു മുൻധാരണയിൽ നിന്നാണ് അദ്ദേഹം നിർമ്മിക്കുന്നത്. അതിനാൽ, സൈദിൽ നിന്ന് വ്യത്യസ്തമായി വ്യക്തികളായ പണ്ഡിതരെക്കാൾ ആഗോള തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചരിത്രയാഥാർത്ഥ്യങ്ങളിലൂന്നിയ ഒരു വായന രൂപപ്പെടേണ്ടതുണ്ട് എന്നാണ് ആപ്റ്ററും കോന്യുകും ആവശ്യപ്പെടുന്നത്. അതായത്, ലോകത്തെ അതിന്റെ അപരത്വത്തിലും, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തിലും മനസ്സിലാക്കാനായി ‘ഭൃഷ്ട് കല്പിക്കപ്പെട്ട ജീവിതങ്ങളുടെ ഏകാന്തത’കളിലേക്ക് പഠനങ്ങൾ കേന്ദ്രീകരിക്കപ്പെടേണ്ടതില്ലെന്നും, മറിച്ച് ആഗോളവൽക്കരണം എന്ന പ്രതിഭാസം തന്നെ അതിനുള്ള അവസരങ്ങൾ ഒരുക്കുന്നുണ്ട് എന്നുമാണ് ആപ്റ്റർ അടിസ്ഥാനപരമായി വാദിക്കാൻ ശ്രമിക്കുന്നത്.

അതുപോലെ മറ്റൊരിടത്ത്, അധികാരം ചെലുത്തുകയും, സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്യുന്ന എല്ലാ പുതിയ ആശയങ്ങളെയും ചിന്തകളെയും എതിർക്കാൻ ശ്രമിക്കുന്നു എന്നതിനാൽ സൈദിന്റെ ‘ലൗകിക വിമർശനം’ എന്ന സങ്കല്പം സാഹസികമായി തോന്നാമെങ്കിലും, അതിനകത്തെ ‘ലൗകികം’ (secular) എന്ന പദം തന്നെ അദ്ദേഹത്തിന്റെ സങ്കല്പത്തിന് പരമാവധി ഉൾക്കൊള്ളാൻ സാധിക്കുന്ന പുതുമയുടെ പരിമിതിയെ വ്യക്തമാക്കുന്നുണ്ട് എന്ന് തലാൽ അസദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭൃഷ്ട് കല്പിക്കപ്പെട്ടവരുടെ അറിവിന്റെ മാതൃകയായി ഔബർബാഹിനെ പോലുള്ള ‘വ്യക്തികളുടെ വിജ്ഞാനങ്ങളെ’ മാത്രം പരിഗണിക്കുന്നതിലൂടെ, അഭയാർത്ഥികൾ, കുടിയേറ്റക്കാർ പോലുള്ള ‘സാമുദായങ്ങളിൽ നിന്ന് രൂപപ്പെട്ട് വരുന്ന പ്രതി വിജ്ഞാനങ്ങളെ’ (oppositional knowledge that emerge from communities) സൈദ് അപ്രസക്തമാക്കുന്നുണ്ടെന്ന് അസദ് വിമർശിക്കുന്നുണ്ട്. പോസ്റ്റ് കൊളോണിയൽ പരിസരത്ത്, ‘ചുറ്റുമുള്ളവരിൽ നിന്ന് അപരവൽക്കരിക്കപ്പെട്ട പണ്ഡിതൻ’ എന്നത് പുതുമയുള്ളൊരു സങ്കല്പമൊന്നുമല്ല. അതുപോലെ, വിദ്യാഭ്യാസമുള്ളവർ ഉൾനാടുകളിലേക്ക് പോയി അവിടെയുള്ളവരെ അഭ്യസ്തവിദ്യരാക്കുക എന്ന സങ്കല്പത്തിന്റെ മേലാണ് ദേശിയ വികസനം എന്ന ആശയം തന്നെ നിലനിൽക്കുന്നതും. എന്നാൽ സൈദിന്റെ ധിഷണാശാലി വ്യത്യസ്തമാവുന്നത്, അതിന് എല്ലാ സങ്കല്പങ്ങളെയും എതിർക്കുക എന്നതല്ലാതെ, ജനങ്ങളെ എങ്ങോട്ട് എത്തിക്കണമെന്നതിന് സ്ഥാപിതമായ പരിധികളോ കൃത്യമായ ലക്ഷ്യങ്ങളോ ഇല്ല എന്നതാണ്. അതായത്, അസദ് സൂചപ്പിച്ചത് പോലെ, ഭേധിക്കാൻ സാധിക്കാത്ത പരിമിതികൾ ഉണ്ടാകുമ്പോൾ തന്നെയും സൈദിന്റെ ധിഷണാശാലി എന്നത് എന്നും എല്ലാ വ്യവസ്ഥകൾക്കും രീതികൾക്കും പുറത്ത് നിൽക്കുന്ന ഒരു അന്യനാണ്.

സാഹിത്യ പഠനങ്ങളുടെ രീതികളെ മാറ്റിയ പുസ്തകമാണ് എഡ്‌വേഡ്‌ സൈദിന്റെ ‘Orientalism’ (1978). അതിന് ശേഷമാണ് ഇന്നും അക്കാദമികളിൽ നിലനിൽക്കുന്ന ‘പ്രതിനിധാനം’ (representation) എന്ന സങ്കല്പത്തിന് അതിന്റെ വ്യാപകവും വിമർശനാത്മകവുമായ മാനം കൈവരുന്നത്. എങ്കിലും, ലോകം ബഹുവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും വ്യവസ്ഥാപിത സാഹിത്യങ്ങളുമായി മാത്രം (canonical literature) ഗൗരവമായി ഇടപെടുന്ന പഴയൊരു ലോകത്തിന്റെ സ്വഭാവം സൈദിന്റെ പഠനങ്ങൾക്കുണ്ട്. പാശ്ചാത്യരുടെ പൗരസ്ത്യപഠനങ്ങളിൽ അറബികൾ പ്രതിനിധീകരിക്കപ്പെടുന്ന രീതികളോടുള്ള ഒരു അറബ് വംശജന്റെ വിമർശനം എന്ന നിലയിലാണ് എഡ്‌വേഡ്‌ സൈദിന്റെ ‘Orientalism’ അധികവും വായിക്കപ്പെട്ടിട്ടുള്ളത്. അല്ലെങ്കിൽ, പലസ്തീനിയൻ വിമോചനത്തിന് വേണ്ടി ശബ്ദിക്കുന്ന അറബ് വാൽപേരുള്ള ഒരു സാമൂഹിക ബുദ്ധിജീവിയും, പണ്ഡിതനുമായി സൈദ് പ്രസിദ്ധമായി നിന്നിരുന്ന കാലത്ത് ഞാൻ അങ്ങനെയായിരുന്നു അദ്ദേഹത്തെ മനസ്സിലാക്കിയിരുന്നത്. എന്താണെങ്കിലും, ‘ഭൃഷ്ട് കല്പിക്കപ്പെട്ട് ജീവിച്ചിരുന്ന ഒരു പലസ്തീനിയൻ’ എന്നതായിരുന്നു സൈദിനെ കുറിച്ചുള്ള ആഗോള ചിത്രം എന്നത് ആർക്കും വിസ്മരിക്കാൻ സാധിക്കില്ല. അതായത്, മറ്റൊരു രീതിയിൽ പറഞ്ഞാൽ, സംസ്കാരത്തിന് പുറത്ത് നിൽക്കുന്നത് ആൾ എന്നതിനേക്കാൾ അതിനകത്ത് നിൽക്കുന്ന ഒരാളായിട്ടായിരുന്നു എഡ്‌വേഡ്‌ സൈദ് വായിക്കപ്പെട്ടിരുന്നത്. അതിനാൽ തന്നെ, പാശ്ചാത്യ സാഹിത്യത്തിലെ ഇന്ത്യൻ പ്രതിനിധാന രീതിയെ വിമർശിക്കുന്ന ഇന്ത്യക്കാരുടെ രീതിയുടെയും, മുഖ്യധാരാ സാഹിത്യങ്ങൾക്കകത്തെ തങ്ങളുടെ പ്രതിനിധാന രീതികളുടെ പരിമിതികളെ ചോദ്യം ചെയ്യുന്ന ദളിത്, മുസ്‌ലിം രീതിയുടേയുമെല്ലാം സ്ഥാപകരായി സൈദും ചില ഫെമിനിസ്റ്റ് വിമർശകരുമാണ് അറിയപ്പെടുന്നത്. അതായത്, സൈദിനെ അറബിയായി കണ്ടുകൊണ്ടുള്ള പൊതുവായനകൾ, പലസ്ത്വീനിന് പുറത്തുള്ള ഭൃഷ്ട് ബന്ധങ്ങളിൽ നിലനിൽക്കുന്ന ഒരു ‘ലൗകിക വിമർശകൻ’ എന്നതിനേക്കാൾ പലസ്ത്വീന്റെ തന്നെ ഭാഗമായ ഒരു ‘ജൈവ ബുദ്ധിജീവി’യായിട്ടായിരുന്നു (organic intellectual) അദ്ദേഹത്തെ മനസ്സിലാക്കിയിരുന്നത്.

സമീപകാലത്ത് പ്രതിനിധാനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ വളരെ ഗൗരവമായിത്തീർന്നിട്ടുണ്ട്. ഏറ്റവും പ്രധാനമെന്തെന്നാൽ, പ്രതിനിധാനത്തിന്റെ ആദ്യകാല രാഷ്ട്രീയങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായവയാണ് അവ എന്നതാണ്. ആദ്യകാലത്തുള്ള ചോദ്യങ്ങൾ പ്രതിനിധാനത്തെ കുറിച്ച് മാത്രമുള്ളവയായിരുന്നു. എന്നാൽ, വർത്തമാന കാലത്തെ പുതിയ ട്രാൻസ് സെക്ഷ്വൽ മുന്നേറ്റങ്ങൾ (trans movement) പോലുള്ളവയെല്ലാം പ്രതിനിധീകരിക്കപ്പെടുന്ന ശരീരങ്ങളെയും (body) ചോദ്യചിഹ്നങ്ങളാക്കുന്നുണ്ട്. അതിനാൽ, പ്രതിനിധീകണങ്ങൾ എത്രത്തോളം യാഥാർത്ഥ്യത്തോട് യോജിക്കുന്നുണ്ട് എന്ന ചോദ്യം മാത്രമല്ല ഇന്ന് പ്രസക്തമാവുന്നത്. മറിച്ച്, പ്രതിനിധാനത്തിന് വിധേയരാവുന്ന ശരീരങ്ങളുടെ അംഗത്വവും കൂടെയാണ്. ആ നിലക്ക്, പ്രതിനിധാന പ്രവർത്തനങ്ങൾക്ക് മുമ്പ് തന്നെ ഉണ്മയിലുള്ള ‘സ്വത്വ’ങ്ങൾക്കാണ് പ്രതിനിധാനം എന്നതിനെക്കാൾ വർത്തമാന സംവാദങ്ങളിൽ പ്രാധാന്യമുള്ളത്.

‘ഭൃഷ്ട് കല്പിക്കപ്പെട്ട പണ്ഡിതൻ’ എന്ന സങ്കല്പത്തിന്റെ ഉദാത്ത മാതൃകയായി സൈദിനെ പുനരവതരിപ്പിക്കുന്ന ഡേവിഡ് ഡാംറോഷിന്റേത് പോലുള്ള പഠനങ്ങൾ, അകത്തുള്ള എന്നതിനേക്കാൾ പുറത്ത് നിൽക്കുന്ന, അന്യനായ ഒരു എഡ്‌വേഡ്‌ സൈദിനാണ് രൂപം കൊടുക്കുന്നത്. അതുപോലെ, വായിക്കുന്ന അല്ലെങ്കിൽ വിമർശിക്കുന്ന ആളെ ഒരു പ്രതിനിധിയായി പരിഗണിക്കുന്ന ‘Orientalism’ത്തേക്കാൾ, അവരെ വ്യക്തികളായി പരിഗണിക്കുന്ന സൈദിന്റെ ‘Culture and Imperialism’, ‘The World, the Text and the Critic’ പോലുള്ള പഠനങ്ങൾക്കാണ് സമീപകാലത്ത് പണ്ഡിതർക്കിടയിൽ കൂടുതൽ ദൃശ്യത ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഭൃഷ്ട് എന്ന സങ്കല്പത്തെ ആ പണ്ഡിതർ സാഹിത്യ പഠനങ്ങളുടെ മൗലികമായ സാധ്യതകളുപയോഗപ്പെടുത്തി മനസ്സിലാക്കാൻ ശ്രമിക്കുന്നു. വ്യത്യസ്ത ബഹിഷ്‌കൃത ജീവിതങ്ങളിലൂടെ സഞ്ചരിക്കുന്ന കംപാരറ്റീവ് ലിറ്ററേച്ചറിന്റെ ഒരു വംശാവലിയാണ് ഡാംറോഷിന്റെ ‘Comparing the Literatures: Literary Studies in a Global Age’. എങ്കിലും, ഭൃഷ്ട് എന്നതിനെ സാഹിത്യ പഠനങ്ങളുടെ ഒരു മാതൃകയാക്കി എടുക്കുമ്പോൾ, കേവലം വിമർശനാത്മക ചിന്തകൾ രൂപപ്പെടുത്താനുള്ള ഒരു ചിന്താരീതിയായും, അനുഭവങ്ങളിൽ നിന്ന് വിച്ഛേദിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു രൂപകമായും ആ സങ്കല്പത്തെ ചുരുക്കുക എന്നത് കൂടെയാണ് അതിലൂടെ സംഭവിക്കുന്നത്. അതിനാൽ, സൈദിനെ അന്യനായിട്ടും, അന്യതയെ കേവലം ലോകത്തിൽ നിന്നുള്ള അപരവൽക്കരണമായിട്ടുമെല്ലാം പുനർചിത്രീകരിക്കുന്ന രീതികൾ, അദ്ദേഹത്തെ വ്യത്യസ്തമായി – അകത്തുള്ള ആളായി – വായിക്കുന്നവരെ സംബന്ധിച്ചിടത്തോളം യഥാർത്ഥമല്ലാത്തൊരു സൈദിനെയാണ് ചിത്രീകരിക്കുന്നത്.

References:

Asad, Talal. “Free speech, blasphemy, and secular criticism.” In Is Critique Secular?, pp. 14-57. Fordham University Press, 2013.

David Damrosch, Comparing the Literatures: Literary Studies in a Global Age, Princeton University Press, 2020. 

Edward W. Said, Orientalism, Penguin Books, 1978. 

Edward W. Said, The World, the Text and the Critic, Harvard University Press, 1983. 

Emily Apter, ‘Global Translatio: The ‘Invention’ of Comparative Literature, Istanbul, 1933,’ in Christopher Prendergast (ed.) Debating World Literature, Verso, 2004. 

Eric Auerbach, Mimesis: The Representation of Reality in Western Literature, Fiftieth Anniversary Edition, Princeton University Press, 2003. 

Kader Konuk, East-West Mimesis: Auerbach in Turkey, Stanford University Press, 2010. Timothy Brennan, Places of Mind: The Life of Edward Said, Bloomsbury, 2021. 


Featured Image: Edward Said and Ibrahim Abu-Lughod, 1986. (Photo by Jean Mohr)

Comments are closed.